വീട്ടിലേക്കുള്ള വഴിപന്ത് കളി കഴിഞ്ഞപ്പോഴേക്കും വെയിലാറി തുടങ്ങിയിരുന്നു. അപ്പു നിക്കറിന്റെ പോക്കറ്റിൽ പരതി നോക്കി. ഭാഗ്യം ! അതവിടെ തന്നെ ഉണ്ട്. സ്കൂളീന്നു വരുമ്പോ മുന്തിക്കലെ മുറുക്കാൻ കടയിൽ നിന്നും ഒരു പൊതി വാസനചുണ്ണാമ്പ് വാങ്ങാൻ അമ്മമ്മ രണ്ടു ദിവസമായി പറയുന്നു. ഇന്നെന്തായാലും മറന്നില്ല. ചുണ്ണാമ്പ് വാങ്ങി ബാക്കി വന്ന പൈസക്ക് കമർകെട്ടും വാങ്ങി വായിലിട്ട് നടക്കുമ്പോഴായിരുന്നു അമ്പലപ്പറമ്പിലെ മൈതാനത്ത് പന്തകളി നടക്കുന്നത് കണ്ടത്. നല്ല രസമുണ്ടായിരുന്നു കാണാൻ. അനന്ദൂന്റെ ചേട്ടനുമുണ്ട് കളിക്കാൻ. പണ്ട് സ്കൂളിൽ വെച്ച് അവൻ കാണിച്ചു തന്നിട്ടുണ്ട് ചേട്ടനെ. അവന്റെ ചേട്ടന് ഒരുപാട് ഉയരത്തിൽ പന്ത് തട്ടി പറത്താൻ അറിയാം.

എത്ര നേരം അവിടെ നിന്നെന്നറിയില്ല. നേരം ഒരുപാട് വൈകി. ഇന്ന് അമ്മമ്മയുടെ വഴക്ക് ഉറപ്പാണ്. റോഡ് വഴി പോയാൽ കുറേ സമയമെടുക്കും. വേറെ ഒരു കുറുക്കു വഴി ഉള്ളത് കാവിൽക്കൂടിയാണ്. പാടം വട്ടം കടന്ന് പനങ്ങാട്ട് കാവും കടന്നാൽ ഏലഞ്ചേരിക്കാരുടെ തെങ്ങുംതോപ്പാണ്. അതിനുമപ്പുറത്താണ് വീട്.

ഇനിയിപ്പോ ആലോചിക്കാനൊന്നുമില്ല കുറുക്കുവഴി തന്നെ ശരണം. പോക്കറ്റിൽ കൈയിട്ട് ചുണ്ണാമ്പ് അവിടെ തന്നെ ഉണ്ട് എന്നുറപ്പ് വരുത്തി വരമ്പത്ത് കൂടി അപ്പു ഓടി. കൊയ്ത്തു കഴിഞ്ഞ പാടാത്ത് പയർ നട്ടിട്ടുണ്ട്. അതിനിടക്ക് കാക്കയും മറ്റു കിളികളും വരാതെ നോക്കുകുത്തികൾ മാനം നോക്കി നിൽക്കുന്നു. സാമൂഹ്യ പാഠം ക്ലാസിൽ വെച്ച് ഏലിയാമ്മ ടീച്ചർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം അറിയാതെ എഴുന്നേറ്റ് നിന്ന അപ്പുവിനെ നോക്കി നോക്കുകുത്തി പോലെ നിൽക്കുന്നത് കണ്ടില്ലേ എന്ന് ആക്രോശിച്ച ടീച്ചറെ അപ്പുവിന് ഓർമ വന്നു. അപ്പു തലയിൽ തൊട്ടു നോക്കി. ഇല്ലല്ലോ അപ്പൂന്റെ തല മൺകലം പോലെ അല്ലല്ലോ , പിന്നെ എന്തിനായിരിക്കും ടീച്ചർ അങ്ങനെ വിളിച്ചത്.

പനങ്ങാട്ട് കാവിൽ നല്ല തണുപ്പാണ്. ഇടയ്ക്കിടെ വൈകുന്നേരത്തെ മഞ്ഞ നിറമുള്ള വെയിൽ മുഖത്തേക്ക് വീഴുന്നുണ്ട്. ആരൊക്കെയോ നടന്നു പോയ വഴിച്ചാലിലൂടെ കാലുകൾ നീട്ടി വെച്ച് അപ്പു നടന്നു. പണ്ടൊരിക്കൽ അമ്മമ്മയുടെ കൂടെ കളരിക്കൽ വിളക്ക് വെക്കാൻ ഈ വഴി വന്നിട്ടുണ്ട്. പക്ഷേ അന്ന് ഇത്രയും ദൂരം തോന്നിയില്ല. വഴി തെറ്റി കാണുമോ.!

സമയം കുറേ ആയി ഈ നടപ്പ് തുടങ്ങിയിട്ട്. അപ്പു കൈത്തണ്ടയിലേക്ക് നോക്കി. വാച്ച് കെട്ടാൻ മറന്നു. ബാലനമ്മാവൻ ഗൾഫീന്ന് വന്നപ്പോ കൊണ്ടുവന്നു തന്ന വാച്ച് ആണ്. സൂചിയില്ല, സമയം എഴുതി കാണിക്കുന്ന തരം ആണ്. ഒരു വശത്തു രണ്ട് ചെറിയ മൊട്ടുകൾ ഉണ്ട്. അതിലൊന്നിൽ ഞെക്കിയാൽ ലൈറ്റ് കത്തും. അടുത്ത മൊട്ടിൽ ഞെക്കിയാൽ സമയം പറയും , അതും ഇംഗ്ലീഷില്. ആ വാച്ച് രണ്ടു ദിവസേ സ്കൂളിൽ കൊണ്ട് പോയിട്ടുള്ളൂ. ഫസ്റ്റ് ബെഞ്ചിലെ വിദ്യേടെ ഏട്ടനും ഇത് പോലത്തെ ഒരു വാച്ച് ഉണ്ടത്രേ. അതിൽ സമയം പറയുന്നതിന് പകരം കോഴി കൂവൂന്നാ അവള് പറഞ്ഞത്. അതിന് അവൾടെ ആരാ ഗൾഫിൽ ഉള്ളത്. പുളു പറഞ്ഞതാകും ആ നുണച്ചിപ്പാറു.

വെയിൽ മാഞ്ഞു തുടങ്ങി. ഇടയ്ക്കു മരങ്ങൾക്കിടയിലൂടെ കാണുന്ന ആകാശത്ത് ചുവപ്പ് നിറം പരന്നു. അപ്പുവിന് ചെറുതായി ഭയം തോന്നിത്തുടങ്ങി. നട്ടുച്ചക്കും സന്ധ്യക്കും ആരും ഈ വഴി നടന്നു കൂടാ. പ്രത്യേകിച്ച് പെണ്ണുങ്ങളും ചെറിയ കുട്ടികളും. യക്ഷികളും ചാത്തന്മാരും ഒക്കെ ഇര പിടിക്കാൻ ഇറങ്ങുന്ന സമായമാണെന്ന് അമ്മമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മിനിഞ്ഞാന്ന് രാത്രി വീട്ടിൽ കള്ളു ചെത്താൻ വരുന്ന ദിവാകരൻ ചേട്ടനെ കാവിൽ വെച്ച് ചാത്തന്മാർ കല്ലെറിഞ്ഞ് ഓടിച്ച കാര്യം വീട്ടിൽ പറയുന്നത് കേട്ടിരുന്നു.

വഴി തെറ്റിയില്ലായിരുന്നെങ്കിൽ നേരത്തേ വീട്ടിൽ എത്തുമായിരുന്നു. ഇനി വഴിയിൽ വെച്ച് വല്ല യക്ഷിയേയും കണ്ടാൽ എന്തു ചെയ്യും. പിടിക്കല്ലേന്ന് പ്രാർത്ഥിക്കാം , പിടിച്ചാൽ യക്ഷി ആളുകളെ കൊല്ലും. ബാലനമ്മാവൻ മരിച്ച അന്ന് അമ്മമ്മ ശാരദ അമ്മായി കൊന്നതാ അവനെ എന്നൊക്കെ വിളിച്ചു കരയുന്നുണ്ടായിരുന്നല്ലോ. അപ്പൊ ശാരദഅമ്മായി യക്ഷി ആയിരിക്കുമോ. യക്ഷികൾക്ക് നീളൻ മുടി ഒക്കെ കാണും. അമായിക്കും നല്ല നീളമുള്ള മുടിയാ പോരെങ്കിൽ ഇപ്പോ വെള്ള സാരി ഉടുത്ത് മാത്രേ അമ്മായിയെ കാണാറുള്ളൂ. യക്ഷികളല്ലേ വെള്ള സാരി ഉടുത്ത് നടക്കുക. ആണെന്നാ പാല് വാങ്ങാൻ വരണ വിഷ്ണു പറഞ്ഞത്. അവന്റെ അച്ഛൻ അയ്യപ്പൻ കോവിലിലെ ശാന്തിയല്ലേ അപ്പോ അവന് ഇതൊക്കെ ശരിക്കും അറിയാമായിരിക്കും. ഇനി അവനെ കണ്ടിട്ട് വേണം അമ്മായി യക്ഷി ആണോന്ന് ചോദിക്കാൻ.
നടന്നു നടന്നു ക്ഷീണിച്ചു . ഇനി ഇത്തിരി ഇരുന്നിട്ട് പോകാം. വാച്ച് കെട്ടാത്തത് കഷ്ടമായി. പന്ത് കളി കഴിഞ്ഞ് നിൽക്കുമ്പോൾ അല്ലായിരുന്നോ മേരീമാതാ ബസ് പോകുന്നത് കണ്ടത്. അത് കഴിഞ്ഞ് ഒരു അര മണിക്കൂർ നടന്നു കാണും. അങ്ങിനെ നോക്കുമ്പോൾ ഇപ്പോൾ സമയം ഏകദേശം ആറു മണി ആയിക്കാണും.

"അപ്പൂ..! നീ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്. അമ്മമ്മ എവിടെ.."

"അമ്മമ്മ വീട്ടിലാ. എനിക്ക് വീട്ടിലേക്ക് പോകുമ്പം വഴി തെറ്റി പോയി..അതാ ഇവിടെ ഇരിക്കണത്. ചേച്ചി ഏതാ..പേരെന്താ?" പേടിപ്പെടുത്തുന്ന ആ ചുറ്റുപാടിൽ മറ്റൊരു മനുഷ്യജീവിയെ കണ്ട സന്തോഷത്തിൽ കസവിന്റെ അരികുകൾ ഉള്ള വെള്ള ബ്ലൗസും ചുവന്ന പട്ടു ചേല കൊണ്ടുള്ള പാവാടയും ധരിച്ച ആ പെൺകുട്ടിയോട് അപ്പു ചോദിച്ചു.

"കുറച്ചപ്പുറത്തുള്ളതാടാ..നിന്റെ അമ്മമ്മയെ ഞാൻ അറിയുന്നതാ. നീ വാ നിന്നെ ഞാൻ കാവിനു വെളിയിലാക്കി തരാം"

"ഒരഞ്ചു മിനിറ്റ് ചേച്ചീ.. നടന്നു നടന്നു കാലു വേദനിക്കുന്നു "

"നീ മടുത്തോ..കുട്ടിക്കും മുട്ടിക്കും മടുപ്പും തണുപ്പും ഇല്ലാന്ന് കേട്ടിട്ടില്ലേ. ശെരി നിനക്ക് വയ്യെങ്കിൽ വേണ്ട.. നമുക്കിതിരി നേരം ഇവിടെയിരുന്നു കല്ല് കളിക്കാം.."

അമ്മമ്മയെ അറിയുംന്ന് പറഞ്ഞത് നേര് തന്നെ. ഇല്ലെങ്കിൽ അമ്മാമ്മ എന്നും രാവിലെ പറയുന്ന ചൊല്ലൊക്കെ ഈ ചേച്ചിക്ക് അറിയുന്നതെങ്ങനെയാ. അതും പോരാഞ്ഞ് അമ്മൂമ്മക്ക് ഇഷ്ടമുള്ള കല്ല് കളി. അപ്പുറത്തെ കാളി മുത്തശ്ശി വന്നാൽ അമ്മമ്മയും മുത്തശ്ശിയും നേരമിരുട്ടും വരെ കല്ല് കളിയാണ്.

ഉരുളൻ കല്ലുകൾ ഉള്ളം കയ്യിൽ പിടിച്ച് ചേച്ചിയും അപ്പുവും മുകളിലേക്കെറിഞ്ഞു. മലർത്തി പിടിച്ച കയ്യിൽ ഒരെണ്ണം പോലും അപ്പുവിന് കിട്ടിയില്ല. അപ്പു എറിഞ്ഞതും കൂടി ചേച്ചിയുടെ പുറം കൈയിൽ വീണു.

"അപ്പൂന് കളിക്കാൻ അറിയില്ലാല്ലേ. അമ്മമ്മേടെ കൂടെ ഇടക്ക് കളിക്കാൻ ഒക്കെ കൂടണംട്ടോ. വയസായാൽ പിന്നെ അപ്പൂന്റെ ഒക്കെ കൂടെ അല്ലാണ്ട് ആരുടെ കൂടെയാ അമ്മമ്മ നേരം കൊല്ലുക..അപ്പൂ എന്നാ നമുക്ക് നടക്കാം.."
 
അതു വരെ തെളിയാത്ത ഒരു വഴി അവർക്കു മുന്നിൽ തെളിഞ്ഞു.

"ഞാൻ വന്നപ്പോ ഈ വഴി കണ്ടില്ലല്ലോ.വഴി ഒന്നും കാണാത്തത് കൊണ്ട് ഞാൻ എന്ത് ചെയ്യുംന്നോർത്ത് ഇരിക്കുവായിരുന്നു."

"അതേ അപ്പൂ.. നീ കുഞ്ഞല്ലേ. നിന്റെ കണ്ണിനേക്കാൾ കാഴ്ച ചേച്ചീടെ കണ്ണിനുണ്ട്. അതാ. "

വഴി കൂടുതൽ തെളിഞ്ഞു വരുന്നു. അങ്ങ് ദൂരെ ഏലഞ്ചേരിക്കാരുടെ തൊപ്പിലെ മണ്ടയില്ലാത്ത തെങ്ങിന്റെ തലപ്പ് മരത്തിനിടയിലൂടെ മിന്നായം പോലെ ഒന്ന് രണ്ട് വട്ടം കണ്ടു. എങ്കിലും കാവിൽ നിന്ന് പോകാൻ തോന്നുന്നില്ല. ഭയം ഒക്കെ എങ്ങോ മാഞ്ഞു പോയി. എന്ത് തണുപ്പാണ് ഇവിടെ. കിളികളുടെ ശബ്ദം. അകെ മൊത്തം ഭംഗിയുള്ള മരങ്ങൾ, വള്ളികൾ. വരുന്ന വേനലവധിക്ക് ഇവിടെ ഒരു ഊഞ്ഞാല് കെട്ടണം.

"അപ്പൂ.. ഇങ്ങോട്ട് മാറി നടന്നോളൂ.. മാരോട്ടി പഴുത്തു നിക്കണുണ്ട്. കാറ്റടിച്ചു ദേഹത്ത് വീണാൽ നല്ല വേദനയാകും. "

വഴിച്ചാലിന്റെ വലതു വശത്തു നിറയെ മാരോട്ടി മരങ്ങൾ ആണ്. അതിന്റെ കൊമ്പുകൾ താഴ്ന്നു നിൽക്കുന്ന വിധം നിറയെ മരോട്ടികായ്കൾ തൂങ്ങി കിടക്കുന്നു.

"അപ്പു ഓർക്കുന്നുണ്ടോ ദിവാകരൻ ചേട്ടനെ ചാത്തന്മാർ എറിഞ്ഞ കാര്യം. "

"മ്.."

"എന്റപ്പുകുട്ടാ.. ചാത്തന്മാർക് വേറെ എന്തൊക്കെ ജോലികൾ ഇരിക്കുന്നു. ആ ചേട്ടൻ കള്ളും കുടിച്ച് ഇത് വഴി വന്നതാ..നല്ല കാറ്റ് അല്ലായിരുന്നോ..മാരോട്ടികായ് എല്ലാം കൂടി അയാളുടെ ദേഹത്തേക്ക് വീണു. ഇനിയിപ്പോ കള്ളും കുടിച്ച് ആരും ഈ വഴി വരില്ല..
അപ്പു ഇതാരോടും പറയരുത് കേട്ടോ..
കള്ളു കുടിച്ചു കാവിൽ തോന്നിയ പോലെ നടന്നാൽ കാവ് മുടിയും..പിന്നെ അപ്പൂന് ഊഞ്ഞാൽ കെട്ടാനും കളിക്കാൻ വരാനും ഈ കാവുണ്ടാകില്ല.."

"ഞാൻ ഊഞ്ഞാലിന്റെ കാര്യം ഓർത്തൂന്ന് ചേച്ചിക്കെങ്ങനാ മനസിലായത്..?"

"അതോ..അപ്പൂനെപ്പോലെ ഉള്ള കുഞ്ഞു കുട്ടികൾ ആലോചിക്കാൻ സാധ്യത ഉള്ള കാര്യങ്ങളൊക്കെ എനിക്ക് മനസിലാക്കാൻ പറ്റുമല്ലോ "

വഴി അവസാനിക്കാറായി കാവിന്റെ കുളിർമയും പക്ഷികളുടെ കാലമ്പലുകളും നേർത്തു നേർത്തു വന്നു. ഒരു നൂറു നൂറ്റി അൻപതടി കൂടി നടന്നാൽ ഏലഞ്ചേരിക്കാരുടെ പറമ്പായി. അപ്പുവിന്റെ കണ്ണിൽ തണുപ്പും പച്ചപ്പും നിറഞ്ഞ ഒരു പാട് മരങ്ങൾ ഉള്ള ഒരിടത്തു നിന്നും ഇതൊന്നുമില്ലാത്ത തെങ്ങുകൾ മാത്രം നിറഞ്ഞ ഒരു വെളിമ്പ്രദേശത്തെക്കുള്ള നടത്തം. വീട്ടിലേക്കുള്ള വഴിയിലെ രണ്ടു വിരുദ്ധ ധ്രുവങ്ങൾ.

"ചേച്ചീ..ചേച്ചി യക്ഷി ആണോ?"

"എന്റെ അപ്പുകുട്ടാ... നിന്റെ ഓരോ സംശയങ്ങൾ. ദേ അമ്മമ്മ വരുന്നുണ്ട്. തെങ്ങുംതൊപ്പിന്റെ നടുക്കെത്തി.."

"എവിടെ എനിക്ക് കാണാൻ പറ്റണില്ലല്ലോ..!!"

"നിനക്കു ഉയരം കുറവല്ലേ. അതാ കാണാത്തത് "

കാവ് കഴിഞ്ഞ് തെങ്ങും തൊപ്പിലേക്ക് അപ്പുവിനെ എടുത്തു കയറ്റുമ്പോൾ അമ്മമ്മ നടന്നു വരുന്നുണ്ടായിരുന്നു. ദൂരെ നിന്നും ഒച്ച ഇട്ടാണ് വരുന്നത്. ഇന്ന് അടി ഉറപ്പ്.

"എവടെ ആയിരുന്നെടാ ഇത് വരെ. നീ കാവിലേക്ക് ഒറ്റക്ക് കയറിപ്പോയെന്ന് ദിവാകരൻ വന്നു പറഞ്ഞപ്പോ എന്റെ ജീവൻ കത്തി പോയി."

ആകാശം ചുവപ്പ് അഴിച്ചു മാറ്റി കറുപ്പുടുത്തിരുന്നു. അപ്പുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു വേഗം തിരിഞ്ഞു നടക്കാൻ നേരം അമ്മമ്മ പിന്നെയുമെന്തൊക്കെയോ പറഞ്ഞു. മൂന്നോ നാലോ ചുവടേ വെച്ചുള്ളൂ. അപ്പുവിന് ചേച്ചിയെ ഓർമ വന്നു. ഒരു റ്റാറ്റ എങ്കിലും പറയേണ്ടതായിരുന്നു. അപ്പു തിരിഞ്ഞു നോക്കി.
അവിടെ ആരുമുണ്ടായിരുന്നില്ല.!!

Popular Posts

സ്വപ്നദര്‍ശി

കോട്ടയം 17 : ഒരു വായനാനുഭവം

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ