അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, ജനുവരി 11, ബുധനാഴ്‌ച

കൺട്രയിൽ (Contrail)

വിറകിന്റെ കറ പറ്റി നരച്ചു തുടങ്ങിയ ഇളം നീല ബ്ലൗസിൽ നിന്നും അല്പം മുൻപ് മാത്രം വെട്ടി പരുവപ്പെടുത്തിയ ചക്കയുടെ പശ കിള്ളി പൊളിച്ചെടുത്ത് മുണ്ടിന്റെ തുമ്പും പാവാടയും ചേർത്ത് അരയിൽ കുത്തി അതുവരെ വർത്തമാനത്തിൽ മുഴുകി നിന്ന മേരി ചേച്ചിക്ക് ശിംശിപാ വൃക്ഷ ചുവട്ടിൽ ഇരുന്ന സിദ്ധാർഥ രാജകുമാരന് തോന്നിയത് പോലുള്ള ഒരു ഉൾവിളി ഉണ്ടായി.

"അമ്മിണിച്ചേച്ചീ ഞാനെന്നാ ഈ കാടീം കൊണ്ടങ്ങ് പോകുവാ. അങ്ങേര് നൈറ്റ് കഴിഞ്ഞ് വരാറായി. എന്നെ വീട്ടീ കണ്ടില്ലെങ്കി പിന്നെ അത് മതി"

വെട്ടുകല്ലു കൊണ്ട് കെട്ടിയ നടക്കല്ലിറങ്ങുമ്പോൾ ടെറസിൽ നിന്ന് ഡിഷ് ആന്റിന ശരിയാക്കുന്ന പയ്യനെ നോക്കി മേരിച്ചേച്ചി വിളിച്ചു പറഞ്ഞു: "എടാ കൊച്ചേ ഒന്ന് വേഗം ശരിയാക്കി കൊട് "

"അതവൻ നന്നാക്കിക്കോളും നല്ല കഴിവുള്ള ചെക്കനാ" അമ്മിണിഅമ്മയുടെ മൂത്ത മകൻ ബാബു ഇറങ്ങി വന്നു.

"ഏ.. ബാബു ഇന്ന് പോയില്ലായിരുന്നോ." കാടി നിറച്ച ചളുങ്ങിയ അലൂമിനിയം ബക്കറ്റ് താഴുത്തെ നടക്കല്ലിൽ വെച്ചിട്ട് മേരിച്ചേച്ചി ചോദിച്ചു.

"ഇല്ല ഓട്ടോ പണിക്ക് കേറ്റിയേക്കുവാ. പിന്നെ ചെറിയൊരു മേല് നൊമ്പരം. പണിക്കോളാണെന്ന് തോന്നണു"

"എന്നാടാ ബാബു അത്. അങ്ങോട്ട് നോക്കിക്കേ" താഴെ നിന്ന് കൊണ്ട് അഞ്ച് അടി ഉയരത്തിൽ നിൽക്കുന്ന അഞ്ചര അടി ഉയരമുള്ള ബാബുവിന്റെ തലയ്ക്കു പിന്നിലൂടെ ആകാശത്തു കണ്ട നീളമുള്ള വെളുത്ത രണ്ടു സമാന്തര രേഖകൾ കണ്ട് മേരിച്ചേച്ചി അദ്‌ഭുതം കൂറി.

താഴെ നിന്ന് മേരിച്ചേച്ചിയും മുറ്റത്തു നിന്ന് ബാബുവും ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കനും നേർ രേഖയിൽ ആകാശത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ഉമ്മറത്തെ ഇളംതിണ്ണയിൽ ഇരുന്ന അമ്മിണിയമ്മയും മേലേക്ക് നോക്കി.

"അത് വിമാനത്തിന്റെ പൊകയാണ് " മേലോട്ട് തിരിച്ച കഴുത്ത് നൂറ്റി എൺപത് ഡിഗ്രി എതിർ ദിശയിൽ തിരിച്ച് മേരിച്ചേച്ചിയെ നോക്കി ബാബു പറഞ്ഞു.

"വിമാനത്തിന് പൊകയോ..!"സംശയ നിവൃത്തിക്കായി മേരിച്ചേച്ചി വീണ്ടും ചോദിച്ചു 

"അതിന് ഇതിന് മുൻപ് വിമാനത്തീന്ന് പൊക പോണത് ഞാങ്കണ്ടിട്ടില്ലല്ലോ"

"അതിപ്പോ ഞാൻ എന്താ പറയുക, ആ ഈ പെട്രോൾ ലാഭിക്കാൻ ആയിട്ട് നമ്മൾ ഇച്ചിരി മണ്ണെണ്ണ മിക്സ് ചെയ്ത് ഇടക്ക് ഓട്ടോ ഓടിക്കാറുണ്ട്. അപ്പൊ അത് വരെ ഇല്ലാത്ത രീതിയിൽ പുക വരും. ഒരു തവണ പോലീസ് പിടിച്ചപ്പോ ഞാൻ ആ പണി നിർത്തി. അങ്ങനെ പെട്രോളിന്റെ കൂടെ മണ്ണെണ്ണ ചേർത്ത് പറത്തുന്ന വിമാനത്തിലാണ് ഈ പൊക കാണണത്"

"അത് അതൊന്നുമല്ല കൺട്രയിലാ" കേട്ട് പരിചയം ഇല്ലാത്ത ഒരു ശബ്ദം കേട്ട് ഞെട്ടിയ മൂവരും മുകളിലേക്ക് നോക്കി. ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കൻ ഒന്നൂടെ ഉറപ്പിച്ചു പറഞ്ഞു "ജെറ്റ് ട്രയിൽ എന്നും പറയും"

"അപ്പൊ അത് പൊകയല്ലേ"

"അല്ലന്നേ.. ഈ ജെറ്റ് എഞ്ചിൻ ഉള്ള വിമാനങ്ങൾ ഒക്കെ ഒരുപാട് ഉയരത്തിൽ പറക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംഭവം ആണ് ആ കാണുന്നത്."

"ജെറ്റ് എഞ്ചിനോ ? അതെന്താ?" ബാബുവിനായിരുന്നു സംശയം

"അത് ജെറ്റ് ഫ്യുവൽ എന്ന ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എഞ്ചിൻ ആണ്, പെട്രോൾ അല്ല അതിൽ ഒഴിക്കുന്നത്. ഈ വെള്ളം കുടിക്കണ ഗ്ലാസ് ഇല്ലേ അത് പോലെ ആണ് അതിന്റെ ഷേപ് , തുറന്നിരിക്കുന്ന ഭാഗത്ത് ഒരു ഫാൻ ഉണ്ട് അത് വായുവിനെ ഉള്ളിലേക്ക് വലിച്ചു കയറ്റും അത് ഉള്ളിലെത്തി ഈ ജെറ്റ് ഫ്യുവലുമായി കൂടിക്കലർന്നു കത്തും. ആ കത്തലിന്റെ ബൈ പ്രോഡക്റ്റ് ആയിട്ട് വെള്ളവും ഉണ്ടാകും, അത് വെള്ളമായിട്ടല്ല നീരാവി ആയിട്ടാവും എൻജിന്റെ പിന്നിലൂടെ പുറത്തേക്ക് വരുക "

"ബൈ പ്രോഡക്ട് എന്ന് പറഞ്ഞാ..?" അത് വരെ എല്ലാത്തിനും ശ്രോതാവായി നിന്ന അമ്മിണിയമ്മ സംശയം തൊടുത്തു വിട്ടപ്പോൾ മേരിച്ചേച്ചി രണ്ട് പടി മുകളിലേക്ക് കയറി നിന്നു.

"എന്ന് പറഞ്ഞാൽ നമുക്ക് ഇപ്പൊ ഒരു സാധനം ഉണ്ടാക്കി എടുക്കണം. അത് ഉണ്ടാക്കുന്നത്തിന്റെ ഒപ്പം ഉപകാരപ്രദമായ മറ്റെന്തെങ്കിലും കൂടി തനിയെ ഉണ്ടാകുകയാണെങ്കിൽ അതിനെ ബൈ പ്രോഡക്ട് എന്ന് വിളിക്കാം.."

"ഓ...അത് പറ ഈ ചോറ് വെക്കുമ്പോ കഞ്ഞിവെള്ളം കിട്ടുന്ന പോലെ അല്ലേ.." എല്ലാവരും ഒരുമിച്ചു ചിരിച്ചു.

"എന്നാലും ഈ സാധനം കൊണ്ട് എങ്ങനെയാ ആ വര ആകാശത്തു വരുന്നത് എന്ന് പറ" ബാബു ധൃതി കൂട്ടി

"പറയാം.. നീരാവി ഉണ്ടാകുന്ന കാര്യം പറഞ്ഞില്ലേ. നീരാവി എന്താണെന്ന് അറിയാല്ലോ അല്ലേ. വെള്ളം തിളക്കുമ്പോൾ ആവി പൊങ്ങും അത് മൂടി വെച്ച് കുറേ കഴിയുമ്പോൾ അത് തണുത്ത് വീണ്ടും വെള്ളം ആകും അല്ലേ. ആ വെള്ളം ഫ്രിഡ്ജിൽ വെച്ചാലോ കുറേ താണുപ്പിക്കുമ്പോൾ ഐസ് ആകും. ഇവിടെയും അത് തന്നെ ആണ് നടക്കുന്നത്. വിമാനങ്ങൾ പറക്കുന്ന ഉയരത്തിൽ മിക്കവാറും താപനില നമ്മുടെ ഫ്രിഡ്ജിലെ ഫ്രീസറിനും ഒരുപാട് താഴെ ആണ്. പൂജ്യത്തിനും ഒരുപാട് താഴെ. അവിടെ വെച്ച് ചൂട് നീരാവി പുറത്തേക്ക് വരുമ്പോൾ അത് ഉടനെ തന്നെ ഐസ് ക്രിസ്റ്റലുകൾ ആയി മാറും. അത് താപനിലയുടെ അവസ്ഥ അനുസരിച്ചു മൂന്നോ നാലോ മിനിറ്റ് മുതൽ അര മണിക്കൂർ വരെ ഇത് പോലെ വര ആയി നിൽക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ഒരു തരം മേഘങ്ങൾ ആണ് സിറസ് (cirus) മേഘങ്ങൾ. കണ്ടേൻസേഷൻ എന്ന ശാസ്ത്ര പ്രതിഭാസം കൊണ്ട് ഉണ്ടാകുന്ന മേഘങ്ങൾ ആയത് കൊണ്ട് കണ്ടൻസേഷൻ ട്രയിൽ(condensation trail) എന്നും ജെറ്റ് എൻജിനിൽ നിന്നുള്ളത് ആയത് കൊണ്ട് ജെറ്റ് ട്രയിൽ (jet trail) എന്നും ഇത് അറിയപ്പെടാറുണ്ട്.അല്ലാതെ മണ്ണെണ്ണ ഒഴിച്ച് വിമാനം പറത്തുന്നതൊന്നും അല്ല കേട്ടോ."

"ഓ.. എനിക്കാദ്യേ സംശയം തോന്നിയതാ.." മേരിച്ചേച്ചി പറഞ്ഞു.

"ഡിഷ് ശരിയായിട്ടുണ്ട് ടിവി ഒന്ന് നോക്കിക്കേ.."

"ആ കിട്ടുന്നുണ്ട് മോനേ. നീ വാ ചായ കുടിച്ചിട്ട് പോകാം."

അമ്മിണിയമ്മ നിർബന്ധിച്ചെങ്കിലും ജോലിത്തിരക്കുള്ളതുകൊണ്ട് ആ ക്ഷണം സ്നേഹപൂർവം നിരസിച്ചു കൊണ്ട് അവൻ യാത്രയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ