അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

ഈ മഴ സാർത്ഥകമാകട്ടെ !



മഴനീരദങ്ങൾ മാനത്തിരുളിന്റെ കമ്പളം വിടർത്തുമ്പോൾ
ഇരുമഴപ്പക്ഷികളായ്‌ നമുക്ക് വാനിലേക്കുയർന്ന് പറക്കാം

ഒരുമിച്ചു കോർത്ത ചിറകുകൾ വിടർത്തി ഉയരെ നീല മേഘങ്ങളെ ചെന്നു പുൽകാം.
ദൂരെ മഴവില്ലിന്റെ അറ്റം തേടി കണ്ണെത്താത്തിടത്തേക്ക്‌ സഞ്ചരിക്കാം.

ചിറകുകൾ കുഴയുമ്പോൾ
ആലിപ്പഴം കായ്ക്കുന്ന ചില്ലകളിൽ നമുക്ക് വിശ്രമിക്കാം.

മഴക്കാറ്റിൻ തഴുകലിൽ അരളിപ്പൂക്കൾ
ഇക്കിളി പൂണ്ടു നൃത്തം വെക്കുന്നൊരൊറ്റമരക്കൊമ്പിലെ കൊഴിഞ്ഞില പോലെ
മഴ മേഘങ്ങൾ പെയ്തിറങ്ങുന്ന താഴ്വാരത്ത് നമുക്കൊഴുകിയിറങ്ങാം

അവിടെ തോരാമഴ കുതിർത്ത മണ്ണിൽ നീ മാമരമാകുക.

കൃഷ്ണനീല പുല്ലുകൾ മെത്ത വിരിച്ച നിന്റെ മടിത്തട്ടിൽ ഞാൻ തല ചായ്ക്കാം.
തായ്‌വേരുകൾക്കിടയിലെ കരിയലക്കാടുകളിൽ മുഖമമർത്താം.

ഇടവപ്പെയത്തിന്റെ ഈറൻ തണുപ്പിൽ നിന്റെ
നിശ്വാസങ്ങളെനിക്ക് ചൂടു പകരുക.

തോർച്ചയുടെ ആലസ്യത്തിൽ വാടിയ പൂക്കളായ്‌ നാം മയങ്ങുമ്പോൾ
മഴവില്ലിൽ മഴനൂലുകൾ നിനക്കായ് ശ്രുതി മീട്ടും.

നീയുണർന്നു പാടുക.

പെയ്തിറങ്ങുന്ന മഴമുത്തുകളിൽ
നിന്റെ ഗാനം ചിതറിവീഴട്ടെ.

അവ നമ്മുടെ പ്രണയത്തിന്റെ സ്മാരക ശിലകളായ്‌
മണ്ണിൽ പൊട്ടിമുളക്കട്ടെ.

ഇൗ മഴ സാർത്ഥകമാകട്ടെ

2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ഒരു കോഴിക്കോടൻ തീവണ്ടിയാത്രയിൽ


ആ വീഡിയോ ഷെയർ ചെയ്യുമ്പോൾ അയാളും ചിന്തിച്ചിരുന്നില്ല  മറ്റുള്ളവർ കാണാൻ മാത്രം അതിലെന്താണുള്ളതെന്ന്. ഏതൊരു സൈബർ ജീവിയേയും പോലെ ചാറ്റ് ലിസ്റ്റിലെ ചാറ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അത് ഷെയർ ചെയ്ത് കിട്ടിയ നിർവൃതിയിൽ ആരൊക്കെ കണ്ടു എന്ന് ഇടക്കിടക്ക് കണക്കെടുപ്പുകൾ നടത്തിയിട്ടുണ്ടാകാം. മത സൗഹാർദത്തിനും രാജ്യത്തെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും വലിയ സംഭാവന നൽകിയെന്ന തോന്നലിൽ അയാൾ അഭിരമിച്ചിരിക്കാം. പക്ഷേ യാഥാർഥ്യം എന്നു കരുത്തിയിരുന്നതെല്ലാം സ്വന്തം തോന്നലുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം എല്ലാ മനുഷ്യജീവിതത്തിലുമെന്ന പോലെ അയാളുടെ ജീവിതത്തിലും കടന്നു വന്നു.

പല വ്യക്തികളുടെ ശബ്ദങ്ങൾ കൂട്ടി ചേർത്തുണ്ടാക്കിയ റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റിലെ അഭംഗി അയാളെ തീർത്തും അലോസരപ്പെടുത്തിയെങ്കിലും തീവണ്ടി കൃത്യ സമയം പാലിക്കുന്നു എന്ന വാർത്തയുടെ ആശ്വാസം അയാളുടെ കട്ടി മീശക്കു താഴെ ചെറുതായി വിരിഞ്ഞു. തീവണ്ടിയിൽ സമാന്യത്തിലധികം തിരക്കുണ്ടായിരുന്നു. അല്പം സ്ഥലം ബാക്കിയുണ്ടായിരുന്ന ബോഗിയുടെ അറ്റത്തെ വാതിലിനടുത്ത്  ആ തിരക്കിലും തിരമാലയിലെ പാഴ്ത്തടി പോലെ അവിടെയും ഇവിടെയും തട്ടി അയാൾ വന്നടിഞ്ഞു. ചെയർകാർ മാത്രമുള്ള ഈ വണ്ടി പിടിക്കാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചുകൊണ്ടായാൾ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു. റോഡുകളും വ്യവസായ ശാലകളും കടന്ന് പാടങ്ങളും വാഴത്തോപ്പുകളും പ്രത്യക്ഷപ്പെട്ടു. പേര് ശ്രദ്ധിക്കാൻ മറന്നു പോയ ഒരു സ്റ്റേഷനിൽ അയാൾക്കിരിക്കാൻ ഒരു സീറ്റ് കിട്ടി.

തിരക്കിനു കുറവില്ല. സീറ്റ് കിട്ടിയവരുടെ മുഖത്ത് ഒരു രാജ്യം പിടിച്ചടക്കിയ രാജാവിന്റെ ഭവമുണ്ടായിരുന്നു. അയാൾ ചുറ്റും നോക്കി എല്ലാവരും കൈയിലെ സെൽഫോണിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അടുത്ത് ഒരു അച്ഛനും മകളുമാണ് ഇരിക്കുന്നത്. അഞ്ചോ ആറോ വയസ് തോന്നിക്കുന്ന അവളും അച്ഛന്റെ മടിയിലിരുന്നു മൈബൈലിലെ കാഴ്ചകൾ ആസ്വദിക്കുകയാണ്. ഇടക്കിടക്ക് അച്ഛനോട് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അയാൾ കഴിയുന്ന വിധം മറുപടി പറയുന്നു. അറിയാത്ത കാര്യങ്ങൾ മകൾ ചോദിക്കുമ്പോൾ ആണെന്ന് തോന്നുന്നു , അയാൾ കേൾക്കാത്ത മട്ടിൽ ഇരിക്കുന്നു. അപ്പോൾ അവൾ അച്ഛന്റെ താടിയിൽ പിടിച്ചു വലിക്കുന്നു. പുറത്തേ കാഴ്ചകളെക്കാൾ ആ കുട്ടിയുടെ ചോദ്യങ്ങളും ചലനങ്ങളും ബഹുരാസമായി അയാൾക്ക് തോന്നി. മയിലിന്റെ തൂവലിനെപ്പറ്റിയും , വിമാനം പറക്കുന്നതിനെപ്പറ്റിയും, മൊബൈൽ വീഡിയോയിലെ ഐസ്ക്രീം കാരനെപ്പറ്റിയും അവൾ ചോദിച്ചു. ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നെങ്കിലും അയാളുടെ കാഴ്ചപ്പാടുകളുടെ  വഴി തിരിച്ചു വിട്ട ചോദ്യം മറ്റൊന്നായിരുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപു മാത്രമായിരുന്നു ഈദ്. പല വിശേഷ ദിവസങ്ങൾ പോലെ എന്താണെന്നോ എന്തിനാണെന്നോ അറിയില്ലെങ്കിലും അന്നും അയാൾ പലർക്കും ഈദ് ആശംസകൾ അയച്ചു. മുഹബത്തിന്റെ മുന്തിരിച്ചാറും പതിനാലാം രാവും അമ്പിളിക്കലയും മൈലാഞ്ചി മൊഞ്ചും സാഹോദര്യവും സന്മനസും ത്യാഗവും അയാളുടെ മൊബൈലിൽ വന്നു നിറഞ്ഞു. കണ്ടു തഴമ്പിച്ച സന്ദേശങ്ങൾക്കിടയിൽ അല്പം വ്യത്യസ്തമായ ഒരു വീഡിയോ സന്ദേശം അയാൾ കണ്ടു.

...രണ്ടു പേർ ഒരു തെരുവിന്റെ രണ്ടു ഭാഗത്തു നിന്നും നടന്നു വരികയാണ്. ഒരാൾ കാഷായ വേഷധാരി. അടുത്തയാൾ ഒരു വെള്ള വസ്ത്രധാരി ജുബ്ബയാണ് വേഷം. തലയിൽ ഒരു തൊപ്പി ഉണ്ട്. രണ്ടു പേരും ഒരേ സ്ഥലത്ത് എത്തുമ്പോൾ കൂട്ടി ഇടിച്ചു നിലത്ത് വീഴുന്നു. ഉടനെ കാഷായ വേഷ ധാരി നിലത്തു വീണു പോയ അപരന്റെ തൊപ്പി എടുത്ത് തിരികെ നൽകുന്നു. രണ്ടു പേരും കെട്ടി പിടിക്കുന്നു. അന്തരീക്ഷത്തിൽ വർണ്ണപടക്കങ്ങൾ പൊട്ടുന്നു. ഈദ് ആശംസകൾ എന്നെഴുതി കാണിക്കുന്നു....

ഈ വിഡിയോയെക്കുറിച്ചുള്ള ആ കുട്ടിയുടെ ചോദ്യമാണ് അയാളുടെ കാഴ്ചപ്പാടുകളെ പിടിച്ചുലച്ചത്.

"രണ്ടു പേർ കെട്ടി പിടിക്കുന്നതിനെ ആണോ അച്ഛാ ഈദ് എന്ന് പറയുന്നത് ?"

"അല്ല മോളേ അത് മുസ്ലീസിന്റെ ഒരു ഫെസ്റ്റിവൽ ആണ്"

"അപ്പൊ എന്തിനാ ഈ രണ്ട് അങ്കിളുമാര് കെട്ടി പിടിച്ചത്"

അച്ഛനു മറുപടി ഇല്ലായിരുന്നു. അവൾ അച്ഛന്റെ താടിയിൽ പിടിച്ചു വലിച്ചു നോക്കി. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല. രണ്ടു മനുഷ്യർ കെട്ടിപിടിച്ചതിലെ സാംഗത്യം മനസിലാകാതെ കളങ്കമറിയാത്ത ആ ബാല്യം അച്ഛനോടൊപ്പം ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങി. രണ്ട് അങ്കിളുമാർ , രണ്ടു മനുഷ്യർ , എന്തുകൊണ്ടാണ് തനിക്ക് അങ്ങിനെ ചിന്തിക്കാൻ കഴിയാതെ പോയത് എന്നയാൾ ചിന്തിച്ചു. പഠിക്കുന്ന കാലത്ത് എത്രയോ വട്ടം സുഹൃത്തുക്കളെ കെട്ടി പിടിച്ചിരിക്കുന്നു. ഒരേ പാത്രത്തിൽ നിന്നു കഴിച്ചിരുന്നു, ഒരാൾ കുടിച്ചു മതിയാക്കിയ ജ്യൂസിന്റെ ബാക്കി കുടിച്ചിരിക്കുന്നു. അന്നൊക്കെ തോന്നാത്ത കൗതുകം ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞെങ്കിൽ തന്റെ മനസ് മലിനമാണ്.

വൈലോപ്പിള്ളി പറഞ്ഞതെത്ര സത്യം . വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ ദൈവജ്ഞർ തന്നെയാണ്. അവൾക്ക് മനസിൽ ശുഭയാത്ര നേർന്നുകൊണ്ടായാൾ തന്റെ ചിന്തകളെ അവൾ കാട്ടി തന്ന വഴിയിൽ മേയാൻ വിട്ടു.

അർവിൻ .
2017 ജൂലയ്  10

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

കള്ളന്‍


രാകി മിനുക്കിയ കത്തിയുടെ വായ്ത്തലയിൽ തൊട്ടു നോക്കി മൂർച്ച ഉറപ്പു വരുത്തി. ഒറ്റ വെട്ടിന് ഒത്ത കാള വരെ വീഴും. പക്ഷേ ആരെയും മുറിപ്പെടുത്താനുള്ള മനക്കരുത്ത് കൈമുതലായിട്ടില്ല ഇതു വരെ , അങ്ങനെ ഒന്ന് ഇനി കൈവശമാക്കാനും താല്പര്യമില്ല. പരമാവധി ഭയപ്പെടുത്തുക , അതും സ്വയ രക്ഷക്ക് മാത്രം.  ഭീഷഗ്വരന്മാർ രോഗിയറിയതെ ശസ്ത്രക്രിയ ചെയ്യുന്നത് പോലെ , ഇരയറിയാതെ മാലോകരറിയതെ അതീവ ശ്രദ്ധാപൂർവം മറ്റൊന്നിനും കേടുപാടുകൾ വരുത്താതെ സ്ഥാന ചലനം വരുത്താതെ കൃത്യം നിർവഹിക്കണം. ക്രോധം പക അത്യാഗ്രഹം ഈ തൊഴിലിന് വർജ്യം. ഗുരു വചനങ്ങളും അടവുകളും കാലം മിനുസപ്പെടുത്തിയ കൈ മെയ് വഴക്കവും കൂട്ടുണ്ടായിരുന്നിട്ടും തസ്കരവിദ്യയിൽ താൻ പൂർണനല്ല എന്നൊരു തോന്നൽ കള്ളന്റെ ഉള്ളിലുണ്ടായിരുന്നു. അതിനു കാരണമാകട്ടെ പൂർവ പിതാക്കന്മാർ ചിന്തിച്ചു തീർത്ത വീതി കുറഞ്ഞ വളഞ്ഞ പാതകളിൽ നിന്നും മാറി  സ്വയം വഴി വെട്ടിത്തുടങ്ങിയ കാലത്ത് പാതവക്കത്ത് കുരുത്ത നീതി ബോധത്തിന്റെ  തൈ. ഏതൊരു കാറ്റിലും മഴയിലും തസ്കര ജന്മത്തിനു  നിത്യനിദ്ര നൽകി കള്ളന്റെ മേൽ കടപുഴകി വീഴാമെന്ന അവസ്ഥയിലേക്ക് ഓരോ മോഷണവും വളവും വെള്ളവുമേകി വളർത്തി അതിനെ ഒരു വട വൃക്ഷമാക്കി തീർത്തിരിക്കുന്നു. എന്നിരിക്കിലും സാഹചര്യങ്ങൾ നീതി ബോധത്തിനും കള്ളനുമിടയിൽ ഒരു പരിചയായി വർത്തിച്ചു. അതിൽ പ്രധാന്യം വിശപ്പിനായിരുന്നു. മൂന്നു ദിവസമായി കുത്തൻ കയറിയ ഉണക്കു കപ്പ ആഹരിച്ചു ജീവൻ നിലനിർത്തുന്ന ഒരു പെൺവയറും അതിനുള്ളിൽ ഒരു കുഞ്ഞു ജീവനും കള്ളന്റെ കടമയാണ്. നിറവയർ നിറഞ്ഞ തൃപ്തിയുടെ പെണ്മുഖം കാണാൻ  ഇതുവരെ  ഒന്നും ചെയ്യാനായില്ല. താൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി പെൺപാതിയുടെ ഉള്ളിൽ വളരുന്ന പിൻഗാമിയുടെ നിലനിൽപ്പിനായി നേർരേഖയിലൂടെടെ  സഞ്ചരിക്കാൻ കള്ളൻ ശ്രമിച്ചെങ്കിലും സ്വന്തം തൊഴിൽ മേഖലയിലെ പരിച്ചയക്കൂടുതൽ അയാളെ  മറ്റു ജോലികളേൽപ്പിക്കുന്നതിൽ നിന്നും സഹജീവികളെ ഭയപ്പെടുത്തി. അങ്ങിനെ മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ കുടുംബ സ്നേഹവും വിശപ്പും ചേർന്ന് കള്ളന്റെ നീതി ബോധത്തെ പരാജയപ്പെടുത്തി.

അന്ന് അമാവാസിയായിരുന്നു. മാനം നിറയെ ആരോ വാരി വിതറിയ പോലെ  നക്ഷത്രങ്ങൾ.അതിലൊന്നു പോലും തന്റെ ജീവിതത്ര സ്വാധീനിക്കുന്നതായി കള്ളനു തോന്നിയില്ല. എങ്കിലും നക്ഷത്രങ്ങൾ കാണുമ്പോൾ കള്ളന് തന്റെ ഗുരുവിനെ ഓർമ വരുമായിരുന്നു. വെളിച്ചമുണ്ടെങ്കിലേ കാഴ്ചയുള്ളൂ എന്ന കള്ളന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട്   ആകാശത്തെ അനേകായിരം നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച  പെരുംകള്ളൻഗുരു. അദ്ദേഹം പഠിപ്പിച്ചത് ശരിയായിരുന്നു,  മോഷ്ടാവിന് കാണാനും പ്രവർത്തിക്കാനും ഇരുട്ട് നൽകുന്ന കാഴ്ചയാണ് വേണ്ടത്. കാലുകൾക്കറിയാമായിരുന്നു ലക്ഷ്യ സ്ഥാനം. ചെന്ന് നിന്നത്  വലിയ മാളിക വീടിനു മുന്നിലാണ്. മാളികവീടിന്റെ തൂവനത്തിൽ താമസമാക്കിയ മൂങ്ങ ഇടക്ക് തല വട്ടം കറക്കി മൂളുന്നതൊഴിച്ചാൽ  നിശബ്ദത. മൂന്നു ദിവസം വിശദമായ പഠനം , അപഗ്രഥനം. പുരയിടത്തിന്റെ ഭൂമി ശാസ്ത്രവും വീടിന്റെ കിടപ്പും മുറികളുടെ സ്ഥാനവും മനസിലാക്കി. ഒറ്റ കുതിപ്പ് പിന്നെ ഒരു മലക്കം മറിച്ചിലിൽ. ഓടുമ്പുറത്ത് എത്തിയെങ്കിലും കണക്ക് പിഴച്ചു. കാലു വഴുതി താഴെ വീണു. വേദന സഹിക്കാൻ കഴിഞ്ഞില്ല. അമ്മയെ വിളിച്ചു കരഞ്ഞു ഒച്ച കേട്ടിട്ടാകും കത്തിച്ച മണ്ണെണ്ണ വിളക്കുമായി ആരോ വാതിൽ തുറന്നു. ഒരു സ്ത്രീ രൂപമാണെന്ന് അവ്യക്തമായി കണ്ടു. തലക്ക് ചുറ്റും എന്തൊക്കെയോ മൂളിപറക്കുന്നത് പോലെ. ഇരുട്ട് കാഴ്ചയെ സാവധാനം പിൻവലിച്ചു. ബോധ മണ്ഡലം കൊട്ടിയടക്കപ്പെട്ടു.

കണ്ണു തുറന്നപ്പോൾ ഉമ്മറത്തെ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു കള്ളൻ. എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ ഒരു പെൺകുട്ടി മുറ്റം തൂക്കുന്ന കാഴ്ച്ച കണ്ടു. കള്ളന്റെ മൂത്ത സന്തതിയുടെ പ്രായം ഉണ്ടാകും അവൾക്ക്. വെളുപ്പാങ്കാലത്തെ മഞ്ഞിൽ പൊടി മണ്ണിന്റെ മണം കൂടി ചേർന്നു മൂക്കിൽ കൊളുത്തി വലിച്ചു. അകത്തു നിന്ന് ഒരു വയസായ സ്ത്രീയുടെ ശബ്ദം. അവർ നാമം ജപിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടെ എന്തൊക്കെയോ പറഞ്ഞ് ആരെയോ പ്രാകുന്നുണ്ട്. വീഴ്ചയുടെ വേദന പൂർണമായും മാറിയിട്ടില്ല. കിഴക്കൂന്നുള്ള വെയില് മുടിയില്ലാത്ത മണ്ടക്ക് തട്ടുന്നത് വരെ കള്ളൻ അവിടെ തന്നെ ഇരുന്നു. മുറ്റം അടിച്ചുകൊണ്ടിരുന്ന പെണ്ണ് അടുക്കളപ്പുറത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആ വലിയ വീട്ടിൽ അവർ രണ്ടുമല്ലാതെ വേറെ ആരും ഇല്ലെന്ന് തോന്നുന്നു. നടത്തിയ പഠനത്തിൽ പിഴവു പറ്റിയെന്ന് കള്ളനു തോന്നി.

"അതേയ്.. ആ ഇരിക്കണ സഞ്ചി നിങ്ങളോടെടുത്തോളാൻ പറഞ്ഞു." ഇരിക്കുന്നതിനു പിന്നിൽ നൂല് പൊങ്ങി നരച്ച ഒരു തുണി സഞ്ചി കള്ളന്റെ ശ്രദ്ധയിൽപ്പെട്ടു.

"അകത്തെ തള്ള രാവിലെ കൊണ്ടു വെച്ചതാ.. നാളെ കാലത്തു വരണം തൊഴുത്ത് ഒന്ന് അഴിച്ചു മേയണം വേറെ കുറച്ചു പണിയും ഉണ്ട്..നല്ല കൂലി തരാമെന്നു തള്ള പറഞ്ഞു"
ഒന്നും മനസിലാകാതെ സഞ്ചിയിലേക്ക് നോക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു അവൾ ബാക്കി കൂടി പറഞ്ഞത്. കള്ളൻ സഞ്ചി തുറന്നു നോക്കി. അതിൽ ഒരു ചെറിയ കാച്ചിൽ. ഇടങ്ങാഴിയോളം നെല്ല് ഏറ്റവും മുകളില്‍ ഒരു തേക്കിലയിൽ കുറച്ച് ഉണക്ക മുളകും ഉപ്പുകല്ലും. എങ്ങിനെ അറിഞ്ഞു കാണും ഇവർ വീട്ടിലെ പഞ്ഞമെന്ന് എത്ര ആലോചിച്ചിട്ടും കള്ളനു മനസിലായില്ല. സ്വബോധം മറഞ്ഞ് പിച്ചും പേയും പറഞ്ഞപ്പോൾ പറഞ്ഞു പോയതാകാം. ഊഹാപോഹങ്ങളിൽ ചികഞ്ഞെങ്കിലും കള്ളന് മതിയായ ഒരു ഉത്തരം കിട്ടിയില്ല. ആലോചിക്കുന്നതിൽ അർത്ഥമില്ല എന്നു മനസിലാക്കിയ കള്ളൻ അവിടെ നിന്നും എഴുന്നേറ്റു. നന്ദി പറയാൻ നിന്നില്ല. നെല്ല് കുത്തി അരിയാക്കി തൊട്ടാൽ ഞെങ്ങുന്ന പതത്തിൽ കഞ്ഞി വെച്ചു കുടുംബത്തിന്റെ വയർ നിറക്കാൻ ധൃതിയായിരുന്നു. അടിച്ചു വാരിയ മുറ്റത്തു കൂടി സഞ്ചിയും തൂക്കി അതിവേഗം തിരികെ നടക്കുമ്പോൾ കള്ളന്റെ ചിന്തകളിൽ കുരുത്ത നീതി ബോധത്തിന്റെ വട വൃക്ഷം അയാൾക്ക് തണൽ വിരിച്ചു നിന്നു.

>അർവിൻ

2017, ജൂൺ 25, ഞായറാഴ്‌ച

കാപ്പിക്കലം



"ഋഷി ചായയാണോ പറഞ്ഞത്. മഴയത്ത് കാട്ടങ്കാപ്പിയാടോ നല്ലത്" കാപ്പി പറഞ്ഞ ശേഷം ബാഗിൽ നിന്നെടുത്ത പ്ലാസ്റ്റിക്  സഞ്ചിയിലേക്ക് ഫൈവ് ഫോൾട് മടക്കി കയറ്റുന്നതിനിടയിൽ രമ്യ പറഞ്ഞു. കാന്റീൻ എന്ന പേരിലറിയപ്പെടുന്ന നീളൻ വരാന്തയിൽ, വികാലാംഗ പെൻഷന് അപേക്ഷ നൽകി കാത്തു കിടന്നിരുന്ന ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി അവർ ഇരുന്നു.

"ഇന്നാണോ എത്തിയത്. ഇന്നലെ വൈകിട്ട് ഞാൻ ലൈബ്രറിയിൽ നോക്കിയായിരുന്നു പക്ഷേ തന്നെ കണ്ടില്ല."

"രാവിലെ മാഡത്തെ കണ്ടപ്പോൾ  ഋഷി എന്നെ തിരക്കിയ കാര്യം പറഞ്ഞായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞപ്പോഴേക്കും നല്ല മഴ ആയെടോ. വീട്ടില് ചേച്ചിയുടെ കുട്ടികളും ഉണ്ടായിരുന്നു. അതാ പിന്നെ പിറ്റേന്നത്തേക്ക് തിരിക്കാം എന്ന് വച്ചത്. താൻ എന്തിനാ എന്നെ അന്വേഷിച്ചത്? "

"അതിന്നലെയൊരു കാര്യം തന്നോട് പറയാനായിരുന്നു. അത് പോട്ടെ.നാട്ടിൽ പോയ കാര്യം എന്തായി?" ഋഷി ചോദിച്ചു.

"എന്താവാൻ , എന്നെ കാണാനാ അവർ വന്നത്. പക്ഷേ എന്നെ അല്ല ; അവർക്ക്  കുഞ്ഞിയെ ആണ് ഇഷ്ടായതെന്ന്. എന്നാ പിന്നെ  അവളുടെ നടക്കട്ടേന്ന് ഞാൻ പറഞ്ഞു. എന്റെ കെട്ട് കഴിയാൻ നോക്കി നിന്നാ ആര് വരാനാ ഋഷി ഈ കാപ്പിക്കലത്തിനു വേണ്ടി."

"കാപ്പിക്കലമോ..?"

"ആഹ്.. സ്കൂളീ പഠിക്കുമ്പൊ എനിക്ക് കിട്ടിയ ഒരോമനപ്പേരാണ്." അവൾ നിസ്സംഗമായി പറഞ്ഞു.

"കാട്ടങ്കാപ്പി എങ്ങനെ, ടേസ്റ്റുണ്ടോ..?" അൽപ നേരത്തെ മൗനത്തിനു ശേഷം അയാൾ രമ്യയോട് പറഞ്ഞു.

"മ്.. ഉണ്ട്..ടേസ്റ്റ് മാത്രമല്ല , കട്ടങ്കാപ്പി കുടിച്ചാ എന്നേപ്പോലെ നല്ല സൗന്ദര്യം വെക്കും. വീട്ടില് ഞാൻ കൂടാതെ വേറൊരു കാപ്പിക്കലം കൂടിയുണ്ട്. ചാരവും സോപ്പുമിട്ടു തേച്ചിട്ടും വെളുക്കാത്ത, ചളുങ്ങിയ , ഉള്ളിൽ നിറയെ ചക്കര കാപ്പിയുള്ള ഒരു സുന്ദരിക്കോത, അലൂമിനിയമാണ്. അവളെ കണ്ടാൽ എന്നേപ്പോലെ തന്നെ ഇരിക്കും ഫെയർ ആൻഡ് ലൗലിയും രക്തചന്ദനവും തീണ്ടി വൃത്തികേടാക്കാത്ത എന്റെ മുഖം പോലെ ഇരിക്കും.."

"wow.. അപ്പൊ പിള്ളേരെ സാഹിത്യം പഠിപ്പിക്കുന്നത് കൊണ്ട് ഗുണമുണ്ട്."

"പിന്നല്ല.." കണ്ണിനു മുന്നിൽ നിന്നും ഊർന്നു വീഴാറായ കണ്ണട ശരിയാക്കി വെച്ചുകൊണ്ട് അവൾ ചിരിച്ചു. "ഋഷിയെന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞതെന്താ?"

"അതോ..താനെനിക്കു വേണ്ടി ഒരു വിവാഹ പരസ്യം തയ്യാറാക്കി തരണം, പത്രത്തിൽ കൊടുക്കാൻ. മാറ്റർ ഞാൻ പറയാം. ആശയം ചോർന്ന് പോകാതെ താൻ അതൊന്നു ചെറുതാക്കി തരണം. കല്യാണപ്പരസ്യങ്ങൾക്കൊക്കെ  ഇപ്പൊ വാക്കൊന്നിനാണ് ചാർജ്."

"ഋഷി പറയൂ..ഞാൻ ശ്രമിക്കാം" 

നാടകീയമായ ഒരു ഭാവം  ശബ്ദത്തിൽ വരുത്തി പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി ഋഷി തുടർന്നു 

"ചാരവും സോപ്പുമിട്ടു തേച്ചിട്ടും വെളുക്കാത്ത, ചളുങ്ങിയ , ഉള്ളിൽ നിറയെ ചക്കര കാപ്പിയുള്ള  കാപ്പിക്കലം പോലെയൊരു സുന്ദരിയെ ജീവിത സഖിയായി തേടുന്നു.
ഫെയർ ആൻഡ് ലൗലിയും രക്ത ചന്ദനവും തീണ്ടി വൃത്തികേടാക്കാത്ത  മുഖമുള്ള പെൺകുട്ടികളിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു."

ഋഷി തലയുയർത്തി രമ്യയെ  നോക്കി. പുറത്തു തോർന്ന മഴ അവളുടെ കണ്ണുകളിൽ പെയ്യാൻ തുടങ്ങി.  കട്ടൻകാപ്പിയിൽ നിന്നുയർന്ന ആവി അവളുടെ കണ്ണടയിൽ തീർത്ത മൂടലിൽ ഋഷിക്ക് അത് കാണാൻ കഴിഞ്ഞില്ല.

>അർവിൻ

2017, മേയ് 19, വെള്ളിയാഴ്‌ച

സ്വപ്നദര്‍ശി



വിന്റർഗാർഡൻ 6 കിലോമീറ്റർ എന്ന ചൂണ്ടുപലക വഴിയരികില്‍ ആദ്യമായി കണ്ടതു മുതൽ ആ കരിങ്കൽ സൗധം വന്യമായ ചാരുതയോടെ കണ്ണുകൾക്ക് മുന്നിൽ പല തവണ തലയുയർത്തി. ഓരോ തവണ കാഴ്ച്ചയില്‍ നിറയുമ്പോഴും കൂടുതൽ ഭംഗി തോന്നുന്നു പഴയ ബ്രട്ടീഷ് ബംഗ്ലാവിന്. മലമുകളിൽ നടക്കാനിറങ്ങിയ കോടമഞ്ഞ് ഇടക്കിടെ കാഴ്ചകളെ മറച്ചു. ശ്രീനിവാസ് രഞ്ജിനിയെ നോക്കി. സൈഡ് വിന്‍ഡോയിലേക്ക് തലചേർത്തു മയങ്ങുകയായിരുന്നു അവള്‍. എന്തൊരു ഉത്സാഹമായിരുന്നു ഫ്‌ളാറ്റിൽ നിന്നിറങ്ങുമ്പോൾ. ഇപ്പോൾ കിടന്നുറങ്ങുന്നത് കണ്ടില്ലേ. തെല്ലൊരു പരിഭവം അയാളുടെ കണ്ണുകളിൽ നിറഞ്ഞു.

സ്വന്തമാകേണ്ടിയിരുന്ന ആദ്യ ദിവസങ്ങള്‍ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പങ്കു വെച്ചു നൽകേണ്ടി വന്നു. വീടുകളിൽ നിന്നു വീടുകളിലേക്കുള്ള പരക്കം പാച്ചിലുകളുടെ ക്ഷീണം തീർക്കാൻ രാത്രികൾ പോരാ എന്നു തോന്നി. വിവാഹ ജീവിതത്തിൽ ഏറ്റവും അനന്ദകരം ആദ്യനാളുകളാണെന്ന് ആരോ പറഞ്ഞത് ഓർമ വന്നു. എന്തൊരസംബന്ധമാണത്. അവധി അവസാനിപ്പിച്ചു ഫ്ലാറ്റിയിലേക്ക് തിരികെ എത്തിയപ്പോഴാണ് അല്പമെങ്കിലും സമാധാനം തോന്നിയത്. രഞ്ജിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടു വരാൻ പിന്നെയും ഒരാഴ്ച സമയം വേണ്ടി വന്നു. ഒരു പുരുഷന്റെ മുറി എന്ന കളങ്കവും പേറി നിന്ന 1ബി.എച്ച്.കെ ഫ്ളാറ്റിലെ സ്വന്തം സാമ്രാജ്യത്തെ, ഇനി മുതൽ നീ അല്പം അടുക്കും ചിട്ടയും കാത്തു സൂക്ഷിക്കണം, ഒരു പെണ്ണിനെ കൂടി നീ ഉൾക്കൊള്ളണം എന്നു പറഞ്ഞു മനസിലാക്കുന്നതിനിടെയാണ് ഈ യാത്രക്ക് നന്ദി പറയേണ്ടുന്ന ആ സുഹൃത്ത് തുറന്നിട്ട വാതിലിലൂടെ ഒരു കോളിംഗ് ബില്ലിന്റെ ഔപചാരികത പോലുമില്ലാതെ കടന്നു വന്നത്.

"മിസ്റ്റര്‍.ശ്രീനിവാസ്..ഹാര്‍ട്ടി കണ്‍ഗ്രാജുലേഷന്‍സ് ഓണ്‍ യുവര്‍ മാരിയേജ്. കുറച്ച് ഒഫീഷ്യല്‍ തിരക്കുകള്‍ ഉണ്ടായിരുന്നു സുഹൃത്തേ. അതുകൊണ്ടാണ് വരാന്‍ സാധിക്കാതിരുന്നത്. മിസ്സിസ്.ശ്രീനിവാസിനെ കൊണ്ടു വന്നില്ലേ..?"

അതിഥിയുടെ വാക്കുകളിലെ ആത്മാർത്ഥയെ ലഘൂകരിക്കാതെ വ്യാജമായ ഒരു പരിഭവം മുഖത്തു വരച്ചു കൊണ്ട് ശ്രീനിവാസ് അദ്ദേഹത്തോട് സംസാരിച്ചു. കുശാലന്വേഷണങ്ങൾക്കപ്പുറം അയാൾ ഒരു കവർ ശ്രീനിവാസിനെ ഏൽപ്പിച്ചു. അതിനുള്ളില്‍ വിന്റർഗാർഡനിലെ ഒരാഴ്ച വിവാഹ സമ്മാനമായി അയാൾ അടക്കം ചെയ്തിരുന്നു.

വിന്‍റര്‍ഗാര്‍ടന്റെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ജുബ്ബ പോലെ തോന്നിക്കുന്ന അഴഞ്ഞു തൂങ്ങിയ പച്ച ഷർട്ടിനു മുകളിൽ കൂടി സ്വെറ്റർ ധരിച്ച ഒരാൾ വന്നു ഗേറ്റ് തുറന്നു. ശ്രീനിവാസ് കാറിൽ നിന്നിറങ്ങിയപ്പോഴേക്കും തന്നേക്കാൾ വലിയ കുപ്പായവും ചുമന്നു കൊണ്ട് ആ മനുഷ്യന്‍ ഓടിയെത്തി. മുറുക്കാൻ കറ പിടിച്ച പല്ലു കാട്ടി മുഴുക്കെ ചിരിച്ചുകൊണ്ട് അയാൾ അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. കരിങ്കൽച്ചുവരുകൾക്കകവും പുറവുമുള്ള കാഴ്ചകൾ. ഓരോന്നും ഓരോ മാനുഷിക വികാരങ്ങളുടെ ആവിഷ്കാരം പോലെ. മൂടൽമഞ്ഞിനു പിന്നിൽ ഒളിച്ചിരുന്ന സൂര്യൻ അവരെ ഒന്നെത്തി നോക്കിയ ശേഷം ചുവപ്പു വിതറി താഴേക്ക് മറഞ്ഞു. മരം കോച്ചുന്ന തണുപ്പിൽ അൽപം ചൂടിനായി മലമടക്കുകൾ ഇരുട്ടിന്റെ കട്ടിയുടുപ്പുകൾ അണിഞ്ഞു. ആകാശത്ത് വിടർന്ന എണ്ണമില്ലാത്ത നക്ഷത്രങ്ങൾ. ചീവീടുകളുടെ ശബ്ദഘോഷം. തണുപ്പിന്റെ കട്ടി കൂടിയപ്പോൾ രഞ്ജിനിയെ കൂട്ടി ശ്രീനിവാസ് അകത്തേക്ക് നടന്നു. മുറിയിലെ നെരിപ്പോടിനുള്ളിൽ പൊട്ടിയും ചീറ്റിയും എരിഞ്ഞമരുന്ന വിറകുകൾ അവര്‍ക്കു ചൂട് പകര്‍ന്നു.

"ഇത്രയും മനോഹരമായ ഒരിടത്തും ഞാന്‍ ഇതുവരെ പോയിട്ടില്ല ശ്രീനി. എന്തു രസാ ഇവിടോക്കെ." രഞ്ജിനിയുടെ കണ്ണുകളിലെ തിളക്കം ശ്രീനിവാസ് ആസ്വദിച്ചു. ഭാര്യയുടെ സന്തോഷത്തില്‍നിന്നും ഭര്‍തൃത്വത്തിന്‍റെ മധുരം മുങ്ങിയെടുത്തു രുചിച്ച് ആ ഭര്‍ത്താവ് പുഞ്ചിരിച്ചു.

കുളിമുറിഭിത്തിയിലുറപ്പിച്ച ഹീറ്ററിലെ ചൂടുവെള്ളത്തില്‍ പകല്‍ക്കാഴ്ചകള്‍ ദേഹത്തിനു സമ്മാനിച്ച ക്ഷീണം കഴുകിക്കളയുകയായിരുന്നു രഞ്ജിനി. മുറിയിൽ ഒറ്റക്കായപ്പോള്‍ ഭിത്തിയിലെ പഴഞ്ചന്‍ ഘടികാരത്തിലെ സൂചികളുടെ ചലനങ്ങള്‍ ശ്രീനിവാസിന് രസകരമായ കാഴ്ചയായി തോന്നി. പന്ത്രണ്ടിലേക്ക് രണ്ടു സൂചികളുടെ ഓട്ടപ്പന്തയം നടക്കുകയാണ്. കൂട്ടത്തില്‍ അല്‍പം തടിച്ചവന്‍ ഒന്‍പതിന്‍റെ ചുവട്ടില്‍ വിശ്രമത്തില്‍ ആണ്. മെലിഞ്ഞവനാകട്ടെ രണ്ടു മിനിറ്റിനുള്ളില്‍ പന്ത്രണ്ടിലെത്തി ഫിനിഷ് ചെയ്യും. കുഞ്ഞുനാളില്‍ കേട്ട കുട്ടിക്കഥയിലെ മടിയന്‍ മുയലച്ചനെ തോല്‍പ്പിച്ച ആമച്ചാരേപ്പോലെ മിനിറ്റ് സൂചി നിരങ്ങി നീങ്ങുന്നു. ഇതിനിടയിലെപ്പോഴോ സ്വയമറിയാതെ അയാൾ മയക്കത്തിലേക്ക് വഴുതി വീണു. ബാൽക്കണിയിലേക്ക് തുറന്നിട്ട വാതിലിലൂടെ ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്തു തലോടി കടന്നു പോയി. മയക്കത്തിൽ നിന്നും കണ്ണുകൾ തുറന്നു. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.

"നീ കുളി കഴിഞ്ഞില്ലേ..?"

"ഞാൻ ഇപ്പൊ കയറിയതല്ലേ ഉള്ളൂ ശ്രീനീ"

ശ്രീനിവാസ് ഘടികാരത്തിലേക്കു നോക്കി. സൂചികളുടെ ഓട്ടപ്പന്തയം അവസാനിച്ചതേ ഉള്ളു. പക്ഷേ ഒരുപാട് സമയം ഉറങ്ങിയത് പോലെ. അസ്വസ്ഥമായ മയക്കം. വിചിത്രമായ ആ സ്വപനം വീണ്ടും കണ്ടു ഇതിനിടയിൽ.

"ശ്രീനി എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് തോന്നുന്നല്ലോ." അയാൾ ചിന്തകളിൽ നിന്നുണർന്ന് അവളെ നോക്കി. അതേ രൂപം, അതേ മുഖം, അതേ കണ്ണ്, ചിരി പോലും അത് പോലെ തന്നെ.

"ആഹാ കുളി കഴിഞ്ഞു വന്നോ."

"അത് കൊള്ളാം.. കുളിക്കാൻ കയറിയപ്പോഴേക്കും വിളി തുടങ്ങിയില്ലേ.." മുടിയിൽ ചുറ്റിയിരുന്ന ടവൽ അല്പം കൂടി മുറുക്കി കെട്ടുന്നതിനിടയിൽ അവൾ പറഞ്ഞു.

"നിന്റെ കഴുത്തിൽ ഒരു കറുത്ത മറുക്കുണ്ടായിരുന്നല്ലോ! അതെവിടെ?"അയാൾ ചോദിച്ചു.

"മറുകോ..! എനിക്ക് കഴുത്തിൽ മറുകൊന്നും ഇല്ലായിരുന്നല്ലോ."

ശ്രീനിവാസ് സ്വപ്നത്തെക്കുറിച്ചു ചിന്തിച്ചു. കണ്ട സ്വപ്‌നങ്ങളിലെല്ലാം അവളുടെ കഴുത്തിലാ മറുകുണ്ടായിരുന്നു. പക്ഷേ രണ്ജിനിയുടെ കഴുത്തിൽ അങ്ങിനെ ഒരു മറുകുണ്ടോ എന്നു താൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.നിമിത്തങ്ങളെ വിശ്വസിക്കരുതായിരുന്നു. താന്‍സ്വയം ചതിക്കപ്പെട്ടിരിക്കുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട്. നീ എന്റെ അടുത്തു വന്നിരിക്കാമോ?"ശ്രീനിവാസ് അവളെ തന്നോടു ചേർത്തിരുത്തി. നനഞ്ഞ മുടിയിൽ നിന്നും രഞ്ജിനിയുടെ കവിളിലൂടെ ഒഴുകി വന്ന ഒരു വെള്ളതുള്ളിയെ തുടച്ചുകൊണ്ടായാൾ സ്വപ്നങ്ങളെക്കുറിച്ചു സംസാരിച്ചു.

"നിനക്ക് സ്വപ്നങ്ങളിൽ വിശ്വാസം ഉണ്ടോ..?"

അസ്വഭാവികമായ ആ ചോദ്യം രഞ്ജിനിയുടെ കണ്ണുകളില്‍ ജിജ്ഞാസയുടെ ഓളങ്ങള്‍സൃഷ്ടിച്ചു. ശ്രീനിവാസിന്റെ മുഖത്തേക്ക് അവള്‍നോക്കി. അയാളുടെ സ്വപ്നദർശനങ്ങളിൽ അവൾ നോക്കാറുള്ള ഗൂഢമായ നോട്ടം.

"ഒരു സമയത്ത് ഞാന്‍ഒരുപാട് സ്വപ്‌നങ്ങള്‍ കാണുമായിരുന്നു. സ്വപ്‌നങ്ങള്‍എന്നെ വേട്ടയാടുകയായിരുന്നു. സ്വപ്നവും ജീവിതവും തമ്മിലുള്ള സാമ്യം എന്താണെന്ന് നിനക്കറിയാമോ? രണ്ടും യാദൃശ്ചികമാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നത് അറിയുക അസാധ്യം. പക്ഷേ സ്വപ്നവും ജീവിതവും തിരിച്ചറിയാനുള്ള ഒരു മാര്‍ഗം ഉണ്ട്. അവയെ പരസ്പരം വേര്‍തിരിക്കുന്ന ഒന്ന്. നമ്മള്‍ചെയ്യുന്ന പൃവൃത്തികള്‍. സ്വപ്നത്തില്‍ ഒന്നുംതന്നെ നമ്മുടെ നിയന്ത്രണത്തില്‍ അല്ല. എന്തു ചെയ്താലും പിന്നീടുള്ളതെല്ലാം കാണാപ്പുറങ്ങള്‍ മാത്രമായിരിക്കും. അതേ സമയം ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും, നല്ലതോ ചീത്തയോ, തക്കതായ പ്രതിഫലം നമുക്ക് നല്‍കും. ഇവ രണ്ടും തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കാന്‍ കഴിയാതെ പോയവര്‍ക്ക് ജീവിതം സ്വപ്നമെന്നപോലെ യാദൃശ്ചികതകള്‍ നിറഞ്ഞതായിത്തീരും . നിന്നെ നേരില്‍കണ്ട നിമിഷം ആ വേര്‍തിരിവ് ഞാന്‍മറന്നു. അതിനു കാരണമുണ്ട്. നമ്മൾ തമ്മിൽ കണ്ടുമുട്ടുന്നതിനു മുൻപ് ഒരു പെൺകുട്ടി എന്റെ സ്വപ്നങ്ങളിലെ നിത്യ സന്ദർശകയായിരുന്നു. അവൾ സുന്ദരിയായിരുന്നു. പെണ്ണത്തത്തിന്റെ എല്ലാ അഴകളവുകളും ഒത്തിണങ്ങിയവള്‍. ശ്യാമ വര്‍ണം ദീർഘ വൃത്തത്തിന്റെ അഴകാകൃതിയിൽ വിളങ്ങുന്ന മുഖശ്രീ, ഒരു നോട്ടത്തില്‍ ആരെയും ഭ്രമിപ്പിക്കുന്ന വിടര്‍ന്ന കണ്ണുകൾ. വലിയ നെറ്റിത്തടങ്ങൾക്കു മുകളിൽ നിന്നും ചെറിയ ചുരുളുകളോടെ ഇടതൂർന്ന മുടിക്കെട്ട്. വശ്യമായ കഴുത്തിന്റെ വലതു വശത്ത് അവളുടെ എല്ലാ അഴകുകള്‍ക്കുമലങ്കാരമായി ഒരു കറുത്ത മറുക്. അവൾ ആരെന്നോ എന്തിനു ഞാനവളെ എന്റെ സ്വപ്നങ്ങളിൽ കാണുന്നെന്നോ എനിക്കറിയില്ലായിരുന്നു. പക്ഷേ അജ്ഞാതമായ ഒരു പ്രേരണാശക്തി അവള്‍ ആരെന്നറിയുവാനുള്ള അഗാധമായ തൃഷ്ണ എന്നില്‍ ആളിക്കത്തിച്ചുകൊണ്ടിരുന്നു. വിചിത്രമായ ആ സ്വപ്നങ്ങൾ, നിരന്തരമവ എന്റെ രാത്രികളിൽ നിറഞ്ഞിരുന്നു. ഒരുപക്ഷേ അന്ന് നിന്നെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുവെങ്കിൽ എനിക്കിത് വിചിത്രമായി തോന്നില്ലായിരുന്നു. കാരണം അവൾക്കു നിന്റെ ഛായ ആയിരുന്നു"

"എന്റെ ഛായയോ ! അത് ഞാൻ തന്നെ ആയിരുന്നില്ലേ ശ്രീനീ. എന്നെ വര്‍ണിക്കുന്നത് പോലെയാണ്‌ എനിക്ക് തോന്നിയത്. ശ്രീനി ഇടക്ക് ചൊല്ലാറുള്ള ശ്ലോകങ്ങളില്‍ ദേവിയെ വര്‍ണിക്കുന്നത് പോലെ. പക്ഷേ ആ മറുക്. അങ്ങനെ ഒന്നെനിക്കില്ല. ശ്രീനി കളി പറയുന്നതല്ലേ.." തലയുയർത്തി കുസൃതിച്ചിരിയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു. വശ്യമായി തോന്നിയിരുന്ന നോട്ടം ഈ നിമിഷം തന്നെ പൊള്ളിക്കുന്നത് പോലെ ശ്രീനിവാസിനു തോന്നി. മഞ്ഞിന്റെ തണുപ്പിലും രഞ്ജിനിയുടെ ചോദ്യത്തിന്റെ ചൂടിൽ അയാൾ വിയർത്തു.

"നിന്റെ പ്രതികരണം, അതിങ്ങനെ തന്നെയാകും എന്ന് അറിയാമായിരുന്നത് കൊണ്ടാണ് ഞാൻ ഇത് പറയാതെ ഇരുന്നത്. പക്ഷേ ഇന്ന്.. എനിക്കോർമയില്ല ആ സ്വപ്നം എന്നെ എന്നാണ് വേട്ടയാടിത്തുടങ്ങിയതെന്ന്. ഒരു പേക്കിനാവ് പോലെ ആയിരുന്നു അതിന്റെ തുടക്കം. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുഴയുടെ തീരത്തു നിൽക്കുകയായിരുന്നു ഞാൻ. വർഷങ്ങൾ പഴക്കം തോന്നിക്കുന്ന പാതി തകർന്ന നിലയിൽ ഒരു പാലം. അതിന്റെ നടപ്പാത ഭംഗിയുള്ള മരപ്പലകകൾ വിരിച്ച നിലയിൽ ആയിരുന്നു. എവിടെ നിന്നോ ഒരു വള്ളം അതിനരികില്‍ വന്നു നിന്നു. അതിന്റെ അകം പോള്ളയായിരുന്നു. അതിന്റെ ഉള്ളിലേക്ക് കൗതുകത്തോടെ നോക്കിയ ഞാൻ വെള്ളത്തിലേക്കെടുത്തെറിയപ്പെട്ടു. വെള്ളത്തിനടിയിൽ ഞാൻ അവളെ കണ്ടു, എന്റെ തൊട്ടു മുന്നിൽ. വയലറ്റ് നിറമുള്ള പൂക്കൾ തുന്നിപ്പിടിപ്പിച്ച ഒരു വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്. എന്നെ കണ്ടതും അവൾ നീന്തിയകന്നു. പിന്നീടൊരിക്കൽ ഓഫീസിൽ വച്ച്. തിരക്കിനിടയിൽ കിട്ടിയ അൽപ സമയം ടേബിളിൽ തല വച്ചു കണ്ണുകളടച്ചു കിടക്കുകയായിരുന്നു ഞാന്‍. മയക്കം വന്നതറിഞ്ഞില്ല. എന്റെ കാബിനിലേക്ക് അവൾ കടന്നു വന്നു. ടേബിളിന് മുന്നിലിട്ടിരുന്ന കസേരയിൽ അവളിരുന്നു. അവൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ സമയം അവളുടെ മുഖത്ത് എന്തിനോടൊക്കെയോ ഉള്ള ഭയം നിഴലിച്ചിരുന്നു. എസിയുടെ തണുപ്പിലും അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് ഒരു വിയർപ്പുതുള്ളി ഉരുണ്ട് അവളുടെ മൂക്കിന്റെ തുമ്പത്ത് വന്നു നിന്നു. അതിൽ എന്റെ മുഖം കാണാമായിരുന്നു. അങ്ങനെ പല തവണ. പിന്നീട് കണ്ട ഓരോ സ്വപ്നങ്ങളിലും അവളുമായുള്ള അകലം കുറഞ്ഞു വരുന്നത് പോലെ തോന്നി. ബസ്റ്റോപ്പിൽ , പാർക്കിൽ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി. ഓഫീസിൽ നിന്ന് പാർക്കിങ്ങിലേക്ക് ഒരു കുടയുടെ കീഴിൽ മഴയത്ത്. ആരെന്നോ എന്തെന്നോ അറിയാത്ത സ്വപ്നങ്ങളിൽ മാത്രം കാണുന്നവളെങ്കിലും അറിയാതെ ഉള്ളിലെവിടെയോ അവളോട് ഒരു ഇഷ്ടം. പ്രണയം ആയിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും ഇഷ്ടമായിരുന്നു ആകാരണമായൊരിഷ്ടം. അവൾ ആരായിരിക്കും എന്നറിയാനുള്ള ആകാംഷ. സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ കഴിയുന്ന ഒരാളെത്തേടി ഞാൻ അലഞ്ഞു. ഈ സ്വപ്നത്തെക്കുറിച്ചു ഞാന്‍പറഞ്ഞവരാരും എന്നെ മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല എന്നെ കിറുക്കനെന്നു വിളിച്ചു കളിയാക്കുകയും ചെയ്തു. അവൾ ആരെന്നുള്ള ചോദ്യം ഒരു കിനാവള്ളി പോലെ പിന്തുടരുന്നതിനിടെ ആണ് അമ്മ നിന്റെ ഫോട്ടോ കാണിക്കുന്നത്. അതിശയമായി തോന്നിയെങ്കിലും അമ്മയോട് ഒന്നും പറഞ്ഞില്ല. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി എന്ന് ഞാൻ ഉറപ്പിച്ചു. നിന്നിലെത്തിച്ചേരാനുള്ള ഒരു നിമിത്തമായിരുന്നു ആ സ്വപ്നങ്ങൾ എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്ന മട്ടിൽ പിന്നീടവളെന്റെ സ്വപ്നങ്ങളിൽ നിന്നും അപ്രത്യക്ഷയായി. ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് വീണ്ടും അവളെന്റെ സ്വപ്നത്തില്‍ കടന്നു വന്നു. ഈ ബാൽക്കണിയിൽ അവൾ നിൽക്കുന്നതായി ഞാൻ കണ്ടു. മഞ്ഞിന്റെ നിറമുള്ള നീളൻ കുപ്പായമായിരുന്നു അവളുടെ വേഷം. അവൾ ആകെ നനഞ്ഞിരുന്നു. അവളുടെ കഴുത്തില്‍ അഴകിനു മാറ്റു കൂട്ടിയിരുന്ന ആ മറുക് അപ്രത്യക്ഷമായിരുന്നു. അതിന്‍റെ ശൂന്യതയില്‍നിന്നു രക്തം പൊടിയുന്നുണ്ടായിരുന്നു. അവള്‍ക്കടുത്തേക്ക് ഞാന്‍ ചെന്നപ്പോഴേക്കും അവൾ താഴേക്കെടുത്തു ചാടിയിരുന്നു"

ശ്രീനിവാസ് സംസാരം തെല്ലൊന്നു നിർത്തി രഞ്ജിനിയെ നോക്കി. മാറിമറിയുന്ന അയാളുടെ മുഖഭാവങ്ങളിലേക്ക് നിസംഗതയോടെ നോക്കിയിരിക്കുകയായിരുന്ന രഞ്ജിനിയെ അയാള്‍കണ്ടു. ശബ്ദത്തില്‍കൃത്രിമമായ ഘനം വരുത്തി അയാൾ തുടർന്നു.

"എനിക്കിതെങ്ങനെ പറയണം എന്നറിയില്ല. ഞാൻ ഇഷ്ടപെട്ടിരുന്നത് അവളെയായിരുന്നു, നിന്നെ വിവാഹം ചെയ്തതും നീ അവൾ തന്നെ ആണ് എന്ന ധാരണയിൽ ആയിരുന്നു. പക്ഷേ അവൾ  നീയായിരുന്നില്ല. നിന്നെയായിരുന്നില്ല ഞാൻ വിവാഹം കഴിക്കേണ്ടിയിരുന്നത്. "

“ശ്രീനീ.. നിങ്ങള്‍ എന്ത് ഭ്രാന്താണീ പറയുന്നത്.”

പറഞ്ഞത് അവിവേകമായി പോയി. പക്ഷേ ഈ സ്വപ്നത്തില്‍നിന്നും ഇതല്ലാതെ മറ്റെന്താണ് മനസിലാക്കേണ്ടത്. സ്വപ്നങ്ങളുടെ ചുഴിയില്‍ ദിക്കറിയാതെ സംഭ്രമിച്ച മനസുമായി ഇനി എന്ത് എന്ന ആലോചനയിൽ ശ്രീനിവാസ് കണ്ണുകളടച്ചു. ബാൽക്കണിയിലേക്ക് തുറന്നിട്ട വാതിലിലൂടെ ഒരു തണുത്ത കാറ്റ് അയാളുടെ മുഖത്തു തലോടി കടന്നു പോയി. അയാൾ കണ്ണുകൾ തുറന്നു. അടുത്ത് രഞ്ജിനി ഉണ്ടായിരുന്നില്ല. ഭിത്തിയിൽ തൂങ്ങികിടന്നിരുന്ന പെൻഡുലം ക്ലോക്കിൽ നിന്നും ഒരു യന്ത്രപ്പക്ഷി തലനീട്ടിച്ചിലച്ചു. അയാള്‍ നോക്കിയപ്പോഴേക്കും അത് ഉള്ളിലേക്ക് തല വലിച്ചു. വിശ്വാസം വരാതെ അയാള്‍തന്റെ കൈത്തണ്ടയില്‍ കെട്ടിപ്പിടിച്ചു കിടന്നിരുന്ന വാച്ചിലേക്കു നോക്കി. ക്ലോക്കിലെ സൂചികള്‍കള്ളം പറഞ്ഞതല്ല. സമയം ഒൻപതു മണി ആയിട്ടേയുള്ളു. അപ്പോളിതു സ്വപ്നമായിരുന്നു. സ്വപ്നതിനുള്ളിലെ മറ്റൊരു സ്വപ്നം. ഈയിടെയായി സ്വപ്‌നങ്ങള്‍ പിന്നെയും ശല്യം ചെയ്തു തുടങ്ങിയിരിക്കുന്നു. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.

"നീ കുളി കഴിഞ്ഞില്ലേ..?"

"ഞാൻ ഇപ്പൊ കയറിയതല്ലേ ഉള്ളൂ ശ്രീനീ"

മനസ്സ് ആകെ അസ്വസ്ഥമായത് പോലെ. ശ്രീനിവാസ് ബാൽക്കണിയിലെ തണുപ്പിലേക്ക് നടന്നു. തൂക്കിയിട്ടിരിക്കുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ മഞ്ഞ് ഒരു പട്ടു തിരശീലപോലെ തിളങ്ങി.

"ശ്രീനി എന്തോ കാര്യമായി ആലോചിക്കുകയാണെന്ന് തോന്നുന്നല്ലോ.." രഞ്ജിനി ശ്രീനിവാസിനടുത്തേക്ക് വന്നു.

"ആഹാ കുളി കഴിഞ്ഞു വന്നോ."

"അത് കൊള്ളാം.. കുളിക്കാൻ കയറിയപ്പോഴേക്കും വിളി തുടങ്ങിയില്ലേ.."മുടിയിൽ ചുറ്റിയിരുന്ന ടവൽ അല്പം കൂടി മുറുക്കി കെട്ടുന്നതിനിടയിൽ രഞ്ജിനി പറഞ്ഞു.
അയാൾ അവളുടെ കഴുത്തിലേക്ക് നോക്കി. അവളുടെ എല്ലാ അഴകും ഒരു ബിന്ദുവില്‍ ആവാഹിച്ചത് പോലെ അവിടെ ഒരു കറുത്ത മറുക് അയാള്‍കണ്ടു. ഈറൻ മുടിക്കെട്ടിൽ നിന്നും ഊർന്നിറങ്ങിയ ഒരു ജലകണം അതിൽ നിന്നു തിളങ്ങി. ശ്രീനിവാസ് ആ മറുകിൽ ചുംബിച്ചു. രാത്രി നടക്കാനിറങ്ങിയ കോടമഞ്ഞ് അവരെ പൊതിഞ്ഞു. കാഴ്ചകൾ മറഞ്ഞു.


 ✍അര്‍വിന്‍

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ആശുപത്രി കുറിപ്പുകള്‍


ജനിച്ചതിനു ശേഷം ആദ്യമായി അസുഖം വന്ന് ആശുപത്രിയില്‍ കിടക്കുന്നത് ഈ ഇടക്കാണ്. അതൊരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. രോഗത്തിന്‍റെതായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകള്‍ ആ പത്തു ദിവസങ്ങള്‍ എനിക്കു നല്‍കി. രണ്ടാം നിലയിലെ കുഞ്ഞു മുറിയിലും മുറിയിലെ ജാലകത്തിലൂടെ പുറത്തും ഞാന്‍ കണ്ടതും കേട്ടതും തികച്ചും വ്യത്യസ്തമായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ മക്കളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന ചേച്ചി, പീടിയാട്രിക്ക് ഡ്യൂട്ടി ആയിരുന്നിട്ടും എപ്പോഴും മുറിയില്‍ കയറിവന്നു കലപില കൂട്ടുന്ന നഴ്സിംഗ് കുട്ടികള്‍,, ഇടക്കിടെ അപ്രത്യക്ഷനാകുകയും, പ്ലാവിന്‍റെ ചുവട്ടിലോ രോഗികളെ കൊണ്ടുപോകാന്‍ വരുന്ന ഓട്ടോയിലോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന റൂംനമ്പര്‍ മൂന്നിലെ കുട്ടി, വയ്യെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓടി വന്ന സിസ്റ്റ്ര്‍ .ഇയാളൊരു പേടിത്തൊണ്ടന്‍ ആണല്ലോടോ എന്ന് പറഞ്ഞു കളിയാക്കിയ ഡോക്ടര്‍.  പോസ്റ്റ്‌ മോര്‍ട്ടം ഡ്യൂട്ടിക്കായി ഇടക്കിടെ അടുത്തുള്ള മോര്‍ച്ചറിയിലേക്ക് പോകുന്ന പോലീസുകാര്‍. പുതിയ കെട്ടിടം നിര്‍മിക്കുന്നിടത്ത് മറച്ചു കെട്ടിയ പച്ച ഷീറ്റുകള്‍ക്കിടയിലൂടെ ഇടക്കിടെ പുറത്തേക്കു നീണ്ടു വരുന്ന നായക്കുട്ടിത്തലകള്‍. പ്ലാവിന്‍റെ കൊമ്പില്‍ അവയെ നോക്കി ഇരിക്കുകയും തരം കിട്ടിയാല്‍ കൊത്തി ഓടിക്കുകയും ചെയ്യുന്ന അനേകം കാക്കകള്‍. ഏറെ ഉണ്ടായിരുന്നു കഴ്ചകളും അനുഭവങ്ങളും. വിരസമായ നിമിഷങ്ങളില്‍ ആ കാഴ്ചകളില്‍ ചിലതൊക്കെ ചെറിയ കുറിപ്പുകള്‍ ആക്കി എഴുതിയതാണ് താഴെ

15 ഫെബ്രുവരി 
പ്രണയ ദിനം കഴിഞ്ഞ കാര്യം അച്ഛൻ വീട്ടിൽ നിന്ന് കൊണ്ടുവന്ന മനോരമ എടുത്ത് ഡേറ്റ് നോക്കിയപ്പോഴാണ് അറിയുന്നത്. അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ടെന്ത്. കുളക്കോഴിക്കെന്ത് വിഷും ചൻഗ്രാന്തീം. എന്നാലും മിനിഞ്ഞാന്ന് കുട്ടികളുടെ പുതിയ വാർഡിന്റെ മുകളിൽ രണ്ടു കാക്ക ഇരുന്ന് ഉമ്മ വച്ചു കളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ്. പിന്നെ തലേ രാത്രി പനിച്ചു വിറച്ചു കിടന്നതിന്റെ ക്ഷീണത്തിൽ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അല്ലെങ്കിലും ആരോഗ്യത്തോടെ പുറത്തിറങ്ങി നടക്കുന്നവർക്കല്ലേ പ്രണയവും വിരഹവും ഒക്കെ ചിന്തിക്കാൻ നേരം. സിറിഞ്ചിൽ മരുന്നും നിറച്ചോണ്ടു സിസ്റ്റർ വരുന്നത് നോക്കിയിരിക്കുമ്പോ വേറെ ഒന്നും ചിന്തിക്കാൻ തോന്നില്ല. 


അല്ലെങ്കിൽ തന്നെ നല്ല രസമുള്ള കാഴ്ചകൾക്കിടയിൽ എന്ത് ചിന്തിക്കാൻ. ഇവിടെ നിന്ന് നോക്കിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ളോക് എന്ന് എഴുതിയ കെട്ടിടം മാത്രമേ കാണാൻ കഴിയൂ. ഇടക്ക് അമ്മൂമ്മമാർ(കൂനുള്ള വടി കുത്തിയ അമ്മൂമ്മ അല്ലാട്ടോ) മക്കൾക്ക് കുഞ്ഞുവാവ ഉണ്ടായത് കൊണ്ട് മാത്രം അമ്മൂമ്മ ആയ ചിലർ കുഞ്ഞിനെ വെയില്‍ കൊള്ളിക്കാൻ എടുത്തുകൊണ്ടു നടക്കുന്നു. വാവയുടെ മുഖം ഇവിടെ ഇരുന്നാൽ കാണില്ല. എങ്കിലും കാണുമ്പോൾ സന്തോഷം ഉള്ള കാഴ്ചയാണ്. ഒരിക്കൽ ഒരു വാവയുടെ മുഖം കണ്ടു. ആ വാർഡിൽ നിന്ന് ഞാൻ കിടക്കുന്ന കെട്ടിടത്തിലേക്ക് അവർ ഷിഫ്റ്റ് ചെയ്തു വന്നപ്പോൾ , ജനാലയിൽ ഇരുന്നു താഴേക്ക് നോക്കി നല്ല തുടുത്ത മുഖം ഉള്ള വാവയെ ഞാൻ കണ്ടു. ആ വാവ അണോ എന്നറിയില്ല രാത്രിയില്‍ കരഞ്ഞു ബഹളം വെക്കുന്നത് എന്റെ റൂമിൽ ഇരുന്നാൽ കേൾക്കാം.

ഞാൻ ഒരു വാവയായിരുന്നപ്പോൾ കരഞ്ഞു ബഹളം വച്ചത് ഇപ്പോൾ കിടക്കുന്ന ബില്ഡിങ്ങിന്റെ സൈഡിൽ ഒരു ഓടിട്ട മുറിയിൽ ആയിരുന്നു. അത് പൊളിച്ചു കളഞ്ഞിട്ട് അവിടെ പുതിയ നാല് നില കെട്ടിടം പണിതുകൊണ്ടിരിക്കുകയാണ്.
ഭായിമാർ ആണ് പണിക്കാർ. എന്റെ റൂമിന്റെ കക്കൂസിൽ ഇരുന്നാൽ അവർ സംസാരിക്കുന്നത് കേൾക്കാം. ഇടക്ക് താഴെ റോഡിൽ ഇരുമ്പ് കമ്പി ചുമന്നുകൊണ്ട് പോകുന്നതും കാണാം. ഒരു പാട്ടുകാരൻ ഭായി ഉണ്ട്. ഞാൻ ബാത്‌റൂമിൽ പോകുമ്പോഴൊക്കെ മൂപ്പരുടെ പാട്ട് താഴെ നിന്ന് കേൾക്കാം. ഹിന്ദി ആണെങ്കിലും നല്ല ഈണത്തിലും താളത്തിലും ആണ് പാട്ട്. അവർ ഇവിടെ തന്നെ ആണോ കിടപ്പ് എന്നറിയില്ല. ആണെങ്കിൽ എങ്ങനെ കിടക്കുന്നോ! ഭയങ്കര കൊതുകാണു സന്ധ്യ കഴിഞ്ഞാൽ.

ജനൽ അടച്ചേക്കാം..

കൊതുകടി കൊണ്ടിട്ടുള്ള പണികിട്ടാൻ വയ്യ. ഇന്ന് തന്നെ നഴ്സിംഗ് സ്റ്റുഡന്റസ് എന്നെ കുത്ത് കൊള്ളിച്ചേനേ. എന്റെ അനിയനേക്കൾ ചെറിയ കുട്ടികള്‍ ആണ്. ഇടക്കിടക്ക് വരും temperature നോക്കാൻ. സത്യം പറഞ്ഞാൽ ഉച്ചക്ക് പനി ഉണ്ടായിരുന്നു. കുത്തു കൊള്ളാന്‍ വയ്യാത്തത് കൊണ്ട്(പേടി ആയിട്ടല്ല) ഡോക്ടര്‍ തന്ന പനിഗുളിക കഴിച്ച് ആ ചൂടത്തും ഞാന്‍ പുതപ്പിനടിയില്‍ കയറി.

അപ്പോഴാണ്‌ കുട്ടിമാലാഖമാര്‍ രണ്ടുപേര്‍ തെർമോമീറ്ററുമായി കയറി വന്നത്. തെര്‍മോമീറ്റര്‍ എന്‍റെ കക്ഷത്തില്‍ പ്രതിഷ്ടിച്ച് വാച്ചില്‍ നോക്കി നിന്നു. തെര്‍മോമീറ്ററിലെ റീഡിംഗ് കണ്ട് അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കെയോ കുശു കുശു എന്ന് പറഞ്ഞു, എന്നിട്ട് നേരെ താഴെ നഴ്സസ് റൂമില്‍ പോയി സിസ്റ്ററെ വിളിച്ചുകൊണ്ട് വന്നു. ഒരു മുട്ടക്കാട്ടൻ സിറിഞ്ചിൽ മരുന്നുമായി അവര്‍ എന്‍റെ മുന്നിലെത്തി. ദൈവാധീനം കൊണ്ട് പനി വിട്ടു തുടങ്ങിയിയിരുന്നു. ഏതായാലും കുത്തു കൊള്ളാതെ രക്ഷപെട്ടു. എന്തായാലും നാളെയും വരുമല്ലോ, ചേട്ടാ പ്രഷർ..ചേട്ടാ പനി എന്നും പറഞ്ഞുകൊണ്ട്. കാണിച്ചു കൊടുക്കുന്നുണ്ട് ഞാന്‍.

സമയം ആറേ മുക്കാൽ ആയി. വീട്ടിൽ ആണെങ്കിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയം.
ഒന്ന് കിടക്കട്ടെ..നല്ല ക്ഷീണം.

16 ഫെബ്രുവരി 
ഞാൻ ഇന്നലെ പറഞ്ഞ വാവ ആണെന്ന് തോന്നുന്നു രാത്രി നിർത്താതെ കരച്ചിൽ ആയിരുന്നു. കേൾക്കുമ്പോൾ സങ്കടം തോന്നും. അവരുടെ ഭാഷ നമുക്ക് അറിയില്ലല്ലോ. രാവിലെ വന്ന ഒരു നഴ്‌സിംഗ് കുട്ടി ആണ് പറഞ്ഞത് ആ വാവക്ക് വയറിനു സുഖം ഇല്ലായിരുന്നു മരുന്ന് കൊടുത്തപ്പോൾ ഇപ്പൊ സുഖായി ഉറങ്ങുകയാണെന്നു.

പുറത്തെ വലിയ ക്യൂ വിന്‍റെ നീളം കുറഞ്ഞു വരുന്നു.
കഞ്ഞി വാങ്ങാൻ ഉള്ള ക്യൂ ആണ്. അമ്മയും അച്ഛനും കൂടി പോയി കഞ്ഞിയും എന്തോ കറിയും കാഞ്ഞിവെള്ളവും വാങ്ങിക്കൊണ്ട് വന്നു. മലങ്കര ക്രിസ്ത്യന്‍ സഭയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗം ആണ്.



ദാ ഒരു ഇത്ത ദൂരെ നിന്ന് ഓടി വരുന്നുണ്ട്. 
കഞ്ഞി തികഞ്ഞു കാണുമോ..
നോക്കാട്ടെ...
മ്മ്..കിട്ടി..


ഇതുപോലെ വൈകുന്നേരങ്ങളില്‍ വാഴക്കുളം ഭാഗത്ത് നിന്നുള്ള ഒരു ആശ്രമത്തില്‍ നിന്ന്‍ ഭക്ഷണം കൊണ്ട് വരുന്നുണ്ട്. ഇവര്‍ മാത്രമല്ല മറ്റു പല സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ഇതേ കാര്യം ചെയ്യുന്നുണ്ട്.

രോഗികൾ മാത്രമല്ല ഇതിന്‍റെ ഗുണഫോക്താക്കള്‍. ആശുപത്രി ജോലിക്കാർ സിസ്റ്റര്‍മാര്‍ സെക്യൂരിറ്റി ഗാർഡുകൾ എല്ലാവരും ഉണ്ട് ക്യൂവിൽ. രാവിലെ കഞ്ഞിയും വൈകിട്ട് ചോറുമായി അവർ വരും. വിശപ്പിനു ജാതിയോ മതമോ ഇല്ല എന്ന് തെളിയിക്കുന്ന കാഴ്ച.

പറയാതെ വയ്യ!
നല്ല സ്വാദുള്ള ഭക്ഷണം ആണ്.

ഇതൊരു സർക്കാർ ആശുപത്രി ആണ്. ഇവിടെ ചികിത്സ തേടിഎത്തുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവർ. ആശുപത്രി ജനറൽ വാർഡിൽ കിടക്കുമ്പോൾ പണച്ചിലവ് ഇല്ല എന്നത് ശരി തന്നെ. പക്ഷേ ഒരു കുടുംബത്തിന്റെ earning hand ആയിരിക്കും ചിലപ്പോൾ രോഗി. ആ അവസ്ഥയിൽ ഈ സൗജന്യ ഭക്ഷണം അവർക്ക് വളരെ വളരെ വളരെ വലിയ ഒരു ആശ്വാസമാണ്. ആ ആശ്വാസം അവർക്ക് നൽകുന്ന ഈ സന്നദ്ധ പ്രവർത്തകർക്ക് നന്മ വരട്ടെ.പുണ്യ പ്രവർത്തി തുടരാൻ ദൈവം താങ്ങായിരിക്കട്ടെ.

17 ഫെബ്രുവരി 
ചിലർ അങ്ങിനെ ആണ്. അവരുടെ ഒന്നോ രണ്ടോ വാക്കുകൾ മതി നമ്മുടെ ആകാംഷകളും , ഭീതിയും , വേദനകളും കഴുകിക്കളയാൻ.

രാത്രി ഓഫീസിൽ നിന്നും കൂട്ടുകാർ കാണാൻ വന്നിരുന്നു. വിരസതയുടെ സമയം തള്ളി നീക്കാൻ രവി മേനോന്റെ അതിശയരാഗം, സത്യൻ അന്തിക്കാടിന്റെ ആത്മാവിന്റെ അടിക്കുറിപ്പുകൾ എന്നീ രണ്ടു പുസ്തകങ്ങൾ കൊണ്ടു വന്നിരുന്നു. അജീഷേട്ടന്റെ ശേഖരത്തിൽ നിന്നാണ്. എങ്കിലും എല്ലാവരും ചുറ്റും വന്നു നിന്നപ്പോൾ ഞാൻ ഒരു വലിയ രോഗി ആണെന്നൊരു തോന്നൽ നിഴലിച്ചു. പുതിയ വീര്യം കൂടിയ മരുന്നിന്റെ ആലസ്യത്തിലും അവരുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ വാ തോരാതെ സംസാരിക്കുകയായിരുന്നു. അധികം താമസിയാതെ തന്നെ ഈ മുറിയിലെ ഏകാന്തതയിലേക്ക് എന്നെ എടുത്തെറിഞ്ഞ ശേഷം നന്മകൾ നേർന്ന് അവർ പോയി.
ക്ഷീണം അസഹനീയം ആയിരുന്നു. തല ഉയർത്താൻ പോലും വയ്യാത്ത തളർച്ച. മരുന്നുകൾ പ്രവൃത്തി തുടങ്ങി എന്നതിന്റെ അടയാളം. മനോധൈര്യത്തിന്റെ കുറവോ ഏകാന്തതയുടെ ഭയമോ എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.

മരുന്നിന്റെ തളർച്ച കൂടി ആയതോടെ ആകെ ഭീതിതമായി മനസ്സ് മടുത്തിരുന്നു.
അപ്പോഴാണ് അവർ കയ്യിൽ മരുന്ന് ട്രേ യുമായി വന്നത്. എന്ത് പറ്റി അർവിൻ എന്ന ചോദ്യവുമായി തുടങ്ങിയ അവർ ഇൻജക്ഷൻ എടുത്ത ശേഷവും കൂടുതൽ നേരം എന്റെ അടുത്ത് ഇരുന്ന് സംസാരിക്കുകയും ആത്മവിശ്വാസം തരികയും ചെയ്തു. മുറിയിലെ അരണ്ട cfl മാറ്റി വെളിച്ചമുള്ള ഒന്നിടാൻ house keepingനോട് പറയാൻ അവർ പറഞ്ഞു. ക്ഷീണം മാറാൻ NaClDextrose സൊലൂഷൻ ട്രിപ്പ് ആയി ഇട്ടിട്ട് അവർ പോയി.ഇവർ തന്നെ ആയിരുന്നു അതിനു മുൻപുള്ള ദിവസം ഡോക്‌ടറെ ഓർമിപ്പിച്ചു ചില ടെസ്റ്റുകൾ നടത്താൻ മുൻകൈ എടുത്തത്.

അവർ പോയ ശേഷം അച്ഛനും അനിയനും ഭക്ഷണം കൊണ്ടു വന്നു (ഇന്നലെ മറ്റൊരു ആശ്രമത്തിൽ നിന്നാണ് വൈകിട്ട് കൊണ്ടു വന്നത്. പതിവില്ലാത്ത തിരക്ക് മൂലം ഭക്ഷണം നേരത്തേ തീർന്നു പോയത് കൊണ്ട് ഞങ്ങൾക്ക് കിട്ടിയില്ലായിരുന്നു). അത് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നെങ്കിലും അകാരണമായ ഒരു ഭയം എന്നെ മൂടി നിന്നു. എന്റെ മായക്കത്തിനിടയിൽ എന്റെ പരിഭ്രമം കണ്ട് അമ്മ അവരെ വീണ്ടും വിളിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിടത്ത് നിന്ന് അവർ വന്നു. bp നോക്കി ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു വീണ്ടും എന്നോട് ഒരുപാട് സംസാരിച്ചു. ന്യൂമോണിയ അത്ര വലിയ അസുഖം ഒന്നും അല്ലെന്നും അവരുടെ പിതാവിന്റെ രോഗ കാലവും ഒക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു. പ്രസന്നമായ മുഖവുമായി അവർ ഇന്ന് രാവിലെ വീണ്ടും വന്ന്‌ മരുന്ന് ഇന്ജെക്റ് ചെയ്തു. നെറ്റിയിൽ തൊട്ടു നോക്കി. സംസാരിച്ചു. അവരുടെ വാക്കുകൾ എനിക്ക് ഊർജദായകമായിരുന്നു. അതിൽ എന്റെ സകല പിരിമുറുക്കവും അഴഞ്ഞു.

അവരായിരുന്നു ഇന്നലത്തെ ഡ്യൂട്ടി നഴ്സ്.

അവരുടെ പേര് ഞാൻ തിരക്കിയില്ല. അല്ലെങ്കിൽ തന്നെ പേരിൽ എന്തിരിക്കുന്നു, പ്രവൃത്തിയിലല്ലേ കാര്യം. പ്രൊഫഷണലിസം എത്തിക്സ് എന്നീ വാക്കുകൾക്ക് വലിയ വില ഇല്ലാത്ത ഇന്നത്തെ മലയാളി പൊതു സമൂഹത്തിൽ. ഇവരെ പോലുള്ളവർ ഒരാശ്വാസം ആണ്. പ്രത്യേകിച്ച് ആതുര സേവന രാംഗത്ത് എത്തിക്സ് പ്രൊഫഷണലിസം എന്നിവ മുറുകെ പിടിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ കരങ്ങളിൽ ആണ് ഞാൻ ഉള്ളത് എന്ന ചിന്ത ഒരു സുരക്ഷിതത്വ ബോധത്തിന്റെ കവചം എനിക്ക് ചുറ്റും, എനിക്ക് ചുറ്റും മാത്രമല്ല മറ്റുള്ളവർക്ക് ചുറ്റിലും തീർക്കുന്നു.

20 ഫെബ്രുവരി 

പിറന്നാൾ ചന്തികൾ

അതെ ഞാൻ അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചത്. ആരും മോശം വിചാരിക്കേണ്ട ഇത് എന്റെ ചന്തികളെക്കുറിച്ചാണ്.
ഒരു കാലത്ത് ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്ന ദിവസങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പ്രയോഗത്തിന്റെ തർജമ ആണ് ഈ പിറന്നാൾ ചന്തികൾ. ആ വാക്കാണ് 'birthday bumps'

ക്രിസ്ത്വബ്ദം 2008 ൽ അടൂർ എൻജിനീയറിങ് കോളേജിൽ BTech ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എന്ജിനീയറിങ്ങിന് ചേർന്നത് മുതൽ കേൾക്കുന്ന ഭീകരമായ രണ്ടു വാക്കുകൾ. രാത്രി പന്ത്രണ്ട് എന്നൊരു സമയം ഉണ്ടെങ്കിൽ, ബർത്ത്ടേ ബോയിയെ കൊല്ലാൻ കൊണ്ടു പോകുന്ന ഒരു പാവം പന്നിയുടെ കണക്ക് കയ്യിലും കാലിലും കൂടി പിടിച്ചു തുക്കി എടുത്ത് മൂന്ന് നാലെണ്ണങ്ങൾ നിൽക്കും. പിന്നെ വളരെ ശാന്തമായി കിന്റർഗാർട്ടൻ ക്ലാസുകൾ മുതൽ കേട്ടു തഴമ്പിച്ച ആ ഗാനം പാടുകയായി. വളരെ സന്തോഷം തരുന്ന ആ ഗാനം മരണവിധി കേൾക്കുന്ന ഒരു നിരപരാധിയെ പോലെ കേട്ട് നിൽക്കേണ്ടി വരും.

happy birthday to you
happy birthday to you
.....
may the good God bless you
and keep you
happy birthday to you..


ഇത് കഴിയുമ്പോൾ നാല് വശത്തു നിന്നും എണ്ണമറ്റ കാലുകൾ സമൃദ്ധമായ ചന്തികളെ ഭേദ്യം ചെയ്യുകയായി. ഇതിനിടയിൽ ചില വിദ്വാന്മാർ മുറി തൂക്കാൻ വാങ്ങി വെച്ചിരിക്കുന്ന ചൂല് , തറ തുടക്കുന്ന mop ന്റെ കോല് ഇതുകൊണ്ട് ചില പ്രയോഗങ്ങൾ കൂടി നടത്തും. സാധാരണ ഒരു മുണ്ട് മാത്രമാണ് രാത്രികാല വേഷം. ആ രാത്രിയിൽ ജീൻസും അതിനുള്ളിൽ ജെട്ടിയും(പിറന്നാൾ ദിനത്തിൽ മാത്രം രണ്ടെണ്ണം) ഉണ്ടെങ്കിൽ കൂടി വരാനുള്ളത് വഴിയിൽ തങ്ങാറില്ല. അങ്ങിനെ ഉള്ള മൂന്ന് ജന്മദിനങ്ങൾ കഴിഞ്ഞു പോയി. നാലാമത്തെ ജന്മദിനത്തിന് പനി ആയത് കൊണ്ട് ഉറക്കത്തിൽ നിന്ന് ശബ്ദമുണ്ടാക്കി പേടിപ്പിച്ചു ഉണർത്തിക്കൊണ്ട് മറ്റു കലാപരിപാടികളിൽ നിന്നും മുക്തനാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും അതിനു ശേഷമുള്ള കേക്ക് മുറിക്കൽ ചടങ്ങും സർപ്രൈസ് ഗിഫ്റ്റുകളും ഒക്കെ വലിയ സന്തോഷം തന്നെ ആയിരുന്നു.
മറ്റൊരിക്കൽ 'പിറന്നാൾ ചന്തികൾ' ഭയന്ന് orkutഇൽ ബർത്ത്ടേ മാറ്റിയിട്ട ഒരു സംഭവം ഉണ്ട്. അന്നാണ് എനിക്ക് എന്റെ കൂട്ടുകാരുടെ സ്നേഹം മനസിലായത്. എന്റെ ജന്മദിനവും(ഫെബ് 18) പിറന്നാളും(കുംഭം തൃക്കേട്ട) ഓർത്തിരുന്ന മഹാന്മാർ ഈ രണ്ടു സുദിനങ്ങളിലും എന്റെ ചന്തികൾ ചെണ്ടപ്പുറമാക്കി. ആദ്യത്തെ മൂന്നു കൊല്ലം ഞാൻ ക്രിസ്തുവിനെ മാതൃക ആക്കിയെങ്കിലും നാലാം വർഷം പഴയ വേദനയുടെ ഓർമ്മകൾ എന്നെ ദുർവാസാവാക്കി. ഞാനും കൊടുത്തു എല്ലാത്തിനും നല്ല ഒന്നാന്തരം പിറന്നാൾ ചന്തികൾ.

അതൊക്കെ ഒരു കാലം. ഓർമകളിൽ മാത്രം പൂവിടുന്ന തിരികെ കിട്ടാത്ത കാലം. ഇത്തവണത്തെ എന്റെ ജന്മദിനവും പിറന്നാളും ആശുപത്രിക്കിടക്കയിൽ ആയിരുന്നു. കാനുലയിലൂടെ കയറ്റുന്ന ഇൻജക്ഷൻ കൂടാതെ എളിയിൽ എടുക്കുന്ന ഒരു ഇൻജക്ഷൻ കൂടി തുടങ്ങിയിട്ടുണ്ട്. വേദന ഉള്ള കുത്തിവയ്പ് ഒന്നും അല്ലെങ്കിലും സൂചിയും സിറിഞ്ചും കാണുമ്പോഴേ എന്റെ കയ്യും കാലും വിറച്ചു തുടങ്ങും. മിനിഞ്ഞാന്ന് എന്റെ ജന്മദിനം ആയിരുന്നു. ഇന്ന് എന്റെ നാള് വെച്ചുള്ള ഹിന്ദു ആചാര പ്രകാരം ഉള്ള പിറന്നാളും. ഈ രണ്ടു ദിവസവും ചന്തിയിൽ കുത്തു കൊണ്ടു. പിറന്നാൾ ദിവസം സിറിഞ്ചുമായി സിസ്റ്റർ മുറിയിൽ കയറി വന്നപ്പോൾ 2008 മുതലുള്ള മൂന്ന് പിറന്നാൾ രാത്രികൾ ഒരു മാത്ര കൊണ്ട് മനസിലൂടെ കടന്നു പോയി.

21 ഫെബ്രുവരി 
ചോര എടുത്ത് ക്ഷീണിച്ച ലാബ് ടെക്നിഷ്യന്മാരെ പോലെ കൊതുകുകൾ ഓരോന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ജനൽ വഴി പുറത്തേക്ക് പോകുന്നുണ്ട്.

22 ഫെബ്രുവരി 
ആശുപത്രിയിലെ തുറന്ന ജയിലിൽ നിന്നും ബെഡ്റൂമിലെ ഏകാന്ത തടവിലേക്ക്. കുറച്ചു നാൾ റസ്റ്റ് എടുക്കേണ്ടി വരും. വരാൻ പോകുന്ന ആ ദിവസങ്ങൾ ആണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്.

കഴിഞ്ഞു പോയ ഓരോ ദിവസവും സൗഖ്യത്തിലേക്കുള്ള നടപ്പാത ആയിരുന്നു. ഹോസ്പിറ്റൽ മുറിയുടെ ജനാലക്കരികിൽ പകൽ ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഞാൻ കണ്ട കാഴ്ചകൾ മറക്കാനാകാത്തതായിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നു തളർന്ന വൃദ്ധജന്മങ്ങൾ വരെ, പ്രാവും കാക്കയും മുതൽ നയ്ക്കുട്ടിയും തള്ളയും വരെ. ഓരോന്നിനും ഓരോ കഥകൾ പറയാനുണ്ടാകും. സന്തോഷത്തിന്റെ പൂത്തിരി ചിതറിയ പിഞ്ചു കരച്ചിലുകൾ കേട്ട അടുത്ത മുറിയിൽ മറ്റൊരു കുരുന്നിനു രക്തത്തിനു വേണ്ടി അലയുന്ന മാതാപിതാക്കൾ. ഇതിനിടയിൽ മാർക്കിനും തൊഴിൽപരിചയത്തിനും വേണ്ടി നെട്ടോട്ടമൊടുന്ന കുട്ടി നേഴ്‌സുമാർ. ആരുമല്ലെങ്കിലും എന്റെ ഏകാന്തതയിൽ ഇത്തിരി കളി തമാശകളുമായി അവരുമുണ്ടായിരുന്നു. ഇന്ന് ഡിസ്ചാർജ് ചെയ്യും എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കാം ചേട്ടാ എന്ന ആ ഒരു വാക്ക്. 

മുറി വൃത്തിയാക്കാൻ വരുന്ന ചേച്ചിമാർ മുതൽ രാവും പകലും വരുന്ന സിസ്റ്റർമാർ. പിന്നെ ഡോക്ടർമാർ. അതിൽ ഒരു സിസ്റ്ററെക്കുറിച്ചു ഞാൻ നേരത്തേ എഴുതിയിരുന്നു. അവരുടെ പേര് അസ്മ എന്നാണ്. ഇന്ന് പോരാൻ നേരം അവരോടു മനം നിറഞ്ഞു നന്ദി പറഞ്ഞു. എന്റെ നന്ദി പറച്ചിലിനു മറുപടിയായി അവർ പറഞ്ഞത് ഇത്രയും മാത്രം.

"നമ്മൾ മനുഷ്യർക്ക് പരസ്പരം കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം നല്ല വാക്കുകൾ ആണ്. പിന്നെ നിങ്ങളുടെ ഒക്കെ മുഖത്ത് വിരിയുന്ന പുഞ്ചിരി ആണ് ഞങ്ങളെ പോലുള്ളവരുടെ സന്തോഷം". 
ഈ ദിവസങ്ങളിൽ കാണാൻ വന്ന സുഹൃത്തുക്കൾ ബന്ധുക്കൾ. എത്രയോ മുഖങ്ങൾ ഓരോ മുഖങ്ങളിലും തെളിയുന്നത് വിവിധ ഭാവങ്ങൾ. എങ്കിലും കണ്ടതെല്ലാം നന്മയുള്ള കാഴ്ചകൾ. വിരസത ഞാൻ അറിഞ്ഞതേ ഇല്ല. എല്ലാവരോടും നന്ദി മാത്രം.
അജീഷേട്ടന്റെ പുസ്തകങ്ങൾക്ക് ഇനി ആണ് ഞാൻ ഒരു ശല്യമാകാൻ പോകുന്നത്. ഇനി ഉള്ള വളരെ കുറച്ചു നാളത്തെ വിശ്രമകാലം. ആശുപത്രിയിലെ കാഴ്ചകളിൽ നിന്നും വിരസമായി നിത്യവും കാണുന്ന മാവും പുളിയും കപ്പളവും പവിഴമല്ലിയും പിന്നെ പാർക്ക് ചെയ്തിരിക്കുന്ന ഒന്നു രണ്ടു വണ്ടികളും.

മനുഷ്യർ അങ്ങിനെ ആണ്. കുറച്ചു നാൾ ഒരു സാഹചര്യത്തിൽ കഴിഞ്ഞാൽ അതിൽ നിന്നും മാറാൻ വിമുഖത കാട്ടുന്നവർ. സാരമില്ല രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ഈ ഏകാന്തതയെ ഞാൻ പ്രണയിച്ചു തുടങ്ങും. പകൽ എനിക്ക് കൂട്ടായി എന്റെ അമ്മയുണ്ടാകും. രാത്രിയിൽ ആ കൂട്ടിലേക്ക് അച്ഛനും അനുജനും കൂടി ചേരും. പിന്നെ എപ്പോഴും ഈശ്വരനും.

2017, മാർച്ച് 29, ബുധനാഴ്‌ച

കോട്ടയം 17 : ഒരു വായനാനുഭവം


മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ എഴുത്തുകാരൻ എന്ന നിലക്കാണ് ഉണ്ണി ആർ എന്ന കഥാകൃത്തിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം മാറ്റി നിർത്തിയാൽ അതിന്റെ കഥ തന്നെ ആയിരുന്നു ചിത്രത്തിലെ യഥാർത്ഥ നായകൻ. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ലീല ചാർളി എന്നീ സിനിമകൾ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചും കൂടുതൽ അന്വേഷിക്കുന്നതും കഥകൾ വായിക്കുന്നതും. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചന ആയി പലരും കരുതിയിരുന്നത് ലീല എന്ന കഥ ആണ്. ഒരു ഏഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മാസ്റ്റർ പീസ് എന്നൊന്നുണ്ടോ എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലീലയേക്കാളും മികച്ച ഒരുപാട് കഥകൾ എഴുത്തുകാരന്റേതായി ഉണ്ട്. അതിൽ ഒടുവിലായി വായിച്ചത് കോട്ടയം 17 എന്ന ഹൃദയഹാരി ആയ കഥ ആണ്. പ്രസാധകരുടെ രേഖകൾ പ്രകാരം കോട്ടയം 17ന് അബുദാബി ശക്തി അവാർഡും അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരവും ലഭിച്ചിട്ടുള്ള ഈ കഥ ഒരു മികച്ച വായനാനുഭവം തന്നെ പകർന്നു തന്നു.

മനുഷ്യനും മനുഷ്യത്വവും ദൈവവും വിശ്വാസവും വിശ്വാസികളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ തുറന്നെഴുത്ത് ആണ് കോട്ടയം 17. തനി കോട്ടയം വാമൊഴിയിലുള്ള സംഭാഷണങ്ങളുമായി മുന്നോട്ടു പോകുന്ന കഥയിൽ മനുഷ്യരെക്കൂടാതെ ചെടികളും മരങ്ങളും ഓന്തും അണ്ണാനും തവളയും എന്തിന് ആരുടെയോ ഒച്ച വരെ കഥാപാത്രങ്ങൾ ആയി കടന്നു വരുന്നുണ്ട്. തന്റെ കഥകളിൽ കോട്ടയത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതിന്റെ വിശദീകരണം കഥാകാരൻ ആമുഖത്തിൽ കുറിച്ചിട്ടിരിക്കുന്നത് ഇങ്ങനെ ആണ്.
"...ഈ കഥകൾ എഴുതിത്തുടങ്ങിയപ്പോൾ അവിടുത്തെ തൊണ്ടുകളും വീടുകളും മരങ്ങളും കെട്ടിപ്പെറുക്കി കുടമാളൂരു നിന്നും തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് വന്നു എന്നും പറയാം. ഒരുപക്ഷേ, നാളെ, ഏതൊരു പരിഷ്കൃത നാടും പോലെ ഒരു മുഖഛായയിൽ, ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കും. അതിനു മുൻപ് എന്നെ നീയൊന്ന് പകർത്തി വയ്ക്ക് കൊച്ചേ എന്ന് എന്റെ നാട് പറയുന്നത് പോലെ തോന്നിയിട്ടുണ്ട്..."

നാട്ടിൻപുറത്തുകാരായ കുഞ്ഞും പെണ്ണമ്മയും ക്രിസ്തീയ വിശ്വാസപ്രകാരം സമാധാനത്തോടെ ജീവിച്ചു പോന്നിരുന്നവർ ആയിരുന്നെങ്കിലും കുട്ടികൾ ഇല്ല എന്ന വ്യഥ അവരെ വല്ലാതെ അലട്ടിയിരുന്നു. ആ വിഷമത്തിൽ നിന്നും കുഞ്ഞിന് ആശ്വാസം പകരാൻ തൊടിയിൽ നട്ടു വളർത്തിയിരുന്ന കപ്പച്ചെടികളും പ്ലാവും ചെമ്പരത്തിയും ഒക്കെ ശ്രമിച്ചിരുന്നു. എന്നും കുഞ്ഞിനോട് അവരും കുഞ്ഞ് അവരോടും വർത്തമാനം പറഞ്ഞു. കാപ്പി തണുത്ത് പോകും എന്ന് പറഞ്ഞ് പെണ്ണമ്മ വിളിക്കുന്ന കാര്യം അന്ന് രാവിലെ കുഞ്ഞിനോട് പറഞ്ഞത് ചക്കയുടെ മറവിൽ ഒളിച്ചിരുന്ന ഒരു ഓന്തായിരുന്നു. വൈകുന്നേരങ്ങളിൽ കള്ളു കുടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുഞ്ഞ് കപ്പേളക്ക് മുന്നിൽ നിൽക്കും. പിന്നെ അതിനുള്ളിലെ ഉണ്ണിയേശുവിനോട് വിശേഷം പറയലായി കളികൾ ആയി. കുഞ്ഞുങ്ങൾ ഇല്ലാത്ത കുഞ്ഞിന് കുഞ്ഞേശു തന്റെ കുഞ്ഞായിരുന്നു. അന്നത്തെ ദിവസം കനത്ത മഴ ആയിരുന്നു. കപ്പേളയുടെ മേൽക്കൂരയിലെ ചോർച്ചയിൽ നിന്നും ഉണ്ണിയേശുവിന്റെ തലയിലേക്ക് വെള്ളം വീഴുന്നുണ്ടായിരുന്നു. ആദ്യം കയ്യിലുണ്ടായിരുന്ന തോർത്ത് എടുത്ത് കുഞ്ഞു ശിരസ്സ് തോർത്തിക്കൊടുത്തെങ്കിലും വീണ്ടും നനഞ്ഞുകൊണ്ടിരുന്നു. മഴ നനഞ്ഞു കൊച്ചിനു പനി വരാതെ ഇരിക്കാൻ ഉണ്ണിയേശുവിനെ കുഞ്ഞ് അന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് രാവിലെ പെണ്ണമ്മ സ്വന്തം കുഞ്ഞിനെയെന്ന പോലെ അവനെ ലാളിച്ച ശേഷം ഒരു കുട്ടയിൽ തുണി വിരിച്ച് അതിൽ കിടത്തി ദൈവപുത്രനെ അവന്റെ വീട്ടിൽ കൊണ്ട് പോയി വിടാൻ കുഞ്ഞിനെ യാത്രയാക്കുന്നു. കപ്പേളക്ക് മുന്നിൽ കൂടി നിന്ന ആളുകളിൽ നിന്നും വളരെ ഹീനമായ പെരുമാറ്റമാണ് കുഞ്ഞിന് നേരിട്ടത്. അച്ഛൻ ദേഷ്യത്തിലായിരുന്നെങ്കിലും തിരുവസ്ത്രത്തിന്റെ മാന്യത ഓർത്ത് കുഞ്ഞിനെ ഭേദ്യം ചെയ്യാതെ മുണ്ടിന്റെ കുത്തിനു പിടിച്ചു ശകാരിച്ചു വിട്ടു. അന്ന് കുഞ്ഞിനെ പള്ളിയിൽ നിന്ന് വിലക്കി.

ഉണ്ണി ആറിന്റെ തൂലികയുടെ ചലനത്തിൽ ഈ സംഭവങ്ങൾ ഹൃദയസ്പർശിയായ കഥയായി പിറന്നു. ഓരോ കഥാസന്ദർഭവും നേരിട്ട് കാണുന്ന അനുഭൂതി ആണ് ഓരോ വരികളും വായിക്കുമ്പോൾ ലഭിക്കുന്നത്. മനുഷ്യരായി പിറന്നു വളർന്ന ആർക്കും കുഞ്ഞിനെ മനസിലാക്കാൻ കഴിഞ്ഞില്ല. രെവീശ്വരത്തെ തോട്ടുവക്കിൽ വിഷമിച്ചു കുത്തിയിരുന്ന കുഞ്ഞിനെ സങ്കടത്തോടെ നോക്കിയ നാണിയമ്മയുടെ പശുവുവിനും അവൾക്ക് മുകളിൽ ഇരിക്കുകയായിരുന്ന കാക്കയ്ക്കും കുഞ്ഞിനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു. മനുഷ്യർക്ക് മനുഷ്യരെ മനസിലാക്കാൻ എവിടെ നേരം. കുഞ്ഞിനെ ചീത്ത വിളിക്കുമ്പോഴും പെണ്ണമ്മയെപ്പറ്റി അസഭ്യം പറഞ്ഞപ്പോഴും മാനത്ത് നിന്ന് ഒരശരീരി കേട്ടെങ്കിൽ, അല്ലെങ്കിൽ ഉണ്ണിയേശുവിന്റെ രൂപം എന്തെങ്കിലും പറഞ്ഞെങ്കിൽ എന്ന് ഓരോ വായനക്കാരനും ആഗ്രഹിച്ചു പോകുന്ന തരത്തിൽ ഉള്ള എഴുത്തിൽ കഥാകാരൻ വിശ്വാസികളുടെ വിശ്വാസം എന്ന പൊള്ളത്തരത്തെ തുറന്നു കാണിക്കുന്നത് കഥാപത്രമായ ദേവാസിയുടെ സംഭാഷണത്തിലൂടെ ആണ്. പിന്നേ പ്രതിമക്കല്ലേ പനി വരുന്നത് , പൊലയാടി മോന് ഭ്രാന്താണച്ചോ എന്ന് ദേവസ്സി പറയുമ്പോൾ സ്വന്തം വിശ്വാസത്തെ തന്നെ ആണ് അയാൾ ചോദ്യം ചെയ്യുന്നത്. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ മൊഴി മറന്ന വിശ്വാസികൾ. അല്ലെങ്കിൽ തന്നെ അവിടെ ആര് പാപം ചെയ്തു.

ഉണ്ണി ആറിന്റെ കോട്ടയം 17 ഒരു കണ്ണാടി ആണ്. സമൂഹത്തിന്റെ നേർക്ക് മതങ്ങളുടെ നേർക്ക് വിശ്വാസങ്ങളുടെ നേർക്ക് തുറന്നു പിടിച്ച ഒരു കണ്ണാടി. കുഞ്ഞും പെണ്ണമ്മയും ദേവസ്സിയും വികാരിയച്ഛനും എല്ലാം നമുക്ക് ചുറ്റും ഉണ്ട്, അല്ലെങ്കിൽ അവരെല്ലാം നമ്മൾ തന്നെ ആണ്. ഈ കണ്ണാടിയിൽ നോക്കുമ്പോഴാണ് നമ്മുടെ ഒക്കെ മനസ്സ് എത്ര വിരൂപം ആണ് എന്ന് മനസിലാകുന്നത്. എങ്കിലും ആശക്ക് വകയുണ്ട്. അത്രയും അപമാനം ഏറ്റു വാങ്ങിയിട്ടും "ഓ അവനപ്പോഴത്തെ ദേഷ്യത്തിന് ഏതാണ്ട് പറഞ്ഞു. അത് സാരമില്ല. ദൈവം നമുക്കാ ഭാഗ്യം തന്നില്ല. നീ കരയാതെ കൊറച്ച് കാപ്പി അനത്തിക്കൊണ്ട് വാ" എന്ന് ലാഘവത്തോടെ പറയാൻ മനസുള്ള കുഞ്ഞിനേപ്പോലെ ഉള്ളവരും ഇവിടെ ബാക്കി ഉണ്ട്.

എങ്കിലും ഒരു സംശയം ബാക്കി. 
ഈ കഥക്ക് കോട്ടയം 17 എന്നു പേരിടാന്‍ എന്തായിരിക്കും കാരണം ? 

✍ അര്‍വിന്‍

2017, ജനുവരി 11, ബുധനാഴ്‌ച

കൺട്രയിൽ (Contrail)

വിറകിന്റെ കറ പറ്റി നരച്ചു തുടങ്ങിയ ഇളം നീല ബ്ലൗസിൽ നിന്നും അല്പം മുൻപ് മാത്രം വെട്ടി പരുവപ്പെടുത്തിയ ചക്കയുടെ പശ കിള്ളി പൊളിച്ചെടുത്ത് മുണ്ടിന്റെ തുമ്പും പാവാടയും ചേർത്ത് അരയിൽ കുത്തി അതുവരെ വർത്തമാനത്തിൽ മുഴുകി നിന്ന മേരി ചേച്ചിക്ക് ശിംശിപാ വൃക്ഷ ചുവട്ടിൽ ഇരുന്ന സിദ്ധാർഥ രാജകുമാരന് തോന്നിയത് പോലുള്ള ഒരു ഉൾവിളി ഉണ്ടായി.

"അമ്മിണിച്ചേച്ചീ ഞാനെന്നാ ഈ കാടീം കൊണ്ടങ്ങ് പോകുവാ. അങ്ങേര് നൈറ്റ് കഴിഞ്ഞ് വരാറായി. എന്നെ വീട്ടീ കണ്ടില്ലെങ്കി പിന്നെ അത് മതി"

വെട്ടുകല്ലു കൊണ്ട് കെട്ടിയ നടക്കല്ലിറങ്ങുമ്പോൾ ടെറസിൽ നിന്ന് ഡിഷ് ആന്റിന ശരിയാക്കുന്ന പയ്യനെ നോക്കി മേരിച്ചേച്ചി വിളിച്ചു പറഞ്ഞു: "എടാ കൊച്ചേ ഒന്ന് വേഗം ശരിയാക്കി കൊട് "

"അതവൻ നന്നാക്കിക്കോളും നല്ല കഴിവുള്ള ചെക്കനാ" അമ്മിണിഅമ്മയുടെ മൂത്ത മകൻ ബാബു ഇറങ്ങി വന്നു.

"ഏ.. ബാബു ഇന്ന് പോയില്ലായിരുന്നോ." കാടി നിറച്ച ചളുങ്ങിയ അലൂമിനിയം ബക്കറ്റ് താഴുത്തെ നടക്കല്ലിൽ വെച്ചിട്ട് മേരിച്ചേച്ചി ചോദിച്ചു.

"ഇല്ല ഓട്ടോ പണിക്ക് കേറ്റിയേക്കുവാ. പിന്നെ ചെറിയൊരു മേല് നൊമ്പരം. പണിക്കോളാണെന്ന് തോന്നണു"

"എന്നാടാ ബാബു അത്. അങ്ങോട്ട് നോക്കിക്കേ" താഴെ നിന്ന് കൊണ്ട് അഞ്ച് അടി ഉയരത്തിൽ നിൽക്കുന്ന അഞ്ചര അടി ഉയരമുള്ള ബാബുവിന്റെ തലയ്ക്കു പിന്നിലൂടെ ആകാശത്തു കണ്ട നീളമുള്ള വെളുത്ത രണ്ടു സമാന്തര രേഖകൾ കണ്ട് മേരിച്ചേച്ചി അദ്‌ഭുതം കൂറി.

താഴെ നിന്ന് മേരിച്ചേച്ചിയും മുറ്റത്തു നിന്ന് ബാബുവും ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കനും നേർ രേഖയിൽ ആകാശത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ഉമ്മറത്തെ ഇളംതിണ്ണയിൽ ഇരുന്ന അമ്മിണിയമ്മയും മേലേക്ക് നോക്കി.

"അത് വിമാനത്തിന്റെ പൊകയാണ് " മേലോട്ട് തിരിച്ച കഴുത്ത് നൂറ്റി എൺപത് ഡിഗ്രി എതിർ ദിശയിൽ തിരിച്ച് മേരിച്ചേച്ചിയെ നോക്കി ബാബു പറഞ്ഞു.

"വിമാനത്തിന് പൊകയോ..!"സംശയ നിവൃത്തിക്കായി മേരിച്ചേച്ചി വീണ്ടും ചോദിച്ചു 

"അതിന് ഇതിന് മുൻപ് വിമാനത്തീന്ന് പൊക പോണത് ഞാങ്കണ്ടിട്ടില്ലല്ലോ"

"അതിപ്പോ ഞാൻ എന്താ പറയുക, ആ ഈ പെട്രോൾ ലാഭിക്കാൻ ആയിട്ട് നമ്മൾ ഇച്ചിരി മണ്ണെണ്ണ മിക്സ് ചെയ്ത് ഇടക്ക് ഓട്ടോ ഓടിക്കാറുണ്ട്. അപ്പൊ അത് വരെ ഇല്ലാത്ത രീതിയിൽ പുക വരും. ഒരു തവണ പോലീസ് പിടിച്ചപ്പോ ഞാൻ ആ പണി നിർത്തി. അങ്ങനെ പെട്രോളിന്റെ കൂടെ മണ്ണെണ്ണ ചേർത്ത് പറത്തുന്ന വിമാനത്തിലാണ് ഈ പൊക കാണണത്"

"അത് അതൊന്നുമല്ല കൺട്രയിലാ" കേട്ട് പരിചയം ഇല്ലാത്ത ഒരു ശബ്ദം കേട്ട് ഞെട്ടിയ മൂവരും മുകളിലേക്ക് നോക്കി. ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കൻ ഒന്നൂടെ ഉറപ്പിച്ചു പറഞ്ഞു "ജെറ്റ് ട്രയിൽ എന്നും പറയും"

"അപ്പൊ അത് പൊകയല്ലേ"

"അല്ലന്നേ.. ഈ ജെറ്റ് എഞ്ചിൻ ഉള്ള വിമാനങ്ങൾ ഒക്കെ ഒരുപാട് ഉയരത്തിൽ പറക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംഭവം ആണ് ആ കാണുന്നത്."

"ജെറ്റ് എഞ്ചിനോ ? അതെന്താ?" ബാബുവിനായിരുന്നു സംശയം

"അത് ജെറ്റ് ഫ്യുവൽ എന്ന ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എഞ്ചിൻ ആണ്, പെട്രോൾ അല്ല അതിൽ ഒഴിക്കുന്നത്. ഈ വെള്ളം കുടിക്കണ ഗ്ലാസ് ഇല്ലേ അത് പോലെ ആണ് അതിന്റെ ഷേപ് , തുറന്നിരിക്കുന്ന ഭാഗത്ത് ഒരു ഫാൻ ഉണ്ട് അത് വായുവിനെ ഉള്ളിലേക്ക് വലിച്ചു കയറ്റും അത് ഉള്ളിലെത്തി ഈ ജെറ്റ് ഫ്യുവലുമായി കൂടിക്കലർന്നു കത്തും. ആ കത്തലിന്റെ ബൈ പ്രോഡക്റ്റ് ആയിട്ട് വെള്ളവും ഉണ്ടാകും, അത് വെള്ളമായിട്ടല്ല നീരാവി ആയിട്ടാവും എൻജിന്റെ പിന്നിലൂടെ പുറത്തേക്ക് വരുക "

"ബൈ പ്രോഡക്ട് എന്ന് പറഞ്ഞാ..?" അത് വരെ എല്ലാത്തിനും ശ്രോതാവായി നിന്ന അമ്മിണിയമ്മ സംശയം തൊടുത്തു വിട്ടപ്പോൾ മേരിച്ചേച്ചി രണ്ട് പടി മുകളിലേക്ക് കയറി നിന്നു.

"എന്ന് പറഞ്ഞാൽ നമുക്ക് ഇപ്പൊ ഒരു സാധനം ഉണ്ടാക്കി എടുക്കണം. അത് ഉണ്ടാക്കുന്നത്തിന്റെ ഒപ്പം ഉപകാരപ്രദമായ മറ്റെന്തെങ്കിലും കൂടി തനിയെ ഉണ്ടാകുകയാണെങ്കിൽ അതിനെ ബൈ പ്രോഡക്ട് എന്ന് വിളിക്കാം.."

"ഓ...അത് പറ ഈ ചോറ് വെക്കുമ്പോ കഞ്ഞിവെള്ളം കിട്ടുന്ന പോലെ അല്ലേ.." എല്ലാവരും ഒരുമിച്ചു ചിരിച്ചു.

"എന്നാലും ഈ സാധനം കൊണ്ട് എങ്ങനെയാ ആ വര ആകാശത്തു വരുന്നത് എന്ന് പറ" ബാബു ധൃതി കൂട്ടി

"പറയാം.. നീരാവി ഉണ്ടാകുന്ന കാര്യം പറഞ്ഞില്ലേ. നീരാവി എന്താണെന്ന് അറിയാല്ലോ അല്ലേ. വെള്ളം തിളക്കുമ്പോൾ ആവി പൊങ്ങും അത് മൂടി വെച്ച് കുറേ കഴിയുമ്പോൾ അത് തണുത്ത് വീണ്ടും വെള്ളം ആകും അല്ലേ. ആ വെള്ളം ഫ്രിഡ്ജിൽ വെച്ചാലോ കുറേ താണുപ്പിക്കുമ്പോൾ ഐസ് ആകും. ഇവിടെയും അത് തന്നെ ആണ് നടക്കുന്നത്. വിമാനങ്ങൾ പറക്കുന്ന ഉയരത്തിൽ മിക്കവാറും താപനില നമ്മുടെ ഫ്രിഡ്ജിലെ ഫ്രീസറിനും ഒരുപാട് താഴെ ആണ്. പൂജ്യത്തിനും ഒരുപാട് താഴെ. അവിടെ വെച്ച് ചൂട് നീരാവി പുറത്തേക്ക് വരുമ്പോൾ അത് ഉടനെ തന്നെ ഐസ് ക്രിസ്റ്റലുകൾ ആയി മാറും. അത് താപനിലയുടെ അവസ്ഥ അനുസരിച്ചു മൂന്നോ നാലോ മിനിറ്റ് മുതൽ അര മണിക്കൂർ വരെ ഇത് പോലെ വര ആയി നിൽക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ഒരു തരം മേഘങ്ങൾ ആണ് സിറസ് (cirus) മേഘങ്ങൾ. കണ്ടേൻസേഷൻ എന്ന ശാസ്ത്ര പ്രതിഭാസം കൊണ്ട് ഉണ്ടാകുന്ന മേഘങ്ങൾ ആയത് കൊണ്ട് കണ്ടൻസേഷൻ ട്രയിൽ(condensation trail) എന്നും ജെറ്റ് എൻജിനിൽ നിന്നുള്ളത് ആയത് കൊണ്ട് ജെറ്റ് ട്രയിൽ (jet trail) എന്നും ഇത് അറിയപ്പെടാറുണ്ട്.അല്ലാതെ മണ്ണെണ്ണ ഒഴിച്ച് വിമാനം പറത്തുന്നതൊന്നും അല്ല കേട്ടോ."

"ഓ.. എനിക്കാദ്യേ സംശയം തോന്നിയതാ.." മേരിച്ചേച്ചി പറഞ്ഞു.

"ഡിഷ് ശരിയായിട്ടുണ്ട് ടിവി ഒന്ന് നോക്കിക്കേ.."

"ആ കിട്ടുന്നുണ്ട് മോനേ. നീ വാ ചായ കുടിച്ചിട്ട് പോകാം."

അമ്മിണിയമ്മ നിർബന്ധിച്ചെങ്കിലും ജോലിത്തിരക്കുള്ളതുകൊണ്ട് ആ ക്ഷണം സ്നേഹപൂർവം നിരസിച്ചു കൊണ്ട് അവൻ യാത്രയായി.

ഇതുകൂടി വായിച്ചു നോക്കൂ