ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

13/10/2016  മുവാറ്റുപുഴ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഫീസിൽ പോയിരുന്നില്ല. പനിയും തുമ്മലും ചുമയും ഒക്കെയായി ആകെ തളർന്നിരിക്കുകയായിരുന്നു. ഡസ്റ്റ് അലർജി ഉണ്ടെന്ന് പറഞ്ഞപ്പോൾ അലക്സ്‌ രണ്ട് സർജിക്കൽ മാസ്ക് കൊണ്ടു വന്നു തന്നു. യാത്ര ചെയ്യുമ്പോൾ അത് ഉപയോഗിച്ചാൽ പൊടി ശല്യം ഒരു പരിധി വരെ ഒഴിവായി കിട്ടും. കഴിഞ്ഞ ദിവസം അത് വെച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ആ പെൺകുട്ടിയുടെ മുഖം മനസിലേക്ക് വന്നത്. മുഖം എന്നൊന്നും പറയാൻ ആകില്ല. ഇളം പച്ച നിറമുള്ള സർജിക്കൽ മാസ്കിനും ഇഴ അകലമുള്ള ശിരോ വസ്ത്രത്തിനും ഇടയിലുള്ള രണ്ടു കണ്ണുകൾ ആണ് ഓർമയിലെ ഖദീജ. ഒന്നിലധികം തവണ ഞാൻ ആ മുഖം കണ്ടിട്ടുണ്ടാകണം. പക്ഷേ ഈ ഒരു ചിത്രമേ അന്നും ഇന്നും മനസിലുള്ളൂ.

പതിനൊന്നാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്ന സമയം. അപ്പുറവും ഇപ്പുറവും പിന്നിലും ആയി ഇരിക്കുന്ന ഒന്നു രണ്ടു പേരെ ഒഴികെ ആരെയും അധികം പരിചയമില്ല. പരിചയപ്പെടലുകളും ഗ്രൂപ്പ് തിരിക്കലും ഒക്കെ ആയി എല്ലാ പീരിയടുകളും രസമായിരുന്നു. ഏത് വിഷയത്തിന്റെ ഗ്രൂപ്പിൽ ആണെന്ന് ഓർമ കിട്ടുന്നില്ല , ഞാൻ ഉൾപ്പെട്ട ഒരു ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിചയപ്പെട്ടിരിക്കണം തീർച്ച. പിന്നീട് പല തവണ ഗ്രൂപ് ആയി ക്ലാസ് വർക്കുകൾ ചെയ്തെങ്കിലും ഒന്നിലും അവൾ ഉണ്ടായിരുന്നില്ല. അവൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല.

"മുസ്ലീങ്ങൾ അല്ലേ ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞു കാണും" പലരും പറഞ്ഞു. അതിനപ്പുറം കഥകൾ മെനയാനുള്ള ഭാവനയൊന്നും അന്നത്തെ പതിനാറ് വയസുകാർക്കുണ്ടായിരുന്നില്ല.

നിരങ്ങി നീങ്ങിയിരുന്ന വിരസതയുടെ ദിനങ്ങൾക്ക് പതിയെ വേഗം കൂടി. അപരിചിതമായ മുഖങ്ങൾ പരിചിതമായി. അപ്പോഴേക്കും ഖദീജയെ എല്ലാവരും മറന്നിരുന്നു. ഗാന്ധിജയന്തിയോടടുത്ത ദിവസമായിരുന്നു ഞങ്ങൾ ആ വിവരം അറിയുന്നത്. ആരാണ് ക്ലാസിൽ വന്നു പറഞ്ഞത് എന്നോർമായില്ല.അല്ലെങ്കിലും അതിനെന്തു പ്രസക്തി.

ഖദീജക്ക് കാൻസർ ആണ്. ക്ലാസിൽ ആ വാർത്ത വളരെ വേഗം പടർന്നു. കല്യാണം കഴിച്ചു പോയി എന്നു പറഞ്ഞു ഞങ്ങൾ കഥ ചമച്ചപ്പോൾ അവൾ ഈ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അവൾക്ക് ഈ അസുഖത്തിന്റെ ഗൗരവം അറിയുമായിരുന്നോ. അറിയുമായിരിക്കണം. എനിക്കറിയാമായിരുന്നു കൂട്ടുകാർക്കെല്ലാം അതിന്റെ ഗൗരവം അറിയാമായിരുന്നു. അപ്പോൾ അവൾക്കും അറിയും തീർച്ച.

അധ്യാപകർ അവളെ കാണാൻ പോകുന്നുണ്ട്. ഞങ്ങൾ വീട്ടിൽ നിന്നും വാങ്ങി പിരിച്ചെടുത്തതും അധ്യാപകർ ശേഖരിച്ചതുമായ ഒരു ചെറിയ തുക അവളുടെ ചികിത്സക്കായി മാതാപിതാക്കളെ ഏൽപ്പിക്കണം. ഞങ്ങൾക്കും ആഗ്രഹം അവളെ കാണാൻ. എന്തായിരുന്നു ആ ആഗ്രഹത്തിന് പിന്നിൽ എന്ന് എനിക്കിന്നും അറിയില്ല. ഖദീജ എന്ന നിഗൂഢത അനാവരണം ചെയ്യപ്പെട്ടപ്പോൾ തോന്നിയ കൗതുകം ആയിരുന്നോ. അതോ സുഖമില്ലാത്ത ഒരാൾക്ക് ആശ്വാസം പകരാൻ ആയിരുന്നോ. മറിച്ച് ഒരു മര്യാദയുടെ പേരിൽ ആയിരുന്നോ. എനിക്കവളെ കാണണം എന്നില്ലയിരുന്നു. അവളോട് എന്താണ് പറയേണ്ടത് എങ്ങിനെ ആണ് അശ്വസിപ്പിക്കേണ്ടത് എന്ന ആകുലത എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. ജിതിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ പോകാൻ തീരുമാനിച്ചു.

നെഹ്രു പാർക്കിൽ ബസ്സിറങ്ങി.ഞാൻ ജിതിൻ നെവിൻ ഡിംപിൾ ഡെല്ല റംസി സജ്മി ഇത്രയും പേർ ആയിരുന്നു എന്നാണ് ഓർമ്മ. കുറച്ച് ഓറഞ്ചും ആപ്പിളുമൊക്കെ വാങ്ങി അടുത്ത ബസിൽ കയറി. സജ്മിയുടെ വീട് ആ കുട്ടിയുടെ വീടിനടുത്തായിരുന്നെങ്കിലും അവൾക്കും വഴി നിശ്ചയമില്ലായിരുന്നു. ബാസ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡിൽ വഴി ചോദിച്ചു മനസിലാക്കി മുന്നോട്ട് നടന്നു. പിന്നിൽ നിന്നും കളിയാക്കി ചിരിയും അടക്കിപിടിച്ചുള്ള സംസാരവും കേട്ടു. എന്തിനായിരുന്നു എന്ന് അന്നറിയില്ലായിരുന്നു.

വഴിയിൽ വെച്ച് ടീച്ചേഴ്സിനെ കണ്ടു. അവർ കൃത്യമായി വഴി പറഞ്ഞു തന്നതനുസരിച്ചു നടന്നു. ടാറിങ് പൊളിഞ്ഞ റോഡിൽ കയറ്റം കയറി നടന്നു. ഒരുപാട് നടക്കേണ്ടി വന്നില്ല.ഒരു പത്തു പതിനഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും അവളുടെ വീടെത്തി. ഞങ്ങളുടെ യൂണിഫോം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ അമ്മക്ക് ഞങ്ങളെ മനസിലായി. മകളുടെ കൂടെ പഠിച്ച കുട്ടികളല്ലേ എന്ന് ഞങ്ങളോട് ചോദിച്ച് അകത്തു കയറ്റി ഇരുത്തി.

ഇപ്പൊ വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി. തിരികെ വരുമ്പോൾ അവളും ഉണ്ടായിരുന്നു കൂടെ. ഒരു ഷർട്ടും പഴയ സ്കൂളിലെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു സ്കർട്ടും ആയിരുന്നു വേഷം. ഒരു നീല ഷാൾ കൊണ്ട് തല മറച്ചിരുന്നു. തട്ടം അവൾക്കൊരു അനുഗ്രഹമായി ഭവിച്ചിരിക്കണം. മുഖം മാസ്ക് കൊണ്ട് ഭാഗീകമായി മരിച്ചിരുന്നു. ശരീരം കൃശ സമാനമായിരുന്നെങ്കിലും ആ കണ്ണുകൾ വിടർന്നു തന്നെയിരുന്നു. ഞങ്ങളെ കണ്ടതും ആ കണ്ണുകൾ പുഞ്ചിരിച്ചു. ടീച്ചേഴ്സ് ഇപ്പൊ വന്നു പോയതേ ഉള്ളു എന്നവൾ പറഞ്ഞു. ഞങ്ങൾ വഴിയിൽ വെച്ചു കണ്ടിരുന്നു എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.

എനിക്കൊന്നും പറയാനില്ലായിരുന്നു. സംസാരിക്കുന്നതൊക്കെ ഞാൻ ആയിക്കോളാം എന്ന് പറഞ്ഞ ജിതിൻ ഒരക്ഷരം സംസാരിക്കുന്നില്ല. അകെ നിശബ്ദമായ ഒരന്തരീക്ഷം. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവളുടെ ഉമ്മ ഞങ്ങൾ കൊടുത്ത ആപ്പിൾ മുറിച്ചു കഷ്ണങ്ങൾ ആക്കി കൊണ്ട് വന്നു. എന്നിട്ട് ഞങ്ങളോട് കഴിക്കണമെന്നായി. വേണ്ടെന്ന് പറഞ്ഞപ്പോൾ അവളും പറഞ്ഞു കഴിക്കാൻ. എല്ലാവരും കഴിച്ചെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല. വേണ്ടെന്ന് പറഞ്ഞു. അഹങ്കാരി ആണെന്ന് കരുതിക്കാണും. വീണ്ടും നിശബ്ദതയിലേക്ക്. ഇത്തവണ ഞാനായിരുന്നു മൗനത്തെ ആട്ടിയോടിച്ചത്.

"സുഖാണോ...?" ഞാൻ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ് അതിലെ പിഴവ് മനസിലായത്. ഒരു പക്ഷേ ആ ചോദ്യം അവളെ മുറിപ്പെടുത്തിയിട്ടുണ്ടാകും. എന്തിന് ദൈവമേ! ഇങ്ങനെ ഒരു വാക്ക് എന്റെ നാവിൽ നീ വരച്ചു. ഞാൻ തിരുത്താൻ ശ്രമിച്ചു.

"അതെ..സുഖാണ്." ഇപ്പൊ ട്രീറ്റ്മെന്റ് കൊണ്ട് സുഗമുണ്ടോ എന്ന് തിരുത്തി ചോദിക്കാമെന്നു കരുതിയെങ്കിലും അതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു. സുഖമാണ് എന്ന് അവൾ മനഃപൂർവം പറഞ്ഞതാകുമോ. അല്ലെങ്കിൽ വേറെ എന്ത് മറുപടി പറയാൻ ആണ്. സുഖമില്ല എന്ന സത്യം മറക്കാൻ ഉള്ള ഒരു ഉപയമായി അവൾ ആ ചോദ്യത്തെ കണ്ടിരിക്കും. അവളുടെ മറുപടിയിൽ മുള്ളുകൾ ഉണ്ടായിരുന്നു. എന്റെ പരിഭ്രമം മനസിലാക്കിയിട്ടാണോ എന്നറിയില്ല. അവൾ ആ വിഷയം മറ്റു സംസാരങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. ഒരുപാടൊന്നും സംസാരിച്ചില്ലെങ്കിലും അവിടെ കൂടുതലും കേട്ട സ്വരം എന്റേയും അവളുടേയും അവളുടെ അമ്മയുടേയുമായിരുന്നു.

ഒരുപാട് നേരം അവിടെ ചിലവഴിച്ചില്ല. യാത്ര പറഞ്ഞു തിരികെ നടന്നു. അവിടെ നിന്നിറങ്ങുമ്പോൾ കാർ മേഘം മൂടി നിന്നിരുന്ന മുഖങ്ങൾ ക്രമേണ പ്രസന്നമായി. തിരികെയുള്ള യാത്രയിൽ പലരും അവളെ മറന്നു. വീട്ടിൽ വന്ന് അമ്മയോട് അന്നത്തെ വിശേഷങ്ങൾ പങ്കു വെച്ച കൂട്ടത്തിൽ ഒന്ന് ഖദീജയുടേതായിരുന്നു. അത് കഴിഞ്ഞതോടെ എന്റെയും സ്മൃതിയിൽ നിന്നും ഞാനറിയാതെ ആ പേര് പതുക്കെ മാഞ്ഞു പോയി.

കുറേ നാളുകൾക്ക് ശേഷം എഞ്ചിനീയറിങ്ങിനു പഠിക്കുന്ന സമയത്താണ് മറന്നു പോയ ആ പേര് വീണ്ടും സ്മൃതി മണ്ഡലത്തിൽ തെളിയുന്നത്. ഒരു വൈകുന്നേരം ജിതിൻ ആണ് അതെന്നെ അറിയിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷം അവൻ വിളിക്കുമ്പോൾ ഇങ്ങനെ ഒരു വാർത്ത പറയാനാകും എന്ന് കരുതിയിരുന്നില്ല.

"എടാ നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സുഖമില്ലാതെ കുട്ടി ഇല്ലേ. ക്ലാസ് നിർത്തി പോയ. അവൾ മരിച്ചു പോയി." അവൻ പറഞ്ഞു.

ലാബ് എക്സാം നടക്കുന്ന സമയം. ഔപചാരികതയുടെ പേരിൽ പോലും എനിക്ക് പോകുവാനാകുമായിരുന്നില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോൾ അവൻ പോയിരുന്നു എന്ന് പറഞ്ഞു. കൂടുതൽ ഒന്നും ചോദിച്ചില്ല.

അവളെ അദ്യമായും അവസാനമായും കണ്ടിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. ഒരു വിങ്ങലായി അവൾ ഇന്നും മനസ്സിൽ നിൽക്കുന്നു എന്ന് എഴുതിയാൽ അത് തികച്ചും കള്ളമായിരിക്കും കാരണം അതിനുള്ള പരിച്ചയമോ അടുപ്പമോ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. മൊബൈൽ ഫോൺ ഇന്റർനെറ്റ് ഇതൊന്നും അത്ര കണ്ട് വ്യാപിച്ചിരുന്നില്ലെങ്കിലും മനസ്സു വെച്ചിരുന്നെങ്കിൽ അവളുടെ വിവരങ്ങൾ അന്വേഷിക്കാനും ഏകാന്തതയിൽ ആശ്വാസമാകാനും ഞങ്ങൾക്കാകുമായിരുന്നു. അതിനു ശ്രമിക്കാത്തത് ഞങ്ങൾക്ക് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് , കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. ചില കാര്യങ്ങൾക്ക് തിരുത്തലുകൾ സാധ്യമല്ല എന്ന ബോധ്യത്തോട് കൂടി അകാലത്തിൽ പൊലിഞ്ഞ സഹപാഠിക്ക് നിത്യ ശാന്തി നേരുന്നു.

Popular Posts

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

അനിയത്തി

ദഹിക്കാത്ത ബിരിയാണി