അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2017 ഏപ്രിൽ 16, ഞായറാഴ്‌ച

ആശുപത്രി കുറിപ്പുകള്‍


ജനിച്ചതിനു ശേഷം ആദ്യമായി അസുഖം വന്ന് ആശുപത്രിയില്‍ കിടക്കുന്നത് ഈ ഇടക്കാണ്. അതൊരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. രോഗത്തിന്‍റെതായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകള്‍ ആ പത്തു ദിവസങ്ങള്‍ എനിക്കു നല്‍കി. രണ്ടാം നിലയിലെ കുഞ്ഞു മുറിയിലും മുറിയിലെ ജാലകത്തിലൂടെ പുറത്തും ഞാന്‍ കണ്ടതും കേട്ടതും തികച്ചും വ്യത്യസ്തമായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ മക്കളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന ചേച്ചി, പീടിയാട്രിക്ക് ഡ്യൂട്ടി ആയിരുന്നിട്ടും എപ്പോഴും മുറിയില്‍ കയറിവന്നു കലപില കൂട്ടുന്ന നഴ്സിംഗ് കുട്ടികള്‍,, ഇടക്കിടെ അപ്രത്യക്ഷനാകുകയും, പ്ലാവിന്‍റെ ചുവട്ടിലോ രോഗികളെ കൊണ്ടുപോകാന്‍ വരുന്ന ഓട്ടോയിലോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന റൂംനമ്പര്‍ മൂന്നിലെ കുട്ടി, വയ്യെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓടി വന്ന സിസ്റ്റ്ര്‍ .ഇയാളൊരു പേടിത്തൊണ്ടന്‍ ആണല്ലോടോ എന്ന് പറഞ്ഞു കളിയാക്കിയ ഡോക്ടര്‍.  പോസ്റ്റ്‌ മോര്‍ട്ടം ഡ്യൂട്ടിക്കായി ഇടക്കിടെ അടുത്തുള്ള മോര്‍ച്ചറിയിലേക്ക് പോകുന്ന പോലീസുകാര്‍. പുതിയ കെട്ടിടം നിര്‍മിക്കുന്നിടത്ത് മറച്ചു കെട്ടിയ പച്ച ഷീറ്റുകള്‍ക്കിടയിലൂടെ ഇടക്കിടെ പുറത്തേക്കു നീണ്ടു വരുന്ന നായക്കുട്ടിത്തലകള്‍. പ്ലാവിന്‍റെ കൊമ്പില്‍ അവയെ നോക്കി ഇരിക്കുകയും തരം കിട്ടിയാല്‍ കൊത്തി ഓടിക്കുകയും ചെയ്യുന്ന അനേകം കാക്കകള്‍. ഏറെ ഉണ്ടായിരുന്നു കഴ്ചകളും അനുഭവങ്ങളും. വിരസമായ നിമിഷങ്ങളില്‍ ആ കാഴ്ചകളില്‍ ചിലതൊക്കെ ചെറിയ കുറിപ്പുകള്‍ ആക്കി എഴുതിയതാണ് താഴെ

15 ഫെബ്രുവരി 
പ്രണയ ദിനം കഴിഞ്ഞ കാര്യം അച്ഛൻ വീട്ടിൽ നിന്ന് കൊണ്ടുവന്ന മനോരമ എടുത്ത് ഡേറ്റ് നോക്കിയപ്പോഴാണ് അറിയുന്നത്. അല്ലെങ്കിൽ തന്നെ അറിഞ്ഞിട്ടെന്ത്. കുളക്കോഴിക്കെന്ത് വിഷും ചൻഗ്രാന്തീം. എന്നാലും മിനിഞ്ഞാന്ന് കുട്ടികളുടെ പുതിയ വാർഡിന്റെ മുകളിൽ രണ്ടു കാക്ക ഇരുന്ന് ഉമ്മ വച്ചു കളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ്. പിന്നെ തലേ രാത്രി പനിച്ചു വിറച്ചു കിടന്നതിന്റെ ക്ഷീണത്തിൽ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അല്ലെങ്കിലും ആരോഗ്യത്തോടെ പുറത്തിറങ്ങി നടക്കുന്നവർക്കല്ലേ പ്രണയവും വിരഹവും ഒക്കെ ചിന്തിക്കാൻ നേരം. സിറിഞ്ചിൽ മരുന്നും നിറച്ചോണ്ടു സിസ്റ്റർ വരുന്നത് നോക്കിയിരിക്കുമ്പോ വേറെ ഒന്നും ചിന്തിക്കാൻ തോന്നില്ല. 


അല്ലെങ്കിൽ തന്നെ നല്ല രസമുള്ള കാഴ്ചകൾക്കിടയിൽ എന്ത് ചിന്തിക്കാൻ. ഇവിടെ നിന്ന് നോക്കിയാൽ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ളോക് എന്ന് എഴുതിയ കെട്ടിടം മാത്രമേ കാണാൻ കഴിയൂ. ഇടക്ക് അമ്മൂമ്മമാർ(കൂനുള്ള വടി കുത്തിയ അമ്മൂമ്മ അല്ലാട്ടോ) മക്കൾക്ക് കുഞ്ഞുവാവ ഉണ്ടായത് കൊണ്ട് മാത്രം അമ്മൂമ്മ ആയ ചിലർ കുഞ്ഞിനെ വെയില്‍ കൊള്ളിക്കാൻ എടുത്തുകൊണ്ടു നടക്കുന്നു. വാവയുടെ മുഖം ഇവിടെ ഇരുന്നാൽ കാണില്ല. എങ്കിലും കാണുമ്പോൾ സന്തോഷം ഉള്ള കാഴ്ചയാണ്. ഒരിക്കൽ ഒരു വാവയുടെ മുഖം കണ്ടു. ആ വാർഡിൽ നിന്ന് ഞാൻ കിടക്കുന്ന കെട്ടിടത്തിലേക്ക് അവർ ഷിഫ്റ്റ് ചെയ്തു വന്നപ്പോൾ , ജനാലയിൽ ഇരുന്നു താഴേക്ക് നോക്കി നല്ല തുടുത്ത മുഖം ഉള്ള വാവയെ ഞാൻ കണ്ടു. ആ വാവ അണോ എന്നറിയില്ല രാത്രിയില്‍ കരഞ്ഞു ബഹളം വെക്കുന്നത് എന്റെ റൂമിൽ ഇരുന്നാൽ കേൾക്കാം.

ഞാൻ ഒരു വാവയായിരുന്നപ്പോൾ കരഞ്ഞു ബഹളം വച്ചത് ഇപ്പോൾ കിടക്കുന്ന ബില്ഡിങ്ങിന്റെ സൈഡിൽ ഒരു ഓടിട്ട മുറിയിൽ ആയിരുന്നു. അത് പൊളിച്ചു കളഞ്ഞിട്ട് അവിടെ പുതിയ നാല് നില കെട്ടിടം പണിതുകൊണ്ടിരിക്കുകയാണ്.
ഭായിമാർ ആണ് പണിക്കാർ. എന്റെ റൂമിന്റെ കക്കൂസിൽ ഇരുന്നാൽ അവർ സംസാരിക്കുന്നത് കേൾക്കാം. ഇടക്ക് താഴെ റോഡിൽ ഇരുമ്പ് കമ്പി ചുമന്നുകൊണ്ട് പോകുന്നതും കാണാം. ഒരു പാട്ടുകാരൻ ഭായി ഉണ്ട്. ഞാൻ ബാത്‌റൂമിൽ പോകുമ്പോഴൊക്കെ മൂപ്പരുടെ പാട്ട് താഴെ നിന്ന് കേൾക്കാം. ഹിന്ദി ആണെങ്കിലും നല്ല ഈണത്തിലും താളത്തിലും ആണ് പാട്ട്. അവർ ഇവിടെ തന്നെ ആണോ കിടപ്പ് എന്നറിയില്ല. ആണെങ്കിൽ എങ്ങനെ കിടക്കുന്നോ! ഭയങ്കര കൊതുകാണു സന്ധ്യ കഴിഞ്ഞാൽ.

ജനൽ അടച്ചേക്കാം..

കൊതുകടി കൊണ്ടിട്ടുള്ള പണികിട്ടാൻ വയ്യ. ഇന്ന് തന്നെ നഴ്സിംഗ് സ്റ്റുഡന്റസ് എന്നെ കുത്ത് കൊള്ളിച്ചേനേ. എന്റെ അനിയനേക്കൾ ചെറിയ കുട്ടികള്‍ ആണ്. ഇടക്കിടക്ക് വരും temperature നോക്കാൻ. സത്യം പറഞ്ഞാൽ ഉച്ചക്ക് പനി ഉണ്ടായിരുന്നു. കുത്തു കൊള്ളാന്‍ വയ്യാത്തത് കൊണ്ട്(പേടി ആയിട്ടല്ല) ഡോക്ടര്‍ തന്ന പനിഗുളിക കഴിച്ച് ആ ചൂടത്തും ഞാന്‍ പുതപ്പിനടിയില്‍ കയറി.

അപ്പോഴാണ്‌ കുട്ടിമാലാഖമാര്‍ രണ്ടുപേര്‍ തെർമോമീറ്ററുമായി കയറി വന്നത്. തെര്‍മോമീറ്റര്‍ എന്‍റെ കക്ഷത്തില്‍ പ്രതിഷ്ടിച്ച് വാച്ചില്‍ നോക്കി നിന്നു. തെര്‍മോമീറ്ററിലെ റീഡിംഗ് കണ്ട് അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കെയോ കുശു കുശു എന്ന് പറഞ്ഞു, എന്നിട്ട് നേരെ താഴെ നഴ്സസ് റൂമില്‍ പോയി സിസ്റ്ററെ വിളിച്ചുകൊണ്ട് വന്നു. ഒരു മുട്ടക്കാട്ടൻ സിറിഞ്ചിൽ മരുന്നുമായി അവര്‍ എന്‍റെ മുന്നിലെത്തി. ദൈവാധീനം കൊണ്ട് പനി വിട്ടു തുടങ്ങിയിയിരുന്നു. ഏതായാലും കുത്തു കൊള്ളാതെ രക്ഷപെട്ടു. എന്തായാലും നാളെയും വരുമല്ലോ, ചേട്ടാ പ്രഷർ..ചേട്ടാ പനി എന്നും പറഞ്ഞുകൊണ്ട്. കാണിച്ചു കൊടുക്കുന്നുണ്ട് ഞാന്‍.

സമയം ആറേ മുക്കാൽ ആയി. വീട്ടിൽ ആണെങ്കിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയം.
ഒന്ന് കിടക്കട്ടെ..നല്ല ക്ഷീണം.

16 ഫെബ്രുവരി 
ഞാൻ ഇന്നലെ പറഞ്ഞ വാവ ആണെന്ന് തോന്നുന്നു രാത്രി നിർത്താതെ കരച്ചിൽ ആയിരുന്നു. കേൾക്കുമ്പോൾ സങ്കടം തോന്നും. അവരുടെ ഭാഷ നമുക്ക് അറിയില്ലല്ലോ. രാവിലെ വന്ന ഒരു നഴ്‌സിംഗ് കുട്ടി ആണ് പറഞ്ഞത് ആ വാവക്ക് വയറിനു സുഖം ഇല്ലായിരുന്നു മരുന്ന് കൊടുത്തപ്പോൾ ഇപ്പൊ സുഖായി ഉറങ്ങുകയാണെന്നു.

പുറത്തെ വലിയ ക്യൂ വിന്‍റെ നീളം കുറഞ്ഞു വരുന്നു.
കഞ്ഞി വാങ്ങാൻ ഉള്ള ക്യൂ ആണ്. അമ്മയും അച്ഛനും കൂടി പോയി കഞ്ഞിയും എന്തോ കറിയും കാഞ്ഞിവെള്ളവും വാങ്ങിക്കൊണ്ട് വന്നു. മലങ്കര ക്രിസ്ത്യന്‍ സഭയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗം ആണ്.



ദാ ഒരു ഇത്ത ദൂരെ നിന്ന് ഓടി വരുന്നുണ്ട്. 
കഞ്ഞി തികഞ്ഞു കാണുമോ..
നോക്കാട്ടെ...
മ്മ്..കിട്ടി..


ഇതുപോലെ വൈകുന്നേരങ്ങളില്‍ വാഴക്കുളം ഭാഗത്ത് നിന്നുള്ള ഒരു ആശ്രമത്തില്‍ നിന്ന്‍ ഭക്ഷണം കൊണ്ട് വരുന്നുണ്ട്. ഇവര്‍ മാത്രമല്ല മറ്റു പല സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ഇതേ കാര്യം ചെയ്യുന്നുണ്ട്.

രോഗികൾ മാത്രമല്ല ഇതിന്‍റെ ഗുണഫോക്താക്കള്‍. ആശുപത്രി ജോലിക്കാർ സിസ്റ്റര്‍മാര്‍ സെക്യൂരിറ്റി ഗാർഡുകൾ എല്ലാവരും ഉണ്ട് ക്യൂവിൽ. രാവിലെ കഞ്ഞിയും വൈകിട്ട് ചോറുമായി അവർ വരും. വിശപ്പിനു ജാതിയോ മതമോ ഇല്ല എന്ന് തെളിയിക്കുന്ന കാഴ്ച.

പറയാതെ വയ്യ!
നല്ല സ്വാദുള്ള ഭക്ഷണം ആണ്.

ഇതൊരു സർക്കാർ ആശുപത്രി ആണ്. ഇവിടെ ചികിത്സ തേടിഎത്തുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവർ. ആശുപത്രി ജനറൽ വാർഡിൽ കിടക്കുമ്പോൾ പണച്ചിലവ് ഇല്ല എന്നത് ശരി തന്നെ. പക്ഷേ ഒരു കുടുംബത്തിന്റെ earning hand ആയിരിക്കും ചിലപ്പോൾ രോഗി. ആ അവസ്ഥയിൽ ഈ സൗജന്യ ഭക്ഷണം അവർക്ക് വളരെ വളരെ വളരെ വലിയ ഒരു ആശ്വാസമാണ്. ആ ആശ്വാസം അവർക്ക് നൽകുന്ന ഈ സന്നദ്ധ പ്രവർത്തകർക്ക് നന്മ വരട്ടെ.പുണ്യ പ്രവർത്തി തുടരാൻ ദൈവം താങ്ങായിരിക്കട്ടെ.

17 ഫെബ്രുവരി 
ചിലർ അങ്ങിനെ ആണ്. അവരുടെ ഒന്നോ രണ്ടോ വാക്കുകൾ മതി നമ്മുടെ ആകാംഷകളും , ഭീതിയും , വേദനകളും കഴുകിക്കളയാൻ.

രാത്രി ഓഫീസിൽ നിന്നും കൂട്ടുകാർ കാണാൻ വന്നിരുന്നു. വിരസതയുടെ സമയം തള്ളി നീക്കാൻ രവി മേനോന്റെ അതിശയരാഗം, സത്യൻ അന്തിക്കാടിന്റെ ആത്മാവിന്റെ അടിക്കുറിപ്പുകൾ എന്നീ രണ്ടു പുസ്തകങ്ങൾ കൊണ്ടു വന്നിരുന്നു. അജീഷേട്ടന്റെ ശേഖരത്തിൽ നിന്നാണ്. എങ്കിലും എല്ലാവരും ചുറ്റും വന്നു നിന്നപ്പോൾ ഞാൻ ഒരു വലിയ രോഗി ആണെന്നൊരു തോന്നൽ നിഴലിച്ചു. പുതിയ വീര്യം കൂടിയ മരുന്നിന്റെ ആലസ്യത്തിലും അവരുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ വാ തോരാതെ സംസാരിക്കുകയായിരുന്നു. അധികം താമസിയാതെ തന്നെ ഈ മുറിയിലെ ഏകാന്തതയിലേക്ക് എന്നെ എടുത്തെറിഞ്ഞ ശേഷം നന്മകൾ നേർന്ന് അവർ പോയി.
ക്ഷീണം അസഹനീയം ആയിരുന്നു. തല ഉയർത്താൻ പോലും വയ്യാത്ത തളർച്ച. മരുന്നുകൾ പ്രവൃത്തി തുടങ്ങി എന്നതിന്റെ അടയാളം. മനോധൈര്യത്തിന്റെ കുറവോ ഏകാന്തതയുടെ ഭയമോ എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.

മരുന്നിന്റെ തളർച്ച കൂടി ആയതോടെ ആകെ ഭീതിതമായി മനസ്സ് മടുത്തിരുന്നു.
അപ്പോഴാണ് അവർ കയ്യിൽ മരുന്ന് ട്രേ യുമായി വന്നത്. എന്ത് പറ്റി അർവിൻ എന്ന ചോദ്യവുമായി തുടങ്ങിയ അവർ ഇൻജക്ഷൻ എടുത്ത ശേഷവും കൂടുതൽ നേരം എന്റെ അടുത്ത് ഇരുന്ന് സംസാരിക്കുകയും ആത്മവിശ്വാസം തരികയും ചെയ്തു. മുറിയിലെ അരണ്ട cfl മാറ്റി വെളിച്ചമുള്ള ഒന്നിടാൻ house keepingനോട് പറയാൻ അവർ പറഞ്ഞു. ക്ഷീണം മാറാൻ NaClDextrose സൊലൂഷൻ ട്രിപ്പ് ആയി ഇട്ടിട്ട് അവർ പോയി.ഇവർ തന്നെ ആയിരുന്നു അതിനു മുൻപുള്ള ദിവസം ഡോക്‌ടറെ ഓർമിപ്പിച്ചു ചില ടെസ്റ്റുകൾ നടത്താൻ മുൻകൈ എടുത്തത്.

അവർ പോയ ശേഷം അച്ഛനും അനിയനും ഭക്ഷണം കൊണ്ടു വന്നു (ഇന്നലെ മറ്റൊരു ആശ്രമത്തിൽ നിന്നാണ് വൈകിട്ട് കൊണ്ടു വന്നത്. പതിവില്ലാത്ത തിരക്ക് മൂലം ഭക്ഷണം നേരത്തേ തീർന്നു പോയത് കൊണ്ട് ഞങ്ങൾക്ക് കിട്ടിയില്ലായിരുന്നു). അത് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നെങ്കിലും അകാരണമായ ഒരു ഭയം എന്നെ മൂടി നിന്നു. എന്റെ മായക്കത്തിനിടയിൽ എന്റെ പരിഭ്രമം കണ്ട് അമ്മ അവരെ വീണ്ടും വിളിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിടത്ത് നിന്ന് അവർ വന്നു. bp നോക്കി ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു വീണ്ടും എന്നോട് ഒരുപാട് സംസാരിച്ചു. ന്യൂമോണിയ അത്ര വലിയ അസുഖം ഒന്നും അല്ലെന്നും അവരുടെ പിതാവിന്റെ രോഗ കാലവും ഒക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു. പ്രസന്നമായ മുഖവുമായി അവർ ഇന്ന് രാവിലെ വീണ്ടും വന്ന്‌ മരുന്ന് ഇന്ജെക്റ് ചെയ്തു. നെറ്റിയിൽ തൊട്ടു നോക്കി. സംസാരിച്ചു. അവരുടെ വാക്കുകൾ എനിക്ക് ഊർജദായകമായിരുന്നു. അതിൽ എന്റെ സകല പിരിമുറുക്കവും അഴഞ്ഞു.

അവരായിരുന്നു ഇന്നലത്തെ ഡ്യൂട്ടി നഴ്സ്.

അവരുടെ പേര് ഞാൻ തിരക്കിയില്ല. അല്ലെങ്കിൽ തന്നെ പേരിൽ എന്തിരിക്കുന്നു, പ്രവൃത്തിയിലല്ലേ കാര്യം. പ്രൊഫഷണലിസം എത്തിക്സ് എന്നീ വാക്കുകൾക്ക് വലിയ വില ഇല്ലാത്ത ഇന്നത്തെ മലയാളി പൊതു സമൂഹത്തിൽ. ഇവരെ പോലുള്ളവർ ഒരാശ്വാസം ആണ്. പ്രത്യേകിച്ച് ആതുര സേവന രാംഗത്ത് എത്തിക്സ് പ്രൊഫഷണലിസം എന്നിവ മുറുകെ പിടിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ കരങ്ങളിൽ ആണ് ഞാൻ ഉള്ളത് എന്ന ചിന്ത ഒരു സുരക്ഷിതത്വ ബോധത്തിന്റെ കവചം എനിക്ക് ചുറ്റും, എനിക്ക് ചുറ്റും മാത്രമല്ല മറ്റുള്ളവർക്ക് ചുറ്റിലും തീർക്കുന്നു.

20 ഫെബ്രുവരി 

പിറന്നാൾ ചന്തികൾ

അതെ ഞാൻ അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചത്. ആരും മോശം വിചാരിക്കേണ്ട ഇത് എന്റെ ചന്തികളെക്കുറിച്ചാണ്.
ഒരു കാലത്ത് ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്ന ദിവസങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ഒരു ഇംഗ്ലീഷ് പ്രയോഗത്തിന്റെ തർജമ ആണ് ഈ പിറന്നാൾ ചന്തികൾ. ആ വാക്കാണ് 'birthday bumps'

ക്രിസ്ത്വബ്ദം 2008 ൽ അടൂർ എൻജിനീയറിങ് കോളേജിൽ BTech ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എന്ജിനീയറിങ്ങിന് ചേർന്നത് മുതൽ കേൾക്കുന്ന ഭീകരമായ രണ്ടു വാക്കുകൾ. രാത്രി പന്ത്രണ്ട് എന്നൊരു സമയം ഉണ്ടെങ്കിൽ, ബർത്ത്ടേ ബോയിയെ കൊല്ലാൻ കൊണ്ടു പോകുന്ന ഒരു പാവം പന്നിയുടെ കണക്ക് കയ്യിലും കാലിലും കൂടി പിടിച്ചു തുക്കി എടുത്ത് മൂന്ന് നാലെണ്ണങ്ങൾ നിൽക്കും. പിന്നെ വളരെ ശാന്തമായി കിന്റർഗാർട്ടൻ ക്ലാസുകൾ മുതൽ കേട്ടു തഴമ്പിച്ച ആ ഗാനം പാടുകയായി. വളരെ സന്തോഷം തരുന്ന ആ ഗാനം മരണവിധി കേൾക്കുന്ന ഒരു നിരപരാധിയെ പോലെ കേട്ട് നിൽക്കേണ്ടി വരും.

happy birthday to you
happy birthday to you
.....
may the good God bless you
and keep you
happy birthday to you..


ഇത് കഴിയുമ്പോൾ നാല് വശത്തു നിന്നും എണ്ണമറ്റ കാലുകൾ സമൃദ്ധമായ ചന്തികളെ ഭേദ്യം ചെയ്യുകയായി. ഇതിനിടയിൽ ചില വിദ്വാന്മാർ മുറി തൂക്കാൻ വാങ്ങി വെച്ചിരിക്കുന്ന ചൂല് , തറ തുടക്കുന്ന mop ന്റെ കോല് ഇതുകൊണ്ട് ചില പ്രയോഗങ്ങൾ കൂടി നടത്തും. സാധാരണ ഒരു മുണ്ട് മാത്രമാണ് രാത്രികാല വേഷം. ആ രാത്രിയിൽ ജീൻസും അതിനുള്ളിൽ ജെട്ടിയും(പിറന്നാൾ ദിനത്തിൽ മാത്രം രണ്ടെണ്ണം) ഉണ്ടെങ്കിൽ കൂടി വരാനുള്ളത് വഴിയിൽ തങ്ങാറില്ല. അങ്ങിനെ ഉള്ള മൂന്ന് ജന്മദിനങ്ങൾ കഴിഞ്ഞു പോയി. നാലാമത്തെ ജന്മദിനത്തിന് പനി ആയത് കൊണ്ട് ഉറക്കത്തിൽ നിന്ന് ശബ്ദമുണ്ടാക്കി പേടിപ്പിച്ചു ഉണർത്തിക്കൊണ്ട് മറ്റു കലാപരിപാടികളിൽ നിന്നും മുക്തനാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും അതിനു ശേഷമുള്ള കേക്ക് മുറിക്കൽ ചടങ്ങും സർപ്രൈസ് ഗിഫ്റ്റുകളും ഒക്കെ വലിയ സന്തോഷം തന്നെ ആയിരുന്നു.
മറ്റൊരിക്കൽ 'പിറന്നാൾ ചന്തികൾ' ഭയന്ന് orkutഇൽ ബർത്ത്ടേ മാറ്റിയിട്ട ഒരു സംഭവം ഉണ്ട്. അന്നാണ് എനിക്ക് എന്റെ കൂട്ടുകാരുടെ സ്നേഹം മനസിലായത്. എന്റെ ജന്മദിനവും(ഫെബ് 18) പിറന്നാളും(കുംഭം തൃക്കേട്ട) ഓർത്തിരുന്ന മഹാന്മാർ ഈ രണ്ടു സുദിനങ്ങളിലും എന്റെ ചന്തികൾ ചെണ്ടപ്പുറമാക്കി. ആദ്യത്തെ മൂന്നു കൊല്ലം ഞാൻ ക്രിസ്തുവിനെ മാതൃക ആക്കിയെങ്കിലും നാലാം വർഷം പഴയ വേദനയുടെ ഓർമ്മകൾ എന്നെ ദുർവാസാവാക്കി. ഞാനും കൊടുത്തു എല്ലാത്തിനും നല്ല ഒന്നാന്തരം പിറന്നാൾ ചന്തികൾ.

അതൊക്കെ ഒരു കാലം. ഓർമകളിൽ മാത്രം പൂവിടുന്ന തിരികെ കിട്ടാത്ത കാലം. ഇത്തവണത്തെ എന്റെ ജന്മദിനവും പിറന്നാളും ആശുപത്രിക്കിടക്കയിൽ ആയിരുന്നു. കാനുലയിലൂടെ കയറ്റുന്ന ഇൻജക്ഷൻ കൂടാതെ എളിയിൽ എടുക്കുന്ന ഒരു ഇൻജക്ഷൻ കൂടി തുടങ്ങിയിട്ടുണ്ട്. വേദന ഉള്ള കുത്തിവയ്പ് ഒന്നും അല്ലെങ്കിലും സൂചിയും സിറിഞ്ചും കാണുമ്പോഴേ എന്റെ കയ്യും കാലും വിറച്ചു തുടങ്ങും. മിനിഞ്ഞാന്ന് എന്റെ ജന്മദിനം ആയിരുന്നു. ഇന്ന് എന്റെ നാള് വെച്ചുള്ള ഹിന്ദു ആചാര പ്രകാരം ഉള്ള പിറന്നാളും. ഈ രണ്ടു ദിവസവും ചന്തിയിൽ കുത്തു കൊണ്ടു. പിറന്നാൾ ദിവസം സിറിഞ്ചുമായി സിസ്റ്റർ മുറിയിൽ കയറി വന്നപ്പോൾ 2008 മുതലുള്ള മൂന്ന് പിറന്നാൾ രാത്രികൾ ഒരു മാത്ര കൊണ്ട് മനസിലൂടെ കടന്നു പോയി.

21 ഫെബ്രുവരി 
ചോര എടുത്ത് ക്ഷീണിച്ച ലാബ് ടെക്നിഷ്യന്മാരെ പോലെ കൊതുകുകൾ ഓരോന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ജനൽ വഴി പുറത്തേക്ക് പോകുന്നുണ്ട്.

22 ഫെബ്രുവരി 
ആശുപത്രിയിലെ തുറന്ന ജയിലിൽ നിന്നും ബെഡ്റൂമിലെ ഏകാന്ത തടവിലേക്ക്. കുറച്ചു നാൾ റസ്റ്റ് എടുക്കേണ്ടി വരും. വരാൻ പോകുന്ന ആ ദിവസങ്ങൾ ആണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്.

കഴിഞ്ഞു പോയ ഓരോ ദിവസവും സൗഖ്യത്തിലേക്കുള്ള നടപ്പാത ആയിരുന്നു. ഹോസ്പിറ്റൽ മുറിയുടെ ജനാലക്കരികിൽ പകൽ ഉണർന്നിരിക്കുന്ന സമയങ്ങളിൽ ഞാൻ കണ്ട കാഴ്ചകൾ മറക്കാനാകാത്തതായിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നു തളർന്ന വൃദ്ധജന്മങ്ങൾ വരെ, പ്രാവും കാക്കയും മുതൽ നയ്ക്കുട്ടിയും തള്ളയും വരെ. ഓരോന്നിനും ഓരോ കഥകൾ പറയാനുണ്ടാകും. സന്തോഷത്തിന്റെ പൂത്തിരി ചിതറിയ പിഞ്ചു കരച്ചിലുകൾ കേട്ട അടുത്ത മുറിയിൽ മറ്റൊരു കുരുന്നിനു രക്തത്തിനു വേണ്ടി അലയുന്ന മാതാപിതാക്കൾ. ഇതിനിടയിൽ മാർക്കിനും തൊഴിൽപരിചയത്തിനും വേണ്ടി നെട്ടോട്ടമൊടുന്ന കുട്ടി നേഴ്‌സുമാർ. ആരുമല്ലെങ്കിലും എന്റെ ഏകാന്തതയിൽ ഇത്തിരി കളി തമാശകളുമായി അവരുമുണ്ടായിരുന്നു. ഇന്ന് ഡിസ്ചാർജ് ചെയ്യും എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കാം ചേട്ടാ എന്ന ആ ഒരു വാക്ക്. 

മുറി വൃത്തിയാക്കാൻ വരുന്ന ചേച്ചിമാർ മുതൽ രാവും പകലും വരുന്ന സിസ്റ്റർമാർ. പിന്നെ ഡോക്ടർമാർ. അതിൽ ഒരു സിസ്റ്ററെക്കുറിച്ചു ഞാൻ നേരത്തേ എഴുതിയിരുന്നു. അവരുടെ പേര് അസ്മ എന്നാണ്. ഇന്ന് പോരാൻ നേരം അവരോടു മനം നിറഞ്ഞു നന്ദി പറഞ്ഞു. എന്റെ നന്ദി പറച്ചിലിനു മറുപടിയായി അവർ പറഞ്ഞത് ഇത്രയും മാത്രം.

"നമ്മൾ മനുഷ്യർക്ക് പരസ്പരം കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യം നല്ല വാക്കുകൾ ആണ്. പിന്നെ നിങ്ങളുടെ ഒക്കെ മുഖത്ത് വിരിയുന്ന പുഞ്ചിരി ആണ് ഞങ്ങളെ പോലുള്ളവരുടെ സന്തോഷം". 
ഈ ദിവസങ്ങളിൽ കാണാൻ വന്ന സുഹൃത്തുക്കൾ ബന്ധുക്കൾ. എത്രയോ മുഖങ്ങൾ ഓരോ മുഖങ്ങളിലും തെളിയുന്നത് വിവിധ ഭാവങ്ങൾ. എങ്കിലും കണ്ടതെല്ലാം നന്മയുള്ള കാഴ്ചകൾ. വിരസത ഞാൻ അറിഞ്ഞതേ ഇല്ല. എല്ലാവരോടും നന്ദി മാത്രം.
അജീഷേട്ടന്റെ പുസ്തകങ്ങൾക്ക് ഇനി ആണ് ഞാൻ ഒരു ശല്യമാകാൻ പോകുന്നത്. ഇനി ഉള്ള വളരെ കുറച്ചു നാളത്തെ വിശ്രമകാലം. ആശുപത്രിയിലെ കാഴ്ചകളിൽ നിന്നും വിരസമായി നിത്യവും കാണുന്ന മാവും പുളിയും കപ്പളവും പവിഴമല്ലിയും പിന്നെ പാർക്ക് ചെയ്തിരിക്കുന്ന ഒന്നു രണ്ടു വണ്ടികളും.

മനുഷ്യർ അങ്ങിനെ ആണ്. കുറച്ചു നാൾ ഒരു സാഹചര്യത്തിൽ കഴിഞ്ഞാൽ അതിൽ നിന്നും മാറാൻ വിമുഖത കാട്ടുന്നവർ. സാരമില്ല രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ഈ ഏകാന്തതയെ ഞാൻ പ്രണയിച്ചു തുടങ്ങും. പകൽ എനിക്ക് കൂട്ടായി എന്റെ അമ്മയുണ്ടാകും. രാത്രിയിൽ ആ കൂട്ടിലേക്ക് അച്ഛനും അനുജനും കൂടി ചേരും. പിന്നെ എപ്പോഴും ഈശ്വരനും.

2017 മാർച്ച് 29, ബുധനാഴ്‌ച

കോട്ടയം 17 : ഒരു വായനാനുഭവം


മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ എഴുത്തുകാരൻ എന്ന നിലക്കാണ് ഉണ്ണി ആർ എന്ന കഥാകൃത്തിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം മാറ്റി നിർത്തിയാൽ അതിന്റെ കഥ തന്നെ ആയിരുന്നു ചിത്രത്തിലെ യഥാർത്ഥ നായകൻ. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ലീല ചാർളി എന്നീ സിനിമകൾ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചും കൂടുതൽ അന്വേഷിക്കുന്നതും കഥകൾ വായിക്കുന്നതും. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചന ആയി പലരും കരുതിയിരുന്നത് ലീല എന്ന കഥ ആണ്. ഒരു ഏഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മാസ്റ്റർ പീസ് എന്നൊന്നുണ്ടോ എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലീലയേക്കാളും മികച്ച ഒരുപാട് കഥകൾ എഴുത്തുകാരന്റേതായി ഉണ്ട്. അതിൽ ഒടുവിലായി വായിച്ചത് കോട്ടയം 17 എന്ന ഹൃദയഹാരി ആയ കഥ ആണ്. പ്രസാധകരുടെ രേഖകൾ പ്രകാരം കോട്ടയം 17ന് അബുദാബി ശക്തി അവാർഡും അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരവും ലഭിച്ചിട്ടുള്ള ഈ കഥ ഒരു മികച്ച വായനാനുഭവം തന്നെ പകർന്നു തന്നു.

മനുഷ്യനും മനുഷ്യത്വവും ദൈവവും വിശ്വാസവും വിശ്വാസികളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ തുറന്നെഴുത്ത് ആണ് കോട്ടയം 17. തനി കോട്ടയം വാമൊഴിയിലുള്ള സംഭാഷണങ്ങളുമായി മുന്നോട്ടു പോകുന്ന കഥയിൽ മനുഷ്യരെക്കൂടാതെ ചെടികളും മരങ്ങളും ഓന്തും അണ്ണാനും തവളയും എന്തിന് ആരുടെയോ ഒച്ച വരെ കഥാപാത്രങ്ങൾ ആയി കടന്നു വരുന്നുണ്ട്. തന്റെ കഥകളിൽ കോട്ടയത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതിന്റെ വിശദീകരണം കഥാകാരൻ ആമുഖത്തിൽ കുറിച്ചിട്ടിരിക്കുന്നത് ഇങ്ങനെ ആണ്.
"...ഈ കഥകൾ എഴുതിത്തുടങ്ങിയപ്പോൾ അവിടുത്തെ തൊണ്ടുകളും വീടുകളും മരങ്ങളും കെട്ടിപ്പെറുക്കി കുടമാളൂരു നിന്നും തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് വന്നു എന്നും പറയാം. ഒരുപക്ഷേ, നാളെ, ഏതൊരു പരിഷ്കൃത നാടും പോലെ ഒരു മുഖഛായയിൽ, ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കും. അതിനു മുൻപ് എന്നെ നീയൊന്ന് പകർത്തി വയ്ക്ക് കൊച്ചേ എന്ന് എന്റെ നാട് പറയുന്നത് പോലെ തോന്നിയിട്ടുണ്ട്..."

നാട്ടിൻപുറത്തുകാരായ കുഞ്ഞും പെണ്ണമ്മയും ക്രിസ്തീയ വിശ്വാസപ്രകാരം സമാധാനത്തോടെ ജീവിച്ചു പോന്നിരുന്നവർ ആയിരുന്നെങ്കിലും കുട്ടികൾ ഇല്ല എന്ന വ്യഥ അവരെ വല്ലാതെ അലട്ടിയിരുന്നു. ആ വിഷമത്തിൽ നിന്നും കുഞ്ഞിന് ആശ്വാസം പകരാൻ തൊടിയിൽ നട്ടു വളർത്തിയിരുന്ന കപ്പച്ചെടികളും പ്ലാവും ചെമ്പരത്തിയും ഒക്കെ ശ്രമിച്ചിരുന്നു. എന്നും കുഞ്ഞിനോട് അവരും കുഞ്ഞ് അവരോടും വർത്തമാനം പറഞ്ഞു. കാപ്പി തണുത്ത് പോകും എന്ന് പറഞ്ഞ് പെണ്ണമ്മ വിളിക്കുന്ന കാര്യം അന്ന് രാവിലെ കുഞ്ഞിനോട് പറഞ്ഞത് ചക്കയുടെ മറവിൽ ഒളിച്ചിരുന്ന ഒരു ഓന്തായിരുന്നു. വൈകുന്നേരങ്ങളിൽ കള്ളു കുടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുഞ്ഞ് കപ്പേളക്ക് മുന്നിൽ നിൽക്കും. പിന്നെ അതിനുള്ളിലെ ഉണ്ണിയേശുവിനോട് വിശേഷം പറയലായി കളികൾ ആയി. കുഞ്ഞുങ്ങൾ ഇല്ലാത്ത കുഞ്ഞിന് കുഞ്ഞേശു തന്റെ കുഞ്ഞായിരുന്നു. അന്നത്തെ ദിവസം കനത്ത മഴ ആയിരുന്നു. കപ്പേളയുടെ മേൽക്കൂരയിലെ ചോർച്ചയിൽ നിന്നും ഉണ്ണിയേശുവിന്റെ തലയിലേക്ക് വെള്ളം വീഴുന്നുണ്ടായിരുന്നു. ആദ്യം കയ്യിലുണ്ടായിരുന്ന തോർത്ത് എടുത്ത് കുഞ്ഞു ശിരസ്സ് തോർത്തിക്കൊടുത്തെങ്കിലും വീണ്ടും നനഞ്ഞുകൊണ്ടിരുന്നു. മഴ നനഞ്ഞു കൊച്ചിനു പനി വരാതെ ഇരിക്കാൻ ഉണ്ണിയേശുവിനെ കുഞ്ഞ് അന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് രാവിലെ പെണ്ണമ്മ സ്വന്തം കുഞ്ഞിനെയെന്ന പോലെ അവനെ ലാളിച്ച ശേഷം ഒരു കുട്ടയിൽ തുണി വിരിച്ച് അതിൽ കിടത്തി ദൈവപുത്രനെ അവന്റെ വീട്ടിൽ കൊണ്ട് പോയി വിടാൻ കുഞ്ഞിനെ യാത്രയാക്കുന്നു. കപ്പേളക്ക് മുന്നിൽ കൂടി നിന്ന ആളുകളിൽ നിന്നും വളരെ ഹീനമായ പെരുമാറ്റമാണ് കുഞ്ഞിന് നേരിട്ടത്. അച്ഛൻ ദേഷ്യത്തിലായിരുന്നെങ്കിലും തിരുവസ്ത്രത്തിന്റെ മാന്യത ഓർത്ത് കുഞ്ഞിനെ ഭേദ്യം ചെയ്യാതെ മുണ്ടിന്റെ കുത്തിനു പിടിച്ചു ശകാരിച്ചു വിട്ടു. അന്ന് കുഞ്ഞിനെ പള്ളിയിൽ നിന്ന് വിലക്കി.

ഉണ്ണി ആറിന്റെ തൂലികയുടെ ചലനത്തിൽ ഈ സംഭവങ്ങൾ ഹൃദയസ്പർശിയായ കഥയായി പിറന്നു. ഓരോ കഥാസന്ദർഭവും നേരിട്ട് കാണുന്ന അനുഭൂതി ആണ് ഓരോ വരികളും വായിക്കുമ്പോൾ ലഭിക്കുന്നത്. മനുഷ്യരായി പിറന്നു വളർന്ന ആർക്കും കുഞ്ഞിനെ മനസിലാക്കാൻ കഴിഞ്ഞില്ല. രെവീശ്വരത്തെ തോട്ടുവക്കിൽ വിഷമിച്ചു കുത്തിയിരുന്ന കുഞ്ഞിനെ സങ്കടത്തോടെ നോക്കിയ നാണിയമ്മയുടെ പശുവുവിനും അവൾക്ക് മുകളിൽ ഇരിക്കുകയായിരുന്ന കാക്കയ്ക്കും കുഞ്ഞിനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു. മനുഷ്യർക്ക് മനുഷ്യരെ മനസിലാക്കാൻ എവിടെ നേരം. കുഞ്ഞിനെ ചീത്ത വിളിക്കുമ്പോഴും പെണ്ണമ്മയെപ്പറ്റി അസഭ്യം പറഞ്ഞപ്പോഴും മാനത്ത് നിന്ന് ഒരശരീരി കേട്ടെങ്കിൽ, അല്ലെങ്കിൽ ഉണ്ണിയേശുവിന്റെ രൂപം എന്തെങ്കിലും പറഞ്ഞെങ്കിൽ എന്ന് ഓരോ വായനക്കാരനും ആഗ്രഹിച്ചു പോകുന്ന തരത്തിൽ ഉള്ള എഴുത്തിൽ കഥാകാരൻ വിശ്വാസികളുടെ വിശ്വാസം എന്ന പൊള്ളത്തരത്തെ തുറന്നു കാണിക്കുന്നത് കഥാപത്രമായ ദേവാസിയുടെ സംഭാഷണത്തിലൂടെ ആണ്. പിന്നേ പ്രതിമക്കല്ലേ പനി വരുന്നത് , പൊലയാടി മോന് ഭ്രാന്താണച്ചോ എന്ന് ദേവസ്സി പറയുമ്പോൾ സ്വന്തം വിശ്വാസത്തെ തന്നെ ആണ് അയാൾ ചോദ്യം ചെയ്യുന്നത്. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ മൊഴി മറന്ന വിശ്വാസികൾ. അല്ലെങ്കിൽ തന്നെ അവിടെ ആര് പാപം ചെയ്തു.

ഉണ്ണി ആറിന്റെ കോട്ടയം 17 ഒരു കണ്ണാടി ആണ്. സമൂഹത്തിന്റെ നേർക്ക് മതങ്ങളുടെ നേർക്ക് വിശ്വാസങ്ങളുടെ നേർക്ക് തുറന്നു പിടിച്ച ഒരു കണ്ണാടി. കുഞ്ഞും പെണ്ണമ്മയും ദേവസ്സിയും വികാരിയച്ഛനും എല്ലാം നമുക്ക് ചുറ്റും ഉണ്ട്, അല്ലെങ്കിൽ അവരെല്ലാം നമ്മൾ തന്നെ ആണ്. ഈ കണ്ണാടിയിൽ നോക്കുമ്പോഴാണ് നമ്മുടെ ഒക്കെ മനസ്സ് എത്ര വിരൂപം ആണ് എന്ന് മനസിലാകുന്നത്. എങ്കിലും ആശക്ക് വകയുണ്ട്. അത്രയും അപമാനം ഏറ്റു വാങ്ങിയിട്ടും "ഓ അവനപ്പോഴത്തെ ദേഷ്യത്തിന് ഏതാണ്ട് പറഞ്ഞു. അത് സാരമില്ല. ദൈവം നമുക്കാ ഭാഗ്യം തന്നില്ല. നീ കരയാതെ കൊറച്ച് കാപ്പി അനത്തിക്കൊണ്ട് വാ" എന്ന് ലാഘവത്തോടെ പറയാൻ മനസുള്ള കുഞ്ഞിനേപ്പോലെ ഉള്ളവരും ഇവിടെ ബാക്കി ഉണ്ട്.

എങ്കിലും ഒരു സംശയം ബാക്കി. 
ഈ കഥക്ക് കോട്ടയം 17 എന്നു പേരിടാന്‍ എന്തായിരിക്കും കാരണം ? 

✍ അര്‍വിന്‍

2017 ജനുവരി 11, ബുധനാഴ്‌ച

കൺട്രയിൽ (Contrail)

വിറകിന്റെ കറ പറ്റി നരച്ചു തുടങ്ങിയ ഇളം നീല ബ്ലൗസിൽ നിന്നും അല്പം മുൻപ് മാത്രം വെട്ടി പരുവപ്പെടുത്തിയ ചക്കയുടെ പശ കിള്ളി പൊളിച്ചെടുത്ത് മുണ്ടിന്റെ തുമ്പും പാവാടയും ചേർത്ത് അരയിൽ കുത്തി അതുവരെ വർത്തമാനത്തിൽ മുഴുകി നിന്ന മേരി ചേച്ചിക്ക് ശിംശിപാ വൃക്ഷ ചുവട്ടിൽ ഇരുന്ന സിദ്ധാർഥ രാജകുമാരന് തോന്നിയത് പോലുള്ള ഒരു ഉൾവിളി ഉണ്ടായി.

"അമ്മിണിച്ചേച്ചീ ഞാനെന്നാ ഈ കാടീം കൊണ്ടങ്ങ് പോകുവാ. അങ്ങേര് നൈറ്റ് കഴിഞ്ഞ് വരാറായി. എന്നെ വീട്ടീ കണ്ടില്ലെങ്കി പിന്നെ അത് മതി"

വെട്ടുകല്ലു കൊണ്ട് കെട്ടിയ നടക്കല്ലിറങ്ങുമ്പോൾ ടെറസിൽ നിന്ന് ഡിഷ് ആന്റിന ശരിയാക്കുന്ന പയ്യനെ നോക്കി മേരിച്ചേച്ചി വിളിച്ചു പറഞ്ഞു: "എടാ കൊച്ചേ ഒന്ന് വേഗം ശരിയാക്കി കൊട് "

"അതവൻ നന്നാക്കിക്കോളും നല്ല കഴിവുള്ള ചെക്കനാ" അമ്മിണിഅമ്മയുടെ മൂത്ത മകൻ ബാബു ഇറങ്ങി വന്നു.

"ഏ.. ബാബു ഇന്ന് പോയില്ലായിരുന്നോ." കാടി നിറച്ച ചളുങ്ങിയ അലൂമിനിയം ബക്കറ്റ് താഴുത്തെ നടക്കല്ലിൽ വെച്ചിട്ട് മേരിച്ചേച്ചി ചോദിച്ചു.

"ഇല്ല ഓട്ടോ പണിക്ക് കേറ്റിയേക്കുവാ. പിന്നെ ചെറിയൊരു മേല് നൊമ്പരം. പണിക്കോളാണെന്ന് തോന്നണു"

"എന്നാടാ ബാബു അത്. അങ്ങോട്ട് നോക്കിക്കേ" താഴെ നിന്ന് കൊണ്ട് അഞ്ച് അടി ഉയരത്തിൽ നിൽക്കുന്ന അഞ്ചര അടി ഉയരമുള്ള ബാബുവിന്റെ തലയ്ക്കു പിന്നിലൂടെ ആകാശത്തു കണ്ട നീളമുള്ള വെളുത്ത രണ്ടു സമാന്തര രേഖകൾ കണ്ട് മേരിച്ചേച്ചി അദ്‌ഭുതം കൂറി.

താഴെ നിന്ന് മേരിച്ചേച്ചിയും മുറ്റത്തു നിന്ന് ബാബുവും ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കനും നേർ രേഖയിൽ ആകാശത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ഉമ്മറത്തെ ഇളംതിണ്ണയിൽ ഇരുന്ന അമ്മിണിയമ്മയും മേലേക്ക് നോക്കി.

"അത് വിമാനത്തിന്റെ പൊകയാണ് " മേലോട്ട് തിരിച്ച കഴുത്ത് നൂറ്റി എൺപത് ഡിഗ്രി എതിർ ദിശയിൽ തിരിച്ച് മേരിച്ചേച്ചിയെ നോക്കി ബാബു പറഞ്ഞു.

"വിമാനത്തിന് പൊകയോ..!"സംശയ നിവൃത്തിക്കായി മേരിച്ചേച്ചി വീണ്ടും ചോദിച്ചു 

"അതിന് ഇതിന് മുൻപ് വിമാനത്തീന്ന് പൊക പോണത് ഞാങ്കണ്ടിട്ടില്ലല്ലോ"

"അതിപ്പോ ഞാൻ എന്താ പറയുക, ആ ഈ പെട്രോൾ ലാഭിക്കാൻ ആയിട്ട് നമ്മൾ ഇച്ചിരി മണ്ണെണ്ണ മിക്സ് ചെയ്ത് ഇടക്ക് ഓട്ടോ ഓടിക്കാറുണ്ട്. അപ്പൊ അത് വരെ ഇല്ലാത്ത രീതിയിൽ പുക വരും. ഒരു തവണ പോലീസ് പിടിച്ചപ്പോ ഞാൻ ആ പണി നിർത്തി. അങ്ങനെ പെട്രോളിന്റെ കൂടെ മണ്ണെണ്ണ ചേർത്ത് പറത്തുന്ന വിമാനത്തിലാണ് ഈ പൊക കാണണത്"

"അത് അതൊന്നുമല്ല കൺട്രയിലാ" കേട്ട് പരിചയം ഇല്ലാത്ത ഒരു ശബ്ദം കേട്ട് ഞെട്ടിയ മൂവരും മുകളിലേക്ക് നോക്കി. ടെറസിൽ നിന്ന് മെക്കാനിക്ക് ചെക്കൻ ഒന്നൂടെ ഉറപ്പിച്ചു പറഞ്ഞു "ജെറ്റ് ട്രയിൽ എന്നും പറയും"

"അപ്പൊ അത് പൊകയല്ലേ"

"അല്ലന്നേ.. ഈ ജെറ്റ് എഞ്ചിൻ ഉള്ള വിമാനങ്ങൾ ഒക്കെ ഒരുപാട് ഉയരത്തിൽ പറക്കുമ്പോൾ ഉണ്ടാകുന്ന ഒരു സംഭവം ആണ് ആ കാണുന്നത്."

"ജെറ്റ് എഞ്ചിനോ ? അതെന്താ?" ബാബുവിനായിരുന്നു സംശയം

"അത് ജെറ്റ് ഫ്യുവൽ എന്ന ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എഞ്ചിൻ ആണ്, പെട്രോൾ അല്ല അതിൽ ഒഴിക്കുന്നത്. ഈ വെള്ളം കുടിക്കണ ഗ്ലാസ് ഇല്ലേ അത് പോലെ ആണ് അതിന്റെ ഷേപ് , തുറന്നിരിക്കുന്ന ഭാഗത്ത് ഒരു ഫാൻ ഉണ്ട് അത് വായുവിനെ ഉള്ളിലേക്ക് വലിച്ചു കയറ്റും അത് ഉള്ളിലെത്തി ഈ ജെറ്റ് ഫ്യുവലുമായി കൂടിക്കലർന്നു കത്തും. ആ കത്തലിന്റെ ബൈ പ്രോഡക്റ്റ് ആയിട്ട് വെള്ളവും ഉണ്ടാകും, അത് വെള്ളമായിട്ടല്ല നീരാവി ആയിട്ടാവും എൻജിന്റെ പിന്നിലൂടെ പുറത്തേക്ക് വരുക "

"ബൈ പ്രോഡക്ട് എന്ന് പറഞ്ഞാ..?" അത് വരെ എല്ലാത്തിനും ശ്രോതാവായി നിന്ന അമ്മിണിയമ്മ സംശയം തൊടുത്തു വിട്ടപ്പോൾ മേരിച്ചേച്ചി രണ്ട് പടി മുകളിലേക്ക് കയറി നിന്നു.

"എന്ന് പറഞ്ഞാൽ നമുക്ക് ഇപ്പൊ ഒരു സാധനം ഉണ്ടാക്കി എടുക്കണം. അത് ഉണ്ടാക്കുന്നത്തിന്റെ ഒപ്പം ഉപകാരപ്രദമായ മറ്റെന്തെങ്കിലും കൂടി തനിയെ ഉണ്ടാകുകയാണെങ്കിൽ അതിനെ ബൈ പ്രോഡക്ട് എന്ന് വിളിക്കാം.."

"ഓ...അത് പറ ഈ ചോറ് വെക്കുമ്പോ കഞ്ഞിവെള്ളം കിട്ടുന്ന പോലെ അല്ലേ.." എല്ലാവരും ഒരുമിച്ചു ചിരിച്ചു.

"എന്നാലും ഈ സാധനം കൊണ്ട് എങ്ങനെയാ ആ വര ആകാശത്തു വരുന്നത് എന്ന് പറ" ബാബു ധൃതി കൂട്ടി

"പറയാം.. നീരാവി ഉണ്ടാകുന്ന കാര്യം പറഞ്ഞില്ലേ. നീരാവി എന്താണെന്ന് അറിയാല്ലോ അല്ലേ. വെള്ളം തിളക്കുമ്പോൾ ആവി പൊങ്ങും അത് മൂടി വെച്ച് കുറേ കഴിയുമ്പോൾ അത് തണുത്ത് വീണ്ടും വെള്ളം ആകും അല്ലേ. ആ വെള്ളം ഫ്രിഡ്ജിൽ വെച്ചാലോ കുറേ താണുപ്പിക്കുമ്പോൾ ഐസ് ആകും. ഇവിടെയും അത് തന്നെ ആണ് നടക്കുന്നത്. വിമാനങ്ങൾ പറക്കുന്ന ഉയരത്തിൽ മിക്കവാറും താപനില നമ്മുടെ ഫ്രിഡ്ജിലെ ഫ്രീസറിനും ഒരുപാട് താഴെ ആണ്. പൂജ്യത്തിനും ഒരുപാട് താഴെ. അവിടെ വെച്ച് ചൂട് നീരാവി പുറത്തേക്ക് വരുമ്പോൾ അത് ഉടനെ തന്നെ ഐസ് ക്രിസ്റ്റലുകൾ ആയി മാറും. അത് താപനിലയുടെ അവസ്ഥ അനുസരിച്ചു മൂന്നോ നാലോ മിനിറ്റ് മുതൽ അര മണിക്കൂർ വരെ ഇത് പോലെ വര ആയി നിൽക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ഒരു തരം മേഘങ്ങൾ ആണ് സിറസ് (cirus) മേഘങ്ങൾ. കണ്ടേൻസേഷൻ എന്ന ശാസ്ത്ര പ്രതിഭാസം കൊണ്ട് ഉണ്ടാകുന്ന മേഘങ്ങൾ ആയത് കൊണ്ട് കണ്ടൻസേഷൻ ട്രയിൽ(condensation trail) എന്നും ജെറ്റ് എൻജിനിൽ നിന്നുള്ളത് ആയത് കൊണ്ട് ജെറ്റ് ട്രയിൽ (jet trail) എന്നും ഇത് അറിയപ്പെടാറുണ്ട്.അല്ലാതെ മണ്ണെണ്ണ ഒഴിച്ച് വിമാനം പറത്തുന്നതൊന്നും അല്ല കേട്ടോ."

"ഓ.. എനിക്കാദ്യേ സംശയം തോന്നിയതാ.." മേരിച്ചേച്ചി പറഞ്ഞു.

"ഡിഷ് ശരിയായിട്ടുണ്ട് ടിവി ഒന്ന് നോക്കിക്കേ.."

"ആ കിട്ടുന്നുണ്ട് മോനേ. നീ വാ ചായ കുടിച്ചിട്ട് പോകാം."

അമ്മിണിയമ്മ നിർബന്ധിച്ചെങ്കിലും ജോലിത്തിരക്കുള്ളതുകൊണ്ട് ആ ക്ഷണം സ്നേഹപൂർവം നിരസിച്ചു കൊണ്ട് അവൻ യാത്രയായി.

2016 ഡിസംബർ 27, ചൊവ്വാഴ്ച

ആസക്തി


എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. മുന്നിലുള്ളത് മാത്രമല്ല പിന്നിലുള്ളതും വശങ്ങളിലുള്ളതും മുകളിലും കീഴെയും ഉള്ളതും ഒരുമിച്ചു കാണാം. താഴെ വലിച്ചു കെട്ടിയ നീല നിറമുള്ള ടാർപ്പോളീൻ പടതക്കു കീഴെ കുശുപ്പിടിച്ചു തുടങ്ങിയ തെങ്ങിൻ കട്ടിലിലിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ക്ഷമിക്കണം ! ഞാൻ അല്ല എന്റെ ശരീരം. അമ്മയുടെ ഗർഭപാത്രത്തിൽ ജീവന്റെ തുള്ളികളിൽ നിന്നും ചെറു നാമ്പായി ഈ ലോക ഗോളത്തിലേക്ക് മുളച്ചു പൊന്തിയ നാളിൽ അച്ഛൻ വാങ്ങിയ കട്ടിൽ. എന്റെ പിള്ള മണവും മലവും മൂത്രവും കിതപ്പും വിയർപ്പും പിന്നീടെന്നോടൊപ്പം കുടുംബത്തിന്റെ ഭാരവും തങ്ങിയ കട്ടിൽ. ഇന്നതെന്റെ മാംസവും പേറി ഞാനെന്ന ഇല്ലായ്മയെ നോക്കി കരയുന്നു.


എന്റെ ആസക്തിയുടെ ദിനങ്ങളിൽ കട്ടിലിൽ മുഖമമർത്തി കരഞ്ഞിരുന്നവൾ , ഞാൻ കരയിച്ചിരുന്നവൾ എന്ന് പറയുന്നതാകും ഉചിതം. അവളുടെ മുഖം ആ കട്ടിലിൽ തന്നെ ഉണ്ട്. എന്റെ ശരീരത്തിന്റെ കാൽച്ചുവട്ടിൽ. ഈ അവസാന വേളയിലും അവളുടെ കണ്ണുനീരിന് കാരണം ഞാൻ മാത്രം.

കട്ടിലിന്റെ തലക്കൽ സജലങ്ങളായ നാല് പളുങ്ക് കണ്ണുകൾ. മക്കൾ ആണ്. പൊൻതരികൾ തോൽക്കുന്ന ആ പെൺതരികളെ ഇനി എനിക്ക് ലാളിക്കാനാവില്ല. മടിയിലിരുത്തി കൊഞ്ചിക്കാനാകില്ല. സ്കൂൾ വിനോദയാത്രക്ക് ഒരിക്കലെങ്കിലും പണം കൊടുക്കാൻ എനികാകില്ല. എനിക്കതിനു കഴിഞ്ഞിരുന്നുമില്ല. ആസക്തിയുടെ ദിനങ്ങളിൽ നിന്നുള്ള ഒരു മോചനമാകട്ടെ അവർക്കീയച്ഛന്റെ വേർപാട്.

ഇപ്പോൾ കേട്ട വലിയൊരു ശബ്ദം എന്നെ ദഹിപ്പിക്കാനുള്ള മാവിന്റെ അന്ത്യ ശ്വാസമാണ്. മുപ്പത്തി അഞ്ച് മാമ്പഴക്കാലങ്ങൾ എനിക്കു സമ്മാനിച്ച മുത്തശ്ശി മാവും എന്റെ കൂടെ വരുന്നു. അവരുടെ തിടം വെച്ച ശിഖരങ്ങൾ എന്റെ ആസക്തിയുടെ ബാക്കി പത്രമായി തൊടിയിലുപേക്ഷിച്ച അവസാനത്തെ സ്പടിക കുപ്പിയെ നിർദാക്ഷണ്യം തകർത്തു. അതിൽ നിന്നും ലഹരിയുടെ ചിറകുകൾ വീശി മരണത്തിന്റെ മാലാഖമാർ എന്നെ നോക്കി കൊഞ്ഞനം കുത്തി.

എനി എനിക്കൊരു മടങ്ങിപ്പോക്കില്ല എന്നറിയുമ്പോൾ അനുനിമിഷം ജീവിതത്തോടുള്ള ആസക്തി എന്നെ കൊത്തി വലിക്കുന്നു. ചൂട് കൂടി വരുന്നു. കാഴ്ച മങ്ങുന്നു. കണ്ണുകൾ അടഞ്ഞു. ഇനി ഞാൻ ഇല്ല.

2016 നവംബർ 17, വ്യാഴാഴ്‌ച

ആനന്ദധാര


അഞ്ചു വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്നറിയില്ല. കുറഞ്ഞ പക്ഷം ഞങ്ങൾ തമ്മിലെങ്കിലും.
അവിടെ കൂട്ടുകാരികൾ യാത്ര പറയുന്ന തിരക്കിലാണ്. ചിലർ കരയുന്നു. കരയുന്നവരെ കെട്ടിപ്പിടിച്ച് മറ്റു ചിലർ ആശ്വസിപ്പിക്കുന്നു. സെലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അൻപതടി നീളമുള്ള വരാന്തയുടെ ഇപ്പുറത്തു നിന്നും അപ്പുറത്തെത്താൻ ഒരു യുഗമെടുത്ത പോലെ. ഒരു അന്യ ഗൃഹ ജീവിയെപ്പോലെ അവർക്കിടയിലേക്ക് നടന്നടുത്തു.
"സെലിൻ..."
കൂടെ ഉണ്ടായിരുന്നവർ ഒക്കെ നിശബ്‌ദരായെങ്കിലും കേട്ടിട്ടും കേൾക്കാത്തത് പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാളിൽ നിന്നുമൊഴിഞ്ഞു മാറുന്നതിനുള്ള ക്രൂരമായ ഉപായം അയാളെ അവഗണിക്കുകയാണല്ലോ
ഒന്നു കൂടി വിളിക്കാൻ തോന്നിയില്ല. തിരികെ നടന്നു. റൂമിലെത്തി കതകടച്ചു. സങ്കടം പുഴ പോലെ ഒഴുകി. കണ്ണുകളിൽ നിന്നും കവിളുകൾ വഴി അവ താഴെ വീണു. സ്വയം മെനഞ്ഞെടുത്ത ആശ്വാസ വാക്കുകൾ ഒന്നും മതിയായിയുന്നില്ല.
കതകിൽ ആരോ മുട്ടിയപ്പോൾ ആണ് ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നത്.
"മോൻ പോയില്ലായിരുന്നോ. എല്ലാവരും പോയല്ലോ" താഴുത്തെ നിലയിൽ താമസിക്കുന്ന ആന്റി ആണ് .
"ഞാൻ പാക്ക് ചെയ്യുകയായിരുന്നു"
ധൃതി പിടിച്ചുള്ള പാക്കിങ്ങിനിടെ ആണ് റബർ ബാൻഡ് ഇട്ട ഒരു കടലാസ് കെട്ട് ഷെൽഫിൽ നിന്നും താഴെ വീണത്. പഴയ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ , ചില പത്ര വാർത്തകൾ മുറിച്ചെടുത്തു വെച്ചത് , ബാലരമയുടെ കൂടെ കിട്ടിയ ഒരു മുഖം മൂടി , എസ് എഫ് ഐ യുടെ അംഗത്വ രസീതുകൾ , ഡ്യൂട്ടി ലീവിന്റെ സാമ്പിൾ ഫോറം പിന്നെ മറ്റെന്തൊക്കെയോ കടലാസുകൾ. ആ കൂട്ടത്തിൽ നിന്നും ഒരിക്കൽ വലിയ വില കല്പിച്ചു സൂക്ഷിച്ചിരുന്ന ഒരു പേപ്പർ കിട്ടി. സെലിന്റെ കൈപ്പടയിൽ പകർത്തി എഴുതിയ ഒരു കവിത. അല്പം മഞ്ഞ നിറം ആയതൊഴിച്ചാൽ എല്ലാം വ്യക്തമായി വായിക്കാം. ആർട്സ് ഫെസ്റ്റിന് ചൊല്ലാൻ ഒരിക്കൽ എഴുതി തന്നതാണ് അവൾക്ക് ഒരുപാട് ഇഷ്ടമുള്ള കവിത. ഇന്ന് അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് അറിയില്ല.
കവിതയുടെ വരികളിൽ ഇടക്ക് മഷി പടർന്നിട്ടുണ്ട്. അത് എന്റെ കൈവശം എത്തുമ്പോഴും ആ മഷിപ്പാടുകൾ അതിൽ ഉണ്ടായിരുന്നു. കണ്ണുനീർ വീണു നനഞ്ഞതാണ് എന്നവൾ പറഞ്ഞപ്പോൾ കളിയാക്കിയതോർക്കുന്നു. ആനന്ദധാരയുടെ* വരികൾക്ക് ഇത്ര വേദന നൽകാൻ കഴിയുമായിരുന്നുവോ.
കഴിയുമെന്ന് ഇന്ന് അറിയുന്നു.
അതിന്റെ തീവ്രത ഇന്നറിയുന്നു
നോക്കിയ 1600 യുടെ ആൽഫാ നൂമറിക് കീപാട് ഉപയോഗിച്ച് ആ വരികൾ ഫോണിൽ എഴുതാൻ കുറേ സമയം എടുത്തു.

" ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ.
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന. "

കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും സെലിൻ എന്ന പേരിനു മുന്നിൽ കാഴ്ച നിശ്ചലമായി. നമ്പർ മാറിയിട്ടുണ്ടോ എന്നറിയില്ല. അയക്കണോ വേണ്ടയോ എന്ന് എന്നിലെ രണ്ടു പകുതികൾ. 
ഒടുവിൽ ടൈപ് ചെയ്തതെല്ലാം ഡിലീറ്റ് ബട്ടണിൽ തീരുമ്പോൾ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നില്ല.

✍അർവിൻ

2016 നവംബർ 11, വെള്ളിയാഴ്‌ച

ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

13/10/2016  മുവാറ്റുപുഴ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഫീസിൽ പോയിരുന്നില്ല. പനിയും തുമ്മലും ചുമയും ഒക്കെയായി ആകെ തളർന്നിരിക്കുകയായിരുന്നു. ഡസ്റ്റ് അലർജി ഉണ്ടെന്ന് പറഞ്ഞപ്പോൾ അലക്സ്‌ രണ്ട് സർജിക്കൽ മാസ്ക് കൊണ്ടു വന്നു തന്നു. യാത്ര ചെയ്യുമ്പോൾ അത് ഉപയോഗിച്ചാൽ പൊടി ശല്യം ഒരു പരിധി വരെ ഒഴിവായി കിട്ടും. കഴിഞ്ഞ ദിവസം അത് വെച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ആ പെൺകുട്ടിയുടെ മുഖം മനസിലേക്ക് വന്നത്. മുഖം എന്നൊന്നും പറയാൻ ആകില്ല. ഇളം പച്ച നിറമുള്ള സർജിക്കൽ മാസ്കിനും ഇഴ അകലമുള്ള ശിരോ വസ്ത്രത്തിനും ഇടയിലുള്ള രണ്ടു കണ്ണുകൾ ആണ് ഓർമയിലെ ഖദീജ. ഒന്നിലധികം തവണ ഞാൻ ആ മുഖം കണ്ടിട്ടുണ്ടാകണം. പക്ഷേ ഈ ഒരു ചിത്രമേ അന്നും ഇന്നും മനസിലുള്ളൂ.

പതിനൊന്നാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്ന സമയം. അപ്പുറവും ഇപ്പുറവും പിന്നിലും ആയി ഇരിക്കുന്ന ഒന്നു രണ്ടു പേരെ ഒഴികെ ആരെയും അധികം പരിചയമില്ല. പരിചയപ്പെടലുകളും ഗ്രൂപ്പ് തിരിക്കലും ഒക്കെ ആയി എല്ലാ പീരിയടുകളും രസമായിരുന്നു. ഏത് വിഷയത്തിന്റെ ഗ്രൂപ്പിൽ ആണെന്ന് ഓർമ കിട്ടുന്നില്ല , ഞാൻ ഉൾപ്പെട്ട ഒരു ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിചയപ്പെട്ടിരിക്കണം തീർച്ച. പിന്നീട് പല തവണ ഗ്രൂപ് ആയി ക്ലാസ് വർക്കുകൾ ചെയ്തെങ്കിലും ഒന്നിലും അവൾ ഉണ്ടായിരുന്നില്ല. അവൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല.

"മുസ്ലീങ്ങൾ അല്ലേ ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞു കാണും" പലരും പറഞ്ഞു. അതിനപ്പുറം കഥകൾ മെനയാനുള്ള ഭാവനയൊന്നും അന്നത്തെ പതിനാറ് വയസുകാർക്കുണ്ടായിരുന്നില്ല.

നിരങ്ങി നീങ്ങിയിരുന്ന വിരസതയുടെ ദിനങ്ങൾക്ക് പതിയെ വേഗം കൂടി. അപരിചിതമായ മുഖങ്ങൾ പരിചിതമായി. അപ്പോഴേക്കും ഖദീജയെ എല്ലാവരും മറന്നിരുന്നു. ഗാന്ധിജയന്തിയോടടുത്ത ദിവസമായിരുന്നു ഞങ്ങൾ ആ വിവരം അറിയുന്നത്. ആരാണ് ക്ലാസിൽ വന്നു പറഞ്ഞത് എന്നോർമായില്ല.അല്ലെങ്കിലും അതിനെന്തു പ്രസക്തി.

ഖദീജക്ക് കാൻസർ ആണ്. ക്ലാസിൽ ആ വാർത്ത വളരെ വേഗം പടർന്നു. കല്യാണം കഴിച്ചു പോയി എന്നു പറഞ്ഞു ഞങ്ങൾ കഥ ചമച്ചപ്പോൾ അവൾ ഈ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അവൾക്ക് ഈ അസുഖത്തിന്റെ ഗൗരവം അറിയുമായിരുന്നോ. അറിയുമായിരിക്കണം. എനിക്കറിയാമായിരുന്നു കൂട്ടുകാർക്കെല്ലാം അതിന്റെ ഗൗരവം അറിയാമായിരുന്നു. അപ്പോൾ അവൾക്കും അറിയും തീർച്ച.

അധ്യാപകർ അവളെ കാണാൻ പോകുന്നുണ്ട്. ഞങ്ങൾ വീട്ടിൽ നിന്നും വാങ്ങി പിരിച്ചെടുത്തതും അധ്യാപകർ ശേഖരിച്ചതുമായ ഒരു ചെറിയ തുക അവളുടെ ചികിത്സക്കായി മാതാപിതാക്കളെ ഏൽപ്പിക്കണം. ഞങ്ങൾക്കും ആഗ്രഹം അവളെ കാണാൻ. എന്തായിരുന്നു ആ ആഗ്രഹത്തിന് പിന്നിൽ എന്ന് എനിക്കിന്നും അറിയില്ല. ഖദീജ എന്ന നിഗൂഢത അനാവരണം ചെയ്യപ്പെട്ടപ്പോൾ തോന്നിയ കൗതുകം ആയിരുന്നോ. അതോ സുഖമില്ലാത്ത ഒരാൾക്ക് ആശ്വാസം പകരാൻ ആയിരുന്നോ. മറിച്ച് ഒരു മര്യാദയുടെ പേരിൽ ആയിരുന്നോ. എനിക്കവളെ കാണണം എന്നില്ലയിരുന്നു. അവളോട് എന്താണ് പറയേണ്ടത് എങ്ങിനെ ആണ് അശ്വസിപ്പിക്കേണ്ടത് എന്ന ആകുലത എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. ജിതിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ പോകാൻ തീരുമാനിച്ചു.

നെഹ്രു പാർക്കിൽ ബസ്സിറങ്ങി.ഞാൻ ജിതിൻ നെവിൻ ഡിംപിൾ ഡെല്ല റംസി സജ്മി ഇത്രയും പേർ ആയിരുന്നു എന്നാണ് ഓർമ്മ. കുറച്ച് ഓറഞ്ചും ആപ്പിളുമൊക്കെ വാങ്ങി അടുത്ത ബസിൽ കയറി. സജ്മിയുടെ വീട് ആ കുട്ടിയുടെ വീടിനടുത്തായിരുന്നെങ്കിലും അവൾക്കും വഴി നിശ്ചയമില്ലായിരുന്നു. ബാസ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡിൽ വഴി ചോദിച്ചു മനസിലാക്കി മുന്നോട്ട് നടന്നു. പിന്നിൽ നിന്നും കളിയാക്കി ചിരിയും അടക്കിപിടിച്ചുള്ള സംസാരവും കേട്ടു. എന്തിനായിരുന്നു എന്ന് അന്നറിയില്ലായിരുന്നു.

വഴിയിൽ വെച്ച് ടീച്ചേഴ്സിനെ കണ്ടു. അവർ കൃത്യമായി വഴി പറഞ്ഞു തന്നതനുസരിച്ചു നടന്നു. ടാറിങ് പൊളിഞ്ഞ റോഡിൽ കയറ്റം കയറി നടന്നു. ഒരുപാട് നടക്കേണ്ടി വന്നില്ല.ഒരു പത്തു പതിനഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും അവളുടെ വീടെത്തി. ഞങ്ങളുടെ യൂണിഫോം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ അമ്മക്ക് ഞങ്ങളെ മനസിലായി. മകളുടെ കൂടെ പഠിച്ച കുട്ടികളല്ലേ എന്ന് ഞങ്ങളോട് ചോദിച്ച് അകത്തു കയറ്റി ഇരുത്തി.

ഇപ്പൊ വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി. തിരികെ വരുമ്പോൾ അവളും ഉണ്ടായിരുന്നു കൂടെ. ഒരു ഷർട്ടും പഴയ സ്കൂളിലെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു സ്കർട്ടും ആയിരുന്നു വേഷം. ഒരു നീല ഷാൾ കൊണ്ട് തല മറച്ചിരുന്നു. തട്ടം അവൾക്കൊരു അനുഗ്രഹമായി ഭവിച്ചിരിക്കണം. മുഖം മാസ്ക് കൊണ്ട് ഭാഗീകമായി മരിച്ചിരുന്നു. ശരീരം കൃശ സമാനമായിരുന്നെങ്കിലും ആ കണ്ണുകൾ വിടർന്നു തന്നെയിരുന്നു. ഞങ്ങളെ കണ്ടതും ആ കണ്ണുകൾ പുഞ്ചിരിച്ചു. ടീച്ചേഴ്സ് ഇപ്പൊ വന്നു പോയതേ ഉള്ളു എന്നവൾ പറഞ്ഞു. ഞങ്ങൾ വഴിയിൽ വെച്ചു കണ്ടിരുന്നു എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞു.

എനിക്കൊന്നും പറയാനില്ലായിരുന്നു. സംസാരിക്കുന്നതൊക്കെ ഞാൻ ആയിക്കോളാം എന്ന് പറഞ്ഞ ജിതിൻ ഒരക്ഷരം സംസാരിക്കുന്നില്ല. അകെ നിശബ്ദമായ ഒരന്തരീക്ഷം. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവളുടെ ഉമ്മ ഞങ്ങൾ കൊടുത്ത ആപ്പിൾ മുറിച്ചു കഷ്ണങ്ങൾ ആക്കി കൊണ്ട് വന്നു. എന്നിട്ട് ഞങ്ങളോട് കഴിക്കണമെന്നായി. വേണ്ടെന്ന് പറഞ്ഞപ്പോൾ അവളും പറഞ്ഞു കഴിക്കാൻ. എല്ലാവരും കഴിച്ചെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല. വേണ്ടെന്ന് പറഞ്ഞു. അഹങ്കാരി ആണെന്ന് കരുതിക്കാണും. വീണ്ടും നിശബ്ദതയിലേക്ക്. ഇത്തവണ ഞാനായിരുന്നു മൗനത്തെ ആട്ടിയോടിച്ചത്.

"സുഖാണോ...?" ഞാൻ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ് അതിലെ പിഴവ് മനസിലായത്. ഒരു പക്ഷേ ആ ചോദ്യം അവളെ മുറിപ്പെടുത്തിയിട്ടുണ്ടാകും. എന്തിന് ദൈവമേ! ഇങ്ങനെ ഒരു വാക്ക് എന്റെ നാവിൽ നീ വരച്ചു. ഞാൻ തിരുത്താൻ ശ്രമിച്ചു.

"അതെ..സുഖാണ്." ഇപ്പൊ ട്രീറ്റ്മെന്റ് കൊണ്ട് സുഗമുണ്ടോ എന്ന് തിരുത്തി ചോദിക്കാമെന്നു കരുതിയെങ്കിലും അതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു. സുഖമാണ് എന്ന് അവൾ മനഃപൂർവം പറഞ്ഞതാകുമോ. അല്ലെങ്കിൽ വേറെ എന്ത് മറുപടി പറയാൻ ആണ്. സുഖമില്ല എന്ന സത്യം മറക്കാൻ ഉള്ള ഒരു ഉപയമായി അവൾ ആ ചോദ്യത്തെ കണ്ടിരിക്കും. അവളുടെ മറുപടിയിൽ മുള്ളുകൾ ഉണ്ടായിരുന്നു. എന്റെ പരിഭ്രമം മനസിലാക്കിയിട്ടാണോ എന്നറിയില്ല. അവൾ ആ വിഷയം മറ്റു സംസാരങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. ഒരുപാടൊന്നും സംസാരിച്ചില്ലെങ്കിലും അവിടെ കൂടുതലും കേട്ട സ്വരം എന്റേയും അവളുടേയും അവളുടെ അമ്മയുടേയുമായിരുന്നു.

ഒരുപാട് നേരം അവിടെ ചിലവഴിച്ചില്ല. യാത്ര പറഞ്ഞു തിരികെ നടന്നു. അവിടെ നിന്നിറങ്ങുമ്പോൾ കാർ മേഘം മൂടി നിന്നിരുന്ന മുഖങ്ങൾ ക്രമേണ പ്രസന്നമായി. തിരികെയുള്ള യാത്രയിൽ പലരും അവളെ മറന്നു. വീട്ടിൽ വന്ന് അമ്മയോട് അന്നത്തെ വിശേഷങ്ങൾ പങ്കു വെച്ച കൂട്ടത്തിൽ ഒന്ന് ഖദീജയുടേതായിരുന്നു. അത് കഴിഞ്ഞതോടെ എന്റെയും സ്മൃതിയിൽ നിന്നും ഞാനറിയാതെ ആ പേര് പതുക്കെ മാഞ്ഞു പോയി.

കുറേ നാളുകൾക്ക് ശേഷം എഞ്ചിനീയറിങ്ങിനു പഠിക്കുന്ന സമയത്താണ് മറന്നു പോയ ആ പേര് വീണ്ടും സ്മൃതി മണ്ഡലത്തിൽ തെളിയുന്നത്. ഒരു വൈകുന്നേരം ജിതിൻ ആണ് അതെന്നെ അറിയിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷം അവൻ വിളിക്കുമ്പോൾ ഇങ്ങനെ ഒരു വാർത്ത പറയാനാകും എന്ന് കരുതിയിരുന്നില്ല.

"എടാ നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സുഖമില്ലാതെ കുട്ടി ഇല്ലേ. ക്ലാസ് നിർത്തി പോയ. അവൾ മരിച്ചു പോയി." അവൻ പറഞ്ഞു.

ലാബ് എക്സാം നടക്കുന്ന സമയം. ഔപചാരികതയുടെ പേരിൽ പോലും എനിക്ക് പോകുവാനാകുമായിരുന്നില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോൾ അവൻ പോയിരുന്നു എന്ന് പറഞ്ഞു. കൂടുതൽ ഒന്നും ചോദിച്ചില്ല.

അവളെ അദ്യമായും അവസാനമായും കണ്ടിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. ഒരു വിങ്ങലായി അവൾ ഇന്നും മനസ്സിൽ നിൽക്കുന്നു എന്ന് എഴുതിയാൽ അത് തികച്ചും കള്ളമായിരിക്കും കാരണം അതിനുള്ള പരിച്ചയമോ അടുപ്പമോ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. മൊബൈൽ ഫോൺ ഇന്റർനെറ്റ് ഇതൊന്നും അത്ര കണ്ട് വ്യാപിച്ചിരുന്നില്ലെങ്കിലും മനസ്സു വെച്ചിരുന്നെങ്കിൽ അവളുടെ വിവരങ്ങൾ അന്വേഷിക്കാനും ഏകാന്തതയിൽ ആശ്വാസമാകാനും ഞങ്ങൾക്കാകുമായിരുന്നു. അതിനു ശ്രമിക്കാത്തത് ഞങ്ങൾക്ക് സംഭവിച്ച ഒരു തെറ്റ് തന്നെ ആണ് , കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും. ചില കാര്യങ്ങൾക്ക് തിരുത്തലുകൾ സാധ്യമല്ല എന്ന ബോധ്യത്തോട് കൂടി അകാലത്തിൽ പൊലിഞ്ഞ സഹപാഠിക്ക് നിത്യ ശാന്തി നേരുന്നു.

2016 ഒക്‌ടോബർ 25, ചൊവ്വാഴ്ച

ചോരയുടെ മണമുള്ള രാഷ്ട്രീയം


വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന നീണ്ടു മെലിഞ്ഞ ആ മനുഷ്യൻ കുവൈറ്റിലെ ഒരു ഓയിൽ കമ്പനിയിൽ ഡീസൽ മെക്കാനിക്ക് ആണ്. പുറത്ത് വെള്ള നിറത്തിൽ ഒരു റ്റാറ്റാ ഇൻഡിക്ക അയാളെ കാത്തു നിൽപ്പുണ്ടായിരുന്നു . ഹർത്താൽ ആയതുകൊണ്ട് വലിയ അക്ഷരത്തിൽ മരണം എന്നെഴുതിയ ഒരു വെളുത്ത കടലാസ് അതിന്റെ ചില്ലിൽ ചേർന്നിരിക്കുന്നു.

മരണം !! മകൻ മരിച്ചിരിക്കുന്നു. ആരോ കൊലപ്പെടുത്തിയതാണ്. രാഷ്ട്രീയ കൊലപാതകം എന്ന് പത്രത്തിൽ വാർത്ത വന്നു. അയാളുടെ രാഷ്ട്രീയം വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു. മകന്റേതെന്തെന്ന് അയാൾക്കറിവില്ലായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അന്വേഷിക്കാൻ മറന്നു.

റെയിൽവേ സ്റ്റേഷനു മുന്നിലെ ഷോർട്ട് കട്ട് കടക്കുമ്പോൾ ചുളിവ് വീണ മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു നരച്ച മുടിക്കാരൻ വാഹനത്തിനു കൈ നീട്ടി. ഹർത്താൽ ആയതുകൊണ്ട് വണ്ടി ഒന്നും കിട്ടിയില്ല വഴിയിൽ ഇറങ്ങിക്കോളാo എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടി. ഒരേ സ്ഥലത്തേക്കാണ് രണ്ടു പേർക്കും പോകേണ്ടത്. മദ്രാസിലെ ഒരു സിനിമാ സ്റ്റുഡിയോയിലെ ജോലിക്കാരൻ ആണ് എന്ന് ഡ്രൈവറോട് പറയുന്നത് കേട്ടു.

ഒരേ നാട്ടുകാർ ആയിരുന്നെങ്കിലും അപരിചിതർ. മൂകമായ ആ വിലാപ യാത്രയിൽ കൂടെ കൂടിയ അപരിചിതന്റെ കണ്ണുകളിലും ഒരു പേമാരിക്കുള്ള കാറു മൂടി നിൽക്കുന്നുണ്ടായിരുന്നു.

വിജനമായ വഴിയിൽ എവിടെയോ സമരക്കാർ തടഞ്ഞു. മരണം ആണെന്ന് പറഞ്ഞിട്ടും വാഹനം കടത്തി വിട്ടില്ല. അസഭ്യ വർഷം. മദ്യത്തിന്റെ രൂക്ഷ ഗന്ധം. കാറിന്റെ കാറ്റഴിഞ്ഞു. ചില്ലുകൾ ഉടഞ്ഞു. മകന്റെ പ്രായമുള്ള ആരുടെയോ വിരൽ പാടുകൾ മുഖത്ത്.എല്ലാം കഴിഞ്ഞ ശേഷം നിയമപാലകരുടെ ജീപ്പിൽ യാത്ര. പോകും വഴി സമരക്കാരുടെ കയ്യിൽ മകന്റെ പടമുള്ള പ്ലക്കാർഡുകൾ.

ഇടയ്ക്കു വച്ച് കയറിയ ആൾ വഴിയിലിറങ്ങി. അയാളുടെ വീടിനു മുന്നിൽ ഫ്ളക്സ് ബോർഡിൽ ഒരു ആണ്കുട്ടിയുടെ ചിത്രം. കണ്ടിട്ട് തന്റെ മകനോളം പ്രായമേ ഉള്ളൂ. അയാളുടെ മകൻ ആവണം അത്. അവന്റെ ചിത്രത്തിനു താഴെ മുദ്രാവാക്യങ്ങളും അഭിവാദ്യങ്ങളും ധീര സേനാനിയെക്കുറിച്ചുള്ള എഴുത്തുകളും , പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനങ്ങളും.

വാഹനം ഉരുണ്ടു നീങ്ങി. വീടുത്തിയിരിക്കുന്നു. തന്റെ വീടിനു മുന്നിലും കണ്ടു ഫ്ലക്സ് ബോർഡുകളും മുദ്രാവാക്യങ്ങളും പ്രതികാര പ്രഖ്യാപനങ്ങളും. മുറ്റത്തേക്കുള്ള ഒതുക്കു കല്ലുകൾ കയറുമ്പോൾ മരണത്തിന്റെ ഗന്ധം പരത്തി പുകഞ്ഞു തീരുന്ന ചന്ദനത്തിരികൾ അയാൾ കണ്ടു. തലക്ക് മുകളിൽ കത്തിച്ചു വെച്ച് നിലവിളക്കിനു കീഴെ തന്റെ മകൻ കിടക്കുന്നു. പ്രവാസത്തിന്റെ കനാലാഴിയിൽ നീന്തുമ്പോഴും മനസ്സിൽ നൂറായിരം സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ഹൃദയത്തിലെ തൊട്ടിലിൽ ഓമനിച്ചു വളർത്തിയ മകൻ. റീത്തുകളുടെ കനത്തിൽ അവനു ശ്വാസം മുട്ടുന്നുണ്ടാകും. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. അവ്യക്തമായ ചില സംഭാഷണങ്ങൾ. അയാളെ ആരൊക്കെയോ ചേർന്നു താങ്ങി എടുത്തുകൊണ്ടു പോകുമ്പോൾ പിന്നിൽ നിന്ന് ചിലർ പിറുപിറുത്തു.

"പോയപ്പോ ആർക്കു പോയി..തന്തക്കും തള്ളക്കും"

ഉത്തരത്തിലെ പല്ലി ചിലച്ചു.

ഇതുകൂടി വായിച്ചു നോക്കൂ