അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016 ജൂലൈ 17, ഞായറാഴ്‌ച

ടെക്കി


ഏറെ നേരം നോക്കി നിന്നിട്ടാണ് ബസ് കിട്ടിയത്. എട്ടുമണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ ഇതുവരെ ഉണ്ടാകാതിരുന്നത് കൊണ്ടാണ് ബസിലെ ഈ തിരക്ക് അസാധാരണമായ ഒന്നാണോ എന്ന് പറയാൻ കഴിയാത്തത്. ഫസ്റ്റ് ഗിയറിൽ ഒന്നു തുള്ളിച്ചാടിയ ശേഷം മുക്കി മുരണ്ടു നീങ്ങി തുടങ്ങിയ ട്രാൻസ്‌പോർട്ട് ബസിന്റെ താളത്തിനൊപ്പം യാത്രക്കാരുടെ തലകൾ ഒരു ശാസ്ത്രീയ നൃത്താഭ്യാസിയുടേതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞാൻ അടുത്തിരുന്ന ആളെ നോക്കി. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണിത്ര നോക്കാൻ..!മനുഷ്യരെ കണ്ടിട്ടില്ലേ.. എന്റെ ഉയർന്നു വന്ന പുരികക്കോടികൾ അയാളോടാരാഞ്ഞു. 


"കഴുത്തി കോണാനൊക്കെ കെട്ടി എവടെ പോകുവാ" എന്ത് ശല്യമാ ഇത്..disgusting..! ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ടൈ അഴിച്ചു ബാഗിൽ ഇട്ടു. വെറുതെ ഒച്ച എടുത്ത് ഉള്ള എനർജി കൂടി കളയാൻ വയ്യ. എട്ടരയ്ക്ക് തുടങ്ങിയ ഷിഫ്റ്റാണ്, അഞ്ചരക്കു കഴിയേണ്ടതാണ്. ക്രിട്ടിക്കൽ വർക്കാണ് പോലും. ചെയ്തിട്ടേ പോകാവൂ എന്ന് മുകളിൽ നിന്നുള്ള താക്കീതു വേറെയും. വർക്ക് എല്ലാം തീർത്ത് ഇറങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂർ ജോലി. ഞങ്ങൾക്ക് വേണ്ടി വാദിക്കാനും സമരം ചെയ്യാനും ഒരു യൂണിയൻകാരും രാഷ്ട്രീയക്കാരും ഇല്ല. അസംഘടിത്തരായേ പറ്റൂ , അവകാശങ്ങളെ പറ്റി ശബ്ദമുയർത്തിയാൽ പിരിഞ്ഞു പോകേണ്ടി വരും.

ക്വർട്ടേഴ്‌സ് ജങ്ഷനിൽ എത്തിയപ്പോഴേക്കും തിരക്ക് കുറഞ്ഞെങ്കിലും വേറെ സീറ്റുകൾ ഒന്നും ഒഴിവില്ലായിരുന്നു. ഇടക്കാരോ കലൂർ ബസ് ആണെന്ന് കരുതി കയറി. കണ്ടക്റ്ററും ആയാളും തമ്മിൽ വാക്കേറ്റം. കയറാൻ നേരം കണ്ടക്റ്റർ അയാളോട് പറഞ്ഞില്ലത്രേ. അയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ ശേഷം കണ്ടക്റ്റർ എന്റെ അടുത്ത് വന്നു.

"ഇന്നെന്താ ഇങ്ങോട്ടു പോകുന്നത്?"
"ഒരു പോണേക്കര..അമൃതയിൽ ഇറങ്ങാൻ പറ്റില്ലേ.."
"അമൃതേല് സ്റ്റോപ്പ് ഇല്ല. പോണേക്കര ഇറങ്ങി റയിൽവേ ക്രോസ്സ് ചെയ്താ മതി.." ടിക്കറ്റ് കീറിക്കൊണ്ട് അയാൾ ചോദിച്ചു "മോൻ ഇൻഫോപാർക്കിൽ അല്ലേ..ഞാൻ കാണാറുണ്ട് അവിടുന്ന് കേറുന്നത്. എന്റെ മോള് എൻജിനീയറിങ് കഴിഞ്ഞിരിക്കുവാ എന്തേലും ജോലി ഒഴിവുണ്ടോ അവിടെ" എന്റെ കമ്പനിയിൽ ഇപ്പോൾ ഒഴിവില്ലെന്നും ഇന്റർവ്യൂ വരികയാണെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഞാൻ അയാളുടെ ഫോൺ നമ്പർ ചോദിച്ചു. ഒരു തുണ്ടു കടലാസിൽ നമ്പർ എഴുതി തന്നിട്ട് ബാക്കി ഉള്ളവർക്ക് ടിക്കറ്റ് കൊടുക്കാൻ അയാൾ പോയി.

"നിങ്ങള് ഇൻഫോപാർക്കിൽ ആയിരുന്നല്ലേ..ഞാൻ ഓർത്തു വല്ല മെഡിക്കൽ റെപ്പും ആയിരിക്കുമെന്ന്"

അയാളുടെ സംസാരം കേട്ടിട്ടും കെട്ടില്ലെന്നു നടിച്ചു ഞാൻ ഇരുന്നു. ബസ് പാലറിവട്ടത്ത് നിന്നും തിരിഞ്ഞു. ഞാൻ വാച്ചു നോക്കി സമയം എട്ടര. ഹോസ്പിറ്റലിൽ നാളെ ചെന്നാലും മതിയായിരുന്നു. പക്ഷേ നാളെയും നല്ല ജോലിത്തിരക്കാണ്. രാത്രി അശ്വതിയുടെ ചേട്ടന്റെ ഫ്‌ളാറ്റിൽ താമസിക്കാനുള്ള ഏർപ്പാട് അവൾ ചെയ്തിരുന്നു. അവിടെ നിന്നും കുളിച്ചു ഫ്രഷ് ആയി രാവിലെ ഓഫീസിലെത്തിയാൽ മതി.

"ഇന്ഫോപ്പർക്കിലാവുമ്പോ നല്ല ശമ്പളം ഒക്കെ കാണുവല്ലേ.."അയാൾ എന്നെ വിടാനുള്ള ഭാവമില്ല.

"കുഴപ്പമില്ല"ഞാൻ ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞു. അൽപ സമയം അയാൾ മിണ്ടാതിരുന്നെങ്കിലും വീണ്ടും ചോദ്യങ്ങൾ തൊടുത്തു.

"ഓരോരുത്തരുടെ യോഗേ ചുമ്മാ കംപ്യൂട്ടറിന്റെ മുന്നീ കുത്തി ഇരുന്നാ മതി. നമ്മളൊക്കെ രാത്രി കൂടി ഓട്ടോ ഓടിച്ചാലും ആയിരം തികച്ച് കിട്ടൂല്ല..
പിന്നെ നല്ല പെങ്കൊച്ചുങ്ങളൊക്കെ കാണുമല്ലേ അവിടെ.."


ഞാൻ അയാളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. "ഉണ്ടെങ്കിൽ..? " നുരഞ്ഞു വന്ന ദേഷ്യം പിടിച്ചു കെട്ടാൻ നോക്കിയെങ്കിലും എന്റെ നാവിനെ നിയന്ത്രിക്കാൻ മനസിനായില്ല. "നിങ്ങക്കെന്താ അറിയണ്ടേ..അല്ല നിങ്ങളോടു മറുപടി പറയണ്ട കാര്യമൊന്നുമില്ല എനിക്ക് "

"ഓ നിനക്കൊക്കെ കാണിക്കാം.. ഇന്നാള് ഒരുത്തിയെ ഞങ്ങള് പൊക്കി.. അവക്ക് രാത്രിപ്പണി..മൂന്ന് മണിക്കും നാല് മണിക്കും കാറിൽ വന്നിറങ്ങും.. ഇവിടെ മാന്യന്മാർ ജീവിക്കണ സ്ഥലമാ.. " അയാൾ ശബ്ദമുയർത്തി

"എന്ത് മാന്യത ഹേ... നിങ്ങക്ക് ഞങ്ങടെ ജോലിയെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു തൊള്ള തുറക്കണത്.. നാല് വർഷം കഷ്ടപ്പെട്ട് എൻജിനീയറിങ് പഠിച്ചിട്ട് ഓരോ കമ്പനികൾ കയറി ഇറങ്ങി ഇന്റർവ്യൂ ആയ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് ഒരു ജോലി കിട്ടി. നിങ്ങള് കുറച്ചു മുൻപ് പറഞ്ഞ പോലെ ചുമ്മാ സീറ്റിൽ കുത്തി ഇരുന്ന് മേടിക്കാൻ എന്റെ കുടംബസ്വത്തൊന്നുമല്ല അത്. അല്ല അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് വന്നിരുന്നു നോക്ക്. രാവിലെ എട്ടര മുതൽ രാത്രി പന്ത്രണ്ട് വരെ ഒക്കെ. എന്നിട്ടു വൈകി ഇറങ്ങുമ്പോ ബസ് സ്റ്റോപ്പിലെത്താൻ ഒരു ഓട്ടോ പിടിക്കുമ്പോൾ ഞങ്ങൾക്ക് മാത്രം ഇരട്ടി ചാർജ്. 

പിന്നെ പറഞ്ഞല്ലോ ഒരുത്തിയെ പൊക്കി എന്ന്. നാണമില്ലല്ലോ.. നീ പൊക്കിയവൾടെ വീട്ടിൽ ഒരു തള്ള ഉണ്ട്.. കാല് വയ്യാത്തതാ.. ഹൃദയത്തിനും തകരാറുണ്ട്. ഈ മാന്യന്മാരൊന്നും അതൊന്നും അന്വേഷിച്ചില്ലല്ലോ.. 24 മണിക്കൂറും ജോലി ചെയ്യുന്നവരാ ഞങ്ങൾ IT തൊഴിലാളികള്.. ഞങ്ങള് ചെയ്യണ തൊഴിലിന്റെ ഫലമാ നിങ്ങളീ കൈയീ പിടിച്ചേക്കണ മൊബൈല്.. നിങ്ങള് വീട്ടിലിരുന്നു കാണണ വാർത്ത.. രാവിലെ വായിക്കണ പത്രം.. ഓക്കേത്തിന്റെ പിന്നിലും ഞങ്ങടെ ആയുസും ആരോഗ്യവുമുണ്ട്..ഒരു മാന്യൻ വന്നേക്കുന്നു.."


അയാൾ പക്ഷെ മായപ്പെടാനോ വിട്ടു തരാനോ ഭാവമില്ലായിരുന്നു. "ചുമ്മാ ചെലക്കാതെടാ ചെക്കാ.. നിന്റെ ഒക്കെ തനിക്കൊണം പത്രത്തിലും ടിവി യിലും ഒക്കെ കണ്ടു. സ്വന്തം കൊച്ചിനെ വരെ കൊന്നില്ലേ നിന്റെ ഒക്കെ കൂടെ ഉള്ള ഒരുത്തി..മാറ്റവന്റെ കൂടെ പോകാൻ."

"അവൾ ടെക്നൊപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്നത് നേരാ.. എന്ന് വെച്ച് എല്ലാരും അങ്ങനെ ആകുവോ. ഇന്നാള് ഒരാളുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോകാരൻ ആയിരുന്നു എന്ന് പാത്രത്തിൽ കണ്ടു. കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതികളിൽ ഒരാളും ഓട്ടോകരൻ ആയിരുന്നു. എന്ന് വെച്ച് എല്ലാ ഓട്ടോക്കാരും അങ്ങനെ ആകുമോ.. നിങ്ങൾ ചെലപ്പോ ആയിരിക്കും.." എനിക്കതിനു മറുപടി ഉണ്ടായിരുന്നു.

"ശരി അതൊക്കെ അങ്ങനെ ആയിക്കോട്ടെ.." അയാൾ ഒരുവിധം മയപ്പെട്ടു എങ്കിലും ചോദിച്ചു "നിങ്ങക്കൊക്കെ ജീവിതത്തെപറ്റി എന്തെങ്കിലും അറിയുമോ.. ഉള്ളിയും അരിയും മുളകും ഉപ്പും കടയിൽ പോയി മേടിക്കുന്നവർക്കേ ജീവിതം അറിയൂ."

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരിക്കാനാണ് തോന്നിയത് "സഹോദരാ.. എന്റെ അപ്പച്ചൻ ഒരു റബർ ടാപ്പിംഗ് തൊഴിലാളി ആണ്. അമ്മ വീടിനടുത്തുള്ള ഒരു സ്‌കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കുന്ന പണി ആണ്. ഗവണ്മെന്റ് സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരാനിയത്തി ഉണ്ടെനിക്ക്. എനിക്ക് മണ്ണിലിറങ്ങി കിളക്കാനാറിയാം. എത്താവാഴയും പൂവനും പാളേങ്കോടനും വാഴക്കന്ന് കണ്ടാൽ തിരിച്ചറിയാം. എല്ല ഞായറാഴ്ചയും അപ്പച്ചന്റെ സൈക്കിളിന്റെ പിന്നിലിരുന്നു പള്ളിയിൽ പോകാറുണ്ട് ഇപ്പോഴും..ഞാനും ഒരു സാധാരണക്കാരൻ ആണ്. എന്നെ പോലെ ജീവിതം അറിയുന്നവർ തന്നെ ആണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുട്സ് മുറിയിലെ ചക്രക്കസേരയിലിരുന്നു മുരടിക്കുന്നത്. ഞങ്ങളുടെ ഡ്രെസ്സിൽ ചെളി പുരാളാറില്ല, വിയർക്കാറില്ല പക്ഷേ അദ്ധ്വാനിക്കുന്നവർ തന്നെ ആണ്. തൊഴിലിന്റെ മഹത്വം അറിയുന്നവരാണ്..ആധുനിക ലോകത്തെ തൊഴിലാളി വർഗമാണ് ഞങ്ങൾ. " 
അതിനയാൾ മറുപടി പറഞ്ഞില്ല. ബസിന്റെ ജനൽകമ്പിയിൽ തല ചാരി പുറത്തേയ്ക്ക് നോക്കിയിരുന്നു. വളവുകൾ തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.


"പോണേക്കര എത്തി"കണ്ടക്റ്റർ വന്നു തോളിൽ തട്ടി. ഇറങ്ങാൻ നേരം മകളുടെ ജോലിക്കാര്യം അയാൾ വീണ്ടും ഓർമിപ്പിച്ചു. എന്നോട് തർക്കത്തിൽ ഏർപ്പെട്ടിരുന്ന ആളും എന്റെ കൂടെ ഇറങ്ങി. ആയാളും അമൃതായിലേക്കണത്രെ. ഇളയ മകൾക്ക് നാളെ ഒരു ശസ്ത്രക്രിയ ഉണ്ട്. കൂടുതൽ ചോദിച്ചപ്പോൾ അവരുടെ ശസ്ത്രക്രിയക്കു വേണ്ടി രക്തം നൽകാൻ ആണ് ഞാൻ വന്നിരിക്കുന്നത്. അതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ബ്ലഡ് ബാങ്കിൽ രക്തം കൊടുത്തു ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അയാൾ വരാന്തയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ മൂത്ത മകൾ ആണെന്നു പറഞ്ഞു.

"മോളെന്താ ചെയ്യണേ..?" ഞാൻ ചോദിച്ചു
"ഞാൻ ബി.ടെക്ക് ചെയ്യുവാ ഇവിടെ കുസാറ്റിൽ."
"ആഹാ മിടുക്കിയാണല്ലോ.. ഏതാ ബ്രാഞ്ച്..?"
"കമ്പ്യൂട്ടർ സയൻസ്.." ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി അയാൾ തല കുനിച്ചു നിൽക്കുകയായിരുന്നു.


( ഇത് തികച്ചും സങ്കല്പികം മാത്രം. എങ്കിലും ഇത്തരം അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു )

2016 ജൂൺ 13, തിങ്കളാഴ്‌ച

അനിയത്തി



തനിക്കൊരു അനിയത്തി ഉണ്ടെന്നറിഞ്ഞ ദിവസം അയാളിൽ സന്തോഷത്തിന്റെ പുതു നാമ്പുകൾ മുള പൊട്ടിയിരുന്നു. എന്തിനായിരുന്നു അപ്പൻ ഇത് തന്നിൽ നിന്നും മറച്ചു വെച്ചതെന്നയാൾക്ക് മനസിലായില്ല. അപ്പനോടയോടയാൾക്ക് ദേഷ്യം തോന്നി. മരിച്ചവരോട് ദേഷ്യം തോന്നാൻ പാടില്ല. നടരാജൻ ലെതർ ബാഗിൽ നിന്നും മുഷിഞ്ഞു ചുളുങ്ങിയ കത്തെടുത്തു തുറന്നു. അപ്പൻ തനിക്കെഴുതിയ കത്ത്. അപ്പന്റെ മരണക്കുറിപ്പ്. അതിലെ വരികൾ ഓരോന്നും അയാൾ വീണ്ടും വീണ്ടും വായിച്ചു.
ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങി തുടങ്ങുമ്പോൾ ചിലർ മരണത്തെ സ്നേഹിച്ചു തുടങ്ങും. അത്തരത്തിൽ ഒരു സ്നേഹബന്ധത്തിൽ അപ്പൻ അകപ്പെട്ടിരുന്നത് അയാൾ തിരിച്ചറിഞ്ഞില്ല. പ്രതിസന്ധികളുടെ രാത്രിയെ കീഴ്പ്പെടുത്തി സന്തോഷത്തിന്റെ പ്രകാശം ജീവിതത്തിൽ നിറയും എന്നയാൾ വിശ്വസിച്ചു. വിശ്വാസം ചിലപ്പോഴൊക്കെ വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കും. പണം കൊണ്ട് തൂക്കി നോക്കാതെ സ്വന്തം വൃക്ക തരാമെന്ന് ഇതുവരെ കാണാത്ത ഒരു ദൈവദൂതൻ അറിയിച്ചു. പക്ഷേ അതറിയുന്നതിനും മുൻപ് ആസന്നമായതിനൊപ്പം അപ്പൻ സ്വയമിറങ്ങി പോയി.
വഴിയരികിലെ ഏതോ മരത്തിന്റെ ഇലകൾ മുഖത്ത് ആഞ്ഞു തല്ലിയപ്പോൾ നടരാജൻ ചിന്തകളിൽ നിന്നുണർന്നു. വണ്ടി ഏതോ വീതി കുറഞ്ഞ റോഡിലൂടെ ആണ് സഞ്ചരിക്കുന്നത്. ബസിന്റെ ജാലകത്തിൽ കൂടി ഇടക്കിടെ ചില മരങ്ങളും ചെടികളും ഉള്ളിലേക്ക് തല എത്തിച്ചു നോക്കുന്നുണ്ട്. കൈയിലെ കടലാസിലെ വിലാസത്തിൽ അയാൾ ഒരിക്കൽ കൂടി നോക്കി. അനിയത്തിയുടെ വിലാസം. ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു കരുതിയ നിമിഷം ഒരു തുണ്ട് കടലാസിലൂടെ അപ്പൻ വെളിപ്പെടുത്തിയ തന്റെ ചോരയുടെ രൂപം അയാൾ ഭാവനയിൽ കാണാൻ ശ്രമിച്ചു.
അവൾ തന്നെപ്പോലെ ആയിരിക്കുമോ..! അല്ല അമ്മയെ പോലെ ആകും. അമ്മ സുന്ദരി ആയിരുന്നു എന്നാണ് അപ്പൻ പറയാറ്. അയാൾ അമ്മയെപ്പറ്റി ഓർത്തു. അയാളുടെ ഭാവനയിൽ അമ്മക്ക് രൂപമില്ലയിരുന്നു. ഒരു ഫോട്ടോ പോലും ബാക്കി വെക്കാതെ എല്ലാം കവർന്നെടുത്ത അഗ്നിയെ അയാൾ ശപിച്ചു. മണ്ണെണ്ണ വിളക്കിൽ നിന്നും പടർന്ന തീ ബാക്കി വെച്ചത് ഒരാപ്പനേയും മൂന്ന് വയസ്കാരൻ മകനേയും മാത്രം. ജീവിതത്തിൽ ഉടനീളം തനിക്കപ്പനും അപ്പന് താനും എന്ന കണക്കിനാണ് ജീവിച്ചത്. ഇന്നിതാ സ്വന്തം അനുജത്തിയെ കാണാൻ പോകുന്നു. അല്ല അവൾ തന്റെ സ്വന്തമല്ല, തന്റെ അമ്മയുടെ ഛായ അവൾക്ക് കിട്ടുന്നതെങ്ങനെ. അവളെക്കുറിച്ച് അറിഞ്ഞത് മുതൽ അവളെ മറ്റൊരമ്മയുടെ മകളായി കാണാൻ അയാൾക്ക് കഴിഞ്ഞില്ല. അങ്ങിനെ കരുതിക്കൂടാ അവൾ തന്റെ സ്വന്തം പെങ്ങൾ ആണ്. അവളുടെ അമ്മ ഇനി തന്റേയും കൂടി അമ്മയാണ്.
അനിയത്തിയെ കാണുമ്പോൾ പറയാൻ ഉള്ള കാര്യങ്ങൾ അയാൾ അക്കമിട്ടു മനസ്സിൽ കുറിച്ചു. ഒന്നും പറയാൻ വിട്ടു പോകരുത്. അവൾ തന്നെ എന്തായിരിക്കും വിളിക്കുക. ചേട്ടായിന്ന് ആയിരിക്കുമോ അതോ ഏട്ടാന്നോ. നടേശേട്ടൻ..അയ്യേ അറുബോറൻ വിളിയാകുമത്. എന്തെങ്കിലും വിളിക്കട്ടെ എന്റെ കുഞ്ഞനിയത്തി. അയാൾ സ്വയമറിയാതെ ചിരിച്ചു.
"ചേട്ടാ എത്തി.. അടുത്ത സ്റ്റോപ്പ് ആണ് "
"ഇവിടുന്ന് കരിംപൂപ്പാറക്ക് ബസ് കിട്ടുവോ ?" ബസിന്റെ വാതിൽക്കൽ നിന്നിരുന്ന ചെറുപ്പ കാരനോടയാൾ ചോദിച്ചു
"നാടാടെ ആണല്ലേ.. അപ്പറേക്ക് ബസ് പൂവില്ല.. ജീപ്പ് കിട്ടും.. ബസ് കാശ് കൊടുത്താ മതി.. അവടെ എവടെ പോണു..?"
"അവടെ പെങ്ങടെ വീട്ണ്ട് അങ്ങോട്ട് "
"ഏ...എന്നട്ടാ വഴി അറിയാൻ മേലാത്തെ.." അവന്റെ പരിഹാസം നിറഞ്ഞ ചോദ്യം അയാൾ കേട്ടില്ലെന്ന് നടിച്ചു.

ജീപ്പ് കുത്തനെ ഉള്ള കയറ്റം കയറാൻ തുടങ്ങി. തണുത്ത കാറ്റ് അയാളുടെ ചെവിയിൽ ഇടക്കിടെ ചൂളം വിളിച്ചുകൊണ്ടിരുന്നു "എന്നാ കാറ്റാ.."
"മുമ്പ് ഈ വഴി വന്നിട്ടില്ലാല്ലേ..
ഇതിപ്പോ കർക്കടകം തൊടങ്ങിയേന്റെയാ..
ചേട്ടനാ തോർത്തെടുത്തു തലവഴി കെട്ടിക്കോ.."അടുത്തിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു
"സാരമില്ല.." അയാൾ വീണ്ടും ചിന്തകളിലേക്കൂളി യിട്ടു.
തല മുന്നിലെ ബെഞ്ച് സീറ്റിന്റെ കമ്പിയിൽ ശക്തിയായി ഇടിച്ചപ്പോഴാണ് അയാൾക്ക് പരിസര ബോധം വന്നത്.
"കാലത്തെ താഴത്തേക്ക് പോയപ്പോ ഈ കുഴി ഇവിടില്ലാർന്നു" ജീപ്പ് ഡ്രൈവർ കൈ കഴുകി.
വണ്ടി കുഴിയിൽ ചാടിയപ്പോൾ മടിയിൽ നിന്ന് താഴെ വീണ ബാഗ് അയാൾ മുറുകെ പിടിച്ചു. അതിന്റെ വലിയ കള്ളിയുടെ സിബ്ബ് അഴിച്ച് ഉള്ളിൽ പരതി. ഇല്ല പൊതി അഴിഞ്ഞു പോയിട്ടില്ല. അനിയത്തിക്കു കൊടുക്കാൻ അയാൾ കരുതിയ സമ്മാനം. പുളിയിലയും ഉണക്കമീനും ചുട്ടിടിച്ച് സ്വന്തം കൈ കൊണ്ടുണ്ടാക്കിയത്. കനലിൽ വാട്ടിയ വാഴയിലയിലത് പൊതിഞ്ഞെടുത്ത് ബാഗിൽ വെക്കുമ്പോൾ കീറി തുടങ്ങിയ പേഴ്സിന്റെ ഉള്ളിലേക്ക് അയാൾ കണ്ണുകളയച്ചു. വണ്ടിക്കൂലിക്കുള്ള പണം തികയാതെ മുരുകന്റെ ഫോട്ടോക്ക് മുന്നിലെ പൗഡർ ടപ്പി തുറന്നു ചില്ലറകൾ എണ്ണുമ്പോൾ അയാൾ അപ്പനെ ഓർത്തു. അസുഖം മാറിയാൽ പഴനി മല കയറാം എന്ന നേർച്ച പാലിക്കാൻ അപ്പനിന്നില്ല.
അപ്പോഴാണയാൾ അതേപ്പറ്റി ചിന്തിച്ചത്, എന്തുകൊണ്ടോ അതു മറന്നു പോയിരുന്നു. അപ്പന്റെ മരണ വാർത്ത എങ്ങിനെയാണ് താൻ അനിയത്തിയോട് പറയുക. അവൾ കരയുമ്പോൾ എങ്ങിനെയാണ് അവളെ താൻ ആശ്വാസിപ്പിക്കേണ്ടത്. അവളെ ചേർത്തു പിടിച്ച് മുടിയിഴകളിൽ തലോടാം. ഇനി എന്നും ഈ ചേട്ടൻ കൂടെ ഉണ്ടെന്ന് പറഞ്ഞ് ആശ്വാസമേകാം. ശേഷം അവളേയും അവളുടെ അമ്മയേയും നാട്ടിലേക്ക് കൂടെ കൂട്ടാം. ചിലപ്പോൾ വല്ലിച്ചൻമാർ വഴക്കുണ്ടാക്കുമായിരിക്കും. പക്ഷേ ഞാൻ ഒരാണാ ണ്, എന്റെ പെങ്ങളെ പോറ്റാൻ എനിക്കാരുടെയും അനുവാദം വേണ്ട. അയാളുടെ ദൃഢമായ തീരുമാനമായിരുന്നു അത്.
ജീപ്പിറങ്ങി നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അടയാളമായി അപ്പന്റെ കത്തിൽ ഉള്ളത് ഒരു ഭദ്രകാളീ ക്ഷേത്രത്തിന്റെ ഭണ്ടാരം ആണ്. ഇത്രയും ദൂരം നടന്നിട്ടും അയാളിതു വരെ അങ്ങിനെ ഒന്ന് വഴിയിലെങ്ങും കണ്ടില്ല.
"ഈ പീച്ചിരി എന്ന് പേരുള്ള ഒരു സ്ത്രീടെ വീട് അറിയുവോ.."
"പനമ്പ് ഒക്കെ നെയ്യുന്ന പീച്ചിരി ആണോ.അല്ല ഇവിടെ എന്റെ അറിവില് ഒരു പീച്ചിരിയേ ഉള്ളട്ടോ..പീച്ചിരിടെ ആരാ..ഏവടന്നാ?" ചോദ്യം കേട്ട മൂന്നാമത്തെ ആൾ വഴി പറയുന്നതിനിടെ സാകൂതം ചോദിച്ചു."
"ഞാൻ.. ഒരു അകന്ന ബന്ധുവാ.." അമ്മയെന്ന് പറയാമോ.. അതോ അച്ഛന്റെ ഭാര്യ എന്ന് പറയുന്നതാകുമോ കൂടുതൽ ഉചിതം. അയാളുടെ ചിന്തകളിൽ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
"പീച്ചിരി മരിച്ചപ്പൊ വന്നില്ലേ..കണ്ടില്ലല്ലോ..?
തന്ത ഇട്ടേച്ചു പോയെങ്കിലുംങ്കിലും അവളെ അവര് പോന്നു പോലെയാ നോക്കീത്ട്ടോ..
എന്തായാലും ആയ കാലത്ത് ആ പെങ്കൊച്ചിനെ കെട്ടിച്ച് വിട്ട കൊണ്ട് അത് രക്ഷപെട്ടു.."
അനിയത്തിയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. താൻ മുൻകൈ എടുത്ത് നടത്തേണ്ടുന്ന വിവാഹം ആയിരുന്നു അത്. താൻ ആയിരുന്നു ആണൊരുതന്റെ കൈകളിൽ അവളെ ഏൽപ്പിക്കേണ്ടിയിരുന്നത്. സാരമില്ല ഇനി അവൾ എന്നും തന്റെ അനിയത്തിയായി കഴിയേണ്ടതല്ലേ. അവസരങ്ങൾ ഇനിയും ഉണ്ട് ഒരു ചേട്ടന്റെ കർത്തവ്യങ്ങൾ നിറവേറ്റാൻ.
"ആ എത്തി.. ആ കാണണ വീട് കണ്ടോ?അതാ.."
കുറ്റിച്ചീര കൊണ്ട് വേലി കെട്ടിയ പറമ്പിന്റെ നടുവിലൂടെ അയാൾ തന്റെ അനിയത്തിയുടെ വീടിനു മുന്നിലെത്തി.
"ആരാ..മോനോജേട്ടൻ ഇവിടില്ല" അകത്തു നിന്നും ഒരു പെൺകുട്ടി വാതിൽ കടന്ന് ഇളംതിണ്ണയിലേക്ക് ഇറങ്ങി വന്നു.
"അജിതയാണോ..?" തൊണ്ടയിലെ ഇടർച്ച അയാൾ ഒരുവിധം മറച്ചുപിടിച്ചു
"അതെ..മനസിലായില്ലാട്ടോ.."
അനിയത്തിയെ ആദ്യമായി കണ്ട സന്തോഷത്തിൽ വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. ഒരു പക്ഷേ അവളൊരു കുട്ടി ആയിരുന്നെങ്കിൽ കൈകളിൽ വാരി എടുത്ത് മുത്തങ്ങൾ കൊണ്ട് മൂടുമായിരുന്നു അയാൾ.
"ഞാൻ ചേട്ടനാ.. മോളേ നിന്റെ.. രാഘവന്റെ മോനാ.."
രണ്ടു പേരും ഒന്നും പറഞ്ഞില്ല. ചെരിഞ്ഞു പെയ്യുന്ന ചാറ്റൽ മഴത്തുള്ളികൾ അയാളുടെ മുഖത്ത് സൂചികൊണ്ടു കുതിയെങ്കിലും മുഖാമുഖം അവർ എത്ര നേരം നിന്നുവെന്നറിയില്ല. മൗനത്തിനു ഭംഗം വരുത്തി എവിടെ നിന്നോ ഒരു കട വാവൽ അവർക്കിടയിലൂടെ ചിറകടിച്ചു പറന്നു പോയി.
"ഹമ്മ്‌...
അച്ഛനെ കണ്ടതായി ഞാൻ ഓർക്കണില്ല..
ചേട്ടൻ ഉള്ളതായിട്ട് അമ്മ മരിക്കണ വരെ പറഞ്ഞിട്ടുമില്ല..
ഇടക്കെപ്പോഴോ അച്ഛൻ ഇവിടെ വന്നാർന്നെന്ന് അമ്മ പറഞ്ഞട്ടൊണ്ട്.അന്നും ഈ മോളെ കാണാൻ നിന്നില്ല. ഒരു കല്ല് പെന്സില് പോലും എനിക്ക് വാങ്ങി തന്നട്ടുമില്ല.
ചീത്തപ്പെട്ട് പോകാൻ അവസരം ഒണ്ടായിട്ടും അമ്മ എന്നെ അന്തസായിട്ടാ നോക്കീത്.
അപ്പോളൊന്നും കാണാത്ത ഒരച്ഛനെ കാണണംന്നൊന്നും എനിക്ക് ഇത് വരെ തോന്നീട്ടില്ല.
പിന്നെ ആങ്ങള......"
"എനിക്കറിയില്ലാർന്നു മോളേ.. നീ ഒള്ള കാര്യം അപ്പൻ ഒരിക്കലെങ്കിലും പറഞ്ഞെങ്കി..."
"മഴ കഴിഞ്ഞിട്ട് പോകാം. ഈ തിണ്ണയിലോട്ട് നിന്നോ." ഇത്രയും പറഞ്ഞവൾ അകത്തേക്ക് പോയി.
പിന്നീട് ഒരു വാക്കു പോലും അയാളിൽ നിന്ന് പുറത്ത് വന്നില്ല. അനിയത്തി എന്ന സ്വപ്നവുമായി അയാൾ തിരികെ നടന്നു. അയാളുടെ ബാഗിൽ കരുതിയ വാഴയിലപ്പൊതിയിൽ നിന്നും സ്നേഹത്തിൽ ചാലിച്ച പുളിയിലച്ചമ്മന്തിയുടെ മണം അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു.

2016 മേയ് 30, തിങ്കളാഴ്‌ച

മാലാഖപിടുത്തം


ചാർളിയിലെ ടെസ്സയും ഞാനും തമ്മിൽ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ഞങ്ങൾ രണ്ടു പേരും അവരവരുടെ കുട്ടിക്കാലത്ത് മാലാഖയെ തപ്പി നടന്നിട്ടുണ്ടെന്ന്..

സെന്റ് മേരീസ് യു പി സ്‌കൂൾ നോട് ചേർന്ന് ഒരു പള്ളി ഉണ്ട്. സംഭവം നടക്കുമ്പോൾ ഞാൻ ഇതേ സ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഞാൻ(പാവം) എൽദോ വിപിൻ അഭിജിത് റിൻസൻ ഇങ്ങനെ ഒരു ഛോട്ടാ ഗാങ്ങ് ഉണ്ടായിരുന്നു ക്ലാസ്സിൽ.ഞങ്ങൾ കുട്ടി gangsters മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിഞ്ഞു പള്ളിയിൽ പോകാറുണ്ട്. സ്ഥിരമായി ഉച്ചക്ക് പള്ളിയിൽ പോകാറുണ്ടെങ്കിലും പള്ളിയിലെ ശുശ്രൂഷകളെപ്പറ്റിയോ ക്രിസ്ത്യൻ സങ്കൽപ്പങ്ങളെക്കുറിച്ചോ വിശ്വാസങ്ങളെ ക്കുറിച്ചോ എനിക്ക് അറിവില്ലയിരുന്നു. അതുകൊണ്ടു തന്നെ ചില നിഷ്‌കളങ്കമായ സംശയങ്ങൾ എന്റെ പിഞ്ച് മനസ്സിൽ നാമ്പിട്ടു.

അങ്ങിനെ ഒരു ദിവസം തകൃതിയായി നടക്കുന്ന സോഷ്യൽ സ്റ്റഡീസ് ക്ലാസിനിടയിൽ വെച്ച് എന്റെ ഏറ്റവും കട്ട സംശയത്തിന്റെ പൊതി അഴിച്ചു
"എടാ..എൽദോ.... മാലാഖ ആണാണോ പെണ്ണാണോ"

"അത് നിനക്കറിയില്ലേ..മാലാഖ പെണ്ണാ.."

"ഓഹ്.. അപ്പൊ മാഖേടെ അച്ഛനും പെണ്ണാണോ "

"മാലാഖേടെ അച്ഛൻ അല്ല.. പപ്പ , അതും പെണ്ണാ..
നീ കണ്ടട്ടില്ലേ ആനിവേഴ്സറിക്കൊക്കെ ഫ്രോക്ക് ഒക്കെ ഇട്ട് ചേറകൊക്കെ വെച്ച് സ്റ്റേജിൽ.."

"എടാ പൊട്ടാ.. അത് മാലാഖ അല്ല അത് നമ്മടെ സ്‌കൂളിലെ ഗേൾസാ" എന്റെ യുക്തിബോധം ഉണർന്നത് വളരെ പെട്ടന്നായിരുന്നെങ്കിലും അവൻ ഒരു കൗണ്ടർ അറ്റാക്ക് നടത്തി

"ഡാ മരമാക്രീ..അതൊക്കെ എനിക്കറിയാം. ശരിക്കുള്ള മാലാഖേനെ കണ്ടട്ടാ അവര് പെൺ പിള്ളേരെ അങ്ങനത്തെ ഡ്രെസ്സ് ഇടീക്കണത്.."

"നീ ശരിക്കുള്ള മാലാഖേനെ കണ്ടട്ടൊണ്ടോ ?"

"ഒണ്ടല്ലോ..പള്ളീടെ ഉള്ളില് നമ്മള് പ്രാർഥിക്കണടത്തു ഒരു വല്യ കർട്ടൻ (അൾത്താരയുടെ മുന്നിലെ കർട്ടൻ) ഇല്ലേ. അത് മാലാഖേടെ കൂടാണ്. അതിന്റെ പുറകില് മാലാഖ ഒണ്ട്.. നമ്മടെ പള്ളീല് നാല് മാലാഖമാരുണ്ട്..
അവര് ചോറുണ്ണണത് നമ്മള് കാണാതിരിക്കാനാ കർട്ടൻ ഇട്ടേക്കണെ, നമ്മള് കണ്ടാ അവർടെ ശക്തി പോവും.
ഇന്നാള് കർട്ടൻ കാറ്റത്ത് പൊങ്ങിയപ്പോ അതിനകത്ത് ഒരു വാഷ് ബേസിൻ ഞാൻ നിന്നെ കാണിച്ച് തന്നില്ലേ..
അതവർക്ക് കൈ കഴുകാനാ..അങ്ങനെ കുറെ ഉണ്ട് അതിന്റെ പോറകില്.." അവന്റെ സചിത്ര വർണനകൾ കേട്ടപ്പോൾ എനിക്കവനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി.

അന്ന് ഞാനും എൽദോയും മാത്രമേ പള്ളിയിൽ പോയുള്ളൂ. ഞങ്ങൾ പ്രാർത്ഥിക്കാൻ ആയി മുട്ട് കുത്തി. അവനൊന്ന് കണ്ണടച്ചപ്പോഴേക്കും എന്റെ കഴുത്തും തലയും കർട്ടന്റെ പിന്നിലേക്ക് എത്തിയിരുന്നു.

"ഡാ..എറങ്ങടാ താഴെ.." സത്യം പറയാമല്ലോ ഉള്ള ജീവൻ കത്തി പോയ പോലെ ഞാൻ ഒന്ന് ഞെട്ടി. കൂടെ ഉണ്ടായിരുന്ന ശിങ്കിടികളും. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സിസ്റ്റർ ആണ്(nun). മഠത്തിലെ ഏറ്റവും പ്രായം കൂടിയ സിസ്റ്റർ ആണ്. പ്രായം ചെന്ന് വയ്യാതെ അയിട്ടും ഒച്ചക്ക് ഒരു കുറവും ഇല്ല. തൊട്ടടുത്ത നിമിഷം തന്നെ മൂപ്പത്തിയാരുടെ പിടി എന്റെ ചെവിയിൽ വീണു.
പിള്ളേരാന്ന് വെച്ച് എന്തും ചെയ്യാമോ എന്നും ചോദിച്ച് എന്റെ ചെവിയിൽ പിടിച്ച് തിരിക്കാൻ തുടങ്ങി.പിന്നെ ഒട്ടും താമസിച്ചില്ല ഞാൻ മാലാഖയെ നോക്കിയതാ എന്ന സത്യം അങ്ങ് പറഞ്ഞു. അതോടെ ചെവിയിലെ പിടി വിട്ടു കിട്ടിയെങ്കിലും പോലീസ്കാര് ചെയ്യുമ്പോലെ ഞങ്ങടെ അപ്പന്റെ പേരും അമ്മേടെ പേരും ക്ലാസും ഒക്കെ ചോദിച്ചിട്ടാണ് വിട്ടത്.

ഉച്ച കഴിഞ്ഞുള്ള ഒരു പീരിയടിൽ ക്ലാസ്സിൽ മര്യാദരാമനായി ചെവിയും തിരുമ്മി ഇരിക്കുന്ന നേരത്തു ദാണ്ടെ വാതിൽക്കൽ നേരത്തെ എന്റെ ചെവിക്കു പിടിച്ച സിസ്റ്റർ. ദൈവമേ വീണ്ടും ചെവിക്കു പിടിക്കാനാകുമോ ഞാൻ എൽദോയെ ഒന്ന് നോക്കി. അവൻ തിരിച്ചെന്നെ ദയനീയമായി ഒന്ന് നോക്കി. അപ്പോഴേക്കും ടീച്ചർ എന്നെ അങ്ങോട്ട് വിളിപ്പിച്ചു. അടുത്ത പിടിക്കായി ചെവിയും റെഡി ആക്കി ഞാൻ നിരങ്ങി നിരങ്ങി വാതിൽക്കലെത്തി.

പക്ഷേ എല്ലാം ഞാൻ ചിന്തിച്ചു കൂട്ടിയത്തിന് നേരെ എതിരായിരുന്നു. സിസ്റ്റർ എന്നെ ആദ്യം ഒന്ന് കെട്ടി പിടിച്ചു. പിന്നെ എന്നെ ചേർത്ത് നിർത്തി ടീച്ചറോട് പറഞ്ഞു

"എന്റെ സ്റ്റുഡന്റിന്റെ കുട്ടിയാ.. ഇവന്റെ അമ്മ എന്റെ കൈയ്യീന്ന് കുറേ നുള്ള് വാങ്ങിച്ചിട്ടുള്ളതാ..മിടുക്കിയാർന്നു"
ഇത് പറഞ്ഞു കൊണ്ട് പുള്ളിക്കാരി ഉച്ചക്ക് പൊന്നാക്കിയ എന്റെ ചെവി തിരുമ്മി തന്നു. സത്യം പറയാല്ലോ എനിക്ക് അകെ അങ്ങു സന്തോഷം ആയി.പിള്ളേരൊക്കെ ഇത്തിരി ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന ആളാണ് എന്നെ ചേർത്ത് പിടിച്ചേക്കണെ. പിന്നെ കയ്യിലുണ്ടായിരുന്ന ഒരു വലിയ ചോറ്റു പാത്രം എനിക്ക് തന്നിട്ടു തുറന്നു നോക്കാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നല്ല പഴുത്തു തുടുത്ത ചാമ്പയ്ക്കകൾ. അമ്മയെ ഞാൻ തിരക്കി എന്ന് പറയണേ മോനേ, പറ്റുമെങ്കി എന്നെ ഇടക്കൊക്കെ വന്നൊന്നു കാണാൻ പറയണേ എന്ന് പറഞ്ഞ് ബിയാട്രീസ് സിസ്റ്റർ പതുക്കെ നടന്നകന്നു.

അതിനു ശേഷം മാലാഖയെ കാണാൻ കൊതി തോന്നുമ്പോഴൊക്കെ ഞാൻ എന്റെ ചെവിയിലൊക്കെ ഒന്ന് തൊട്ടു നോക്കുമായിരുന്നു. കുറച്ചു നാളത്തേക്ക് എനിക്ക് പിള്ളേരുടെ ഇടയിൽ വലിയ പവർ ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആ ചാമ്പക്കയിൽ ഒന്ന് പോലും എനിക്ക് കിട്ടിയില്ല കേട്ടോ.

2016 മേയ് 28, ശനിയാഴ്‌ച

വിശുദ്ധി


ഇനിയെനിക്കെന്തിനു ദാഹജലം കുഞ്ഞേ.
ശമിച്ചെന്നാത്മാവിന്‍ ദാഹം നിന്‍ വിശുദ്ധിയാല്‍.
പകരം നിന്‍ വറ്റാത്ത സ്നേഹത്താല്‍ കൊളുത്തുക നീ
ഇരുള്‍പരന്ന ലോകത്തിനൊരു കെടാ വിളക്ക്.

അര്‍വിന്‍




2016 മേയ് 11, ബുധനാഴ്‌ച

സുബര്‍ക്കത്തിലെ കുഞ്ഞാടുകള്‍

"   മൃഗങ്ങൾ മരിച്ചാൽ സ്വർഗത്തിൽ പോകുമോ ????   "

കുറച്ച്‌ നാളുകളായി ഈ ഒരു സംശയം എന്നെ വേട്ടയാടുന്നു.തെറ്റ് ചെയ്യാത്തവരും നിഷ്കളങ്കരുമായി ഉള്ളവർ സ്വർഗത്തിലും , അല്ലാത്തവർ  നരകത്തിലും പൊകുമെന്നാാണല്ലോ നമ്മൾ എല്ലാവരും കേട്ടിട്ടുള്ളത് . കൊച്ചു കൊച്ചു തെറ്റുകള്ക്ക് പോലും നരകങ്ങൾ ഉള്ള ഹിന്ദുമതത്തിൽ പെട്ട ആൾ ആയത്കൊണ്ട് ഞാൻ ചിലപ്പോൾ നുണ പറഞ്ഞതിന്റെയും കുശുമ്പ് കാണിച്ചതിന്റെയും ഭിക്ഷക്കാരനു പൈസ കൊടുക്കാതതിന്റെയും പേരില് നരകത്തിൽ പോയേക്കാം. അതേ സമയം ടീ പാപകർമങ്ങൾ ചെയ്ത എന്റെ നല്ല ഒന്നാന്തരം പാലാക്കാരന്‍ നസ്രാണി സുഹൃത്ത് കുംബസാരിച്ചും പശ്ചാതപിച്ചും അവരുടെ സ്വർഗത്തിൽ ചെല്ലുന്നതുമാണ് .
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും രണ്ടു കൂട്ടരുടേയും നരകത്തിൽ പുഴുക്കൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത  ,,നിരുപദ്രവകാരികളായ ( ചൊറിയൻ പുഴു ഒഴികെ ) ഈ പിഞ്ചു പ്രാണികൾ എങ്ങനെ നരകത്തിൽ എത്തി എന്ന് എനിക്കിപോളും മനസ്സിലായിട്ടില്ല.
ഇനി സ്വര്ഗത്തിലെ കാര്യമെടുത്താൽ അവിടെ എങ്ങും ഒരു ജീവി ഉള്ളതായി കേട്ടിട്ടുമില്ല . മനുഷ്യരെപോലെ പിടിച്ചു പാറി നടത്താത്ത ,അഴിമതി കാണിക്കാത്ത ,കൊലപാതകം ചെയ്യാത്ത ,വന സമ്പത്ത് നശിപ്പിക്കാത്ത , ബലാത്സംഗം ചെയ്യാത്ത ഈ ജീവികളൊക്കെയും സ്വർഗവാതിൽ കടക്കേണ്ടതല്ലേ .

പാപങ്ങൾ ഒഴുക്കി കളയാൻ ഗംഗയും . പശ്ചാത്തപിക്കാൻ കുംബസാരക്കൂടും ഉള്ളിടത്തോളം ഞാനും നീയും ഉള്പ്പെടുന്ന മനുഷ്യകുലം പാപങ്ങൾ ചെയ്യുക തന്നെ ചെയ്യും. അപ്പോഴും പറുദീസയിൽ മൃഗങ്ങള്ക്ക് അയിത്തം ആയിരിക്കും. കാരണം അവർ കുംബസാരിക്കാറില്ലല്ലോ... മല ചവിട്ടാറില്ലല്ലോ ..

2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഹാപ്പി ബെർത്ത്‌ഡേ




ഇന്ന് എന്റെ ജന്മദിനം ആണ്. 
ഒരു പരീക്ഷണം നടത്തി സ്വയം നിരാശയിൽ വീണു പോയ ദിനം. 
ഞാൻ കരുതി എല്ലാവർക്കും എന്നെ ഇഷ്ടം ആണെന്നു. 
എന്നോടുള്ള കരുതൽ അവർക്ക് ഏറെ ഉണ്ടെന്ന്. 
അവർ എല്ലാ ജന്മദിനത്തിൽ എനിക്ക് ആശംസകൾ നേർന്നു.. 
എനിക്ക് ജോലി കിട്ടിയപ്പോൾ അവർ പറഞ്ഞു , congർats da.. 
ഞാൻ പുതിയ ബൈക്ക് വാങ്ങിയപ്പോൾ അവർ പറഞ്ഞു കലക്കി bro.. 
എനിക്ക് പനി ആണ് എന്നറിഞ്ഞപ്പോൾ അവർ കണ്ണുനീർ പൊഴിച്ചു-ആശങ്കപ്പെട്ടു.
എന്‍റെ പുതിയ നീല ഷർട്ട് നല്ലതാണെന്നു അവർ പറഞ്ഞു. 
വീട്ടിൽ ഉണ്ടാക്കിയ ഓണപ്പായാസം കണ്ട് അവർ കൊതി പൂണ്ടു.
എല്ലാം ഫേസ്ബുക്കിലൂടെ..
അതിന് എന്താ..?
"Social network is the reflection of society" എന്നല്ലേ.
ഇന്നലെ ഞാൻ പരീക്ഷണം ആരംഭിച്ച.
എന്‍റെ ജന്മദിനം മൂടി വെച്ചു.
എല്ലാവരും ഓർക്കുമെന്നു എനിക്ക് അറിയാമായിരുന്നു.
എങ്കിലും ഓർക്കാത്ത ഒന്നു രണ്ടു പേരേ തിരിച്ചറിയാമല്ലോ.
ഞാൻ കാത്തിരുന്നു.
പാതിരാത്രിയായി..
നേരം വെളുത്തു.. 
നട്ടുച്ചയായി.. 
വൈകുന്നേരം ആയി.. 
വീണ്ടും രാത്രിയായി.. 
ആരും ഓർത്തില്ല.. 
ആരേയും കണ്ടില്ല.. 
ആരും മിണ്ടിയില്ല.. 
ഒടുവിൽ മറച്ചു വെച്ച ജന്മദിനം തുറന്നു കാട്ടി,
ആശംസകൾ ഇരന്നു വാങ്ങി ഞാൻ കിടന്നുറങ്ങി.. 

Arvin (18-02-2016)

2016 ഫെബ്രുവരി 13, ശനിയാഴ്‌ച

ഒരു ഫ്ലാഷ്ബാക്ക് കല്യാണക്കഥ




ഞാന്‍ ഫോണെടുത്തതും ഹരി ഒരൊറ്റ കരച്ചില്‍ ആയിരുന്നു.

"ഡാ അവളെ ഞാന്‍ വിശ്വസിച്ചു പോയി..
എന്നോട്..അവള്..."

"എന്താടാ ..?" സമയം പതിനൊന്നര കഴിഞ്ഞിരുന്നു. ഈ സമയത്ത് വിളിച്ച്‌ ഇങ്ങനെ കരയണമെങ്കില്‍ എന്തെങ്കിലും കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ടാകും. ആകാംഷയോടും അതിലേറെ പരിഭ്രമത്തോടും കൂടി ഞാന്‍ അവന്‍റെ കരച്ചിലിന്റെ കാരണം തിരക്കി.

"അമ്മുല്ലേ.. അവളെന്നെ...ന്നെ അവള് ചതിച്ചെടാ.."

ഇതിന് ഞാന്‍ എന്ത് മറുപടി കൊടുക്കാന്‍ ആണ്.
സാരമില്ല എന്ന് പറഞ്ഞ ആശ്വസിപ്പിക്കാന്‍ കഴിയില്ലല്ലോ. ഇതുപോലെ ഉള്ള അവസരങ്ങളിൽ ആളുകളെ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് ഇപ്പോഴും എനിക്കറിയില്ല.

"ഹ്മം.. നമുക്ക് എന്താടാ ചെയ്യാന്‍ ഒക്കുക.. .
ഒന്നും പ്രതീക്ഷിച്ചോണ്ട് ഒരാളേം സ്നേഹിക്കുരൂത്.. " എന്‍റെ ഉപദേശം അവന് ഒരു ഉപചാരം പോലെ തോന്നിക്കാണണം.

"സങ്കടം പിടിച്ചു നിര്‍ത്താന്‍ പറ്റാതെ വന്നത് കൊണ്ട് നിന്നോട് പറഞ്ഞെന്നേ ഉള്ളു.
ഹോസ്റ്റലില്‍ ഒക്കെ എല്ലാരും അറിഞ്ഞു..
താഴെ ഇറങ്ങി ചെന്നപ്പോ സിവിലിലെ കുറേ മൈ******* "

അതൊക്കെ ഒരു തമാശ ആയിട്ട് കാണണം എന്ന് പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. അല്ലെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഒന്നുമില്ലാത്ത ഞാന്‍ എങ്ങിനെ അവന്‍റെ ദുഃഖം മനസിലാകാന്‍ ആണ്. ശരിക്കും വിഷമം കാണണം, ഇന്നോ ഇന്നലെയോ തുടങ്ങിയ അടുപ്പം അല്ലല്ലോ. ഹൈ സ്കൂളില്‍ വെച്ച് അസംബ്ലിക്ക് എല്ലാവരുടെയും മുന്നില്‍ നിന്ന് ഒരുമിച്ച് ജനഗണമന പാടുന്ന കാലത്ത് നാമ്പിട്ട ഇഷ്ടം. കാലമിത്ര കഴിഞ്ഞിട്ടും അവരതു കൊഴിഞ്ഞു പോകാതെ സൂക്ഷിച്ചു.

അസൂയ ആയിരുന്നു എനിക്കവനോട്. എനിക്കെന്നല്ല സ്കൂളിലെ മിക്ക ആണ്‍കുട്ടികള്‍ക്കും. കാരണം മറ്റൊന്നുമായിരുന്നില്ല, സ്കൂളിലെ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു ഹരി. നന്നായി പാടുന്ന, നൃത്തം ചെയ്യുന്ന ഫുഡ്‌ ബോൾ കളിക്കുന്ന ഹരി സ്കൂളിലെ താരം ആയിരുന്നു. നിറമുള്ള സ്കൂൾ ദിനങ്ങള്‍ വേഗം കടന്നു പോയി. ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന എന്ന് അദ്ധ്യാപകര്‍ അവകാശപ്പെടുന്ന sslc പരീക്ഷയും കഴിഞ്ഞു. കണ്ണീരിന്റെ നനവുമായി പുതിയ തീരങ്ങള്‍ തേടി എല്ലാവരും പല വഴിക്ക് പിരിഞ്ഞു.

അമ്മു സയന്‍സ് ഗ്രൂപ്പ് എടുത്ത് നാട്ടിലെ ഏറ്റവും മികച്ച സ്കൂളില്‍ തന്നെ പ്ലസ് ടൂ പഠിക്കാന്‍ ചേര്‍ന്നു. മാതാപിതാക്കള്‍ രണ്ടു പേരും അദ്ധ്യാപകര്‍ ആയിരുന്നുവെങ്കിലും ഹരിക്ക് അതിന്റെ യാതൊരു ഭാവവും ഇല്ലായിരുന്നു. ക്ലാസ്സിലെ മറ്റ് ഉഴപ്പന്മാരുടെ കൂടെ കണക്കിന്‍റെ say പരീക്ഷ എഴുതാന്‍ അവനും ഉണ്ടായിരുന്നു.

ആ വർഷം പോളി ടെക്നിക്ക് കോളേജിലേക്കുള്ള അഡ്മിഷന്‍ കുറച്ചു വൈകി ആയിരുന്നു. സയന്‍സ് പഠിക്കാന്‍ വേണ്ടത്ര മാര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ അവന്‍ ഇലക്ട്രിക്കല്‍ എന്ജിയനിയറിങ്ങ് ഡിപ്ലോമക്ക് ചേര്‍ന്നു. ഹ്യൂമാനിറ്റിസ് പഠിച്ചാല്‍ മതി എന്ന മാതാപിതാക്കളുടെ നിർബന്ധം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം ഡിപ്ലോമക്ക് ചേര്‍ന്നതിന്റെ കാരണം അമ്മു ആയിരുന്നു. അമ്മു പഠിച്ചിരുന്ന സ്കൂളും ഹരിയുടെ കോളേജും തമ്മില്‍ ഒരു വില്ലേജ് ഓഫീസിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു പേര്‍ക്കും ദിവസവും കാണാം. ഒരേ ബസില്‍ സഞ്ചരിക്കാം. ഇടക്കിടക്ക് അച്ചൂസ് ബേക്കറിയില്‍ നിന്നു ഓരോ സോഡാ നാരങ്ങാ വെള്ളവും കുടിക്കാം. അങ്ങിനെ സിനിമകളില്‍ സ്ഥിരമായി കണ്ടുവരുന്ന , ഒരു പ്രേമം വര്‍ക്ക് ഔട്ട് ആകാന്‍ ഉള്ള എല്ലാ സാദ്ധ്യതകളും സാഹചര്യങ്ങളും അവരെ കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി.

വര്ഷം മൂന്ന് വളരെ വേഗം കടന്നു പോയി. അമ്മു പ്ലസ് ടൂ നല്ല മാര്‍ക്കില്‍ പാസ് ആയി ഇലക്ട്രിക്കല്‍ എന്ജിനീയറിങ്ങിനു ചേര്‍ന്നു.അവള്‍ ഒന്നാം വര്ഷം പഠിക്കുന്ന സമയത്ത് ആണ് ഹരി പൊളിടെക്ക്നിക്ക് പാസ് ആകുന്നത്. അവന്‍ ഡിപ്ലോമക്ക് ഡിസ്റ്റിങ്ങ്ഷന്‍ വാങ്ങി പാസായത് എല്ലാവര്ക്കും ഒരു അദ്ഭുതം ആയിരുന്നു . പാസായതിന്റെ സന്തോഷത്തില്‍ എനിക്കും ഞങ്ങളുടെ കൂട്ടുകാരന്‍ നിഖില്‍ ജോസഫിനും (അമ്മുവിന്‍റെ വീടിനടുത്തുള്ള അടുത്തുള്ള സൈക്കിള്‍ ഷോപ്പ് ഉടമ ആയ ജോസപ്പ് ചേട്ടന്‍റെ മകന്‍) അവന്‍ മുട്ട പഫ്സും ഉപ്പിട്ട സോടാ നാരങ്ങാ വെള്ളവും(പിശുക്കൻ) വാങ്ങി തന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്നവന്‍ നിഖിലിന്റെ കയ്യില്‍ ഒരു പഫ്സും പത്ത് രൂപയുടെ മഞ്ചും പൊതിഞ്ഞ് കെട്ടി പ്രിയതമക്ക് കൊടുത്തു വിട്ടിരുന്നു . അത് നിഖിലിന്റെ അനിയത്തി നികിത ആണ് കഴിച്ചത് എന്ന് മാത്രം.

ഇതിനിടയില്‍ അമ്മുവിന്‍റെ കൂടെ തന്നെ പഠിക്കാന്‍ lateral entry വഴി ബി ടെക്കിനു ചേരാന്‍ ഹരി തീരുമാനിച്ചു. ഇത്തവണ അവനെ ഭാഗ്യം തുണച്ചില്ല അവന്‍ തോറ്റുപോയി. അടുത്ത വര്ഷം ശ്രമിക്കാം എന്ന തീരുമാനത്തില്‍ അവന്‍ KSEB യിലെ താല്‍കാലിക ജോലിക്കാരന്‍ ആയി ഒരു വര്ഷം തള്ളി നീക്കി. അങ്ങിനെ അടുത്ത വര്ഷം അവന്‍ അമ്മുവിന്‍റെ കോളേജില്‍ തന്നെ ചേര്‍ന്നു. അമ്മു മൂന്നാം വര്‍ഷവും ഹരി രണ്ടാം വര്‍ഷവും. അന്നവനെ റാഗ് ചെയ്തവരുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു എന്നതാണ് സത്യമെങ്കിലും അത് അവന്‍ ഇതു വരെ സമ്മതിച്ചു തന്നിട്ടില്ല.

ഡിപ്ലോമയുടെ സഹായത്താല്‍ ഡിഗ്രീ പഠനം ഹരിക്ക് ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നില്ല, എങ്കിലും ഒന്ന് രണ്ട് സപ്പ്ളികള്‍ അവനും ഉണ്ടായിരുന്നു. എന്‍ജിനീയറിങ്ങില്‍ അതൊക്കെ സാധാരണം ആണല്ലോ. സീനിയര്‍ പെണ്‍കുട്ടിയെ പ്രണയിക്കുക എന്നതായിരുന്നു അവൻ നേരിട്ട ഏക വെല്ലുവിളി. പൂര്‍വകാല കമിതാക്കള്‍ ആണെന്നുള്ള പരിഗണന ഒന്നും ആദ്യ കാലങ്ങളില്‍ സീനിയേര്‍സില്‍ നല്‍കിയിരുന്നില്ല. പിന്നീട് സൗഹൃദങ്ങളുടെ തണലില്‍ അത്തരം സീനിയര്‍ ജൂനിയര്‍ ഈഗോ എല്ലാം അലിഞ്ഞില്ലാതെയായി. കോളേജ് കാലഘട്ടം നന്നായി ആസ്വദിച്ചവര്‍ക്ക് അറിയാം ഈ സീനിയര്‍ ജൂനിയര്‍ അടിപിടിയും റാഗിങ്ങും ഒക്കെ കോളേജിന്‍റെ പടി ഇറങ്ങും മുന്പ് കെട്ടഴിഞ്ഞ് വീണിരിക്കും എന്ന്.

കോളേജിലെ അമ്മുവിന്‍റെ അവസാന വര്‍ഷം. പ്രോജക്റ്റ് വര്‍ക്കിന്‍റെയും പ്രസന്‍റെഷന്‍റെയും തിരക്കുകള്‍ക്ക് ചെറിയ അഴവ് വരുന്ന ഇടവേളകളിൽ അവര്‍ പരസ്പരം കാണാന്‍ സമയം കണ്ടെത്തി. ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിന്‍റെ ഓരത്തുള്ള, ചുവന്ന ഓട് വിരിച്ച പടിക്കെട്ടുകളില്‍ ഇരുന്ന് ആയിരുന്നു അവര്‍ പലപ്പോഴും സംസാരിച്ചിരുന്നത്. ഫെയര്‍ വെല്‍ പാര്‍ട്ടിയും ഫോട്ടോ എടുപ്പുമോക്കെയായി അമ്മുവിന്‍റെ ബാച്ച് കോളേജില്‍ നിന്നും പിരിഞ്ഞു. പിന്നീടുള്ള ഒരു വര്ഷം ഹരി അവിടെ പഠിക്കുമോ എന്ന കാര്യം ഞങ്ങള്‍ക്ക് ഒക്കെ സംശയം ആയിരുന്നു. അവള്‍ പഠനം കഴിഞ്ഞ് കോളേജില്‍ നിന്നു പോകുന്നത് അവനെ തളര്‍ത്തും എന്ന ഞങ്ങളുടെ ധാരണയെ വളരെ പോസിറ്റീവ് ആയ സംസാരം കൊണ്ട് ഹരി തിരുത്തി. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അവന് അറിയാമായിരുന്നു അമ്മു അവനെ പിരിഞ്ഞ് പോകില്ലെന്ന്.

അവന്‍ ഞങ്ങളോട് പറഞ്ഞ പോസിറ്റീവ് സംഭാഷങ്ങള്‍ സത്യമാനെണ്ണ്‍ തെളിയിക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചത്. ആ വര്ഷം തന്നെ അമ്മു കോളേജില്‍ തിരിച്ചെത്തി, ഒരു ഗസ്റ്റ് ലക്ചററുടെ രൂപത്തില്‍. സിനിമകളില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതത്തില്‍ അദ്ധ്യപികാ വിദ്യാര്‍ഥി പ്രണയം വളരെ വെല്ലു വിളി നിറഞ്ഞത് തന്നെ ആയിരുന്നു. പലപ്പോഴും ഹരിക്ക് കിട്ടിയിരുന്ന നല്ല ഇന്‍റെര്‍ണല്‍ മാര്‍ക്കുകളേയും ലാബിലെ ഔട്ട് പുട്ടുകളേയും എല്ലാവരും സംശയ ദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. സ്ടാഫ്‌ റൂമിലും ചെറിയ രീതിയില്‍ മുറുമുറുപ്പുകള്‍ കേട്ട് തുടങ്ങി. ഒരിക്കല്‍ HOD വിളിച്ച്‌ താക്കീത് നല്‍കുക വരെ ഉണ്ടായി.

ഇതിന്‍റെ ഒക്കെ പരിണിത ഭലം ആണ് രാത്രിയില്‍ ഹരി എന്നെ ഫോണില്‍ വിളിച്ച്‌ കരഞ്ഞതും സങ്കടം പറഞ്ഞതും ആയ സംഭവ വികാസങ്ങള്‍. എല്ലാം കേട്ടപ്പോള്‍ എനിക്കും വല്ലാതെ വിഷമം തോന്നി. അമ്മു അങ്ങിനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ എല്ലാം കൃത്യമായി തന്നെ ചെയ്തതാടാ..
ഓട്പുട്ടും കിട്ടിയതാ..
വൈവക്കും നല്ല മാര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചതാ.."

"നീ എന്തിനെപറ്റിയാ ഈ പറയുന്നത്.."

"അന്നു അവള്‍ ലാബ്‌ എക്സാം നടക്കുമ്പോള്‍ ഇന്‍വിജിലേഷന്..
അവള്‍ എന്നെ അറിഞ്ഞോണ്ട് തോല്‍പിച്ചതാ.."

എനിക്ക് ഒന്നു പൊട്ടിചിരിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു.ചിന്തിച്ചു നോക്കിയപ്പോൾ അവൾ ചെയ്തത് തെറ്റായിപ്പോയി എന്നെനിക്കു തോന്നി. എങ്ങിനെ ഒക്കെ ചിന്തിച്ചിട്ടും അവന്‍റെ ഭാവി തകര്‍ക്കുന്ന തീരുമാനം തന്നെ ആയിരുന്നു അവള്‍ എടുത്ത്. അവസാന വര്ഷം, ഒന്നു രണ്ട് വിഷയങ്ങള്‍ പോയെങ്കിലും അവന്‍ എല്ലാം ഏഴുതി പാസ് ആയത് അവള്‍ക്കും കൂടി വേണ്ടി ആയിരുന്നു. എത്രയും വേഗം ഒരു ജോലി നേടാന്‍.

രണ്ടാഴ്ച കഴിഞ്ഞ് ഹരിയെ ടൌണില്‍ വെച്ച് കണ്ടപ്പോള്‍ അവന്‍ ഏറെ മാറിയിരുന്നു. ഏറെ പക്വത വന്നതുപോലെ. ഞാന്‍ അവളെപ്പറ്റി മനപൂർവം ഒന്നും ചോദിക്കാതെ ഇരുന്നിട്ടും അവന്‍ അവളെ കണ്ടിരുന്നു എന്നും അവര്‍ പിരിഞ്ഞു എന്നും എന്നോട് പറഞ്ഞു.

"we broke up " എന്ന് ഒറ്റ ശ്വാസത്തില്‍ അവന്‍പറഞ്ഞു നിര്‍ത്തി. പിണക്കങ്ങള്‍ ഒന്നും ബാക്കി വെച്ചിട്ടില്ലെന്നും. ഇനി ഒരു ഒരുമിക്കല്‍ ഉണ്ടാകില്ല എന്ന് നിസംഗതയോടെ അവന്‍ പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്ന ബാഷ്പ കണങ്ങള്‍ ഞാന്‍ കണ്ടു. പിന്നീടുള്ള കൂടിക്കാഴ്ച്ചകളില്‍ ഒരിക്കല്‍ പോലും അവന്‍ അമ്മുവിനെ പറ്റി പറഞ്ഞില്ല, ഞാന്‍ ചോതിച്ചിട്ടുമില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഇത് എഴുതുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഹരി എന്നെ വിളിച്ചിരുന്നു. അവന്‍റെ കല്യാണത്തിന് എന്നെ ക്ഷണിക്കാന്‍ വിളിച്ചതാണ്. എന്താ വിവാഹം ഇത്ര നേരത്തെ എന്ന് ഞാന്‍ അവനോട് ചോദിച്ചു. വേഗം കെട്ടിയില്ലെങ്കില്‍ പെണ്ണിനെ വേറെ ആണ്‍കുട്ടികള്‍ കെട്ടിക്കൊണ്ട് പോകുമെന്ന് പറഞ്ഞ് അവന്‍ ചിരിച്ചു. പ്രണയ വിവാഹം ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.

അപ്പോഴാണ്‌ എന്‍റെ നാവില്‍ നിന്ന് വികട സരസ്വതി പുറത്ത് ചാടിയത്.
"അമ്മുവിനെ വിളിച്ചിട്ടുണ്ടോടാ..?" ഞാന്‍ അറിയാതെ ചോദിച്ചു പോയി.
ഒരു മധുര പ്രതികാരം എന്ന പോലെ അവന്‍ അത് ചെയ്യും എന്നു ഞാന്‍ കരുതിയിരുന്നു. എന്‍റെ ചോദ്യത്തിന് ഇല്ല എന്ന് ഒറ്റ വാക്കില്‍ മാത്രം മറുപടി നൽകി അവന്‍. ധൃതി ഉണ്ടെന്നും കല്യാണക്കുറി ഫേസ്ബുക്കിൽ അയക്കാം എന്നും പറഞ്ഞ് അവന്‍ പെട്ടന്ന് ഫോണ്‍ വെച്ചു. 

അമ്മുവിനെ പറ്റി ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എന്‍റെ കുറ്റബോധത്തിന് അല്‍പ സമയത്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കല്യാണക്കുറിയില്‍ അവന്‍റെ പെണ്ണിന്റെ പേര് കാണുന്നത് വരെ. തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അതുറക്കെ വായിച്ചു
'ഹരീഷ്    weds  അമ്മു '










ഇതുകൂടി വായിച്ചു നോക്കൂ