അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

മനുഷ്യാലയങ്ങൾ : ഒരു വായനാനുഭവം

"പക ഓർമ്മയുടെ വിനാഗിരിയിൽ ഇട്ടുവച്ച കാന്താരിമുളകുപോലെയാണ്. കാലപ്പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അതൊരിക്കലും നശിച്ചു പോകില്ല"
മുഴുവിപ്പിക്കാൻ കഴിയാത്ത നാല്പത്തി ആറാമത്തെ സിറ്റ് അപ്പിനു ശേഷം അല്പം തണുത്ത കാറ്റുകൊണ്ടു മുഖം കഴുകാനായിരുന്നു ആ കിളിവാതിലിനടുത്ത് ചെന്നു നിന്നത്. ജിമ്മിന്റെ ചില്ലിട്ട ഭിത്തികളിൽ നെഞ്ചുയരത്തിൽ ചെറിയ ജാലകങ്ങൾ ഉണ്ട്. അതിലൊന്നിലേക്ക് കൈകൾ നീട്ടി ഇലയനക്കങ്ങളോടെ നിൽക്കുന്ന ഒരു ബദാംമരം നാലാം നിലയിലെ ചൂടിൽ വിയർത്തു നിൽക്കുവരെ വീശിത്തണുപ്പിക്കാറുണ്ട്.

ബദാമിന്റെ ചില്ലകളിൽക്കൂടി താഴേക്ക് നോക്കിയാൽ സ്‌കൂൾ അസംബ്ലിയിൽ അനുസരണയോടെ നിരന്നു നിൽക്കുന്ന കുട്ടികളേപ്പോലെ നിരത്തി നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ കാണാം. ഉടമസ്ഥനില്ലാത്ത വാഹനത്തിൽ, സർവാധികാരങ്ങളും പതിച്ചു കിട്ടിയ ഭാവത്തോടെ ചാരി നിൽക്കുകയും കയറി ഇരിക്കുകയും ചെയ്യുന്ന ചിലർ. അവർക്ക് മുന്നിലൂടെ നാല് ലോട്ടറി ടിക്കറ്റ് മാത്രം നീട്ടി കക്ഷത്തിൽ കറുത്ത ബാഗുമായി ഒരു സ്ത്രീ. ചിലപ്പോൾ ഒരു ഉന്തുവണ്ടിയിൽ നാരങ്ങയുമായി ഒരാൾ. അവർക്കിടയിലൂടെ ദൂരെ സിഗ്നൽ ജംഗ്ഷനിൽ നിന്നും ബസ് വരുന്നതും നോക്കി നിൽക്കുകയാവും മറ്റു ചിലർ. ഒന്നുകൂടി ചികഞ്ഞു നോക്കിയാൽ നോക്കിയാൽ ഒരു ബാസ്റ്റോപ്പിൽ നിന്നും അടുത്തതിലേക്ക് വേഗത്തിൽ നടന്നു നീങ്ങുന്ന ചിലരെ കാണാം. ജീവിതം മുന്നോട്ടുരുളാനുള്ള ഇന്ധനതിനായി ഓഫീസുകളിലേക്ക് പോകുന്നവർ. 

അത്തരത്തിൽ ഒരാളായിരുന്നു നവാസും. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ചെയ്ത് ചില കാര്യങ്ങൾ സൗകര്യപൂർവം മറന്നാൽ, ഒരു സാധാരണ മനുഷ്യൻ എന്നതിൽക്കവിഞ്ഞ് ആയാൾക്കെന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി അറിയില്ല. ഞാൻ അയാളെ വായിച്ചു തുടങ്ങുന്നതിനും ഏറെ നാളുകൾക്ക് മുൻപ് തന്നെ പോത്തിറച്ചിയുടെ ഗന്ധവും കീഴ്ശ്വാസവും തളം കെട്ടി നിന്നിരുന്ന ആ ഊണുമുറിയും അതിലെ കക്കൂസും പൊളിച്ചു മാറ്റണമെന്ന് ഉമ്മ അയാളെ അറിയിച്ചിരുന്നു.
നവാസിന്റെ വീടിനേക്കുറിച്ചുള്ള ഒരു ലഘു വിവരണം കഥയുടെ ആമുഖമെന്നോണം കഥാകൃത്ത് വായനക്കാർക്ക് മുൻപാകെ പറഞ്ഞുവെക്കുന്നുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ, അനേകം മാതാപിതാക്കളും കുട്ടികളും കലഹിച്ചും കളിച്ചും പുലർന്നു പോന്ന ഒരു മുസ്‌ലീം കുടുംബം ഒന്നാകെ ഉമ്മയുടെ കുടുംബവീട്ടിൽ ആയിരുന്നു താമസം. അത്തരത്തിൽ ഒരു വീടിനെക്കുറിച്ചു വായിക്കുന്നവർക്കുണ്ടാകാവുന്ന ഏറ്റവും ചെറിയ സംശയങ്ങൾ പോലും നിർദ്ധാരണം ചെയ്യുന്ന തരത്തിൽ വിശദമായി തന്നെ ഏച്ചിക്കാനം ആ വീടിന്റെ പൂർവചരിത്രം വാക്കുകൾ കൊണ്ട് വരച്ചിടുന്നുണ്ട്. വായനക്കിടയിലെപ്പോഴോ അടുക്കളയിൽ തീർത്താൽ തീരാത്ത പണികളിൽ വ്യാപൃതരായിരിക്കുന്ന ഉമ്മമാരാൽ ശ്രദ്ധിക്കപ്പെടാതെ ഊണുമുറിയുടെ മദ്ധ്യത്തിൽ പേരറിയാത്ത ഏതോ കുട്ടി തന്റെ പിൻവശത്തുകൂടി പുറന്തള്ളിയ മഞ്ഞ ഖരപദാർത്ഥത്തിൽ എനിക്കും ചവിട്ടേണ്ടി വന്നു. അത്ര മോശമായിരുന്നു അവിടുത്തെ അവസ്ഥ.

തണുത്ത കാറ്റിൽ മുഖം കഴുകി കാഴ്ചകളിൽ നിന്നും കണ്ണുയർത്തുമ്പോൾ ബദാമിന്റെ തുഞ്ചത്തെ ശിഖരങ്ങൾക്കിടയിൽ ചുള്ളിക്കമ്പുകൾ കൊക്കുകളാലടുക്കി കൂട് കെട്ടുന്ന തിരക്കിലായിരുന്നു ഒരു കാക്ക. അത്രയും അടുത്ത് അത്രയും മനോഹരമായൊരു കാഴ്ച അപൂർവമായിരുന്നു. അന്ന് തന്നെയായിരുന്നു സന്തോഷ് എച്ചിക്കാനത്തിന്റെ മനുഷ്യാലയങ്ങൾ ആദ്യമായി വായനക്കെടുക്കുന്നതും.

ഏതൊരു മധ്യവർഗ്ഗ മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളത് പോലെ നവാസിന്റെയുള്ളിലും ഒരു പുതിയ വീട് എന്ന ചിന്ത മൊട്ടിടുന്നു. വീടിന്റെ യാതൊരു ലക്ഷണവുമില്ലാത്തത് എന്ന് വായനക്കിടയിൽ എനിക്ക് തോന്നിയ ആ പഴയ വീടിനെ ഒരു കൊടുങ്കാറ്റ് കൊണ്ട് നിലംപരിശാക്കി തരണേ എന്ന നവാസിന്റെ മാതാവിന്റെ പ്രാർത്ഥന കേട്ടത് പോലെയായിരുന്നു ഫാല്ഗുനൻ മേസ്തിരി അയച്ച കടവിയുടെ പെരുമാറ്റം. അനേക കാലമായി പോത്തിറച്ചിയുടെ മണം തളംകെട്ടി നിൽക്കുന്ന ഊണുമുറിയിൽ, കീഴ്ശ്വാസംകൊണ്ടു കച്ചേരി നടത്താറുള്ള വല്ല്യാമ (മൂത്ത അമ്മാവൻ) കയ്യെത്തും ദൂരത്ത് കാര്യം സാധിക്കാൻ പണികഴിപ്പിച്ച കക്കൂസ്, അയാളുടെ മരണശേഷം പൊളിച്ചു മാറ്റാനുള്ള ഉമ്മയുടെ ആഹ്വാനത്തോടുള്ള ബഹുമാനമായിരുന്നു പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ലോൺ ശരിയാക്കി വീട് മുഴുവനായും പുതുക്കി പണിയുവാനുള്ള നവാസിന്റെ തീരുമാനം.

സന്തോഷ് ഏച്ചിക്കാനം



ആ തീരുമാനം നടപ്പിൽ വരുത്താൻ ഫൽഗുനൻ മേസ്തിരിയാൽ നിയുക്തനായതാകട്ടെ നവാസിന്റെ ആജന്മ ശത്രുവായ കടവി എന്ന വിളിപ്പേരിൽ അറിയുന്ന കടവിരാജുവും. കടവിയുടെ കൂടം നവാസിന്റെ വീട് പൊളിക്കുന്നതിനിടയിൽ രണ്ടുപേർകുമിടയിലുള്ള വൈരത്തിന്റെ കഥ കൂടി എഴുത്തുകാരൻ പറയുന്നുണ്ട്. മതം വർഗീയത എന്നിവ എങ്ങനെ മനുഷ്യനെ ബാധിക്കുന്നു അവക്ക് catalyst ആകുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് വായനക്കാർക്ക് അല്പമെങ്കിലും മനസിലാകാതിരിക്കില്ല. നിർമലത കൈമുതലായി ഗർഭഗൃഹത്തിൽ നിന്നും ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഒരു കുഞ്ഞിന്‌ അതെപ്രകാരം കൈമോശം വരുന്നു എന്ന് ചോദ്യത്തിന്, ജീവിത സാഹചര്യം, അരുമായുള്ള സഹവാസം എന്നിവയൊക്കെ കാരണമാകുന്നു എന്ന് വായനക്കിടെ മനസിലാക്കാം. പലരും പലപ്പോഴായി പറഞ്ഞു പഴകിയ logic ആണെങ്കിലും, അത് ഭംഗിയായി തന്നെ കഥാപാത്രങ്ങളുടെ പൂർവകാലത്തെ തുറന്നു കാട്ടാൻ സന്തോഷ് ഏച്ചിക്കാനം ഉപയോഗപ്പെടുത്തുന്നുണ്ട്. തീവ്ര മതാന്ധതയുടെ ബിംബങ്ങൾ ആയി നിലകൊള്ളുമ്പോഴും, ന്യൂട്ടന്റെ ഇനേർഷ്യക്ക് മാനസികമായ ഒരു തലം ഉണ്ടെങ്കിൽ, അതിന് ഒരപമാനമാകുന്നുണ്ട് നവാസ്. തീർത്തും നവാസിന്റെ കാഴ്ചപ്പാടിൽ എഴുതപ്പെട്ടിട്ടുള്ള കഥയിൽ കടവിയുടെ മനോവിചാരങ്ങൾ അയാളുടെ പ്രവൃത്തിയിൽ കൂടി മാത്രമേ മനസിലാക്കാൻ തരമുള്ളൂ എന്നത്കൊണ്ട് തന്നെ, പഴയതിൽ നിന്നും അയാൾ എത്രകണ്ട് മാറിയിട്ടുണ്ട് എന്ന് പറയുക അസാധ്യം.

ഞാനൊരു അക്ഷമനായ വായനക്കാരൻ ആണെന്ന് പറഞ്ഞുകൊള്ളട്ടെ. പലപ്പോഴും ഓരോ കഥകളും വായിച്ചു പൂർത്തിയാക്കുന്നതിനിടയിൽ ഒരുപാട് ഇടവേളകൾ എടുക്കാറുണ്ട്. നോവലുകൾ ആണെങ്കിൽ അവസാന താളുകൾ ആദ്യം വായിക്കുന്ന ദുശ്ശീലവുമുണ്ട്. മനുഷ്യലായങ്ങൾ, പുസ്തകത്തിലെ ആറോ ഏഴോ താളുകളിൽ മാത്രം ഒതുങ്ങുന്ന ഒരു കൊച്ചു കഥ ആയിരുന്നെങ്കിലും കുറവല്ലാത്ത ഇടവേളകൾ എടുത്താണ് വായന പൂർത്തീകരിച്ചത്. അത്തരമൊരു ഇടവേളയിൽ ജിമ്മിന്റെ മുന്നിലെ ബദാമിൽ കാക്ക അതിന്റെ കൂട് നിർമ്മാണം പൂർത്തിയാക്കി തന്റെ മുട്ടയ്ക്ക് അടയിരിക്കാൻ ആരംഭിച്ചിരുന്നു. ആ ദിവസങ്ങളിൽ വ്യായാമത്തേക്കാൾ കൂടുതൽ ആ കാഴ്ചയിലേക്കായിരുന്നു ജിമ്മിലെ ഏറിയ സമയവും ചിലവഴിച്ചിരുന്നത്; ഇടക്ക് പറന്നു പോകുകയും ഒട്ടും തമാസിയാതെ തിരികെ വന്നു മുട്ടകളിൽ ചൂടുപകർന്നിരിക്കുകയും ചെയ്യുന്ന കാക്ക. 

ഇതേ സമയം നവാസിന്റെ വീട്ടിൽ, മഞ്ഞ നിറം വീണ കോവൽ വള്ളികൾ പടർന്നു കയറിയ പന്തലിൽ തൂങ്ങിയാടിയിരുന്ന ഒരു കുരുവിക്കൂട്, കാറ്റത്ത് ഞെട്ടറ്റു വീഴാതിരിക്കാൻ വള്ളി കെട്ടി ഉറപ്പിക്കുകയായിരുന്നു കടവി രാജു. ക്രൂരനായ തന്റെ ആജന്മശത്രുവിനെക്കുറിച്ചുള്ള ധാരണകൾ എല്ലാം തിരുത്തുന്ന കാഴ്ച നവാസിന്റെ വിശ്വസിക്കാനായില്ല. തൊട്ടു മുൻപ് അയാൾ ബൽഗുനൻ മേസ്തിരിയുമായി നടത്തിയ സംഭാഷണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ആയിരുന്നു രാജുവിന്റെ പ്രവൃത്തി. അവിടെ മുതൽ രണ്ട് വീടുകൾ ആണ് കഥയിലുള്ളത്. പണി പൂർത്തിയായിക്കൊണ്ടിരുന്ന നവാസിന്റെ വീടും, തൂക്കണാം കുരുവിയുടെ കൂടും.
ഗർഭിണിയായ മകളുടെ കടിഞ്ഞൂൽ പ്രസവം നോറ്റിരിക്കുന്ന മാതാവിനെ പോലെ കുരുവിക്കൂടിനെ ചുറ്റിപ്പറ്റി നവാസിന്റെ ഉമ്മയും, ഭാര്യയും ദിവസങ്ങൾ നീക്കുന്നു. പലപ്പോഴും മനുഷ്യരോട് തോന്നുന്നതിനേക്കാൾ അടുപ്പം മറ്റു ജീവികളോടും, മരങ്ങളോടും, പാറക്കൂട്ടങ്ങളോടും വരെ തോന്നാറുണ്ട്. അവർക്ക് വേണ്ടതെല്ലാം പ്രകൃതി ഒരുക്കിയിട്ടുണ്ടെങ്കിലും മനുഷ്യർ അടക്കി വാഴുന്ന ഈ ലോകത്ത് അവർ എത്ര നിസ്സഹായരാണ് എന്ന ബാലിശമായ തോന്നലായിരിക്കാം അതിനു പിന്നിൽ. അതേ കാരണത്താൽ തന്നെ ആയിരിക്കും ബാദാം മരവും, അതിന്റെ ശികരരങ്ങൾക്കിടയിൽ കൂടു വെച്ച കാക്കയും, കൂട്ടിൽ നിന്ന് ഇടക്കിടെ പൊങ്ങി വരുന്ന ഉള്ളു ചുവന്ന കൊക്കുകളും എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്നത്.

ഇത്തരത്തിലുള്ള ഭ്രാന്തൻ തോന്നലുകൾ എനിക്കു മാത്രമല്ല എന്ന് ഞാൻ മനസിലാക്കിയത് അടുത്തിടെ ഒരു കൂട്ടുകാരി ഈ ഇമോജിയോട് കൂടി whatsapp-ൽ അയച്ചു തന്ന ഒരു നുറുങ്ങു വീഡിയോ കണ്ടപ്പോഴായിരുന്നു. ഒരു കുട്ടി ചത്തുപോയ ഒരു കോഴിക്കുഞ്ഞിനെ ചേർത്തുപിടിച്ച് അലറിക്കരയുന്ന കാഴ്ചയായിരുന്നു അതിലുണ്ടായിരുന്നത്. നവാസിന്റെ കുടുംബത്തിന് കുരുവിയമ്മയോടും കുരുവിക്കുഞ്ഞുങ്ങളോടും കുരുവിക്കൂടിനോടും തോന്നുന്ന അടുപ്പത്തെ ഹൃദയംകൊണ്ടു കാണാൻ കഴിഞ്ഞതിന്റെ പിന്നിലുള്ള കാരണവും മറ്റൊന്നായിരുന്നില്ല.
ഗൃഹപ്രവേശം കഴിഞ്ഞു. കടകളിലെ കണക്കുകൾ പറഞ്ഞും കൊടുത്തും ശരിയാക്കി തിരികെ വരുമ്പോൾ നിസ്കാരം പോലും മുടക്കി ആധി പൂണ്ടു കരയുന്ന ഉമ്മയെ കാണുന്നു നവാസ്. കുരുവിക്കൂട് കാണ്മാനില്ല !!

കീരിയും പൂച്ചയും കൊണ്ടുപോകാൻ സാധ്യത ഇല്ലാത്ത, കാറ്റത്ത് പറന്നു പോകാനോ അഴിഞ്ഞു വീഴാനോ സാധ്യത ഇല്ലാത്ത കുരുവിക്കൂട്, മഴയിൽ ചെളിപോലെ പുതഞ്ഞു കിടക്കുന്ന രാത്രിയുടെ ഇരുട്ടിൽ, നവാസിന്റെ കാലുകളിൽ ഉടക്കി, അതൊരു മരണവീടായത് നവാസ് അറിഞ്ഞു.

അതൊരു കൊലയായിരുന്നു. ആര് ചെയ്തു എന്ന് നവാസ് തിരിച്ചറിയുന്ന നിമിഷം, ഇതുവരെ വായിച്ച ഓരോ വരികളും ഓരോ സൂചനകൾ ആയിരുന്നു എന്ന് വായനക്കാരനും തിരിച്ചറിയും. കടവിയുടെ നന്മ തിരിച്ചറിയാൻ വൈകി എന്ന് ഒരിക്കൽ തോന്നിയ നവാസിന് , വീടിന്റെ പരിസരത്തു നിന്നും അയാൾ വീട് പൊളിക്കാൻ വന്നപ്പോൾ കൊണ്ടുവരികയും ഇടക്കിടെ തല ഉള്ളിലേക്കിട്ടു മണം പിടിക്കുകയും ചെയ്തിരുന്ന ആ കവർ കിട്ടുന്നത് വരെ, അവന്റെ അഗമനോദ്ദേശം മനസ്സിലായിരുന്നില്ല. എന്തിനു വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം നവാസിനൊപ്പം ഞാനും കണ്ടെത്തിയത് വരികൾക്കിടയിൽ ഒളിപ്പിച്ച സൂചനകളിൽ നിന്നാണ്.
മുൻപിലത്തെ പാരഗ്രാഫുകളിലൊന്നിൽ 'നിസ്കാരം പോലും' എന്ന് ഒരിടത്ത് ഞാൻ എടുതത്തെഴുതിയതും ഇത്തരമൊരു സൂചനയിൽ നിന്നാണ്. അതെന്താണ് എന്ന് കഥ വായിച്ചിട്ടുള്ളവർക്ക് മനസിലായിട്ടുണ്ടാകും എന്ന് കരുതുന്നു. ഒരു വീടിന്റെ യാതൊരു വിധതിലുള്ള ഐശ്വര്യവും ആ കെട്ടിടത്തിന് ഇല്ലാതിരുന്ന കാലത്ത്, അവിടെ നേർത്തൊരു വെളിച്ചമെങ്കിലും വീണിരുന്നത് ഉമ്മയുടെ നിസ്കാരത്തിന്റേയും പ്രാർത്ഥനയുടേയും ബലത്തിലായിരുന്നു എന്ന് കഥയുടെ തുടക്കത്തിൽ നവാസ് സൂചിപ്പിക്കുന്നുണ്ട്. അവർ കുരുവിക്കുടുംബവുമായി എത്രമാത്രം അടുത്തിരുന്നു എന്നു സൂചിപ്പിക്കാൻ 'മഗ്‌രിബ് നിസ്കാരം പോലും ചെയ്യാതെ ഉമ്മ സിറ്റ്ഔട്ടിൽ ഇരുന്ന് നിലവിളിക്കുകയാണ്' എന്ന് എഴുതിയതിലൂടെ കഥാകാരന് സാധിച്ചിട്ടുണ്ട്. ഇത് പോലുള്ള അനവധി കാര്യങ്ങൾ കഥാകാരൻ പറയാതെ പറയുന്നുണ്ട്. ഓരോ വരികളും കഥയുടെ മുന്നിലേക്കോ പിന്നിലേക്കോ ഉള്ള ചൂണ്ടുപലകൾ ആണ്.

'തളരുമ്പോൾ കടവി ഇടക്കിടെ പുറത്തേക്കു പോകുന്നത് ഞാൻ ശ്രദ്ധിച്ചു. ജോലിക്കു വരുമ്പോൾ കയ്യിൽ പിടിച്ചിരുന്ന പ്ലാസ്റ്റിക്ക് കൂടിനകത്തേക്ക് തലായിട്ട് അവനെന്തൊക്കെയോ കാണിക്കുന്നുണ്ട്.'

 
ഓർമ്മയുടെ വിനാഗിരിയിലിട്ടു സൂക്ഷിച്ച നവാസിനോടുള്ള പകയുടെ ഭൗതിക രൂപമായിരുന്നു ആ കവറിനുള്ളിൽ. വർഷങ്ങൾക്കു മുൻപ് ഒരു സംഭവം ഇതിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടു നവാസ് ഓർത്തെടുക്കുന്നുണ്ട്. കഥയുടെ അന്ത്യത്തിൽ കടവി രാജു നവാസിനോടുള്ള തന്റെ പക അടക്കം ചെയ്ത കവർ മഴവെള്ളത്തിൽ കുതിർന്ന ഇരുട്ടിലേക്ക് എറിഞ്ഞു കളഞ്ഞതായി കാണാം. കാലപ്പഴക്കത്തിൽ അതിന്റെ എരിവ് അല്പം നഷ്ടപ്പെട്ടു എന്നു തോന്നുമെങ്കിലും, നവാസിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പകവീട്ടൽ തന്നെ ആയിരുന്നു അത്. ഒരാളെ കൊലപ്പെടുത്തുന്നതിലും വലിയ ക്രൂരത അയാളെ വേദനയാൽ നീറ്റുകയാണ്. നവാസിനെ കൊല്ലാതെ വിട്ടതിൽ സമാധാനം കണ്ടെത്തിയാൽ പോലും, അവർ ഹൃദയത്തിൽ സൂക്ഷിച്ച മൂന്നു കുഞ്ഞു ജീവനുകൾ നശിപ്പിക്കുക വഴി ആയാൾ തന്റെ പക വീട്ടിയിരിക്കുന്നു. ഏറ്റവും ക്രൂരമായി തന്നെ.


വായന അവസാനിപ്പിച്ചു പുസ്തകം അടച്ചു വെക്കുമ്പോൾ പുറത്ത് നല്ല കാറ്റുണ്ടായിരുന്നു തീരപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദം മധ്യകേരളത്തിലേക്ക് നീങ്ങുന്നു എന്ന് മാതൃഭൂമി ഓൺലൈനിൽ വായിച്ചു.'വേനൽച്ചൂടിന് ആശ്വാസമായി കേരളത്തിൽ എങ്ങും മഴ', 'കാറ്റിൽ കനത്ത നാശനഷ്ടം' എന്നിങ്ങനെയുള്ള തലക്കെട്ടുകളിലൂടെ കണ്ണോടിച്ച ശേഷമായിരുന്നു പിറ്റേന്ന് ജിമ്മിലേക്ക് പോയത്. ആദ്യം പോയത് ബാദാമിന്റെ ശിഖരങ്ങൾ നീണ്ടു നിൽക്കുന്ന ജനാലക്കരികിലേക്ക്. കാറ്റത്ത് നടുവ് വളഞ്ഞ ശിരങ്ങളിലെ, മഴയിൽ തകരാത്ത കാറ്റിൽ പറക്കാത്ത ആ ആലയത്തിൽ നിന്ന് രണ്ടു ചെറിയ ചുണ്ടുകൾ കാക്കമ്മയെ തേടി മുകളിലേക്കുയർന്നു.

അർവിൻ 
7 ഏപ്രിൽ 2018 
സന്തോഷ് ഏച്ചിക്കാനം എഴുതിയ മനുഷ്യാലയങ്ങൾ എന്ന കഥ ബിരിയാണി എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ