ഇന്നലകളുടെ സ്കൂൾ വരാന്തകളിൽ കാത്തു നിന്നിട്ടുണ്ട്, ഒരുപാട് തവണ.
മറ്റൊരുവേള ആകാം എന്ന് പലപ്പോഴും കരുതി.
പിന്നീട് ധൈര്യം സംഭരിച്ച് അടുത്ത് വന്നപ്പോഴൊക്കെ പറയാൻ കരുതി വെച്ചതെല്ലാം എത്രയോ തവണ ഒരു ജലരേഖ കണക്കെ മാഞ്ഞു പോയിരിക്കുന്നു.
"എന്താടാ ...?" എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ നിന്റെ പക്കൽ നിന്നും വാങ്ങിയിട്ടുള്ള സസ്യശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നോട്ട് പുസ്തകങ്ങൾ ഒരു പക്ഷെ എന്നെ കൊഞ്ഞനം കുത്തി ചിരിച്ചിരുന്നിരിക്കണം.
ക്ലാസ്സിലെ പഠിപ്പിസ്റ്റ് ഉഴപ്പിന്റെ ആശാത്തിയുടെ ബുക്കുകൾ വാങ്ങുന്നത് എന്തിനായിരുന്നു എന്ന് അവക്കറിയില്ലല്ലോ.
നിന്റെ നോട്ടം എന്‍റെ കണ്ണുകളെ താഴുകിയപ്പോഴെല്ലാം,പറയാൻ ഹൃദയത്തിൽ കുറിച്ചു വെച്ചിരുന്നതെല്ലാം പാതി വഴിയിൽ മൗനമായി മാറുകയായിരുന്നു. എന്റെ തൊണ്ടയിലെ ഇടർച്ചയും കണ്ണുകളിലെ പ്രണയവും നീ അറിയാതെ മറച്ചത് ഞാൻ കടം വാങ്ങിയ നിന്റെ ആ പുസ്തകങ്ങൾ ആയിരുന്നു.
രണ്ടാം വര്‍ഷത്തിന്റെ അവസാന നാളുകളിലെന്നോ എന്റെ ഓട്ടോഗ്രാഫിന്റെ ഇരുപത്തി നാലാമത്തെ താളിൽ മഷിപ്പേന കൊണ്ട് നീ കുറിച്ചിട്ട, നിന്റെ കയ്യിലെ വിയർപ്പ് കണങ്ങൾ വീണു പടർന്ന വരികൾ.
" നീ വാങ്ങിയ ഒരിക്കലും complete ആകാത്ത എന്റെ ബുക്സ് നീ എനിക്ക് തിരികെ തന്നപ്പോഴൊക്കെ ഞാന്‍ അതിലെ താളുകൾ ഓരോന്നും മറിച്ചു നോക്കുമായിരുന്നു..
തമാശയായിട്ടെങ്കിലും ഒരിക്കൽ കേൾക്കണം എന്നാഗ്രഹിച്ച,
നിന്റെ ആ ചുവന്ന ചുവന്ന പനിനീർപൂവ് ഞാന്‍ ആയിരുന്നു എന്ന വാക്കുകൾക്ക് വേണ്ടി "
ആ വരികൾക്ക് ചെമ്പനിനീർ പൂവിന്റെ ചുമപ്പോ സുഗന്ധമോ അല്ലായിരുന്നു. മറിച്ച് യാത്ര പറയുമ്പോൾ നീ എന്നെ കൂട്ടി കൊണ്ട് ചെന്ന് നിന്ന ബാദാമിന്റെ തണലിലെ കുളിർ കാറ്റിന്റെ നനവായിരുന്നു.
രണ്ടു വർഷത്തിനിടയിൽ ആദ്യമായും അവസാനമായും പരസ്പരം ഒരുപാട് നേരം സംസാരിച്ച അന്ന്, നീ ആ വരികളിൽ ഒളിപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം എന്റെ ഹൃദയം നിന്റെ കണ്ണുകളോട് മന്ത്രിച്ചു
"...കിലുങ്ങുന്ന വെള്ളി പാദസരം ഇട്ട പെണ്ണേ..
നീ തന്നെ ആയിരുന്നു എന്റെ ചുവന്ന ചുവന്ന പനിനീർപൂവ് ..."
നിന്റെ നുണക്കുഴികളിൽ നാണത്തിന്‍റെ ചുവന്ന ചായം പടരുന്നത് ഞാൻ അറിഞ്ഞു. ഒരു പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ച് തല താഴ്ത്തി നീ നടന്നകലുന്നതും നോക്കി ഞാൻ നിന്നു.