കുമാരി ടീച്ചര്‍ കടന്നുവന്നതും UKG A ക്ലാസ്സ് നിശബ്ദമായി. വാക്കു പറഞ്ഞിരുന്നത് പോലെ ടീച്ചര്‍ കഥ പറഞ്ഞു തുടങ്ങി.
"പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരു രാജകൊട്ടാരത്തില്‍ വലിയ പൂന്തോട്ടം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തില്‍ ഒത്തിരി പൂക്കള്‍ ഉണ്ടായിരുന്നു. പിച്ചി , ചെമ്പകം ,ചെമ്പരത്തി ,സൂര്യകാന്തി ,മുല്ല ,ജമന്തി അങ്ങനെ അങ്ങനെ ഒത്തിരി പൂക്കള്‍. പൂച്ചെടികള്‍ക്ക് ഇടയില്‍ പൂന്തോട്ടത്തിനു നടുവില്‍ ഒരു വലിയ പൊയ്ക, കുളം, ഉണ്ടായിരുന്നു. നിറയെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞിരുന്ന ആ കുളത്തിന്‍റെ നടുക്ക് ഒരു ചെറിയ തുരുത്തില്‍ ഒരു പനിനീര്‍ ചെടി വളര്‍ന്നിരുന്നു.അതില്‍ ഒരിക്കലും വാടാത്ത ഒരു വെളുത്ത പനിനീര്‍പ്പൂവും "
"അതെന്താ ടീച്ചര്‍ പനീര്‍ച്ചെടി ?"
"പനീര്‍ച്ചെടി അല്ല പനിനീര്‍ച്ചെടി..! റോസാച്ചെടിയെ ആണ് പനിനീര്‍ച്ചെടി എന്ന് വിളിക്കുന്നത്. രോസപ്പൂവിന് പനിനീര്‍ പൂവെന്നും പേരുണ്ട് മോളൂ...
വെളുത്ത നിറമുള്ള ഒരേ ഒരു പനിനീര്‍പ്പൂവുമായി ആ ചെടി പൊയ്കയുടെ നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തം ആയിരുന്നു. നിറയെ പൂക്കളും പൂമ്പാറ്റകളും വണ്ടുകളും പക്ഷികളും ഉണ്ടായിരുന്ന ആ പൂന്തോട്ടം സ്വര്‍ഗം പോലെ മനോഹരം ആയിരുന്നു. ആ പൂന്തോട്ടത്തിലെ ഒരു പൂമ്പാറ്റയും ആ പനിനീര്‍പ്പൂവും നല്ല ചങ്ങാതിമാര്‍ ആയിരുന്നു. എന്നും അവര്‍ പരസ്പരം കാണുമായിരുന്നു. പൂന്തോട്ടത്തിനപ്പുറത്തുള്ള മഞ്ചാടി കുന്നിലെ വിശേഷങ്ങളും . വള്ളിപ്പുഴയിലെ മീനുകളുടെ കഥകളും പൂമ്പാറ്റ ആ പൂവിനു പറഞ്ഞു കൊടുക്കുമായിരുന്നു. സഞ്ചരിക്കാന്‍ കഴിവില്ലാത്ത പൂവിന് അതൊക്കെ കേള്‍ക്കുന്നത് വലിയ സന്തോഷം ആയിരുന്നു. കൂട്ടു കൂടിയും കഥകള്‍ പറഞ്ഞും അവര്‍ വലിയ ചങ്ങാതിമാരായി തുടര്‍ന്നു.
അങ്ങിനെ ഇരിക്കെ ആ നാട്ടിലെ രാജ്ഞിക്ക് കലശലായ ഒരു അസുഖം പിടി പെട്ടു. പേരുകേട്ട ഒരുപാട് വൈദ്യന്‍മാര്‍ ചികിത്സിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല. രാജാവ് ആകെ സങ്കടത്തില്‍ ആയി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. നാട്ടിലെങ്ങും പട്ടിണിയും ദുരിതവും അയി. പ്രജകളും രാജാവിനെപ്പോലെ തന്നെ സങ്കടത്തില്‍ ആയി.
ഒരു ദിവസം രാജ്യത്തെ പുരോഹിതശ്രേഷ്ഠന്‍ ഒരു സ്വപ്നം കണ്ടു. ദൈവം കാട്ടികൊടുത്ത സ്വപ്നം എന്നാണ് അയാള്‍ അതിനെപ്പറ്റി പറഞ്ഞത്.
കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ പോയ്കയുടെ നടുക്ക് നില്‍ക്കുന്ന പനിനീര്‍ചെടിയിലെ അവസാനത്തെ വെളുത്ത പൂവ് ഉപയോഗിച്ച് രാജ്ഞിക്ക് മരുന്ന് ഉണ്ടാക്കി നല്‍കിയാല്‍ അവരുടെ രോഗം മാറും.
അതായിരുന്നു ആ വിചിത്ര സ്വപ്നം.
രാജ്ഞിയുടെ രോഗത്തിനുള്ള വിശേഷപ്പെട്ട മരുന്ന് ഉണ്ടാക്കാന്‍ പോകുന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. അറിഞ്ഞവര്‍ അറിയാത്തവരോടും കേട്ടവര്‍ കേള്‍ക്കാത്തവരോടും പറഞ്ഞ് പറഞ്ഞ് ആ കാര്യം നാട്ടില്‍ പാട്ടായി. അധികം താമസിയാതെ പനിനീര്‍പൂവിന്‍റെ കാതിലും ആ വാര്‍ത്ത എത്തി . പൂവ് ആകെ സങ്കടത്തില്‍ ആയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ അത് പ്രിയപ്പെട്ട കൂട്ടുകാരന്‍ വരുന്നതും കാത്തിരുന്നു.
രാവിലെ തന്നെ മയിലാടുംപാറയിലെ വിശേഷങ്ങള്‍ പറയാന്‍ പൂമ്പാറ്റ സന്തോഷത്തോടെ പറന്നു വന്നു. തനിക്കു സംഭവിക്കാന്‍ പോകുന്ന അപകടത്തെപ്പറ്റി പനിനീര്‍പ്പൂവ് പൂമ്പാറ്റയോട് പറഞ്ഞു. പൂമ്പാറ്റക്ക് സങ്കടം ആയി. രണ്ടു പേരും ഒത്തിരി നേരം ആലോചിച്ചിട്ടും രക്ഷപെടാന്‍ ഉള്ള ഒരു വഴിയും തോന്നിയില്ല. ഒരു ചെറിയ പൂമ്പാറ്റക്ക് എന്ത് ചെയ്യാന്‍ കഴിയും! തന്റെ ചങ്ങാതി ഇല്ലാതാകാന്‍ പോകുകയാണെന്ന് ഓര്‍ത്തപ്പോള്‍ പൂമ്പാറ്റക്ക് കരച്ചില്‍ വന്നു. പഴയ കാര്യങ്ങള്‍ ഓരോന്ന് ഓര്‍ത്തും, പരസ്പരം പറഞ്ഞും അവര്‍ നെടുവീര്‍പ്പിട്ടു. സമയം കടന്നു പോയി. സൂര്യന്‍ അസ്തമിച്ചു ഇരുട്ട് പരന്നു തുടങ്ങി. കിളികളും പ്രാണികളും കൂടണഞ്ഞിട്ടും പൂമ്പാറ്റ അവിടെ തന്നെ ഇരുന്നു. ഈ ഒരു രാത്രി കൂടിയല്ലേ അതിന് സ്വന്തം സുഹൃത്തിന്റെ കൂടെ ഇരിക്കാന്‍ അവസരം ഉള്ളു.
അതിരാവിലെ പൂന്തോട്ടത്തില്‍ പതിവില്ലാത്ത ശബ്ദകോലാഹലം കേട്ടാണ് പൂവ് ഉണര്‍ന്നത്. രാജാവ് മന്തിമാരോടും ഭടന്മാരോടും കൂടി പൂന്ത്ട്ടത്തില്‍ വന്നതിന്റെ ആരവം ആയിരുന്നു അത്. പൂവ് ഭയന്ന് വിറക്കാന്‍ തുടങ്ങി. അതിന്റെ ജീവിതം അവസാനിക്കാറായി, ഏതു നിമിഷവും തന്നെ അവര്‍ ചെടിയില്‍ നിന്ന് വേര്പെടുത്തുമെന്നും, തന്റെ ജീവന്‍ നഷ്ടപെടും എന്നും അത് മനസ്സിലാക്കി. പക്ഷേ ഒന്നും സംഭവിച്ചില്ല, ആരും പോയ്കയുടെ നടുവിലേക്ക് വന്നില്ല. എന്തൊക്കെയോ പിറുപിറുത്തും ദൈവത്തെ വിളിച്ചും നിരാശനായി രാജാവ് മടങ്ങി പോയി.
പനിനീര്‍ പൂവിന് ഒന്നും മനസ്സിലായില്ല. എന്താണ് തന്നെ പറിച്ചെടുക്കാത്തത് എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് പൊയ്കയിലെ കണ്ണാടി പോലുള്ള തെളിവെള്ളത്തില്‍ സ്വന്തം പ്രതിബിംബം ആ പൂവ് കണ്ടത്. അത് ശരിക്കും അദ്ഭുതം നിറഞ്ഞ ഒരു കാഴ്ച്ച തന്നെ ആയിരുന്നു. ഇന്നലെ വരെ വെളുത്തിരുന്ന ആ പനിനീര്‍പൂവിന്റെ നിറം മാറിയിരിക്കുന്നു.കടും ചുവപ്പ് നിറത്തിലുള്ള തന്റെ പ്രതിബിംബം കണ്ടിട്ട് അത് താന്‍ തന്നെയാണോ എന്ന് ആ പൂവ് ശങ്കിച്ചു നിന്നു.
പൂവിന് സന്തോഷം അടക്കാന്‍ ആയില്ല. വലിയൊരു അപകടം അല്ലേ അകന്നു പോയത്. തന്റെ കൂട്ടുകാരന്‍ താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോള്‍ ഒരുപാട് സന്തോഷിക്കും. പനിനീര്‍പ്പൂവ് പൂമ്പാറ്റയെ കാത്തിരുന്നിട്ടും അവന്‍ വന്നില്ല. നേരം കുറേ ആയപ്പോള്‍ പതിവ് പോലെ ഉച്ചക്കാറ്റ് വന്നു. അത് പനിനീര്‍ച്ചെടിയെ ഒരു വശത്തേക്ക് ചെരിച്ചതും പനിനീര്‍പ്പൂവ് ആ കാഴ്ച്ച കണ്ടു തരിച്ചു നിന്നു. പനിനീര്‍ ചെടിയുടെ ചുവട്ടില്‍ വീണ് കിടക്കുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ചങ്ങാതിയുടെ ജീവനു വേണ്ടി സ്വന്തം രക്തം ഊറ്റി നല്‍കി മരിച്ചു വീണു ആ ചിത്രശലഭം.സ്വന്തം രക്തം കൊണ്ട് അവന്‍ തന്നെ ചുമപ്പിച്ചിരിക്കുന്നു. ദുഃഖം സഹിക്കാന്‍ കഴിയാതെ പനിനീര്‍പ്പൂവ് പൊടിക്കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ആ പൂവും ഞെട്ടറ്റു വീണു.
പിന്നീട് ആ ചെടിയില്‍ വിരിഞ്ഞിരുന്ന പൂക്കള്‍ എല്ലാം ചുവപ്പ് പൂക്കള്‍ ആയിരുന്നു. ചുവന്ന റോസാപ്പൂക്കള്‍ ഉണ്ടായത് അങ്ങിനെയാണെന്നാണ് വിശ്വാസം. ആ പൂവിന്‍റെ പിന്തുടര്‍ച്ചക്കാര്‍ ആണത്രേ ഇപ്പോള്‍ ഉള്ള ചുവന്ന പനിനീര്‍ പൂക്കള്‍ " ടീച്ചര്‍ കഥ പറഞ്ഞു നിര്‍ത്തി.
കുട്ടികള്‍ ചിമ്മാതെ ടീച്ചറെ തന്നെ നോക്കിയിരുന്നു. പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ഞങ്ങള്‍ ഇനി പൂക്കള്‍ പറിക്കില്ല ടീച്ചര്‍"അവര്‍ ഒരുമിച്ചു പറഞ്ഞു.