Posts

Showing posts from September, 2017

ഈ മഴ സാർത്ഥകമാകട്ടെ !

Image
മഴനീരദങ്ങൾ മാനത്തിരുളിന്റെ കമ്പളം വിടർത്തുമ്പോൾ ഇരുമഴപ്പക്ഷികളായ്‌ നമുക്ക് വാനിലേക്കുയർന്ന് പറക്കാം
ഒരുമിച്ചു കോർത്ത ചിറകുകൾ വിടർത്തി ഉയരെ നീല മേഘങ്ങളെ ചെന്നു പുൽകാം. ദൂരെ മഴവില്ലിന്റെ അറ്റം തേടി കണ്ണെത്താത്തിടത്തേക്ക്‌ സഞ്ചരിക്കാം.
ചിറകുകൾ കുഴയുമ്പോൾ
ആലിപ്പഴം കായ്ക്കുന്ന ചില്ലകളിൽ നമുക്ക് വിശ്രമിക്കാം.
മഴക്കാറ്റിൻ തഴുകലിൽ അരളിപ്പൂക്കൾ
ഇക്കിളി പൂണ്ടു നൃത്തം വെക്കുന്നൊരൊറ്റമരക്കൊമ്പിലെ കൊഴിഞ്ഞില പോലെ മഴ മേഘങ്ങൾ പെയ്തിറങ്ങുന്ന താഴ്വാരത്ത് നമുക്കൊഴുകിയിറങ്ങാം
അവിടെ തോരാമഴ കുതിർത്ത മണ്ണിൽ നീ മാമരമാകുക.
കൃഷ്ണനീല പുല്ലുകൾ മെത്ത വിരിച്ച നിന്റെ മടിത്തട്ടിൽ ഞാൻ തല ചായ്ക്കാം. തായ്‌വേരുകൾക്കിടയിലെ കരിയലക്കാടുകളിൽ മുഖമമർത്താം.
ഇടവപ്പെയത്തിന്റെ ഈറൻ തണുപ്പിൽ നിന്റെ
നിശ്വാസങ്ങളെനിക്ക് ചൂടു പകരുക.
തോർച്ചയുടെ ആലസ്യത്തിൽ വാടിയ പൂക്കളായ്‌ നാം മയങ്ങുമ്പോൾ
മഴവില്ലിൽ മഴനൂലുകൾ നിനക്കായ് ശ്രുതി മീട്ടും.
നീയുണർന്നു പാടുക.
പെയ്തിറങ്ങുന്ന മഴമുത്തുകളിൽ
നിന്റെ ഗാനം ചിതറിവീഴട്ടെ.
അവ നമ്മുടെ പ്രണയത്തിന്റെ സ്മാരക ശിലകളായ്‌
മണ്ണിൽ പൊട്ടിമുളക്കട്ടെ.
ഇൗ മഴ സാർത്ഥകമാകട്ടെ

ഒരു കോഴിക്കോടൻ തീവണ്ടിയാത്രയിൽ

ആ വീഡിയോ ഷെയർ ചെയ്യുമ്പോൾ അയാളും ചിന്തിച്ചിരുന്നില്ല  മറ്റുള്ളവർ കാണാൻ മാത്രം അതിലെന്താണുള്ളതെന്ന്. ഏതൊരു സൈബർ ജീവിയേയും പോലെ ചാറ്റ് ലിസ്റ്റിലെ ചാറ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അത് ഷെയർ ചെയ്ത് കിട്ടിയ നിർവൃതിയിൽ ആരൊക്കെ കണ്ടു എന്ന് ഇടക്കിടക്ക് കണക്കെടുപ്പുകൾ നടത്തിയിട്ടുണ്ടാകാം. മത സൗഹാർദത്തിനും രാജ്യത്തെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും വലിയ സംഭാവന നൽകിയെന്ന തോന്നലിൽ അയാൾ അഭിരമിച്ചിരിക്കാം. പക്ഷേ യാഥാർഥ്യം എന്നു കരുത്തിയിരുന്നതെല്ലാം സ്വന്തം തോന്നലുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം എല്ലാ മനുഷ്യജീവിതത്തിലുമെന്ന പോലെ അയാളുടെ ജീവിതത്തിലും കടന്നു വന്നു.

പല വ്യക്തികളുടെ ശബ്ദങ്ങൾ കൂട്ടി ചേർത്തുണ്ടാക്കിയ റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റിലെ അഭംഗി അയാളെ തീർത്തും അലോസരപ്പെടുത്തിയെങ്കിലും തീവണ്ടി കൃത്യ സമയം പാലിക്കുന്നു എന്ന വാർത്തയുടെ ആശ്വാസം അയാളുടെ കട്ടി മീശക്കു താഴെ ചെറുതായി വിരിഞ്ഞു. തീവണ്ടിയിൽ സമാന്യത്തിലധികം തിരക്കുണ്ടായിരുന്നു. അല്പം സ്ഥലം ബാക്കിയുണ്ടായിരുന്ന ബോഗിയുടെ അറ്റത്തെ വാതിലിനടുത്ത്  ആ തിരക്കിലും തിരമാലയിലെ പാഴ്ത്തടി പോലെ അവിടെയും ഇവിടെയും തട്ടി അയാൾ വന്നടിഞ്ഞു. ചെയർകാർ മാത്രമു…