അവസ്ഥാന്തരം
"നീയിപ്പോ എന്തെടുക്കുവാ..? പഠിത്തം ഒക്കെ കഴിഞ്ഞില്ലേ "
"ഞാന്‍ ഇവിടെ അടുത്ത് ഒരു IT കമ്പനിയിലാ"
"അത് ശരി.... ഏത് കമ്പനിയാ? എന്റെ മോള്‍ടെ ചെക്കനും അങ്ങനെ ഏതാണ്ട് ഒരു കമ്പനീലാ"
"ഇത് ഇവിടെ അടുത്തുള്ള ഒരു ചെറിയ കമ്പനിയാ"
"എവിടെ ഇവടെയോ!!! ഇവടെ കമ്പനി ഒക്കെ ഉണ്ടോ!!? അപ്പൊ വല്യ കിട്ടപ്പോരോന്നും ഉണ്ടാവില്ലല്ലേ.. എന്റെ പെണ്ണിന്റെ ചെക്കന്‍ ടെക്നോ പാര്‍ക്കിലാ. ടീസസ് എന്നോ മറ്റോ ആണ് കമ്പനീടെ പേര്.മാസം പത്ത് നാപ്പത് രൂപ യൊക്കെ കിട്ടും"
"ടീസസ് അയിരിക്കില്ല ചേട്ടാ TCS ആകും, എനിക്കിറങ്ങാന്‍ നേരായി ഞാന്‍ അച്ഛന്റെ കയ്യില്‍ കൊടുക്കാം"
ഫോണ്‍ അച്ഛന്റെ കയ്യില്‍ കൊടുക്കൊമ്പോള്‍ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. പല തവണ അച്ഛനോട് പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ കല്യാണം വിളിക്കാനും ജോലി കിട്ടിയത് പറയാനും ഒക്കെ വിളിക്കുന്നവരുടെ ഫോണ്‍ എനിക്ക് തരരുത് എന്ന്. മടുത്തു, കുത്തി കുത്തി ഉള്ള സംസാരം കേട്ട്.
എഞ്ചിനിയറിംഗ് പഠിക്കാന്‍ തുടങ്ങിയപ്പോ മുതൽ കേട്ട് തുടങ്ങിയതാ.കോളേജില്‍ കമ്പനി ഒന്നും വരുന്നില്ലേ,ജോലി ആയില്ലേ എന്നൊക്കെ. അവസാന വര്ഷം ആയപ്പോളേക്കും വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ ചോദിക്കാനും തുടങ്ങി.പോരാത്തതിന് വല്യമ്മേടെ മോള്‍ക്ക് ഇന്‍ഫോസിസില്‍ ജോലി കിട്ടി, ചിറ്റേടെ ചെറുക്കന്‍ ബംഗ്ലൂരില്‍ ഏതോ ഒരു ബഡാ കമ്പനിയില്‍ കയറി എന്നൊക്കെ പറഞ്ഞ് കുത്തി നോവിക്കാനും ഓരോരുത്തർ ഇറങ്ങും.
ഇതൊക്കെ കേട്ട് മടുത്തിരിക്കുമ്പോള്‍ ആണ് പാലാരിവട്ടത്തുള്ള ഒരു കമ്പനിയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ബുധനാഴ്ച ഒരു ഇന്റര്‍വ്യൂ ഉണ്ടത്രേ. ഓഫറുകളുടെ ഒരു പ്രളയം തന്നെ ആയിരുന്നു അത്. 25000 രൂപ കൊടുത്ത് ഒരു കോഴ്സ് ചെയ്‌താല്‍ ആ കമ്പനിയില്‍ തന്നെ ജോലി നല്ല ശമ്പളം. വേറെ ഒരു വഴിയുമില്ലാത്തത് കാരണം ഇന്ന് ആ കമ്പനിയുടെ എന്റെ നഗരത്തില്‍ ഉള്ള ഒരു തട്ടിക്കൂട്ട് ബ്രാഞ്ചില്‍ ഒരേ ഒരു ജോലിക്കാരന്‍ ആയി രാവിലെ 8 മുതല്‍ രാത്രി 7 വരെ ജോലി ചെയ്യുന്നു. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കല്‍ ഒന്നുമല്ല, എഞ്ചിനിയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിഗ്രീ കുട്ടികള്‍ക്ക് പ്രോജക്റ്റ് ചെയ്യാന്‍ സഹായിക്കുക,അതാണ്‌ ജോലി. എന്ത് സഹായം!!എല്ലാ കാര്യവും നമ്മള്‍ ഒറ്റക്ക് ചെയ്യണം.അവര്‍ വന്നാല്‍ തന്നെ കലപില കൂടാതെ ഇരിക്കുന്ന ഒരു നിമിഷം പോലുമുണ്ടാകില്ല.പിന്നെ ദേഷ്യപ്പെടരുത് വഴക്ക് പറയരുത് എന്നൊക്കെ മുകളില്‍ നിന്നുള്ള ഉത്തരവും. ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ച് ഞായറാഴ്ച പോലും അവധി ഇല്ലാതെ വെറും 2500 രൂപക്ക് ജോലി ചെയ്യുന്ന എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി.

ഇത്രയൊക്കെ ചിന്തിച്ച് തല പെരുപ്പിച്ചാണ് അന്നു ജോലിക്കായി ഇറങ്ങിയത്. ടൗണിലെ അത്രക്കൊന്നും പ്രശസ്തമല്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഇന്സ്ടിട്യൂട്ടിന്റെ ഒരു വലിയ മുറി വാടകക്ക് എടുത്തായിരുന്നു ഞങ്ങളുടെ കമ്പനി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോളേജുള്ള ദിവസം ആയത്കൊണ്ട് കുട്ടികള്‍ വൈകിട്ടേ വരൂ അത് വരെ സമയം ഉണ്ട് ഒരു പ്രോജക്റ്റിന്റെ കുറച്ച ഭാഗം പൂര്‍ത്തിയാക്കാന്‍ ഉണ്ട്. ഉച്ച ആകുംപോഴേക്കും അത് തീര്‍ക്കാം. ബാകി ഉള്ള സമയം എന്ത് ചെയ്യാന്‍, ലാപ്ടോപിന്റെ ബാറ്ററി കേടാണ്,അത് വാങ്ങാന്‍ അടുത്തുള്ള കടയില്‍ ഒന്നു പോകാം,അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട് അവനുമായി കത്തി വെച്ചു കുറച്ച സമയം കൊല്ലാം.പിന്നെ ഒരു പുസ്തകം കൊണ്ട് വന്നിട്ടുണ്ട് അത് വായിക്കാം, വൈകിട്ട് ഒരു കാലിച്ചായ കുടിക്കാം.അപ്പോള്‍ ആണ് ഓര്‍ത്തത് ആകെ 2000 രൂപയെ കൈയ്യില്‍ ഉള്ളു അതും 2 ആയിരത്തിന്റെ നോട്ടുകള്‍. ചില്ലറ ഇല്ലാതെ കടയിൽ കയറിയാൽ അവരുടെ ദുർമുഖം കാണേണ്ടി വരും.തല്‍ക്കാലം ചായകുടി വേണ്ട എന്നു വെച്ചു.
ഇങ്ങനെ ആലോചനകളുമായി ഇരിക്കുമ്പോള്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ച ചില്ലിന്റെ മറവിലൂടെ ഒരു സ്ത്രീ രൂപം വാതിലിനടുത്ത് കണ്ടത്. അകത്തുള്ള ആരെയോ അവര്‍ നോക്കുകയായിരുന്നു, കറുത്ത സ്ക്രീനിന്‍റെ പിന്നില്‍ ഇരിക്കുന്ന എന്നെ അവര്‍ക്ക് കാണാന്‍ ആകുമായിരുന്നില്ല. പ്രോജക്റ്റ് എന്‍ക്വയറിക്ക് വന്ന ആരെങ്കിലും ആകും എന്ന് കരുതി ഞാന്‍ വേഗം അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിനി അല്ല എന്ന് ആ മുഖം കണ്ടപാടെ ഞാന്‍ തീര്‍ച്ചയാക്കി. ആകെ വിയര്‍ത്തിരുന്ന അവരുടെ ഒക്കത്ത് 6 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഒരാണ്‍കുട്ടി ഉണ്ടായിരുന്നു. വെയിലിന്‍റെ കാഠിന്യം കൊണ്ടായിരിക്കണം അവന്‍ അവരുടെ തോളത്ത് തല ചായ്ച്ച് തളര്‍ന്ന് മയങ്ങുകയായിരുന്നു.എങ്കിലും അവന്‍ കിതക്കുന്നുണ്ടായിരുന്നു. അവരുടെ കഴുത്തില്‍ പിഞ്ചി തുടങ്ങിയ കറുത്ത ചരടില്‍ വേളാങ്കണ്ണി മാതാവിന്റെ ഒരു പ്ലാസ്റ്റിക്ക് ലോക്കറ്റുണ്ടായിരുന്നു. ഒരു പ്രോജക്റ്റ് എന്ക്വയറിക്ക് വന്നതല്ല എന്ന് തീർച്ച,ഇനി ഇവിടെ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ അമ്മ ആയിരിക്കുമോ..?
 "മോന് സുഖമില്ല...പൈസ തികയുന്നില്ല എന്തെങ്കിലും ഒന്ന്..."മുഖവുര ഇല്ലാതെ അവര്‍ പറഞ്ഞു തുടങ്ങിയെങ്കിലും മുഴുവിപ്പിക്കാതെ നിന്നു.
ഞാന്‍ അവരോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇരിക്കാതെ വാതിലിനടുത്ത് തന്നെ നിന്നു. പക്ഷേ മേശപ്പുറത്ത് എന്‍റെ വാട്ടര്‍ ബോട്ടിലിലേക്ക് നോക്കി കുറച്ചു വെള്ളം തരാമോ എന്നവര്‍ ചോദിച്ചു. തരാം എന്നു പറഞ്ഞ് വെള്ളം എടുക്കാനായി ഞാന്‍ അകത്തേക്കു പോയി.
അകത്തു പോയി പഴ്സു തുറന്നു നോക്കി
.ആകെ 2 ആയിരത്തിന്‍റെ നോട്ടുകള്‍ മാത്രമേ ഉള്ളു. 1600 രൂപാ വില വരും ബാറ്ററിക്ക്, മാസം തുടങ്ങിയതേ ഉള്ളൂ. പൈസ വേറെ ഇല്ല. എന്തു ചെയ്യും..? അന്‍പതിന്റെയോ നൂറിന്‍റെയോ ഒരു നോട്ടു പോലും ഇല്ല. തൊട്ടടുത്ത ഓഫീസിലെ ജയന്‍ സാറിന്‍റെ കയ്യില്‍ നിന്നും വാങ്ങി കൊടുക്കാം.
തരികെ ചെല്ലുമ്പോള്‍ ജയന്‍ സാര്‍ ആ സ്ത്രീയോട് സാരിക്കുന്നത് കറുത്ത കണ്ണാടി ചില്ലിനിടയിലൂടെ ഞാന്‍ കണ്ടു. ക്യാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ സാറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേട്ടു തുടങ്ങി.
"അപ്പുറത്ത് വെച്ച് ഞാന്‍ പറഞ്ഞതല്ലേ നിങ്ങളോട് കാശൊന്നുമില്ല പോവാന്‍..
പിന്നേം തട്ടി തട്ടി നിക്കണത് എന്തിനാ.."
"സാര്‍ ഇവരുടെ കൊച്ചിന്.."ഞാൻ ഇടപെട്ടു.
"എടാ ഇതൊക്കെ സ്ഥിരം പരിപാടിയാ, ഇന്നാളൊരുത്തന്‍ ഇത് പോലെ അപ്പുറത്ത് കേറി വന്നു, കാശെടുക്കാന്‍ ഞാന്‍ പോയ തക്കത്തിന് നല്ല പുത്തന്‍ ബാറ്ററി ഒരെണ്ണം ഞാന്‍ വാങ്ങി വെച്ചതാ ആമറോണിന്റെ, അതും അഴിചെടുത്തോണ്ട് പോയി... വിശ്വസിക്കാന്‍ കൊള്ളില്ല"
അവര്‍ എന്നെ ദയനീയമായി നോക്കി,എന്‍റെ കയ്യിലെ കുപ്പിയിലേക്കും.
"നിങ്ങലോടല്ലേ പോകാന്‍ പറഞ്ഞത്" അവരോടൊപ്പം ഞാനും അതു കേട്ടൊന്ന് ഞെട്ടി, അത്ര കടുപ്പത്തിലും ഉറക്കെയും ആയിരുന്നു അയാള്‍ അത് പറഞ്ഞത്. കൂടുതല്‍ ഒന്നും പറയാതെ ആ സ്ത്രീ തലതാഴ്ത്തി താഴേക്കുള്ള പടികളിറങ്ങി. ഒരു വലിയ കാര്യം ചെയ്ത കൃതാര്‍ത്ഥതയോടെ അയാള്‍ തന്റെ ഓഫീസിലെ ശീതീകരിച്ച ലോകത്തേക്ക് തിരികെ പോയി.  അവരെ തിരിച്ചു വിളിക്കണം എന്നെന്റെ മനസ്സാക്ഷി പറഞ്ഞെങ്കിലും, അയാളുടെ ആജ്ഞാ രൂപേണയുള്ള നോട്ടത്തില്‍ ഞാന്‍ അറിയാതെ ബന്ധനസ്ഥന്‍ ആയി
ഞാന്‍ എന്നെ നിര്‍ത്താതെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാളോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ ഉള്ള ദുഖവും, അവരെ ഇറക്കി വിട്ടത് നോക്കി നിന്നതില്‍ ഉള്ള കുറ്റബോധവും എന്നെ നീട്ടിക്കൊണ്ടിരുന്നു. അയാളുടെ മുറിയില്‍ ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും, അതയാള്‍ ചെയ്തു തരുന്ന സൗജന്യം അല്ല. കൃത്യമായി വാടക കൊടുക്കുന്നുണ്ട്. എന്തിനാണയാള്‍ എന്നെ കാണാന്‍ വന്ന ഒരാളെ ഇറക്കി വിട്ടത്. അത് ഇനി ഒരു ഭിക്ഷക്കാരന്‍ ആയിരുന്നാല്‍ കൂടി എന്നെ കാണാന്‍ വന്നതാണ്.
എനിക്ക് ദേഷ്യവും സങ്കടവും വന്നു. ആ സ്ത്രായുടെയും കുട്ടിയുടെയും ഭാവം അത്ര ദയനീയം ആയിരുന്നു. നഗരത്തിലെ ഭിക്ഷക്കാരുടെ മുഖത്ത് പോലും അത്രയും നിസ്സഹായതയും ദൈന്യതയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ തന്നെ അവരെ തിരികെ വിളിക്കണം എന്നും എന്തെങ്കിലും കൊടുക്കണം എന്നും ഞാന്‍ തീരുമാനിച്ചു.രണ്ടാം നിലയില്‍ നിന്നും വേഗത്തിൽ പടികൾ ഇറങ്ങി താഴെ എത്തുമ്പോള്‍ അവര്‍ ബസ് സ്ടോപ്പിനടുത്ത് എത്തിയിരുന്നു.
"ഏയ്‌ ശ്...ചേച്ചി...നില്‍ക്ക്"  റോഡരികിലെ ബദാമിന്റെ ചുവട്ടിലേക്ക് അവര്‍ ഒതുങ്ങി നിന്നു.
ഇനി ഈ ആയിരം ചില്ലറ ആക്കണം. ഓരോ  കടകളിലൂടെ കയറിയിറങ്ങുമ്പോഴും ഓരോ നല്ല അഭിനേതാക്കളെ ഞാന്‍ കണ്ടുമുട്ടി. ഉണ്ടായിരുന്നിട്ടും ഇല്ല എന്നു എത്ര നന്നായാണ് അവര്‍ സ്ഥാപിക്കുന്നത്.  
ഇനി കയറാന്‍ ഒരു മില്ല കൂടിയേ ബാക്കി ഉള്ളു. പലപ്പോഴും വണ്ടി പാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ എന്നോട് വഴക്കിടാറുള്ള, ഒന്നു ചിരിക്കുക പോലുമില്ലാത്ത ഒരു വൃദ്ധന്‍ ആയിരുന്നു അതിന്റെ ഉടമസ്ഥന്‍. മടിച്ചു മടിച്ചാണ് ഞാന്‍  അവിടെ കയറിയത്. അയാള്‍ ചോദിക്കുന്നതിനും മുന്പ് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ചില്ലറ വേണെങ്കി നിനക്ക് പറഞ്ഞാ പോരേ.. അതിനീ കഥ മുഴുവന്‍ പറയണോ അയാളുടെ മുറുക്കി ചുവന്ന ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു.
അയാള്‍ നൂറുരൂപാ നോട്ടുകള്‍ പത്തെണ്ണം കറുത്ത ലെതര്‍ ബാഗില്‍ നിന്നും എണ്ണിഎടുത്തു.  മുഷിഞ്ഞ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ കൂടി വേച് എനിക്കു നേരേ നീട്ടി.
ഇത് കൂടി അവക്ക് കൊടുത്തേക്ക്
പണവുമായി ഞാന്‍  എത്തിയപ്പോഴേക്കും അവര്‍ പോയിരുന്നു. അടുത്തുള്ള ബസ് സ്ടോപ്പിലും കടകളിലും അവരെ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരാശനായി കുറ്റബോധത്തോടെ ഞാന്‍ തിരികെ നടന്നു. നൂറു രൂപ മില്ലിൽ ഏല്‍പ്പിച്ച് ഓഫീസില്‍ എത്തിയെങ്കിലും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എല്ലാ ഓര്‍മകളും പോലെ എന്നോ ഞാന്‍ ആ സംഭവവും മറന്നു.
പിന്നീടൊരിക്കല്‍ ഞാന്‍ അവരെ കണ്ടു, തികച്ചും യാദ്രിശ്ചികമായി. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ അന്നു വൈകിട്ട് നഗരത്തിൽ തിരക്കായിരുന്നു.  വണ്ടി പാര്‍ക്ക്  ചെയ്യാന്‍ ഒരിടത്തും സ്ഥലം ഉണ്ടായിരുന്നില്ല . ആ തിരക്കിലും ആരും കാണാത്തതു പോലെ പോലെ ഹോളി മാഗി പള്ളിയിലെ പാര്‍ക്കിംഗ് ഏരിയ വിജനം ആയിരുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. വെള്ള ഇയോണ്‍ പള്ളിയുടെ കാര്‍പാര്‍ക്കിങ്ങില്‍  പാര്‍ക്ക് ചെയ്ത ശേഷം ഞാനും ദീപക്കും കൂടി പള്ളി മുറ്റത്തേക്ക് നടന്നു. അവനായിരുന്നു നിര്‍ബന്ധം, പള്ളിയില്‍ ഒന്നു കയറിയിട്ട് പോകണം എന്ന്. ചുവന്ന ഓടു വിരിച്ച പടികളിലൂടെ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കയറുംപോള്‍ ആ പടികളിലൊന്നില്‍ അവര്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടിട്ട് അവര്‍ക്ക് മനസ്സിലായിരിക്കണം. 
അവര്‍ ചിരിച്ചു.
ഞങ്ങള്‍ അവരുടെ അടുത്തേക്ക് ചെന്നു. . അവര്‍ ഒറ്റക്കായിരുന്നു. മകനെ ഞാന്‍ അവിടെ നോക്കിയെങ്കിലും കണ്ടില്ല.
"മോന് എങ്ങനെ ഉണ്ട്...."
"മാതാവിന്‍റെ കാരുണ്യം...എങ്ങനെ ഒക്കെയോ എല്ലാം നടന്നു. അവനിവിടെ എല്‍ എഫ് ഇലാ പഠിക്കുന്നെ.. ഞാന്‍ വിളിക്കാന്‍ വന്നതാ..ദാ വരുന്നുണ്ടല്ലോ.. ഇന്നു നേരത്തേ വിട്ടെന്ന് തോന്നുന്നു"
സ്കൂള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി അവന്‍ ഓടി വരുന്നത് ഞങ്ങള്‍ കണ്ടു. അന്നു കണ്ട ആ കുട്ടി ആണെന്ന് പറയുകയേ ഇല്ല. കളിച്ചു മുഷിഞ്ഞ വെള്ള യൂണിഫോമില്‍ ഓടി വന്ന് അവന്‍ അവരെ കെട്ടിപിടിച്ചു. എന്നിട്ട് ഞങ്ങളെ നോക്കി നാണം കുണുങ്ങി.
"ഇതാ ഇതിരിക്കട്ടെ..." ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ അവരുടെ കയ്യില്‍ വെച്ചു കൊടുത്തു.
ഒരു മുതിർന്ന സഹോദരിയോട്‌ എന്നപോലെ അധികാരത്തോടും കരുതലോടും കൂടി എങ്ങനെയോ പൊന്തി വന്ന ധൈര്യത്തിൽ ഞാന്‍ അങ്ങനെ ചെയ്തു , അവർ എന്റെ ആരും അല്ലായിരുന്നുവെങ്കിലും.
"ഇനി ഇതൊന്നും വേണ്ട കുഞ്ഞേ...കുഞ്ഞിന്‍റെ ഒക്കെ പോലുള്ലോരുടെ പ്രര്‍ത്ഥനയാ ദേ ഇവന്‍ . എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ല. "
അവര്‍ ആ നോട്ട് എനിക്ക് തിരികെ തന്നിട്ട് മകനേയും കൂട്ടി പടികളിറങ്ങി നടന്നകന്നു. അവരിരുവരും നഗരത്തിലെ ആൾക്കൂട്ടത്തിൽ സാവധാനം  അലിഞ്ഞില്ലാതാകുന്നതു വരെ ഞങ്ങള്‍ അവരെ നോക്കി അവിടെ തന്നെ നിന്നു.

Popular Posts

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

അനിയത്തി

ദഹിക്കാത്ത ബിരിയാണി