ക്ലബ്ബിലെ മറ്റാർക്കും ഇല്ലാത്ത ഒരു കാർ സ്വന്തമാക്കണം. ഈ മോഹം അയാളുടെ നിദ്രകളെ കെട്ടിയിട്ടിട്ട് മാസങ്ങൾ ആയിരുന്നു. മോഹം കലശലായ ദിനമൊന്നിൽ അയാൾ പൈതൃക സ്വത്തായി കിട്ടിയ ഭൂമിയിൽ നിന്നും ഒരു തുണ്ട് വിറ്റൊരു കാറു വാങ്ങി. എൻജിന്റെ സവിശേഷതകളോ ഉള്ളിലെ ആഡംബരമോ സുരക്ഷാ സംവിധാനങ്ങളോ അയാളെ തെല്ലും ഭ്രമിപ്പിച്ചില്ലെങ്കിലും ജർമൻ നിർമിതം എന്ന മുദ്രണവും അതിന്റെ വിലയും അയാളിൽ കുളിരു കോരിയിട്ടു. വരാൻ പോകുന്ന ക്ലബ്ബ് ആനുവൽ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ കാറിൽ പോകുന്നതയാൾ സ്വപ്നം കണ്ടു. മീറ്റിംഗിന് ശേഷമുള്ള പൊങ്ങച്ച പാർട്ടിയിൽ പുതിയ കാറിന്റെ സവിശേഷതകൾ സഹ കുടിയന്മാരോട് വിവരിക്കുകയും തദവസരത്തിൽ കാറിന്റെ വിലയെപ്പറ്റി തിരക്കുന്നവരോട് "ഓ..അത്ര വിലയൊന്നുമില്ല നാൽപ്പത് രൂപക്ക് കിട്ടിയെന്നെ.. നാൽപ്പത് ലക്ഷം.." എന്ന് തല ഉയർത്തി, നാൽപ്പത് ഇഞ്ച് നെഞ്ച് പരമാവധി വിടർത്തി, സവിനയം പറയുന്നത് അയാൾ എത്രയോ തവണ ഭാവനയിൽ കണ്ടിരിക്കുന്നു.
ചുവന്ന രെജിസ്റ്റഡ് പ്ലേറ്റ് ഒട്ടിച്ച ജർമൻ പടക്കുതിര രാജവീഥിയിലൂടെ കുതിച്ചു പാഞ്ഞു. പാതക്കിരുവശവും വൈദ്യുത വിളക്കുകൾ അയാൾക്ക് വെളിച്ചം വീശി. കാറിനുള്ളിലെ സുഖശീതളിമായിൽ അയാൾ സ്വയം മറന്നു. ഗീയർ ലിവർ ആറിലേക്ക് നീക്കുമ്പോൾ അയാൾ ആവേശത്തിന്റെ പാരമ്യത്തിൽ ആയിരുന്നു. നെടൂ നീളൻ റോഡിലൂടെ പാലങ്ങളും ടോൾ ബൂത്തുകളും കടന്നു തന്റെ ഗ്രാമത്തിലെ കൊട്ടാര സൗധത്തിലേക്ക് അയാൾ വാഹനം പായിച്ചു.
മഴ വെള്ളം വീണു ചെളി നിറഞ്ഞ നിരത്തിലെ ടാർ ഇളകിയ കുഴികൾ വേഗത്തെ ബാധിച്ചില്ല. ഒന്നിടവിട്ടു മുന്നിലുള്ള വാഹനങ്ങളെ മറി കടക്കുമ്പോൾ എതിരേ വന്ന വാഹനങ്ങളെ അയാൾ ഗൗനിച്ചില്ല. അയാളുടെ ജർമൻ കുതിരയുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും ബഹിർഗമിക്കുന്ന തീഷ്ണമായ പ്രകാശ രശ്മികൾ അവരുടെ കാഴ്ചകളെ മറച്ചു. ദേഷ്യത്താൽ അവർ ചൊരിഞ്ഞ അസഭ്യ വാക്കുകളിൽ നിന്നും അടച്ചിട്ട ചില്ലുകൾ അയാൾക്ക് സംരക്ഷണ കവചം തീർത്തു. ഓരോതവണയും അയാൾ അതിൽ ആനന്ദം കണ്ടെത്തി. വീട്ടിലേക്കുള്ള അവസാന വളവിന്റെ ഇടതു വശത്ത് മുളങ്കൂട്ടങ്ങൾക്കു മുന്നിലെ വൈദ്യുതി പോസ്റ്റിൽ രാത്രിയുടെ ഇരുട്ടിനെ കീറിയെത്തിയ എൽ ഇ ഡി യുടെ വെള്ള വെളിച്ചത്തിൽ അയാൾ ഓമനമകനു വാങ്ങി നൽകിയ ടൂ വീലർ ഇരുമ്പു കഷ്ണങ്ങൾ ആയി മാറുന്നത് വരെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ