( സത്യായിട്ടും
നടന്നതാന്ന് പറയാൻ പറഞ്ഞു )
കുറച്ചു വര്‍ഷങ്ങള്‍ക്ക്
മുന്‍പാണ്. അന്നു ഞാൻ ഒരു ഒൻപതാം ക്ലാസ്സ് വിദ്യാർഥി ആണ്. കൃത്യമായി പറഞ്ഞാൽ 2004.
തമിഴ്നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ ഒരു സ്കൂളില്‍ വലിയ തീപിടുത്തം ഉണ്ടാകുകയും
ഒരുപാട് പിഞ്ച് ജീവനുകൾ അഗ്നിയിൽ പൊലിഞ്ഞു പോകുകയും ചെയ്തു. ഇന്റർനെറ്റ്
പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും കണ്ട
ദൃശ്യങ്ങൾ എല്ലാവരുടേയും മനസിനെ പൊള്ളിച്ചുകൊണ്ടിരുന്നു. ആ ദുരന്തം നല്‍കിയ പാഠം
ഉള്ക്കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും ദുരന്തങ്ങളില്‍ നിന്നുമുള്ള സുരക്ഷ ഉറപ്പു
വരുതുന്ന്നതിനുള്ള നടപടികള്‍ സര്‍ക്കാരും സ്കൂള്‍ മാനേജ്മെന്റും ചേര്‍ന്ന്
നടപ്പിലാക്കുന്നുണ്ടായിരുന്നു. അത് എത്ര മാത്രം കാര്യക്ഷമമായി നടപ്പിൽ വരുത്തി
എന്ന് അറിയില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവര്ത്തിക്കുന്ന
അധികാരികളെ ആണല്ലോ നമുക്ക് കണ്ടു പരിചയം.
മേല്പ്പറഞ്ഞ മുൻകരുതലുകളുടെ
ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒരു mock
drill നടത്തും എന്ന് ഹെഡ് മിസ്ട്രസ്സ് അസംബ്ലിയില്‍ പറഞ്ഞിരുന്നു.
ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ എന്റെ നേരിയ ഓര്‍മയില്‍ നിന്നും.
".......നിങ്ങള്‍
എന്താ ചെയ്യേണ്ടതെന്ന് പറയാം. ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ സ്കൂളില്‍ ഒരു അപകടം
നടക്കുന്നൂന്ന് വിജാരിക്കുക. അപകടം നടന്നു എന്ന് മനസിലാകാന്‍ വേണ്ടി ജോയിച്ചേട്ടൻ
നിര്‍ത്താതെ മണി അടിക്കും. അപ്പോള്‍ എല്ലാവരും എത്രയും പെട്ടെന്ന്‍ ഓടി രക്ഷപെട്ട്
താഴെ ഗ്രൗണ്ടിൽ എത്തണം. അവിടെ എത്തിയ ഉടനെ എല്ലാവരും ക്ലാസ് അനുസരിച് വരി വരിയായി
നില്‍ക്കണം. ഇപ്പൊ നിക്കുന്നപോലെ. ബാക്കി ഉള്ള കാര്യങ്ങൾ അവിടെ വെച്ച് ജോർജ് സാര്‍
; സ്പോർട്ട്സിന്റെ ജോർജ്
സാർ നിങ്ങളോട് പറയും......"
കഥ തുടങ്ങുന്നത്
ഇനിയാണ്.
രാവിലെ മുതല്‍ ഒരു
മണി വരെ ഉള്ള നാല് പീരിയടുകള്‍. രാവിലെ ഉള്ള ഇംഗ്ലീഷ് പീരിയടില്‍ പതിവ് പോലെ സാറിന്റെ
ചൂരല്‍ പ്രയോഗം ഉണ്ടായിരുന്നു. പാസ്റ്റ് പെർഫക്ട്ട് ടെൻസിന്റെ പാസ്സീവ്
വോയ്സിലുള്ള ഫോർമുല എനിക്കും അറിയില്ലായിരുന്നു. എനിക്കും കിട്ടിയായിരുന്നു അന്ന്
രണ്ട് അടി. ക്ലാസ്സിലെ ചില തരുണീമണികളുടെ അടക്കിയുള്ള കളിയാക്കി ചിരികളിലും
അടിയുടെ വേദനയിലും മനം നൊന്ത് ഞങ്ങൾ ആ പീരിയഡ് കഴിച്ചു കൂട്ടി. ഫിസിക്സില്‍
ഒന്നു-രണ്ടു പേര്‍ക്ക് എമ്പോസിഷൻ കിട്ടി. ന്യൂട്ടന്റെ ഒന്നാം ചലന നിയമം ആയിരുന്നു
അവിടുത്തെ വില്ലൻ. മലയാളം പീരിയഡിൽ ശൂശാമ്മ ടീച്ചറുടെ അദ്ധ്യാപന ശൈലിയിയുടെ
ലാളിത്യത്തിൽ മതിമറന്ന് ഞങ്ങൾ ഇരുന്നു. ആ ക്ലാസ്സിൽ തന്നെ ആയിരുന്നു ചന്ദനയുടെ
കഥാപ്രസംഗവും (പാoഭാഗത്തെ
ആസ്പദമാക്കി ). ക്ലാസ്സിലെ ആസ്ഥാന ഗായികയും ഞങ്ങളുടെ എല്ലാം പ്രണയ സ്വപ്നങ്ങളിലെ
നായികയും ആയിരുന്നു ചന്ദന. അവളെ പറ്റി പിന്നീടൊരിക്കൽ എഴുതാം. പൊതുവേ ശാന്തമായി
തന്നെ ക്ലാസുകള്‍ എല്ലാം കടന്നു പോയി. അതിനു ശേഷം ഉച്ചയൂണിനുള്ള മണി അടിക്കുകയും,
എല്ലാവരും ഊണ് കഴിക്കുകയും ചെയ്തു.
ഊണ് കഴിച്ചതിന്റെ
ആലസ്യത്തില്‍ കുട്ടികളോടൊപ്പം സ്കൂളിലെ ബ്ലാക്ക് ബോര്‍ഡും ടെസ്കും ബെഞ്ചും എന്തിന്
ചൂരല്‍ വടി പോലും പാതി മയക്കത്തിലായിരുന്നുവെങ്കിലും പിന്നിലെ ബെഞ്ചിൽ ഒന്നുരണ്ടു
പേർ പെൻഫൈറ്റ്* കളിക്കുന്നുണ്ടായിരുന്നു,
അക്കൂട്ടത്തിൽ ഒരു കാഴ്ചക്കാരൻ ആയി ഞാനും ഉണ്ടായിരുന്നു. 1:30നു
പതിവായി കേള്‍ക്കാറുള്ള സ്റ്റഡി ടൈം ബെല്‍ അന്നുണ്ടായിരുന്നില്ല. പ്യൂണ്‍ ചേട്ടന്‍
മറന്നതാണോ എന്തോ..!
അങ്ങനെ ഒരു സാദാ
ഏയ്‌ഡട് സ്കൂളിലെ പതിവ് നട്ടുച്ച നേരത്ത് നിനച്ചിരിക്കാതെ അത് സംഭവിച്ചു.
വന്‍ ദുരന്തം.
അതാ മണി
മുഴങ്ങുന്നു "ണിം ണിം..."
ഇനി എന്ത് ചെയ്യണം
എന്ന്‍ ആലോജിച്ച് തുടങ്ങിയപ്പോഴേക്കും എന്നെ തള്ളി മാറ്റികൊണ്ട് പിന്‍ സീറ്റിലെ
ചില വിരുതന്മാര്‍ "....അയ്യോ ...ഓടിക്കോ..." എന്ന് അലറി വിളിച്ചു കൊണ്ട്
നീല പെയിന്റ് അടിച്ച, അഴികള്‍
ഇല്ലാത്ത ജനലുകളിലൂടെ ചാടി ഓടി. ഒന്നിന് പിറകെ ഒന്നായി വാല് പോലെ എല്ലാവരും ഓടി.
കൂടെ ഞാനും ഓടി. അങ്ങിനെ രണ്ടു മൂന്നു പേര്‍ തുടങ്ങിയ ഓട്ടം സ്കൂള്‍ മൊത്തത്തില്‍
ഏറ്റെടുത്തു. വീതിയുള്ള പടിക്കെട്ടുകള്‍ ചാടി കടന്ന് ഒരു സമുദ്രം കണക്കെ ഞങ്ങൾ
എല്ലാവരും ഓടുകയായിരുന്നു. ഓട്ടം അവസാനിച്ചത് ഗ്രൗണ്ടിൽ ആയിരുന്നു. എല്ലാവരും
ഹെഡ്മിസ്ട്രസ്സിന്റെ ആജ്ഞ ശിരസ്സാ വഹിച്ച് വരി വരിയായി നിന്നു. സാറിന്റെ
നിർദേശങ്ങൾക്ക് കാതോർത്ത് നിന്നെങ്കിലും അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല.
നോക്കിയപ്പോൾ അദ്ധ്യാപകർ ഓരോരുത്തരായി പടികൾ ഇറങ്ങി ഗ്രൌണ്ടിലേക്ക് വരുന്നുണ്ട്.
കുറച്ചു നേരത്തേക്ക് അവിടെ എങ്ങും നിശബ്ദത മാത്രം.
"നിങ്ങളോടാരാ
പിള്ളേരെ ഇറങ്ങി ഓടാൻ പറഞ്ഞത്. അത് സ്റ്റടി ബെൽ അല്ലായിരുന്നോ !" സി കെ
ഏലിയാമ്മ ടീച്ചർ ചിരിച്ചപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരേ വീണത്. ഒരു
മാലപ്പടക്കത്തിനു തീകൊളുത്തിയിട്ടു ചെവി പൊത്തി പിടിച്ചാൽ കേള്ക്കുന്നതു പോലെ, അടക്കിയുള്ള ചിരികൾ ആ
ഗ്രുണ്ടിലെങ്ങും തുരുതുരാ പൊട്ടിച്ചിതറി. ജോയിച്ചേട്ടന്റെ വാച്ചാണോ സ്കൂളിലെ
ക്ലോക്ക് ആണോ സ്ലോ എന്നതായിരുന്നു ആ സമയത്തെ എന്റെ ചിന്ത.
സംഭവിച്ചത് അബദ്ധം
ആയിരുന്നുവെങ്കിലും, വിദ്യാര്‍ത്ഥികളുടെ
അവസരോചിതമായ പെരുമാറ്റത്തില്‍ ബഹുമാന്യയായ HMനു അഭിമാനം
തോന്നിയിരിക്കണം. എന്തായാലും അതിനു ശേഷം ക്ലാസ്സില്‍ രണ്ടാം തവണയും കടന്നു വന്ന
മലയാളം അധ്യാപിക ടീ സംഭവത്തെക്കുറിച്ചും ഞങ്ങളുടെ വിവേകത്തെക്കുറിച്ചും
അവസരോചിതമായ പെരുമാറ്റത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ചു.
ടീച്ചറുടെ ഈ
പുകഴ്തലുകളില്‍ സുഖിച്ചിരിക്കുംബോഴും ,
സാഹസികമായ ഓട്ടത്തിനിടയില്‍ പരുക്കേറ്റ ചിലർ പിന്‍ ബെഞ്ചില്‍
ഇരുന്ന്‍ കണ്ണുരുട്ടുന്നുണ്ടായിരുന്നു.
*പെൻ ഫൈറ്റ് - ഓഹ്..! ഇനി അതെന്താണെന്നൊന്നും വിശദീകരിക്കാൻ വയ്യ. ഒരു കളി അത്രേ അറിഞ്ഞാ മതി
image courtesy:
http://mtmhsspampakuda1.blogspot.in/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ