അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2019, ജൂൺ 29, ശനിയാഴ്‌ച

സൈക്കിൾ സവാരി





മുറ്റത്തിന്റെ മൂലയിൽ അച്ഛന്റെ അത്രയും ഉയരമുള്ള മാവിന്റെ ചുവട്ടിലേക്ക്  നോക്കികൊണ്ടാണ് അപ്പുണ്ണി സ്വപ്നത്തിൽ നിന്നും കണ്ണുകൾ തുറന്നത്. അപ്പുണ്ണി കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഉയരമുള്ള മനുഷ്യൻ അവന്റെ അച്ഛൻ ആയിരുന്നു. കറുകറുത്ത കട്ടി മീശയും, മാനത്തോളം പൊക്കത്തിൽ നിൽക്കുന്ന മൊട്ടത്തലയുമുള്ള അച്ഛൻ, മുണ്ടു മടക്കിക്കുത്തി AVT തേയിലയുടെ ഗ്ലാസ്സിൽ കട്ടൻ ചായയുമായി മുറ്റത്ത് ഉലാത്തുന്ന കാഴ്ചയാണ് അച്ഛനെക്കുറിച്ച് അവന്റെ ആകെ ഉള്ള ഓർമ. അച്ഛൻ എവിടെയാണെന്ന് അവനറിയില്ലായിരുന്നു.  പക്ഷേ  അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കൂട്ടുകാർക്കുള്ളത് പോലൊരു സൈക്കിൾ തനിക്കും  അച്ഛൻ വാങ്ങിത്തരുമായിരുന്നു.
അവൻ കൂട്ടുകാരോട് പറയും
"അച്ഛൻ ഓണത്തിന് വരൂമ്പോ എനിക്ക് പുതിയ സൈക്കിൾ വാങ്ങൂന്നാ അമ്മ പറഞ്ഞെ"
ആ ഓണത്തിനും അച്ഛൻ വന്നില്ല.തല്ലിയുടച്ച ഓണത്തപ്പനൊപ്പം  അച്ഛൻ വരുമെന്ന പ്രതീക്ഷയും മഴ നഞ്ഞു കുതിർന്നു.

അന്നു വീണ്ടും കണ്ടു അപ്പുണ്ണി ആ സ്വപ്നം. അപ്പുറത്തെ വീട്ടിലെ കുഞ്ഞിയുടെ സൈക്കിൾ പോലെ അപ്പുണ്ണിയുടെ പുത്തൻ സൈക്കിൾ. മുറ്റത്ത് മാവിൽ ചാരി വെച്ചിരിക്കുന്ന സൈക്കിൾ ആരോ ചവിട്ടിക്കൊണ്ട് പോകുകയാണ്. പിറകേ എത്ര ഓടിയിട്ടും എത്താതെ കിതച്ചു കിതച്ചു കണ്ണു തുറന്നു അപ്പുണ്ണി.

"അമ്മേ.. എന്റെ സൈക്കിള്...?"
മാവിൻ ചുവട്ടിലേക്ക്  കാഴ്ചയെ പറഞ്ഞുവിട്ടിട്ട് അവൻ വീണ്ടും കട്ടിലിൽ ചുരുണ്ടു കൂടി. ഈയിടെയായി ഇത് എന്നും കേൾക്കുന്നത്കൊണ്ടാകണം, അമ്മ ഒന്നും പറയാതെ കിണറിൽ നിന്നും വെള്ളം കോരി പാത്രങ്ങളിൽ നിറച്ചുകൊണ്ടിരുന്നു. അപ്പുണ്ണിയുടെ സ്വപ്നങ്ങൾക്കും ചോദ്യങ്ങൾക്കുമെല്ലാം അമ്മയുടെ മറുപടി അവന്റെ നെറ്റിയിൽ ഒരു ഉമ്മയായോ, ദൂരേക്ക് നോക്കിയുള്ള ഒരു നിശ്വാസത്തിലോ ഒതുങ്ങി. എന്നിട്ടും അവൻ ഏറെ സ്വപ്നങ്ങൾ കണ്ടും, അതിലേറെ ചോദ്യങ്ങൾ ചോദിച്ചും കൂടുതൽ ഉമ്മകൾ വാങ്ങിക്കൊണ്ടിരുന്നു.

പാപ്പിയമ്മ കയറിവരുമ്പോൾ അപ്പുണ്ണി മുൻവശത്തെ നടക്കല്ലിൽ ഇരിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യം തെക്കുവശത്തുള്ള കാപ്പിയുടെ ചുവട്ടിൽ പോയി മൂത്രമൊഴിക്കണം. അതായിരുന്നു ശീലം. അപ്പുണ്ണിയുടെ ഉള്ളിലെ കൊച്ചു കലാകാരൻ ഉണരുക ആ സമായത്താകും. കാപ്പിച്ചെടിക്കു ചുറ്റും മൂത്രംകൊണ്ടൊരു ചിത്രം വരക്കുമവൻ. മലയ്ക്കു മുകളിലെ സൂര്യനിൽക്കൂടി അവൻ  മൂത്രത്തിൽ നിന്ന് പക്ഷികളെ പറത്തും.
"മൂത്രം ഒഴിക്കുമ്പോ നീ അതിന്റെ അറ്റത്ത് ഇച്ചിരി ഞെക്കി പിടിച്ചേ..അങ്ങ് ദൂരേക്ക് നീട്ടി ഒഴിക്കാം" ഒരിക്കൽ മൂത്രപ്പുരയുടെ പിന്നിൽ നിന്ന് അപ്പുറത്തെ റബർതോട്ടത്തിലെ പാൽ ചിരട്ടയിലേക്ക് കൃത്യമായി മൂത്രം നിറച്ചുകൊണ്ടുള്ള ഗീവർഗീസിന്റെ ഉപദേശമായിരുന്നു അപ്പുണ്ണിയെ ചിത്രകാരനാക്കിയത്. അങ്ങിനെ നീട്ടിയും കുറുക്കിയും നെടുകേയും കുറുകേയും വട്ടത്തിലുമൊക്കെ വരകൾ വരച്ച് ചിത്രം പൂർത്തിയാക്കിക്കഴിഞ്ഞാൽ നേരേ അടുക്കളയിലേക്ക്. അമ്മ തരുന്ന ഒരു കട്ടൻ കാപ്പി.  ആദ്യമാദ്യം കുപ്പിഗ്ലാസ്സിൽ ആയിരുന്നു തന്നിരുന്നത്. രണ്ടു തവണ അപ്പുണ്ണിയുടെ കയ്യിൽ നിന്ന് ഗ്ലാസ് നിലത്തു വീണു പൊട്ടിയത്തിൽ പിന്നെ സ്റ്റീൽ ഗ്ലാസിലാണ് കാപ്പികുടി. സ്‌കൂളിലെ പടം വര മത്സരത്തിന് സമ്മാനമായി കിട്ടിയതായിരുന്നു അത്. തന്നെ മുന്നിലെ കമ്പിയിൽ ഇരുത്തി പറക്കുറ്റി പാടത്തിന്റെ വരമ്പത്തൂടെ സൈക്കിൾ ചവിട്ടുന്ന അച്ഛന്റെ പടമായിരുന്നു അപ്പുണ്ണി വരച്ചത്. അതാകട്ടെ അവൻ ഇടക്കിടെ കാണാറുള്ള മറ്റൊരു സ്വപ്നവും.

പാപ്പിയമ്മ അമ്മയെ നീട്ടി വിളിച്ചു പിന്നാമ്പുറത്തേക്ക് പോയപ്പോഴാണ് അപ്പുവിന് നേരം ഒരുപാടായെന്നു മനസിലായത്. സാധാരണ കുഞ്ഞിയെ സ്‌കൂളിൽ വിട്ടിട്ടു തിരികെ വരുമ്പോഴാണ് അപ്പുവിന്റെ വീട്ടിൽ കയറുക. അപ്പു സ്‌കൂളിൽ പോയിട്ട് കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞിരുന്നു. സ്‌കൂളിൽ പോയിരുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കാനായിരുന്നു അപ്പുവിന് ഇഷ്ടം. കഴിഞ്ഞ ശിവരാത്രിക്ക് അമ്മയുടെ കൂടെ അമ്പലത്തിൽ പോയതിന്റെ തലേന്നായിരുന്നു അപ്പു അവസാനമായി സ്‌കൂളിൽ പോയത്. അന്ന് രാത്രി മണൽപ്പുറത്ത് വിരിച്ചിട്ട പത്രക്കടലാസിന്റെ മുകളിൽ അമ്മയുടെ നെഞ്ചത്തേക്ക് ചാരി ഇരുന്ന് ബാലെ കണ്ടത് അവന്‌ നേരിയ ഓർമ ഉണ്ട്. പണ്ട് സ്‌കൂളിൽ നിന്ന് സിനിമക്ക് കൊണ്ടു പോയപ്പോൾ കണ്ടത് പോലുള്ള വലിയ സ്‌ക്രീനിൽ കളർ വെട്ടത്തിൽ എഴുതി കാണിച്ചതും പിന്നെ ഇടക്കിടെ ഞെട്ടി കണ്ണു തുറന്നപ്പോൾ കേട്ട പാട്ടുമൊക്കെയേ ഓർമ ഉള്ളൂ. അത് കഴിഞ്ഞ് അവിടെ ചുറ്റി നടക്കുമ്പോൾ കുഞ്ഞിയുടെ വീട്ടിലുള്ളത് പോലുള്ള കൊച്ചു സൈക്കിൾ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടിരുന്നു. അമ്മയോട് കരഞ്ഞു പറഞ്ഞിട്ടും വാങ്ങിത്തന്നില്ല ഒരെണ്ണം. കരഞ്ഞു കരഞ്ഞുറങ്ങിപ്പോയത് എപ്പോഴെന്നറിയില്ല. ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേല്പിക്കുമ്പോൾ പാപ്പിയമ്മയുടെ മടിയിലായിരുന്നു അപ്പു. അതിന്റെ പിറ്റേന്ന് മുതലായിരുന്നു അപ്പുവിന്റെ സ്‌കൂൾ മുടങ്ങിയത്.

അപ്പു കാപ്പിച്ചെടി നിൽക്കുന്നിടത്തേക്ക് നോക്കി. നല്ല മണം ഉണ്ട്. കാപ്പി പൂത്തതിന്റെയാണ്. അങ്ങോട്ടു പോയി ആ പൂക്കളൊക്കെ മണക്കണം എന്നുണ്ട്. പക്ഷേ അമ്മ കണ്ടാൽ വഴക്ക് പറയും. ഈയിടെയായി ശീലങ്ങൾ എല്ലാം താളം തെറ്റി. എത്ര ദിവസമായി സ്‌കൂളിൽ പോയിട്ട്. ഈ കൊല്ലം ഒരുപാട് ക്ലാസ് പോയത്കൊണ്ട് ഇനി അടുത്ത കൊല്ലം സ്‌കൂളിൽ പോയാൽ മതി എന്നാണ് അമ്മ പറയുന്നത്. ഒരു ദിവസം അപ്പുവിനെ കാണാൻ വീട്ടിൽ വന്നപ്പോൾ ജലജടീച്ചറും അങ്ങിനെ തന്നെയാണ് പറഞ്ഞത്. ജലജടീച്ചർ അമ്മയുടെ കൂട്ടുകാരി ആണ്. സ്‌കൂള് മുടങ്ങിയത്തിനു ശേഷം അപ്പുവിനെ കാണാനായി ടീച്ചർ ഇടക്കിടക്കു വീട്ടിൽ വരും. അങ്ങിനെ ഒരു ദിവസം ടീച്ചർ വന്നപ്പോൾ ഒരു കഥാപുസ്തകം കൊണ്ടു വന്നിരുന്നു. അതിൽ ഒരു ഓട്ടമത്സരം ജയ്ക്കുന്ന പെണ്കുട്ടിയെക്കുറിച്ചുള്ള ഒരു കഥ അമ്മ ഇടക്കിടെ അവനു പറഞ്ഞു കൊടുക്കാറുണ്ട്. എന്തുകൊണ്ടോ ആ കഥ അവനു വായിച്ചു കൊടുക്കുമ്പോഴൊക്കെ അമ്മക്ക് കണ്ണീർ വരുന്നത് അപ്പു കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അവനും കരച്ചിൽ വരുമായിരുന്നെങ്കിലും അതിലെ കുട്ടിയുടെ പേരോർക്കുമ്പോൾ അവനു ചിരി വരും. ഇടക്ക് റോഡിലൂടെ പോകുന്ന മിൽമ വണ്ടി കണ്ടിട്ടായിരിക്കുമോ ആ കുട്ടീടമ്മ അവൾക്ക് പേരിട്ടത്.

പാപ്പിയമ്മയും അമ്മയും കൂടിയാണ് അന്ന് അവനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ പോകുന്നത് അപ്പുണ്ണിക്ക് ഇഷ്ടമാണ്. അവിടെ പോകുമ്പോഴൊക്കെ അടുത്തുള്ള ചയക്കടയിൽ നിന്ന് അമ്മ ചായ വാങ്ങിത്താറുമായിരുന്നു. അന്നു പക്ഷേ അതുണ്ടായില്ല, ഒരുപാട് ഡോക്ടർമാരെ മാറി മാറി കാണേണ്ടി വന്നത്കൊണ്ട് ഒരുപാട് വൈകിയിരുന്നു. തിരിച്ചു വരുന്ന വഴി അവർ ശബ്ദമടക്കി എന്തൊക്കെയോ വർത്തമാനം പറയുന്നത് അപ്പുണ്ണി കണ്ടു. മുതിർന്നവർ സംസാരിക്കുന്നത് എന്താണെന്ന് കുട്ടികൾ ചോദിക്കാൻ പാടില്ല എന്നാണ് അമ്മ പറയുന്നത്. പണ്ടൊരിക്കൽ പാപ്പിയമ്മ പറഞ്ഞു കേട്ട ഒരു വാക്കിന്റെ അർത്ഥം ചോദിച്ചതിന് അമ്മ വയറ്റിലാണ് നുള്ളിയത്. അമ്മക്ക് നഖം ഇല്ലെങ്കിലും നുള്ളിയാൽ വലിയ വേദന ആണ്.  വ്യക്തമല്ലെങ്കിലും അവർ തന്നെക്കുറിച്ചാണ്  സംസാരിക്കുന്നതെന്ന് അപ്പുണ്ണിക്ക് മനസിലായി. അമ്മ ഇടക്കിടെ തന്നെ നോക്കുകയും കണ്ണു തുടക്കുകയും ചെയ്യുന്നത് അപ്പു കണ്ടു.

അന്നു രാത്രിയും അമ്മ ഓട്ടമത്സരത്തിൽ ജയിച്ച ആ കുട്ടിയുടെ കഥ പറഞ്ഞു. പക്ഷേ അമ്മക്ക് കരച്ചിലോ അവന് ചിരിയോ വന്നില്ല. മയക്കത്തിലേക്ക് ഒഴുകിയിറങ്ങുമ്പോൾ അപ്പു ഒരു സ്വപ്നം കണ്ടു. പറക്കുറ്റി പാടത്തിന്റെ വരമ്പത്തൂടെ അപ്പുണ്ണി സൈക്കിൾ ചവിട്ടുകയാണ്. മുന്നിലെ കമ്പിയിൽ അമ്മയും പിന്നിലെ കാരിയറിൽ അച്ഛനും. അവർ പാടം കടന്നു, പാടത്തിനപ്പുറം പാലം കടന്നു. നിർത്താതെ സൈക്കിൾ ചവിട്ടി അവർ മൂന്നു പേരും ഇതു വരെ കാണാത്ത ഒരീടത്തേക്ക് പോകുന്നു.

പുലർച്ചക്കെപ്പോഴോ ധനുമാസത്തിന്റെ തണുപ്പിൽ നിന്നും അവന്റെ ചലനമാറ്റ കാലുകളിലേക്ക് അമ്മ പുതപ്പ് വലിച്ചിടുമ്പോൾ, പാതി മയക്കത്തിൽ അപ്പുണ്ണി പറഞ്ഞു

"അമ്മാ ഞാൻ സൈക്കിൾ ചവിട്ടി"

-അർവിൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ