അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ജൂൺ 19, വെള്ളിയാഴ്‌ച

വായനാ ദിനത്തിന്റെ ഭാവുകങ്ങള്‍


തൊണ്ണൂറുകളിലെ എല്ലാ കുട്ടികളേയും പോലെ പൂമ്പാറ്റയും കളിക്കുടുക്കയും ബാലരമയും വായിച്ചായിരുന്നു തുടക്കം. നമ്പോലനും വൈദ്യരും മായാവിയും രാജുവും രാധയും പൂതപ്പാട്ടിലെ പൂതവും ഉണ്ണിയും ആമയും മുയലും അങ്ങിനെ എന്റെ ചങ്ങാതിമാരായി.
മലയാളം പാഠപുസ്തകത്തിലെ കവിതകളും കഥകളും കുഞ്ഞു മനസ്സിനെ ആകര്ഷിച്ചു, അതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് ചില്ലറയല്ല.ഉപപാഠപുസ്തകത്തിലെ തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും ശങ്കരാചാര്യരും സീയസ് ദേവനും പഴമയുടെ മണമുള്ള മങ്ങി-വെളുത്ത താളുകളിലെ അക്ഷരങ്ങള്‍ ആയിരുന്നു എങ്കിലും, എന്‍റെ ഹൃദയത്തില്‍ സിനിമാ സ്കോപ്പ് ചിത്രങ്ങള്‍ പോലെ അവര്‍ ഇന്നും അംഗം വെട്ടുകയും വേദാന്തം പ്രസംഗിക്കുകയും ചെയ്യുന്നു.
"കോടക്കാര്‍ കൊമ്പ് കുത്തുന്ന കോമളത്തിരുമേനിയില്‍.." എന്ന കവിത ടീച്ചര്‍ ചൊല്ലി തന്നത് ഈണത്തില്‍ ആയിരുന്നു.
ഗൗരവമുള്ള വലിയ പുസ്തകങ്ങളുടെ വായനയിലേക്ക് കൈ പിടിച്ചു കയറ്റിയത് അമ്മ ആയിരുന്നു. അന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന അമ്മ ഓഫീസ് ലൈബ്രറിയില്‍ നിന്ന്‍ എനിക്കു വേണ്ടി കൊണ്ടുവരാറുള്ള പുസ്തകങ്ങളില്‍ ആദ്യം ആയി വായിച്ചത് പ്രൊഫ്‌. എസ് ശിവദാസിന്റെ ഒരു ശാസ്ത്ര സാഹിത്യ പുസ്തകം ആയിരുന്നു എന്നാണ് ഓര്‍മ. ആദ്യമായി വായിച്ച നോവല്‍ സ്കൂളില്‍ നടത്തിയ ക്വിസ് മത്സരത്തിനു സമ്മാനം ആയി കിട്ടിയ ജോഹന്നാ സ്പൈറിയുടെ "ഹെയ്ടി" എന്ന പുസ്തകം ആണ്.
ഓണക്കൂര്‍ ഗ്രാമീണ വായനശാല ആയിരുന്നു നല്ല പുസ്തകങ്ങള്‍ക്കുള്ള മറ്റൊരു ആശ്രയം. കൂട്ടുകാരായ ബിന്‍സന്‍ അര്‍ഹിത് ഇവരുടെ ഒക്കെ കൂടെ അവിടെ പോകുന്നത് ഒരു ആഘോഷം തന്നെ ആയിരുന്നു.അവിടെ ചുവന്ന തുണി കൊണ്ടുള്ള പുറം ചട്ടയുള്ള പുസ്തകപ്പുഴു കുടുംബ സമേതനായി താമസിക്കുന്ന ഒരു തടിച്ച കവിതാ പുസ്തകം ഉണ്ടായിരുന്നു, അതിലെ ഒരു കവിതയിലെ "എന്താ ഹിപ്പി ചെറുമകനേ" എന്നുള്ള വരികള്‍ ഇടക്കിടക്ക് മൂളുന്നത് എന്തൊരു രസമായിരുന്നു.വല്ലപ്പോഴും മാത്രം തുറക്കുന്ന വായന ശാലയിലെ പുസ്തക ശേഖരത്തില്‍ കൂടുതലും മരപ്പണി പഠിക്കാം,കളിപ്പാട്ട നിര്‍മ്മാണം പഠിക്കാം,മുയല്‍ വളര്‍ത്തല്‍ മുതലായ പുസ്തകങ്ങള്‍ ആയിരുന്നുവെങ്കിലും അന്ന്‍ UP സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്ന ഞങ്ങള്‍ അതും ആയിച്ചു. നാട് വിട്ട് മുവാട്ടുപുഴയില്‍ ചേക്കേറിയപ്പോള്‍ ആണ് ബഷീറും മാധവികുട്ടിയും എം.ടി യും എം.മുകുന്ദനും ലിയോ ടോള്‍സ്റ്റോയിയും ദാസ്തെവ്സ്കിയും മറ്റും എന്റെ വായനാനുഭാവങ്ങള്‍ക്ക് വര്‍ണച്ചിറകുകള്‍ നല്‍കിയത് . മുവാറ്റുപുഴ മുനിസിപല്‍ സെന്‍ട്രല്‍ പബ്ലിക് ലൈബ്രറി ആയിരുന്നു അതിനുള്ള വേദി. ആഴത്തിലുള്ള വായനയുടെ ആരംഭം എന്ന് വേണമെങ്കില്‍ കരുതാം.
ഇതു വരെ വായിച്ച പുസ്തകങ്ങളില്‍ എനിക്കേറ്റവും പ്രിയം ബെന്യാമിന്റെ "മഞ്ഞ വെയില്‍ മരണങ്ങളോടും" മുകുന്ദന്റെ "മയ്യഴിപുഴയോടും"
കഥകളില്‍ ഇ ഹരികുമാറിന്‍റെ "ശ്രീ പാര്‍വതിയുടെ പാദത്തോടും"
ഇനിയും ഒരു നല്ല വായനക്കാരന്‍ ആയിത്തീരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
വായനയുടെ ലോകത്ത് ഇനിയും എന്റെ ശൈശവം അവസാനിച്ചിട്ടില്ല
""വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.. 
വായിച്ചാൽ വിളയും ... വായിച്ചാൽ വിളയും , വായിച്ചില്ലെങ്കിൽ വളയും ""
വായനാ ദിനത്തിന്റെ ഭാവുകങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ