അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2015, ജൂൺ 12, വെള്ളിയാഴ്‌ച

മെറിന്‍


അഞ്ചേകാലിന് ഒരു പാലക്കാട് ഉണ്ട്. അത് കിട്ടിയില്ലെങ്കില്വീട്ടിലെത്താന്ഒരുപാട് വൈകും. ബസ്സ്റ്റോപ്പ്വരെ മെറിനും കൂടെ വരാം എന്ന് പറഞ്ഞു. ഗെറ്റ് ടുഗതറിന്റെ പതിവ് മോടി ഒന്നും ഇല്ലായിരുന്നെങ്കിലും, പിന്നിട്ട വഴിയിലെങ്ങോ വെച്ചു നഷ്ടമായ വസന്തത്തിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നു അത്‌. ഇതിനെല്ലാം മുന്‍കൈ എടുത്തത് മെറിനാണ് എന്ന്‍ വീണ പറഞ്ഞപ്പോൾ ആശ്ചര്യം കൊണ്ടോ സന്തോഷം കൊണ്ടോ അവന്റെ കണ്ണുകൾ വിടർന്നു. 

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു മെറിന്‍റെ ശബ്ദം കേൾക്കുന്നത്. അപ്രതീക്ഷിതമായി അവളുടെ സ്വരം ഫോണിലൂടെ കാതുകളിലെത്തിയപ്പോൾ എന്താണ് പറയേണ്ടതെന്ന വെപ്രാളമായിരുന്നു. അവളുടെ പതിഞ്ഞ സ്വരത്തിൽ നിന്ന്  സീമ ജി നായർ എന്നൊരു ഇരട്ടപ്പേര് അവർക്കുണ്ടായിരുന്നു. അങ്ങിനെ വിളിക്കുമ്പോൾ പുരികങ്ങൾ ഉയർത്തി ചുണ്ടുകൾ കൂർപ്പിച്ച്‌ ഒരു മൂങ്ങയെപോലെ കൊത്താൻ വരുമായിരുന്നു അന്നവൾ. അവള്‍ ഇനി തന്നെ വിളിക്കും എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പഴയ ഒരു മുറിവിന്‍റെ നീറ്റല്‍ ഉള്ളിലെവിടെയോ അനുഭവപ്പെടുന്നതുപോലൊരു തോന്നല്‍. തിരിച്ചറിയാനാകാത്ത എന്തൊക്കെയോ കാരണങ്ങളാൽ ഇരു ധ്രുവങ്ങളിലേക്ക് അകന്നു പോയിരുന്നു തങ്ങൾ.

വർഷങ്ങൾ കുറേ ആയിരിക്കുന്നു. മുടി ബോബ് ചെയ്തതൊഴിവാക്കിയാൽ വലിയ മാറ്റങ്ങള്‍ ഒന്നും മുഖത്ത് കാണാനില്ല. എങ്കിലും പണ്ടത്തെ പ്രസരിപ്പ് ഒക്കെ എവിടെയോ നഷ്ടപെട്ടിരിക്കുന്നു. ഒരുമിച്ചാണ് ഇറങ്ങിയതെങ്കിലും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വീണ മുന്നിലേക്ക് നടന്നു.

" വല്ലപ്പോഴുമല്ലേ എല്ലാവരേം ഇങ്ങനെ ഒക്കെ ഒന്ന് കാണാൻ കഴിയൂ. അപ്പൊ അവൾക്ക് ഇത് വരെ ഇല്ലാത്ത ഒരു ഫോൺ വിളി “ മെറിൻ പറഞ്ഞു

"എന്തെങ്കിലും അത്യാവശ്യം ആകും "

"നീ കല്യാണം വിളിക്കാന്‍ ഉള്ളത് കൊണ്ട് മാത്രമാണോ വന്നത് ?" അവള്‍ ചോദിച്ചു

"അല്ല. നീ വിളിച്ചത് കൊണ്ടാണ് വന്നത്, എല്ലാവരും ഉള്ളത് കൊണ്ട് കല്യാണത്തിന്‍റെ കാര്യം പറഞ്ഞെന്നേ ഉള്ളു."

"പരസ്പരം സംസാരിക്കാതെ 8 വര്ഷം. നിനക്കെന്നെ കാണണമെന്നോ മിണ്ടണമെന്നോ ഒന്നും ഒരിക്കലും തോന്നിയിരുന്നില്ലേ..?"

വീണ്ടും മൗനം കനത്ത നിമിഷങ്ങൾ. സായന്തനത്തിന്റെ നേർത്ത മഞ്ഞ നൂലിഴകൾ വഴിവക്കിലെ അരണമരങ്ങളുടെ നിഴലുകൾ മുഖത്തു തീർത്തു.

"നീ എന്നാ മുടി മുറിച്ചത്.? മുറിക്കേണ്ടിയിരുന്നില്ല. പണ്ട് നിറയെ മുടി ഉണ്ടായിരുന്നപ്പോൾ. എന്ത് ഭംഗി ആയിരുന്നു.! നിന്റെ മുടിയിൽ തട്ടി നമ്മുടെ കോളേജിലെ എത്രയോ ആൺകുട്ടികൾ വീണിരിക്കുന്നു . ഓർക്കുന്നുണ്ടോ..? "

"എന്തിനാ മാഷേ വിഷയം മാറ്റാൻ നോക്കണേ..

നിന്നെ ഒന്ന് കാണണം എന്നു തോന്നി..

ഇതൊക്കെ പ്ലാൻ ചെയ്തതും നിന്നെ ഓർത്തിട്ടു തന്നെ. "

"വീണ പറഞ്ഞിരുന്നു.
നിന്റെ വിശേഷങ്ങൾ ഒക്കെ അവള് പറയാറുണ്ട്.
അപ്പയുടെ കാര്യം...ഞാൻ അപ്പോൾ ജയ്പൂർ ആയിരുന്നു നാട്ടില് വന്നപോഴാ വീണ പറഞ്ഞറിയുന്നത്. നിന്നെ വന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷേ  എങ്ങനെയാ ഫേസ് ചെയ്യുക എന്നോർത്തപ്പൊ.." 

“നിന്നെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുണ്ടായിരുന്നു..ഒന്നുമല്ല, നീ എനിക്കൊരു anchor ആണ് അനീ. ഇപ്പോൾ തന്നെ തളർന്നിരുന്നാൽ മമ്മിക്ക് പിന്നെ വേറെ ആരാ എന്നൊക്കെ ഓർത്ത് ധൈര്യം സംഭരിച്ച് നില്ക്കുന്നതാണ്. ചിലപ്പോൾ തോന്നും അപ്പ ചെയ്ത പോലെ…പക്ഷേ  എനിക്ക് മരിക്കാൻ പേടിയാണനീ. ഇങ്ങനെ ജീവിച്ചിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും വരും." 

"ഞങ്ങളൊക്കെ ഇല്ലേ മെറി നിന്റെ കൂടെ..നീ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട" 

ഒറ്റപ്പെടൽ. ഇടക്ക് ഞങ്ങളുടേതെന്നു പറഞ്ഞൊന്നു കയറി ചെല്ലാൻ. രണ്ടു ദിവസം വീട്ടിൽ വന്നു നിൽക്കാൻ മാത്രം അടുപ്പമുള്ളവരൊക്കെ അപ്പ പോയത്തോട് കൂടി എവിടെയോ മാഞ്ഞു പോയി. അപ്പ പറയാറുള്ളത് വളരെ ശരിയാ നല്ലകാലം വരുമ്പോൾ ഉള്ളവരൊന്നും എന്നും കൂടെ കാണില്ല. "

ഇടവഴി കടന്നു മെയിന്‍ റോഡിന്റെ അരികിലെ ബസ് സ്റ്റോപ്പില്‍ അവര്‍ നിന്നു. ഇതിനു മുൻപ് എത്രയോ വൈകുന്നേരങ്ങളിൽ അവിടെ നിന്നിട്ടുണ്ട്, കൂട്ടുകാരുമൊത്ത്, മെറിനുമൊത്ത്. ഓര്‍മകളില്‍ ചിക്കി ചികയാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. പക്ഷേ മെറിന്‍റെ സാന്നിദ്ധ്യം പഴയ കാഴ്ചകളിലേക്ക് മനസിനെ കെട്ടി വലിച്ചു.

പഠനം കഴിഞ്ഞ് കോളേജിനോടും സ്വന്തം പോലെ കരുതിയിരുന്ന നാടിനോടും വിട പറഞ്ഞു പോകുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ല മണ്ണും ആകാശവും മരങ്ങളും കിളികളും ഒന്നും. എങ്ങും പൊടിയും പുകയും യന്ത്ര മുരൾച്ചയും ബഹളവും മാത്രം. മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രമേ ഉള്ളൂ എന്ന മാർക്സിയൻ വാക്യം അവൻ ഓർത്തു. മാറ്റത്തിന്റെ ഏറ്റവും മോശമായ അവസ്ഥ. അന്നത്തെ ഗ്രാമത്തിന്റെ പ്രേതമാണ്‌ ഇത്. മെറിനെ കണ്ടപ്പോള്‍ ഒരു പ്രേതഗ്രാമത്തില്‍ വെച്ച്  ആട്ടിൻകൂട്ടത്തെ നഷ്ടപ്പെട്ട ഒരു ഇടയ കന്യകയെപ്പോലെ  അവനു തോന്നി.

എവിടെ നിന്നോ വന്ന ഒരു ഓര്‍ഡിനറി ബസില്‍ തിക്കി തിരക്കി കയറുന്ന കുറെ അന്യ സംസ്ഥാന തൊഴിലാളികള്‍, അവരുടെ നേരേ ആയിരുന്നു നോട്ടമെങ്കിലും മെറിന്‍റെ നിര്‍വികാരമായ മുഖത്ത് നിന്നും അവള്‍ എന്തോ ചിന്തിച്ചു കൂട്ടുകയാണെന്ന് അവനു തോന്നി. ഇങ്ങനെ ചിന്തകള്‍ക്ക് ഭാരം തോന്നിയ ഒരു വൈകുന്നേരം ആയിരുന്നു അവര്‍ രണ്ടു വഴികളിലേക്ക് നടന്നകന്നത്.

"ആനീഷേ നീ ശരിക്കും കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചോ..? കള്ളം പറഞ്ഞതല്ലല്ലോ..?"

"കള്ളമോ!!! ശരിക്കും പറഞ്ഞതാണ് മെറി"

"ഞാൻ കുറച്ചു വൈകി പോയി അല്ലേ ..?" മെറിന്റെ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ മാത്രമായി നിന്നു. അവളുടെ വലം കൈ തന്റെ കൈകളിൽ എടുത്തു. അതിലമർത്തി മുഖത്ത് അവൻ നോക്കി. അവനൊന്നും പറയുവാൻ കഴിഞ്ഞില്ല. 

ബസിലെ സൈഡ് സീറ്റില്‍ ഇരുന്ന് കൈ വീശി യാത്ര പറയുന്ന അവനെ നോക്കി മെറിന്‍ ചിരിച്ചു. ചിരിയിൽ അവളുടെ കണ്ണുകളും പങ്കു ചേർന്നു. ശേഷം കറുത്ത കാൻവാസിൽ ചുവപ്പു ചായം പൂശിയ ആകാശത്തിനു കീഴെ ഇരുൾ പരന്നു തുടങ്ങിയ നാട്ടിടവഴിയിലൂടെ അവൾ തിരികെ നടന്നു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ