അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016, ഡിസംബർ 27, ചൊവ്വാഴ്ച

ആസക്തി


എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. മുന്നിലുള്ളത് മാത്രമല്ല പിന്നിലുള്ളതും വശങ്ങളിലുള്ളതും മുകളിലും കീഴെയും ഉള്ളതും ഒരുമിച്ചു കാണാം. താഴെ വലിച്ചു കെട്ടിയ നീല നിറമുള്ള ടാർപ്പോളീൻ പടതക്കു കീഴെ കുശുപ്പിടിച്ചു തുടങ്ങിയ തെങ്ങിൻ കട്ടിലിലിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ക്ഷമിക്കണം ! ഞാൻ അല്ല എന്റെ ശരീരം. അമ്മയുടെ ഗർഭപാത്രത്തിൽ ജീവന്റെ തുള്ളികളിൽ നിന്നും ചെറു നാമ്പായി ഈ ലോക ഗോളത്തിലേക്ക് മുളച്ചു പൊന്തിയ നാളിൽ അച്ഛൻ വാങ്ങിയ കട്ടിൽ. എന്റെ പിള്ള മണവും മലവും മൂത്രവും കിതപ്പും വിയർപ്പും പിന്നീടെന്നോടൊപ്പം കുടുംബത്തിന്റെ ഭാരവും തങ്ങിയ കട്ടിൽ. ഇന്നതെന്റെ മാംസവും പേറി ഞാനെന്ന ഇല്ലായ്മയെ നോക്കി കരയുന്നു.


എന്റെ ആസക്തിയുടെ ദിനങ്ങളിൽ കട്ടിലിൽ മുഖമമർത്തി കരഞ്ഞിരുന്നവൾ , ഞാൻ കരയിച്ചിരുന്നവൾ എന്ന് പറയുന്നതാകും ഉചിതം. അവളുടെ മുഖം ആ കട്ടിലിൽ തന്നെ ഉണ്ട്. എന്റെ ശരീരത്തിന്റെ കാൽച്ചുവട്ടിൽ. ഈ അവസാന വേളയിലും അവളുടെ കണ്ണുനീരിന് കാരണം ഞാൻ മാത്രം.

കട്ടിലിന്റെ തലക്കൽ സജലങ്ങളായ നാല് പളുങ്ക് കണ്ണുകൾ. മക്കൾ ആണ്. പൊൻതരികൾ തോൽക്കുന്ന ആ പെൺതരികളെ ഇനി എനിക്ക് ലാളിക്കാനാവില്ല. മടിയിലിരുത്തി കൊഞ്ചിക്കാനാകില്ല. സ്കൂൾ വിനോദയാത്രക്ക് ഒരിക്കലെങ്കിലും പണം കൊടുക്കാൻ എനികാകില്ല. എനിക്കതിനു കഴിഞ്ഞിരുന്നുമില്ല. ആസക്തിയുടെ ദിനങ്ങളിൽ നിന്നുള്ള ഒരു മോചനമാകട്ടെ അവർക്കീയച്ഛന്റെ വേർപാട്.

ഇപ്പോൾ കേട്ട വലിയൊരു ശബ്ദം എന്നെ ദഹിപ്പിക്കാനുള്ള മാവിന്റെ അന്ത്യ ശ്വാസമാണ്. മുപ്പത്തി അഞ്ച് മാമ്പഴക്കാലങ്ങൾ എനിക്കു സമ്മാനിച്ച മുത്തശ്ശി മാവും എന്റെ കൂടെ വരുന്നു. അവരുടെ തിടം വെച്ച ശിഖരങ്ങൾ എന്റെ ആസക്തിയുടെ ബാക്കി പത്രമായി തൊടിയിലുപേക്ഷിച്ച അവസാനത്തെ സ്പടിക കുപ്പിയെ നിർദാക്ഷണ്യം തകർത്തു. അതിൽ നിന്നും ലഹരിയുടെ ചിറകുകൾ വീശി മരണത്തിന്റെ മാലാഖമാർ എന്നെ നോക്കി കൊഞ്ഞനം കുത്തി.

എനി എനിക്കൊരു മടങ്ങിപ്പോക്കില്ല എന്നറിയുമ്പോൾ അനുനിമിഷം ജീവിതത്തോടുള്ള ആസക്തി എന്നെ കൊത്തി വലിക്കുന്നു. ചൂട് കൂടി വരുന്നു. കാഴ്ച മങ്ങുന്നു. കണ്ണുകൾ അടഞ്ഞു. ഇനി ഞാൻ ഇല്ല.

2016, നവംബർ 17, വ്യാഴാഴ്‌ച

ആനന്ദധാര


അഞ്ചു വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്നറിയില്ല. കുറഞ്ഞ പക്ഷം ഞങ്ങൾ തമ്മിലെങ്കിലും.
അവിടെ കൂട്ടുകാരികൾ യാത്ര പറയുന്ന തിരക്കിലാണ്. ചിലർ കരയുന്നു. കരയുന്നവരെ കെട്ടിപ്പിടിച്ച് മറ്റു ചിലർ ആശ്വസിപ്പിക്കുന്നു. സെലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അൻപതടി നീളമുള്ള വരാന്തയുടെ ഇപ്പുറത്തു നിന്നും അപ്പുറത്തെത്താൻ ഒരു യുഗമെടുത്ത പോലെ. ഒരു അന്യ ഗൃഹ ജീവിയെപ്പോലെ അവർക്കിടയിലേക്ക് നടന്നടുത്തു.
"സെലിൻ..."
കൂടെ ഉണ്ടായിരുന്നവർ ഒക്കെ നിശബ്‌ദരായെങ്കിലും കേട്ടിട്ടും കേൾക്കാത്തത് പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാളിൽ നിന്നുമൊഴിഞ്ഞു മാറുന്നതിനുള്ള ക്രൂരമായ ഉപായം അയാളെ അവഗണിക്കുകയാണല്ലോ
ഒന്നു കൂടി വിളിക്കാൻ തോന്നിയില്ല. തിരികെ നടന്നു. റൂമിലെത്തി കതകടച്ചു. സങ്കടം പുഴ പോലെ ഒഴുകി. കണ്ണുകളിൽ നിന്നും കവിളുകൾ വഴി അവ താഴെ വീണു. സ്വയം മെനഞ്ഞെടുത്ത ആശ്വാസ വാക്കുകൾ ഒന്നും മതിയായിയുന്നില്ല.
കതകിൽ ആരോ മുട്ടിയപ്പോൾ ആണ് ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നത്.
"മോൻ പോയില്ലായിരുന്നോ. എല്ലാവരും പോയല്ലോ" താഴുത്തെ നിലയിൽ താമസിക്കുന്ന ആന്റി ആണ് .
"ഞാൻ പാക്ക് ചെയ്യുകയായിരുന്നു"
ധൃതി പിടിച്ചുള്ള പാക്കിങ്ങിനിടെ ആണ് റബർ ബാൻഡ് ഇട്ട ഒരു കടലാസ് കെട്ട് ഷെൽഫിൽ നിന്നും താഴെ വീണത്. പഴയ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ , ചില പത്ര വാർത്തകൾ മുറിച്ചെടുത്തു വെച്ചത് , ബാലരമയുടെ കൂടെ കിട്ടിയ ഒരു മുഖം മൂടി , എസ് എഫ് ഐ യുടെ അംഗത്വ രസീതുകൾ , ഡ്യൂട്ടി ലീവിന്റെ സാമ്പിൾ ഫോറം പിന്നെ മറ്റെന്തൊക്കെയോ കടലാസുകൾ. ആ കൂട്ടത്തിൽ നിന്നും ഒരിക്കൽ വലിയ വില കല്പിച്ചു സൂക്ഷിച്ചിരുന്ന ഒരു പേപ്പർ കിട്ടി. സെലിന്റെ കൈപ്പടയിൽ പകർത്തി എഴുതിയ ഒരു കവിത. അല്പം മഞ്ഞ നിറം ആയതൊഴിച്ചാൽ എല്ലാം വ്യക്തമായി വായിക്കാം. ആർട്സ് ഫെസ്റ്റിന് ചൊല്ലാൻ ഒരിക്കൽ എഴുതി തന്നതാണ് അവൾക്ക് ഒരുപാട് ഇഷ്ടമുള്ള കവിത. ഇന്ന് അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് അറിയില്ല.
കവിതയുടെ വരികളിൽ ഇടക്ക് മഷി പടർന്നിട്ടുണ്ട്. അത് എന്റെ കൈവശം എത്തുമ്പോഴും ആ മഷിപ്പാടുകൾ അതിൽ ഉണ്ടായിരുന്നു. കണ്ണുനീർ വീണു നനഞ്ഞതാണ് എന്നവൾ പറഞ്ഞപ്പോൾ കളിയാക്കിയതോർക്കുന്നു. ആനന്ദധാരയുടെ* വരികൾക്ക് ഇത്ര വേദന നൽകാൻ കഴിയുമായിരുന്നുവോ.
കഴിയുമെന്ന് ഇന്ന് അറിയുന്നു.
അതിന്റെ തീവ്രത ഇന്നറിയുന്നു
നോക്കിയ 1600 യുടെ ആൽഫാ നൂമറിക് കീപാട് ഉപയോഗിച്ച് ആ വരികൾ ഫോണിൽ എഴുതാൻ കുറേ സമയം എടുത്തു.

" ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ.
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന. "

കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും സെലിൻ എന്ന പേരിനു മുന്നിൽ കാഴ്ച നിശ്ചലമായി. നമ്പർ മാറിയിട്ടുണ്ടോ എന്നറിയില്ല. അയക്കണോ വേണ്ടയോ എന്ന് എന്നിലെ രണ്ടു പകുതികൾ. 
ഒടുവിൽ ടൈപ് ചെയ്തതെല്ലാം ഡിലീറ്റ് ബട്ടണിൽ തീരുമ്പോൾ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നില്ല.

✍അർവിൻ

2016, നവംബർ 11, വെള്ളിയാഴ്‌ച

ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

13/10/2016  മുവാറ്റുപുഴ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഫീസിൽ പോയിരുന്നില്ല. പനിയും തുമ്മലും ചുമയും ഒക്കെയായി ആകെ തളർന്നിരിക്കുകയായിരുന്നു. ഡസ്റ്റ് അലർജി ഉണ്ടെന്ന് പറഞ്ഞപ്പോൾ അലക്സ്‌ രണ്ട് സർജിക്കൽ മാസ്ക് കൊണ്ടു വന്നു തന്നു. യാത്ര ചെയ്യുമ്പോൾ അത് ഉപയോഗിച്ചാൽ പൊടി ശല്യം ഒരു പരിധി വരെ ഒഴിവായി കിട്ടും. കഴിഞ്ഞ ദിവസം അത് വെച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ആ പെൺകുട്ടിയുടെ മുഖം മനസിലേക്ക് വന്നത്. മുഖം എന്നൊന്നും പറയാൻ ആകില്ല. ഇളം പച്ച നിറമുള്ള സർജിക്കൽ മാസ്കിനും ഇഴ അകലമുള്ള ശിരോ വസ്ത്രത്തിനും ഇടയിലുള്ള രണ്ടു കണ്ണുകൾ ആണ് ഓർമയിലെ ഖദീജ. ഒന്നിലധികം തവണ ഞാൻ ആ മുഖം കണ്ടിട്ടുണ്ടാകണം. പക്ഷേ ഈ ഒരു ചിത്രമേ അന്നും ഇന്നും മനസിലുള്ളൂ.

പതിനൊന്നാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്ന സമയം. അപ്പുറവും ഇപ്പുറവും പിന്നിലും ആയി ഇരിക്കുന്ന ഒന്നു രണ്ടു പേരെ ഒഴികെ ആരെയും അധികം പരിചയമില്ല. പരിചയപ്പെടലുകളും ഗ്രൂപ്പ് തിരിക്കലും ഒക്കെ ആയി എല്ലാ പീരിയടുകളും രസമായിരുന്നു. ഏത് വിഷയത്തിന്റെ ഗ്രൂപ്പിൽ ആണെന്ന് ഓർമ കിട്ടുന്നില്ല , ഞാൻ ഉൾപ്പെട്ട ഒരു ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിചയപ്പെട്ടിരിക്കണം തീർച്ച. പിന്നീട് പല തവണ ഗ്രൂപ് ആയി ക്ലാസ് വർക്കുകൾ ചെയ്തെങ്കിലും ഒന്നിലും അവൾ ഉണ്ടായിരുന്നില്ല. അവൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല.

"മുസ്ലീങ്ങൾ അല്ലേ ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞു കാണും" പലരും പറഞ്ഞു. അതിനപ്പുറം കഥകൾ മെനയാനുള്ള ഭാവനയൊന്നും അന്നത്തെ പതിനാറ് വയസുകാർക്കുണ്ടായിരുന്നില്ല.

നിരങ്ങി നീങ്ങിയിരുന്ന വിരസതയുടെ ദിനങ്ങൾക്ക് പതിയെ വേഗം കൂടി. അപരിചിതമായ മുഖങ്ങൾ പരിചിതമായി. അപ്പോഴേക്കും ഖദീജയെ എല്ലാവരും മറന്നിരുന്നു. ഗാന്ധിജയന്തിയോടടുത്ത ദിവസമായിരുന്നു ഞങ്ങൾ ആ വിവരം അറിയുന്നത്. ആരാണ് ക്ലാസിൽ വന്നു പറഞ്ഞത് എന്നോർമായില്ല.അല്ലെങ്കിലും അതിനെന്തു പ്രസക്തി.

ഖദീജക്ക് കാൻസർ ആണ്. ക്ലാസിൽ ആ വാർത്ത വളരെ വേഗം പടർന്നു. കല്യാണം കഴിച്ചു പോയി എന്നു പറഞ്ഞു ഞങ്ങൾ കഥ ചമച്ചപ്പോൾ അവൾ ഈ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അവൾക്ക് ഈ അസുഖത്തിന്റെ ഗൗരവം അറിയുമായിരുന്നോ. അറിയുമായിരിക്കണം. എനിക്കറിയാമായിരുന്നു കൂട്ടുകാർക്കെല്ലാം അതിന്റെ ഗൗരവം അറിയാമായിരുന്നു. അപ്പോൾ അവൾക്കും അറിയും തീർച്ച.

അധ്യാപകർ അവളെ കാണാൻ പോകുന്നുണ്ട്. ഞങ്ങൾ വീട്ടിൽ നിന്നും വാങ്ങി പിരിച്ചെടുത്തതും അധ്യാപകർ ശേഖരിച്ചതുമായ ഒരു ചെറിയ തുക അവളുടെ ചികിത്സക്കായി മാതാപിതാക്കളെ ഏൽപ്പിക്കണം. ഞങ്ങൾക്കും ആഗ്രഹം അവളെ കാണാൻ. എന്തായിരുന്നു ആ ആഗ്രഹത്തിന് പിന്നിൽ എന്ന് എനിക്കിന്നും അറിയില്ല. ഖദീജ എന്ന നിഗൂഢത അനാവരണം ചെയ്യപ്പെട്ടപ്പോൾ തോന്നിയ കൗതുകം ആയിരുന്നോ. അതോ സുഖമില്ലാത്ത ഒരാൾക്ക് ആശ്വാസം പകരാൻ ആയിരുന്നോ. മറിച്ച് ഒരു മര്യാദയുടെ പേരിൽ ആയിരുന്നോ. എനിക്കവളെ കാണണം എന്നില്ലയിരുന്നു. അവളോട് എന്താണ് പറയേണ്ടത് എങ്ങിനെ ആണ് അശ്വസിപ്പിക്കേണ്ടത് എന്ന ആകുലത എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. ജിതിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ പോകാൻ തീരുമാനിച്ചു.

നെഹ്രു പാർക്കിൽ ബസ്സിറങ്ങി.ഞാൻ ജിതിൻ നെവിൻ ഡിംപിൾ ഡെല്ല റംസി സജ്മി ഇത്രയും പേർ ആയിരുന്നു എന്നാണ് ഓർമ്മ. കുറച്ച് ഓറഞ്ചും ആപ്പിളുമൊക്കെ വാങ്ങി അടുത്ത ബസിൽ കയറി. സജ്മിയുടെ വീട് ആ കുട്ടിയുടെ വീടിനടുത്തായിരുന്നെങ്കിലും അവൾക്കും വഴി നിശ്ചയമില്ലായിരുന്നു. ബാസ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡിൽ വഴി ചോദിച്ചു മനസിലാക്കി മുന്നോട്ട് നടന്നു. പിന്നിൽ നിന്നും കളിയാക്കി ചിരിയും അടക്കിപിടിച്ചുള്ള സംസാരവും കേട്ടു. എന്തിനായിരുന്നു എന്ന് അന്നറിയില്ലായിരുന്നു.

വഴിയിൽ വെച്ച് ടീച്ചേഴ്സിനെ കണ്ടു. അവർ കൃത്യമായി വഴി പറഞ്ഞു തന്നതനുസരിച്ചു നടന്നു. ടാറിങ് പൊളിഞ്ഞ റോഡിൽ കയറ്റം കയറി നടന്നു. ഒരുപാട് നടക്കേണ്ടി വന്നില്ല.ഒരു പത്തു പതിനഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും അവളുടെ വീടെത്തി. ഞങ്ങളുടെ യൂണിഫോം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ അമ്മക്ക് ഞങ്ങളെ മനസിലായി. മകളുടെ കൂടെ പഠിച്ച കുട്ടികളല്ലേ എന്ന് ഞങ്ങളോട് ചോദിച്ച് അകത്തു കയറ്റി ഇരുത്തി.

ഇപ്പൊ വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി. തിരികെ വരുമ്പോൾ അവളും ഉണ്ടായിരുന്നു കൂടെ. ഒരു ഷർട്ടും പഴയ സ്കൂളിലെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു സ്കർട്ടും ആയിരുന്നു വേഷം. ഒരു നീല ഷാൾ കൊണ്ട് തല മറച്ചിരുന്നു. തട്ടം അവൾക്കൊരു അനുഗ്രഹമായി ഭവിച്ചിരിക്കണം. മുഖം മാസ്ക് കൊണ്ട് ഭാഗീകമായി മരിച്ചിരുന്നു. ശരീരം കൃശ സമാനമായിരുന്നെങ്കിലും ആ കണ്ണുകൾ വിടർന്നു തന്നെയിരുന്നു. ഞങ്ങളെ കണ്ടതും ആ കണ്ണുകൾ പുഞ്ചിരിച്ചു. ടീച്ചേഴ്സ് ഇപ്പൊ വന്നു പോയതേ ഉള്ളു എന്നവൾ പറഞ്ഞു. ഞങ്ങൾ വഴിയിൽ വെച്ചു കണ്ടിരുന്നു എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.

എനിക്കൊന്നും പറയാനില്ലായിരുന്നു. സംസാരിക്കുന്നതൊക്കെ ഞാൻ ആയിക്കോളാം എന്ന് പറഞ്ഞ ജിതിൻ ഒരക്ഷരം സംസാരിക്കുന്നില്ല. അകെ നിശബ്ദമായ ഒരന്തരീക്ഷം. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവളുടെ ഉമ്മ ഞങ്ങൾ കൊടുത്ത ആപ്പിൾ മുറിച്ചു കഷ്ണങ്ങൾ ആക്കി കൊണ്ട് വന്നു. എന്നിട്ട് ഞങ്ങളോട് കഴിക്കണമെന്നായി. വേണ്ടെന്ന് പറഞ്ഞപ്പോൾ അവളും പറഞ്ഞു കഴിക്കാൻ. എല്ലാവരും കഴിച്ചെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല. വേണ്ടെന്ന് പറഞ്ഞു. അഹങ്കാരി ആണെന്ന് കരുതിക്കാണും. വീണ്ടും നിശബ്ദതയിലേക്ക്. ഇത്തവണ ഞാനായിരുന്നു മൗനത്തെ ആട്ടിയോടിച്ചത്.

"സുഖാണോ...?" ഞാൻ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ് അതിലെ പിഴവ് മനസിലായത്. ഒരു പക്ഷേ ആ ചോദ്യം അവളെ മുറിപ്പെടുത്തിയിട്ടുണ്ടാകും. എന്തിന് ദൈവമേ! ഇങ്ങനെ ഒരു വാക്ക് എന്റെ നാവിൽ നീ വരച്ചു. ഞാൻ തിരുത്താൻ ശ്രമിച്ചു.

"അതെ..സുഖാണ്." ഇപ്പൊ ട്രീറ്റ്മെന്റ് കൊണ്ട് സുഗമുണ്ടോ എന്ന് തിരുത്തി ചോദിക്കാമെന്നു കരുതിയെങ്കിലും അതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു. സുഖമാണ് എന്ന് അവൾ മനഃപൂർവം പറഞ്ഞതാകുമോ. അല്ലെങ്കിൽ വേറെ എന്ത് മറുപടി പറയാൻ ആണ്. സുഖമില്ല എന്ന സത്യം മറക്കാൻ ഉള്ള ഒരു ഉപയമായി അവൾ ആ ചോദ്യത്തെ കണ്ടിരിക്കും. അവളുടെ മറുപടിയിൽ മുള്ളുകൾ ഉണ്ടായിരുന്നു. എന്റെ പരിഭ്രമം മനസിലാക്കിയിട്ടാണോ എന്നറിയില്ല. അവൾ ആ വിഷയം മറ്റു സംസാരങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. ഒരുപാടൊന്നും സംസാരിച്ചില്ലെങ്കിലും അവിടെ കൂടുതലും കേട്ട സ്വരം എന്റേയും അവളുടേയും അവളുടെ അമ്മയുടേയുമായിരുന്നു.

ഒരുപാട് നേരം അവിടെ ചിലവഴിച്ചില്ല. യാത്ര പറഞ്ഞു തിരികെ നടന്നു. അവിടെ നിന്നിറങ്ങുമ്പോൾ കാർ മേഘം മൂടി നിന്നിരുന്ന മുഖങ്ങൾ ക്രമേണ പ്രസന്നമായി. തിരികെയുള്ള യാത്രയിൽ പലരും അവളെ മറന്നു. വീട്ടിൽ വന്ന് അമ്മയോട് അന്നത്തെ വിശേഷങ്ങൾ പങ്കു വെച്ച കൂട്ടത്തിൽ ഒന്ന് ഖദീജയുടേതായിരുന്നു. അത് കഴിഞ്ഞതോടെ എന്റെയും സ്മൃതിയിൽ നിന്നും ഞാനറിയാതെ ആ പേര് പതുക്കെ മാഞ്ഞു പോയി.

കുറേ നാളുകൾക്ക് ശേഷം എഞ്ചിനീയറിങ്ങിനു പഠിക്കുന്ന സമയത്താണ് മറന്നു പോയ ആ പേര് വീണ്ടും സ്മൃതി മണ്ഡലത്തിൽ തെളിയുന്നത്. ഒരു വൈകുന്നേരം ജിതിൻ ആണ് അതെന്നെ അറിയിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷം അവൻ വിളിക്കുമ്പോൾ ഇങ്ങനെ ഒരു വാർത്ത പറയാനാകും എന്ന് കരുതിയിരുന്നില്ല.

"എടാ നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സുഖമില്ലാതെ കുട്ടി ഇല്ലേ. ക്ലാസ് നിർത്തി പോയ. അവൾ മരിച്ചു പോയി." അവൻ പറഞ്ഞു.

ലാബ് എക്സാം നടക്കുന്ന സമയം. ഔപചാരികതയുടെ പേരിൽ പോലും എനിക്ക് പോകുവാനാകുമായിരുന്നില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോൾ അവൻ പോയിരുന്നു എന്ന് പറഞ്ഞു. കൂടുതൽ ഒന്നും ചോദിച്ചില്ല.

അവളെ അദ്യമായും അവസാനമായും കണ്ടിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. ഒരു വിങ്ങലായി അവൾ ഇന്നും മനസ്സിൽ നിൽക്കുന്നു എന്ന് എഴുതിയാൽ അത് തികച്ചും കള്ളമായിരിക്കും കാരണം അതിനുള്ള പരിച്ചയമോ അടുപ്പമോ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. മൊബൈൽ ഫോൺ ഇന്റർനെറ്റ് ഇതൊന്നും അത്ര കണ്ട് വ്യാപിച്ചിരുന്നില്ലെങ്കിലും മനസ്സു വെച്ചിരുന്നെങ്കിൽ അവളുടെ വിവരങ്ങൾ അന്വേഷിക്കാനും ഏകാന്തതയിൽ ആശ്വാസമാകാനും ഞങ്ങൾക്കാകുമായിരുന്നു. അതിനു ശ്രമിക്കാത്തത് ഞങ്ങൾക്ക് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് , കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. ചില കാര്യങ്ങൾക്ക് തിരുത്തലുകൾ സാധ്യമല്ല എന്ന ബോധ്യത്തോട് കൂടി അകാലത്തിൽ പൊലിഞ്ഞ സഹപാഠിക്ക് നിത്യ ശാന്തി നേരുന്നു.

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ചോരയുടെ മണമുള്ള രാഷ്ട്രീയം


വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന നീണ്ടു മെലിഞ്ഞ ആ മനുഷ്യൻ കുവൈറ്റിലെ ഒരു ഓയിൽ കമ്പനിയിൽ ഡീസൽ മെക്കാനിക്ക് ആണ്. പുറത്ത് വെള്ള നിറത്തിൽ ഒരു റ്റാറ്റാ ഇൻഡിക്ക അയാളെ കാത്തു നിൽപ്പുണ്ടായിരുന്നു . ഹർത്താൽ ആയതുകൊണ്ട് വലിയ അക്ഷരത്തിൽ മരണം എന്നെഴുതിയ ഒരു വെളുത്ത കടലാസ് അതിന്റെ ചില്ലിൽ ചേർന്നിരിക്കുന്നു.

മരണം !! മകൻ മരിച്ചിരിക്കുന്നു. ആരോ കൊലപ്പെടുത്തിയതാണ്. രാഷ്ട്രീയ കൊലപാതകം എന്ന് പത്രത്തിൽ വാർത്ത വന്നു. അയാളുടെ രാഷ്ട്രീയം വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു. മകന്റേതെന്തെന്ന് അയാൾക്കറിവില്ലായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അന്വേഷിക്കാൻ മറന്നു.

റെയിൽവേ സ്റ്റേഷനു മുന്നിലെ ഷോർട്ട് കട്ട് കടക്കുമ്പോൾ ചുളിവ് വീണ മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു നരച്ച മുടിക്കാരൻ വാഹനത്തിനു കൈ നീട്ടി. ഹർത്താൽ ആയതുകൊണ്ട് വണ്ടി ഒന്നും കിട്ടിയില്ല വഴിയിൽ ഇറങ്ങിക്കോളാo എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടി. ഒരേ സ്ഥലത്തേക്കാണ് രണ്ടു പേർക്കും പോകേണ്ടത്. മദ്രാസിലെ ഒരു സിനിമാ സ്റ്റുഡിയോയിലെ ജോലിക്കാരൻ ആണ് എന്ന് ഡ്രൈവറോട് പറയുന്നത് കേട്ടു.

ഒരേ നാട്ടുകാർ ആയിരുന്നെങ്കിലും അപരിചിതർ. മൂകമായ ആ വിലാപ യാത്രയിൽ കൂടെ കൂടിയ അപരിചിതന്റെ കണ്ണുകളിലും ഒരു പേമാരിക്കുള്ള കാറു മൂടി നിൽക്കുന്നുണ്ടായിരുന്നു.

വിജനമായ വഴിയിൽ എവിടെയോ സമരക്കാർ തടഞ്ഞു. മരണം ആണെന്ന് പറഞ്ഞിട്ടും വാഹനം കടത്തി വിട്ടില്ല. അസഭ്യ വർഷം. മദ്യത്തിന്റെ രൂക്ഷ ഗന്ധം. കാറിന്റെ കാറ്റഴിഞ്ഞു. ചില്ലുകൾ ഉടഞ്ഞു. മകന്റെ പ്രായമുള്ള ആരുടെയോ വിരൽ പാടുകൾ മുഖത്ത്.എല്ലാം കഴിഞ്ഞ ശേഷം നിയമപാലകരുടെ ജീപ്പിൽ യാത്ര. പോകും വഴി സമരക്കാരുടെ കയ്യിൽ മകന്റെ പടമുള്ള പ്ലക്കാർഡുകൾ.

ഇടയ്ക്കു വച്ച് കയറിയ ആൾ വഴിയിലിറങ്ങി. അയാളുടെ വീടിനു മുന്നിൽ ഫ്ളക്സ് ബോർഡിൽ ഒരു ആണ്കുട്ടിയുടെ ചിത്രം. കണ്ടിട്ട് തന്റെ മകനോളം പ്രായമേ ഉള്ളൂ. അയാളുടെ മകൻ ആവണം അത്. അവന്റെ ചിത്രത്തിനു താഴെ മുദ്രാവാക്യങ്ങളും അഭിവാദ്യങ്ങളും ധീര സേനാനിയെക്കുറിച്ചുള്ള എഴുത്തുകളും , പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനങ്ങളും.

വാഹനം ഉരുണ്ടു നീങ്ങി. വീടുത്തിയിരിക്കുന്നു. തന്റെ വീടിനു മുന്നിലും കണ്ടു ഫ്ലക്സ് ബോർഡുകളും മുദ്രാവാക്യങ്ങളും പ്രതികാര പ്രഖ്യാപനങ്ങളും. മുറ്റത്തേക്കുള്ള ഒതുക്കു കല്ലുകൾ കയറുമ്പോൾ മരണത്തിന്റെ ഗന്ധം പരത്തി പുകഞ്ഞു തീരുന്ന ചന്ദനത്തിരികൾ അയാൾ കണ്ടു. തലക്ക് മുകളിൽ കത്തിച്ചു വെച്ച് നിലവിളക്കിനു കീഴെ തന്റെ മകൻ കിടക്കുന്നു. പ്രവാസത്തിന്റെ കനാലാഴിയിൽ നീന്തുമ്പോഴും മനസ്സിൽ നൂറായിരം സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ഹൃദയത്തിലെ തൊട്ടിലിൽ ഓമനിച്ചു വളർത്തിയ മകൻ. റീത്തുകളുടെ കനത്തിൽ അവനു ശ്വാസം മുട്ടുന്നുണ്ടാകും. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. അവ്യക്തമായ ചില സംഭാഷണങ്ങൾ. അയാളെ ആരൊക്കെയോ ചേർന്നു താങ്ങി എടുത്തുകൊണ്ടു പോകുമ്പോൾ പിന്നിൽ നിന്ന് ചിലർ പിറുപിറുത്തു.

"പോയപ്പോ ആർക്കു പോയി..തന്തക്കും തള്ളക്കും"

ഉത്തരത്തിലെ പല്ലി ചിലച്ചു.

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഇടവപ്പെയ്ത്ത്



"അതേയ്.. നാളെയാ ലയേടെ കല്യാണം. ഞാൻ അന്ന് അവള് വിളിച്ച കാര്യം പറഞ്ഞില്ലാർന്നോ?"
ബെഡ് ലാമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് വീണ ചോദിച്ചു. മറ്റൊരിക്കൽ ആയിരുന്നെങ്കിൽ വിക്ടറ്റർ സമ്മതിക്കുമെന്നവൾക്ക് ഉറപ്പായിരുന്നു. പക്ഷേ ഈ അവസ്ഥയിൽ... വിക്ടറിന് തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഒരു സംശയം.
"നാളെ മുതലാണല്ലോ നീ ലീവ് ല്ലേ..
ഈ അവസ്ഥേല് മോളേം കൊണ്ട് ഇത്രയും ദൂരം പോണംന്നൊക്കെ പറഞ്ഞാല്..
ഞാൻ ഒരു കാര്യം ചെയ്യാം, രാവിലെ ജിൻസനോട് വരാൻ പറയാം. നിന്നെ അവൻ കാറിൽ വിടും."
"അത് വേണ്ട. രേണു ഉണ്ട് ഞാൻ അവളുടെ കാറില് പൊയ്ക്കോളാം
പിന്നെ ആദ്യം എന്താ പറഞ്ഞത് ?? മോളോ..!!
മോളൊന്നുമല്ല.. നിങ്ങടെ പിൻഗാമി നല്ല കുട്ടിക്കുറുമ്പനൊരു വിക്ടറ്കുഞ്ഞാ ഇതിനുള്ളില് "
"മോളാണെങ്കിലും മോനാണെങ്കിലും നമ്മുടെ മുത്തല്ലേടീ" വിക്ടർ അവളുടെ നെറ്റിയിൽ ചുംബിച്ചു. അതായാളുടെ കുഞ്ഞിനുള്ളതായിരുന്നു. അവൾ വിക്ടോറിന്റെ കൈകളിൽ തല വെച്ച് അയാളോട് ചേർന്നു കിടന്നു. തന്റെ കൈകൾകൊണ്ട് അവളുടെ നിറഞ്ഞ ഉദരത്തിൽ അയാൾ ഒരു മായില്പീലികൊണ്ടെന്ന പോലെ മൃദുലമായി സ്പർശിച്ചു. തങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞോമനയുടെ പിഞ്ചു മുഖത്തെ പാൽ പുഞ്ചിരി സ്വപ്നം കണ്ട് അവരിരുവരും കിടന്നു. രാത്രിയുടെ സമയ രേഖയിൽ തിരിച്ചറിയാനാകാത്ത ഒരു ബിന്ദുവിൽ വെച്ച് അവരിരുവരും മായക്കത്തിലേക്ക് വഴുതി വീണു.
രാവിലെ മഴ ആയിരുന്നു. സിറ്റൗട്ടിൽ നിന്ന് നോക്കിയാൽ ഗേറ്റിനപ്പുറം മഴവെള്ളം കുത്തി ഒലിച്ചു പോകുന്നുണ്ട്. ഇടവപ്പാതിയുടെ ഇളം കുളിരിൽ പുറം കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു അയാൾ. അപ്രതീക്ഷിതമായി ഗേറ്റിനപ്പുത്ത് നിന്നും ഒരു വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ടു. രേണു ആയിരിക്കും അത്. ഭാര്യയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. രേണുവല്ലാതെ നേരം വെളുത്തു വരുമ്പോഴേക്കും , ഈ പെരുമഴയത്ത് അവിടേക്ക് വരാൻ അടുപ്പമുള്ളവരായി അവർക്ക് വേറെ ആരും ഇല്ല.
"എന്താച്ചായാ ഇത്ര വെളുപ്പിന് പ്രതീക്ഷിച്ചില്ല അല്ലേ.. ശ്രീനിക്ക് ഒരെമർജൻസി കേസ്. എന്നാ പിന്നെ പുള്ളിയെ ഹോസ്പ്പിറ്റലിൽ ആക്കിയേച്ച് ഇങ്ങു പോരാമെന്നു വെച്ചു. താങ്കളുടെ ശ്രീമതിയുടെ കൂടെ ഇത്തിരി നേരം കത്തി അടിച്ചിരിക്കാല്ലോ. ഇന്നാണെങ്കിൽ എനിക്ക് ഓഫ് ഡ്യൂട്ടി ആണ്. എന്തിയേ വീണയെന്തിയേ..?"ചേരുപ്പൂരി ഷൂ റാക്കിൽ വെച്ച ശേഷം രേണു അകത്തേക്ക് കയറി.
"അവള് കുളിക്കുവാ..രേണു ഇരിക്ക്ട്ടോ..ഞാൻ ചായ എടുക്കാം അപ്പോളേക്കും അവള് വരും"
"ആയ്യോ ചായ ഒന്നും എടുക്കണ്ട വിക്ടറേ.."
"അത് പറഞ്ഞാൽ പറ്റില്ല നീ ഒരു ഗ്ലാസ്സ് കുടിച്ചേ പറ്റൂ. എന്റെ കെട്ടിയോന്റെ കൈപ്പുണ്യം നീ കൂടി ഒന്ന് അറിയട്ടെ.." ഒരു കപ്പ് ചായയുമായി വീണ ഹാളിലേക്ക് വന്നു. നനഞ്ഞ മുടി തോർത്തുമുണ്ട് കൊണ്ട് കെട്ടി ഒതുക്കി അവൾ രേണുവിന്റെ അടുത്ത് ഇരുന്നു.
"ആഹാ.. അച്ഛായനാണോ ഇപ്പൊ ഗൃഹഭരണം"ചായ ഊതി കുടിക്കുന്നതിനിടെ രേണു ചോദിച്ചു.
"ഹ ഹ..എന്ത് ചെയ്യാം പറ്റിപ്പോയില്ലേ രേണു.."വീണയെ ഇടംകണ്ണിട്ടു നോക്കി അയാൾ ചിരിച്ചു "നല്ല മഴയാണല്ലോ..!! നിങ്ങളെപ്പോഴാ ഇറങ്ങുന്നെ.?" വിക്ടർ ചോദിച്ചു.
"ദേ നിന്റെ കെട്ടിയോനെന്തോ കള്ളത്തരം ഉണ്ട്ട്ടോ വീണേ..നമ്മളെ ഓടിച്ചുവിട്ടിട്ട് എന്താ പരിപാടീന്ന് ചോദിച്ചേ.."
"അയ്യയ്യോ.. പിടിപ്പത് പണി ഉണ്ട് കുഞ്ഞേ. പുതിയൊരാള് വരുവല്ലേ. ചിലവ് കുറേ ഉണ്ടേ. ഞാൻ രേണൂന്റെ ശ്രീനിയെ പോലെ ഡോക്ടറൊന്നുമല്ലല്ലോ.."
"വിക്ടർക്ക് മെഡിസിൻ കംപ്ലീറ്റ് ചെയ്തൂകൂടാരുന്നോ. ഇങ്ങനെ ക്യാമറയും തൂക്കി നടക്കേണ്ട വല്ല കാര്യോണ്ടോ..അല്ലേ വീണേ"
അതിനു വീണ മറുപടി പറഞ്ഞില്ല. പലതവണ കേട്ടു തഴമ്പിച്ച ഒരു ചോദ്യം. ഫോട്ടോഗ്രാഫി വിക്ടറിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. എങ്ങുമെത്താൻ കഴിഞ്ഞില്ലെങ്കിലും മെഡിക്കൽ പ്രൊഫഷനെക്കാൾ വിക്ടർ ഇഷ്ടപ്പെട്ടിരുന്നത് ഫോട്ടോഗ്രാഫി ആയിരുന്നു. അതുകൊണ്ടായിരുന്നു മെഡിസിൻ ഉപേക്ഷിക്കുകയാണെന്നു വിക്ടർ പറഞ്ഞപ്പോൾ വീണ തടയാതിരുന്നത്.ഇഷ്ടമുള്ളയാളുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയ നാളുകൾ. യാത്രകളോടുള്ള പ്രിയമായിരുന്നു വീണയെ കോളേജിലെ സഫാരി ക്ലബ്ബിൽ അംഗമാക്കിയത്. ക്ലബ്ബ് സംഘടിപ്പിക്കാറുള്ള ക്യാമ്പുകളിൽ പ്രകൃതിയോടുള്ള ഭ്രാന്തമായ അഭിനിവേശം വിക്ടറുടെ ചിത്രങ്ങളിലൂടെ വീണയിലേക്കും പകർന്നു കിട്ടി. യാത്രകളിലെ കൗതുക കാഴ്ചകളോടുള്ള ഇഷ്ടം അത് പകർത്തിയ ആളോടുള്ള ആരാധനയായി. ആരാധനയിൽ നിന്നു സൗഹൃദത്തിലേക്കും അവിടെ നിന്നു പ്രണയത്തിലേക്കും അവർ യാത്ര ചെയ്തു. ഒടുവിൽ എതിർപ്പുകളെ അവഗണിച്ചു വിക്ടറെ വിവാഹം കഴിച്ചപ്പോൾ അവൾക്ക് ഒരുപാട് പഴി കേൾക്കേണ്ടി വന്നു. അവരുടെ വ്യത്യസ്ത മതങ്ങളെക്കാളുപരി അവരുടെ തൊഴിലായിരുന്നു അവിടെയും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പക്ഷേ ഒരിക്കൽ പോലും ഒരു ഡോക്ടർ ആയ താൻ വിക്ടറെ ജീവിതത്തിൽ കൂടെ കൂട്ടിയതിൽ വീണക്ക് പശ്ചാത്താപം തോന്നിയില്ല. തെറ്റ് ചെയ്തവരല്ലേ പശ്ചാത്തപിക്കേണ്ടത്.
സംസാരത്തെ മുറിച്ചുകൊണ്ട് വിക്ടറുടെ ഫോൺ ബെല്ലടിച്ചു. അയാൾ ഫോണുമെടുത്ത് പുറത്തേക്കിറങ്ങി. മഴയുടെ ശബ്ദത്തിൽ നിന്നും കേൾവി ഉറപ്പാക്കാൻ വിക്ടർ ഫോൺ ചെവിയോട് കൂടുതൽ ചേർത്തുവെച്ചു. മഴയുടെ ശബ്ദം അസഹനീയമായപ്പോൾ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ കൊണ്ട് അയാൾ മറു ചെവിയും ആടച്ചു. മറുത്തലക്കലേക്കു വളരെ ഗൗരവമായി എന്തൊക്കെയോ പറഞ്ഞ ശേഷം വിക്ടർ ഫോൺ കട്ട് ചെയ്തു.
"ജീവനാ വിളിച്ചത്...നമ്മുടെ പുതിയ ക്യാം അവന്റെ അടുത്തല്ലേ. അവനെന്തോ ഡൗട്ട്, എന്നോടൊന്ന് ചെല്ലാവോന്ന്.. എന്നാ നിങ്ങള് സംസാരിച്ചിരിക്ക് .. ഞാൻ അങ്ങു ചെല്ലട്ടെ. വീണേ താക്കോല് നീ എടുത്തോ എന്റെ കൈയിൽ വേറെ ഉണ്ട്.. പിന്നെ എത്തിയിട്ട് വിളിക്കണം ഇറങ്ങുന്നേനു മുൻപും.." അയാൾ ധൃതി കൂട്ടി.
"എവിടെയാ ജീവനിപ്പോ ഉള്ളത്..?ഈ മഴയത്ത് എങ്ങനെയാ..?" വീണ ചോദിച്ചു
" ചേർക്കുന്നിലെ പുതിയ പള്ളി ഇല്ലേ..അവിടെ എന്തോ പരിപാടി..നീ രേണൂന്റെ കൂടെ അല്ലേ പോകുന്നേ..? കാർ ഞാൻ എടുക്കുവാ" വിക്ടർ പുറത്തേക്കിറങ്ങുമ്പോൾ മഴ വിണ്ടും ശക്തി പ്രാപിച്ചിരുന്നു. വന്യമായ സൗന്ദര്യത്തോടെ അത് ഭൂമിയെ നനച്ചുകൊണ്ടിരുന്നു. ഇടവപെയ്ത്തിനിടയിലൂടെ വിക്ടറിന്റെ കാർ ദൂരെ മറയുന്നത് നോക്കി വീണ നിന്നു.
***********
ഇതുപോലൊരു മഴ ഈ അടുത്ത കാലത്തൊന്നും പെയ്തിട്ടില്ല. കാറ്റത്ത് മരങ്ങൾ പൊഴിച്ച ഇലകളും പൂക്കളും ഇടയ്ക്കിടെ കാറിന്റെ ചില്ലിലേക്ക് വന്നു വീഴുന്നു. ചാമക്കൽ വലിയതോടിനു മുകളിലെ ഇരുമ്പ് പാലത്തിനൊപ്പം വെള്ളം കുത്തി ഒലിക്കുന്നു. മഴയെ മുറിച്ചു വിക്ടറിന്റെ കാർ മുന്നോട്ടു നീങ്ങി.
"നശിച്ച മഴ"
അയാളുടെ ശാപവചനം കേട്ടു മഴ പിണങ്ങി. അതി ശക്തമായി അത് വിതുമ്പിക്കരഞ്ഞു.
സാഹചര്യങ്ങൾ എത്ര വേഗമാണ് ഒരാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ഒരിക്കൽ വീണയോടൊപ്പം നടത്തിയ യാത്ര അയാളുടെ മനസിലേക്ക് കടന്നു വന്നു. സൈരന്ധ്രി വനത്തിന്റെ പച്ചപ്പിലേക്ക് അവർ ഒറ്റക്കായിരുന്നു നടന്നു കയറിയത്. സൈലന്റ് വാലിയിൽ സൈലൻസ് പേരിൽ മാത്രമായിരുന്നു . ചീവീടുകളുടെ ശ്രുതിയിൽ സംഗീത സാന്ദ്രമായിരുന്നു കാടിന്നുള്ളം. എവിടെ നിന്നോ ഒരു മലമുഴക്കിയുടെ ശബ്ദം കാടിന്റെ ഇരുളിനെ കീറി കാതിലെത്തി. അത് തിരിച്ചറിയാത്ത ഏതോ മരത്തിന്റെ കണ്ണെത്താത്ത ചില്ലയിൽ നിന്ന് എങ്ങോട്ടോ ചിറകടിച്ചു പറന്നു പോയതായവർ അറിഞ്ഞു. എത്ര നേരം കാടിനുള്ളിലൂടെ നടന്നെന്നറിയില്ല. കൂടെ കരുതിയ ചില്ലു കുപ്പിയിലെ വെള്ളം യാത്രയുടെ തുടക്കത്തിലേ തീർന്നിരുന്നു. കുന്തിപുഴയെ പരിപോഷിപ്പിക്കുന്ന ഏതോ പേരറിയാത്ത കാട്ടരുവിയിലെ തണ്ണീർ കുടിച്ചു . യഥാർത്ഥ അമൃത്.
അതിനിടെ കാടിന്റെ ആത്മാവിനെ കുളിരണിയിച്ചു കൊണ്ട് എത്ര തവണ വർഷം പെയ്തിറങ്ങി. അതും ഒരു ഇടവമാസത്തിലായിരുന്നു എന്ന് ഓർമയുണ്ട്. ഇടവപ്പെയ്ത്തിന്റെ ആഘോഷത്തിൽ ഷോളക്കാട്ടിലെ ഓരോ പുൽനാമ്പും സന്തോഷിക്കുന്നത് കാമറയിൽ പതിഞ്ഞു. അവയൊക്കെ നഷ്ടപ്പെട്ടു പോയ തീവ്രമായ ഒരു തൃഷ്ണയുടെ അടയാളമായി അയാളുടെ സ്റ്റുഡിയോയിലെ സ്വീകരണ മുറിയിൽ ആളുകളെ അമ്പരപ്പിച്ചു ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു. സൈലന്റ് വാലിയുടെ കുളിരിൽ നിന്ന് സൈരന്ധ്രി വനത്തിന്റെ സ്തന്യം നുകർന്നു ക്ഷീണമകറ്റി അന്നവർ കാടിറങ്ങുമ്പോൾ വീണക്കത് മറക്കാനാകാത്ത അനുഭവമായിരുന്നു. കാടിന് മീതേ ചെഞ്ചായം പൂശി ആകാശം നിൽക്കുമ്പോൾ അയാളുടെ ക്യാമറക്കണ്ണുകൾ വീണ്ടും തുറണ്ണടഞ്ഞു.
തിരികെ മണ്ണാർകാട്ടേക്ക് ഫോർസ്റ് വാർഡനും സുഹൃത്തുമായ സന്തോഷിന്റെ ജീപ്പിൽ യാത്ര ചെയ്യുമ്പോൾ, ഇതിനു മുൻപ് നടത്തിയ യാത്രകളെക്കുറിച്ചും പകർത്തിയ ചിത്രങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ചത് ഇന്നലെയെന്ന പോലെ ഓർമയിലുണ്ട്. മഴയോടൊപ്പമായിരുന്നു അതിലേറെയും ഫ്രേമിൽ പതിഞ്ഞതിലധികവും മഴച്ചിത്രങ്ങൾ. മഴയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന വിക്ടർ ഇന്നില്ല. വയറു നിറക്കാനുള്ള പാച്ചിലിൽ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ പലതും ഉപേക്ഷിച്ചു.
നാല് ചെറിയ ഹെയർപിൻ വളവുകൾ കയറി വേണം പള്ളിയിലെത്താൻ.ചേര്ക്കുന്നിന്റെ കിഴക്കു ഭാഗത്തു കുത്തനെ മണ്ണെടുത്ത് നിരപ്പാക്കിയിടത്താണ് പള്ളി തലയുയർത്തി നിൽക്കുന്നത്. പള്ളിയുടെ പിന്നിലായി നല്ല ഉയരത്തിൽ കരിക്കൽ കെട്ടു തീർത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഇവിടെ വരുന്നതെങ്കിലും നിർമാണ ഘട്ടം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് പള്ളിയുടെ ചിത്രങ്ങൾ അയാൾ കണ്ടിരുന്നു. മല തുരന്നുള്ള നിർമാണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളിൽ ചിലതിലൊക്കെ ആയാളും പങ്കാളി ആയിരുന്നു.
കാടും പുഴയും കുന്നും ജീവജാലങ്ങളും ഒന്നായ പ്രകൃതി ആയിരുന്നു അയാൾക്ക് ദൈവം. ആ ദൈവദർശന സാഫല്യത്തിനായി മനുഷ്യ നിർമിതമായ മണിമാളികകളിലേക്ക് പോകേണ്ട ആവശ്യമില്ല എന്ന വാദമുഖം ആരുടെ മുന്നിലും തുറന്നു പറയാൻ ഉള്ള ആർജവം അയാൾക്കുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ട ദൈവത്തിൽ അയാൾ തൃപ്തൻ ആയിയുന്നില്ല. വിശാലമായ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ചൈതന്യത്തെ അയാൾ തന്റെ യാത്രകളിലൂടെ എത്രയോ തവണ അറിഞ്ഞിരി ക്കുന്നു. ചുറ്റുപാടുമുള്ള ചേതനവും അചേതനവും അയ എല്ലാത്തിലും ഈശ്വരാംശം ഉണ്ടെന്ന തിരിച്ചറിവ് നേടിയ യാത്രകൾക്കിപ്പുറം ആദ്യമായിട്ടായിരുന്നു വിക്ടർ ഒരാരാധനാലയം സന്ദർശിക്കുന്നത്.
***********
അമ്മയാകാനുള്ള അവധി എടുക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു വീണ. അതിന്റെ സന്തോഷവും സ്വപ്നങ്ങളും രേണുവുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. വസ്ത്രം മാറാൻ വീണ അകത്തേക്ക് പോകുമ്പോൾ സോഫയിൽ അലക്ഷ്യമായി ഇട്ടിരുന്ന ഫോട്ടോഗ്രാഫി മാഗസിന്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കുകയായിരുന്നു രേണു. വിക്ടർ തയ്യാറാക്കിയ ഒരു ഫോട്ടോ ഫീച്ചർ ഉണ്ടതിൽ. അയാൾ സഞ്ചരിച്ച ഒരു ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും അനുഭവക്കുറിപ്പുകളും ആണ്.
🎵...കൃഷ്ണാ നീ ബേഗനേ...🎵
വായനയുടെ രസച്ചരട് മുറിച്ചുകൊണ്ട് ശ്രീവത്സൻ ജെ മേനോന്റെ ശബ്ദ സൗകുമാര്യം രേണുവിന്റെ ഫോണിൽ നിന്നും . അത് മുഴുവൻ പാടി തീരും മുൻപ് അവൾ ഫോൺ എടുത്തു. അൽപ സമയം മാത്രം നീണ്ട സംസാരത്തിനൊടുവിൽ അവൾ വീണയുടെ മുറിയിലേക്ക് നടന്നു.
"വീണാ ചെറിയൊരു പ്രോബ്ലംണ്ട്..."
രേണു അകത്തേക്ക് ചെല്ലുമ്പോൾ ഒരു കയ്യിൽ പാതി ഞൊറിഞ്ഞെടുത്ത സാരിയുമായി വീണ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. രേണുവിന്റെ മുഖത്തേക്കു പരിഭ്രമത്തോടെ നോക്കിക്കൊണ്ട് മറുതലക്കൽ നിന്നുള്ള സംസാരത്തിനു തുച്ഛമായ മറുപടികൾ നല്കുകയാണ് അവൾ.
"ഹോസ്പിറ്റലിൽ നിന്നായിരുന്നു.. ഒരു എമർജൻസി റഷ് ഉണ്ടെന്ന്..ലീവ് നാളേക്ക് ആക്കാൻ പറ്റുവോന്നാ ചോദിക്കുന്നത് രേണു.."
" എന്നോടും ചെല്ലാൻ പറഞ്ഞു... dr.ജിൻസനും dr.സിതാരയും മാത്രമേ ഉള്ളു അവിടെ . dr.രാജു കോഴിക്കോട് പോയി. അജിതാ മാഡത്തെ വിളിച്ചിട്ട് എടുക്കുന്നില്ല.. . ഒറ്റക്ക് ഹൻഡിൽ ചെയ്യാൻ കഴിയുന്നില്ലെന്ന്.."
"എന്താ ഇപ്പൊ ചെയ്യുക..ഞാൻ വിക്ടറെ ഒന്ന് വിളിക്കട്ടെ.." ഡയൽ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും വിക്ടറുടെ കോൾ.
"വിക്ടർ ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു."
"നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ടെൻഷൻ ആകരുത്..."
മറുതലക്കൽ നിന്നുള്ള സംസാരം അവ്യക്തമായാണെങ്കിലും രേണുവിനും കേൾക്കാമായിരുന്നു. തുറന്നിട്ട ജനലിലൂടെ കടന്നു വന്ന മഴക്കാറ്റിലും വീണ വിയർക്കുന്നത് രേണു കണ്ടു. നിമിഷങ്ങൾ മാത്രം നീണ്ട സംസാരം അവസാനിച്ചപ്പോഴേക്കും പാതി ഉടുത്ത സാരിയുമായി വീണ കട്ടിലിൽ ഇരുന്നു. വിക്ടർ എന്താണ് പറഞ്ഞത് എന്ന് രേണു ചോദിച്ചെങ്കിലും അവൾ കേട്ടില്ല. മഴക്കൊപ്പം മൗനവും പെയ്തിറങ്ങി. ഒടുവിൽ സ്വബോധം വീണ്ടെടുത്തവൾ രേണുവിനോട് കുറച്ചു വെള്ളം കൊണ്ടു വരാൻ പറഞ്ഞു.
"ചേർക്കുന്ന് ഇടിഞ്ഞു. പാരിഷ് ഹാളിന്റെ മുകളിലേക്ക് മണ്ണും കല്ലും ഒക്കെ വന്നു വീണു.. വിക്ടർക്ക് കുഴപ്പമില്ല എന്നാ പറഞ്ഞത്. അവൻ പള്ളിക്കുള്ളിൽ ആയിരുന്നു.."
"ദൈവമേ..വികട്ടർ സേഫ് ആണല്ലോ..ഇതായിരിക്കും റഷ് ഉണ്ടെന്നു പറഞ്ഞത്.. ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാണ്..നീ ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട.. നിന്നെ ഞാൻ എന്റെ വീട്ടിൽ കൊണ്ടാക്കാം. മമ്മി ഉണ്ട് അവിടെ. വിക്ടറിനോട് അങ്ങോട്ട് വരാൻ വിളിച്ചു പറയാം.."
"വേണ്ട രേണു.. ഞാനും ഹോസ്പിറ്റലിലേക്ക് വരാം. ലീവ് ഒരു ദിവസം അങ്ങോട്ട് നീങ്ങിയാലും കുഴപ്പമില്ല."
മഴയിൽ കുതിർന്ന ചെളി നിറഞ്ഞ ടാർ റോഡിലൂടെ രേണുവിന്റെ കാർ നീങ്ങുമ്പോൾ വീണയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആശങ്ക നിഴലിച്ചിരുന്നു. ഇടക്കിടെ വിക്ടറെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അയാൾ അപ്രാപ്യനായിരുന്നു.
ആശുപത്രിയിലെ എമർജൻസി റഷിന്റെ തിരക്കിനിടയിൽ വിക്ടറുടെ കോൾ രണ്ടു തവണ വീണയുടെ ഫോണിൽ എത്തിയിരുന്നെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. തിരക്കൊഴിഞ്ഞില്ലെങ്കിലും അത്യാഹിത വിഭാഗത്തിന്റെ പിന്നിലെ നഴ്സസ് റൂമിലെ ഇത്തിരി സൗകര്യത്തിലിലേക്ക് ഒഴിഞ്ഞു മാറി അവൾ വിക്ടറെ ഫോൺ ചെയ്തു.
"ഫോണിൽ ചാർജ് കുറവാണ് വീണ. ചെറിയൊരു കുഴപ്പം ഉണ്ട്. എനിക്ക് ഇപ്പൊ വരാൻ കഴിയില്ല.."
"എന്ത് പറ്റി"
" ചർച്ചിന്റെ കുറേ ഇടിഞ്ഞു വീണു. എനിക്ക് കുഴപ്പമൊന്നുമില്ല.ഞാൻ ആൾത്താരയുടെ ഭാഗത്ത് ആണ്.. ഫയർ ഫോഴ്സ് മണ്ണ് മാറ്റുന്നുണ്ട്..നീ പേടിക്കണ്ട..ഞാൻ ഇപ്പൊ പുറത്തെത്തും..നീ വീട്ടിൽ അല്ലേ..?"
"ഞാൻ ഹോസ്പിറ്റലിൽ ആണ്..നിങ്ങൾ കള്ളം പറയുന്നതാണോ..എന്താ ശരിക്കും."
"കുഴപ്പമൊന്നുമില്ലടി പെണ്ണേ..നീ പേടിക്കാതെ ഇരിക്ക്..ദേ എനിക്കവരെ കാണാം..ഫ്രണ്ടിലെ മണ്ണ് എനിക്ക് ഇറങ്ങാൻ പറ്റുന്ന രീതിയിൽ എത്തിയാൽ ഞാൻ ദേ ഓടി വന്നേക്കാം.."
"എന്താ കിതക്കുന്നത്..?ശ്വാസം കിട്ടുന്നില്ലേ..?എന്താണെങ്കിലും പറ വിക്ടർ.."
"ഇല്ല അങ്ങനൊന്നുമില്ല..ചെറിയ എയർ പ്രോബ്ലം ഉണ്ട്..അവർ oxygen ടൂബ് ഇങ്ങോട്ട് ഇടുന്നുണ്ട്..ഞാൻ പുരത്തിറങ്ങിയിട്ട് വിളിക്കാം..be brave dear..im safe .."
ശരീരം തളരുന്നത് പോലെ. മുന്നിൽ ജീവൻ ഉള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ. മണ്ണിലും ചേറിലും പൊതിഞ്ഞ പുത്തനടുപ്പിട്ട കൊച്ചു പൂമ്പാറ്റകൾ വരെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ചിറകടിച്ചുയരാൻ ഇനി ആകില്ലെങ്കിലും എല്ലാ മുഖങ്ങളിലേയും സ്ഥായിയായ നിഷ്കളങ്കത അടർത്തി മാറ്റാൻ മരണത്തിനു കഴിഞ്ഞില്ല. ദൈവമിത്ര ക്രൂരൻ ആണോ. എന്തിനു ദൈവത്തെ പഴിക്കുന്നു. മനുഷ്യൻ വരുത്തി വെക്കുന്ന ദുരന്തങ്ങൾക്ക് ഉത്തരവാദി അവൻ തന്നെ ആണ്. എങ്കിലും ഈ കാഴ്ചകൾ മനസ് മടുപ്പിക്കുന്നു. ഒരു ഡോക്ടർ ഇവ്വിധം തളരാൻ പാടില്ല. പക്ഷേ വിക്ടറിന്റെ കാര്യം ഓർക്കുമ്പോൾ ഒന്നിനും ആകുന്നില്ല. വിക്ടർ വിളിച്ചിട്ട് നാല് മണിക്കൂർ കഴിഞ്ഞു. അങ്ങോട്ടു വിളിച്ചിട്ടു കിട്ടുന്നില്ല.
"അനാവശ്യ ചിന്തകൾ മനസിലേക്ക് കടന്നു വരരുതേ" പ്രാർത്ഥന നിശ്ശബ്ദമായിരുന്നു. പക്ഷേ ഹൃദയം പ്രക്ഷുബ്ദമായിരുന്നു.
അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറഞ്ഞിരിക്കുന്നു. മരണത്തിന്റേയും ജീവിതറജിലേക്ക് നീന്തി അടുത്തതിന്റേയും സമ്മിശ്ര വികാരങ്ങൾ അവിടെങ്ങും. നഴ്സിംഗ് റൂമിലേക്ക് രേണു കടന്നു വരുമ്പോൾ ഭിത്തിയോട് ചേർത്തിട്ടിരുന്ന ഇരുമ്പ് കട്ടിലിൽ ചാരി ഇരിക്കുകയായിയുന്നു വീണ. ആ കണ്ണുകൾ അടഞ്ഞിരുന്നു. സിന്ദൂരകുറി അണിഞ്ഞ നെറ്റിയിലൂടെ ചുവന്ന വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങുന്നു.
"വീണേ..are you alright.?"
"രേണൂ.. വിക്ടർ ഇത് വരെ.."
"നീ വരൂ..വിക്ടർ വന്നിട്ടുണ്ട്.."
ആൾത്തിരക്കുള്ള ഇടനാഴിയിലൂടെ അവർ നടന്നു. ഇരുമ്പ് ആഴി കൊണ്ട് അടച്ച ലിഫ്റ്റ് അവർക്കു മുന്നിൽ തുറന്നു. icu എന്നെഴുതിയ സ്റ്റിക്കറിന് നേരെ ഉള്ള അക്കത്തിൽ രേണു വിരലമർത്തി.
"രേണൂ..എന്താ അങ്ങോട്ട് പോകുന്നത്"
രേണു ഒന്നും സംസാരിച്ചില്ല.
ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ. മോർച്ചറിയിലേക്ക് മാറ്റുവാനുള്ള ഒരു മൃതദേഹവുമായി ആരോ വന്നു. പകച്ചു നിന്ന വീണയുടെ കൈ പിടിച്ച് രേണു തീവ്ര പരിചരണ വിഭാഗത്തിന്റെ ചില്ലു വാതിലിനരികിലേക്കു നടന്നു.
"നീ പരിഭ്രമിക്കരുത്. അവൻ concious ആണ്. but he doesn't respond.. chocking ഉണ്ടായിട്ടുണ്ട് അതിന്റെയാകും. നീ ഒന്ന് ചെന്നു നോക്കൂ.." രേണു പറഞ്ഞു.
"രേണൂ..വീക്ടർ..അവൻ.." ഇരുണ്ടു നിന്നിരുന്ന വീണയുടെ കണ്ണുകളിൽ ഇടവം പെയ്തു തിമിർത്തു. അവൾ രേണുവിന്റെ ചുമലിലേക്ക് ചാഞ്ഞു.
"dont be upset. You are a doctor. You know how to tackle this situation. നീ കാരയാതിരിക്കൂ. he is fine but traumatised..നീ ചെല്ലൂ , അവനെ വിളിക്കൂ..we need to get him back to life."
നീല ഗൗൺ ധരിച്ചു യന്ത്രങ്ങളുടെ സഹായത്തോടെ ശ്വസിക്കുന്ന വിക്ടറിന്റെ മുഖം വീണക്ക് താങ്ങാൻ ആകുന്നതിലും അപ്പുറമായിരുന്നു. കരയാതിരിക്കാൻ അവൾ പാടു പെട്ടു. അവളുടെ ചുണ്ടുകൾ അയാളുടെ നെറ്റിയിൽ സ്പർശിച്ചു. വിക്ടറിന്റെ കൈകൾ അവൾ സ്വന്തം ഉദരത്തിൽ തൊടുവിച്ചു. അവിടെ അയാൾ സ്വന്തം പിൻഗാമിയെ അറിഞ്ഞു. പാതി മയങ്ങിയ കണ്ണുകൾ സജലങ്ങൾ ആയി. അവ അവളെ തേടി. ജീവിതത്തിലേക്കയാൾ തിരികെ നടന്നു.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

വീട്ടിലേക്കുള്ള വഴി



പന്ത് കളി കഴിഞ്ഞപ്പോഴേക്കും വെയിലാറി തുടങ്ങിയിരുന്നു. അപ്പു നിക്കറിന്റെ പോക്കറ്റിൽ പരതി നോക്കി. ഭാഗ്യം ! അതവിടെ തന്നെ ഉണ്ട്. സ്കൂളീന്നു വരുമ്പോ മുന്തിക്കലെ മുറുക്കാൻ കടയിൽ നിന്നും ഒരു പൊതി വാസനചുണ്ണാമ്പ് വാങ്ങാൻ അമ്മമ്മ രണ്ടു ദിവസമായി പറയുന്നു. ഇന്നെന്തായാലും മറന്നില്ല. ചുണ്ണാമ്പ് വാങ്ങി ബാക്കി വന്ന പൈസക്ക് കമർകെട്ടും വാങ്ങി വായിലിട്ട് നടക്കുമ്പോഴായിരുന്നു അമ്പലപ്പറമ്പിലെ മൈതാനത്ത് പന്തകളി നടക്കുന്നത് കണ്ടത്. നല്ല രസമുണ്ടായിരുന്നു കാണാൻ. അനന്ദൂന്റെ ചേട്ടനുമുണ്ട് കളിക്കാൻ. പണ്ട് സ്കൂളിൽ വെച്ച് അവൻ കാണിച്ചു തന്നിട്ടുണ്ട് ചേട്ടനെ. അവന്റെ ചേട്ടന് ഒരുപാട് ഉയരത്തിൽ പന്ത് തട്ടി പറത്താൻ അറിയാം.

എത്ര നേരം അവിടെ നിന്നെന്നറിയില്ല. നേരം ഒരുപാട് വൈകി. ഇന്ന് അമ്മമ്മയുടെ വഴക്ക് ഉറപ്പാണ്. റോഡ് വഴി പോയാൽ കുറേ സമയമെടുക്കും. വേറെ ഒരു കുറുക്കു വഴി ഉള്ളത് കാവിൽക്കൂടിയാണ്. പാടം വട്ടം കടന്ന് പനങ്ങാട്ട് കാവും കടന്നാൽ ഏലഞ്ചേരിക്കാരുടെ തെങ്ങുംതോപ്പാണ്. അതിനുമപ്പുറത്താണ് വീട്.

ഇനിയിപ്പോ ആലോചിക്കാനൊന്നുമില്ല കുറുക്കുവഴി തന്നെ ശരണം. പോക്കറ്റിൽ കൈയിട്ട് ചുണ്ണാമ്പ് അവിടെ തന്നെ ഉണ്ട് എന്നുറപ്പ് വരുത്തി വരമ്പത്ത് കൂടി അപ്പു ഓടി. കൊയ്ത്തു കഴിഞ്ഞ പാടാത്ത് പയർ നട്ടിട്ടുണ്ട്. അതിനിടക്ക് കാക്കയും മറ്റു കിളികളും വരാതെ നോക്കുകുത്തികൾ മാനം നോക്കി നിൽക്കുന്നു. സാമൂഹ്യ പാഠം ക്ലാസിൽ വെച്ച് ഏലിയാമ്മ ടീച്ചർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം അറിയാതെ എഴുന്നേറ്റ് നിന്ന അപ്പുവിനെ നോക്കി നോക്കുകുത്തി പോലെ നിൽക്കുന്നത് കണ്ടില്ലേ എന്ന് ആക്രോശിച്ച ടീച്ചറെ അപ്പുവിന് ഓർമ വന്നു. അപ്പു തലയിൽ തൊട്ടു നോക്കി. ഇല്ലല്ലോ അപ്പൂന്റെ തല മൺകലം പോലെ അല്ലല്ലോ , പിന്നെ എന്തിനായിരിക്കും ടീച്ചർ അങ്ങനെ വിളിച്ചത്.

പനങ്ങാട്ട് കാവിൽ നല്ല തണുപ്പാണ്. ഇടയ്ക്കിടെ വൈകുന്നേരത്തെ മഞ്ഞ നിറമുള്ള വെയിൽ മുഖത്തേക്ക് വീഴുന്നുണ്ട്. ആരൊക്കെയോ നടന്നു പോയ വഴിച്ചാലിലൂടെ കാലുകൾ നീട്ടി വെച്ച് അപ്പു നടന്നു. പണ്ടൊരിക്കൽ അമ്മമ്മയുടെ കൂടെ കളരിക്കൽ വിളക്ക് വെക്കാൻ ഈ വഴി വന്നിട്ടുണ്ട്. പക്ഷേ അന്ന് ഇത്രയും ദൂരം തോന്നിയില്ല. വഴി തെറ്റി കാണുമോ.!

സമയം കുറേ ആയി ഈ നടപ്പ് തുടങ്ങിയിട്ട്. അപ്പു കൈത്തണ്ടയിലേക്ക് നോക്കി. വാച്ച് കെട്ടാൻ മറന്നു. ബാലനമ്മാവൻ ഗൾഫീന്ന് വന്നപ്പോ കൊണ്ടുവന്നു തന്ന വാച്ച് ആണ്. സൂചിയില്ല, സമയം എഴുതി കാണിക്കുന്ന തരം ആണ്. ഒരു വശത്തു രണ്ട് ചെറിയ മൊട്ടുകൾ ഉണ്ട്. അതിലൊന്നിൽ ഞെക്കിയാൽ ലൈറ്റ് കത്തും. അടുത്ത മൊട്ടിൽ ഞെക്കിയാൽ സമയം പറയും , അതും ഇംഗ്ലീഷില്. ആ വാച്ച് രണ്ടു ദിവസേ സ്കൂളിൽ കൊണ്ട് പോയിട്ടുള്ളൂ. ഫസ്റ്റ് ബെഞ്ചിലെ വിദ്യേടെ ഏട്ടനും ഇത് പോലത്തെ ഒരു വാച്ച് ഉണ്ടത്രേ. അതിൽ സമയം പറയുന്നതിന് പകരം കോഴി കൂവൂന്നാ അവള് പറഞ്ഞത്. അതിന് അവൾടെ ആരാ ഗൾഫിൽ ഉള്ളത്. പുളു പറഞ്ഞതാകും ആ നുണച്ചിപ്പാറു.

വെയിൽ മാഞ്ഞു തുടങ്ങി. ഇടയ്ക്കു മരങ്ങൾക്കിടയിലൂടെ കാണുന്ന ആകാശത്ത് ചുവപ്പ് നിറം പരന്നു. അപ്പുവിന് ചെറുതായി ഭയം തോന്നിത്തുടങ്ങി. നട്ടുച്ചക്കും സന്ധ്യക്കും ആരും ഈ വഴി നടന്നു കൂടാ. പ്രത്യേകിച്ച് പെണ്ണുങ്ങളും ചെറിയ കുട്ടികളും. യക്ഷികളും ചാത്തന്മാരും ഒക്കെ ഇര പിടിക്കാൻ ഇറങ്ങുന്ന സമായമാണെന്ന് അമ്മമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മിനിഞ്ഞാന്ന് രാത്രി വീട്ടിൽ കള്ളു ചെത്താൻ വരുന്ന ദിവാകരൻ ചേട്ടനെ കാവിൽ വെച്ച് ചാത്തന്മാർ കല്ലെറിഞ്ഞ് ഓടിച്ച കാര്യം വീട്ടിൽ പറയുന്നത് കേട്ടിരുന്നു.

വഴി തെറ്റിയില്ലായിരുന്നെങ്കിൽ നേരത്തേ വീട്ടിൽ എത്തുമായിരുന്നു. ഇനി വഴിയിൽ വെച്ച് വല്ല യക്ഷിയേയും കണ്ടാൽ എന്തു ചെയ്യും. പിടിക്കല്ലേന്ന് പ്രാർത്ഥിക്കാം , പിടിച്ചാൽ യക്ഷി ആളുകളെ കൊല്ലും. ബാലനമ്മാവൻ മരിച്ച അന്ന് അമ്മമ്മ ശാരദ അമ്മായി കൊന്നതാ അവനെ എന്നൊക്കെ വിളിച്ചു കരയുന്നുണ്ടായിരുന്നല്ലോ. അപ്പൊ ശാരദഅമ്മായി യക്ഷി ആയിരിക്കുമോ. യക്ഷികൾക്ക് നീളൻ മുടി ഒക്കെ കാണും. അമായിക്കും നല്ല നീളമുള്ള മുടിയാ പോരെങ്കിൽ ഇപ്പോ വെള്ള സാരി ഉടുത്ത് മാത്രേ അമ്മായിയെ കാണാറുള്ളൂ. യക്ഷികളല്ലേ വെള്ള സാരി ഉടുത്ത് നടക്കുക. ആണെന്നാ പാല് വാങ്ങാൻ വരണ വിഷ്ണു പറഞ്ഞത്. അവന്റെ അച്ഛൻ അയ്യപ്പൻ കോവിലിലെ ശാന്തിയല്ലേ അപ്പോ അവന് ഇതൊക്കെ ശരിക്കും അറിയാമായിരിക്കും. ഇനി അവനെ കണ്ടിട്ട് വേണം അമ്മായി യക്ഷി ആണോന്ന് ചോദിക്കാൻ.
നടന്നു നടന്നു ക്ഷീണിച്ചു . ഇനി ഇത്തിരി ഇരുന്നിട്ട് പോകാം. വാച്ച് കെട്ടാത്തത് കഷ്ടമായി. പന്ത് കളി കഴിഞ്ഞ് നിൽക്കുമ്പോൾ അല്ലായിരുന്നോ മേരീമാതാ ബസ് പോകുന്നത് കണ്ടത്. അത് കഴിഞ്ഞ് ഒരു അര മണിക്കൂർ നടന്നു കാണും. അങ്ങിനെ നോക്കുമ്പോൾ ഇപ്പോൾ സമയം ഏകദേശം ആറു മണി ആയിക്കാണും.

"അപ്പൂ..! നീ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്. അമ്മമ്മ എവിടെ.."

"അമ്മമ്മ വീട്ടിലാ. എനിക്ക് വീട്ടിലേക്ക് പോകുമ്പം വഴി തെറ്റി പോയി..അതാ ഇവിടെ ഇരിക്കണത്. ചേച്ചി ഏതാ..പേരെന്താ?" പേടിപ്പെടുത്തുന്ന ആ ചുറ്റുപാടിൽ മറ്റൊരു മനുഷ്യജീവിയെ കണ്ട സന്തോഷത്തിൽ കസവിന്റെ അരികുകൾ ഉള്ള വെള്ള ബ്ലൗസും ചുവന്ന പട്ടു ചേല കൊണ്ടുള്ള പാവാടയും ധരിച്ച ആ പെൺകുട്ടിയോട് അപ്പു ചോദിച്ചു.

"കുറച്ചപ്പുറത്തുള്ളതാടാ..നിന്റെ അമ്മമ്മയെ ഞാൻ അറിയുന്നതാ. നീ വാ നിന്നെ ഞാൻ കാവിനു വെളിയിലാക്കി തരാം"

"ഒരഞ്ചു മിനിറ്റ് ചേച്ചീ.. നടന്നു നടന്നു കാലു വേദനിക്കുന്നു "

"നീ മടുത്തോ..കുട്ടിക്കും മുട്ടിക്കും മടുപ്പും തണുപ്പും ഇല്ലാന്ന് കേട്ടിട്ടില്ലേ. ശെരി നിനക്ക് വയ്യെങ്കിൽ വേണ്ട.. നമുക്കിതിരി നേരം ഇവിടെയിരുന്നു കല്ല് കളിക്കാം.."

അമ്മമ്മയെ അറിയുംന്ന് പറഞ്ഞത് നേര് തന്നെ. ഇല്ലെങ്കിൽ അമ്മാമ്മ എന്നും രാവിലെ പറയുന്ന ചൊല്ലൊക്കെ ഈ ചേച്ചിക്ക് അറിയുന്നതെങ്ങനെയാ. അതും പോരാഞ്ഞ് അമ്മൂമ്മക്ക് ഇഷ്ടമുള്ള കല്ല് കളി. അപ്പുറത്തെ കാളി മുത്തശ്ശി വന്നാൽ അമ്മമ്മയും മുത്തശ്ശിയും നേരമിരുട്ടും വരെ കല്ല് കളിയാണ്.

ഉരുളൻ കല്ലുകൾ ഉള്ളം കയ്യിൽ പിടിച്ച് ചേച്ചിയും അപ്പുവും മുകളിലേക്കെറിഞ്ഞു. മലർത്തി പിടിച്ച കയ്യിൽ ഒരെണ്ണം പോലും അപ്പുവിന് കിട്ടിയില്ല. അപ്പു എറിഞ്ഞതും കൂടി ചേച്ചിയുടെ പുറം കൈയിൽ വീണു.

"അപ്പൂന് കളിക്കാൻ അറിയില്ലാല്ലേ. അമ്മമ്മേടെ കൂടെ ഇടക്ക് കളിക്കാൻ ഒക്കെ കൂടണംട്ടോ. വയസായാൽ പിന്നെ അപ്പൂന്റെ ഒക്കെ കൂടെ അല്ലാണ്ട് ആരുടെ കൂടെയാ അമ്മമ്മ നേരം കൊല്ലുക..അപ്പൂ എന്നാ നമുക്ക് നടക്കാം.."
 
അതു വരെ തെളിയാത്ത ഒരു വഴി അവർക്കു മുന്നിൽ തെളിഞ്ഞു.

"ഞാൻ വന്നപ്പോ ഈ വഴി കണ്ടില്ലല്ലോ.വഴി ഒന്നും കാണാത്തത് കൊണ്ട് ഞാൻ എന്ത് ചെയ്യുംന്നോർത്ത് ഇരിക്കുവായിരുന്നു."

"അതേ അപ്പൂ.. നീ കുഞ്ഞല്ലേ. നിന്റെ കണ്ണിനേക്കാൾ കാഴ്ച ചേച്ചീടെ കണ്ണിനുണ്ട്. അതാ. "

വഴി കൂടുതൽ തെളിഞ്ഞു വരുന്നു. അങ്ങ് ദൂരെ ഏലഞ്ചേരിക്കാരുടെ തൊപ്പിലെ മണ്ടയില്ലാത്ത തെങ്ങിന്റെ തലപ്പ് മരത്തിനിടയിലൂടെ മിന്നായം പോലെ ഒന്ന് രണ്ട് വട്ടം കണ്ടു. എങ്കിലും കാവിൽ നിന്ന് പോകാൻ തോന്നുന്നില്ല. ഭയം ഒക്കെ എങ്ങോ മാഞ്ഞു പോയി. എന്ത് തണുപ്പാണ് ഇവിടെ. കിളികളുടെ ശബ്ദം. അകെ മൊത്തം ഭംഗിയുള്ള മരങ്ങൾ, വള്ളികൾ. വരുന്ന വേനലവധിക്ക് ഇവിടെ ഒരു ഊഞ്ഞാല് കെട്ടണം.

"അപ്പൂ.. ഇങ്ങോട്ട് മാറി നടന്നോളൂ.. മാരോട്ടി പഴുത്തു നിക്കണുണ്ട്. കാറ്റടിച്ചു ദേഹത്ത് വീണാൽ നല്ല വേദനയാകും. "

വഴിച്ചാലിന്റെ വലതു വശത്തു നിറയെ മാരോട്ടി മരങ്ങൾ ആണ്. അതിന്റെ കൊമ്പുകൾ താഴ്ന്നു നിൽക്കുന്ന വിധം നിറയെ മരോട്ടികായ്കൾ തൂങ്ങി കിടക്കുന്നു.

"അപ്പു ഓർക്കുന്നുണ്ടോ ദിവാകരൻ ചേട്ടനെ ചാത്തന്മാർ എറിഞ്ഞ കാര്യം. "

"മ്.."

"എന്റപ്പുകുട്ടാ.. ചാത്തന്മാർക് വേറെ എന്തൊക്കെ ജോലികൾ ഇരിക്കുന്നു. ആ ചേട്ടൻ കള്ളും കുടിച്ച് ഇത് വഴി വന്നതാ..നല്ല കാറ്റ് അല്ലായിരുന്നോ..മാരോട്ടികായ് എല്ലാം കൂടി അയാളുടെ ദേഹത്തേക്ക് വീണു. ഇനിയിപ്പോ കള്ളും കുടിച്ച് ആരും ഈ വഴി വരില്ല..
അപ്പു ഇതാരോടും പറയരുത് കേട്ടോ..
കള്ളു കുടിച്ചു കാവിൽ തോന്നിയ പോലെ നടന്നാൽ കാവ് മുടിയും..പിന്നെ അപ്പൂന് ഊഞ്ഞാൽ കെട്ടാനും കളിക്കാൻ വരാനും ഈ കാവുണ്ടാകില്ല.."

"ഞാൻ ഊഞ്ഞാലിന്റെ കാര്യം ഓർത്തൂന്ന് ചേച്ചിക്കെങ്ങനാ മനസിലായത്..?"

"അതോ..അപ്പൂനെപ്പോലെ ഉള്ള കുഞ്ഞു കുട്ടികൾ ആലോചിക്കാൻ സാധ്യത ഉള്ള കാര്യങ്ങളൊക്കെ എനിക്ക് മനസിലാക്കാൻ പറ്റുമല്ലോ "

വഴി അവസാനിക്കാറായി കാവിന്റെ കുളിർമയും പക്ഷികളുടെ കാലമ്പലുകളും നേർത്തു നേർത്തു വന്നു. ഒരു നൂറു നൂറ്റി അൻപതടി കൂടി നടന്നാൽ ഏലഞ്ചേരിക്കാരുടെ പറമ്പായി. അപ്പുവിന്റെ കണ്ണിൽ തണുപ്പും പച്ചപ്പും നിറഞ്ഞ ഒരു പാട് മരങ്ങൾ ഉള്ള ഒരിടത്തു നിന്നും ഇതൊന്നുമില്ലാത്ത തെങ്ങുകൾ മാത്രം നിറഞ്ഞ ഒരു വെളിമ്പ്രദേശത്തെക്കുള്ള നടത്തം. വീട്ടിലേക്കുള്ള വഴിയിലെ രണ്ടു വിരുദ്ധ ധ്രുവങ്ങൾ.

"ചേച്ചീ..ചേച്ചി യക്ഷി ആണോ?"

"എന്റെ അപ്പുകുട്ടാ... നിന്റെ ഓരോ സംശയങ്ങൾ. ദേ അമ്മമ്മ വരുന്നുണ്ട്. തെങ്ങുംതൊപ്പിന്റെ നടുക്കെത്തി.."

"എവിടെ എനിക്ക് കാണാൻ പറ്റണില്ലല്ലോ..!!"

"നിനക്കു ഉയരം കുറവല്ലേ. അതാ കാണാത്തത് "

കാവ് കഴിഞ്ഞ് തെങ്ങും തൊപ്പിലേക്ക് അപ്പുവിനെ എടുത്തു കയറ്റുമ്പോൾ അമ്മമ്മ നടന്നു വരുന്നുണ്ടായിരുന്നു. ദൂരെ നിന്നും ഒച്ച ഇട്ടാണ് വരുന്നത്. ഇന്ന് അടി ഉറപ്പ്.

"എവടെ ആയിരുന്നെടാ ഇത് വരെ. നീ കാവിലേക്ക് ഒറ്റക്ക് കയറിപ്പോയെന്ന് ദിവാകരൻ വന്നു പറഞ്ഞപ്പോ എന്റെ ജീവൻ കത്തി പോയി."

ആകാശം ചുവപ്പ് അഴിച്ചു മാറ്റി കറുപ്പുടുത്തിരുന്നു. അപ്പുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു വേഗം തിരിഞ്ഞു നടക്കാൻ നേരം അമ്മമ്മ പിന്നെയുമെന്തൊക്കെയോ പറഞ്ഞു. മൂന്നോ നാലോ ചുവടേ വെച്ചുള്ളൂ. അപ്പുവിന് ചേച്ചിയെ ഓർമ വന്നു. ഒരു റ്റാറ്റ എങ്കിലും പറയേണ്ടതായിരുന്നു. അപ്പു തിരിഞ്ഞു നോക്കി.
അവിടെ ആരുമുണ്ടായിരുന്നില്ല.!!

ഇതുകൂടി വായിച്ചു നോക്കൂ