"അയ്യോ അങ്ങോട്ട് പോകല്ലേ പാണ്ടിക്കാര് പിടിച്ചോണ്ട് പോകും"
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച , ഇന്റർനെറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ninety's kids ഈ വാചകം കുറഞ്ഞ പക്ഷം ഒരു തവണ എങ്കിലും കേട്ടിട്ടുണ്ടാകും. മൂന്ന്കണ്ണൻ വരും മാക്കാൻ വരും എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്ന പ്രായം കഴിഞ്ഞാൽ കുട്ടികളെ അനുസരിപ്പിക്കാൻ മുതിർന്നവർ പറഞ്ഞിരുന്ന വാക്കുകൾ ആയിരുന്നു ഇവ.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച , ഇന്റർനെറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ninety's kids ഈ വാചകം കുറഞ്ഞ പക്ഷം ഒരു തവണ എങ്കിലും കേട്ടിട്ടുണ്ടാകും. മൂന്ന്കണ്ണൻ വരും മാക്കാൻ വരും എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്ന പ്രായം കഴിഞ്ഞാൽ കുട്ടികളെ അനുസരിപ്പിക്കാൻ മുതിർന്നവർ പറഞ്ഞിരുന്ന വാക്കുകൾ ആയിരുന്നു ഇവ.
സഹ്യൻ തീർത്ത വേലിക്കപ്പുറത്തു നിന്നും ജോലി തേടി കേരളത്തിൽ എത്തിയ അസംഖ്യം തമിഴന്മാർ. ഇരുണ്ട തൊലിയും ചുരുണ്ട മുടിയും 'ഴ' വഴങ്ങാത്ത മുറി തമിഴാളവും പറഞ്ഞ് , അന്ന് മടിയന്മാരായി മാറിയിരുന്നില്ലാത്ത മലയാളികൾക്കൊപ്പം , മണ്ണിലും നഗരങ്ങളിലെ അമ്പരചുംബികളായ കോണ്ക്രീറ്റ് വൃക്ഷങ്ങൾക്ക് മുകളിലും വെയിലും മഴയുമേറ്റ് എല്ലു മുറിച്ചിരുന്ന അവരെ നമ്മൾ അണ്ണാച്ചി എന്ന് വിളിച്ചു. ചിലർ അല്പം കൂടി കടന്ന് പാണ്ടി എന്ന് വിളിച്ചു. വീട് റോഡരികിൽ ആയിരുന്നത് കൊണ്ട് ടെലിഫോണിന്റെ കെബിളിനു കുഴി എടുക്കാനും റോഡ് പണിക്കുമൊക്കെയായി വരുന്ന ഒരുപാട് തമിഴന്മാരെ കാണാമായിരുന്നു. അന്നൊക്കെ അവരെ പേടി ആയിരുന്നു. പറഞ്ഞു തന്നിരുന്ന കഥകളനുസരിച്ച് അവർ കുട്ടികളെ ചാക്കിൽ കയറ്റി കൊണ്ടുപോകുമായിരുന്നു. വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും നഷ്ടങ്ങൾ സ്വന്തമാക്കി അഭയാർഥികളായി ഓണക്കൂർ പാലത്തിന്റെ അരികിൽ വലിയ തോടിന്റെ കരയിൽ കുടിൽ കെട്ടി താമസിച്ചിരുന്ന ഉത്തരേന്ത്യക്കാരും അന്ന് എല്ലാവർക്കും പാണ്ടിക്കാര് തന്നെ ആയിരുന്നു. അവരുടെ ജീവിക്കാനുള്ള തൃഷ്ണയെ തൊലിയുടെ നിറവും സാംസ്കാരിക അന്തരവും എടുത്ത് കാട്ടി സമ്പൂർണ സാക്ഷരതയോടടുത്തിരുന്ന മലയാളി പുച്ഛിച്ചു. കാലം കടന്നു പോകെ ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയിലെ ഏറ്റവും ആത്മാഭിമാനമുള്ള ഒരു വിഭാഗമായി അവർ മാറി. അവർ നമ്മുടെ ഭിക്ഷ വാങ്ങുന്നത് നിർത്തി.
ഇന്നാ സ്ഥാനം ഉത്തരേന്ത്യൻ തൊഴിലാളികൾക്കാണ്. ബംഗാളികളും ബീഹാറികളും ഒറീസക്കാരും ഉത്തർ പ്രദേശ്കാരും രൂപമോ ഭാവമോ വെച്ച് ഊരേതെന്ന് തിരിച്ചറിയാൻ വയ്യാത്ത വിധം ഇടകലർന്ന് ഇന്നിവിടെ ഉണ്ട്. കക്ഷത്തിൽ ഒരു പ്ലാസ്റ്റിക് കവറും വായിൽ പാനുമായി ചന്തിക്കും തറക്കുമിടയിൽ ഷേവിങ് ബ്ലേഡിന്റെ ഗ്യാപ്പിൽ കുന്തിച്ചിരുന്ന് നല്ല ജീവിതം സ്വപ്നം കാണുകയാവും അവർ. ഏതെങ്കിലുമൊരു മലയാളി വന്ന് അവരെ വിളിച്ചുകൊണ്ട് പോകുന്നത് വരെ ആ ഇരിപ്പ് തുടരും.
അത്തരത്തിൽ ഒരു ബംഗാളിയായിരുന്നു ഗോപാൽ യാദവ്. അയാൾ ബീഹാറിയായിരുന്നു. പക്ഷേ മലയാളിക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ എല്ലാം ബംഗാളികൾ ആയിരിക്കെ ഗോപാൽ യാദവും ആ യുക്തിക്കപ്പുറം പോയില്ല. എല്ലാവരും അയാളെ ഭായി എന്ന് വിളിക്കുന്നു. എത്ര സ്നേഹം നിറഞ്ഞ അഭിസംബോധന എന്ന് തോന്നുമെങ്കിലും 'ഭായി' എന്ന വാക്കിന് 'പാണ്ടി' എന്ന വാക്കിൽ കവിഞ്ഞ ബഹുമാനമൊന്നും ഇവിടെ ഇല്ല.
കതിരേശനോടൊപ്പം ഗോപാൽ യാദവ് പോയിനാച്ചിയിൽ ബസിറങ്ങുന്നതിനു മുൻപ് തന്നെ സന്തോഷ് ഏച്ചിക്കാനം ബിരിയാണിക്കുള്ള വെള്ളം അടുപ്പത്ത് വെച്ചിരുന്നു. കലന്തൻ ഹാജിയുടെ ചരിത്രം വഴറ്റി എടുക്കുമ്പോൾ തന്നെ സാഹചര്യങ്ങളുടെ ഒരു ബ്ലൂ പ്രിന്റ് തെളിഞ്ഞു വരും. ഹാജിയും യാദവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ബിരിയാണിയുടെ പ്രധാന ചേരുവ.
ഒരേ സമയം രണ്ട് അജഗജാന്തര സാഹചര്യങ്ങളുടെ വിവരണം കഥപറച്ചിലിനിടെ നടക്കുന്നുണ്ട്. തളങ്കര നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ ഹാജിയും ലാൽ മാത്തിയിൽ നിന്ന് ഇരുന്നൂറ്റമ്പത് കിലോ കൽക്കരി സൈക്കിളിൽ വെച്ചുകൊണ്ട് അറുപത് കിലോമീറ്റർ തള്ളിക്കൊണ്ട് പോയിരുന്ന യാദവും ഒരു വരയുടെ അപ്പുറവും ഇപ്പുറവും നിന്ന് രാത്രിയും പകലും പോലെ വായനക്കാരനെ നോക്കും. ഗോപാൽ യാദവിന്റെ വിയർപ്പു തുള്ളികൾ വീണ് പുസ്തകത്തിന്റെ പതിനാലാം പേജ് നനയും. ആ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങിയ കണ്ണുകൾ കൊണ്ടാണ് അയാൾ മാതംഗിയെ കാണുന്നത്. അതേ സമയം ഹാജിക്ക് നാല് ഭാര്യമാരും നാലല്ല നാൽപ്പത് ഭാര്യമാരെ പോറ്റാനുള്ള സ്വത്തും കൈവശമുണ്ട്. നാലു ഭാര്യമാരിലും കൂടി മക്കളും കൊച്ചുമക്കളുമായി ഒരുപാട് പേർ ഹാജിയുടെ സന്തോഷത്തിന്റെ ഭാഗമായിരുന്നിരിക്കണം. അതിലേതാനം ചിലരുടെ കാര്യം മാത്രമേ കഥാകൃത്ത് വെളിപ്പെടുത്തുന്നുള്ളൂ എങ്കിലും അതിലൊരു പൗത്രന്റെ വിവാഹ സൽക്കാരത്തിന്റെ ആളൊഴിഞ്ഞ പിന്നാമ്പുറത്തേക്കാണ് പയറു വള്ളി പോലെ മെലിഞ്ഞ കഴുത്തും ഉന്തിയ വയറുമുള്ള ബസ്മതിയുടെ പിതാവായ ഗോപാൽ യാദവ് കടന്നു വരുന്നത്.
എഴുപതുകളുടെ മധ്യത്തോടെയാണ് മലയാളികൾ ഗൾഫിലേക്ക് ഉരു കയറിത്തുടങ്ങിയത് എന്ന് കേട്ടിട്ടുണ്ട്. (കാലഗണന കൃത്യമാണോ എന്നു വ്യക്തമല്ല. അതിനിവിടെ പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല). നാട്ടിലെ ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം തേടിയുള്ള ആ യാത്ര കാലത്തിന്റെ ഇന്നത്തെ മരത്തണലിൽ എത്തി നിൽക്കുമ്പോൾ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനില്ലാത്ത മലയാളികൾ കുറവായിരിക്കും. അങ്ങിനെ ആരെങ്കിലുമുണ്ടെങ്കിൽ തന്നെ ആ വാർത്ത അതിശയോക്തിയോടെ അല്ലാതെ കേൾക്കാൻ ആവില്ല. നമുക്ക് ചുറ്റുമുള്ള ആളുകളും സാഹചര്യങ്ങളും തലകീഴായി മറിഞ്ഞിരിക്കുന്നു. എലി തിന്ന കപ്പയുടെ ബാക്കിയും റേഷൻ കിട്ടിയ അരിയുടെ മണമുള്ള ചോറും ഇന്ന് വന്ദ്യ വയോധികരുടെ ഓർമകളിൽ മാത്രമേ കാണൂ. കോഴിയും ആടും മാടുമൊക്കെ ബിരിയാണിയായി തിന്ന് വയർ നിറച്ച് , ബാക്കി വന്ന ഇറച്ചിയും നെയ്യ് മുറ്റിയ ബസ്മതിയുടെ സുഗന്ധമൂറുന്ന ചോറും വലിച്ചെറിയുന്ന നമ്മൾ , അൻപത് ഗ്രാം ബസ്മതി അരി തൂക്കി വാങ്ങി ആറ് മാസം ഗർഭിണിയായ മാതംഗിയുടെ ആഗ്രഹം നിറവേറ്റിയ ഭർത്താവിനെ കാണില്ല. അച്ഛൻ വരുന്നത് കാത്തിരുന്നു മണ്ണു വാരി തിന്ന് തളർന്നുറങ്ങുന്ന അയാളുടെ മകളെ അറിയില്ല. '"അയാൾക്ക് ഉറുപ്യ നൂറ്റമ്പത് കിട്ടുന്നില്ലേ ദിവസം, പൊലീസിന് രംഗ്ദാരിയും ഗുണ്ടാപ്പിരിവും കൊടുക്കാൻ നമ്മൾ പറഞ്ഞോ" എന്ന ഭാവത്തിൽ പത്തു രൂപ മിച്ച വരുമാനം മാത്രമുണ്ടായിരുന്ന 'ഭായിയോട്' കുറഞ്ഞ കൂലിക്ക് വേണ്ടി നമ്മൾ പേശും. മുന്നൂറ്റി അൻപത് ചോദിച്ച ഗോപാൽ യാദവിനോട് ന്യായങ്ങൾ നിരത്തി ഇരുന്നൂറ്റി അൻപതാക്കാൻ തർക്കിക്കുന്നതിന് തൊട്ടു മുൻപാണ് പഞ്ചാബിൽ നിന്നും ഹാജിക്ക് വേണ്ടി ഒരു ലോഡ് ബസ്മതി അരി ഇറക്കിയ കഥ അസൈനാർച്ച പറയുന്നത്. നമ്മൾ നമ്മുടെ വേവലാതികൾ മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അത്തരം വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നു പോയിരിക്കുകയെങ്കിലും വേണം എന്ന് യാദവ് ചിന്തിക്കുന്നത് എത്ര സത്യം. 'നക്കാപ്പിച്ച' കിട്ടുന്നതിൽ നിന്നും പിടിച്ചു പറി നടത്തുന്ന പോലീസുകാരും, ഗുണ്ടകളും, നമ്മളോരോരുതരും അയാളുടെ പിന്നിലേക്ക് നോക്കില്ല. തങ്ങളാൽ സൃഷ്ടിച്ച പരിതസ്ഥിതിയിൽ ഉഴറുന്ന ഒരാളെ കാലിൽ ഞൊളച്ചു കയറിയ പുഴുവിനെ കുടഞ്ഞെറിയുന്ന പോലെ അവഗണിക്കുന്ന അധികാരവർഗത്തിനു നേരേ കണ്ണടക്കുന്ന അഞ്ചു നേരം തിന്നും കുടിച്ചും സുഭിക്ഷമായി കഴിയാൻ മടിശീലയിൽ കനമുള്ള ഇരുകാലി മൃഗങ്ങളാണ് നാം.
ബീഹാറിലെ ലാൽ മാത്തിയ ഗോപാൽ യാദവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയമുള്ളതായിരുന്നു. വേദനകളിലും പുഞ്ചിരി നിറക്കാനുള്ള പ്രണയത്തിന്റെ മാസ്മരികത - മാതംഗിയുടെ. അവളുടെ ഓർമകൾ നിറഞ്ഞിടം, ഇന്ന് ബീഹാറിൽ നിന്നും ജാർഖണ്ഡിലേക്ക് പോയതറിയാതെ , സ്വന്തം വിലാസം പോലും മാറിയതറിയാത്ത ഗോപാൽ യാദവ് ഒരുപാട് പേരുടെ പ്രതിനിധി ആണ്. തങ്ങൾ കൂടി ഭാഗമകേണ്ട ജനാധിപത്യവും അധികാരവും തങ്ങൾ കൂടി ഗുണഭോക്താക്കളാകേണ്ട പുരോഗതിയും വികസനവും മുകൾതട്ടിൽ മാത്രം ഒതുങ്ങുന്നതറിയാതെ, വിശപ്പു മാറാൻ വേണ്ടി ജീവിക്കുകയും, വിശന്നു മരിക്കുകയും , വിശപ്പിന്റെ പേരിൽ കോല ചെയ്യപ്പെടുകയും ചെയ്യുന്ന ഒരായിരം പേരുടെ പ്രതിനിധി. ഗോപാൽ യാദവ്മാർ ബീഹാറിലും , ബംഗാളിലും , രാജസ്ഥാനിലും മാത്രമല്ല നമുക്കു ചുറ്റിലും ഉണ്ട്. അവരുടെ നേർക്ക് നാം അന്ധരാണ്. രാഷ്ട്രീയ പഴിചാരലുകൾക്കപുറം എല്ലാവരാലും മറക്കപ്പെടുന്ന ചിലർ. "ഒരു അട്ടപ്പാടി ലുക്ക്" , "മുടീം ചീകാതെ താടീം വടിക്കാതെ ഒരുമാതിരി ആദിവാസി പോലുണ്ട്" എന്നൊക്കെ പറഞ്ഞ് നമ്മൾ പരസ്പരം കളിയാക്കുമ്പോൾ അവരുടെ വിശന്നു കാളുന്ന വയറിനെ നോക്കി നാമറിയാതെ നമ്മൾ പരിഹസിക്കുന്നു. നമ്മളറിയാത്ത വിശപ്പും വേദനകളും നമുക്ക് തമാശകൾ ആണ്. അതുകൊണ്ടാണ് സോമലിയ എന്നതൊരു പരിഹാസവാക്കാകുന്നത്.
"ഭായീ...ഭയിക്കെത്ര മക്കളാ?"
"ഒരു മോള്"
"എന്താ പേര്"
"ബസ്മതി"
"നിക്കാഹ് കയിഞ്ഞാ?"
"ഇല്ല"
"പഠിക്ക്യാണോ?"
"അല്ല"
"പിന്നെ?"
"മരിച്ചു"
"മരിച്ചോ..? എങ്ങനെ?"
"വിശന്നിട്ട്"
ബിരിയാണി നമുക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി ആണ്. കലന്തൻ ഹാജിയും അസൈനാർച്ചയും നമ്മൾ തന്നെ ആണ്. വിശപ്പു മാറിയിട്ടും നാം കഴിക്കുന്ന, വലിച്ചെറിയുന്ന ഓരോന്നും ബസ്മതിക്കവകാശപ്പെട്ടതാണ്. വിശപ്പല്ല ബസ്മതിയെ കൊന്നത്, നാമാണ്. നമ്മുടെ ആർത്തിയാണ്. നമ്മുടെ അഹങ്കാരമാണ്. നമ്മുടെ നിസ്സംഗതയാണ്.
ദിവസങ്ങൾ കഴിഞ്ഞിട്ടും എച്ചിക്കാനത്തിന്റെ ബിരിയാണി ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു.
---⚫⚫⚫---
ഈ കുറിപ്പ് The readers circle എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ലഭിച്ച ഏതാനം പ്രതികരണങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.
note:-
ഇതൊരു നിരൂപണമോ , അസ്വാദനമോ, പഠനമോ അല്ല. മറിച്ച് വായിച്ച ശേഷം എനിക്ക് തോന്നിയ ചില കാര്യങ്ങൾ ആണ്.
ഇതൊരു നിരൂപണമോ , അസ്വാദനമോ, പഠനമോ അല്ല. മറിച്ച് വായിച്ച ശേഷം എനിക്ക് തോന്നിയ ചില കാര്യങ്ങൾ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ