എന്‍റെ കളിക്കൂട്ടുകാര്‍ക്ക് !!


അഞ്ചല്‍പെട്ടി St Mary's LP സ്കൂളിലെ സ്റ്റേജ് അന്നു തുറസ്സായിരുന്നു. ഇന്നത് ഭിത്തിയും ഷട്ടറും ഇട്ട് അടച്ചിട്ടിരിക്കുകയാണ്. അടുത്ത പ്രദേശത്തുള്ള ഒരേ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍. ഞാന്‍ ഉള്‍പ്പെടെ ഉള്ള 32 വിദ്യാര്‍ഥികളിലൂടെ ആയിരുന്നു ഞങ്ങളുടെ St Mary's സ്കൂള്‍ 4th സ്റ്റാന്‍ഡേര്‍ഡ് വരെ വളര്‍ന്നത്. എന്റെ പ്രായം ഉണ്ട് സ്കൂളിനും.

സ്കൂളില്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ ഊഞ്ഞാലും, മെറി ഗോ രൌണ്ടും പിന്നെ ഊര്‍ന്നിറങ്ങാന്‍ സ്ലൈടും ഉണ്ടായിരുന്നു. ഈ കളി ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്ന മുറ്റത്തിന്റെ ഒരു മൂലയില്‍ ഒരു റോസാചെടിയും അതിലായി ഇടക്ക് ഒന്നോ രണ്ടോ റോസാപ്പൂവും പ്രത്യക്ഷപ്പെടുമായിരുന്നു. 

ഇത്രയൊക്കെ മനോഹരമായ കളിസ്ഥലം ഉണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ ആരും തന്നെ അവിടെ കളിക്കാറില്ലായിരുന്നു, ഞങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ ഏറ്റവും കുറഞ്ഞത് ക്ലാസിലെ എല്ലാ ആണ്‍കുട്ടികളും വരുമായിരുന്നു. ഞങ്ങള്‍ ഞങ്ങള്‍ക്കായി ഒരു അന്താരാഷ്ട്ര സ്റ്റേഡിയം തന്നെ സ്കൂളിന്റെ മുന്നില്‍ ഒരുക്കിയിരുന്നു. അവിടെ ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിന് ശേഷം ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വിനോദം.

ബ്രാന്‍ഡട് ബാറ്റോ പാഡോ ബോളോ ഒന്നും ഇല്ലാതെ തന്നെ ഞങ്ങള്‍ ആ കളി ഗംഭീരം ആക്കി. ഭിത്തി കെട്ടാത്ത സ്റ്റേജിനു മുന്നിലെ എന്നു ആരു സ്ഥാപിച്ചു എന്ന് കൊത്തിവെക്കുന്ന മാര്‍ബിള്‍ ഫലകം (അതിന്റെ ഒറ്റ വാക്ക് എന്താണെന്നറിയില്ല) ആയിരുന്നു സ്ടംപ്, കാലിലെ ചെരുപ്പ് ആയിരുന്നു ബാറ്റ്. ബോള്‍ ആയിരുന്നു ഏറ്റവും വില കൂടിയ സാധനം. നോട്ട് ബുക്കിലെ താള് കീറിയെടുത്ത് ചുരുട്ടി റബ്ബര്‍ ബാന്‍ഡ് ഇട്ട് കെട്ടി നല്ല ഒന്നാന്തരം ബോളില്‍ സച്ചിന്‍ പോലും കളിച്ചു കാണില്ല..

അന്നത്തെ ആ കളികള്‍ക്ക് എണ്ണം പറഞ്ഞുള്ള നല്ല ചൂരല്‍ കഷായവും ഹെഡ്സി മിസ്സ്‌ട്രസിന്റെ കൈയില്‍ നിന്നു ഞങ്ങള്‍ വാങ്ങിച്ചിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. വെറും 6 വര്ഷം മാത്രമേ ഞങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ സാധിച്ചുള്ളൂ. തൊട്ടടുത്ത UP സ്കൂളിലേക്ക്‌ TC വാങ്ങി ചേര്‍ന്നെങ്കിലും പിന്നീടൊരിക്കലും ആ ദിവസങ്ങള്‍ തിരികെ കിട്ടിയില്ല. ഹൃദയത്തിനുള്ളില്‍ ഒരു മൂലയില്‍ ആ റോസാചെടിയോടൊപ്പം ആ ഓര്‍മകളും സുഗന്ധം പരത്തി പരിലസിക്കുന്നു.

കാലം കുറേ കടന്നു പോയി, ഇന്ന് ഞാന്‍ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം നടത്തി. ബെസ്റ്റ് ഫ്രണ്ടും, ക്ലോസ് ഫ്രണ്ടും പോലെ പല പല കാറ്റഗറികളില്‍ ഇനം തിരിച്ചു കൂട്ടുകാര്‍ ഉണ്ടെങ്കിലും, അന്നത്തെ നിഷ്കളങ്കമായ ആ ചങ്ങാത്തതിനു എന്തോ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു പ്രത്യേകത ഉണ്ട്.Popular Posts

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

ദഹിക്കാത്ത ബിരിയാണി

അനിയത്തി