രാകി മിനുക്കിയ കത്തിയുടെ വായ്ത്തലയിൽ തൊട്ടു നോക്കി മൂർച്ച ഉറപ്പു വരുത്തി. ഒറ്റ വെട്ടിന് ഒത്ത കാള വരെ വീഴും. പക്ഷേ ആരെയും മുറിപ്പെടുത്താനുള്ള മനക്കരുത്ത് കൈമുതലായിട്ടില്ല ഇതു വരെ , അങ്ങനെ ഒന്ന് ഇനി കൈവശമാക്കാനും താല്പര്യമില്ല. പരമാവധി ഭയപ്പെടുത്തുക , അതും സ്വയ രക്ഷക്ക് മാത്രം. ഭീഷഗ്വരന്മാർ രോഗിയറിയതെ ശസ്ത്രക്രിയ ചെയ്യുന്നത് പോലെ , ഇരയറിയാതെ മാലോകരറിയതെ അതീവ ശ്രദ്ധാപൂർവം മറ്റൊന്നിനും കേടുപാടുകൾ വരുത്താതെ സ്ഥാന ചലനം വരുത്താതെ കൃത്യം നിർവഹിക്കണം. ക്രോധം പക അത്യാഗ്രഹം ഈ തൊഴിലിന് വർജ്യം. ഗുരു വചനങ്ങളും അടവുകളും കാലം മിനുസപ്പെടുത്തിയ കൈ മെയ് വഴക്കവും കൂട്ടുണ്ടായിരുന്നിട്ടും തസ്കരവിദ്യയിൽ താൻ പൂർണനല്ല എന്നൊരു തോന്നൽ കള്ളന്റെ ഉള്ളിലുണ്ടായിരുന്നു. അതിനു കാരണമാകട്ടെ പൂർവ പിതാക്കന്മാർ ചിന്തിച്ചു തീർത്ത വീതി കുറഞ്ഞ വളഞ്ഞ പാതകളിൽ നിന്നും മാറി സ്വയം വഴി വെട്ടിത്തുടങ്ങിയ കാലത്ത് പാതവക്കത്ത് കുരുത്ത നീതി ബോധത്തിന്റെ തൈ. ഏതൊരു കാറ്റിലും മഴയിലും തസ്കര ജന്മത്തിനു നിത്യനിദ്ര നൽകി കള്ളന്റെ മേൽ കടപുഴകി വീഴാമെന്ന അവസ്ഥയിലേക്ക് ഓരോ മോഷണവും വളവും വെള്ളവുമേകി വളർത്തി അതിനെ ഒരു വട വൃക്ഷമാക്കി തീർത്തിരിക്കുന്നു. എന്നിരിക്കിലും സാഹചര്യങ്ങൾ നീതി ബോധത്തിനും കള്ളനുമിടയിൽ ഒരു പരിചയായി വർത്തിച്ചു. അതിൽ പ്രധാന്യം വിശപ്പിനായിരുന്നു. മൂന്നു ദിവസമായി കുത്തൻ കയറിയ ഉണക്കു കപ്പ ആഹരിച്ചു ജീവൻ നിലനിർത്തുന്ന ഒരു പെൺവയറും അതിനുള്ളിൽ ഒരു കുഞ്ഞു ജീവനും കള്ളന്റെ കടമയാണ്. നിറവയർ നിറഞ്ഞ തൃപ്തിയുടെ പെണ്മുഖം കാണാൻ ഇതുവരെ ഒന്നും ചെയ്യാനായില്ല. താൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി പെൺപാതിയുടെ ഉള്ളിൽ വളരുന്ന പിൻഗാമിയുടെ നിലനിൽപ്പിനായി നേർരേഖയിലൂടെടെ സഞ്ചരിക്കാൻ കള്ളൻ ശ്രമിച്ചെങ്കിലും സ്വന്തം തൊഴിൽ മേഖലയിലെ പരിച്ചയക്കൂടുതൽ അയാളെ മറ്റു ജോലികളേൽപ്പിക്കുന്നതിൽ നിന്നും സഹജീവികളെ ഭയപ്പെടുത്തി. അങ്ങിനെ മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ കുടുംബ സ്നേഹവും വിശപ്പും ചേർന്ന് കള്ളന്റെ നീതി ബോധത്തെ പരാജയപ്പെടുത്തി.
അന്ന് അമാവാസിയായിരുന്നു. മാനം നിറയെ ആരോ വാരി വിതറിയ പോലെ നക്ഷത്രങ്ങൾ.അതിലൊന്നു പോലും തന്റെ ജീവിതത്ര സ്വാധീനിക്കുന്നതായി കള്ളനു തോന്നിയില്ല. എങ്കിലും നക്ഷത്രങ്ങൾ കാണുമ്പോൾ കള്ളന് തന്റെ ഗുരുവിനെ ഓർമ വരുമായിരുന്നു. വെളിച്ചമുണ്ടെങ്കിലേ കാഴ്ചയുള്ളൂ എന്ന കള്ളന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ആകാശത്തെ അനേകായിരം നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച പെരുംകള്ളൻഗുരു. അദ്ദേഹം പഠിപ്പിച്ചത് ശരിയായിരുന്നു, മോഷ്ടാവിന് കാണാനും പ്രവർത്തിക്കാനും ഇരുട്ട് നൽകുന്ന കാഴ്ചയാണ് വേണ്ടത്. കാലുകൾക്കറിയാമായിരുന്നു ലക്ഷ്യ സ്ഥാനം. ചെന്ന് നിന്നത് വലിയ മാളിക വീടിനു മുന്നിലാണ്. മാളികവീടിന്റെ തൂവനത്തിൽ താമസമാക്കിയ മൂങ്ങ ഇടക്ക് തല വട്ടം കറക്കി മൂളുന്നതൊഴിച്ചാൽ നിശബ്ദത. മൂന്നു ദിവസം വിശദമായ പഠനം , അപഗ്രഥനം. പുരയിടത്തിന്റെ ഭൂമി ശാസ്ത്രവും വീടിന്റെ കിടപ്പും മുറികളുടെ സ്ഥാനവും മനസിലാക്കി. ഒറ്റ കുതിപ്പ് പിന്നെ ഒരു മലക്കം മറിച്ചിലിൽ. ഓടുമ്പുറത്ത് എത്തിയെങ്കിലും കണക്ക് പിഴച്ചു. കാലു വഴുതി താഴെ വീണു. വേദന സഹിക്കാൻ കഴിഞ്ഞില്ല. അമ്മയെ വിളിച്ചു കരഞ്ഞു ഒച്ച കേട്ടിട്ടാകും കത്തിച്ച മണ്ണെണ്ണ വിളക്കുമായി ആരോ വാതിൽ തുറന്നു. ഒരു സ്ത്രീ രൂപമാണെന്ന് അവ്യക്തമായി കണ്ടു. തലക്ക് ചുറ്റും എന്തൊക്കെയോ മൂളിപറക്കുന്നത് പോലെ. ഇരുട്ട് കാഴ്ചയെ സാവധാനം പിൻവലിച്ചു. ബോധ മണ്ഡലം കൊട്ടിയടക്കപ്പെട്ടു.
കണ്ണു തുറന്നപ്പോൾ ഉമ്മറത്തെ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു കള്ളൻ. എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ ഒരു പെൺകുട്ടി മുറ്റം തൂക്കുന്ന കാഴ്ച്ച കണ്ടു. കള്ളന്റെ മൂത്ത സന്തതിയുടെ പ്രായം ഉണ്ടാകും അവൾക്ക്. വെളുപ്പാങ്കാലത്തെ മഞ്ഞിൽ പൊടി മണ്ണിന്റെ മണം കൂടി ചേർന്നു മൂക്കിൽ കൊളുത്തി വലിച്ചു. അകത്തു നിന്ന് ഒരു വയസായ സ്ത്രീയുടെ ശബ്ദം. അവർ നാമം ജപിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടെ എന്തൊക്കെയോ പറഞ്ഞ് ആരെയോ പ്രാകുന്നുണ്ട്. വീഴ്ചയുടെ വേദന പൂർണമായും മാറിയിട്ടില്ല. കിഴക്കൂന്നുള്ള വെയില് മുടിയില്ലാത്ത മണ്ടക്ക് തട്ടുന്നത് വരെ കള്ളൻ അവിടെ തന്നെ ഇരുന്നു. മുറ്റം അടിച്ചുകൊണ്ടിരുന്ന പെണ്ണ് അടുക്കളപ്പുറത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആ വലിയ വീട്ടിൽ അവർ രണ്ടുമല്ലാതെ വേറെ ആരും ഇല്ലെന്ന് തോന്നുന്നു. നടത്തിയ പഠനത്തിൽ പിഴവു പറ്റിയെന്ന് കള്ളനു തോന്നി.
"അതേയ്.. ആ ഇരിക്കണ സഞ്ചി നിങ്ങളോടെടുത്തോളാൻ പറഞ്ഞു." ഇരിക്കുന്നതിനു പിന്നിൽ നൂല് പൊങ്ങി നരച്ച ഒരു തുണി സഞ്ചി കള്ളന്റെ ശ്രദ്ധയിൽപ്പെട്ടു.
"അകത്തെ തള്ള രാവിലെ കൊണ്ടു വെച്ചതാ.. നാളെ കാലത്തു വരണം തൊഴുത്ത് ഒന്ന് അഴിച്ചു മേയണം വേറെ കുറച്ചു പണിയും ഉണ്ട്..നല്ല കൂലി തരാമെന്നു തള്ള പറഞ്ഞു"
ഒന്നും മനസിലാകാതെ സഞ്ചിയിലേക്ക് നോക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു അവൾ ബാക്കി കൂടി പറഞ്ഞത്. കള്ളൻ സഞ്ചി തുറന്നു നോക്കി. അതിൽ ഒരു ചെറിയ കാച്ചിൽ. ഇടങ്ങാഴിയോളം നെല്ല് ഏറ്റവും മുകളില്‍ ഒരു തേക്കിലയിൽ കുറച്ച് ഉണക്ക മുളകും ഉപ്പുകല്ലും. എങ്ങിനെ അറിഞ്ഞു കാണും ഇവർ വീട്ടിലെ പഞ്ഞമെന്ന് എത്ര ആലോചിച്ചിട്ടും കള്ളനു മനസിലായില്ല. സ്വബോധം മറഞ്ഞ് പിച്ചും പേയും പറഞ്ഞപ്പോൾ പറഞ്ഞു പോയതാകാം. ഊഹാപോഹങ്ങളിൽ ചികഞ്ഞെങ്കിലും കള്ളന് മതിയായ ഒരു ഉത്തരം കിട്ടിയില്ല. ആലോചിക്കുന്നതിൽ അർത്ഥമില്ല എന്നു മനസിലാക്കിയ കള്ളൻ അവിടെ നിന്നും എഴുന്നേറ്റു. നന്ദി പറയാൻ നിന്നില്ല. നെല്ല് കുത്തി അരിയാക്കി തൊട്ടാൽ ഞെങ്ങുന്ന പതത്തിൽ കഞ്ഞി വെച്ചു കുടുംബത്തിന്റെ വയർ നിറക്കാൻ ധൃതിയായിരുന്നു. അടിച്ചു വാരിയ മുറ്റത്തു കൂടി സഞ്ചിയും തൂക്കി അതിവേഗം തിരികെ നടക്കുമ്പോൾ കള്ളന്റെ ചിന്തകളിൽ കുരുത്ത നീതി ബോധത്തിന്റെ വട വൃക്ഷം അയാൾക്ക് തണൽ വിരിച്ചു നിന്നു.
>അർവിൻ