അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ജൂൺ 19, വെള്ളിയാഴ്‌ച

വായനാ ദിനത്തിന്റെ ഭാവുകങ്ങള്‍


തൊണ്ണൂറുകളിലെ എല്ലാ കുട്ടികളേയും പോലെ പൂമ്പാറ്റയും കളിക്കുടുക്കയും ബാലരമയും വായിച്ചായിരുന്നു തുടക്കം. നമ്പോലനും വൈദ്യരും മായാവിയും രാജുവും രാധയും പൂതപ്പാട്ടിലെ പൂതവും ഉണ്ണിയും ആമയും മുയലും അങ്ങിനെ എന്റെ ചങ്ങാതിമാരായി.
മലയാളം പാഠപുസ്തകത്തിലെ കവിതകളും കഥകളും കുഞ്ഞു മനസ്സിനെ ആകര്ഷിച്ചു, അതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് ചില്ലറയല്ല.ഉപപാഠപുസ്തകത്തിലെ തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും ശങ്കരാചാര്യരും സീയസ് ദേവനും പഴമയുടെ മണമുള്ള മങ്ങി-വെളുത്ത താളുകളിലെ അക്ഷരങ്ങള്‍ ആയിരുന്നു എങ്കിലും, എന്‍റെ ഹൃദയത്തില്‍ സിനിമാ സ്കോപ്പ് ചിത്രങ്ങള്‍ പോലെ അവര്‍ ഇന്നും അംഗം വെട്ടുകയും വേദാന്തം പ്രസംഗിക്കുകയും ചെയ്യുന്നു.
"കോടക്കാര്‍ കൊമ്പ് കുത്തുന്ന കോമളത്തിരുമേനിയില്‍.." എന്ന കവിത ടീച്ചര്‍ ചൊല്ലി തന്നത് ഈണത്തില്‍ ആയിരുന്നു.
ഗൗരവമുള്ള വലിയ പുസ്തകങ്ങളുടെ വായനയിലേക്ക് കൈ പിടിച്ചു കയറ്റിയത് അമ്മ ആയിരുന്നു. അന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന അമ്മ ഓഫീസ് ലൈബ്രറിയില്‍ നിന്ന്‍ എനിക്കു വേണ്ടി കൊണ്ടുവരാറുള്ള പുസ്തകങ്ങളില്‍ ആദ്യം ആയി വായിച്ചത് പ്രൊഫ്‌. എസ് ശിവദാസിന്റെ ഒരു ശാസ്ത്ര സാഹിത്യ പുസ്തകം ആയിരുന്നു എന്നാണ് ഓര്‍മ. ആദ്യമായി വായിച്ച നോവല്‍ സ്കൂളില്‍ നടത്തിയ ക്വിസ് മത്സരത്തിനു സമ്മാനം ആയി കിട്ടിയ ജോഹന്നാ സ്പൈറിയുടെ "ഹെയ്ടി" എന്ന പുസ്തകം ആണ്.
ഓണക്കൂര്‍ ഗ്രാമീണ വായനശാല ആയിരുന്നു നല്ല പുസ്തകങ്ങള്‍ക്കുള്ള മറ്റൊരു ആശ്രയം. കൂട്ടുകാരായ ബിന്‍സന്‍ അര്‍ഹിത് ഇവരുടെ ഒക്കെ കൂടെ അവിടെ പോകുന്നത് ഒരു ആഘോഷം തന്നെ ആയിരുന്നു.അവിടെ ചുവന്ന തുണി കൊണ്ടുള്ള പുറം ചട്ടയുള്ള പുസ്തകപ്പുഴു കുടുംബ സമേതനായി താമസിക്കുന്ന ഒരു തടിച്ച കവിതാ പുസ്തകം ഉണ്ടായിരുന്നു, അതിലെ ഒരു കവിതയിലെ "എന്താ ഹിപ്പി ചെറുമകനേ" എന്നുള്ള വരികള്‍ ഇടക്കിടക്ക് മൂളുന്നത് എന്തൊരു രസമായിരുന്നു.വല്ലപ്പോഴും മാത്രം തുറക്കുന്ന വായന ശാലയിലെ പുസ്തക ശേഖരത്തില്‍ കൂടുതലും മരപ്പണി പഠിക്കാം,കളിപ്പാട്ട നിര്‍മ്മാണം പഠിക്കാം,മുയല്‍ വളര്‍ത്തല്‍ മുതലായ പുസ്തകങ്ങള്‍ ആയിരുന്നുവെങ്കിലും അന്ന്‍ UP സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്ന ഞങ്ങള്‍ അതും ആയിച്ചു. നാട് വിട്ട് മുവാട്ടുപുഴയില്‍ ചേക്കേറിയപ്പോള്‍ ആണ് ബഷീറും മാധവികുട്ടിയും എം.ടി യും എം.മുകുന്ദനും ലിയോ ടോള്‍സ്റ്റോയിയും ദാസ്തെവ്സ്കിയും മറ്റും എന്റെ വായനാനുഭാവങ്ങള്‍ക്ക് വര്‍ണച്ചിറകുകള്‍ നല്‍കിയത് . മുവാറ്റുപുഴ മുനിസിപല്‍ സെന്‍ട്രല്‍ പബ്ലിക് ലൈബ്രറി ആയിരുന്നു അതിനുള്ള വേദി. ആഴത്തിലുള്ള വായനയുടെ ആരംഭം എന്ന് വേണമെങ്കില്‍ കരുതാം.
ഇതു വരെ വായിച്ച പുസ്തകങ്ങളില്‍ എനിക്കേറ്റവും പ്രിയം ബെന്യാമിന്റെ "മഞ്ഞ വെയില്‍ മരണങ്ങളോടും" മുകുന്ദന്റെ "മയ്യഴിപുഴയോടും"
കഥകളില്‍ ഇ ഹരികുമാറിന്‍റെ "ശ്രീ പാര്‍വതിയുടെ പാദത്തോടും"
ഇനിയും ഒരു നല്ല വായനക്കാരന്‍ ആയിത്തീരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
വായനയുടെ ലോകത്ത് ഇനിയും എന്റെ ശൈശവം അവസാനിച്ചിട്ടില്ല
""വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.. 
വായിച്ചാൽ വിളയും ... വായിച്ചാൽ വിളയും , വായിച്ചില്ലെങ്കിൽ വളയും ""
വായനാ ദിനത്തിന്റെ ഭാവുകങ്ങള്‍

2015, ജൂൺ 15, തിങ്കളാഴ്‌ച

ഒരു മണി അടിച്ചുണ്ടായ കഥ

സത്യായിട്ടും നടന്നതാന്ന് പറയാൻ പറഞ്ഞു )


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നു ഞാൻ ഒരു ഒൻപതാം ക്ലാസ്സ് വിദ്യാർഥി ആണ്. കൃത്യമായി പറഞ്ഞാൽ 2004. തമിഴ്നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ ഒരു സ്കൂളില്‍ വലിയ തീപിടുത്തം ഉണ്ടാകുകയും ഒരുപാട് പിഞ്ച് ജീവനുകൾ അഗ്നിയിൽ പൊലിഞ്ഞു പോകുകയും ചെയ്തു. ഇന്റർനെറ്റ് പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും കണ്ട ദൃശ്യങ്ങൾ എല്ലാവരുടേയും മനസിനെ പൊള്ളിച്ചുകൊണ്ടിരുന്നു. ആ ദുരന്തം നല്‍കിയ പാഠം ഉള്ക്കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും ദുരന്തങ്ങളില്‍ നിന്നുമുള്ള സുരക്ഷ ഉറപ്പു വരുതുന്ന്നതിനുള്ള നടപടികള്‍ സര്‍ക്കാരും സ്കൂള്‍ മാനേജ്മെന്റും ചേര്‍ന്ന് നടപ്പിലാക്കുന്നുണ്ടായിരുന്നു. അത് എത്ര മാത്രം കാര്യക്ഷമമായി നടപ്പിൽ വരുത്തി എന്ന് അറിയില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവര്ത്തിക്കുന്ന അധികാരികളെ ആണല്ലോ നമുക്ക് കണ്ടു പരിചയം.

മേല്പ്പറഞ്ഞ മുൻകരുതലുകളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒരു mock drill നടത്തും എന്ന് ഹെഡ് മിസ്ട്രസ്സ് അസംബ്ലിയില്‍ പറഞ്ഞിരുന്നു. ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ എന്റെ നേരിയ ഓര്‍മയില്‍ നിന്നും.

".......നിങ്ങള്‍ എന്താ ചെയ്യേണ്ടതെന്ന് പറയാം. ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ സ്കൂളില്‍ ഒരു അപകടം നടക്കുന്നൂന്ന് വിജാരിക്കുക. അപകടം നടന്നു എന്ന് മനസിലാകാന്‍ വേണ്ടി ജോയിച്ചേട്ടൻ നിര്‍ത്താതെ മണി അടിക്കും. അപ്പോള്‍ എല്ലാവരും എത്രയും പെട്ടെന്ന്‍ ഓടി രക്ഷപെട്ട് താഴെ ഗ്രൗണ്ടിൽ എത്തണം. അവിടെ എത്തിയ ഉടനെ എല്ലാവരും ക്ലാസ് അനുസരിച് വരി വരിയായി നില്‍ക്കണം. ഇപ്പൊ നിക്കുന്നപോലെ. ബാക്കി ഉള്ള കാര്യങ്ങൾ അവിടെ വെച്ച് ജോർജ് സാര്‍ ; സ്പോർട്ട്സിന്റെ ജോർജ് സാർ നിങ്ങളോട് പറയും......"
കഥ തുടങ്ങുന്നത് ഇനിയാണ്.

രാവിലെ മുതല്‍ ഒരു മണി വരെ ഉള്ള നാല് പീരിയടുകള്‍. രാവിലെ ഉള്ള ഇംഗ്ലീഷ് പീരിയടില്‍ പതിവ് പോലെ സാറിന്റെ ചൂരല്‍ പ്രയോഗം ഉണ്ടായിരുന്നു. പാസ്റ്റ് പെർഫക്ട്ട് ടെൻസിന്റെ പാസ്സീവ് വോയ്സിലുള്ള ഫോർമുല എനിക്കും അറിയില്ലായിരുന്നു. എനിക്കും കിട്ടിയായിരുന്നു അന്ന് രണ്ട് അടി. ക്ലാസ്സിലെ ചില തരുണീമണികളുടെ അടക്കിയുള്ള കളിയാക്കി ചിരികളിലും അടിയുടെ വേദനയിലും മനം നൊന്ത് ഞങ്ങൾ ആ പീരിയഡ് കഴിച്ചു കൂട്ടി. ഫിസിക്സില്‍ ഒന്നു-രണ്ടു പേര്‍ക്ക് എമ്പോസിഷൻ കിട്ടി. ന്യൂട്ടന്റെ ഒന്നാം ചലന നിയമം ആയിരുന്നു അവിടുത്തെ വില്ലൻ. മലയാളം പീരിയഡിൽ ശൂശാമ്മ ടീച്ചറുടെ അദ്ധ്യാപന ശൈലിയിയുടെ ലാളിത്യത്തിൽ മതിമറന്ന് ഞങ്ങൾ ഇരുന്നു. ആ ക്ലാസ്സിൽ തന്നെ ആയിരുന്നു ചന്ദനയുടെ കഥാപ്രസംഗവും (പാoഭാഗത്തെ ആസ്പദമാക്കി ). ക്ലാസ്സിലെ ആസ്ഥാന ഗായികയും ഞങ്ങളുടെ എല്ലാം പ്രണയ സ്വപ്നങ്ങളിലെ നായികയും ആയിരുന്നു ചന്ദന. അവളെ പറ്റി പിന്നീടൊരിക്കൽ എഴുതാം. പൊതുവേ ശാന്തമായി തന്നെ ക്ലാസുകള്‍ എല്ലാം കടന്നു പോയി. അതിനു ശേഷം ഉച്ചയൂണിനുള്ള മണി അടിക്കുകയും, എല്ലാവരും ഊണ് കഴിക്കുകയും ചെയ്തു.

ഊണ് കഴിച്ചതിന്റെ ആലസ്യത്തില്‍ കുട്ടികളോടൊപ്പം സ്കൂളിലെ ബ്ലാക്ക് ബോര്‍ഡും ടെസ്കും ബെഞ്ചും എന്തിന് ചൂരല്‍ വടി പോലും പാതി മയക്കത്തിലായിരുന്നുവെങ്കിലും പിന്നിലെ ബെഞ്ചിൽ ഒന്നുരണ്ടു പേർ പെൻഫൈറ്റ്* കളിക്കുന്നുണ്ടായിരുന്നു, അക്കൂട്ടത്തിൽ ഒരു കാഴ്ചക്കാരൻ ആയി ഞാനും ഉണ്ടായിരുന്നു. 1:30നു പതിവായി കേള്‍ക്കാറുള്ള സ്റ്റഡി ടൈം ബെല്‍ അന്നുണ്ടായിരുന്നില്ല. പ്യൂണ്‍ ചേട്ടന്‍ മറന്നതാണോ എന്തോ..!

അങ്ങനെ ഒരു സാദാ ഏയ്‌ഡട് സ്കൂളിലെ പതിവ് നട്ടുച്ച നേരത്ത് നിനച്ചിരിക്കാതെ അത് സംഭവിച്ചു.

വന്‍ ദുരന്തം.

അതാ മണി മുഴങ്ങുന്നു "ണിം ണിം..."

ഇനി എന്ത് ചെയ്യണം എന്ന്‍ ആലോജിച്ച് തുടങ്ങിയപ്പോഴേക്കും എന്നെ തള്ളി മാറ്റികൊണ്ട് പിന്‍ സീറ്റിലെ ചില വിരുതന്മാര്‍ "....അയ്യോ ...ഓടിക്കോ..." എന്ന് അലറി വിളിച്ചു കൊണ്ട് നീല പെയിന്റ് അടിച്ച, അഴികള്‍ ഇല്ലാത്ത ജനലുകളിലൂടെ ചാടി ഓടി. ഒന്നിന് പിറകെ ഒന്നായി വാല് പോലെ എല്ലാവരും ഓടി. കൂടെ ഞാനും ഓടി. അങ്ങിനെ രണ്ടു മൂന്നു പേര്‍ തുടങ്ങിയ ഓട്ടം സ്കൂള്‍ മൊത്തത്തില്‍ ഏറ്റെടുത്തു. വീതിയുള്ള പടിക്കെട്ടുകള്‍ ചാടി കടന്ന് ഒരു സമുദ്രം കണക്കെ ഞങ്ങൾ എല്ലാവരും ഓടുകയായിരുന്നു. ഓട്ടം അവസാനിച്ചത് ഗ്രൗണ്ടിൽ ആയിരുന്നു. എല്ലാവരും ഹെഡ്മിസ്ട്രസ്സിന്റെ ആജ്ഞ ശിരസ്സാ വഹിച്ച് വരി വരിയായി നിന്നു. സാറിന്റെ നിർദേശങ്ങൾക്ക് കാതോർത്ത് നിന്നെങ്കിലും അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. നോക്കിയപ്പോൾ അദ്ധ്യാപകർ ഓരോരുത്തരായി പടികൾ ഇറങ്ങി ഗ്രൌണ്ടിലേക്ക് വരുന്നുണ്ട്. കുറച്ചു നേരത്തേക്ക് അവിടെ എങ്ങും നിശബ്ദത മാത്രം.

"നിങ്ങളോടാരാ പിള്ളേരെ ഇറങ്ങി ഓടാൻ പറഞ്ഞത്. അത് സ്റ്റടി ബെൽ അല്ലായിരുന്നോ !" സി കെ ഏലിയാമ്മ ടീച്ചർ ചിരിച്ചപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരേ വീണത്‌. ഒരു മാലപ്പടക്കത്തിനു തീകൊളുത്തിയിട്ടു ചെവി പൊത്തി പിടിച്ചാൽ കേള്ക്കുന്നതു പോലെ, അടക്കിയുള്ള ചിരികൾ ആ ഗ്രുണ്ടിലെങ്ങും തുരുതുരാ പൊട്ടിച്ചിതറി. ജോയിച്ചേട്ടന്റെ വാച്ചാണോ സ്കൂളിലെ ക്ലോക്ക് ആണോ സ്ലോ എന്നതായിരുന്നു ആ സമയത്തെ എന്റെ ചിന്ത.

സംഭവിച്ചത് അബദ്ധം ആയിരുന്നുവെങ്കിലും, വിദ്യാര്‍ത്ഥികളുടെ അവസരോചിതമായ പെരുമാറ്റത്തില്‍ ബഹുമാന്യയായ HMനു അഭിമാനം തോന്നിയിരിക്കണം. എന്തായാലും അതിനു ശേഷം ക്ലാസ്സില്‍ രണ്ടാം തവണയും കടന്നു വന്ന മലയാളം അധ്യാപിക ടീ സംഭവത്തെക്കുറിച്ചും ഞങ്ങളുടെ വിവേകത്തെക്കുറിച്ചും അവസരോചിതമായ പെരുമാറ്റത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ചു.

ടീച്ചറുടെ ഈ പുകഴ്തലുകളില്‍ സുഖിച്ചിരിക്കുംബോഴും , സാഹസികമായ ഓട്ടത്തിനിടയില്‍ പരുക്കേറ്റ ചിലർ പിന്‍ ബെഞ്ചില്‍ ഇരുന്ന്‍ കണ്ണുരുട്ടുന്നുണ്ടായിരുന്നു.



*പെൻ ഫൈറ്റ് - ഓഹ്..! ഇനി അതെന്താണെന്നൊന്നും വിശദീകരിക്കാൻ വയ്യ. ഒരു കളി അത്രേ അറിഞ്ഞാ മതി


image courtesy:

http://mtmhsspampakuda1.blogspot.in/

2015, ജൂൺ 12, വെള്ളിയാഴ്‌ച

മെറിന്‍


അഞ്ചേകാലിന് ഒരു പാലക്കാട് ഉണ്ട്. അത് കിട്ടിയില്ലെങ്കില്വീട്ടിലെത്താന്ഒരുപാട് വൈകും. ബസ്സ്റ്റോപ്പ്വരെ മെറിനും കൂടെ വരാം എന്ന് പറഞ്ഞു. ഗെറ്റ് ടുഗതറിന്റെ പതിവ് മോടി ഒന്നും ഇല്ലായിരുന്നെങ്കിലും, പിന്നിട്ട വഴിയിലെങ്ങോ വെച്ചു നഷ്ടമായ വസന്തത്തിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നു അത്‌. ഇതിനെല്ലാം മുന്‍കൈ എടുത്തത് മെറിനാണ് എന്ന്‍ വീണ പറഞ്ഞപ്പോൾ ആശ്ചര്യം കൊണ്ടോ സന്തോഷം കൊണ്ടോ അവന്റെ കണ്ണുകൾ വിടർന്നു. 

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു മെറിന്‍റെ ശബ്ദം കേൾക്കുന്നത്. അപ്രതീക്ഷിതമായി അവളുടെ സ്വരം ഫോണിലൂടെ കാതുകളിലെത്തിയപ്പോൾ എന്താണ് പറയേണ്ടതെന്ന വെപ്രാളമായിരുന്നു. അവളുടെ പതിഞ്ഞ സ്വരത്തിൽ നിന്ന്  സീമ ജി നായർ എന്നൊരു ഇരട്ടപ്പേര് അവർക്കുണ്ടായിരുന്നു. അങ്ങിനെ വിളിക്കുമ്പോൾ പുരികങ്ങൾ ഉയർത്തി ചുണ്ടുകൾ കൂർപ്പിച്ച്‌ ഒരു മൂങ്ങയെപോലെ കൊത്താൻ വരുമായിരുന്നു അന്നവൾ. അവള്‍ ഇനി തന്നെ വിളിക്കും എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പഴയ ഒരു മുറിവിന്‍റെ നീറ്റല്‍ ഉള്ളിലെവിടെയോ അനുഭവപ്പെടുന്നതുപോലൊരു തോന്നല്‍. തിരിച്ചറിയാനാകാത്ത എന്തൊക്കെയോ കാരണങ്ങളാൽ ഇരു ധ്രുവങ്ങളിലേക്ക് അകന്നു പോയിരുന്നു തങ്ങൾ.

വർഷങ്ങൾ കുറേ ആയിരിക്കുന്നു. മുടി ബോബ് ചെയ്തതൊഴിവാക്കിയാൽ വലിയ മാറ്റങ്ങള്‍ ഒന്നും മുഖത്ത് കാണാനില്ല. എങ്കിലും പണ്ടത്തെ പ്രസരിപ്പ് ഒക്കെ എവിടെയോ നഷ്ടപെട്ടിരിക്കുന്നു. ഒരുമിച്ചാണ് ഇറങ്ങിയതെങ്കിലും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വീണ മുന്നിലേക്ക് നടന്നു.

" വല്ലപ്പോഴുമല്ലേ എല്ലാവരേം ഇങ്ങനെ ഒക്കെ ഒന്ന് കാണാൻ കഴിയൂ. അപ്പൊ അവൾക്ക് ഇത് വരെ ഇല്ലാത്ത ഒരു ഫോൺ വിളി “ മെറിൻ പറഞ്ഞു

"എന്തെങ്കിലും അത്യാവശ്യം ആകും "

"നീ കല്യാണം വിളിക്കാന്‍ ഉള്ളത് കൊണ്ട് മാത്രമാണോ വന്നത് ?" അവള്‍ ചോദിച്ചു

"അല്ല. നീ വിളിച്ചത് കൊണ്ടാണ് വന്നത്, എല്ലാവരും ഉള്ളത് കൊണ്ട് കല്യാണത്തിന്‍റെ കാര്യം പറഞ്ഞെന്നേ ഉള്ളു."

"പരസ്പരം സംസാരിക്കാതെ 8 വര്ഷം. നിനക്കെന്നെ കാണണമെന്നോ മിണ്ടണമെന്നോ ഒന്നും ഒരിക്കലും തോന്നിയിരുന്നില്ലേ..?"

വീണ്ടും മൗനം കനത്ത നിമിഷങ്ങൾ. സായന്തനത്തിന്റെ നേർത്ത മഞ്ഞ നൂലിഴകൾ വഴിവക്കിലെ അരണമരങ്ങളുടെ നിഴലുകൾ മുഖത്തു തീർത്തു.

"നീ എന്നാ മുടി മുറിച്ചത്.? മുറിക്കേണ്ടിയിരുന്നില്ല. പണ്ട് നിറയെ മുടി ഉണ്ടായിരുന്നപ്പോൾ. എന്ത് ഭംഗി ആയിരുന്നു.! നിന്റെ മുടിയിൽ തട്ടി നമ്മുടെ കോളേജിലെ എത്രയോ ആൺകുട്ടികൾ വീണിരിക്കുന്നു . ഓർക്കുന്നുണ്ടോ..? "

"എന്തിനാ മാഷേ വിഷയം മാറ്റാൻ നോക്കണേ..

നിന്നെ ഒന്ന് കാണണം എന്നു തോന്നി..

ഇതൊക്കെ പ്ലാൻ ചെയ്തതും നിന്നെ ഓർത്തിട്ടു തന്നെ. "

"വീണ പറഞ്ഞിരുന്നു.
നിന്റെ വിശേഷങ്ങൾ ഒക്കെ അവള് പറയാറുണ്ട്.
അപ്പയുടെ കാര്യം...ഞാൻ അപ്പോൾ ജയ്പൂർ ആയിരുന്നു നാട്ടില് വന്നപോഴാ വീണ പറഞ്ഞറിയുന്നത്. നിന്നെ വന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷേ  എങ്ങനെയാ ഫേസ് ചെയ്യുക എന്നോർത്തപ്പൊ.." 

“നിന്നെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുണ്ടായിരുന്നു..ഒന്നുമല്ല, നീ എനിക്കൊരു anchor ആണ് അനീ. ഇപ്പോൾ തന്നെ തളർന്നിരുന്നാൽ മമ്മിക്ക് പിന്നെ വേറെ ആരാ എന്നൊക്കെ ഓർത്ത് ധൈര്യം സംഭരിച്ച് നില്ക്കുന്നതാണ്. ചിലപ്പോൾ തോന്നും അപ്പ ചെയ്ത പോലെ…പക്ഷേ  എനിക്ക് മരിക്കാൻ പേടിയാണനീ. ഇങ്ങനെ ജീവിച്ചിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും വരും." 

"ഞങ്ങളൊക്കെ ഇല്ലേ മെറി നിന്റെ കൂടെ..നീ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട" 

ഒറ്റപ്പെടൽ. ഇടക്ക് ഞങ്ങളുടേതെന്നു പറഞ്ഞൊന്നു കയറി ചെല്ലാൻ. രണ്ടു ദിവസം വീട്ടിൽ വന്നു നിൽക്കാൻ മാത്രം അടുപ്പമുള്ളവരൊക്കെ അപ്പ പോയത്തോട് കൂടി എവിടെയോ മാഞ്ഞു പോയി. അപ്പ പറയാറുള്ളത് വളരെ ശരിയാ നല്ലകാലം വരുമ്പോൾ ഉള്ളവരൊന്നും എന്നും കൂടെ കാണില്ല. "

ഇടവഴി കടന്നു മെയിന്‍ റോഡിന്റെ അരികിലെ ബസ് സ്റ്റോപ്പില്‍ അവര്‍ നിന്നു. ഇതിനു മുൻപ് എത്രയോ വൈകുന്നേരങ്ങളിൽ അവിടെ നിന്നിട്ടുണ്ട്, കൂട്ടുകാരുമൊത്ത്, മെറിനുമൊത്ത്. ഓര്‍മകളില്‍ ചിക്കി ചികയാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. പക്ഷേ മെറിന്‍റെ സാന്നിദ്ധ്യം പഴയ കാഴ്ചകളിലേക്ക് മനസിനെ കെട്ടി വലിച്ചു.

പഠനം കഴിഞ്ഞ് കോളേജിനോടും സ്വന്തം പോലെ കരുതിയിരുന്ന നാടിനോടും വിട പറഞ്ഞു പോകുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ല മണ്ണും ആകാശവും മരങ്ങളും കിളികളും ഒന്നും. എങ്ങും പൊടിയും പുകയും യന്ത്ര മുരൾച്ചയും ബഹളവും മാത്രം. മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രമേ ഉള്ളൂ എന്ന മാർക്സിയൻ വാക്യം അവൻ ഓർത്തു. മാറ്റത്തിന്റെ ഏറ്റവും മോശമായ അവസ്ഥ. അന്നത്തെ ഗ്രാമത്തിന്റെ പ്രേതമാണ്‌ ഇത്. മെറിനെ കണ്ടപ്പോള്‍ ഒരു പ്രേതഗ്രാമത്തില്‍ വെച്ച്  ആട്ടിൻകൂട്ടത്തെ നഷ്ടപ്പെട്ട ഒരു ഇടയ കന്യകയെപ്പോലെ  അവനു തോന്നി.

എവിടെ നിന്നോ വന്ന ഒരു ഓര്‍ഡിനറി ബസില്‍ തിക്കി തിരക്കി കയറുന്ന കുറെ അന്യ സംസ്ഥാന തൊഴിലാളികള്‍, അവരുടെ നേരേ ആയിരുന്നു നോട്ടമെങ്കിലും മെറിന്‍റെ നിര്‍വികാരമായ മുഖത്ത് നിന്നും അവള്‍ എന്തോ ചിന്തിച്ചു കൂട്ടുകയാണെന്ന് അവനു തോന്നി. ഇങ്ങനെ ചിന്തകള്‍ക്ക് ഭാരം തോന്നിയ ഒരു വൈകുന്നേരം ആയിരുന്നു അവര്‍ രണ്ടു വഴികളിലേക്ക് നടന്നകന്നത്.

"ആനീഷേ നീ ശരിക്കും കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചോ..? കള്ളം പറഞ്ഞതല്ലല്ലോ..?"

"കള്ളമോ!!! ശരിക്കും പറഞ്ഞതാണ് മെറി"

"ഞാൻ കുറച്ചു വൈകി പോയി അല്ലേ ..?" മെറിന്റെ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ മാത്രമായി നിന്നു. അവളുടെ വലം കൈ തന്റെ കൈകളിൽ എടുത്തു. അതിലമർത്തി മുഖത്ത് അവൻ നോക്കി. അവനൊന്നും പറയുവാൻ കഴിഞ്ഞില്ല. 

ബസിലെ സൈഡ് സീറ്റില്‍ ഇരുന്ന് കൈ വീശി യാത്ര പറയുന്ന അവനെ നോക്കി മെറിന്‍ ചിരിച്ചു. ചിരിയിൽ അവളുടെ കണ്ണുകളും പങ്കു ചേർന്നു. ശേഷം കറുത്ത കാൻവാസിൽ ചുവപ്പു ചായം പൂശിയ ആകാശത്തിനു കീഴെ ഇരുൾ പരന്നു തുടങ്ങിയ നാട്ടിടവഴിയിലൂടെ അവൾ തിരികെ നടന്നു.

 

ഇതുകൂടി വായിച്ചു നോക്കൂ