അനിയത്തിതനിക്കൊരു അനിയത്തി ഉണ്ടെന്നറിഞ്ഞ ദിവസം അയാളിൽ സന്തോഷത്തിന്റെ പുതു നാമ്പുകൾ മുള പൊട്ടിയിരുന്നു. എന്തിനായിരുന്നു അപ്പൻ ഇത് തന്നിൽ നിന്നും മറച്ചു വെച്ചതെന്നയാൾക്ക് മനസിലായില്ല. അപ്പനോടയോടയാൾക്ക് ദേഷ്യം തോന്നി. മരിച്ചവരോട് ദേഷ്യം തോന്നാൻ പാടില്ല. നടരാജൻ ലെതർ ബാഗിൽ നിന്നും മുഷിഞ്ഞു ചുളുങ്ങിയ കത്തെടുത്തു തുറന്നു. അപ്പൻ തനിക്കെഴുതിയ കത്ത്. അപ്പന്റെ മരണക്കുറിപ്പ്. അതിലെ വരികൾ ഓരോന്നും അയാൾ വീണ്ടും വീണ്ടും വായിച്ചു.
ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങി തുടങ്ങുമ്പോൾ ചിലർ മരണത്തെ സ്നേഹിച്ചു തുടങ്ങും. അത്തരത്തിൽ ഒരു സ്നേഹബന്ധത്തിൽ അപ്പൻ അകപ്പെട്ടിരുന്നത് അയാൾ തിരിച്ചറിഞ്ഞില്ല. പ്രതിസന്ധികളുടെ രാത്രിയെ കീഴ്പ്പെടുത്തി സന്തോഷത്തിന്റെ പ്രകാശം ജീവിതത്തിൽ നിറയും എന്നയാൾ വിശ്വസിച്ചു. വിശ്വാസം ചിലപ്പോഴൊക്കെ വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കും. പണം കൊണ്ട് തൂക്കി നോക്കാതെ സ്വന്തം വൃക്ക തരാമെന്ന് ഇതുവരെ കാണാത്ത ഒരു ദൈവദൂതൻ അറിയിച്ചു. പക്ഷേ അതറിയുന്നതിനും മുൻപ് ആസന്നമായതിനൊപ്പം അപ്പൻ സ്വയമിറങ്ങി പോയി.
വഴിയരികിലെ ഏതോ മരത്തിന്റെ ഇലകൾ മുഖത്ത് ആഞ്ഞു തല്ലിയപ്പോൾ നടരാജൻ ചിന്തകളിൽ നിന്നുണർന്നു. വണ്ടി ഏതോ വീതി കുറഞ്ഞ റോഡിലൂടെ ആണ് സഞ്ചരിക്കുന്നത്. ബസിന്റെ ജാലകത്തിൽ കൂടി ഇടക്കിടെ ചില മരങ്ങളും ചെടികളും ഉള്ളിലേക്ക് തല എത്തിച്ചു നോക്കുന്നുണ്ട്. കൈയിലെ കടലാസിലെ വിലാസത്തിൽ അയാൾ ഒരിക്കൽ കൂടി നോക്കി. അനിയത്തിയുടെ വിലാസം. ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു കരുതിയ നിമിഷം ഒരു തുണ്ട് കടലാസിലൂടെ അപ്പൻ വെളിപ്പെടുത്തിയ തന്റെ ചോരയുടെ രൂപം അയാൾ ഭാവനയിൽ കാണാൻ ശ്രമിച്ചു.
അവൾ തന്നെപ്പോലെ ആയിരിക്കുമോ..! അല്ല അമ്മയെ പോലെ ആകും. അമ്മ സുന്ദരി ആയിരുന്നു എന്നാണ് അപ്പൻ പറയാറ്. അയാൾ അമ്മയെപ്പറ്റി ഓർത്തു. അയാളുടെ ഭാവനയിൽ അമ്മക്ക് രൂപമില്ലയിരുന്നു. ഒരു ഫോട്ടോ പോലും ബാക്കി വെക്കാതെ എല്ലാം കവർന്നെടുത്ത അഗ്നിയെ അയാൾ ശപിച്ചു. മണ്ണെണ്ണ വിളക്കിൽ നിന്നും പടർന്ന തീ ബാക്കി വെച്ചത് ഒരാപ്പനേയും മൂന്ന് വയസ്കാരൻ മകനേയും മാത്രം. ജീവിതത്തിൽ ഉടനീളം തനിക്കപ്പനും അപ്പന് താനും എന്ന കണക്കിനാണ് ജീവിച്ചത്. ഇന്നിതാ സ്വന്തം അനുജത്തിയെ കാണാൻ പോകുന്നു. അല്ല അവൾ തന്റെ സ്വന്തമല്ല, തന്റെ അമ്മയുടെ ഛായ അവൾക്ക് കിട്ടുന്നതെങ്ങനെ. അവളെക്കുറിച്ച് അറിഞ്ഞത് മുതൽ അവളെ മറ്റൊരമ്മയുടെ മകളായി കാണാൻ അയാൾക്ക് കഴിഞ്ഞില്ല. അങ്ങിനെ കരുതിക്കൂടാ അവൾ തന്റെ സ്വന്തം പെങ്ങൾ ആണ്. അവളുടെ അമ്മ ഇനി തന്റേയും കൂടി അമ്മയാണ്.
അനിയത്തിയെ കാണുമ്പോൾ പറയാൻ ഉള്ള കാര്യങ്ങൾ അയാൾ അക്കമിട്ടു മനസ്സിൽ കുറിച്ചു. ഒന്നും പറയാൻ വിട്ടു പോകരുത്. അവൾ തന്നെ എന്തായിരിക്കും വിളിക്കുക. ചേട്ടായിന്ന് ആയിരിക്കുമോ അതോ ഏട്ടാന്നോ. നടേശേട്ടൻ..അയ്യേ അറുബോറൻ വിളിയാകുമത്. എന്തെങ്കിലും വിളിക്കട്ടെ എന്റെ കുഞ്ഞനിയത്തി. അയാൾ സ്വയമറിയാതെ ചിരിച്ചു.
"ചേട്ടാ എത്തി.. അടുത്ത സ്റ്റോപ്പ് ആണ് "
"ഇവിടുന്ന് കരിംപൂപ്പാറക്ക് ബസ് കിട്ടുവോ ?" ബസിന്റെ വാതിൽക്കൽ നിന്നിരുന്ന ചെറുപ്പ കാരനോടയാൾ ചോദിച്ചു
"നാടാടെ ആണല്ലേ.. അപ്പറേക്ക് ബസ് പൂവില്ല.. ജീപ്പ് കിട്ടും.. ബസ് കാശ് കൊടുത്താ മതി.. അവടെ എവടെ പോണു..?"
"അവടെ പെങ്ങടെ വീട്ണ്ട് അങ്ങോട്ട് "
"ഏ...എന്നട്ടാ വഴി അറിയാൻ മേലാത്തെ.." അവന്റെ പരിഹാസം നിറഞ്ഞ ചോദ്യം അയാൾ കേട്ടില്ലെന്ന് നടിച്ചു.

ജീപ്പ് കുത്തനെ ഉള്ള കയറ്റം കയറാൻ തുടങ്ങി. തണുത്ത കാറ്റ് അയാളുടെ ചെവിയിൽ ഇടക്കിടെ ചൂളം വിളിച്ചുകൊണ്ടിരുന്നു "എന്നാ കാറ്റാ.."
"മുമ്പ് ഈ വഴി വന്നിട്ടില്ലാല്ലേ..
ഇതിപ്പോ കർക്കടകം തൊടങ്ങിയേന്റെയാ..
ചേട്ടനാ തോർത്തെടുത്തു തലവഴി കെട്ടിക്കോ.."അടുത്തിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു
"സാരമില്ല.." അയാൾ വീണ്ടും ചിന്തകളിലേക്കൂളി യിട്ടു.
തല മുന്നിലെ ബെഞ്ച് സീറ്റിന്റെ കമ്പിയിൽ ശക്തിയായി ഇടിച്ചപ്പോഴാണ് അയാൾക്ക് പരിസര ബോധം വന്നത്.
"കാലത്തെ താഴത്തേക്ക് പോയപ്പോ ഈ കുഴി ഇവിടില്ലാർന്നു" ജീപ്പ് ഡ്രൈവർ കൈ കഴുകി.
വണ്ടി കുഴിയിൽ ചാടിയപ്പോൾ മടിയിൽ നിന്ന് താഴെ വീണ ബാഗ് അയാൾ മുറുകെ പിടിച്ചു. അതിന്റെ വലിയ കള്ളിയുടെ സിബ്ബ് അഴിച്ച് ഉള്ളിൽ പരതി. ഇല്ല പൊതി അഴിഞ്ഞു പോയിട്ടില്ല. അനിയത്തിക്കു കൊടുക്കാൻ അയാൾ കരുതിയ സമ്മാനം. പുളിയിലയും ഉണക്കമീനും ചുട്ടിടിച്ച് സ്വന്തം കൈ കൊണ്ടുണ്ടാക്കിയത്. കനലിൽ വാട്ടിയ വാഴയിലയിലത് പൊതിഞ്ഞെടുത്ത് ബാഗിൽ വെക്കുമ്പോൾ കീറി തുടങ്ങിയ പേഴ്സിന്റെ ഉള്ളിലേക്ക് അയാൾ കണ്ണുകളയച്ചു. വണ്ടിക്കൂലിക്കുള്ള പണം തികയാതെ മുരുകന്റെ ഫോട്ടോക്ക് മുന്നിലെ പൗഡർ ടപ്പി തുറന്നു ചില്ലറകൾ എണ്ണുമ്പോൾ അയാൾ അപ്പനെ ഓർത്തു. അസുഖം മാറിയാൽ പഴനി മല കയറാം എന്ന നേർച്ച പാലിക്കാൻ അപ്പനിന്നില്ല.
അപ്പോഴാണയാൾ അതേപ്പറ്റി ചിന്തിച്ചത്, എന്തുകൊണ്ടോ അതു മറന്നു പോയിരുന്നു. അപ്പന്റെ മരണ വാർത്ത എങ്ങിനെയാണ് താൻ അനിയത്തിയോട് പറയുക. അവൾ കരയുമ്പോൾ എങ്ങിനെയാണ് അവളെ താൻ ആശ്വാസിപ്പിക്കേണ്ടത്. അവളെ ചേർത്തു പിടിച്ച് മുടിയിഴകളിൽ തലോടാം. ഇനി എന്നും ഈ ചേട്ടൻ കൂടെ ഉണ്ടെന്ന് പറഞ്ഞ് ആശ്വാസമേകാം. ശേഷം അവളേയും അവളുടെ അമ്മയേയും നാട്ടിലേക്ക് കൂടെ കൂട്ടാം. ചിലപ്പോൾ വല്ലിച്ചൻമാർ വഴക്കുണ്ടാക്കുമായിരിക്കും. പക്ഷേ ഞാൻ ഒരാണാ ണ്, എന്റെ പെങ്ങളെ പോറ്റാൻ എനിക്കാരുടെയും അനുവാദം വേണ്ട. അയാളുടെ ദൃഢമായ തീരുമാനമായിരുന്നു അത്.
ജീപ്പിറങ്ങി നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അടയാളമായി അപ്പന്റെ കത്തിൽ ഉള്ളത് ഒരു ഭദ്രകാളീ ക്ഷേത്രത്തിന്റെ ഭണ്ടാരം ആണ്. ഇത്രയും ദൂരം നടന്നിട്ടും അയാളിതു വരെ അങ്ങിനെ ഒന്ന് വഴിയിലെങ്ങും കണ്ടില്ല.
"ഈ പീച്ചിരി എന്ന് പേരുള്ള ഒരു സ്ത്രീടെ വീട് അറിയുവോ.."
"പനമ്പ് ഒക്കെ നെയ്യുന്ന പീച്ചിരി ആണോ.അല്ല ഇവിടെ എന്റെ അറിവില് ഒരു പീച്ചിരിയേ ഉള്ളട്ടോ..പീച്ചിരിടെ ആരാ..ഏവടന്നാ?" ചോദ്യം കേട്ട മൂന്നാമത്തെ ആൾ വഴി പറയുന്നതിനിടെ സാകൂതം ചോദിച്ചു."
"ഞാൻ.. ഒരു അകന്ന ബന്ധുവാ.." അമ്മയെന്ന് പറയാമോ.. അതോ അച്ഛന്റെ ഭാര്യ എന്ന് പറയുന്നതാകുമോ കൂടുതൽ ഉചിതം. അയാളുടെ ചിന്തകളിൽ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
"പീച്ചിരി മരിച്ചപ്പൊ വന്നില്ലേ..കണ്ടില്ലല്ലോ..?
തന്ത ഇട്ടേച്ചു പോയെങ്കിലുംങ്കിലും അവളെ അവര് പോന്നു പോലെയാ നോക്കീത്ട്ടോ..
എന്തായാലും ആയ കാലത്ത് ആ പെങ്കൊച്ചിനെ കെട്ടിച്ച് വിട്ട കൊണ്ട് അത് രക്ഷപെട്ടു.."
അനിയത്തിയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. താൻ മുൻകൈ എടുത്ത് നടത്തേണ്ടുന്ന വിവാഹം ആയിരുന്നു അത്. താൻ ആയിരുന്നു ആണൊരുതന്റെ കൈകളിൽ അവളെ ഏൽപ്പിക്കേണ്ടിയിരുന്നത്. സാരമില്ല ഇനി അവൾ എന്നും തന്റെ അനിയത്തിയായി കഴിയേണ്ടതല്ലേ. അവസരങ്ങൾ ഇനിയും ഉണ്ട് ഒരു ചേട്ടന്റെ കർത്തവ്യങ്ങൾ നിറവേറ്റാൻ.
"ആ എത്തി.. ആ കാണണ വീട് കണ്ടോ?അതാ.."
കുറ്റിച്ചീര കൊണ്ട് വേലി കെട്ടിയ പറമ്പിന്റെ നടുവിലൂടെ അയാൾ തന്റെ അനിയത്തിയുടെ വീടിനു മുന്നിലെത്തി.
"ആരാ..മോനോജേട്ടൻ ഇവിടില്ല" അകത്തു നിന്നും ഒരു പെൺകുട്ടി വാതിൽ കടന്ന് ഇളംതിണ്ണയിലേക്ക് ഇറങ്ങി വന്നു.
"അജിതയാണോ..?" തൊണ്ടയിലെ ഇടർച്ച അയാൾ ഒരുവിധം മറച്ചുപിടിച്ചു
"അതെ..മനസിലായില്ലാട്ടോ.."
അനിയത്തിയെ ആദ്യമായി കണ്ട സന്തോഷത്തിൽ വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. ഒരു പക്ഷേ അവളൊരു കുട്ടി ആയിരുന്നെങ്കിൽ കൈകളിൽ വാരി എടുത്ത് മുത്തങ്ങൾ കൊണ്ട് മൂടുമായിരുന്നു അയാൾ.
"ഞാൻ ചേട്ടനാ.. മോളേ നിന്റെ.. രാഘവന്റെ മോനാ.."
രണ്ടു പേരും ഒന്നും പറഞ്ഞില്ല. ചെരിഞ്ഞു പെയ്യുന്ന ചാറ്റൽ മഴത്തുള്ളികൾ അയാളുടെ മുഖത്ത് സൂചികൊണ്ടു കുതിയെങ്കിലും മുഖാമുഖം അവർ എത്ര നേരം നിന്നുവെന്നറിയില്ല. മൗനത്തിനു ഭംഗം വരുത്തി എവിടെ നിന്നോ ഒരു കട വാവൽ അവർക്കിടയിലൂടെ ചിറകടിച്ചു പറന്നു പോയി.
"ഹമ്മ്‌...
അച്ഛനെ കണ്ടതായി ഞാൻ ഓർക്കണില്ല..
ചേട്ടൻ ഉള്ളതായിട്ട് അമ്മ മരിക്കണ വരെ പറഞ്ഞിട്ടുമില്ല..
ഇടക്കെപ്പോഴോ അച്ഛൻ ഇവിടെ വന്നാർന്നെന്ന് അമ്മ പറഞ്ഞട്ടൊണ്ട്.അന്നും ഈ മോളെ കാണാൻ നിന്നില്ല. ഒരു കല്ല് പെന്സില് പോലും എനിക്ക് വാങ്ങി തന്നട്ടുമില്ല.
ചീത്തപ്പെട്ട് പോകാൻ അവസരം ഒണ്ടായിട്ടും അമ്മ എന്നെ അന്തസായിട്ടാ നോക്കീത്.
അപ്പോളൊന്നും കാണാത്ത ഒരച്ഛനെ കാണണംന്നൊന്നും എനിക്ക് ഇത് വരെ തോന്നീട്ടില്ല.
പിന്നെ ആങ്ങള......"
"എനിക്കറിയില്ലാർന്നു മോളേ.. നീ ഒള്ള കാര്യം അപ്പൻ ഒരിക്കലെങ്കിലും പറഞ്ഞെങ്കി..."
"മഴ കഴിഞ്ഞിട്ട് പോകാം. ഈ തിണ്ണയിലോട്ട് നിന്നോ." ഇത്രയും പറഞ്ഞവൾ അകത്തേക്ക് പോയി.
പിന്നീട് ഒരു വാക്കു പോലും അയാളിൽ നിന്ന് പുറത്ത് വന്നില്ല. അനിയത്തി എന്ന സ്വപ്നവുമായി അയാൾ തിരികെ നടന്നു. അയാളുടെ ബാഗിൽ കരുതിയ വാഴയിലപ്പൊതിയിൽ നിന്നും സ്നേഹത്തിൽ ചാലിച്ച പുളിയിലച്ചമ്മന്തിയുടെ മണം അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു.

Popular Posts

സ്വപ്നദര്‍ശി

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

ദഹിക്കാത്ത ബിരിയാണി