വിന്റർഗാർഡൻ
6 കിലോമീറ്റർ എന്ന ചൂണ്ടുപലക വഴിയരികില്‍ ആദ്യമായി കണ്ടതു മുതൽ ആ കരിങ്കൽ സൗധം വന്യമായ
ചാരുതയോടെ കണ്ണുകൾക്ക് മുന്നിൽ പല തവണ തലയുയർത്തി. ഓരോ തവണ കാഴ്ച്ചയില്‍ നിറയുമ്പോഴും
കൂടുതൽ ഭംഗി തോന്നുന്നു പഴയ ബ്രട്ടീഷ് ബംഗ്ലാവിന്. മലമുകളിൽ നടക്കാനിറങ്ങിയ കോടമഞ്ഞ്
ഇടക്കിടെ കാഴ്ചകളെ മറച്ചു. ശ്രീനിവാസ് രഞ്ജിനിയെ നോക്കി. സൈഡ് വിന്‍ഡോയിലേക്ക് തലചേർത്തു
മയങ്ങുകയായിരുന്നു അവള്‍. എന്തൊരു ഉത്സാഹമായിരുന്നു ഫ്‌ളാറ്റിൽ നിന്നിറങ്ങുമ്പോൾ. ഇപ്പോൾ
കിടന്നുറങ്ങുന്നത് കണ്ടില്ലേ. തെല്ലൊരു പരിഭവം അയാളുടെ കണ്ണുകളിൽ നിറഞ്ഞു.
സ്വന്തമാകേണ്ടിയിരുന്ന ആദ്യ ദിവസങ്ങള്‍ ബന്ധുക്കൾക്കും
സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പങ്കു വെച്ചു നൽകേണ്ടി വന്നു. വീടുകളിൽ നിന്നു വീടുകളിലേക്കുള്ള
പരക്കം പാച്ചിലുകളുടെ ക്ഷീണം തീർക്കാൻ രാത്രികൾ പോരാ എന്നു തോന്നി. വിവാഹ ജീവിതത്തിൽ
ഏറ്റവും അനന്ദകരം ആദ്യനാളുകളാണെന്ന് ആരോ പറഞ്ഞത് ഓർമ വന്നു. എന്തൊരസംബന്ധമാണത്. അവധി
അവസാനിപ്പിച്ചു ഫ്ലാറ്റിയിലേക്ക് തിരികെ എത്തിയപ്പോഴാണ് അല്പമെങ്കിലും സമാധാനം തോന്നിയത്.
രഞ്ജിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടു വരാൻ പിന്നെയും ഒരാഴ്ച സമയം വേണ്ടി വന്നു. ഒരു പുരുഷന്റെ
മുറി എന്ന കളങ്കവും പേറി നിന്ന 1ബി.എച്ച്.കെ ഫ്ളാറ്റിലെ സ്വന്തം സാമ്രാജ്യത്തെ, ഇനി
മുതൽ നീ അല്പം അടുക്കും ചിട്ടയും കാത്തു സൂക്ഷിക്കണം, ഒരു പെണ്ണിനെ കൂടി നീ ഉൾക്കൊള്ളണം
എന്നു പറഞ്ഞു മനസിലാക്കുന്നതിനിടെയാണ് ഈ യാത്രക്ക് നന്ദി പറയേണ്ടുന്ന ആ സുഹൃത്ത് തുറന്നിട്ട
വാതിലിലൂടെ ഒരു കോളിംഗ് ബില്ലിന്റെ ഔപചാരികത പോലുമില്ലാതെ കടന്നു വന്നത്.
"മിസ്റ്റര്‍.ശ്രീനിവാസ്..ഹാര്‍ട്ടി കണ്‍ഗ്രാജുലേഷന്‍സ്
ഓണ്‍ യുവര്‍ മാരിയേജ്. കുറച്ച് ഒഫീഷ്യല്‍ തിരക്കുകള്‍ ഉണ്ടായിരുന്നു സുഹൃത്തേ. അതുകൊണ്ടാണ്
വരാന്‍ സാധിക്കാതിരുന്നത്. മിസ്സിസ്.ശ്രീനിവാസിനെ കൊണ്ടു വന്നില്ലേ..?"
അതിഥിയുടെ വാക്കുകളിലെ ആത്മാർത്ഥയെ ലഘൂകരിക്കാതെ
വ്യാജമായ ഒരു പരിഭവം മുഖത്തു വരച്ചു കൊണ്ട് ശ്രീനിവാസ് അദ്ദേഹത്തോട് സംസാരിച്ചു. കുശാലന്വേഷണങ്ങൾക്കപ്പുറം
അയാൾ ഒരു കവർ ശ്രീനിവാസിനെ ഏൽപ്പിച്ചു. അതിനുള്ളില്‍ വിന്റർഗാർഡനിലെ ഒരാഴ്ച വിവാഹ സമ്മാനമായി
അയാൾ അടക്കം ചെയ്തിരുന്നു.
വിന്‍റര്‍ഗാര്‍ടന്റെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
ജുബ്ബ പോലെ തോന്നിക്കുന്ന അഴഞ്ഞു തൂങ്ങിയ പച്ച ഷർട്ടിനു മുകളിൽ കൂടി സ്വെറ്റർ ധരിച്ച
ഒരാൾ വന്നു ഗേറ്റ് തുറന്നു. ശ്രീനിവാസ് കാറിൽ നിന്നിറങ്ങിയപ്പോഴേക്കും തന്നേക്കാൾ വലിയ
കുപ്പായവും ചുമന്നു കൊണ്ട് ആ മനുഷ്യന്‍ ഓടിയെത്തി. മുറുക്കാൻ കറ പിടിച്ച പല്ലു കാട്ടി
മുഴുക്കെ ചിരിച്ചുകൊണ്ട് അയാൾ അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. കരിങ്കൽച്ചുവരുകൾക്കകവും
പുറവുമുള്ള കാഴ്ചകൾ. ഓരോന്നും ഓരോ മാനുഷിക വികാരങ്ങളുടെ ആവിഷ്കാരം പോലെ. മൂടൽമഞ്ഞിനു
പിന്നിൽ ഒളിച്ചിരുന്ന സൂര്യൻ അവരെ ഒന്നെത്തി നോക്കിയ ശേഷം ചുവപ്പു വിതറി താഴേക്ക് മറഞ്ഞു.
മരം കോച്ചുന്ന തണുപ്പിൽ അൽപം ചൂടിനായി മലമടക്കുകൾ ഇരുട്ടിന്റെ കട്ടിയുടുപ്പുകൾ അണിഞ്ഞു.
ആകാശത്ത് വിടർന്ന എണ്ണമില്ലാത്ത നക്ഷത്രങ്ങൾ. ചീവീടുകളുടെ ശബ്ദഘോഷം. തണുപ്പിന്റെ കട്ടി
കൂടിയപ്പോൾ രഞ്ജിനിയെ കൂട്ടി ശ്രീനിവാസ് അകത്തേക്ക് നടന്നു. മുറിയിലെ നെരിപ്പോടിനുള്ളിൽ
പൊട്ടിയും ചീറ്റിയും എരിഞ്ഞമരുന്ന വിറകുകൾ അവര്‍ക്കു ചൂട് പകര്‍ന്നു.
"ഇത്രയും മനോഹരമായ ഒരിടത്തും ഞാന്‍ ഇതുവരെ പോയിട്ടില്ല
ശ്രീനി. എന്തു രസാ ഇവിടോക്കെ." രഞ്ജിനിയുടെ കണ്ണുകളിലെ തിളക്കം ശ്രീനിവാസ് ആസ്വദിച്ചു.
ഭാര്യയുടെ സന്തോഷത്തില്‍നിന്നും ഭര്‍തൃത്വത്തിന്‍റെ മധുരം മുങ്ങിയെടുത്തു രുചിച്ച്
ആ ഭര്‍ത്താവ് പുഞ്ചിരിച്ചു.
കുളിമുറിഭിത്തിയിലുറപ്പിച്ച ഹീറ്ററിലെ ചൂടുവെള്ളത്തില്‍
പകല്‍ക്കാഴ്ചകള്‍ ദേഹത്തിനു സമ്മാനിച്ച ക്ഷീണം കഴുകിക്കളയുകയായിരുന്നു രഞ്ജിനി. മുറിയിൽ
ഒറ്റക്കായപ്പോള്‍ ഭിത്തിയിലെ പഴഞ്ചന്‍ ഘടികാരത്തിലെ സൂചികളുടെ ചലനങ്ങള്‍ ശ്രീനിവാസിന്
രസകരമായ കാഴ്ചയായി തോന്നി. പന്ത്രണ്ടിലേക്ക് രണ്ടു സൂചികളുടെ ഓട്ടപ്പന്തയം നടക്കുകയാണ്.
കൂട്ടത്തില്‍ അല്‍പം തടിച്ചവന്‍ ഒന്‍പതിന്‍റെ ചുവട്ടില്‍ വിശ്രമത്തില്‍ ആണ്. മെലിഞ്ഞവനാകട്ടെ
രണ്ടു മിനിറ്റിനുള്ളില്‍ പന്ത്രണ്ടിലെത്തി ഫിനിഷ് ചെയ്യും. കുഞ്ഞുനാളില്‍ കേട്ട കുട്ടിക്കഥയിലെ
മടിയന്‍ മുയലച്ചനെ തോല്‍പ്പിച്ച ആമച്ചാരേപ്പോലെ മിനിറ്റ് സൂചി നിരങ്ങി നീങ്ങുന്നു.
ഇതിനിടയിലെപ്പോഴോ സ്വയമറിയാതെ അയാൾ മയക്കത്തിലേക്ക് വഴുതി വീണു. ബാൽക്കണിയിലേക്ക് തുറന്നിട്ട
വാതിലിലൂടെ ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്തു തലോടി കടന്നു പോയി. മയക്കത്തിൽ നിന്നും
കണ്ണുകൾ തുറന്നു. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.
"നീ കുളി കഴിഞ്ഞില്ലേ..?"
"ഞാൻ ഇപ്പൊ കയറിയതല്ലേ ഉള്ളൂ ശ്രീനീ"
ശ്രീനിവാസ് ഘടികാരത്തിലേക്കു നോക്കി. സൂചികളുടെ ഓട്ടപ്പന്തയം
അവസാനിച്ചതേ ഉള്ളു. പക്ഷേ ഒരുപാട് സമയം ഉറങ്ങിയത് പോലെ. അസ്വസ്ഥമായ മയക്കം. വിചിത്രമായ
ആ സ്വപനം വീണ്ടും കണ്ടു ഇതിനിടയിൽ.
"ശ്രീനി എന്തോ കാര്യമായി ആലോചിക്കുകയാണെന്ന്
തോന്നുന്നല്ലോ." അയാൾ ചിന്തകളിൽ നിന്നുണർന്ന് അവളെ നോക്കി. അതേ രൂപം, അതേ മുഖം,
അതേ കണ്ണ്, ചിരി പോലും അത് പോലെ തന്നെ.
"ആഹാ കുളി കഴിഞ്ഞു വന്നോ."
"അത് കൊള്ളാം.. കുളിക്കാൻ കയറിയപ്പോഴേക്കും
വിളി തുടങ്ങിയില്ലേ.." മുടിയിൽ ചുറ്റിയിരുന്ന ടവൽ അല്പം കൂടി മുറുക്കി കെട്ടുന്നതിനിടയിൽ
അവൾ പറഞ്ഞു.
"നിന്റെ കഴുത്തിൽ ഒരു കറുത്ത മറുക്കുണ്ടായിരുന്നല്ലോ!
അതെവിടെ?"അയാൾ ചോദിച്ചു.
"മറുകോ..! എനിക്ക് കഴുത്തിൽ മറുകൊന്നും ഇല്ലായിരുന്നല്ലോ."
ശ്രീനിവാസ് സ്വപ്നത്തെക്കുറിച്ചു
ചിന്തിച്ചു. കണ്ട സ്വപ്‌നങ്ങളിലെല്ലാം അവളുടെ കഴുത്തിലാ മറുകുണ്ടായിരുന്നു. പക്ഷേ രണ്ജിനിയുടെ
കഴുത്തിൽ അങ്ങിനെ ഒരു മറുകുണ്ടോ എന്നു താൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.നിമിത്തങ്ങളെ
വിശ്വസിക്കരുതായിരുന്നു. താന്‍സ്വയം ചതിക്കപ്പെട്ടിരിക്കുന്നു.
"എനിക്കൊരു കാര്യം പറയാനുണ്ട്. നീ എന്റെ അടുത്തു
വന്നിരിക്കാമോ?"ശ്രീനിവാസ് അവളെ തന്നോടു ചേർത്തിരുത്തി. നനഞ്ഞ മുടിയിൽ നിന്നും
രഞ്ജിനിയുടെ കവിളിലൂടെ ഒഴുകി വന്ന ഒരു വെള്ളതുള്ളിയെ തുടച്ചുകൊണ്ടായാൾ സ്വപ്നങ്ങളെക്കുറിച്ചു
സംസാരിച്ചു.
"നിനക്ക് സ്വപ്നങ്ങളിൽ വിശ്വാസം ഉണ്ടോ..?"
"ഒരു സമയത്ത് ഞാന്‍ഒരുപാട് സ്വപ്‌നങ്ങള്‍ കാണുമായിരുന്നു. സ്വപ്‌നങ്ങള്‍എന്നെ വേട്ടയാടുകയായിരുന്നു. സ്വപ്നവും ജീവിതവും തമ്മിലുള്ള സാമ്യം എന്താണെന്ന് നിനക്കറിയാമോ? രണ്ടും യാദൃശ്ചികമാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നത് അറിയുക അസാധ്യം. പക്ഷേ സ്വപ്നവും ജീവിതവും തിരിച്ചറിയാനുള്ള ഒരു മാര്‍ഗം ഉണ്ട്. അവയെ പരസ്പരം വേര്‍തിരിക്കുന്ന ഒന്ന്. നമ്മള്‍ചെയ്യുന്ന പൃവൃത്തികള്‍. സ്വപ്നത്തില്‍ ഒന്നുംതന്നെ നമ്മുടെ നിയന്ത്രണത്തില്‍ അല്ല. എന്തു ചെയ്താലും പിന്നീടുള്ളതെല്ലാം കാണാപ്പുറങ്ങള്‍ മാത്രമായിരിക്കും. അതേ സമയം ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും, നല്ലതോ ചീത്തയോ, തക്കതായ പ്രതിഫലം നമുക്ക് നല്‍കും. ഇവ രണ്ടും തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കാന്‍ കഴിയാതെ പോയവര്‍ക്ക് ജീവിതം സ്വപ്നമെന്നപോലെ യാദൃശ്ചികതകള്‍ നിറഞ്ഞതായിത്തീരും . നിന്നെ നേരില്‍കണ്ട നിമിഷം ആ വേര്‍തിരിവ് ഞാന്‍മറന്നു. അതിനു കാരണമുണ്ട്. നമ്മൾ തമ്മിൽ കണ്ടുമുട്ടുന്നതിനു മുൻപ് ഒരു പെൺകുട്ടി എന്റെ സ്വപ്നങ്ങളിലെ നിത്യ സന്ദർശകയായിരുന്നു. അവൾ സുന്ദരിയായിരുന്നു. പെണ്ണത്തത്തിന്റെ എല്ലാ അഴകളവുകളും ഒത്തിണങ്ങിയവള്‍. ശ്യാമ വര്‍ണം ദീർഘ വൃത്തത്തിന്റെ അഴകാകൃതിയിൽ വിളങ്ങുന്ന മുഖശ്രീ, ഒരു നോട്ടത്തില്‍ ആരെയും ഭ്രമിപ്പിക്കുന്ന വിടര്‍ന്ന കണ്ണുകൾ. വലിയ നെറ്റിത്തടങ്ങൾക്കു മുകളിൽ നിന്നും ചെറിയ ചുരുളുകളോടെ ഇടതൂർന്ന മുടിക്കെട്ട്. വശ്യമായ കഴുത്തിന്റെ വലതു വശത്ത് അവളുടെ എല്ലാ അഴകുകള്‍ക്കുമലങ്കാരമായി ഒരു കറുത്ത മറുക്. അവൾ ആരെന്നോ എന്തിനു ഞാനവളെ എന്റെ സ്വപ്നങ്ങളിൽ കാണുന്നെന്നോ എനിക്കറിയില്ലായിരുന്നു. പക്ഷേ അജ്ഞാതമായ ഒരു പ്രേരണാശക്തി അവള്‍ ആരെന്നറിയുവാനുള്ള അഗാധമായ തൃഷ്ണ എന്നില്‍ ആളിക്കത്തിച്ചുകൊണ്ടിരുന്നു. വിചിത്രമായ ആ സ്വപ്നങ്ങൾ, നിരന്തരമവ എന്റെ രാത്രികളിൽ നിറഞ്ഞിരുന്നു. ഒരുപക്ഷേ അന്ന് നിന്നെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുവെങ്കിൽ എനിക്കിത് വിചിത്രമായി തോന്നില്ലായിരുന്നു. കാരണം അവൾക്കു നിന്റെ ഛായ ആയിരുന്നു"
"എന്റെ ഛായയോ ! അത് ഞാൻ തന്നെ ആയിരുന്നില്ലേ ശ്രീനീ. എന്നെ വര്‍ണിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ശ്രീനി ഇടക്ക് ചൊല്ലാറുള്ള ശ്ലോകങ്ങളില്‍ ദേവിയെ വര്‍ണിക്കുന്നത് പോലെ. പക്ഷേ ആ മറുക്. അങ്ങനെ ഒന്നെനിക്കില്ല. ശ്രീനി കളി പറയുന്നതല്ലേ.." തലയുയർത്തി കുസൃതിച്ചിരിയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു. വശ്യമായി തോന്നിയിരുന്ന നോട്ടം ഈ നിമിഷം തന്നെ പൊള്ളിക്കുന്നത് പോലെ ശ്രീനിവാസിനു തോന്നി. മഞ്ഞിന്റെ തണുപ്പിലും രഞ്ജിനിയുടെ ചോദ്യത്തിന്റെ ചൂടിൽ അയാൾ വിയർത്തു.
"നിന്റെ പ്രതികരണം, അതിങ്ങനെ തന്നെയാകും എന്ന് അറിയാമായിരുന്നത് കൊണ്ടാണ് ഞാൻ ഇത് പറയാതെ ഇരുന്നത്. പക്ഷേ ഇന്ന്.. എനിക്കോർമയില്ല ആ സ്വപ്നം എന്നെ എന്നാണ് വേട്ടയാടിത്തുടങ്ങിയതെന്ന്. ഒരു പേക്കിനാവ് പോലെ ആയിരുന്നു അതിന്റെ തുടക്കം. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുഴയുടെ തീരത്തു നിൽക്കുകയായിരുന്നു ഞാൻ. വർഷങ്ങൾ പഴക്കം തോന്നിക്കുന്ന പാതി തകർന്ന നിലയിൽ ഒരു പാലം. അതിന്റെ നടപ്പാത ഭംഗിയുള്ള മരപ്പലകകൾ വിരിച്ച നിലയിൽ ആയിരുന്നു. എവിടെ നിന്നോ ഒരു വള്ളം അതിനരികില്‍ വന്നു നിന്നു. അതിന്റെ അകം പോള്ളയായിരുന്നു. അതിന്റെ ഉള്ളിലേക്ക് കൗതുകത്തോടെ നോക്കിയ ഞാൻ വെള്ളത്തിലേക്കെടുത്തെറിയപ്പെട്ടു. വെള്ളത്തിനടിയിൽ ഞാൻ അവളെ കണ്ടു, എന്റെ തൊട്ടു മുന്നിൽ. വയലറ്റ് നിറമുള്ള പൂക്കൾ തുന്നിപ്പിടിപ്പിച്ച ഒരു വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്. എന്നെ കണ്ടതും അവൾ നീന്തിയകന്നു. പിന്നീടൊരിക്കൽ ഓഫീസിൽ വച്ച്. തിരക്കിനിടയിൽ കിട്ടിയ അൽപ സമയം ടേബിളിൽ തല വച്ചു കണ്ണുകളടച്ചു കിടക്കുകയായിരുന്നു ഞാന്‍. മയക്കം വന്നതറിഞ്ഞില്ല. എന്റെ കാബിനിലേക്ക് അവൾ കടന്നു വന്നു. ടേബിളിന് മുന്നിലിട്ടിരുന്ന കസേരയിൽ അവളിരുന്നു. അവൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ സമയം അവളുടെ മുഖത്ത് എന്തിനോടൊക്കെയോ ഉള്ള ഭയം നിഴലിച്ചിരുന്നു. എസിയുടെ തണുപ്പിലും അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് ഒരു വിയർപ്പുതുള്ളി ഉരുണ്ട് അവളുടെ മൂക്കിന്റെ തുമ്പത്ത് വന്നു നിന്നു. അതിൽ എന്റെ മുഖം കാണാമായിരുന്നു. അങ്ങനെ പല തവണ. പിന്നീട് കണ്ട ഓരോ സ്വപ്നങ്ങളിലും അവളുമായുള്ള അകലം കുറഞ്ഞു വരുന്നത് പോലെ തോന്നി. ബസ്റ്റോപ്പിൽ , പാർക്കിൽ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി. ഓഫീസിൽ നിന്ന് പാർക്കിങ്ങിലേക്ക് ഒരു കുടയുടെ കീഴിൽ മഴയത്ത്. ആരെന്നോ എന്തെന്നോ അറിയാത്ത സ്വപ്നങ്ങളിൽ മാത്രം കാണുന്നവളെങ്കിലും അറിയാതെ ഉള്ളിലെവിടെയോ അവളോട് ഒരു ഇഷ്ടം. പ്രണയം ആയിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും ഇഷ്ടമായിരുന്നു ആകാരണമായൊരിഷ്ടം. അവൾ ആരായിരിക്കും എന്നറിയാനുള്ള ആകാംഷ. സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ കഴിയുന്ന ഒരാളെത്തേടി ഞാൻ അലഞ്ഞു. ഈ സ്വപ്നത്തെക്കുറിച്ചു ഞാന്‍പറഞ്ഞവരാരും എന്നെ മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല എന്നെ കിറുക്കനെന്നു വിളിച്ചു കളിയാക്കുകയും ചെയ്തു. അവൾ ആരെന്നുള്ള ചോദ്യം ഒരു കിനാവള്ളി പോലെ പിന്തുടരുന്നതിനിടെ ആണ് അമ്മ നിന്റെ ഫോട്ടോ കാണിക്കുന്നത്. അതിശയമായി തോന്നിയെങ്കിലും അമ്മയോട് ഒന്നും പറഞ്ഞില്ല. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി എന്ന് ഞാൻ ഉറപ്പിച്ചു. നിന്നിലെത്തിച്ചേരാനുള്ള ഒരു നിമിത്തമായിരുന്നു ആ സ്വപ്നങ്ങൾ എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്ന മട്ടിൽ പിന്നീടവളെന്റെ സ്വപ്നങ്ങളിൽ നിന്നും അപ്രത്യക്ഷയായി. ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് വീണ്ടും അവളെന്റെ സ്വപ്നത്തില്‍ കടന്നു വന്നു. ഈ ബാൽക്കണിയിൽ അവൾ നിൽക്കുന്നതായി ഞാൻ കണ്ടു. മഞ്ഞിന്റെ നിറമുള്ള നീളൻ കുപ്പായമായിരുന്നു അവളുടെ വേഷം. അവൾ ആകെ നനഞ്ഞിരുന്നു. അവളുടെ കഴുത്തില്‍ അഴകിനു മാറ്റു കൂട്ടിയിരുന്ന ആ മറുക് അപ്രത്യക്ഷമായിരുന്നു. അതിന്‍റെ ശൂന്യതയില്‍നിന്നു രക്തം പൊടിയുന്നുണ്ടായിരുന്നു. അവള്‍ക്കടുത്തേക്ക് ഞാന്‍ ചെന്നപ്പോഴേക്കും അവൾ താഴേക്കെടുത്തു ചാടിയിരുന്നു"
ശ്രീനിവാസ് സംസാരം തെല്ലൊന്നു നിർത്തി രഞ്ജിനിയെ നോക്കി. മാറിമറിയുന്ന അയാളുടെ മുഖഭാവങ്ങളിലേക്ക് നിസംഗതയോടെ നോക്കിയിരിക്കുകയായിരുന്ന രഞ്ജിനിയെ അയാള്‍കണ്ടു. ശബ്ദത്തില്‍കൃത്രിമമായ ഘനം വരുത്തി അയാൾ തുടർന്നു.
"എനിക്കിതെങ്ങനെ പറയണം എന്നറിയില്ല. ഞാൻ ഇഷ്ടപെട്ടിരുന്നത് അവളെയായിരുന്നു, നിന്നെ വിവാഹം ചെയ്തതും നീ അവൾ തന്നെ ആണ് എന്ന ധാരണയിൽ ആയിരുന്നു. പക്ഷേ അവൾ നീയായിരുന്നില്ല. നിന്നെയായിരുന്നില്ല ഞാൻ വിവാഹം കഴിക്കേണ്ടിയിരുന്നത്. "
“ശ്രീനീ.. നിങ്ങള്‍ എന്ത് ഭ്രാന്താണീ പറയുന്നത്.”
പറഞ്ഞത് അവിവേകമായി പോയി. പക്ഷേ ഈ സ്വപ്നത്തില്‍നിന്നും ഇതല്ലാതെ മറ്റെന്താണ് മനസിലാക്കേണ്ടത്. സ്വപ്നങ്ങളുടെ ചുഴിയില്‍ ദിക്കറിയാതെ സംഭ്രമിച്ച മനസുമായി ഇനി എന്ത് എന്ന ആലോചനയിൽ ശ്രീനിവാസ് കണ്ണുകളടച്ചു. ബാൽക്കണിയിലേക്ക് തുറന്നിട്ട വാതിലിലൂടെ ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്തു തലോടി കടന്നു പോയി. അയാൾ കണ്ണുകൾ തുറന്നു. അടുത്ത് രഞ്ജിനി ഉണ്ടായിരുന്നില്ല. ഭിത്തിയിൽ തൂങ്ങികിടന്നിരുന്ന പെൻഡുലം ക്ലോക്കിൽ നിന്നും ഒരു യന്ത്രപ്പക്ഷി തലനീട്ടിച്ചിലച്ചു. അയാള്‍ നോക്കിയപ്പോഴേക്കും അത് ഉള്ളിലേക്ക് തല വലിച്ചു. വിശ്വാസം വരാതെ അയാള്‍തന്റെ കൈത്തണ്ടയില്‍ കെട്ടിപ്പിടിച്ചു കിടന്നിരുന്ന വാച്ചിലേക്കു നോക്കി. ക്ലോക്കിലെ സൂചികള്‍കള്ളം പറഞ്ഞതല്ല. സമയം ഒൻപതു മണി ആയിട്ടേയുള്ളു. അപ്പോളിതു സ്വപ്നമായിരുന്നു. സ്വപ്നതിനുള്ളിലെ മറ്റൊരു സ്വപ്നം. ഈയിടെയായി സ്വപ്‌നങ്ങള്‍ പിന്നെയും ശല്യം ചെയ്തു തുടങ്ങിയിരിക്കുന്നു. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.
"നീ കുളി കഴിഞ്ഞില്ലേ..?"
"ഞാൻ ഇപ്പൊ കയറിയതല്ലേ ഉള്ളൂ ശ്രീനീ"
മനസ്സ് ആകെ അസ്വസ്ഥമായത് പോലെ. ശ്രീനിവാസ് ബാൽക്കണിയിലെ തണുപ്പിലേക്ക് നടന്നു. തൂക്കിയിട്ടിരിക്കുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ മഞ്ഞ് ഒരു പട്ടു തിരശീലപോലെ തിളങ്ങി.
"ശ്രീനി എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് തോന്നുന്നല്ലോ.." രഞ്ജിനി ശ്രീനിവാസിനടുത്തേക്ക് വന്നു.
"ആഹാ കുളി കഴിഞ്ഞു വന്നോ."
"അത് കൊള്ളാം.. കുളിക്കാൻ കയറിയപ്പോഴേക്കും വിളി തുടങ്ങിയില്ലേ.."മുടിയിൽ ചുറ്റിയിരുന്ന ടവൽ അല്പം കൂടി മുറുക്കി കെട്ടുന്നതിനിടയിൽ രഞ്ജിനി പറഞ്ഞു.
അയാൾ അവളുടെ കഴുത്തിലേക്ക് നോക്കി. അവളുടെ എല്ലാ അഴകും ഒരു ബിന്ദുവില്‍ ആവാഹിച്ചത് പോലെ അവിടെ ഒരു കറുത്ത മറുക് അയാള്‍കണ്ടു. ഈറൻ മുടിക്കെട്ടിൽ നിന്നും ഊർന്നിറങ്ങിയ ഒരു ജലകണം അതിൽ നിന്നു തിളങ്ങി. ശ്രീനിവാസ് ആ മറുകിൽ ചുംബിച്ചു. രാത്രി നടക്കാനിറങ്ങിയ കോടമഞ്ഞ് അവരെ പൊതിഞ്ഞു. കാഴ്ചകൾ മറഞ്ഞു.
✍അര്‍വിന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ