അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

അവിരാമം


സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. കാലുകളില്‍ വെള്ളിക്കിലുക്കവുമായി ഓടി വന്ന അമ്മുക്കുട്ടി പിന്നില്‍ നിന്നും അയാളുടെ കഴുത്തില്‍ തൂങ്ങി. പാതി കുടിച്ച ചായഗ്ലാസ് തറയില്‍ വെച്ച്, അമ്മുക്കുട്ടിയെ എടുത്ത് അയാള്‍ മടിയില്‍ ഇരുത്തി. എന്നിട്ട് പിഞ്ചു കവിളില്‍ ഒരു മുത്തം കൊടുത്തു. ഒരേ ഒരു മകള്‍, ഇനി കുട്ടികള്‍ വേണ്ട എന്ന് ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന്‍ അയാള്‍ ഒരുപാട് കഷ്ടപെട്ടു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ആ തീരുമാനം കൈക്കൊള്ളുമ്പോള്‍ മകളോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നാ ആശങ്ക ആയിരുന്നു അതിന്റെ കാരണമായി അയാളുടെ ഉള്ളിൽ എരിഞ്ഞടങ്ങിയത്.

ഉണ്ണികൃഷ്ണനുമായുള്ള വിവാഹ ശേഷം വിദേശത്തുള്ള നഴ്സിംഗ് ജോലി വേണ്ടെന്നു വെച്ച് ജാനകി  നാട്ടിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ഒരിക്കല്‍ പോലും അവളുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അയാളോ, അയാളുടെ താല്പര്യങ്ങൾക്ക് അവളോ  എതിരു നിന്നിട്ടില്ല. മാതൃകാ ദമ്പതികള്‍ എന്ന ഔപചാരികതയുടെ പതക്കം ചുറ്റുപാടുമുള്ളവര്‍ അവരുടെ കഴുത്തില്‍ അണിയിച്ചിരുന്നു.

"അച്ഛനും മോളും മഴയും നനഞ്ഞിരുന്നോ..പനിപിടിച്ച് വിറച്ച് കിടക്കുമ്പോ ഞാന്‍ ഉണ്ടല്ലോ നോക്കാന്‍.."

"നിന്റെ അമ്മ ഇന്ന് നല്ല ചൂടിലാണല്ലോടി..?"

"ആഹ്.. അപ്പനും മോളും കൂടിയാ പിന്നെ ഞാന്‍ ഔട്ട്‌, അങ്ങനെ ഇപ്പൊ ഒറ്റക്ക് പനിച്ച് കിടക്കണ്ട..ഞാനും കൂടാം മഴ കാണാന്‍" അയാളുടെ കാതില്‍ മൃദുവായൊന്നു നുള്ളിയിട്ട് അവളും വന്നിരുന്നു പടിക്കെട്ടില്‍.

ഓടു മേഞ്ഞ മേല്‍ക്കൂരയില്‍ നിന്നും മഴ വെള്ളം നിലത്തു നിരനിരയായി കുഴികള്‍ തീര്‍ത്തു. പുതിയ വീട് വെക്കുമ്പോള്‍ അയാള്‍ക്ക് ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. വലിയൊരു പറമ്പിന്‍റെ നടുവിലൂടെ ഇരുവശവും കുറ്റിച്ചെടികള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു മണ്ണു വഴി. അത് അവസാനിക്കുന്നിടത്ത് വിസ്താരമുള്ള മുറ്റത്തിന് ഒത്ത നടുക്ക് ഒരു കൊച്ചു വീട്. ചുറ്റിലും മരങ്ങളും പൂച്ചെടികളും വേണം. ചെമ്പകവും രാജമല്ലിയും ചെമ്പരത്തിയും മന്ദാരവും മുറ്റത്തിന്റെ ഓരം ചേര്‍ന്നു പൂത്തു നില്‍ക്കണം. ഗേറ്റിനു മുകളില്‍ കൂടി കമാനം പോലെ വള്ളിമുല്ല പടര്‍ത്തി വിടണം. വീടിനു മുന്നില്‍ ഇരിക്കാന്‍ ഇളം തിണ്ണ വേണം. കരിങ്കല്ല് പടിക്കെട്ടുകള്‍ ഉള്ള വീടിന്റെ മേല്‍ക്കൂര ഓടു മേഞ്ഞു ഭംഗി ആക്കണം. പറമ്പിന്റെ ഒരു മൂലയില്‍ വെട്ടുകല്ലുകൊണ്ട് പടിക്കെട്ടുകള്‍ തീര്‍ത്ത ഒരു കുളം വേണം.തൊട്ടാവാടിയും മഷിത്തണ്ടും വളരുന്ന ആ പടിക്കെട്ടില്‍ പച്ച നിറമുള്ള വെള്ളത്തിലേക്ക് കാലും നീട്ടി ഇരുന്നാല്‍ കാലുകളെ ഇക്കിളിയാക്കി നീന്തി നടക്കുന്ന ചെറു മീനുകളെയും, അവറ്റകളെ കൊത്തി എടുത്ത് പറക്കാന്‍ തപസ്സിരിക്കുന്ന കൊക്കുകളേയും കാണാന്‍ കഴിയണം. ഇങ്ങനെ ചാറ്റല്‍ മഴയുടെ നനവുള്ള എണ്ണിയാല്‍ തീരാത്ത സ്വപ്‌നങ്ങള്‍. ഒടുവില്‍ നഗരത്തിനടുത്ത് ഏഴര സെന്റ്‌ സ്ഥലം വാങ്ങി വീട് വെച്ചപ്പോള്‍ പല സ്വപ്നങ്ങളും, ഓടിട്ട മേല്‍ക്കൂര ഉള്ള ആ ചെറിയ വീടിന്റെ അടിത്തറയില്‍ സംസ്കരിക്കപ്പെട്ടു. ഒരു വള്ളിമുല്ല മാത്രം സ്വപ്നങ്ങളുടെയും ചില പഴയ ഒര്‍മകുളുടേയും പ്രതീകമായി അയാള്‍ നട്ടു വളര്‍ത്തി.

മഴ ചെറുതായി ഒന്നു തോര്‍ന്നപ്പോഴേക്കും സന്ധ്യ ആകാറായിരുന്നു. മഴ വന്നപ്പോള്‍ പിണങ്ങിപ്പോയ കറണ്ട് തിരിച്ചു വന്നു. അകത്തു നിന്നും തനിയെ ഓണായ റേഡിയോ ശബ്ദിച്ചു

..........ആകാശവാണി കൊച്ചി എഫ് എം. നൂറ്റിരണ്ട് ദശാംശം മൂന്ന് മെഗാ ഹെര്‍ട്സ്. ഇപ്പോള്‍ സമയം ആറു മണി കഴിഞ്ഞ് ഒരു മിനിട്ട് ഇരുപത്തിയാറു സെക്കണ്ട്..ഇനി.........

"മോളേ അതൊന്ന് പോയി നിര്‍ത്തിക്കേടീ.." ഉണ്ണികൃഷ്ണന്‍ മകളെ മടിയില്‍നിന്നും എടുത്ത് താഴെ ഇരുത്തി. അച്ഛന്റെ വാക്കും കെട്ടിപിടിച്ചുകൊണ്ട് ഒരു വെള്ളിക്കിലുക്കത്തോടെ അവള്‍  അകത്തേക്കോടി.

"വാ, അകത്തേക്ക് വാ.. ഇവിടിരുന്നിനി തണുപ്പ് കൊള്ളണ്ട.." ജാനകി അയാളെ എഴുന്നേല്‍പ്പിക്കാന്‍ നോക്കി.

"ജാനൂ നീ ആ മുല്ല കണ്ടോ..?"

"മം.. എന്തേ..?"

"ഇത്രേം മഴ പെയ്തിട്ടും കൊഴിയാത്ത എത്ര പൂവാന്ന് നോക്കിക്കേ അതില് ..!
ആ ചെമ്പകോം ഇത് പോലെ പൂത്ത് നിക്കണുണ്ടാകുമോ..?"

"ചെമ്പകോ !! നമുക്ക് ചെമ്പകം ഇല്ലല്ലോ അതിനു"

"നമ്മുടെ അല്ലെന്റെ ജാനൂ അവള് നട്ടില്ലേ..അത് "

"ആര് നട്ടത്... ഉണ്ണിയേട്ടന്റെ ആ ഫ്രണ്ടോ?"

"മം.. അതന്നെ. ഞങ്ങള്‍ക്ക് ഓരോ ചെടി നടണംന്ന് മോഹം ഉണ്ടാര്‍ന്നു. ഒരുമിച്ച് നടണം എന്നാര്‍ന്നു"

"ഇതെത്രാമത്തെ തവണയാ ഉണ്ണിയേട്ടനീ കഥ പറയണേ..അത് ഇത്ര വല്യ കാര്യാണോ അത്, ഒരു ചെടി നടണേല്‍ എപ്പോ വേണേലും നടാല്ലോ." ജാനകി ഇടയ്ക്കു കയറി.

"അതല്ല ജാനൂ ...ഹ്മം..അത് നിനക്ക് പറഞ്ഞാ മനസിലാകില്ല.."

"പുതിയ കാര്യം വല്ലതും ആണെങ്കില്‍ പറയ്, എനിക്ക് മനസിലാകുമോ എന്ന് നോക്കാം" അവള്‍ പറഞ്ഞു.

"എന്നോ ഒരിക്കല്‍ കോളേജില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍യാത്രക്കിടെ ഒരു ക്യാഷ്വല്‍ ടോക്കില്‍ ഞാന്‍ അവളോടു ചോദിച്ചു, പഠിത്തം ഒക്കെ അവസാനിച്ച് ജോലി ആയി, കല്യാണമൊക്കെ കഴിഞ്ഞാല്‍ പിന്നെ ഈ കൂട്ട് ഒക്കെ ഇങ്ങനെ ഉണ്ടാകുവോ എന്ന്..! അപ്പൊ അവളു പറയുവാ അതൊന്നും പറയാന്‍ പറ്റില്ല നീ ഈ കൂട്ടിന്റെ ഓര്‍മ്മക്ക് ഒരു സ്മാരകം പണിയാന്‍.. തമാശ ആയിരുന്നുവെങ്കിലും നല്ല ഒരു ആശയം തന്നെ ആയിരുന്നു അത്. അല്ലേ ജാനൂ?.."

ഓടിന്റെ തുമ്പത്തുനിന്നും വീഴുന്ന വെള്ളത്തുള്ളികള്‍ കൈകളില്‍ എത്തി പിടിച്ച് ഒരു കേള്‍വിക്കാരിയായി ജാനു നിന്നു. അയാള്‍ തുടര്‍ന്നു.

"എനിക്ക് ഒത്തിരി ഐടിയകള്‍ ഉണ്ടെന്ന് അവള്‍ പറയുമായിരുന്നു. ഈ ചെടി നടല്‍ ഐഡിയയും അന്നു മുന്നോട്ട് വെച്ചത് ഞാന്‍ തന്നെയാ. എനിക്കിഷ്ടം മുല്ലയായിരുന്നു. അവള്‍ക്ക് ചെമ്പകകോം. നമ്മുടെ നാട്ടിലെ വീടിന്റടുത്തുള്ള ഇന്ദിരചേച്ചി ഇല്ലേ.. അവരുടെ പറമ്പിന്റെ അതിരില് നല്ല തത്തമ്മപച്ച നിറവുള്ള പൂവുണ്ടാകുന്ന ഒരു ചെമ്പകമുണ്ടാർന്നു. അവരുടെ പറമ്പിന്റടുത്തുള്ള തൊണ്ട് വലുതാക്കി റോഡ് വെട്ടിയപ്പോ ആ മരം പോയി. നമ്മുടെ കല്യാണത്തിനൊക്കെ കുറേ മുമ്പാണ്. അതിന്റെ ഒരു കമ്പ് ഞാന്‍ തന്നെയാ അന്നവള്‍ക്ക് നടാനായി പറിച്ചു കൊടുത്തത്. നല്ല മണാ അതിന്റെ പൂക്കള്‍ക്ക്. ഒരിക്കല്‍ വിളിച്ചപ്പൊ അവളത് നട്ടെന്ന് പറഞ്ഞാര്‍ന്നു. അവള്‍ കല്‍ക്കട്ടക്ക് പോയ ശേഷം ഞങ്ങള്‍ അതിനെപ്പറ്റി ഒന്നും പിന്നെ സംസാരിച്ചിട്ടില്ല. അവള്‍ അതൊക്കെ മറന്നു കാണും. ഈ ഓര്‍മകള്‍ ഉണ്ടാകുന്നത് തന്നെ മറക്കാന്‍ വേണ്ടീട്ടാണെന്നു ചിലപ്പോള്‍ തോന്നാറുണ്ട് "

"ഞാന്‍ പോണു വിളക്ക് കൊളുത്താറായി, നിങ്ങള് പഴയ കൂട്ടുകാരീനേം ഓര്‍ത്തോണ്ടിരുന്നോ." ജാനു അകത്തേക്ക് പോയി

അയാള്‍ അവിടെ തന്നെ കുറേ നേരം ഇരുന്നു. വീടിനുള്ളില്‍ നിന്നും അമ്മുക്കുട്ടി ഉറക്കെ നാമം ജപിക്കുന്നുണ്ടായിരുന്നു. കത്തിച്ചു വെച്ച ചന്തനതിരിയുടെ സുഗന്ധം. തണുപ്പ് ആയതോടെ ഈയലുകള്‍ പൊങ്ങിത്തുടങ്ങി. ഒന്നിനു പിറകെ ഒന്നായി മണ്ണിനടിയില്‍ നിന്നും അവർ പറന്നുയര്‍ന്നു. മുൻവശത്തെ ടൂബ് ലൈറ്റിന്റെ ചുറ്റും അവറ്റകള്‍ പാറി നടന്നു. ചിലത് ചിറക് കൊഴിഞ്ഞ് നിലത്തു വീണു. ചിലതിനെ പല്ലികള്‍ തിന്നു തീര്‍ത്തു. അവശേഷിച്ചവ ആസന്നമായ വിധി ഏറ്റുവാങ്ങാന്‍ ലൈറ്റ് വേട്ടത്തിനു ചുറ്റം വട്ടം കറങ്ങിക്കൊണ്ടേ ഇരുന്നു.

മഴ വീണ്ടും ആര്‍ത്തലച്ചു പെയ്തു തുടങ്ങി. മഴയുടെ താളത്തില്‍ ഉള്ള ശബ്ദവിന്യാസങ്ങള്‍ ഒഴിവാക്കിയാല്‍ എങ്ങും നിശബ്ദത. ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്ക് മിന്നായം പോലെ കാണാം. അതിനുമപ്പുറം അകലെ ആകാശത്തിന്റെ അതിരില്‍ ചെറിയ മിന്നല്‍പ്പിണറുകള്‍ തെളിഞ്ഞു മായുന്ന കാഴ്ചകള്‍. അയാള്‍ അതെല്ലാം കണ്ട് അവിടെ തന്നെ ഇരുന്നു. ഇടക്കെപ്പോഴോ നടക്കല്ലില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ചാര്കസേരയിലേക്ക് സ്ഥാനം മാറ്റി എന്ന് മാത്രം.

"അച്ചേ.. ചോറുണ്ണാൻ വിളിക്കണു അമ്മ" അമ്മുക്കുട്ടിയുടെ കൊഞ്ചിയുള്ള വിളി ഏറെ നേരത്തിനു ശേഷം അയാളെ അകത്തേക്ക് കൊണ്ടു വന്നു. അവളുടെ കൊച്ചു കിണുങ്ങലുകള്‍ മാറ്റി നിര്‍ത്തിയാല്‍ പതിവിനു വിപരീതമായി അത്താഴം കഴിപ്പ്‌ തീര്‍ത്തും തണുപ്പന്‍ മട്ടില്‍ ആയിരുന്നു. ഓഫീസ് വിശേഷങ്ങളോ നാട്ടുകാര്യങ്ങളോ അന്നവര്‍ പങ്കു വെച്ചില്ല. മൗനം  നിറഞ്ഞ ആ മുറിക്കുള്ളില്‍ അയാള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

"'നീ എന്താ മിണ്ടാതിരിക്കുന്നേ..?കഴിക്കണില്ലേ ?"

"ഇപ്പോളാണോ ഞാന്‍ കഴിക്കാത്തത് കാണുന്നത്.. നിങ്ങള് കഴിക്ക്.." ശാന്തമായാണ് അവള്‍ അത് പറഞ്ഞതെങ്കിലും ആ ഭാവമാറ്റം അയാള്‍ കാണാതിരുന്നില്ല

"തലവേദന ഉണ്ടോ..?"

"ഇല്ല.."

ഒന്‍പതു മണി ആയി. വൈകിട്ട് തുടങ്ങിയ മഴ ഇതു വരെ തോര്‍ന്നിട്ടില്ല. ഈ അടുത്ത ദിവസങ്ങളില്‍ ഒന്നും ഇത്രയും ശക്തമായി മഴ പെയ്തിട്ടില്ല. കറണ്ട് പോകുകയും വരികയും ചെയ്യുന്നു. മഴയുടെ തണുപ്പിന്റെ സുഖത്തില്‍ അമ്മുക്കുട്ടി നേരത്തെ ഉറങ്ങി. അവളുടെ നാലു വര ബുക്ക്‌ ഡൈനിംഗ് ടേബിളിന്റെ മുകളില്‍ തുറന്ന് ഇരിക്കുന്നു. താന്‍ പഠിക്കാത്ത തനിക്കറിയാത്ത ഏതോ ഒരു നഴ്സറിക്കവിത അതില്‍ ആവര്‍ത്തിച്ച് രണ്ട് പേജ് എഴുതിയിട്ടുണ്ട്. അയാളുടേത് പോലെ ആയിരുന്നില്ല, നല്ല കൈയ്യക്ഷരം ആണ് മകളുടെ. മകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് അഭിമാനം തോന്നി. ഈ കഴിഞ്ഞ PTA മീറ്റിങ്ങിലും ടീച്ചര്‍ പറഞ്ഞിരുന്നു അവള്‍ മിടുക്കിയാണെന്ന്.

ഇനി കറണ്ട് വരുമെന്നു തോന്നുന്നില്ല. മെഴുകുതിരി വാങ്ങാനും മറന്നു. ഉള്ള രണ്ട് എണ്ണം തീരാറായി. നേരത്തേ ഉറങ്ങാം എന്ന ചിന്തയോടെ അയാള്‍ കിടപ്പു മുറിയിലേക്ക് കടന്നു. ജനലുകള്‍ എല്ലാം ഭദ്രമായി അടച്ചിരുന്നുവെങ്കിലും മുറിക്കുള്ളില്‍ തണുപ്പ് ഉണ്ടായിരുന്നു. ഓടിട്ട വീടിന്റെ ഒരു പോരായ്മ ആയി അതയാള്‍ക്കു തോന്നി. ഫാമിലീ കോട്ടിന്റെ ഒരരികില്‍ ഭിത്തിക്കഭിമുഖമായി അമ്മുക്കുട്ടി നല്ല ഉറക്കത്തില്‍ ആണ്. അവളെ കെട്ടിപ്പിടിച്ച് ജാനകിയും. ഇത്രയും നേരത്തേ ഉറങ്ങി ശീലം ഇല്ലാത്തതു കൊണ്ടാകാം അയാള്‍ക്ക് ഉറക്കം വന്നില്ല. എന്തൊക്കെയോ ആലോചിച്ചു കുറേ നേരം കിടന്നു. പിന്നെ എഴുന്നേറ്റ് ഒരു പുസ്തകം വായിച്ച്കൊണ്ടിരുന്നു. കട്ടിലില്‍ ഭിത്തിയിലേക്ക് ചാരി ഇരുന്നുള്ള ആ വായനയെ അലോസരപ്പെടുത്തിക്കൊണ്ട് എവിടെ നിന്നോ അടക്കി പിടിച്ചുള്ള വിതുമ്പലുകള്‍ ഉണ്ണികൃഷ്ണന്‍ കേട്ടു. പുറത്ത് നിന്നല്ല മുറിയില്‍ നിന്നു തന്നെ ആണ്.

"ജാനു.. എന്താടീ എന്താ..? നോക്കിക്കേ ഇങ്ങിട്ട് തിരിഞ്ഞേ.."തേങ്ങല്‍ ഒരു കരച്ചിലിലേക്ക് മാറി. അയാള്‍ ബലമായി അവളെ തനിക്കഭിമുഖമായി എഴുന്നേല്‍പ്പിച്ചിരുത്തി. "മോള് കേള്‍ക്കും..അവള് ഉണരും.. എന്താ പറ്റിയെ..എന്തിനാ കരയണേ..?"

"നിങ്ങടെ മനസില് ഇപ്പളും അവളല്ലേ...എന്നോട് തീരെ ഇഷ്ടയില്ല നിങ്ങള്‍ക്ക്.."

"ആരുടെ കാര്യാ നീയീ പറയണേ..? എന്താ ഇപ്പൊ അങ്ങനൊക്കെ തോന്നണെ ?"

"അറിയില്ലാല്ലേ..? എന്തിനാ നിങ്ങളാ മുല്ല പടര്‍ത്തി വിട്ടേക്കണെ..? ഗേറ്റില് ലൈറ്റ് പിടിപ്പിക്കാന്‍ അത് വെട്ടണംന്ന് അന്ന് കരണ്ടിന്റെ ആള് പറഞ്ഞപ്പോ നിങ്ങള് ലൈറ്റേ വേണ്ടാന്ന് വെച്ചു... മോളുണ്ടായപ്പോ അവളെ അമ്മൂന്ന് വിളിക്കാന്നു പറഞ്ഞു... അവള്‍ടെ പേരാന്ന് അറിഞ്ഞിട്ടും ഞാന്‍ എതിരൊന്നും പറഞ്ഞില്ലല്ലോ... വേറെ കുട്ടികള്‍ വേണ്ടാന്ന് പറഞ്ഞതും അവള്‍ടെ പേര് മോള്‍ക്കിട്ടതും അവളോടുള്ള സ്നേഹം കൊണ്ടല്ലേ.. അവള്‍ടെ ചെമ്പകം എന്തായാല് നിങ്ങള്‍ക്കെന്താ.. ഇപ്പൊ അവളേം ഓര്‍ത്തോണ്ട് ഇരിക്കുവല്ലാര്‍ന്നോ ഉറങ്ങാണ്ട്.... ഞാന്‍ കുറച്ച് നാളായി ശ്രദ്ധിക്കുണുണ്ട്, നിങ്ങള്‍ക്ക് എന്നോട് തരിമ്പും ഇഷ്ടയില്ല.." ചോദ്യങ്ങളുടെയും പരിഭവം പറച്ചിലിന്റെയും ഒരു പുഴ അവളുടെ കണ്ണുകളില്‍ നിന്നും കവിളുകള്‍ വഴി താഴേക്കൊഴുകി.

അയാള്‍ക്ക് ആദ്യം ഒന്നു പൊട്ടിച്ചിരിക്കാന്‍ ആണ് തോന്നിയത്. അതവളെ കൂടുതല്‍ മുറിപ്പെടുത്തും എന്നയാള്‍ ഭയന്നു. അതിനു മുതിരാതെ സ്വയം നിയന്ത്രിച്ചു കൊണ്ട് അയാള്‍ അവളുടെ മുടിയിഴകളില്‍ തലോടി.

"നിനക്കറിയില്ലേ ജാനൂ എന്നെ...ഏഴു വർഷം കഴിഞ്ഞില്ലേ, ഇനിയും മനസ്സിലായിട്ടില്ലേ എന്നെ നിനക്ക്...? സ്നേഹമില്ലാന്നൊക്കെ നിന്റെ തോന്നലാ.. നീ ഈ സീരിയലൊക്കെ കണ്ടിട്ട് വേണ്ടാത്തതോരോന്നു ചിന്തിച്ച് കൂട്ടുവാ. അവളെയും നിനക്ക് അറിയാവുന്നതല്ലേ. ഇപ്പോള്‍ അവള്‍ നിന്റെയും കൂട്ടുകാരി അല്ലേ. എന്നോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിന്നോട് അല്ലേ അവള്‍ ഇപ്പോള്‍ സംസാരിക്കാറ്. കുറച്ച് നാളായിട്ട് അവള്‍ വിളിക്കാറില്ല, എന്താണെന്ന് അറിയില്ലല്ലോ എന്ന് നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ജാനൂ.."

അയാളുടെ സന്ത്വനങ്ങളില്‍ ആ കരച്ചില്‍ തങ്ങലുകള്‍ ആയി ഒതുങ്ങി. അവള്‍ അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അപ്പോഴും മഴ തോര്‍ന്നിരുന്നില്ല, ദൂരെ എവിടെയോ ഇടിമുഴങ്ങുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു. തേങ്ങല്‍ അടക്കി അവള്‍ പറഞ്ഞു.

"എനിക്കറിയാം അതൊക്കെ.. സങ്കടം വന്നപ്പോ പറഞ്ഞതാ... എന്നാലും ഞാന്‍ അറിയാതെ അങ്ങനൊക്കെ ആലോചിച്ചു പോകുവാ... ഇന്നവളെ പറ്റി ഒക്കെ പറഞ്ഞപ്പോ.. എനിക്ക്.. അറിയാതെ.. ആ മുല്ല നമുക്ക് വേണ്ട.. അത് കാണുമ്പോഴൊക്കെ.."

"നീ തന്നെയാ എനിക്ക് വലുത്. പിന്നെ നീ പറഞ്ഞതും ശരിയാ, ഗേറ്റില്‍ ഒരു ലൈറ്റ് വേണം. രാത്രി വരുമ്പോള്‍ വഴിയില്‍ ഇഴജന്തുക്കള്‍ എന്തെങ്കിലും കിടന്നാല്‍ കാണാന്‍ കൂടി കഴിയില്ല....."

താന്‍ തന്നെയാണ് തെറ്റുകാരന്‍. അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തരുതായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരു ചെടിയില്‍ ഒതുക്കാവുന്ന ഓര്‍മകള്‍ അല്ലല്ലോ തങ്ങള്‍ക്കിടയില്‍ ഉള്ളത്. പടര്‍ന്നു പന്തലിച്ച ഒരു വള്ളിമുല്ലയുടെ പേരില്‍ തന്റെ പ്രിയ ചങ്ങാതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. ജാനുവും അമ്മുവും അയാള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു. രണ്ടു പേരും പരസ്പരം മുഖം തിരിച്ച് നടക്കുന്നത് അയാളുടെ മനസ്സിലെ തിരശീലയില്‍ തെളിഞ്ഞു. അതൊഴിവാക്കാന്‍ ആ മുല്ല അവിടെ നിന്നു പിഴുതു മാറ്റുകയെ തരമുള്ളൂ. ഇനിയൊരിക്കല്‍ അമ്മു ആ മുല്ലയെപ്പറ്റി ചോദിച്ചാല്‍..? എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപെടാം. കള്ളം പറയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. സാരമില്ല..അയാള്‍ തീരുമാനിച്ചുറച്ചു.

ആ മഴയില്‍ ആദ്യം ആയി ഒരു ഇടി മുഴങ്ങി. ശക്തമായ മിന്നലില്‍ പകല്‍ പോലെ അവിടമാകെ പ്രകാശിച്ചു. എന്തോ പൊട്ടി തകരുന്ന പോലുള്ള ആ വലിയ ശബ്ദം കേട്ട് അമ്മുക്കുട്ടി ഞെട്ടി ഉണര്‍ന്നു.

"ആകാശം പൊട്ടി വീണമ്മേ.." അമ്മുകുട്ടി ഞെട്ടി ഉണര്‍ന്നു നിലവിളിച്ചു.

"ഒന്നൂല്ല മോളേ പേടിക്കണ്ടാട്ടോ.. അച്ഛന്‍ ഇവിടില്ലേ.. "അയാള്‍ കുഞ്ഞു മകളുടെ തലയില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു. അയാളുടെ ആ വാക്കില്‍ മഴയുടെ തണുപ്പോ ഇടി മുഴക്കത്തിന്റെ ഭീകരതയോ അമ്മുക്കുട്ടി അറിഞ്ഞില്ല. അവര്‍ സുഖമായി ഉറങ്ങി.

"അച്ഛാ നമ്മുടെ മുല്ലച്ചെടി കരിഞ്ഞ പോലെ നിക്കുവാ.." അമ്മുക്കുട്ടിയുടെ ശബ്ദം കേട്ടാണ് അയാള്‍ മുറ്റത്തേക്കിറങ്ങിയത്. പിന്നാലെ ജാനകിയും. ശരിയാണ്, ഇന്നലത്തെ മിന്നലില്‍ കരിഞ്ഞു പോയതായിരിക്കും. താനായിട്ട് അതു പറിച്ചു മാറ്റേണ്ടി വന്നില്ലല്ലോ എന്നയാള്‍ ആശ്വസിച്ചു. എങ്കിലും ജാനകി ആണ് തനിക്ക് വലുത്, അതിനു മുന്നില്‍ താൻ കെട്ടിപ്പിടിച്ചു നടക്കുന്ന ഓര്‍മകളുടെ മാറാപ്പ് താഴെ വെച്ചേ പറ്റൂ, അത് എത്ര ദുഖത്തോടെ തന്നെ ആണെങ്കിലും. ചിന്തകള്‍ ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ അതിനെ തണുപ്പിച്ചു കൊണ്ട് ജാനകിയുടെ തണുത്ത കരസ്പര്‍ശം തന്‍റെ തോളില്‍ അയാള്‍ അറിഞ്ഞു.

"സാരമില്ലെന്നേ.. അതിന്റെ ചുവട് കരിഞ്ഞിട്ടില്ല അത് പടര്‍ന്നു കയറിക്കോളും. അതിനി പിഴുത് കളയുവൊന്നും വേണ്ട, അവിടെ നിന്നോട്ടെ. പിന്നെ നമുക്ക് ഒരു ചെമ്പകം കൂടി നടണം അമ്മു അന്നു പറഞ്ഞപോലെ.." അവള്‍ അയാളെ ആശ്വസിപ്പിച്ചു.

ജാനുവിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മുക്കുട്ടിയുടെ കൈ പിടിച്ച് ഉണ്ണികൃഷ്ണന്‍ വീടിനുള്ളിലേക്ക് നടന്നു. കരിഞ്ഞു നിന്ന മുല്ലയില്‍ അപ്പോഴും താഴെ വീഴാതെ നിന്നിരുന്ന ഒരു വാടിയ മുല്ലപ്പൂവ് സി.വി.ഉണ്ണികൃഷ്ണനെ നോക്കി പുഞ്ചിരിച്ചു.

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ


കുമാരി ടീച്ചര്‍ കടന്നുവന്നതും UKG A ക്ലാസ്സ് നിശബ്ദമായി. വാക്കു പറഞ്ഞിരുന്നത് പോലെ ടീച്ചര്‍ കഥ പറഞ്ഞു തുടങ്ങി.

"പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരു രാജകൊട്ടാരത്തില്‍ വലിയ പൂന്തോട്ടം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തില്‍ ഒത്തിരി പൂക്കള്‍ ഉണ്ടായിരുന്നു. പിച്ചി , ചെമ്പകം ,ചെമ്പരത്തി ,സൂര്യകാന്തി ,മുല്ല ,ജമന്തി  അങ്ങനെ അങ്ങനെ ഒത്തിരി പൂക്കള്‍. പൂച്ചെടികള്‍ക്ക് ഇടയില്‍ പൂന്തോട്ടത്തിനു നടുവില്‍ ഒരു വലിയ പൊയ്ക, കുളം, ഉണ്ടായിരുന്നു. നിറയെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞിരുന്ന ആ കുളത്തിന്‍റെ നടുക്ക് ഒരു ചെറിയ തുരുത്തില്‍ ഒരു പനിനീര്‍ ചെടി വളര്‍ന്നിരുന്നു.അതില്‍ ഒരിക്കലും വാടാത്ത ഒരു വെളുത്ത പനിനീര്‍പ്പൂവും "

"അതെന്താ ടീച്ചര്‍ പനീര്‍ച്ചെടി  ?"

"പനീര്‍ച്ചെടി അല്ല പനിനീര്‍ച്ചെടി..! റോസാച്ചെടിയെ ആണ് പനിനീര്‍ച്ചെടി എന്ന് വിളിക്കുന്നത്. രോസപ്പൂവിന് പനിനീര്‍ പൂവെന്നും പേരുണ്ട് മോളൂ...

വെളുത്ത നിറമുള്ള ഒരേ ഒരു പനിനീര്‍പ്പൂവുമായി ആ ചെടി പൊയ്കയുടെ നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തം ആയിരുന്നു. നിറയെ പൂക്കളും പൂമ്പാറ്റകളും വണ്ടുകളും പക്ഷികളും ഉണ്ടായിരുന്ന ആ പൂന്തോട്ടം സ്വര്‍ഗം പോലെ മനോഹരം ആയിരുന്നു. ആ പൂന്തോട്ടത്തിലെ ഒരു പൂമ്പാറ്റയും ആ പനിനീര്‍പ്പൂവും നല്ല ചങ്ങാതിമാര്‍ ആയിരുന്നു. എന്നും അവര്‍ പരസ്പരം കാണുമായിരുന്നു.  പൂന്തോട്ടത്തിനപ്പുറത്തുള്ള മഞ്ചാടി കുന്നിലെ വിശേഷങ്ങളും . വള്ളിപ്പുഴയിലെ മീനുകളുടെ കഥകളും പൂമ്പാറ്റ ആ പൂവിനു പറഞ്ഞു കൊടുക്കുമായിരുന്നു. സഞ്ചരിക്കാന്‍ കഴിവില്ലാത്ത പൂവിന് അതൊക്കെ കേള്‍ക്കുന്നത് വലിയ സന്തോഷം ആയിരുന്നു. കൂട്ടു കൂടിയും കഥകള്‍ പറഞ്ഞും അവര്‍ വലിയ ചങ്ങാതിമാരായി തുടര്‍ന്നു.

അങ്ങിനെ ഇരിക്കെ ആ നാട്ടിലെ രാജ്ഞിക്ക് കലശലായ ഒരു അസുഖം പിടി പെട്ടു. പേരുകേട്ട ഒരുപാട് വൈദ്യന്‍മാര്‍ ചികിത്സിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല. രാജാവ് ആകെ സങ്കടത്തില്‍ ആയി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. നാട്ടിലെങ്ങും പട്ടിണിയും ദുരിതവും അയി. പ്രജകളും രാജാവിനെപ്പോലെ തന്നെ സങ്കടത്തില്‍ ആയി.

ഒരു ദിവസം രാജ്യത്തെ പുരോഹിതശ്രേഷ്ഠന്‍ ഒരു സ്വപ്നം കണ്ടു. ദൈവം കാട്ടികൊടുത്ത സ്വപ്നം എന്നാണ് അയാള്‍ അതിനെപ്പറ്റി പറഞ്ഞത്. 
കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ പോയ്കയുടെ നടുക്ക് നില്‍ക്കുന്ന പനിനീര്‍ചെടിയിലെ അവസാനത്തെ വെളുത്ത പൂവ് ഉപയോഗിച്ച് രാജ്ഞിക്ക് മരുന്ന് ഉണ്ടാക്കി നല്‍കിയാല്‍ അവരുടെ രോഗം മാറും. 
അതായിരുന്നു ആ വിചിത്ര സ്വപ്നം.

രാജ്ഞിയുടെ രോഗത്തിനുള്ള വിശേഷപ്പെട്ട മരുന്ന് ഉണ്ടാക്കാന്‍ പോകുന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. അറിഞ്ഞവര്‍ അറിയാത്തവരോടും കേട്ടവര്‍ കേള്‍ക്കാത്തവരോടും പറഞ്ഞ് പറഞ്ഞ് ആ കാര്യം നാട്ടില്‍ പാട്ടായി. അധികം താമസിയാതെ പനിനീര്‍പൂവിന്‍റെ കാതിലും ആ വാര്‍ത്ത എത്തി . പൂവ് ആകെ സങ്കടത്തില്‍ ആയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ അത് പ്രിയപ്പെട്ട കൂട്ടുകാരന്‍ വരുന്നതും കാത്തിരുന്നു.

രാവിലെ തന്നെ മയിലാടുംപാറയിലെ വിശേഷങ്ങള്‍ പറയാന്‍ പൂമ്പാറ്റ സന്തോഷത്തോടെ പറന്നു വന്നു. തനിക്കു സംഭവിക്കാന്‍ പോകുന്ന അപകടത്തെപ്പറ്റി പനിനീര്‍പ്പൂവ് പൂമ്പാറ്റയോട് പറഞ്ഞു. പൂമ്പാറ്റക്ക് സങ്കടം ആയി. രണ്ടു പേരും ഒത്തിരി നേരം ആലോചിച്ചിട്ടും രക്ഷപെടാന്‍ ഉള്ള ഒരു വഴിയും തോന്നിയില്ല. ഒരു ചെറിയ പൂമ്പാറ്റക്ക് എന്ത് ചെയ്യാന്‍ കഴിയും! തന്റെ ചങ്ങാതി ഇല്ലാതാകാന്‍ പോകുകയാണെന്ന് ഓര്‍ത്തപ്പോള്‍ പൂമ്പാറ്റക്ക് കരച്ചില്‍ വന്നു. പഴയ കാര്യങ്ങള്‍ ഓരോന്ന് ഓര്‍ത്തും, പരസ്പരം പറഞ്ഞും അവര്‍ നെടുവീര്‍പ്പിട്ടു. സമയം കടന്നു പോയി. സൂര്യന്‍ അസ്തമിച്ചു ഇരുട്ട് പരന്നു തുടങ്ങി. കിളികളും പ്രാണികളും കൂടണഞ്ഞിട്ടും പൂമ്പാറ്റ അവിടെ തന്നെ ഇരുന്നു. ഈ ഒരു രാത്രി കൂടിയല്ലേ അതിന് സ്വന്തം സുഹൃത്തിന്റെ കൂടെ ഇരിക്കാന്‍ അവസരം ഉള്ളു.

അതിരാവിലെ പൂന്തോട്ടത്തില്‍ പതിവില്ലാത്ത ശബ്ദകോലാഹലം കേട്ടാണ് പൂവ് ഉണര്‍ന്നത്. രാജാവ് മന്തിമാരോടും ഭടന്മാരോടും കൂടി പൂന്ത്ട്ടത്തില്‍ വന്നതിന്റെ ആരവം ആയിരുന്നു അത്. പൂവ് ഭയന്ന് വിറക്കാന്‍ തുടങ്ങി. അതിന്റെ ജീവിതം അവസാനിക്കാറായി, ഏതു നിമിഷവും തന്നെ അവര്‍ ചെടിയില്‍ നിന്ന് വേര്പെടുത്തുമെന്നും, തന്റെ ജീവന്‍ നഷ്ടപെടും എന്നും അത് മനസ്സിലാക്കി. പക്ഷേ ഒന്നും സംഭവിച്ചില്ല, ആരും പോയ്കയുടെ നടുവിലേക്ക് വന്നില്ല. എന്തൊക്കെയോ പിറുപിറുത്തും ദൈവത്തെ വിളിച്ചും നിരാശനായി രാജാവ് മടങ്ങി പോയി. 

പനിനീര്‍ പൂവിന് ഒന്നും മനസ്സിലായില്ല. എന്താണ് തന്നെ പറിച്ചെടുക്കാത്തത് എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് പൊയ്കയിലെ കണ്ണാടി പോലുള്ള തെളിവെള്ളത്തില്‍ സ്വന്തം പ്രതിബിംബം ആ പൂവ് കണ്ടത്. അത് ശരിക്കും അദ്ഭുതം നിറഞ്ഞ ഒരു കാഴ്ച്ച തന്നെ ആയിരുന്നു. ഇന്നലെ വരെ വെളുത്തിരുന്ന ആ പനിനീര്‍പൂവിന്റെ നിറം മാറിയിരിക്കുന്നു.കടും ചുവപ്പ് നിറത്തിലുള്ള തന്റെ പ്രതിബിംബം കണ്ടിട്ട് അത് താന്‍ തന്നെയാണോ എന്ന് ആ പൂവ് ശങ്കിച്ചു നിന്നു. 

പൂവിന് സന്തോഷം അടക്കാന്‍ ആയില്ല. വലിയൊരു അപകടം അല്ലേ അകന്നു പോയത്. തന്റെ കൂട്ടുകാരന്‍ താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോള്‍ ഒരുപാട് സന്തോഷിക്കും. പനിനീര്‍പ്പൂവ് പൂമ്പാറ്റയെ കാത്തിരുന്നിട്ടും അവന്‍ വന്നില്ല. നേരം കുറേ ആയപ്പോള്‍  പതിവ് പോലെ ഉച്ചക്കാറ്റ് വന്നു.  അത് പനിനീര്‍ച്ചെടിയെ ഒരു വശത്തേക്ക് ചെരിച്ചതും പനിനീര്‍പ്പൂവ് ആ കാഴ്ച്ച കണ്ടു തരിച്ചു നിന്നു. പനിനീര്‍ ചെടിയുടെ ചുവട്ടില്‍ വീണ് കിടക്കുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ചങ്ങാതിയുടെ ജീവനു വേണ്ടി സ്വന്തം രക്തം ഊറ്റി നല്‍കി മരിച്ചു വീണു ആ ചിത്രശലഭം.സ്വന്തം രക്തം കൊണ്ട് അവന്‍ തന്നെ ചുമപ്പിച്ചിരിക്കുന്നു. ദുഃഖം സഹിക്കാന്‍ കഴിയാതെ പനിനീര്‍പ്പൂവ് പൊടിക്കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ആ പൂവും ഞെട്ടറ്റു വീണു.

പിന്നീട് ആ ചെടിയില്‍ വിരിഞ്ഞിരുന്ന പൂക്കള്‍ എല്ലാം ചുവപ്പ് പൂക്കള്‍ ആയിരുന്നു.  ചുവന്ന റോസാപ്പൂക്കള്‍ ഉണ്ടായത് അങ്ങിനെയാണെന്നാണ് വിശ്വാസം. ആ പൂവിന്‍റെ പിന്തുടര്‍ച്ചക്കാര്‍ ആണത്രേ ഇപ്പോള്‍ ഉള്ള ചുവന്ന പനിനീര്‍ പൂക്കള്‍ " ടീച്ചര്‍ കഥ പറഞ്ഞു നിര്‍ത്തി.

കുട്ടികള്‍ ചിമ്മാതെ ടീച്ചറെ തന്നെ നോക്കിയിരുന്നു. പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ഞങ്ങള്‍ ഇനി പൂക്കള്‍ പറിക്കില്ല ടീച്ചര്‍"അവര്‍ ഒരുമിച്ചു പറഞ്ഞു.

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ശ്രീ പാര്‍വതിയുടെ പാദം


കാര്‍മേഘം  ചിന്തകളെ മൂടുന്ന ദിവസങ്ങളില്‍ അവന്‍ ആ കല്‍പ്പടവുകളില്‍  ചെന്നിരിക്കാറുണ്ട്..
ശ്രീ പാര്‍വതിയുടെ ക്ഷേത്രക്കുളത്തിന്റെ പടവുകളില്‍ നിന്നും പായലിന്റെ മണമുള്ള വെള്ളത്തിലേക്ക് ചാടി ഊളിയിടുന്ന മാക്രികള്‍.
ഒരു മാന്ത്രികനെ പോലെ ജലപ്പരപ്പിലൂടെ നടക്കുന്ന ചെറു പ്രാണികള്‍.
കാലൊന്നു വെള്ളത്തിലേക്ക് ഇറക്കുമ്പോള്‍ പാദത്തില്‍ മുട്ടി ഉരുമ്മി തെന്നി നീങ്ങുന്ന ചെറു മീനുകള്‍..
എല്ലാം വിഭ്രാന്തിയിലാണ്ട് പോയ മനസ്സിന്‍റെ കല്‍പ്പനകള്‍. 
നാഗരികതയുടെ യന്ത്ര സമാനമായ ജീവിതത്തില്‍ എവിടെയാണ് പച്ചപ്പ്‌? 
എവിടെയാണ് കുളങ്ങള്‍ കല്‍പ്പടവുകള്‍?
എല്ലാം ഭാവനയുടെ കാന്‍വാസില്‍ കോറിയിട്ട ചിത്രങ്ങള്‍.
ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ആമ്പല്‍കുളത്തിന്‍റെ തെക്കേ ഓരത്ത്‌ ആരാലും ശ്രദ്ധിക്കാതെ ഒരു കാട്ടുപൂവ് നില്‍ക്കുന്നത് കണ്ടു.
ആമ്പലിന്‍റെ വാസന ഇല്ലായിരുന്നു അതിനു !
താമരയുടെ ഭംഗിയും !
എങ്കിലും മനോഹരമായിരുന്നു..!
ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയെങ്കിലും ആ പടവുകളില്‍ തന്നെ അവന്‍ ഇരുന്നു.
ശ്രീ പാര്‍വതിയുടെ പാദം* പോലെ ലാളിത്യം നിറഞ്ഞ, ഹൃദയഹാരിയായ ആ പൂവ് അവനെ നോക്കി വാടാതെഇതളുകള്‍ പൊഴിക്കാതെ, കൊഴിഞ്ഞു വീഴാതെ അവനൊപ്പം യുഗാന്തരങ്ങള്‍ കഴിച്ചു..
അവരുടെ ദൃഷ്ടികൾ പരസ്പരം കൂട്ടി മുട്ടുന്ന രണ്ടു നേര്‍ രേഖകളില്‍ ആയിരുന്നു.
അവന്‍റെ നോട്ടത്തില്‍ അതിന്‍റെ ഇതളുകള്‍ തുടുത്തു..
അവന്‍ പുഞ്ചിരിയില്‍,  ഇളം കാറ്റിന്‍റെ ഈണത്തിനൊപ്പം ആ കൊച്ചു പൂവ് നൃത്തം വെച്ചു.
ഈ കല്‍പ്പടവുകള്‍ക്ക് മുന്‍പ്‌ ,കൊടും കാടുകള്‍ക്കും മരുഭൂമികള്‍ക്കും അറ്റമില്ലാത്ത നീല ജലാശയത്തിനും മുന്‍പ്, കത്തി എരിയുകയായിരുന്ന ഈ ഭൂഗോളം പിറക്കുന്നതിനും വളരെ വളരെ പണ്ട്..
ഈ പൂവ് അവനെ കാത്തിരിക്കുകയായിരുന്നു എന്നവന്‍ അറിഞ്ഞു..
വ്യര്‍ത്ഥതയുടെ ലോകത്ത് അസ്ഥിരമായവ തേടി നടന്നപ്പോള്‍ ഈ പൂവ് ഇവിടെ കാത്തിരുന്നത് അവന്‍ അറിഞ്ഞിരുന്നില്ല..
അവന്‍ ഈണത്തില്‍ പാടിയ പാട്ടുകള്‍, വൃത്തമൊപ്പിക്കാതെ കുത്തിക്കുറിച്ച കവിതകള്‍ - തന്നേക്കുറിച്ചെന്ന് ആ കുഞ്ഞു പൂവ് ഓര്‍ത്തിരുന്നു..
പായല്‍ പിടിച്ച ചെങ്കല്‍ കെട്ടുകള്‍ക്കു മുകളിലൂടെ അവന്‍ നടന്നു.
ആ കൊച്ചു പൂവിനടുത്തെത്തി.
ഒരു നിമിഷര്‍ത്ഥത്തില്‍ അവന്‍ ഒരു പുഷ്പമായി..!
ശ്രീ പാര്‍വതിയുടെ ഇരു പാദങ്ങള്‍ ആയി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും അകറ്റാന്‍ കഴിയാത്ത ഒരു ലോകത്തില്‍ അനന്തകാലം അവര്‍ സസന്തോഷം വാണു.




*തുമ്പ പൂവിനെ 'ശ്രീ പാര്‍വതിയുടെ പാദം' എന്നു പറഞ്ഞു കേട്ടിട്ടുണ്ട്

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ശിശു

നീ നറും പൈമ്പാല്‍-
             ചൊരിയും നിലാവല
വാനിന്നഗാധത,
ഭൂവിന്‍ വിശാലത,
പൂവിന്‍റെ സൗരഭ്യമേറും കുളിരല.
നീയീ ചെറുവീടിരുട്ടിലും-
             കാക്കുന്ന ദീപം,
പ്രതീക്ഷയുണര്‍ത്തും വിശുദ്ധത.
തായമാര്‍ക്കുള്‍ക്കുളിര്‍,
ജന്മ നാടിന്‍ ഭാഗ്യം.
നീയീ പ്രകൃതിയും ശക്തിയും-
ചേര്‍ന്നുളവായ ജഗത്തിന്‍റെ-
സൗന്ദര്യ സാരസ്വം.
ജീവിതത്തിന്‍ സുവര്‍ണ്ണ കാലം
അതിലുണ്മതന്നുണ്മ
പരമാണു നീ- ശിശു

അംബിക എ കെ
20-09-1995

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഓണം ഒരു ഓര്‍മ


മഞ്ഞച്ചേമന്തി സ്വര്‍ണമുക്കുറ്റി വെള്ളമന്താരം തുമ്പപ്പൂ 
തൃത്താപ്പൂവും അരിപ്പൂവും പിന്നെ ചെങ്കദളിപ്പൂ ചെത്തിപ്പൂ.
പേരറിയാത്തൊരായിരം പൂക്കള്‍ വേറെയുണ്ട് തൊടികളില്‍, 
കൂടകളില്‍ നിറയ്ക്കുവാനായി കുട്ടികളൊത്തു കൂടുമ്പോള്‍.

ചേലില്‍ച്ചെത്തി മെഴുകിയ നടുമുറ്റത്തെ പൂക്കളങ്ങളില്‍
പൂക്കളോരോന്നും വൃത്തമൊപ്പിച്ചു ചേര്‍ക്കുന്നു മണിമങ്കമാര്‍.
ചാരെയാടി തിമിര്‍ക്കുമാരോമല്‍ പൈതങ്ങള്‍ കൂട്ടരൊന്നിച്ച്-  
കൂടുന്നു കളിയാടുവാന്‍, തുമ്പി തുള്ളുവാന്‍, മലര്‍മുറ്റത്ത്.

കര്‍ക്കിടക കരിങ്കോളു മാറി , പൊന്‍വെയില്‍ ചൊരിഞ്ഞാദിത്യന്‍
നേരുന്നു നന്മ മാലോകര്‍ക്കെല്ലാം ഓണത്തെ കാത്തിരിക്കുമ്പോള്‍.
ഓരോ മുറ്റത്തുമുണ്ടൊരു ചെറു വാഴയെങ്കിലും സ്വന്തമായ്
ഓണസദ്യയൊരുക്കുവാന്‍ പല കായ്കനികള്‍ തൊടികളില്‍.

പാകമായവ പങ്കു വയ്ക്കുന്നു പാവങ്ങള്‍ക്കയല്‍ വീട്ടുകാര്‍
പാട്ട് പാടലും പന്തടിക്കലും ഒത്തുകൂടലിന്‍ മേളങ്ങള്‍.

ഓണമെത്തുമ്പോളോര്‍മയില്‍ ഒന്നും മായാതെ തെളിഞ്ഞെത്തുന്നു
പോയ നാളിലെ ഓണനാളുകള്‍, നാട് നീങ്ങിയ നന്മകള്‍ !   
                       * * * * *
ഇന്നു നാം കാണുമോണനാളുകള്‍ , കാപട്യത്തിന്‍ വിപണികള്‍
കത്തിക്കേറും വിലക്കയറ്റത്തില്‍ മുങ്ങി നില്‍ക്കുന്ന മേളകള്‍.

ഓണസദ്യ ഒരുക്കണമെങ്കില്‍ മാബലിനാട്ടില്‍ ഇല്ലൊന്നും
നെല്‍വയലുകള്‍ അന്യമായ് , മനോരമ്യമാം പൂമരങ്ങളും.
ഓണത്തെ വരവേല്‍ക്കുവാന്‍ ഒരു പൂക്കളമൊരുക്കീടുവാന്‍
പാണ്ടി നാട്ടില്‍ നിന്നെത്തണം പോലും പൂവുകള്‍, വിഷപ്പൂവുകള്‍!
പൂത്തുമ്പിയില്ല പൂമണമില്ല പങ്കുവയ്ക്കും മനസ്സില്ല
എന്നിനി നമ്മള്‍ വീണ്ടെടുക്കുമാ പൈതൃകത്തിന്റെ നന്മയെ ?

എ കെ അംബിക
25-08-2015

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പുണ്യം




ജീപ്പിലേക്ക് കയറാന്‍ നേരം മുതലാളി ഒരിക്കല്‍ കൂടി ഫോണ്‍ എടുത്ത് വിളിച്ചു. മഞ്ഞു പുതച്ചു കിടക്കുന്ന താഴ്‌വാരത്തേക്ക് നോക്കി മറുതലക്കല്‍ നിന്നുമുള്ള മറുപടിക്കായി അക്ഷമനായി കാത്തു നിന്നു.

"മൊതലാളീ...കുരിശ് പള്ളീടെ അവിടെത്തി.ഞാന്‍ ഇപ്പൊ എത്തും." കിതച്ച് കിതച്ച് ശ്വാസം കിട്ടാതെ വരുമ്പോഴും അയാള്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒരഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ആ വയോധികന്‍ മുതലാളിയുടെ ബംഗ്ലാവിനു മുന്നില്‍ എത്തി.

താമസിച്ചതിലുള്ള നീരസം കാണിക്കാതിരിക്കാന്‍ മുതലാളി ശ്രമിച്ചില്ല. എന്തിനു മറച്ചു വെക്കണം. ആഴ്ച്ച തോറും പണം എണ്ണി വാങ്ങുമ്പോള്‍ ഈ കിതപ്പും പരവേശവും ഒന്നുമില്ലല്ലോ. ഒക്കെ ഇവറ്റകളുടെ അഭിനയം അല്ലെ. പണി എട്ക്കാണ്ട് തിന്നാന്‍ ഉള്ള അടവുകള്‍. അതും പോരാഞ്ഞ് കഞ്ഞീടെ വെള്ളം കൊടുതവര്‍ക്കിട്ടു തന്നെ കൈ പോക്കുന്ന വര്‍ഗം.

"ഞാന്‍ നാട്ടില്‍ പോകുവാണ്, നീ ഇന്ന് ഇവിടെ ഉണ്ടാവണം.. രാത്രി ഇഞ്ചിക്ക് കാവലിരിക്കാന്‍ വര്‍ഗീസ്‌ ഉണ്ടാവില്ല, അവനെന്‍റെ കൂടെ വരുവാ.."

മുതലാളിയുടെ ഇടവക പെരുന്നാളാണ് . വര്‍ഷങ്ങള്‍ ആയി ഹൈറേഞ്ചില്‍ ആണെങ്കിലും, ഒരിക്കല്‍ പോലും പെരുന്നാള് മുടക്കാറില്ല മുതലാളി.ഇത്തവണത്തെ പെരുന്നാള് മുതലാളിയുടെ വകയാണ്. രാത്രി നാട് ചുറ്റി ഉള്ള റാസായ്ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കാന്‍ ഉള്ളതാണ്. താന്‍ നേര്‍ച്ചയായി കൊടുത്ത പൊന്നും കുരിശ് നാലാള് കാണുന്ന ദിവസവും. പള പള മിന്നണ സില്‍ക്ക് ജുബ്ബയും ഇട്ട്‌ റാസായുടെ മുന്നിലുള്ള ആ നടവും, ആളുകള്‍ താന്‍ കൊടുത്ത പൊന്നും കുരിശിനെ പ്പറ്റിയും, തന്റെ ദൈവ ഭയതെപ്പറ്റിയും മതി വരാതെ സംസാരിക്കുന്നതും മുതലാളി ആലോചിച്ചു നിന്നു.

"മൊതലാളീ എനിക്ക് തീരെ വയ്യ, പകല് അഞ്ചാറ് തവണ ശര്‍ദിച്ചു, വല്ലാതെ കുളിരും പനിയും ഉണ്ട്.മൊതലാളി അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞകൊണ്ട് വന്നതാ. ഇന്നൊരു ദിവസം കൂടി വര്‍ഗീസിനെ നിര്‍ത്തരുതോ ?"

"ആരെ നിര്‍ത്തണം നിര്‍ത്തണ്ട എന്ന് ഞാന്‍ തീരുമാനിക്കും. നീ ഇന്ന് ഇവിടെ നിക്കും എന്റെ ഇഞ്ചിക്ക് കാവലായിട്ട് " അതൊരു താക്കീത് ആയിരുന്നു.

ദൂരെ താഴ്വാരത്തുകൂടി ജീപ്പ് നേര്‍ത്ത ശബ്ദത്തോടെ അകലെ മറയുന്നതും നോക്കി അയാള്‍ അവിടെ തന്നെ നിന്നു. പിന്നീടെപ്പോഴോ അയാള്‍ തന്റെ വിധിയെ പഴിച്ചുകൊണ്ട് ഇഞ്ചി തോട്ടത്തിലേക്ക് നടന്നു. ഭയം ആയിരുന്നു തിരിച്ചെന്തെങ്കിലും പറയാന്‍. അല്ലെങ്കില്‍ തന്നെ മുതലാളിക്ക് തന്നോട് ദേഷ്യമാണ്.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആയിരുന്നു അതിനു കാരണം. മുതലാളിയുടെ അപ്പന്‍ ആനക്കൊമ്പ് കടത്തിയത് ഫോറസ്റ്റുകാര്‍ അറിയുകയും, അയാളെ അറസ്റ്റ് ചെയ്ത് തോണ്ടി മുതല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാശ് , അല്ല കൈക്കൂലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അന്നത്തെ ഫോറസ്റ്റോഫീസര്‍ വഴങ്ങിയില്ല. 4 ദിവസം ലോക്കപ്പില്‍ കിടത്തി. അതുവരെ സ്വയം നല്ലവനായി നിന്ന ആളുടെ തനി നിറം പുറത്തുവന്നതുകൊണ്ടുള്ള നാണക്കേട്‌ കൊണ്ടോ, അയാള്‍ ജീവനൊടുക്കി. പിന്നീടുള്ള ദിവസങ്ങളില്‍ ആ ഒറ്റിന്റെ ഭാരം തന്നിലേക്ക് വരുകയായിരുന്നു. തനിക്കതില്‍ യാതൊരു പങ്കുമില്ലെന്ന്‍ പറഞ്ഞെങ്കിലും മുതലാളി കൂട്ടാക്കിയില്ല. ചിലപ്പോള്‍ സ്വയം ചെയ്ത കാര്യം തന്നില്‍ അടിച്ചേല്‍പ്പിച്ചതും ആകാം.
ആര്‍ക്കറിയാം!! അപ്പനും  മകനും അത്ര രമ്യതയില്‍ ആയിരുന്നില്ലല്ലോ.
 

കൊടും തണുപ്പത്ത് കമ്പിളി പുതച്ച് അയാള്‍ ഇഞ്ചി തോട്ടത്തിന് നടുവിലെ ചായ്പ്പില്‍ കണ്ണു തറന്നിരുന്നു. ശ്വാസം മുട്ടുന്നത് പോലെ. ഇതു വരെ തോന്നാത്ത ഒരു ഭയം അയാളെ വട്ടം ചുറ്റി. ഓരോ ഇലയനക്കങ്ങളിലും അയാള്‍ ഞെട്ടി. ഒരു പക്ഷേ തന്റെ കാലം കഴിയാറായി കാണുമോ? കഴിഞ്ഞാല്‍ തന്നെയെന്ത്, തന്നെ നോക്കിയിരിക്കാന്‍ ഈ ലോകത്ത് ആരുമില്ല. വിറകു കൂട്ടി കത്തിച്ച തീയുടെ അടുത്തേക്ക് അയാള്‍ നീങ്ങി ഇരുന്നു. ശ്വാസം മുട്ട് കൂടി വന്നു. നെഞ്ചിന് അല്‍പ്പം ചൂട് കിട്ടാന്‍ അയാള്‍ കമ്പിളി  മുകളിലേക്ക് വലിച്ചിട്ടു. അയാള്‍ സ്വയമറിയാതെ മയങ്ങിപ്പോയി. രാത്രി പുലര്‍ച്ചയ്ക്ക് വഴി മാറിയ ഏതോ നിമിഷത്തില്‍ അണഞ്ഞ തീയോടൊപ്പം അയാളുടെ കണ്ണുകള്‍ ഇനി ഒരിക്കലും തുറക്കാത്ത വിധം അടഞ്ഞു.

നേരം പുലര്‍ന്നു, ഇഞ്ചി തോട്ടത്തിലെ ചെയ്പ്പിലെത്തിയ മുതലാളി കണ്ടത് തന്റെ ഇഞ്ചിക്ക് കാവല്‍ നില്ക്കാന്‍ തലേ രാത്രി ചുമതലപ്പെടുത്തിയവന്റെ തണുത്ത് മരവിച്ച ശവം ആയിരുന്നു. മൂക്കിനു മുകളിലായി കണ്ണിനു മുന്നില്‍ ഉന്തി വെച്ച സ്വര്‍ണ്ണക്കാലുള്ള കട്ടിക്കണ്ണാടിക്കിടയിലൂടെ ആ കഴ്ച അയാള്‍ കാണുമ്പോള്‍, അയാളുടെ തലയ്ക്കു ചുറ്റും പള്ളിക്കുവേണ്ടി  ചെയ്ത പുണ്യങ്ങളുടെ പ്രകാശം സ്ഫുരിക്കുന്നുണ്ടായിരുന്നില്ല. സ്വര്‍ഗ രാജ്യത്തിന്റെ വാതില്‍ അയാള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു.

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അവസ്ഥാന്തരം




"നീയിപ്പോ എന്തെടുക്കുവാ..? പഠിത്തം ഒക്കെ കഴിഞ്ഞില്ലേ "
"ഞാന്‍ ഇവിടെ അടുത്ത് ഒരു IT കമ്പനിയിലാ"
"അത് ശരി.... ഏത് കമ്പനിയാ? എന്റെ മോള്‍ടെ ചെക്കനും അങ്ങനെ ഏതാണ്ട് ഒരു കമ്പനീലാ"
"ഇത് ഇവിടെ അടുത്തുള്ള ഒരു ചെറിയ കമ്പനിയാ"
"എവിടെ ഇവടെയോ!!! ഇവടെ കമ്പനി ഒക്കെ ഉണ്ടോ!!? അപ്പൊ വല്യ കിട്ടപ്പോരോന്നും ഉണ്ടാവില്ലല്ലേ.. എന്റെ പെണ്ണിന്റെ ചെക്കന്‍ ടെക്നോ പാര്‍ക്കിലാ. ടീസസ് എന്നോ മറ്റോ ആണ് കമ്പനീടെ പേര്.മാസം പത്ത് നാപ്പത് രൂപ യൊക്കെ കിട്ടും"
"ടീസസ് അയിരിക്കില്ല ചേട്ടാ TCS ആകും, എനിക്കിറങ്ങാന്‍ നേരായി ഞാന്‍ അച്ഛന്റെ കയ്യില്‍ കൊടുക്കാം"
ഫോണ്‍ അച്ഛന്റെ കയ്യില്‍ കൊടുക്കൊമ്പോള്‍ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. പല തവണ അച്ഛനോട് പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ കല്യാണം വിളിക്കാനും ജോലി കിട്ടിയത് പറയാനും ഒക്കെ വിളിക്കുന്നവരുടെ ഫോണ്‍ എനിക്ക് തരരുത് എന്ന്. മടുത്തു, കുത്തി കുത്തി ഉള്ള സംസാരം കേട്ട്.
എഞ്ചിനിയറിംഗ് പഠിക്കാന്‍ തുടങ്ങിയപ്പോ മുതൽ കേട്ട് തുടങ്ങിയതാ.കോളേജില്‍ കമ്പനി ഒന്നും വരുന്നില്ലേ,ജോലി ആയില്ലേ എന്നൊക്കെ. അവസാന വര്ഷം ആയപ്പോളേക്കും വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ ചോദിക്കാനും തുടങ്ങി.പോരാത്തതിന് വല്യമ്മേടെ മോള്‍ക്ക് ഇന്‍ഫോസിസില്‍ ജോലി കിട്ടി, ചിറ്റേടെ ചെറുക്കന്‍ ബംഗ്ലൂരില്‍ ഏതോ ഒരു ബഡാ കമ്പനിയില്‍ കയറി എന്നൊക്കെ പറഞ്ഞ് കുത്തി നോവിക്കാനും ഓരോരുത്തർ ഇറങ്ങും.
ഇതൊക്കെ കേട്ട് മടുത്തിരിക്കുമ്പോള്‍ ആണ് പാലാരിവട്ടത്തുള്ള ഒരു കമ്പനിയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ബുധനാഴ്ച ഒരു ഇന്റര്‍വ്യൂ ഉണ്ടത്രേ. ഓഫറുകളുടെ ഒരു പ്രളയം തന്നെ ആയിരുന്നു അത്. 25000 രൂപ കൊടുത്ത് ഒരു കോഴ്സ് ചെയ്‌താല്‍ ആ കമ്പനിയില്‍ തന്നെ ജോലി നല്ല ശമ്പളം. വേറെ ഒരു വഴിയുമില്ലാത്തത് കാരണം ഇന്ന് ആ കമ്പനിയുടെ എന്റെ നഗരത്തില്‍ ഉള്ള ഒരു തട്ടിക്കൂട്ട് ബ്രാഞ്ചില്‍ ഒരേ ഒരു ജോലിക്കാരന്‍ ആയി രാവിലെ 8 മുതല്‍ രാത്രി 7 വരെ ജോലി ചെയ്യുന്നു. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കല്‍ ഒന്നുമല്ല, എഞ്ചിനിയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിഗ്രീ കുട്ടികള്‍ക്ക് പ്രോജക്റ്റ് ചെയ്യാന്‍ സഹായിക്കുക,അതാണ്‌ ജോലി. എന്ത് സഹായം!!എല്ലാ കാര്യവും നമ്മള്‍ ഒറ്റക്ക് ചെയ്യണം.അവര്‍ വന്നാല്‍ തന്നെ കലപില കൂടാതെ ഇരിക്കുന്ന ഒരു നിമിഷം പോലുമുണ്ടാകില്ല.പിന്നെ ദേഷ്യപ്പെടരുത് വഴക്ക് പറയരുത് എന്നൊക്കെ മുകളില്‍ നിന്നുള്ള ഉത്തരവും. ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ച് ഞായറാഴ്ച പോലും അവധി ഇല്ലാതെ വെറും 2500 രൂപക്ക് ജോലി ചെയ്യുന്ന എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി.

ഇത്രയൊക്കെ ചിന്തിച്ച് തല പെരുപ്പിച്ചാണ് അന്നു ജോലിക്കായി ഇറങ്ങിയത്. ടൗണിലെ അത്രക്കൊന്നും പ്രശസ്തമല്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഇന്സ്ടിട്യൂട്ടിന്റെ ഒരു വലിയ മുറി വാടകക്ക് എടുത്തായിരുന്നു ഞങ്ങളുടെ കമ്പനി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോളേജുള്ള ദിവസം ആയത്കൊണ്ട് കുട്ടികള്‍ വൈകിട്ടേ വരൂ അത് വരെ സമയം ഉണ്ട് ഒരു പ്രോജക്റ്റിന്റെ കുറച്ച ഭാഗം പൂര്‍ത്തിയാക്കാന്‍ ഉണ്ട്. ഉച്ച ആകുംപോഴേക്കും അത് തീര്‍ക്കാം. ബാകി ഉള്ള സമയം എന്ത് ചെയ്യാന്‍, ലാപ്ടോപിന്റെ ബാറ്ററി കേടാണ്,അത് വാങ്ങാന്‍ അടുത്തുള്ള കടയില്‍ ഒന്നു പോകാം,അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട് അവനുമായി കത്തി വെച്ചു കുറച്ച സമയം കൊല്ലാം.പിന്നെ ഒരു പുസ്തകം കൊണ്ട് വന്നിട്ടുണ്ട് അത് വായിക്കാം, വൈകിട്ട് ഒരു കാലിച്ചായ കുടിക്കാം.അപ്പോള്‍ ആണ് ഓര്‍ത്തത് ആകെ 2000 രൂപയെ കൈയ്യില്‍ ഉള്ളു അതും 2 ആയിരത്തിന്റെ നോട്ടുകള്‍. ചില്ലറ ഇല്ലാതെ കടയിൽ കയറിയാൽ അവരുടെ ദുർമുഖം കാണേണ്ടി വരും.തല്‍ക്കാലം ചായകുടി വേണ്ട എന്നു വെച്ചു.
ഇങ്ങനെ ആലോചനകളുമായി ഇരിക്കുമ്പോള്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ച ചില്ലിന്റെ മറവിലൂടെ ഒരു സ്ത്രീ രൂപം വാതിലിനടുത്ത് കണ്ടത്. അകത്തുള്ള ആരെയോ അവര്‍ നോക്കുകയായിരുന്നു, കറുത്ത സ്ക്രീനിന്‍റെ പിന്നില്‍ ഇരിക്കുന്ന എന്നെ അവര്‍ക്ക് കാണാന്‍ ആകുമായിരുന്നില്ല. പ്രോജക്റ്റ് എന്‍ക്വയറിക്ക് വന്ന ആരെങ്കിലും ആകും എന്ന് കരുതി ഞാന്‍ വേഗം അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിനി അല്ല എന്ന് ആ മുഖം കണ്ടപാടെ ഞാന്‍ തീര്‍ച്ചയാക്കി. ആകെ വിയര്‍ത്തിരുന്ന അവരുടെ ഒക്കത്ത് 6 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഒരാണ്‍കുട്ടി ഉണ്ടായിരുന്നു. വെയിലിന്‍റെ കാഠിന്യം കൊണ്ടായിരിക്കണം അവന്‍ അവരുടെ തോളത്ത് തല ചായ്ച്ച് തളര്‍ന്ന് മയങ്ങുകയായിരുന്നു.എങ്കിലും അവന്‍ കിതക്കുന്നുണ്ടായിരുന്നു. അവരുടെ കഴുത്തില്‍ പിഞ്ചി തുടങ്ങിയ കറുത്ത ചരടില്‍ വേളാങ്കണ്ണി മാതാവിന്റെ ഒരു പ്ലാസ്റ്റിക്ക് ലോക്കറ്റുണ്ടായിരുന്നു. ഒരു പ്രോജക്റ്റ് എന്ക്വയറിക്ക് വന്നതല്ല എന്ന് തീർച്ച,ഇനി ഇവിടെ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ അമ്മ ആയിരിക്കുമോ..?
 "മോന് സുഖമില്ല...പൈസ തികയുന്നില്ല എന്തെങ്കിലും ഒന്ന്..."മുഖവുര ഇല്ലാതെ അവര്‍ പറഞ്ഞു തുടങ്ങിയെങ്കിലും മുഴുവിപ്പിക്കാതെ നിന്നു.
ഞാന്‍ അവരോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇരിക്കാതെ വാതിലിനടുത്ത് തന്നെ നിന്നു. പക്ഷേ മേശപ്പുറത്ത് എന്‍റെ വാട്ടര്‍ ബോട്ടിലിലേക്ക് നോക്കി കുറച്ചു വെള്ളം തരാമോ എന്നവര്‍ ചോദിച്ചു. തരാം എന്നു പറഞ്ഞ് വെള്ളം എടുക്കാനായി ഞാന്‍ അകത്തേക്കു പോയി.
അകത്തു പോയി പഴ്സു തുറന്നു നോക്കി
.ആകെ 2 ആയിരത്തിന്‍റെ നോട്ടുകള്‍ മാത്രമേ ഉള്ളു. 1600 രൂപാ വില വരും ബാറ്ററിക്ക്, മാസം തുടങ്ങിയതേ ഉള്ളൂ. പൈസ വേറെ ഇല്ല. എന്തു ചെയ്യും..? അന്‍പതിന്റെയോ നൂറിന്‍റെയോ ഒരു നോട്ടു പോലും ഇല്ല. തൊട്ടടുത്ത ഓഫീസിലെ ജയന്‍ സാറിന്‍റെ കയ്യില്‍ നിന്നും വാങ്ങി കൊടുക്കാം.
തരികെ ചെല്ലുമ്പോള്‍ ജയന്‍ സാര്‍ ആ സ്ത്രീയോട് സാരിക്കുന്നത് കറുത്ത കണ്ണാടി ചില്ലിനിടയിലൂടെ ഞാന്‍ കണ്ടു. ക്യാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ സാറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേട്ടു തുടങ്ങി.
"അപ്പുറത്ത് വെച്ച് ഞാന്‍ പറഞ്ഞതല്ലേ നിങ്ങളോട് കാശൊന്നുമില്ല പോവാന്‍..
പിന്നേം തട്ടി തട്ടി നിക്കണത് എന്തിനാ.."
"സാര്‍ ഇവരുടെ കൊച്ചിന്.."ഞാൻ ഇടപെട്ടു.
"എടാ ഇതൊക്കെ സ്ഥിരം പരിപാടിയാ, ഇന്നാളൊരുത്തന്‍ ഇത് പോലെ അപ്പുറത്ത് കേറി വന്നു, കാശെടുക്കാന്‍ ഞാന്‍ പോയ തക്കത്തിന് നല്ല പുത്തന്‍ ബാറ്ററി ഒരെണ്ണം ഞാന്‍ വാങ്ങി വെച്ചതാ ആമറോണിന്റെ, അതും അഴിചെടുത്തോണ്ട് പോയി... വിശ്വസിക്കാന്‍ കൊള്ളില്ല"
അവര്‍ എന്നെ ദയനീയമായി നോക്കി,എന്‍റെ കയ്യിലെ കുപ്പിയിലേക്കും.
"നിങ്ങലോടല്ലേ പോകാന്‍ പറഞ്ഞത്" അവരോടൊപ്പം ഞാനും അതു കേട്ടൊന്ന് ഞെട്ടി, അത്ര കടുപ്പത്തിലും ഉറക്കെയും ആയിരുന്നു അയാള്‍ അത് പറഞ്ഞത്. കൂടുതല്‍ ഒന്നും പറയാതെ ആ സ്ത്രീ തലതാഴ്ത്തി താഴേക്കുള്ള പടികളിറങ്ങി. ഒരു വലിയ കാര്യം ചെയ്ത കൃതാര്‍ത്ഥതയോടെ അയാള്‍ തന്റെ ഓഫീസിലെ ശീതീകരിച്ച ലോകത്തേക്ക് തിരികെ പോയി.  അവരെ തിരിച്ചു വിളിക്കണം എന്നെന്റെ മനസ്സാക്ഷി പറഞ്ഞെങ്കിലും, അയാളുടെ ആജ്ഞാ രൂപേണയുള്ള നോട്ടത്തില്‍ ഞാന്‍ അറിയാതെ ബന്ധനസ്ഥന്‍ ആയി
ഞാന്‍ എന്നെ നിര്‍ത്താതെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാളോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ ഉള്ള ദുഖവും, അവരെ ഇറക്കി വിട്ടത് നോക്കി നിന്നതില്‍ ഉള്ള കുറ്റബോധവും എന്നെ നീട്ടിക്കൊണ്ടിരുന്നു. അയാളുടെ മുറിയില്‍ ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും, അതയാള്‍ ചെയ്തു തരുന്ന സൗജന്യം അല്ല. കൃത്യമായി വാടക കൊടുക്കുന്നുണ്ട്. എന്തിനാണയാള്‍ എന്നെ കാണാന്‍ വന്ന ഒരാളെ ഇറക്കി വിട്ടത്. അത് ഇനി ഒരു ഭിക്ഷക്കാരന്‍ ആയിരുന്നാല്‍ കൂടി എന്നെ കാണാന്‍ വന്നതാണ്.
എനിക്ക് ദേഷ്യവും സങ്കടവും വന്നു. ആ സ്ത്രായുടെയും കുട്ടിയുടെയും ഭാവം അത്ര ദയനീയം ആയിരുന്നു. നഗരത്തിലെ ഭിക്ഷക്കാരുടെ മുഖത്ത് പോലും അത്രയും നിസ്സഹായതയും ദൈന്യതയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ തന്നെ അവരെ തിരികെ വിളിക്കണം എന്നും എന്തെങ്കിലും കൊടുക്കണം എന്നും ഞാന്‍ തീരുമാനിച്ചു.രണ്ടാം നിലയില്‍ നിന്നും വേഗത്തിൽ പടികൾ ഇറങ്ങി താഴെ എത്തുമ്പോള്‍ അവര്‍ ബസ് സ്ടോപ്പിനടുത്ത് എത്തിയിരുന്നു.
"ഏയ്‌ ശ്...ചേച്ചി...നില്‍ക്ക്"  റോഡരികിലെ ബദാമിന്റെ ചുവട്ടിലേക്ക് അവര്‍ ഒതുങ്ങി നിന്നു.
ഇനി ഈ ആയിരം ചില്ലറ ആക്കണം. ഓരോ  കടകളിലൂടെ കയറിയിറങ്ങുമ്പോഴും ഓരോ നല്ല അഭിനേതാക്കളെ ഞാന്‍ കണ്ടുമുട്ടി. ഉണ്ടായിരുന്നിട്ടും ഇല്ല എന്നു എത്ര നന്നായാണ് അവര്‍ സ്ഥാപിക്കുന്നത്.  
ഇനി കയറാന്‍ ഒരു മില്ല കൂടിയേ ബാക്കി ഉള്ളു. പലപ്പോഴും വണ്ടി പാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ എന്നോട് വഴക്കിടാറുള്ള, ഒന്നു ചിരിക്കുക പോലുമില്ലാത്ത ഒരു വൃദ്ധന്‍ ആയിരുന്നു അതിന്റെ ഉടമസ്ഥന്‍. മടിച്ചു മടിച്ചാണ് ഞാന്‍  അവിടെ കയറിയത്. അയാള്‍ ചോദിക്കുന്നതിനും മുന്പ് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ചില്ലറ വേണെങ്കി നിനക്ക് പറഞ്ഞാ പോരേ.. അതിനീ കഥ മുഴുവന്‍ പറയണോ അയാളുടെ മുറുക്കി ചുവന്ന ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു.
അയാള്‍ നൂറുരൂപാ നോട്ടുകള്‍ പത്തെണ്ണം കറുത്ത ലെതര്‍ ബാഗില്‍ നിന്നും എണ്ണിഎടുത്തു.  മുഷിഞ്ഞ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ കൂടി വേച് എനിക്കു നേരേ നീട്ടി.
ഇത് കൂടി അവക്ക് കൊടുത്തേക്ക്
പണവുമായി ഞാന്‍  എത്തിയപ്പോഴേക്കും അവര്‍ പോയിരുന്നു. അടുത്തുള്ള ബസ് സ്ടോപ്പിലും കടകളിലും അവരെ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരാശനായി കുറ്റബോധത്തോടെ ഞാന്‍ തിരികെ നടന്നു. നൂറു രൂപ മില്ലിൽ ഏല്‍പ്പിച്ച് ഓഫീസില്‍ എത്തിയെങ്കിലും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എല്ലാ ഓര്‍മകളും പോലെ എന്നോ ഞാന്‍ ആ സംഭവവും മറന്നു.
പിന്നീടൊരിക്കല്‍ ഞാന്‍ അവരെ കണ്ടു, തികച്ചും യാദ്രിശ്ചികമായി. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ അന്നു വൈകിട്ട് നഗരത്തിൽ തിരക്കായിരുന്നു.  വണ്ടി പാര്‍ക്ക്  ചെയ്യാന്‍ ഒരിടത്തും സ്ഥലം ഉണ്ടായിരുന്നില്ല . ആ തിരക്കിലും ആരും കാണാത്തതു പോലെ പോലെ ഹോളി മാഗി പള്ളിയിലെ പാര്‍ക്കിംഗ് ഏരിയ വിജനം ആയിരുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. വെള്ള ഇയോണ്‍ പള്ളിയുടെ കാര്‍പാര്‍ക്കിങ്ങില്‍  പാര്‍ക്ക് ചെയ്ത ശേഷം ഞാനും ദീപക്കും കൂടി പള്ളി മുറ്റത്തേക്ക് നടന്നു. അവനായിരുന്നു നിര്‍ബന്ധം, പള്ളിയില്‍ ഒന്നു കയറിയിട്ട് പോകണം എന്ന്. ചുവന്ന ഓടു വിരിച്ച പടികളിലൂടെ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കയറുംപോള്‍ ആ പടികളിലൊന്നില്‍ അവര്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടിട്ട് അവര്‍ക്ക് മനസ്സിലായിരിക്കണം. 
അവര്‍ ചിരിച്ചു.
ഞങ്ങള്‍ അവരുടെ അടുത്തേക്ക് ചെന്നു. . അവര്‍ ഒറ്റക്കായിരുന്നു. മകനെ ഞാന്‍ അവിടെ നോക്കിയെങ്കിലും കണ്ടില്ല.
"മോന് എങ്ങനെ ഉണ്ട്...."
"മാതാവിന്‍റെ കാരുണ്യം...എങ്ങനെ ഒക്കെയോ എല്ലാം നടന്നു. അവനിവിടെ എല്‍ എഫ് ഇലാ പഠിക്കുന്നെ.. ഞാന്‍ വിളിക്കാന്‍ വന്നതാ..ദാ വരുന്നുണ്ടല്ലോ.. ഇന്നു നേരത്തേ വിട്ടെന്ന് തോന്നുന്നു"
സ്കൂള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി അവന്‍ ഓടി വരുന്നത് ഞങ്ങള്‍ കണ്ടു. അന്നു കണ്ട ആ കുട്ടി ആണെന്ന് പറയുകയേ ഇല്ല. കളിച്ചു മുഷിഞ്ഞ വെള്ള യൂണിഫോമില്‍ ഓടി വന്ന് അവന്‍ അവരെ കെട്ടിപിടിച്ചു. എന്നിട്ട് ഞങ്ങളെ നോക്കി നാണം കുണുങ്ങി.
"ഇതാ ഇതിരിക്കട്ടെ..." ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ അവരുടെ കയ്യില്‍ വെച്ചു കൊടുത്തു.
ഒരു മുതിർന്ന സഹോദരിയോട്‌ എന്നപോലെ അധികാരത്തോടും കരുതലോടും കൂടി എങ്ങനെയോ പൊന്തി വന്ന ധൈര്യത്തിൽ ഞാന്‍ അങ്ങനെ ചെയ്തു , അവർ എന്റെ ആരും അല്ലായിരുന്നുവെങ്കിലും.
"ഇനി ഇതൊന്നും വേണ്ട കുഞ്ഞേ...കുഞ്ഞിന്‍റെ ഒക്കെ പോലുള്ലോരുടെ പ്രര്‍ത്ഥനയാ ദേ ഇവന്‍ . എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ല. "
അവര്‍ ആ നോട്ട് എനിക്ക് തിരികെ തന്നിട്ട് മകനേയും കൂട്ടി പടികളിറങ്ങി നടന്നകന്നു. അവരിരുവരും നഗരത്തിലെ ആൾക്കൂട്ടത്തിൽ സാവധാനം  അലിഞ്ഞില്ലാതാകുന്നതു വരെ ഞങ്ങള്‍ അവരെ നോക്കി അവിടെ തന്നെ നിന്നു.

ഇതുകൂടി വായിച്ചു നോക്കൂ