അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

അവിരാമം


സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. കാലുകളില്‍ വെള്ളിക്കിലുക്കവുമായി ഓടി വന്ന അമ്മുക്കുട്ടി പിന്നില്‍ നിന്നും അയാളുടെ കഴുത്തില്‍ തൂങ്ങി. പാതി കുടിച്ച ചായഗ്ലാസ് തറയില്‍ വെച്ച്, അമ്മുക്കുട്ടിയെ എടുത്ത് അയാള്‍ മടിയില്‍ ഇരുത്തി. എന്നിട്ട് പിഞ്ചു കവിളില്‍ ഒരു മുത്തം കൊടുത്തു. ഒരേ ഒരു മകള്‍, ഇനി കുട്ടികള്‍ വേണ്ട എന്ന് ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന്‍ അയാള്‍ ഒരുപാട് കഷ്ടപെട്ടു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ആ തീരുമാനം കൈക്കൊള്ളുമ്പോള്‍ മകളോടുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നാ ആശങ്ക ആയിരുന്നു അതിന്റെ കാരണമായി അയാളുടെ ഉള്ളിൽ എരിഞ്ഞടങ്ങിയത്.

ഉണ്ണികൃഷ്ണനുമായുള്ള വിവാഹ ശേഷം വിദേശത്തുള്ള നഴ്സിംഗ് ജോലി വേണ്ടെന്നു വെച്ച് ജാനകി  നാട്ടിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ഒരിക്കല്‍ പോലും അവളുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അയാളോ, അയാളുടെ താല്പര്യങ്ങൾക്ക് അവളോ  എതിരു നിന്നിട്ടില്ല. മാതൃകാ ദമ്പതികള്‍ എന്ന ഔപചാരികതയുടെ പതക്കം ചുറ്റുപാടുമുള്ളവര്‍ അവരുടെ കഴുത്തില്‍ അണിയിച്ചിരുന്നു.

"അച്ഛനും മോളും മഴയും നനഞ്ഞിരുന്നോ..പനിപിടിച്ച് വിറച്ച് കിടക്കുമ്പോ ഞാന്‍ ഉണ്ടല്ലോ നോക്കാന്‍.."

"നിന്റെ അമ്മ ഇന്ന് നല്ല ചൂടിലാണല്ലോടി..?"

"ആഹ്.. അപ്പനും മോളും കൂടിയാ പിന്നെ ഞാന്‍ ഔട്ട്‌, അങ്ങനെ ഇപ്പൊ ഒറ്റക്ക് പനിച്ച് കിടക്കണ്ട..ഞാനും കൂടാം മഴ കാണാന്‍" അയാളുടെ കാതില്‍ മൃദുവായൊന്നു നുള്ളിയിട്ട് അവളും വന്നിരുന്നു പടിക്കെട്ടില്‍.

ഓടു മേഞ്ഞ മേല്‍ക്കൂരയില്‍ നിന്നും മഴ വെള്ളം നിലത്തു നിരനിരയായി കുഴികള്‍ തീര്‍ത്തു. പുതിയ വീട് വെക്കുമ്പോള്‍ അയാള്‍ക്ക് ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. വലിയൊരു പറമ്പിന്‍റെ നടുവിലൂടെ ഇരുവശവും കുറ്റിച്ചെടികള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു മണ്ണു വഴി. അത് അവസാനിക്കുന്നിടത്ത് വിസ്താരമുള്ള മുറ്റത്തിന് ഒത്ത നടുക്ക് ഒരു കൊച്ചു വീട്. ചുറ്റിലും മരങ്ങളും പൂച്ചെടികളും വേണം. ചെമ്പകവും രാജമല്ലിയും ചെമ്പരത്തിയും മന്ദാരവും മുറ്റത്തിന്റെ ഓരം ചേര്‍ന്നു പൂത്തു നില്‍ക്കണം. ഗേറ്റിനു മുകളില്‍ കൂടി കമാനം പോലെ വള്ളിമുല്ല പടര്‍ത്തി വിടണം. വീടിനു മുന്നില്‍ ഇരിക്കാന്‍ ഇളം തിണ്ണ വേണം. കരിങ്കല്ല് പടിക്കെട്ടുകള്‍ ഉള്ള വീടിന്റെ മേല്‍ക്കൂര ഓടു മേഞ്ഞു ഭംഗി ആക്കണം. പറമ്പിന്റെ ഒരു മൂലയില്‍ വെട്ടുകല്ലുകൊണ്ട് പടിക്കെട്ടുകള്‍ തീര്‍ത്ത ഒരു കുളം വേണം.തൊട്ടാവാടിയും മഷിത്തണ്ടും വളരുന്ന ആ പടിക്കെട്ടില്‍ പച്ച നിറമുള്ള വെള്ളത്തിലേക്ക് കാലും നീട്ടി ഇരുന്നാല്‍ കാലുകളെ ഇക്കിളിയാക്കി നീന്തി നടക്കുന്ന ചെറു മീനുകളെയും, അവറ്റകളെ കൊത്തി എടുത്ത് പറക്കാന്‍ തപസ്സിരിക്കുന്ന കൊക്കുകളേയും കാണാന്‍ കഴിയണം. ഇങ്ങനെ ചാറ്റല്‍ മഴയുടെ നനവുള്ള എണ്ണിയാല്‍ തീരാത്ത സ്വപ്‌നങ്ങള്‍. ഒടുവില്‍ നഗരത്തിനടുത്ത് ഏഴര സെന്റ്‌ സ്ഥലം വാങ്ങി വീട് വെച്ചപ്പോള്‍ പല സ്വപ്നങ്ങളും, ഓടിട്ട മേല്‍ക്കൂര ഉള്ള ആ ചെറിയ വീടിന്റെ അടിത്തറയില്‍ സംസ്കരിക്കപ്പെട്ടു. ഒരു വള്ളിമുല്ല മാത്രം സ്വപ്നങ്ങളുടെയും ചില പഴയ ഒര്‍മകുളുടേയും പ്രതീകമായി അയാള്‍ നട്ടു വളര്‍ത്തി.

മഴ ചെറുതായി ഒന്നു തോര്‍ന്നപ്പോഴേക്കും സന്ധ്യ ആകാറായിരുന്നു. മഴ വന്നപ്പോള്‍ പിണങ്ങിപ്പോയ കറണ്ട് തിരിച്ചു വന്നു. അകത്തു നിന്നും തനിയെ ഓണായ റേഡിയോ ശബ്ദിച്ചു

..........ആകാശവാണി കൊച്ചി എഫ് എം. നൂറ്റിരണ്ട് ദശാംശം മൂന്ന് മെഗാ ഹെര്‍ട്സ്. ഇപ്പോള്‍ സമയം ആറു മണി കഴിഞ്ഞ് ഒരു മിനിട്ട് ഇരുപത്തിയാറു സെക്കണ്ട്..ഇനി.........

"മോളേ അതൊന്ന് പോയി നിര്‍ത്തിക്കേടീ.." ഉണ്ണികൃഷ്ണന്‍ മകളെ മടിയില്‍നിന്നും എടുത്ത് താഴെ ഇരുത്തി. അച്ഛന്റെ വാക്കും കെട്ടിപിടിച്ചുകൊണ്ട് ഒരു വെള്ളിക്കിലുക്കത്തോടെ അവള്‍  അകത്തേക്കോടി.

"വാ, അകത്തേക്ക് വാ.. ഇവിടിരുന്നിനി തണുപ്പ് കൊള്ളണ്ട.." ജാനകി അയാളെ എഴുന്നേല്‍പ്പിക്കാന്‍ നോക്കി.

"ജാനൂ നീ ആ മുല്ല കണ്ടോ..?"

"മം.. എന്തേ..?"

"ഇത്രേം മഴ പെയ്തിട്ടും കൊഴിയാത്ത എത്ര പൂവാന്ന് നോക്കിക്കേ അതില് ..!
ആ ചെമ്പകോം ഇത് പോലെ പൂത്ത് നിക്കണുണ്ടാകുമോ..?"

"ചെമ്പകോ !! നമുക്ക് ചെമ്പകം ഇല്ലല്ലോ അതിനു"

"നമ്മുടെ അല്ലെന്റെ ജാനൂ അവള് നട്ടില്ലേ..അത് "

"ആര് നട്ടത്... ഉണ്ണിയേട്ടന്റെ ആ ഫ്രണ്ടോ?"

"മം.. അതന്നെ. ഞങ്ങള്‍ക്ക് ഓരോ ചെടി നടണംന്ന് മോഹം ഉണ്ടാര്‍ന്നു. ഒരുമിച്ച് നടണം എന്നാര്‍ന്നു"

"ഇതെത്രാമത്തെ തവണയാ ഉണ്ണിയേട്ടനീ കഥ പറയണേ..അത് ഇത്ര വല്യ കാര്യാണോ അത്, ഒരു ചെടി നടണേല്‍ എപ്പോ വേണേലും നടാല്ലോ." ജാനകി ഇടയ്ക്കു കയറി.

"അതല്ല ജാനൂ ...ഹ്മം..അത് നിനക്ക് പറഞ്ഞാ മനസിലാകില്ല.."

"പുതിയ കാര്യം വല്ലതും ആണെങ്കില്‍ പറയ്, എനിക്ക് മനസിലാകുമോ എന്ന് നോക്കാം" അവള്‍ പറഞ്ഞു.

"എന്നോ ഒരിക്കല്‍ കോളേജില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിന്‍യാത്രക്കിടെ ഒരു ക്യാഷ്വല്‍ ടോക്കില്‍ ഞാന്‍ അവളോടു ചോദിച്ചു, പഠിത്തം ഒക്കെ അവസാനിച്ച് ജോലി ആയി, കല്യാണമൊക്കെ കഴിഞ്ഞാല്‍ പിന്നെ ഈ കൂട്ട് ഒക്കെ ഇങ്ങനെ ഉണ്ടാകുവോ എന്ന്..! അപ്പൊ അവളു പറയുവാ അതൊന്നും പറയാന്‍ പറ്റില്ല നീ ഈ കൂട്ടിന്റെ ഓര്‍മ്മക്ക് ഒരു സ്മാരകം പണിയാന്‍.. തമാശ ആയിരുന്നുവെങ്കിലും നല്ല ഒരു ആശയം തന്നെ ആയിരുന്നു അത്. അല്ലേ ജാനൂ?.."

ഓടിന്റെ തുമ്പത്തുനിന്നും വീഴുന്ന വെള്ളത്തുള്ളികള്‍ കൈകളില്‍ എത്തി പിടിച്ച് ഒരു കേള്‍വിക്കാരിയായി ജാനു നിന്നു. അയാള്‍ തുടര്‍ന്നു.

"എനിക്ക് ഒത്തിരി ഐടിയകള്‍ ഉണ്ടെന്ന് അവള്‍ പറയുമായിരുന്നു. ഈ ചെടി നടല്‍ ഐഡിയയും അന്നു മുന്നോട്ട് വെച്ചത് ഞാന്‍ തന്നെയാ. എനിക്കിഷ്ടം മുല്ലയായിരുന്നു. അവള്‍ക്ക് ചെമ്പകകോം. നമ്മുടെ നാട്ടിലെ വീടിന്റടുത്തുള്ള ഇന്ദിരചേച്ചി ഇല്ലേ.. അവരുടെ പറമ്പിന്റെ അതിരില് നല്ല തത്തമ്മപച്ച നിറവുള്ള പൂവുണ്ടാകുന്ന ഒരു ചെമ്പകമുണ്ടാർന്നു. അവരുടെ പറമ്പിന്റടുത്തുള്ള തൊണ്ട് വലുതാക്കി റോഡ് വെട്ടിയപ്പോ ആ മരം പോയി. നമ്മുടെ കല്യാണത്തിനൊക്കെ കുറേ മുമ്പാണ്. അതിന്റെ ഒരു കമ്പ് ഞാന്‍ തന്നെയാ അന്നവള്‍ക്ക് നടാനായി പറിച്ചു കൊടുത്തത്. നല്ല മണാ അതിന്റെ പൂക്കള്‍ക്ക്. ഒരിക്കല്‍ വിളിച്ചപ്പൊ അവളത് നട്ടെന്ന് പറഞ്ഞാര്‍ന്നു. അവള്‍ കല്‍ക്കട്ടക്ക് പോയ ശേഷം ഞങ്ങള്‍ അതിനെപ്പറ്റി ഒന്നും പിന്നെ സംസാരിച്ചിട്ടില്ല. അവള്‍ അതൊക്കെ മറന്നു കാണും. ഈ ഓര്‍മകള്‍ ഉണ്ടാകുന്നത് തന്നെ മറക്കാന്‍ വേണ്ടീട്ടാണെന്നു ചിലപ്പോള്‍ തോന്നാറുണ്ട് "

"ഞാന്‍ പോണു വിളക്ക് കൊളുത്താറായി, നിങ്ങള് പഴയ കൂട്ടുകാരീനേം ഓര്‍ത്തോണ്ടിരുന്നോ." ജാനു അകത്തേക്ക് പോയി

അയാള്‍ അവിടെ തന്നെ കുറേ നേരം ഇരുന്നു. വീടിനുള്ളില്‍ നിന്നും അമ്മുക്കുട്ടി ഉറക്കെ നാമം ജപിക്കുന്നുണ്ടായിരുന്നു. കത്തിച്ചു വെച്ച ചന്തനതിരിയുടെ സുഗന്ധം. തണുപ്പ് ആയതോടെ ഈയലുകള്‍ പൊങ്ങിത്തുടങ്ങി. ഒന്നിനു പിറകെ ഒന്നായി മണ്ണിനടിയില്‍ നിന്നും അവർ പറന്നുയര്‍ന്നു. മുൻവശത്തെ ടൂബ് ലൈറ്റിന്റെ ചുറ്റും അവറ്റകള്‍ പാറി നടന്നു. ചിലത് ചിറക് കൊഴിഞ്ഞ് നിലത്തു വീണു. ചിലതിനെ പല്ലികള്‍ തിന്നു തീര്‍ത്തു. അവശേഷിച്ചവ ആസന്നമായ വിധി ഏറ്റുവാങ്ങാന്‍ ലൈറ്റ് വേട്ടത്തിനു ചുറ്റം വട്ടം കറങ്ങിക്കൊണ്ടേ ഇരുന്നു.

മഴ വീണ്ടും ആര്‍ത്തലച്ചു പെയ്തു തുടങ്ങി. മഴയുടെ താളത്തില്‍ ഉള്ള ശബ്ദവിന്യാസങ്ങള്‍ ഒഴിവാക്കിയാല്‍ എങ്ങും നിശബ്ദത. ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്ക് മിന്നായം പോലെ കാണാം. അതിനുമപ്പുറം അകലെ ആകാശത്തിന്റെ അതിരില്‍ ചെറിയ മിന്നല്‍പ്പിണറുകള്‍ തെളിഞ്ഞു മായുന്ന കാഴ്ചകള്‍. അയാള്‍ അതെല്ലാം കണ്ട് അവിടെ തന്നെ ഇരുന്നു. ഇടക്കെപ്പോഴോ നടക്കല്ലില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ചാര്കസേരയിലേക്ക് സ്ഥാനം മാറ്റി എന്ന് മാത്രം.

"അച്ചേ.. ചോറുണ്ണാൻ വിളിക്കണു അമ്മ" അമ്മുക്കുട്ടിയുടെ കൊഞ്ചിയുള്ള വിളി ഏറെ നേരത്തിനു ശേഷം അയാളെ അകത്തേക്ക് കൊണ്ടു വന്നു. അവളുടെ കൊച്ചു കിണുങ്ങലുകള്‍ മാറ്റി നിര്‍ത്തിയാല്‍ പതിവിനു വിപരീതമായി അത്താഴം കഴിപ്പ്‌ തീര്‍ത്തും തണുപ്പന്‍ മട്ടില്‍ ആയിരുന്നു. ഓഫീസ് വിശേഷങ്ങളോ നാട്ടുകാര്യങ്ങളോ അന്നവര്‍ പങ്കു വെച്ചില്ല. മൗനം  നിറഞ്ഞ ആ മുറിക്കുള്ളില്‍ അയാള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

"'നീ എന്താ മിണ്ടാതിരിക്കുന്നേ..?കഴിക്കണില്ലേ ?"

"ഇപ്പോളാണോ ഞാന്‍ കഴിക്കാത്തത് കാണുന്നത്.. നിങ്ങള് കഴിക്ക്.." ശാന്തമായാണ് അവള്‍ അത് പറഞ്ഞതെങ്കിലും ആ ഭാവമാറ്റം അയാള്‍ കാണാതിരുന്നില്ല

"തലവേദന ഉണ്ടോ..?"

"ഇല്ല.."

ഒന്‍പതു മണി ആയി. വൈകിട്ട് തുടങ്ങിയ മഴ ഇതു വരെ തോര്‍ന്നിട്ടില്ല. ഈ അടുത്ത ദിവസങ്ങളില്‍ ഒന്നും ഇത്രയും ശക്തമായി മഴ പെയ്തിട്ടില്ല. കറണ്ട് പോകുകയും വരികയും ചെയ്യുന്നു. മഴയുടെ തണുപ്പിന്റെ സുഖത്തില്‍ അമ്മുക്കുട്ടി നേരത്തെ ഉറങ്ങി. അവളുടെ നാലു വര ബുക്ക്‌ ഡൈനിംഗ് ടേബിളിന്റെ മുകളില്‍ തുറന്ന് ഇരിക്കുന്നു. താന്‍ പഠിക്കാത്ത തനിക്കറിയാത്ത ഏതോ ഒരു നഴ്സറിക്കവിത അതില്‍ ആവര്‍ത്തിച്ച് രണ്ട് പേജ് എഴുതിയിട്ടുണ്ട്. അയാളുടേത് പോലെ ആയിരുന്നില്ല, നല്ല കൈയ്യക്ഷരം ആണ് മകളുടെ. മകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് അഭിമാനം തോന്നി. ഈ കഴിഞ്ഞ PTA മീറ്റിങ്ങിലും ടീച്ചര്‍ പറഞ്ഞിരുന്നു അവള്‍ മിടുക്കിയാണെന്ന്.

ഇനി കറണ്ട് വരുമെന്നു തോന്നുന്നില്ല. മെഴുകുതിരി വാങ്ങാനും മറന്നു. ഉള്ള രണ്ട് എണ്ണം തീരാറായി. നേരത്തേ ഉറങ്ങാം എന്ന ചിന്തയോടെ അയാള്‍ കിടപ്പു മുറിയിലേക്ക് കടന്നു. ജനലുകള്‍ എല്ലാം ഭദ്രമായി അടച്ചിരുന്നുവെങ്കിലും മുറിക്കുള്ളില്‍ തണുപ്പ് ഉണ്ടായിരുന്നു. ഓടിട്ട വീടിന്റെ ഒരു പോരായ്മ ആയി അതയാള്‍ക്കു തോന്നി. ഫാമിലീ കോട്ടിന്റെ ഒരരികില്‍ ഭിത്തിക്കഭിമുഖമായി അമ്മുക്കുട്ടി നല്ല ഉറക്കത്തില്‍ ആണ്. അവളെ കെട്ടിപ്പിടിച്ച് ജാനകിയും. ഇത്രയും നേരത്തേ ഉറങ്ങി ശീലം ഇല്ലാത്തതു കൊണ്ടാകാം അയാള്‍ക്ക് ഉറക്കം വന്നില്ല. എന്തൊക്കെയോ ആലോചിച്ചു കുറേ നേരം കിടന്നു. പിന്നെ എഴുന്നേറ്റ് ഒരു പുസ്തകം വായിച്ച്കൊണ്ടിരുന്നു. കട്ടിലില്‍ ഭിത്തിയിലേക്ക് ചാരി ഇരുന്നുള്ള ആ വായനയെ അലോസരപ്പെടുത്തിക്കൊണ്ട് എവിടെ നിന്നോ അടക്കി പിടിച്ചുള്ള വിതുമ്പലുകള്‍ ഉണ്ണികൃഷ്ണന്‍ കേട്ടു. പുറത്ത് നിന്നല്ല മുറിയില്‍ നിന്നു തന്നെ ആണ്.

"ജാനു.. എന്താടീ എന്താ..? നോക്കിക്കേ ഇങ്ങിട്ട് തിരിഞ്ഞേ.."തേങ്ങല്‍ ഒരു കരച്ചിലിലേക്ക് മാറി. അയാള്‍ ബലമായി അവളെ തനിക്കഭിമുഖമായി എഴുന്നേല്‍പ്പിച്ചിരുത്തി. "മോള് കേള്‍ക്കും..അവള് ഉണരും.. എന്താ പറ്റിയെ..എന്തിനാ കരയണേ..?"

"നിങ്ങടെ മനസില് ഇപ്പളും അവളല്ലേ...എന്നോട് തീരെ ഇഷ്ടയില്ല നിങ്ങള്‍ക്ക്.."

"ആരുടെ കാര്യാ നീയീ പറയണേ..? എന്താ ഇപ്പൊ അങ്ങനൊക്കെ തോന്നണെ ?"

"അറിയില്ലാല്ലേ..? എന്തിനാ നിങ്ങളാ മുല്ല പടര്‍ത്തി വിട്ടേക്കണെ..? ഗേറ്റില് ലൈറ്റ് പിടിപ്പിക്കാന്‍ അത് വെട്ടണംന്ന് അന്ന് കരണ്ടിന്റെ ആള് പറഞ്ഞപ്പോ നിങ്ങള് ലൈറ്റേ വേണ്ടാന്ന് വെച്ചു... മോളുണ്ടായപ്പോ അവളെ അമ്മൂന്ന് വിളിക്കാന്നു പറഞ്ഞു... അവള്‍ടെ പേരാന്ന് അറിഞ്ഞിട്ടും ഞാന്‍ എതിരൊന്നും പറഞ്ഞില്ലല്ലോ... വേറെ കുട്ടികള്‍ വേണ്ടാന്ന് പറഞ്ഞതും അവള്‍ടെ പേര് മോള്‍ക്കിട്ടതും അവളോടുള്ള സ്നേഹം കൊണ്ടല്ലേ.. അവള്‍ടെ ചെമ്പകം എന്തായാല് നിങ്ങള്‍ക്കെന്താ.. ഇപ്പൊ അവളേം ഓര്‍ത്തോണ്ട് ഇരിക്കുവല്ലാര്‍ന്നോ ഉറങ്ങാണ്ട്.... ഞാന്‍ കുറച്ച് നാളായി ശ്രദ്ധിക്കുണുണ്ട്, നിങ്ങള്‍ക്ക് എന്നോട് തരിമ്പും ഇഷ്ടയില്ല.." ചോദ്യങ്ങളുടെയും പരിഭവം പറച്ചിലിന്റെയും ഒരു പുഴ അവളുടെ കണ്ണുകളില്‍ നിന്നും കവിളുകള്‍ വഴി താഴേക്കൊഴുകി.

അയാള്‍ക്ക് ആദ്യം ഒന്നു പൊട്ടിച്ചിരിക്കാന്‍ ആണ് തോന്നിയത്. അതവളെ കൂടുതല്‍ മുറിപ്പെടുത്തും എന്നയാള്‍ ഭയന്നു. അതിനു മുതിരാതെ സ്വയം നിയന്ത്രിച്ചു കൊണ്ട് അയാള്‍ അവളുടെ മുടിയിഴകളില്‍ തലോടി.

"നിനക്കറിയില്ലേ ജാനൂ എന്നെ...ഏഴു വർഷം കഴിഞ്ഞില്ലേ, ഇനിയും മനസ്സിലായിട്ടില്ലേ എന്നെ നിനക്ക്...? സ്നേഹമില്ലാന്നൊക്കെ നിന്റെ തോന്നലാ.. നീ ഈ സീരിയലൊക്കെ കണ്ടിട്ട് വേണ്ടാത്തതോരോന്നു ചിന്തിച്ച് കൂട്ടുവാ. അവളെയും നിനക്ക് അറിയാവുന്നതല്ലേ. ഇപ്പോള്‍ അവള്‍ നിന്റെയും കൂട്ടുകാരി അല്ലേ. എന്നോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിന്നോട് അല്ലേ അവള്‍ ഇപ്പോള്‍ സംസാരിക്കാറ്. കുറച്ച് നാളായിട്ട് അവള്‍ വിളിക്കാറില്ല, എന്താണെന്ന് അറിയില്ലല്ലോ എന്ന് നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ജാനൂ.."

അയാളുടെ സന്ത്വനങ്ങളില്‍ ആ കരച്ചില്‍ തങ്ങലുകള്‍ ആയി ഒതുങ്ങി. അവള്‍ അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അപ്പോഴും മഴ തോര്‍ന്നിരുന്നില്ല, ദൂരെ എവിടെയോ ഇടിമുഴങ്ങുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു. തേങ്ങല്‍ അടക്കി അവള്‍ പറഞ്ഞു.

"എനിക്കറിയാം അതൊക്കെ.. സങ്കടം വന്നപ്പോ പറഞ്ഞതാ... എന്നാലും ഞാന്‍ അറിയാതെ അങ്ങനൊക്കെ ആലോചിച്ചു പോകുവാ... ഇന്നവളെ പറ്റി ഒക്കെ പറഞ്ഞപ്പോ.. എനിക്ക്.. അറിയാതെ.. ആ മുല്ല നമുക്ക് വേണ്ട.. അത് കാണുമ്പോഴൊക്കെ.."

"നീ തന്നെയാ എനിക്ക് വലുത്. പിന്നെ നീ പറഞ്ഞതും ശരിയാ, ഗേറ്റില്‍ ഒരു ലൈറ്റ് വേണം. രാത്രി വരുമ്പോള്‍ വഴിയില്‍ ഇഴജന്തുക്കള്‍ എന്തെങ്കിലും കിടന്നാല്‍ കാണാന്‍ കൂടി കഴിയില്ല....."

താന്‍ തന്നെയാണ് തെറ്റുകാരന്‍. അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തരുതായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരു ചെടിയില്‍ ഒതുക്കാവുന്ന ഓര്‍മകള്‍ അല്ലല്ലോ തങ്ങള്‍ക്കിടയില്‍ ഉള്ളത്. പടര്‍ന്നു പന്തലിച്ച ഒരു വള്ളിമുല്ലയുടെ പേരില്‍ തന്റെ പ്രിയ ചങ്ങാതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. ജാനുവും അമ്മുവും അയാള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു. രണ്ടു പേരും പരസ്പരം മുഖം തിരിച്ച് നടക്കുന്നത് അയാളുടെ മനസ്സിലെ തിരശീലയില്‍ തെളിഞ്ഞു. അതൊഴിവാക്കാന്‍ ആ മുല്ല അവിടെ നിന്നു പിഴുതു മാറ്റുകയെ തരമുള്ളൂ. ഇനിയൊരിക്കല്‍ അമ്മു ആ മുല്ലയെപ്പറ്റി ചോദിച്ചാല്‍..? എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപെടാം. കള്ളം പറയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. സാരമില്ല..അയാള്‍ തീരുമാനിച്ചുറച്ചു.

ആ മഴയില്‍ ആദ്യം ആയി ഒരു ഇടി മുഴങ്ങി. ശക്തമായ മിന്നലില്‍ പകല്‍ പോലെ അവിടമാകെ പ്രകാശിച്ചു. എന്തോ പൊട്ടി തകരുന്ന പോലുള്ള ആ വലിയ ശബ്ദം കേട്ട് അമ്മുക്കുട്ടി ഞെട്ടി ഉണര്‍ന്നു.

"ആകാശം പൊട്ടി വീണമ്മേ.." അമ്മുകുട്ടി ഞെട്ടി ഉണര്‍ന്നു നിലവിളിച്ചു.

"ഒന്നൂല്ല മോളേ പേടിക്കണ്ടാട്ടോ.. അച്ഛന്‍ ഇവിടില്ലേ.. "അയാള്‍ കുഞ്ഞു മകളുടെ തലയില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു. അയാളുടെ ആ വാക്കില്‍ മഴയുടെ തണുപ്പോ ഇടി മുഴക്കത്തിന്റെ ഭീകരതയോ അമ്മുക്കുട്ടി അറിഞ്ഞില്ല. അവര്‍ സുഖമായി ഉറങ്ങി.

"അച്ഛാ നമ്മുടെ മുല്ലച്ചെടി കരിഞ്ഞ പോലെ നിക്കുവാ.." അമ്മുക്കുട്ടിയുടെ ശബ്ദം കേട്ടാണ് അയാള്‍ മുറ്റത്തേക്കിറങ്ങിയത്. പിന്നാലെ ജാനകിയും. ശരിയാണ്, ഇന്നലത്തെ മിന്നലില്‍ കരിഞ്ഞു പോയതായിരിക്കും. താനായിട്ട് അതു പറിച്ചു മാറ്റേണ്ടി വന്നില്ലല്ലോ എന്നയാള്‍ ആശ്വസിച്ചു. എങ്കിലും ജാനകി ആണ് തനിക്ക് വലുത്, അതിനു മുന്നില്‍ താൻ കെട്ടിപ്പിടിച്ചു നടക്കുന്ന ഓര്‍മകളുടെ മാറാപ്പ് താഴെ വെച്ചേ പറ്റൂ, അത് എത്ര ദുഖത്തോടെ തന്നെ ആണെങ്കിലും. ചിന്തകള്‍ ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ അതിനെ തണുപ്പിച്ചു കൊണ്ട് ജാനകിയുടെ തണുത്ത കരസ്പര്‍ശം തന്‍റെ തോളില്‍ അയാള്‍ അറിഞ്ഞു.

"സാരമില്ലെന്നേ.. അതിന്റെ ചുവട് കരിഞ്ഞിട്ടില്ല അത് പടര്‍ന്നു കയറിക്കോളും. അതിനി പിഴുത് കളയുവൊന്നും വേണ്ട, അവിടെ നിന്നോട്ടെ. പിന്നെ നമുക്ക് ഒരു ചെമ്പകം കൂടി നടണം അമ്മു അന്നു പറഞ്ഞപോലെ.." അവള്‍ അയാളെ ആശ്വസിപ്പിച്ചു.

ജാനുവിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മുക്കുട്ടിയുടെ കൈ പിടിച്ച് ഉണ്ണികൃഷ്ണന്‍ വീടിനുള്ളിലേക്ക് നടന്നു. കരിഞ്ഞു നിന്ന മുല്ലയില്‍ അപ്പോഴും താഴെ വീഴാതെ നിന്നിരുന്ന ഒരു വാടിയ മുല്ലപ്പൂവ് സി.വി.ഉണ്ണികൃഷ്ണനെ നോക്കി പുഞ്ചിരിച്ചു.

ഇതുകൂടി വായിച്ചു നോക്കൂ