വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന നീണ്ടു മെലിഞ്ഞ ആ മനുഷ്യൻ കുവൈറ്റിലെ ഒരു ഓയിൽ കമ്പനിയിൽ ഡീസൽ മെക്കാനിക്ക് ആണ്. പുറത്ത് വെള്ള നിറത്തിൽ ഒരു റ്റാറ്റാ ഇൻഡിക്ക അയാളെ കാത്തു നിൽപ്പുണ്ടായിരുന്നു . ഹർത്താൽ ആയതുകൊണ്ട് വലിയ അക്ഷരത്തിൽ മരണം എന്നെഴുതിയ ഒരു വെളുത്ത കടലാസ് അതിന്റെ ചില്ലിൽ ചേർന്നിരിക്കുന്നു.
മരണം !! മകൻ മരിച്ചിരിക്കുന്നു. ആരോ കൊലപ്പെടുത്തിയതാണ്. രാഷ്ട്രീയ കൊലപാതകം എന്ന് പത്രത്തിൽ വാർത്ത വന്നു. അയാളുടെ രാഷ്ട്രീയം വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു. മകന്റേതെന്തെന്ന് അയാൾക്കറിവില്ലായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അന്വേഷിക്കാൻ മറന്നു.
റെയിൽവേ സ്റ്റേഷനു മുന്നിലെ ഷോർട്ട് കട്ട് കടക്കുമ്പോൾ ചുളിവ് വീണ മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു നരച്ച മുടിക്കാരൻ വാഹനത്തിനു കൈ നീട്ടി. ഹർത്താൽ ആയതുകൊണ്ട് വണ്ടി ഒന്നും കിട്ടിയില്ല വഴിയിൽ ഇറങ്ങിക്കോളാo എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടി. ഒരേ സ്ഥലത്തേക്കാണ് രണ്ടു പേർക്കും പോകേണ്ടത്. മദ്രാസിലെ ഒരു സിനിമാ സ്റ്റുഡിയോയിലെ ജോലിക്കാരൻ ആണ് എന്ന് ഡ്രൈവറോട് പറയുന്നത് കേട്ടു.
ഒരേ നാട്ടുകാർ ആയിരുന്നെങ്കിലും അപരിചിതർ. മൂകമായ ആ വിലാപ യാത്രയിൽ കൂടെ കൂടിയ അപരിചിതന്റെ കണ്ണുകളിലും ഒരു പേമാരിക്കുള്ള കാറു മൂടി നിൽക്കുന്നുണ്ടായിരുന്നു.
വിജനമായ വഴിയിൽ എവിടെയോ സമരക്കാർ തടഞ്ഞു. മരണം ആണെന്ന് പറഞ്ഞിട്ടും വാഹനം കടത്തി വിട്ടില്ല. അസഭ്യ വർഷം. മദ്യത്തിന്റെ രൂക്ഷ ഗന്ധം. കാറിന്റെ കാറ്റഴിഞ്ഞു. ചില്ലുകൾ ഉടഞ്ഞു. മകന്റെ പ്രായമുള്ള ആരുടെയോ വിരൽ പാടുകൾ മുഖത്ത്.എല്ലാം കഴിഞ്ഞ ശേഷം നിയമപാലകരുടെ ജീപ്പിൽ യാത്ര. പോകും വഴി സമരക്കാരുടെ കയ്യിൽ മകന്റെ പടമുള്ള പ്ലക്കാർഡുകൾ.
ഇടയ്ക്കു വച്ച് കയറിയ ആൾ വഴിയിലിറങ്ങി. അയാളുടെ വീടിനു മുന്നിൽ ഫ്ളക്സ് ബോർഡിൽ ഒരു ആണ്കുട്ടിയുടെ ചിത്രം. കണ്ടിട്ട് തന്റെ മകനോളം പ്രായമേ ഉള്ളൂ. അയാളുടെ മകൻ ആവണം അത്. അവന്റെ ചിത്രത്തിനു താഴെ മുദ്രാവാക്യങ്ങളും അഭിവാദ്യങ്ങളും ധീര സേനാനിയെക്കുറിച്ചുള്ള എഴുത്തുകളും , പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനങ്ങളും.
വാഹനം ഉരുണ്ടു നീങ്ങി. വീടുത്തിയിരിക്കുന്നു. തന്റെ വീടിനു മുന്നിലും കണ്ടു ഫ്ലക്സ് ബോർഡുകളും മുദ്രാവാക്യങ്ങളും പ്രതികാര പ്രഖ്യാപനങ്ങളും. മുറ്റത്തേക്കുള്ള ഒതുക്കു കല്ലുകൾ കയറുമ്പോൾ മരണത്തിന്റെ ഗന്ധം പരത്തി പുകഞ്ഞു തീരുന്ന ചന്ദനത്തിരികൾ അയാൾ കണ്ടു. തലക്ക് മുകളിൽ കത്തിച്ചു വെച്ച് നിലവിളക്കിനു കീഴെ തന്റെ മകൻ കിടക്കുന്നു. പ്രവാസത്തിന്റെ കനാലാഴിയിൽ നീന്തുമ്പോഴും മനസ്സിൽ നൂറായിരം സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ഹൃദയത്തിലെ തൊട്ടിലിൽ ഓമനിച്ചു വളർത്തിയ മകൻ. റീത്തുകളുടെ കനത്തിൽ അവനു ശ്വാസം മുട്ടുന്നുണ്ടാകും. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. അവ്യക്തമായ ചില സംഭാഷണങ്ങൾ. അയാളെ ആരൊക്കെയോ ചേർന്നു താങ്ങി എടുത്തുകൊണ്ടു പോകുമ്പോൾ പിന്നിൽ നിന്ന് ചിലർ പിറുപിറുത്തു.
"പോയപ്പോ ആർക്കു പോയി..തന്തക്കും തള്ളക്കും"
ഉത്തരത്തിലെ പല്ലി ചിലച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ