ആനന്ദധാര


അഞ്ചു വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്നറിയില്ല. കുറഞ്ഞ പക്ഷം ഞങ്ങൾ തമ്മിലെങ്കിലും.
അവിടെ കൂട്ടുകാരികൾ യാത്ര പറയുന്ന തിരക്കിലാണ്. ചിലർ കരയുന്നു. കരയുന്നവരെ കെട്ടിപ്പിടിച്ച് മറ്റു ചിലർ ആശ്വസിപ്പിക്കുന്നു. സെലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അൻപതടി നീളമുള്ള വരാന്തയുടെ ഇപ്പുറത്തു നിന്നും അപ്പുറത്തെത്താൻ ഒരു യുഗമെടുത്ത പോലെ. ഒരു അന്യ ഗൃഹ ജീവിയെപ്പോലെ അവർക്കിടയിലേക്ക് നടന്നടുത്തു.
"സെലിൻ..."
കൂടെ ഉണ്ടായിരുന്നവർ ഒക്കെ നിശബ്‌ദരായെങ്കിലും കേട്ടിട്ടും കേൾക്കാത്തത് പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാളിൽ നിന്നുമൊഴിഞ്ഞു മാറുന്നതിനുള്ള ക്രൂരമായ ഉപായം അയാളെ അവഗണിക്കുകയാണല്ലോ
ഒന്നു കൂടി വിളിക്കാൻ തോന്നിയില്ല. തിരികെ നടന്നു. റൂമിലെത്തി കതകടച്ചു. സങ്കടം പുഴ പോലെ ഒഴുകി. കണ്ണുകളിൽ നിന്നും കവിളുകൾ വഴി അവ താഴെ വീണു. സ്വയം മെനഞ്ഞെടുത്ത ആശ്വാസ വാക്കുകൾ ഒന്നും മതിയായിയുന്നില്ല.
കതകിൽ ആരോ മുട്ടിയപ്പോൾ ആണ് ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നത്.
"മോൻ പോയില്ലായിരുന്നോ. എല്ലാവരും പോയല്ലോ" താഴുത്തെ നിലയിൽ താമസിക്കുന്ന ആന്റി ആണ് .
"ഞാൻ പാക്ക് ചെയ്യുകയായിരുന്നു"
ധൃതി പിടിച്ചുള്ള പാക്കിങ്ങിനിടെ ആണ് റബർ ബാൻഡ് ഇട്ട ഒരു കടലാസ് കെട്ട് ഷെൽഫിൽ നിന്നും താഴെ വീണത്. പഴയ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ , ചില പത്ര വാർത്തകൾ മുറിച്ചെടുത്തു വെച്ചത് , ബാലരമയുടെ കൂടെ കിട്ടിയ ഒരു മുഖം മൂടി , എസ് എഫ് ഐ യുടെ അംഗത്വ രസീതുകൾ , ഡ്യൂട്ടി ലീവിന്റെ സാമ്പിൾ ഫോറം പിന്നെ മറ്റെന്തൊക്കെയോ കടലാസുകൾ. ആ കൂട്ടത്തിൽ നിന്നും ഒരിക്കൽ വലിയ വില കല്പിച്ചു സൂക്ഷിച്ചിരുന്ന ഒരു പേപ്പർ കിട്ടി. സെലിന്റെ കൈപ്പടയിൽ പകർത്തി എഴുതിയ ഒരു കവിത. അല്പം മഞ്ഞ നിറം ആയതൊഴിച്ചാൽ എല്ലാം വ്യക്തമായി വായിക്കാം. ആർട്സ് ഫെസ്റ്റിന് ചൊല്ലാൻ ഒരിക്കൽ എഴുതി തന്നതാണ് അവൾക്ക് ഒരുപാട് ഇഷ്ടമുള്ള കവിത. ഇന്ന് അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് അറിയില്ല.
കവിതയുടെ വരികളിൽ ഇടക്ക് മഷി പടർന്നിട്ടുണ്ട്. അത് എന്റെ കൈവശം എത്തുമ്പോഴും ആ മഷിപ്പാടുകൾ അതിൽ ഉണ്ടായിരുന്നു. കണ്ണുനീർ വീണു നനഞ്ഞതാണ് എന്നവൾ പറഞ്ഞപ്പോൾ കളിയാക്കിയതോർക്കുന്നു. ആനന്ദധാരയുടെ* വരികൾക്ക് ഇത്ര വേദന നൽകാൻ കഴിയുമായിരുന്നുവോ. കഴിയുമെന്ന് ഇന്ന് അറിയുന്നു. അതിന്റെ തീവ്രത ഇന്നറിയുന്നു
നോക്കിയ 1600 യുടെ ആൽഫാ നൂമറിക് കീപാട് ഉപയോഗിച്ച് ആ വരികൾ ഫോണിൽ എഴുതാൻ കുറേ സമയം എടുത്തു.
" ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ.
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന. "
കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും സെലിൻ എന്ന പേരിനു മുന്നിൽ കാഴ്ച നിശ്ചലമായി. നമ്പർ മാറിയിട്ടുണ്ടോ എന്നറിയില്ല. അയക്കണോ വേണ്ടയോ എന്ന് എന്നിലെ രണ്ടു പകുതികൾ പരസ്പരം തർക്കിക്കുന്നു. മണിക്കൂറുകൾ ആ ഇരിപ്പ് ഇരുന്നിരിക്കണം.
ഒടുവിൽ ടൈപ് ചെയ്തതെല്ലാം ഡിലീറ്റ് ബട്ടണിൽ തീരുമ്പോൾ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നില്ല.

✍അർവിൻ
*ആനന്ദധാര - ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ പിറന്ന മാസ്മരികമായ വരികൾ

Popular Posts

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

അനിയത്തി

ദഹിക്കാത്ത ബിരിയാണി