കള്ളന്‍
രാകി മിനുക്കിയ കത്തിയുടെ വായ്ത്തലയിൽ തൊട്ടു നോക്കി മൂർച്ച ഉറപ്പു വരുത്തി. ഒറ്റ വെട്ടിന് ഒത്ത കാള വരെ വീഴും. പക്ഷേ ഇത് ആരെയും കൊല്ലാനല്ല, ഭയപ്പെടുത്താൻ ആണ് അതും സ്വയ രക്ഷക്ക്.

വിശന്നിട്ടാണ് ഈ പണിക്കിറങ്ങുന്നത്. മനസുണ്ടായിട്ടല്ല. മൂന്നു ദിവസമായി കുത്തൻ പിടിച്ചു കറുത്ത ഉണക്ക കപ്പ മാത്രം തിന്നുന്നു. പെണ്ണിനിത് എട്ടാം മാസം ആണ് വയറൊക്കെ നിറയെ ആയിട്ടും വയറു നിറയെ തിന്നാൻ ഇത് വരെ ഒന്നും കൊടുക്കാൻ ഒത്തില്ല. ഓക്കാഞ്ഞിട്ടാണ്, കള്ളന്റെ മകൻ ആയത് കൊണ്ട് ആരും ഒരു പണിക്കും വിളിക്കുന്നില്ല.

അമാവാസിയുടെ ഇരുട്ട്. എന്നാലും കാലിനറിയാം എങ്ങോട്ട് പോകണമെന്ന്. കാലുകൾ ചെന്ന് നിന്നത് ആ വലിയ മാളിക വീടിനു മുന്നിലാണ്. മൂന്നു നാല് ദിവസം ഇത് വഴി ചുറ്റി നടന്നു പുരയിടത്തിന്റെ ഭൂമി ശാസ്ത്രവും വീടിന്റെ കിടപ്പും മുറികളുടെ സ്ഥാനവും മനസിലാക്കി. ഒറ്റ കുതിപ്പ് പിന്നെ ഒരു മലക്കം മറിച്ചിലിൽ. ഓടുമ്പുറത്ത് എത്തിയെങ്കിലും കണക്ക് പിഴച്ചു. കാലു വഴുതി താഴെ വീണു.

വേദന സഹിക്കാൻ കഴിഞ്ഞില്ല. അമ്മയെ വിളിച്ചാണ് കരഞ്ഞത്. ഒച്ച കേട്ടിട്ടാകും കത്തിച്ച റാന്തൽ വിളക്കും പിടിച്ചു ആരോ വാതിൽ തുറന്നു. ഒരു സ്ത്രീ രൂപമാണെന്ന് അവ്യക്തമായി കണ്ടു. വേദന കൊണ്ട് തലക്ക് ചുറ്റും ഈരേഴു പതിനാലു ലോകവും കറങ്ങുന്നത് പോലെ തോന്നി.

കണ്ണു തുറന്നപ്പോൾ ഉമ്മറത്തെ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുകയാണ്. എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ ഒരു പെൺകുട്ടി മുറ്റം തൂക്കുന്നുണ്ട്. മൂത്ത മകളുടെ പ്രായം ഉണ്ടാകും ഇവൾക്ക്. വെളുപ്പാങ്കാലത്തെ മഞ്ഞിൽ പൊടി മണ്ണിന്റെ മണം കൂടി ചേർന്നു മൂക്കിൽ കൊളുത്തി വലിക്കുന്നു. അകത്തു നിന്ന് ഒരു വയസായ സ്ത്രീയുടെ ശബ്ദം. അവർ നാമം ജപിക്കുകയാണെന്നു തോന്നുന്നു. ഇടയ്ക്കിടെ എന്തൊക്കെയോ പറഞ്ഞ് ആരെയോ പ്രാകുന്നുണ്ട്. വീഴ്ചയുടെ വേദന പൂർണമായും മാറിയിട്ടില്ല. കിഴക്കൂന്നുള്ള വെയില് മുടിയില്ലാത്ത മണ്ടക്ക് തട്ടുന്നത് വരെ അവിടെ ഇരുന്നു. മുൻപ് മുറ്റം അടിച്ചുകൊണ്ടിരുന്ന പെണ്ണ് അടുക്കളപ്പുറത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഈ വീട്ടിൽ ഇവർ രണ്ടുമല്ലാതെ വേറെ ആരും ഇല്ലെന്ന് തോന്നുന്നു.

"അതേയ്.. ആ ഇരിക്കണ സഞ്ചി നിങ്ങളോടെടുത്തോളാൻ പറഞ്ഞു." ഇരിക്കുന്നതിനു പിന്നിൽ നൂല് പൊങ്ങി നരച്ച ഒരു തുണി സഞ്ചി കണ്ടു.

"അകത്തെ തള്ള രാവിലെ കൊണ്ടു വെച്ചതാ.. നാളെ കാലത്തു വരണം തൊഴുത്ത് ഒന്ന് അഴിച്ചു മേയണം വേറെ കുറച്ചു പണിയും ഉണ്ട്..നല്ല കൂലി തരാമെന്നു തള്ള പറയാൻ പറഞ്ഞു" 
ഒന്നും മനസിലാകാതെ സഞ്ചിയിലേക്ക് നോക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു അവൾ ബാക്കി കൂടി പറഞ്ഞത്. സഞ്ചി തുറന്നു നോക്കി. അതിൽ നാലഞ്ചു കാച്ചിൽ. ഒന്ന് രണ്ട് ചേന. പിന്നെ നെല്ല് ; അത് കുറച്ചധികം ഉണ്ട്. ഏറ്റവും മുകളില്‍ ഒരു തേക്കില കുമ്പിളിൽ കുറച്ച് ഉണക്ക മുളകും ഉപ്പുകല്ലും. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വരുന്നത് പോലെ. അവരെങ്ങനെ അറിഞ്ഞു കാണും വീട്ടിലെ പഞ്ഞം. ബോധം കെട്ടു വിളിച്ചു പറഞ്ഞു കാണുമോ എല്ലാം.

നന്ദി പറയാൻ ഒന്നും നിന്നില്ല. ധൃതി ആയിരുന്നു. നെല്ല് കുത്തി അരിയാക്കണം. എന്നിട്ട് തൊട്ടാൽ ഞെങ്ങുന്ന പതത്തിൽ കഞ്ഞി വെക്കണം. പെണ്ണും പിള്ളേരും കഞ്ഞീടെ വെള്ളം കുടിച്ചിട്ട് നാള് ഇമ്മിണി ആയി. അടിച്ചു വാരിയ മുറ്റത്തു കൂടി സഞ്ചിയും തൂക്കി തിരികെ നടന്നു.

Popular Posts

വീട്ടിലേക്കുള്ള വഴി

സ്വപ്നദര്‍ശി

ഇടവപ്പെയ്ത്ത്