അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

വീട്ടിലേക്കുള്ള വഴി



പന്ത് കളി കഴിഞ്ഞപ്പോഴേക്കും വെയിലാറി തുടങ്ങിയിരുന്നു. അപ്പു നിക്കറിന്റെ പോക്കറ്റിൽ പരതി നോക്കി. ഭാഗ്യം ! അതവിടെ തന്നെ ഉണ്ട്. സ്കൂളീന്നു വരുമ്പോ മുന്തിക്കലെ മുറുക്കാൻ കടയിൽ നിന്നും ഒരു പൊതി വാസനചുണ്ണാമ്പ് വാങ്ങാൻ അമ്മമ്മ രണ്ടു ദിവസമായി പറയുന്നു. ഇന്നെന്തായാലും മറന്നില്ല. ചുണ്ണാമ്പ് വാങ്ങി ബാക്കി വന്ന പൈസക്ക് കമർകെട്ടും വാങ്ങി വായിലിട്ട് നടക്കുമ്പോഴായിരുന്നു അമ്പലപ്പറമ്പിലെ മൈതാനത്ത് പന്തകളി നടക്കുന്നത് കണ്ടത്. നല്ല രസമുണ്ടായിരുന്നു കാണാൻ. അനന്ദൂന്റെ ചേട്ടനുമുണ്ട് കളിക്കാൻ. പണ്ട് സ്കൂളിൽ വെച്ച് അവൻ കാണിച്ചു തന്നിട്ടുണ്ട് ചേട്ടനെ. അവന്റെ ചേട്ടന് ഒരുപാട് ഉയരത്തിൽ പന്ത് തട്ടി പറത്താൻ അറിയാം.

എത്ര നേരം അവിടെ നിന്നെന്നറിയില്ല. നേരം ഒരുപാട് വൈകി. ഇന്ന് അമ്മമ്മയുടെ വഴക്ക് ഉറപ്പാണ്. റോഡ് വഴി പോയാൽ കുറേ സമയമെടുക്കും. വേറെ ഒരു കുറുക്കു വഴി ഉള്ളത് കാവിൽക്കൂടിയാണ്. പാടം വട്ടം കടന്ന് പനങ്ങാട്ട് കാവും കടന്നാൽ ഏലഞ്ചേരിക്കാരുടെ തെങ്ങുംതോപ്പാണ്. അതിനുമപ്പുറത്താണ് വീട്.

ഇനിയിപ്പോ ആലോചിക്കാനൊന്നുമില്ല കുറുക്കുവഴി തന്നെ ശരണം. പോക്കറ്റിൽ കൈയിട്ട് ചുണ്ണാമ്പ് അവിടെ തന്നെ ഉണ്ട് എന്നുറപ്പ് വരുത്തി വരമ്പത്ത് കൂടി അപ്പു ഓടി. കൊയ്ത്തു കഴിഞ്ഞ പാടാത്ത് പയർ നട്ടിട്ടുണ്ട്. അതിനിടക്ക് കാക്കയും മറ്റു കിളികളും വരാതെ നോക്കുകുത്തികൾ മാനം നോക്കി നിൽക്കുന്നു. സാമൂഹ്യ പാഠം ക്ലാസിൽ വെച്ച് ഏലിയാമ്മ ടീച്ചർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം അറിയാതെ എഴുന്നേറ്റ് നിന്ന അപ്പുവിനെ നോക്കി നോക്കുകുത്തി പോലെ നിൽക്കുന്നത് കണ്ടില്ലേ എന്ന് ആക്രോശിച്ച ടീച്ചറെ അപ്പുവിന് ഓർമ വന്നു. അപ്പു തലയിൽ തൊട്ടു നോക്കി. ഇല്ലല്ലോ അപ്പൂന്റെ തല മൺകലം പോലെ അല്ലല്ലോ , പിന്നെ എന്തിനായിരിക്കും ടീച്ചർ അങ്ങനെ വിളിച്ചത്.

പനങ്ങാട്ട് കാവിൽ നല്ല തണുപ്പാണ്. ഇടയ്ക്കിടെ വൈകുന്നേരത്തെ മഞ്ഞ നിറമുള്ള വെയിൽ മുഖത്തേക്ക് വീഴുന്നുണ്ട്. ആരൊക്കെയോ നടന്നു പോയ വഴിച്ചാലിലൂടെ കാലുകൾ നീട്ടി വെച്ച് അപ്പു നടന്നു. പണ്ടൊരിക്കൽ അമ്മമ്മയുടെ കൂടെ കളരിക്കൽ വിളക്ക് വെക്കാൻ ഈ വഴി വന്നിട്ടുണ്ട്. പക്ഷേ അന്ന് ഇത്രയും ദൂരം തോന്നിയില്ല. വഴി തെറ്റി കാണുമോ.!

സമയം കുറേ ആയി ഈ നടപ്പ് തുടങ്ങിയിട്ട്. അപ്പു കൈത്തണ്ടയിലേക്ക് നോക്കി. വാച്ച് കെട്ടാൻ മറന്നു. ബാലനമ്മാവൻ ഗൾഫീന്ന് വന്നപ്പോ കൊണ്ടുവന്നു തന്ന വാച്ച് ആണ്. സൂചിയില്ല, സമയം എഴുതി കാണിക്കുന്ന തരം ആണ്. ഒരു വശത്തു രണ്ട് ചെറിയ മൊട്ടുകൾ ഉണ്ട്. അതിലൊന്നിൽ ഞെക്കിയാൽ ലൈറ്റ് കത്തും. അടുത്ത മൊട്ടിൽ ഞെക്കിയാൽ സമയം പറയും , അതും ഇംഗ്ലീഷില്. ആ വാച്ച് രണ്ടു ദിവസേ സ്കൂളിൽ കൊണ്ട് പോയിട്ടുള്ളൂ. ഫസ്റ്റ് ബെഞ്ചിലെ വിദ്യേടെ ഏട്ടനും ഇത് പോലത്തെ ഒരു വാച്ച് ഉണ്ടത്രേ. അതിൽ സമയം പറയുന്നതിന് പകരം കോഴി കൂവൂന്നാ അവള് പറഞ്ഞത്. അതിന് അവൾടെ ആരാ ഗൾഫിൽ ഉള്ളത്. പുളു പറഞ്ഞതാകും ആ നുണച്ചിപ്പാറു.

വെയിൽ മാഞ്ഞു തുടങ്ങി. ഇടയ്ക്കു മരങ്ങൾക്കിടയിലൂടെ കാണുന്ന ആകാശത്ത് ചുവപ്പ് നിറം പരന്നു. അപ്പുവിന് ചെറുതായി ഭയം തോന്നിത്തുടങ്ങി. നട്ടുച്ചക്കും സന്ധ്യക്കും ആരും ഈ വഴി നടന്നു കൂടാ. പ്രത്യേകിച്ച് പെണ്ണുങ്ങളും ചെറിയ കുട്ടികളും. യക്ഷികളും ചാത്തന്മാരും ഒക്കെ ഇര പിടിക്കാൻ ഇറങ്ങുന്ന സമായമാണെന്ന് അമ്മമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മിനിഞ്ഞാന്ന് രാത്രി വീട്ടിൽ കള്ളു ചെത്താൻ വരുന്ന ദിവാകരൻ ചേട്ടനെ കാവിൽ വെച്ച് ചാത്തന്മാർ കല്ലെറിഞ്ഞ് ഓടിച്ച കാര്യം വീട്ടിൽ പറയുന്നത് കേട്ടിരുന്നു.

വഴി തെറ്റിയില്ലായിരുന്നെങ്കിൽ നേരത്തേ വീട്ടിൽ എത്തുമായിരുന്നു. ഇനി വഴിയിൽ വെച്ച് വല്ല യക്ഷിയേയും കണ്ടാൽ എന്തു ചെയ്യും. പിടിക്കല്ലേന്ന് പ്രാർത്ഥിക്കാം , പിടിച്ചാൽ യക്ഷി ആളുകളെ കൊല്ലും. ബാലനമ്മാവൻ മരിച്ച അന്ന് അമ്മമ്മ ശാരദ അമ്മായി കൊന്നതാ അവനെ എന്നൊക്കെ വിളിച്ചു കരയുന്നുണ്ടായിരുന്നല്ലോ. അപ്പൊ ശാരദഅമ്മായി യക്ഷി ആയിരിക്കുമോ. യക്ഷികൾക്ക് നീളൻ മുടി ഒക്കെ കാണും. അമായിക്കും നല്ല നീളമുള്ള മുടിയാ പോരെങ്കിൽ ഇപ്പോ വെള്ള സാരി ഉടുത്ത് മാത്രേ അമ്മായിയെ കാണാറുള്ളൂ. യക്ഷികളല്ലേ വെള്ള സാരി ഉടുത്ത് നടക്കുക. ആണെന്നാ പാല് വാങ്ങാൻ വരണ വിഷ്ണു പറഞ്ഞത്. അവന്റെ അച്ഛൻ അയ്യപ്പൻ കോവിലിലെ ശാന്തിയല്ലേ അപ്പോ അവന് ഇതൊക്കെ ശരിക്കും അറിയാമായിരിക്കും. ഇനി അവനെ കണ്ടിട്ട് വേണം അമ്മായി യക്ഷി ആണോന്ന് ചോദിക്കാൻ.
നടന്നു നടന്നു ക്ഷീണിച്ചു . ഇനി ഇത്തിരി ഇരുന്നിട്ട് പോകാം. വാച്ച് കെട്ടാത്തത് കഷ്ടമായി. പന്ത് കളി കഴിഞ്ഞ് നിൽക്കുമ്പോൾ അല്ലായിരുന്നോ മേരീമാതാ ബസ് പോകുന്നത് കണ്ടത്. അത് കഴിഞ്ഞ് ഒരു അര മണിക്കൂർ നടന്നു കാണും. അങ്ങിനെ നോക്കുമ്പോൾ ഇപ്പോൾ സമയം ഏകദേശം ആറു മണി ആയിക്കാണും.

"അപ്പൂ..! നീ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്. അമ്മമ്മ എവിടെ.."

"അമ്മമ്മ വീട്ടിലാ. എനിക്ക് വീട്ടിലേക്ക് പോകുമ്പം വഴി തെറ്റി പോയി..അതാ ഇവിടെ ഇരിക്കണത്. ചേച്ചി ഏതാ..പേരെന്താ?" പേടിപ്പെടുത്തുന്ന ആ ചുറ്റുപാടിൽ മറ്റൊരു മനുഷ്യജീവിയെ കണ്ട സന്തോഷത്തിൽ കസവിന്റെ അരികുകൾ ഉള്ള വെള്ള ബ്ലൗസും ചുവന്ന പട്ടു ചേല കൊണ്ടുള്ള പാവാടയും ധരിച്ച ആ പെൺകുട്ടിയോട് അപ്പു ചോദിച്ചു.

"കുറച്ചപ്പുറത്തുള്ളതാടാ..നിന്റെ അമ്മമ്മയെ ഞാൻ അറിയുന്നതാ. നീ വാ നിന്നെ ഞാൻ കാവിനു വെളിയിലാക്കി തരാം"

"ഒരഞ്ചു മിനിറ്റ് ചേച്ചീ.. നടന്നു നടന്നു കാലു വേദനിക്കുന്നു "

"നീ മടുത്തോ..കുട്ടിക്കും മുട്ടിക്കും മടുപ്പും തണുപ്പും ഇല്ലാന്ന് കേട്ടിട്ടില്ലേ. ശെരി നിനക്ക് വയ്യെങ്കിൽ വേണ്ട.. നമുക്കിതിരി നേരം ഇവിടെയിരുന്നു കല്ല് കളിക്കാം.."

അമ്മമ്മയെ അറിയുംന്ന് പറഞ്ഞത് നേര് തന്നെ. ഇല്ലെങ്കിൽ അമ്മാമ്മ എന്നും രാവിലെ പറയുന്ന ചൊല്ലൊക്കെ ഈ ചേച്ചിക്ക് അറിയുന്നതെങ്ങനെയാ. അതും പോരാഞ്ഞ് അമ്മൂമ്മക്ക് ഇഷ്ടമുള്ള കല്ല് കളി. അപ്പുറത്തെ കാളി മുത്തശ്ശി വന്നാൽ അമ്മമ്മയും മുത്തശ്ശിയും നേരമിരുട്ടും വരെ കല്ല് കളിയാണ്.

ഉരുളൻ കല്ലുകൾ ഉള്ളം കയ്യിൽ പിടിച്ച് ചേച്ചിയും അപ്പുവും മുകളിലേക്കെറിഞ്ഞു. മലർത്തി പിടിച്ച കയ്യിൽ ഒരെണ്ണം പോലും അപ്പുവിന് കിട്ടിയില്ല. അപ്പു എറിഞ്ഞതും കൂടി ചേച്ചിയുടെ പുറം കൈയിൽ വീണു.

"അപ്പൂന് കളിക്കാൻ അറിയില്ലാല്ലേ. അമ്മമ്മേടെ കൂടെ ഇടക്ക് കളിക്കാൻ ഒക്കെ കൂടണംട്ടോ. വയസായാൽ പിന്നെ അപ്പൂന്റെ ഒക്കെ കൂടെ അല്ലാണ്ട് ആരുടെ കൂടെയാ അമ്മമ്മ നേരം കൊല്ലുക..അപ്പൂ എന്നാ നമുക്ക് നടക്കാം.."
 
അതു വരെ തെളിയാത്ത ഒരു വഴി അവർക്കു മുന്നിൽ തെളിഞ്ഞു.

"ഞാൻ വന്നപ്പോ ഈ വഴി കണ്ടില്ലല്ലോ.വഴി ഒന്നും കാണാത്തത് കൊണ്ട് ഞാൻ എന്ത് ചെയ്യുംന്നോർത്ത് ഇരിക്കുവായിരുന്നു."

"അതേ അപ്പൂ.. നീ കുഞ്ഞല്ലേ. നിന്റെ കണ്ണിനേക്കാൾ കാഴ്ച ചേച്ചീടെ കണ്ണിനുണ്ട്. അതാ. "

വഴി കൂടുതൽ തെളിഞ്ഞു വരുന്നു. അങ്ങ് ദൂരെ ഏലഞ്ചേരിക്കാരുടെ തൊപ്പിലെ മണ്ടയില്ലാത്ത തെങ്ങിന്റെ തലപ്പ് മരത്തിനിടയിലൂടെ മിന്നായം പോലെ ഒന്ന് രണ്ട് വട്ടം കണ്ടു. എങ്കിലും കാവിൽ നിന്ന് പോകാൻ തോന്നുന്നില്ല. ഭയം ഒക്കെ എങ്ങോ മാഞ്ഞു പോയി. എന്ത് തണുപ്പാണ് ഇവിടെ. കിളികളുടെ ശബ്ദം. അകെ മൊത്തം ഭംഗിയുള്ള മരങ്ങൾ, വള്ളികൾ. വരുന്ന വേനലവധിക്ക് ഇവിടെ ഒരു ഊഞ്ഞാല് കെട്ടണം.

"അപ്പൂ.. ഇങ്ങോട്ട് മാറി നടന്നോളൂ.. മാരോട്ടി പഴുത്തു നിക്കണുണ്ട്. കാറ്റടിച്ചു ദേഹത്ത് വീണാൽ നല്ല വേദനയാകും. "

വഴിച്ചാലിന്റെ വലതു വശത്തു നിറയെ മാരോട്ടി മരങ്ങൾ ആണ്. അതിന്റെ കൊമ്പുകൾ താഴ്ന്നു നിൽക്കുന്ന വിധം നിറയെ മരോട്ടികായ്കൾ തൂങ്ങി കിടക്കുന്നു.

"അപ്പു ഓർക്കുന്നുണ്ടോ ദിവാകരൻ ചേട്ടനെ ചാത്തന്മാർ എറിഞ്ഞ കാര്യം. "

"മ്.."

"എന്റപ്പുകുട്ടാ.. ചാത്തന്മാർക് വേറെ എന്തൊക്കെ ജോലികൾ ഇരിക്കുന്നു. ആ ചേട്ടൻ കള്ളും കുടിച്ച് ഇത് വഴി വന്നതാ..നല്ല കാറ്റ് അല്ലായിരുന്നോ..മാരോട്ടികായ് എല്ലാം കൂടി അയാളുടെ ദേഹത്തേക്ക് വീണു. ഇനിയിപ്പോ കള്ളും കുടിച്ച് ആരും ഈ വഴി വരില്ല..
അപ്പു ഇതാരോടും പറയരുത് കേട്ടോ..
കള്ളു കുടിച്ചു കാവിൽ തോന്നിയ പോലെ നടന്നാൽ കാവ് മുടിയും..പിന്നെ അപ്പൂന് ഊഞ്ഞാൽ കെട്ടാനും കളിക്കാൻ വരാനും ഈ കാവുണ്ടാകില്ല.."

"ഞാൻ ഊഞ്ഞാലിന്റെ കാര്യം ഓർത്തൂന്ന് ചേച്ചിക്കെങ്ങനാ മനസിലായത്..?"

"അതോ..അപ്പൂനെപ്പോലെ ഉള്ള കുഞ്ഞു കുട്ടികൾ ആലോചിക്കാൻ സാധ്യത ഉള്ള കാര്യങ്ങളൊക്കെ എനിക്ക് മനസിലാക്കാൻ പറ്റുമല്ലോ "

വഴി അവസാനിക്കാറായി കാവിന്റെ കുളിർമയും പക്ഷികളുടെ കാലമ്പലുകളും നേർത്തു നേർത്തു വന്നു. ഒരു നൂറു നൂറ്റി അൻപതടി കൂടി നടന്നാൽ ഏലഞ്ചേരിക്കാരുടെ പറമ്പായി. അപ്പുവിന്റെ കണ്ണിൽ തണുപ്പും പച്ചപ്പും നിറഞ്ഞ ഒരു പാട് മരങ്ങൾ ഉള്ള ഒരിടത്തു നിന്നും ഇതൊന്നുമില്ലാത്ത തെങ്ങുകൾ മാത്രം നിറഞ്ഞ ഒരു വെളിമ്പ്രദേശത്തെക്കുള്ള നടത്തം. വീട്ടിലേക്കുള്ള വഴിയിലെ രണ്ടു വിരുദ്ധ ധ്രുവങ്ങൾ.

"ചേച്ചീ..ചേച്ചി യക്ഷി ആണോ?"

"എന്റെ അപ്പുകുട്ടാ... നിന്റെ ഓരോ സംശയങ്ങൾ. ദേ അമ്മമ്മ വരുന്നുണ്ട്. തെങ്ങുംതൊപ്പിന്റെ നടുക്കെത്തി.."

"എവിടെ എനിക്ക് കാണാൻ പറ്റണില്ലല്ലോ..!!"

"നിനക്കു ഉയരം കുറവല്ലേ. അതാ കാണാത്തത് "

കാവ് കഴിഞ്ഞ് തെങ്ങും തൊപ്പിലേക്ക് അപ്പുവിനെ എടുത്തു കയറ്റുമ്പോൾ അമ്മമ്മ നടന്നു വരുന്നുണ്ടായിരുന്നു. ദൂരെ നിന്നും ഒച്ച ഇട്ടാണ് വരുന്നത്. ഇന്ന് അടി ഉറപ്പ്.

"എവടെ ആയിരുന്നെടാ ഇത് വരെ. നീ കാവിലേക്ക് ഒറ്റക്ക് കയറിപ്പോയെന്ന് ദിവാകരൻ വന്നു പറഞ്ഞപ്പോ എന്റെ ജീവൻ കത്തി പോയി."

ആകാശം ചുവപ്പ് അഴിച്ചു മാറ്റി കറുപ്പുടുത്തിരുന്നു. അപ്പുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു വേഗം തിരിഞ്ഞു നടക്കാൻ നേരം അമ്മമ്മ പിന്നെയുമെന്തൊക്കെയോ പറഞ്ഞു. മൂന്നോ നാലോ ചുവടേ വെച്ചുള്ളൂ. അപ്പുവിന് ചേച്ചിയെ ഓർമ വന്നു. ഒരു റ്റാറ്റ എങ്കിലും പറയേണ്ടതായിരുന്നു. അപ്പു തിരിഞ്ഞു നോക്കി.
അവിടെ ആരുമുണ്ടായിരുന്നില്ല.!!

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അപർണ



എത്ര ശ്രമിച്ചിട്ടും അപർണ ഇനി ഇല്ല എന്നെനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഇനി അതിനു കഴിയുമോ എന്നും അറിയില്ല. ഇന്നലെ ഫിറോസ് ഇക്കാര്യം എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തരിച്ചിരുന്നു പോയി. ഇതെന്നോട് പറയാൻ അവൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾ മുറിയുന്നതും ശ്വാസഗതി കൂടുന്നതും ഞാൻ അറിഞ്ഞു. അവളോടുള്ള പിണക്കത്തിന്റെ മരവിപ്പിൽ നിന്നും എന്നെ ഉണർത്തിയത് അവളുടെ മരണ വാർത്ത ആയിരുന്നു. അവൾ പോയി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കിടയിൽ പരിഭാവങ്ങൾക്ക് സ്ഥാനമില്ല എന്ന് ഞാൻ എന്തേ മനസിലാക്കാതെ പോയി.

ആയിരം രൂപക്ക് ഡീസൽ നിറച്ച് സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ഞങ്ങൾ യാത്ര തിരിച്ചു. പണ്ടേപ്പോഴോ അവൾ പറഞ്ഞു തന്ന ഓർമ്മയിലെ പാതി മാഞ്ഞ വഴികളിലൂടെ ആണ് ഞങ്ങൾ പോകുന്നത്. വർഷം മൂന്നേ കഴിഞ്ഞിട്ടുള്ളുവെങ്കിലും അവൾ വാക്കുകൾ കൊണ്ട് കോറിയിട്ട ചിത്രങ്ങളിൽ നിന്നും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു ഈ നീളൻ പാതക്ക്. മൂന്ന് എന്നത് സമയ രേഖയിൽ വളരെ ചെറിയ അളവ് ആണെങ്കിലും വികസനം വികസനം എന്ന് നാലുപാടും കേൾക്കുന്ന ഈ കാലഘട്ടത്തിൽ അപർണ പറഞ്ഞ ഇല്ലിക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വഴികിരുപുറവും കൂറ്റൻ കോൺക്രീറ്റ് സൗധങ്ങളാണിന്ന്.

എട്ടു വർഷങ്ങള്ക്ക് മുൻപാണ് അപർണയെ പരിചയപ്പെടുന്നത്. NSS ഇൽ ചേരാൻ താൽപര്യമുള്ളവരെ തേടി ഫസ്റ്റ് ഇയർ ക്ലാസിലേക്ക് കടന്നു വന്ന ഒരു സീനിയർ ചേച്ചി , അതായിരുന്നു ഞങ്ങൾക്ക് അപർണ. പിന്നീടൊരു സായാഹ്നത്തിൽ ലാബ് കഴിഞ്ഞു വൈകി ഇറങ്ങിയ ഞങ്ങളെ മുഷ്കൻമാരായ ചില സീനിയർ വിദ്യാർത്ഥികളിൽ നിന്നു രക്ഷിച്ചതും അപർണ ആയിരുന്നു. അവളുടെ അനിയൻമാർ എന്നായിരുന്നു എന്നെയും ഫിറോസിനേയും അന്നവൾ അവർക്ക് പരിചയപ്പെടുത്തിയത്. ഫിറോസിന്റെ പേരിലെ വൈരുദ്ധ്യം അവർ ചോദ്യം ചെയ്തെങ്കിലും. അവളുടെ വാക്പോരിനു മുന്നിൽ അവർ അധിക നേരം പിടിച്ചു നിന്നില്ല. ക്യാമ്പുകളിൽ, യുവജനോത്സവങ്ങളിൽ, വിദ്യാർത്ഥി സമരങ്ങളിൽ എല്ലാത്തിന്റേയും മുൻപന്തിയിൽ അവളെ ഞങ്ങൾ കണ്ടു. ആദ്യം പുഞ്ചിരിയിലും പിന്നീടൊരു hai യിലും ഞങ്ങൾ മടിച്ചു നിന്നെങ്കിലും "ഡാ പിള്ളേരേ... ക്ലാസിൽ കയറാതെ കറങ്ങി നടക്കുവാണോ..?" എന്ന് പറഞ്ഞു പുറത്തു തട്ടി അവൾ സൗഹൃദം സ്ഥാപിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.

"ടാ ഒരു കട്ടൻ കുടിച്ചിട്ടു പോകാം..തല വേദനിക്കുന്നു." ഫിറോസ് വണ്ടി റോഡരികിൽ ഒതുക്കി നിർത്തി. എനിക്ക് ദാഹമോ വിശപ്പോ തോന്നിയില്ല. ഓലകൊണ്ടു മറച്ച് ആസ്ബറ്റോസ് മേഞ്ഞ ചയക്കടയുടെ അരികിൽ നിന്നു കൊണ്ട് ഞങ്ങൾ ഇതുവരെ കയറിയ ഹെയർപ്പിനുകളിലേക്ക് നോക്കി ഞാൻ നിന്നു. അപർണയുടെ വീട്ടിലെത്തുക എന്ന ചിന്ത ആയിരുന്നു മനസ്സിൽ നിറയെ. ഇനി ഒരിക്കലും അവളെ കാണാനാകില്ല. അവളുടെ അമ്മയെ ഒന്നു കാണണം .ഇല്ലായ്മകളിലും അവളെ വളർത്തിയ, ഒരു നല്ല കൂട്ടുകാരിയെ ഞങ്ങൾക്ക് സമ്മാനിച്ച അവളുടെ അമ്മ. അവളുടെ വാക്കുകളിൽ നിന്ന് അവളുടെ മിനിയമ്മ ഞങ്ങൾക്ക് സുപരിചിതയായിരുന്നു.

അപർണ അമ്മയെപ്പറ്റി ആദ്യമായി സംസാരിച്ചത് പോലും ഇപ്പോഴും ഓർക്കുന്നു. അത്ര മാത്രം മിനിയമ്മ എന്ന വാക്ക് ഹൃദയത്തിൽ തട്ടിയോ..!

"സ്റ്റൈപ്പന്റ് വാങ്ങാൻ വന്നതാ.. കഴിഞ്ഞ വർഷത്തെ പെൻഡിങ് ആയി കിടന്നതെല്ലാം കൂടി ഇപ്പൊ ഒരുമിച്ചിങ്ങു കിട്ടി.." ഒരിക്കൽ ഫിറോസിന്റെ കൂടെ ഒരു സ്കോളർഷിപ്പിന്റെ കാര്യം തിരക്കാൻ ഓഫീസിലെത്തിയപ്പോൾ അപർണ അവിടെ ഉണ്ടായിരുന്നു.

"ആഹാ... ചെലവ് ചെയ്യണട്ടോ.."

"അയ്യടാ..ചെലവ് മാത്രമേ ഉള്ളു ഇവിടെ വന്നേപ്പിന്നെ.. ഇത് മിനിയമ്മക്ക് ഉള്ളതാ..മിനിയമ്മക്ക് ഒരു ജോഡി ജിമിക്കി കമ്മല് വാങ്ങണം.. കഴിഞ്ഞ തവണ പുസ്തകത്തിനും ഫീസിനും ഒക്കെക്കൂടി അത് കൊടുത്തു"

"മിനിയമ്മയെ ഞങ്ങൾ തിരക്കി എന്നു പറയണം.."ഞാൻ പറഞ്ഞു.

"നിങ്ങൾ ഒരു ദിവസം അങ്ങു പൊരേ.. ദേ നമ്മടെ ഫിറോസിന് ബൈക്കൊക്കെ ഉണ്ടല്ലോ..ഒരു ദിവസം വണ്ടി എടുത്തങ്ങു വാ..മിനിയമ്മയെ നേരിട്ട് കണ്ട് അന്വേഷണം അറിയിക്കാമല്ലോ..ഇതിന്റെ ചെലവും ചെയ്യാം"

"അതൊക്കെ വരാം..വന്നാൽ എന്ത് തരും ഞങ്ങൾക്ക്..?" ഫിറോസ് ചോദിച്ചു.

"നിങ്ങക്ക്.......മ്....എന്റെ പറമ്പിലുണ്ടായ നല്ല നാടൻ കപ്പ ചെണ്ടമുറിയൻ പരുവത്തിൽ മുറിച്ച് ഉപ്പിട്ടു വേവിച്ച്..നല്ല കാന്താരി മുളകും ഉള്ളീം ചേർത്തിടിച്ച് , പച്ച വെളിച്ചെണ്ണ ഒഴിച്ച ചമ്മന്തിയും കൂട്ടി അങ്ങ് തരും.. എന്നാ ട്ടേസ്റ്റാണെന്നോ..!! "

"ഇക്കാ ഇപ്പൊ തന്നെ അങ്ങ് വിട്ടാലോ.."

"പൊന്നാളിയാ ഈ പെണ്ണുംപുള്ള ചുമ്മാ ബഡായി അടിക്കണതാ..നീ ഇങ്ങ് വന്നേ ക്ലാസി പോകാം.."

ഞാൻ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ഫിറോസ് വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ അടർന്ന വഴിയിലൂടെ സസൂക്ഷ്മം വണ്ടി ഓടിക്കുകയായിരുന്നു. ഇടക്ക് വഴിയോരത്തെ കൗതുകം നിറക്കുന്ന കാഴ്ചകൾ എനിക്ക് കാണിച്ചു തരുന്നുണ്ട്. അവനു സങ്കടമൊന്നുമിലായിരിക്കുമോ , ഞാൻ ഓർത്തു. ഒരുപക്ഷേ ഉള്ളിലെ നീറ്റൽ മറക്കാൻ കഷ്ടപ്പെടുന്നതാകും. ഞാൻ മനസിലാക്കിയിടത്തോളം അപർണക്കു ഞാനും ഫിറോസും ഉൾപ്പെടുന്ന ചെറിയൊരു സൗഹൃദ വലയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ തന്നെ ഞങ്ങളോടായിരുന്നു അവൾക്കടുപ്പം ഏറെയും. അവൾ സംസാരിക്കുമ്പോൾ കൂടുതലും ഫിറോസ് ആണ് മറുപടി നാൽകുക. പൊതുവേ അധികം സംസാരിക്കറില്ലാത്ത ഞാൻ അതെല്ലാം കേട്ടു കൊണ്ടിരിക്കും. പക്ഷേ കുറച്ചു നാളുകളായി അവളെപ്പറ്റി വിവരങ്ങളൊന്നുമില്ല. പണ്ടും ഇതുപോലെ ആയിരുന്നു. വെക്കേഷനു വീട്ടിൽ പോയാൽ കുറേ നാൾ പാണ്ഡവരുടെ വനവാസം പോലെയാണ് അവളുടെ പെരുമാറ്റം. എവിടെയാ എന്താ എന്നൊന്നും ആരെയും അറിയിക്കില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. ഒരു ദിവസം അവൾ പറഞ്ഞു.

"കന്നാരപ്പണിക്ക് പോകുന്നത് മോശമൊന്നുമല്ല...ഒരു പണീം മോശമല്ല പിള്ളേരേ.. പക്ഷെ അതിന്റെ പേരില് സിമ്പതി കാട്ടി കുറേ കാശ് കൊണ്ടു വന്നു തരും ചിലര്.. ചിലർക്കതില് വേറെ പല ഉദ്ദേശങ്ങളാകും..പിന്നെ മറ്റുള്ളോരു നോക്കുമ്പോ എന്റെ മിനിയമ്മ എന്നെ നോക്കുന്നില്ല എന്നല്ലേ കരുതൂ.. എനിക്കതൊന്നും ഇഷ്ടല്ല..അതാ നിങ്ങളോടൊന്നും പറയാത്തതും വിളിച്ചാൽ ഫോൺ എടുക്കാത്തതും. "

ഇത്തവണ പക്ഷേ അങ്ങിനെ ആയിരുന്നില്ല. എന്റെ പിണക്കമായിരുന്നു അവളെ ഏകാന്ത വാസത്തിലേക്ക് തള്ളിയിട്ടത്. അവിടെ നിന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത ഏകാന്തമായ ഒരിടത്തേക്ക് അവൾ പോയിരിക്കുന്നു. ഒരു പക്ഷേ അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ , പിണക്കങ്ങളും പരിഭവങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് ഒരു ദിവസം ഞങ്ങൾ മൂവരും പഴയതു പോലെ സന്തോഷമായി കഴിയുന്ന ഒരു ദിവസം.

"സ്ഥലം ആയെന്നു തോന്നുന്നു.."ഫിറോസ് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ആരോടോ വഴി ചോദിച്ചു തിരിച്ചു വന്നു. "ഒരു കിലോമീറ്റർ കഴിയുമ്പോ ഒരു സ്കൂളുണ്ട്. അതിന്റെ സൈഡിലൂടെ ഒരു ടാറിടാത്ത വഴി.. അത് തീരുന്നിടത്ത് ഒരു തൊണ്ട് കാണും..അത് അവളുടെ വീട്ടിലേക്കുള്ളതാന്നാ ആ ചേട്ടൻ പറഞ്ഞത്."

തൊണ്ട് കയറി വീടിന്റെ മുറ്റത്തെത്തി. ഒരു കൊച്ചു വീട്. ഓട് മേഞ്ഞതിനു മുകളിൽ കൂടി നീല ടാർപ്പാ വിരിച്ചിരിക്കുന്നു. വീടിന്റെ മുന്നിൽ വഴിയുടെ ഇടത് വശത്ത് ഒരു പട്ടിക്കൂട് ഉണ്ട്. അവളുടെ പാച്ചു, വലിയൊരു കറുത്ത നായ. വീടിനു മുന്നിലൂടെ കോഴിക്കുഞ്ഞുങ്ങളുമായി ഒരു തള്ളക്കോഴി ചികഞ്ഞു നടക്കുന്നു. ഇതു തന്നെ ആയിരിക്കണം വീട്. മരണം ഉറക്കിയ ചുറ്റുപാട് പതുക്കെ ഉണർന്നു വരുന്നുണ്ട്. പുറത്തു നിന്ന് ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. നടക്കല്ലിനു മുന്നിൽ കുറെയധികം ചെരുപ്പുകൾ കൂടികിടക്കുന്നുണ്ട്. എല്ലാം വിലപിടിപ്പുള്ളത്.

"ഏയ്......" അവിചാരിതമായി ആരോ ഞങ്ങളെ പിന്നിൽ നിന്നു വിളിച്ചു. കൈയ്യിൽ മിൽമയുടെ ഒരു പാക്കറ്റുമായി ഒരു മനുഷ്യൻ തൊണ്ടിൽ നിന്നും കുത്തുകല്ലു കയറി വരുന്നു. വലിയ ചെവികളിൽ ചകിരി നാരു പോലെയുള്ള രോമങ്ങൾ ഉള്ള ആ മനുഷ്യൻ ഞങ്ങൾക്കടുത്തെത്തി.

"ആരാ..." അയാൾ ഗൗരവത്തിൽ തിരക്കി.

"ഇത് അപർണയുടെ വീടല്ലേ..?"ഫിറോസിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ഗൗരവം വെടിഞ്ഞു.
"അതെ..നിങ്ങൾ എവിടുന്നാ..?"

"ഞങ്ങൾ അപർണയുടെ കൂട്ടുകാരാ..കൂടെ കോളേജിൽ പഠിച്ചതാ.. ഞങ്ങൾ അറിഞ്ഞില്ലാർന്നു.."ഞാൻ പറഞ്ഞു.

"ഓ..കുറേ നോക്കിയതാ. ആരുടേം നമ്പറൊന്നും കിട്ടിയില്ലാർന്നു. സിറ്റിയിലൊക്കെ പോയി പഠിച്ച കൊച്ചല്ലേ വരണോരു വരട്ടെ എന്നു കരുതി പത്രത്തിൽ കൊടുത്തായിയുന്നു. ഒന്നു രണ്ടു പേര് വന്നു."

ഞാൻ ഫിറോസിനെ നോക്കി. പത്രത്തിലെ ചരമക്കോളത്തിന്റെ മൂലയിൽ ഒരു ഫോട്ടോ പോലുമില്ലാതെ കിടന്ന വാർത്ത. എന്തോ പൊതിയാൻ പാത്രമെടുത്തപ്പോഴാണ് അവൻ അത് ശ്രദ്ധിക്കുന്നത്. പലരും ഒഴിവാക്കി വിടുന്ന ഒരു പേജിനു ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ പ്രിയപ്പെട്ട ഒരാളുടെ വേർപാട് വേണ്ടി വന്നു..
"ഞാൻ അപ്പുറത്തെ വീട്ടിലെയാ..മിനിച്ചേച്ചി ഒറ്റക്കല്ലേ ഉള്ളു. ഞാനും കെട്ടിയോളും ഇടക്ക് വന്നു സഹായിക്കും...ഇനി ഞങ്ങളൊക്കെയല്ലേ ഉള്ളു. ആകെ ഉള്ള ഒരു മോളും പോയി..എന്ത് താങ്കപ്പെട്ട കൊച്ചായിരുന്നു.."

"എന്തു പറ്റിയതായിരുന്നു..പത്രത്തിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു."

"ആക്സിഡന്റാ.. ഇടിച്ച വണ്ടി നിർത്താതെ പോയി..ആശുപത്രീൽ ചെല്ലാൻ താമസിച്ചതാ പറ്റിപ്പോയത്.."

ഞങ്ങളെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ അയാൾ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.
"മിനിച്ചേച്ചീ ദേ മോൾടെ കൂടെ പഠിച്ച പിള്ളേര് വന്നിട്ടുണ്ട്."


അകത്തു നിന്നും കണ്ണുകൾ കുഴിയിൽ വീണ , മെലിഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു. അവളുടെ മിനിയമ്മ. മിനിയമ്മയെ ഒരിക്കൽ കണ്ടിട്ടുണ്ട്. അപർണ ഞങ്ങളെ കാണിച്ച ഫാമിലി ഫോട്ടോയിൽ. പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ ഇരുമ്പിന്റെ വട്ടക്കസേരയിൽ പൂക്കളുള്ള ഒരു നിക്കർ മാത്രമിട്ട് ഒരു രണ്ടു വയസുകാരി ; ഫ്ലാഷിന്റെ വെളിച്ചത്തിൽ കുഞ്ഞു കണ്ണുകൾ വിടർത്തി അവൾ ചിരിക്കുന്നു . കസേരക്കു പിന്നിൽ കട്ടി മീശയും, ചുരുണ്ട മുടിയുമുള്ള ഒരു ബലിഷ്ഠ കായൻ , അവളുടെ അച്ചായി. അയാളുടെ കൈകൾ സുന്ദരിയായ ഒരു സ്ത്രീയുടെ താളുകളിൽ വിശ്രമിക്കുന്നു. അവർ അയാളോട് ചേർന്നു നിൽക്കുന്നതിനൊപ്പം.ഒരു കൈ കൊണ്ട് മകളുടെ തോളത്തു തൊട്ടു നിൽക്കുന്നു , മിനിയമ്മ.

ഫോട്ടോയിൽ കണ്ട രൂപവുമായി വിദൂര സാമ്യം പോലും തോന്നാത്ത വിധം അവർ ഒരുപാട് മാറിയിരിക്കുന്നു. നിരാശ തുളുമ്പുന്ന കണ്ണുകളിൽ സ്നേഹം ഞങ്ങൾ കണ്ടു. അകത്തെ മര ബെഞ്ചിൽ ഇരുന്ന ഞങ്ങളുടെ അടുത്ത് ഒന്നും മിണ്ടാതെ അവർ എത്ര നേരം നിന്നെന്നറിയില്ല. ഞങ്ങളിരിക്കുന്നതിന്റെ എതിർശത്ത് ഒരു കട്ടിലിൽ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം അഞ്ചു വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി. അവൾ ഒരു കറുത്ത കണ്ണട കൊണ്ട് കണ്ണു മൂടിയിരുന്നു. അവരുടേതായിരിക്കണം പുറത്തു കിടക്കുന്ന ചെരുപ്പുകൾ. ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു വന്ന ആൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അപർണയുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ആ മനോഹരങ്ങളായ നീലക്കണ്ണുകൾ ഇനി മുതൽ ഈ കുരുന്നിനു വെളിച്ചമേകും.

ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. ഒരു ചെറു ചിരിയോടെ അവൾ വന്നു.

"പേരെന്താ മോൾടെ..?"

"അപർണ.."ഞാൻ ഫിറോസിനെ നോക്കി. അവൻ ചുവരിലെ അപർണയുടെ ചിത്രത്തിലേക്ക് നോക്കി ഇരിക്കുകയാണ്. ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി.

"നന്നായി പഠിക്കണം.." പോക്കറ്റിൽ നിന്നും അവന്റെ പാർക്കർ പെന അവൾക്കു സമ്മാനിച്ചുകൊണ്ടു ഫിറോസ് പറഞ്ഞു.

ഉച്ചക്ക് മിനിയമ്മ ഭക്ഷണം വിളമ്പി തന്നു. കപ്പയും കാന്താരിച്ചമ്മന്തിയും.

"അവൾ വാക്കു പാലിച്ചു.."ഫിറോസിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എരിവു കൊണ്ടാണെന്ന് പറഞ്ഞവൻ ഒഴിഞ്ഞെങ്കിലും. ശബ്ദത്തിലെ ഇടർച്ച എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു.

തിരികെ ഇറങ്ങാൻ നേരം അതുവരെ കാർമേഘം മൂടി നിന്നിരുന്ന മിനിയമ്മയുടെ കണ്ണുകളിൽ മഴ പെയ്തു. ഞങ്ങളെ കെട്ടി പിടിച്ചവർ കരഞ്ഞു.

വണ്ടി ഹെയർപ്പിനുകൾ കറങ്ങി താഴേക്കിറങ്ങുമ്പോൾ മനസ് ശൂന്യമായിരുന്നു. ശൂന്യതയിൽ ഇടയ്ക്കിടെ കേൾക്കുന്ന അവളുടെ ശബ്ദം. ഞാൻ കണ്ണാടിയിലൂടെ പിൻ സീറ്റിലേക്ക് നോക്കി. അവളവിടെ ഉണ്ടാകണേ എന്നാഗ്രഹിച്ചു. ഇല്ല വെറും തോന്നാലുകളാണ്. പത്ര വാർത്തയും ഫിറോസിന്റെ കോളും ഞങ്ങളുടെ ഈ യാത്രയും ; ഇതെല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെങ്കിൽ.

"നീ കരയുകയാണോ.."ഫിറോസ് തിരക്കി.

"എ.സി കണ്ണുകളിലേക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ടാണ്.." വിതുമ്പലുകൾ അവൻ കാണാതിരിക്കാൻ തലയിൽ വെച്ചിരുന്ന തൊപ്പി കൊണ്ടു ഞാൻ മുഖം മറച്ചു. എന്റെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു. ആ ഇരുട്ടിലും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന അപർണയെ ഞാൻ കണ്ടു.

2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച

ശലഭ്


എന്തോ ആവശ്യത്തിനു കത്രിക തിരക്കി ആയിരുന്നു അവൻ ഞങ്ങളുടെ മുറിയിലേക്ക് വന്നത്. ശലഭ് എന്നാണവന്റെ പേര്. സ്വദേശം റാന്നി എന്നാണ് അറിവ്. ചെക്കൻ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് താമസിക്കുന്നത്. കോളേജിലേക്ക് പോകാനും വരാനും കുറച്ചു ദൂരമേ ഉള്ളു എന്നതാണ്‌ ഞങ്ങളേപ്പോലെ അവനും ഈ ചൂള പോലെ ചുട്ടു പൊള്ളുന്ന കെട്ടിടത്തിലേക്ക് താമസിക്കാൻ വരാനുള്ള കാരണം. ഞങ്ങൾ മൂന്നു പേരും ; മൂന്നു പേരെന്നു പറഞ്ഞാൽ ഞാനും രൂപേഷ് രാമസ്വാമിയും പിന്നെ ഫിറോസ് ഖാനും ; അവനേക്കാൾ രണ്ടു വർഷം സീനിയർ ആയതുകൊണ്ടാകണം അവൻ അധികം അടുപ്പത്തിനു വരാറില്ല. സംസാരം പോലുമില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
വൈകിട്ടത്തെക്കുള്ള പയർ വെള്ളത്തിൽ കുതിരാൻ ഇടുന്നതിന്റെ തിരക്കിൽ ഫിറോസ് അടുക്കളയിൽ ആയിരുന്നു. സ്വാമിയാകട്ടെ ജ്യോതിഷ രത്നം Dr. ഡി ഗോപാല പണിക്കർ തയ്യാറാക്കിയ നക്ഷത്ര ഫലം 2011 എന്ന പുസ്തകത്തിൽ കണ്ണും നട്ടിരിക്കുകയാണ്. ആറാം സെമസ്റ്റർ കടന്ന് കൂടുമോ എന്നറിയണം അതിനു വേണ്ടിയാണ്. ഞാൻ മാത്രം എന്തോ ആലോചിച്ചു കൊണ്ട് തറയിൽ വിരിച്ച പുൽപ്പായിൽ നീണ്ടു നിവർന്നു കിടക്കുന്നു. ഈ സമയത്താണ് ശലഭ് വരുന്നത്. കൂടുതലൊന്നും ചോദിക്കാതെ ഞാൻ കത്രിക എടുത്തു കൊടുത്തു. അവൻ തിരികെ പോകാൻ നേരം സ്വാമിക്ക് അവന്റെ നക്ഷത്രം അറിയണം. വെറുതെ ജ്യോതിഷി കളിച്ച് അവന്റെ ഭാവി പറഞ്ഞു ഷൈൻ ചെയ്യാൻ ആണ്.
"നക്ഷത്രം അറിയില്ല അച്ചാച്ചാ.. "
"എന്നാൽ നീ ജനിച്ച ഡേറ്റ് പറ..നക്ഷത്രം ഞാൻ കണ്ടു പിടിച്ചോളാം.."സ്വാമിക്ക് വിട്ടുകൊടുക്കാൻ ഉള്ള ഭാവമില്ല.
"എനിക്ക് ശെരിക്കുള്ള ഡേറ്റ് അറിയില്ല..ഞാൻ ഓർഫനാ.."
അവന്റെ മുഖം വിളറി വില്ക്കുന്നത് ഞാൻ കണ്ടു. അവനെ താഴേക്ക് പറഞ്ഞു വിട്ട ശേഷം തിരിഞ്ഞു സ്വാമിയെ നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടല്ല അവൻ കാരയാറായത് എന്ന ഭാവത്തിൽ സ്വാമി എന്നെ നോക്കുന്നു. അങ്ങേരുടെ നിഷ്കളങ്കമായ ആ നോട്ടം കണ്ട്‌ ചിരി പൊട്ടിയെങ്കിലും ഒരു കള്ള ചുമയിൽ ഞാൻ അത് ഒളിപ്പിച്ചു വെച്ചു.
വൈകിട്ട് ജിമ്മിൽ വെച്ച് ജോൺ സാർ ആണ് ശലഭിനേക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണ തരുന്നത്. ഓർഫൻ ഹോമിലെ ഇരുണ്ട ഇടനാഴികളിൽ നിന്ന് പത്തൊൻപത് വയസ് കഴിഞ്ഞപ്പോൾ അവനു പുറത്തു വരേണ്ടി വന്നു. ഒരു വിദേശ സ്‌പോൺസറുടെ ചിലവിൽ ആണ് ശലഭ് ഇപ്പോൾ പഠിക്കുന്നത്. പഠനത്തിലും പ്രാക്ടിക്കലുകളിലിം മിടുക്കൻ. ഒറ്റ കുറ്റമേ അവനെക്കുറിച്ചു ജോൺ സാറിനു പറയാനുള്ളു. മറ്റു കുട്ടികളിൽ നിന്നും അകലം പാലിച്ചാണ് അവൻ എപ്പോഴും കഴിയുന്നത്. ആഘോഷങ്ങൾക്കൊന്നും അവൻ ഉണ്ടാകാറില്ല. ചിലപ്പോൾ ഒരുപാട് പേർക്കിടയിലും ഒറ്റപ്പെടുന്നു എന്ന തോന്നൽ ആയിരിക്കാം അവനെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നത്.
അവന്റെ ഈ സ്വഭാവം മാറ്റി എടുക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഒരുപാട് നേരത്തെ തലപുകക്കലുകൾക്ക് ശേഷം ഞങ്ങൾ ഒരു ആശയം കണ്ടെത്തി. അത് പ്രാവർത്തികമാക്കാൻ ഏറെ നേരത്തെ പ്ലാനിംഗിന്‌ ശേഷം അന്നു രാത്രി തന്നെ ഞങ്ങൾ മൂന്നു പേരും അവന്റെ മുറിയിൽ ചെന്നു.
അവൻ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ ചെല്ലുമ്പോൾ ഗബ്രീൽ മാർക്കേസിന്റെ hundred years of solitude എന്ന പുസ്തകം നെഞ്ചിൽ വിടർത്തി വെച്ച് കണ്ണടച്ച് മലർന്നു കിടക്കുകയായിരുന്നു അവൻ. ഫിറോസ് വാതിലിൽ മുട്ടിയപ്പോഴാണ് ഞങ്ങളെ കാണുന്നത്. അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞങ്ങൾ മുറിക്കുള്ളിലേക്ക് കയറി. സാധനങ്ങൾ എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ജനലിനോട് ചേർന്ന് ഒരു സ്റ്റൂളിൽ നിറയെ പൂക്കളുമായി ഒരു നാലുമണിച്ചെടി. അടുക്കും ചിട്ടയുമുള്ള പയ്യൻ. മുറിയിലേക്ക് പ്രതീക്ഷിക്കാതെ വന്ന അതിഥികളെ കണ്ടതിലുള്ള പരിഭ്രമം അവന്റെ മുഖത്തുണ്ടായിരുന്നു. ഇടക്ക് കാണാറുണ്ട് എന്നതിൽ കവിഞ്ഞ് ഞങ്ങൾ അത്ര പരിചിതരൊന്നും ആയിരുന്നില്ലല്ലോ.
"റാഗ് ചെയ്യാൻ വന്നതൊന്നുമല്ലട്ടോ...ഒരു ഫങ്ഷനു ക്ഷണിക്കാൻ വന്നതാ.." അവന്റെ നെഞ്ചിടിപ്പ് കേട്ടിട്ടെന്നോണം ഫിറോസ് പറഞ്ഞു.
"അനിയന്റെ ബെർത്ത്ഡേ ആണ് നാളെ . വൈകിട്ട് ചെറിയ ഒരു പരിപാടി ഉണ്ട്..നാലു മണിക്കാണ്. സ്റ്റാന്റിനടുത്തുള്ള മയൂര പാർക്ക് അറിയില്ലേ. അവിടെ വെച്ച് ഒരു ചെറിയ പരിപാടി. അപ്പൊ നീ നാളെ നാല് മണിക്ക് അവിടെ ഉണ്ടാകണം.."
സ്വാമി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു ക്ഷണിച്ചിട്ടും അവനു മടി. ഒരു വിധത്തിൽ ഒന്നു തല കാണിച്ചിട്ടു തിരികെ പോരും എന്ന നിബന്ധനയിൽ അവൻ വരാമെന്നേറ്റു.
നാലു മണിക്ക് മുൻപ് അവനേയും കൂട്ടി വരാമെന്ന് സ്വാമി ഏറ്റതു കൊണ്ട് ഞാൻ നേരത്തേ ഫങ്ഷൻ നടക്കുന്നിടത്തേക്ക് പോന്നു. പരിപാടിയുടെ മുന്നൊരുക്കങ്ങൾ എല്ലാം അപർണയും ഫിറോസും ചേർന്ന് ഭംഗിയായി പൂർത്തിയാക്കിയിരുന്നു. ആദ്യം വരാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഓരോ കാര്യങ്ങൾ പറഞ്ഞ് ശലഭ് ഒഴിവാകാൻ നോക്കി. സ്വാമിയുടെ ബലഷ്ഠമായ കൈകൾ ടൈറ്റ് ബനിയനിൽ കൂടുതൽ കരുത്തുറ്റതായി തോന്നിയതുകൊണ്ടാണോ എന്നറിയില്ല മയൂരയുടെ മുന്നിൽ നിർത്തിയ സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ശലഭും ഉണ്ടായിരുന്നു.
ബെർത്ത്ഡേ ബോയിയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു കൂടി നിന്നവർക്ക് അവനെ കാണിച്ചു കൊടുക്കും വരെ അവനറിയില്ലായിരുന്നു. അതവന്റെ ജന്മദിനാഘോഷം ആണെന്ന്. കുറേ നേരത്തേക്ക് അവൻ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നെ മെഴുകുതിരി ഊതി കേക്ക് മുറിച്ചു. വയറ്റിലേക്ക് പോയതിനേക്കാൾ കൂടുതൽ കേക്ക് ഞങ്ങളുടെ ഒക്കെ മുഖത്തായിരുന്നു. ഞാനും ഫിറോസും സ്വാമിയും ജിമ്മിലെ ജോൺസാറും അപർണയും അവളുടെ കുറച്ചു കൂട്ടുകാരും ശലഭിന്റെ ഒന്നു രണ്ട് ക്ലാസ്മേറ്റ്സും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾക്ക് അത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു. റൂമിൽ തിരിച്ചെത്തി ഫിറോസിന്റെ നള പാചകത്തിൽ പിറന്ന കഞ്ഞിയും പയറും അകത്താക്കി ബാൽക്കണിയിൽ കാറ്റും കൊണ്ടിരിക്കുമ്പോൾ ശലഭ് മുകളിലേക്ക് വന്നു. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. അതിനെല്ലാം ശേഷം ഉറങ്ങാൻ വേണ്ടി സഭ പിരിച്ചു വിടാൻ നേരം അവൻ ഞങ്ങളെ മൂന്നു പേരേയും സ്വന്തം ചേട്ടന്മാരായി ദത്തെടുത്തു ; ആജീവനാന്തം.

2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു നദീതട സംസ്കാരത്തിന്റെ പതനം : അവലോകനം


സെറയുടെ തൂവെള്ളനിറമുള്ള ക്ളോസറ്റിനു മുകളിൽ കുന്തിച്ചിരുന്ന് ഇന്നലെ കഴിച്ച പൊറോട്ടയുമായി മൽപിടുത്തം നടത്തികൊണ്ടിരിക്കവേയാണ് അത് കണ്ണിൽ പെട്ടത്. 
"ജാനോ നീ ഇത് കണ്ടോ..?" കുമാരൻസാർ ഭാര്യയെ നീട്ടി വിളിച്ചു..
"എന്ത് കണ്ടോന്നു നിങ്ങടെ.....തിരക്കിട്ട് പണി എടുക്കുമ്പോഴാകലപില കലപില കലപില കലപില കലപില കലപില കലപില......" ഭാര്യയുടെ കലപില കേട്ടപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്.

ഭാര്യയോടു കോർക്കുന്നത് നല്ലത്തിനല്ല !! തിരിച്ചൊന്നും പറയാതെ താൻ കണ്ട കാഴ്ചയിലേക്ക് തന്നെ കൗതുകത്തോടെ നോക്കി ഇരുന്നു. കക്കൂസിൽ മരകട്ടലയുടെ അടിയിൽ ഒരു ചെറിയ ദ്വാരം. സൂചിക്കനമേ ഉള്ളു. അതിൽ നിന്നും കറുത്ത ഉറുമ്പുകൾ വരി വരിയായി മാർച്ചു ചെയ്തു പോകുന്നു. ഓരോരുത്തരുടെ പിന്നിലും അരിച്ചാക്കു പോലെ എന്തോ ഉണ്ട്, മുട്ടകൾ ആയിരിക്കണം. അതും ചുമന്നു പോകുന്ന കൊച്ചു കൊച്ചു സംഘങ്ങളുടെ ഒരു കൂട്ടം. ഓരോ സംഘത്തിന് മുന്നിലും നേതാവെന്ന പോലെ ചുമടെടുക്കാതെ നടക്കുന്ന ഒരു ഉറുമ്പുണ്ട്. ബാക്കി എല്ലാവരും അവനെ പിന്തുടരുന്നു. നല്ല കൗതുകമുള്ള കാഴ്ച തന്നെ. ഇപ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന 'ചരിത്രാതീത നാഗരികതകൾ' എന്ന പാഠഭാഗത്തിലെ ചില ചിത്രങ്ങൾ മനസിലേക്കോടിയെത്തി. അതു പോലൊരു നാഗരികത തന്നെ ഇതും. ഒരു നദീതട സംസ്കാരമാണ് താൻ കാണുന്നത്.

ഒന്നു രണ്ടുറുമ്പുകൾ അവ പോകുന്ന പോക്കിൽ കുമാരൻ സാറിന്റെ കാലിൽ കടിച്ചു. നല്ല വേദനയുള്ള കടി ആണ്. ഇത് കട്ടുകഴപ്പൻ ഉറുമ്പ് തന്നെ. സാറിലെ ബയോളജിസ്റ് ആത്മഗതം നടത്തി. വേദന അസാഹനീയമായിരുന്നെങ്കിലും ഒരു നദീതട സംസ്കാരത്തെ തകർക്കാൻ ചരിത്ര ബോധമുള്ള ആ മനുഷ്യനു മനസു വന്നില്ല. ഇനിയും അവിടെ തപസ്സിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ അതിവേഗം പൃഷ്ഠം വൃത്തിയാക്കി പുറത്തിറങ്ങി. വാതിൽ അടച്ചതിനു ശേഷം ഒന്നു കൂടി തുറന്ന് അയാൾ അകത്തേക്കു നോക്കി. ഇല്ല ഉറുമ്പുകൾ യാത്ര അവസാനിപ്പിച്ചിട്ടില്ല.

ചരിത്രത്തിലെ വിവിധങ്ങളായ ഏടുകൾ അന്ത്രോപ്പോളജിയിലെ വിവിധ തീയറികളുമായി ബന്ധപ്പെടുത്തി മനസ്സിൽ ഉരുത്തിരിച്ചെടുത്ത തത്വങ്ങളിലേക്ക് , അല്പം മുൻപ് താൻ കണ്ട കാഴ്ച കൂടി ചേർത്തു വെച്ച് നോക്കിയപ്പോൾ താനെന്ന ചരിത്രാന്വേഷിയുടെ മനസ്സിൽ എന്തൊക്കെയോ പുതിയ ആശയങ്ങൾ രൂപപ്പെടുന്നതയാൾ അറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല , ബക്കറ്റിലെ വെള്ളം തല വഴി കമിഴ്ത്തി വേഗത്തിലൊരു കുളി പാസാക്കി. ശേഷം ദേഹം തുവർത്തിയെന്നു വരുത്തി ഓടി കിടപ്പുമുറിയുടെ മേശക്കരികിൽ എത്തി. മനസ്സിൽ തോന്നിയ സംശയങ്ങളും, ഉറുമ്പ് സംസ്കാരത്തെ നിരീക്ഷിച്ചതിൽ നിന്നും എത്തിച്ചേർന്ന നിഗമനവും മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്ന ഓണാഘോഷപ്പരിപാടിയുടെ നോട്ടീസിന് പിന്നിൽ അദ്ദേഹം പകർത്തി വെച്ചു. സമയം പോലെ ഇതെല്ലാം ഇനി ഫെയർ ആക്കി എഴുതണം. കൂടാതെ കണ്ടെത്തപ്പെട്ട പുതിയ നാഗരികതയുടെ കുറച്ചു ചിത്രങ്ങൾ പകർത്തുക കൂടി വേണം. എന്തായാലും സ്‌കൂളിലേക്കിറങ്ങാറാകട്ടെ.

ഭാര്യയുടെ കരച്ചിൽ കേൾക്കുമ്പോൾ ഖദർ ജുബ്ബയും കറുപ്പിന്റെ ഏതോ നരച്ച ഷേടുള്ള പാന്റും ധരിച്ച് ഇഡ്ലി തിന്നുകയായിരുന്നു അയാൾ. അവസാനത്തെ കഷ്ണവും വായിൽ ഇട്ടു കൈ നക്കി അയാൾ ഭാര്യാ സമീപത്തേക്ക് പാഞ്ഞു. കക്കൂസിനു വെളിയിലെ ചവുട്ടിയിൽ കാല് അമർത്തി തുടച്ചു കൊണ്ട് നിൽക്കുകയാണ് അവൾ. ഭർത്താവിനെ കണ്ടതും അവൾ നൈറ്റിയുടെ തുമ്പ് ഉയർത്തി സ്വന്തം കണങ്കാൽ അയാളെ കാണിച്ചു.

"ഇതിനകത്തു നിറയെ ഉറുമ്പ്. ഇതാണോ കണ്ടോ എന്ന് നിങ്ങൾ ആദ്യം വിളിച്ചു ചോദിച്ചത് !! എന്നാ അത് പറയണ്ടേ.. അതുമില്ല.. ലൈറ്റിടാത്തകൊണ്ടു കണ്ടതുമില്ല..കേറി ചവുട്ടിയപ്പോഴേക്കും.." കാലു ചുവന്നു തടിച്ചിട്ടുണ്ട്. ഒരിടത്തല്ല..പാടുകൾ പടർന്നു കിടക്കുകയാണ്. ഉറുമ്പ് സൈനികർ കൂട്ട ആക്രമണം നടത്തിയിരിക്കുന്നു.

അയാൾ അവളെ കടന്ന് കക്കൂസിനുള്ളിലേക്കൊന്നു പാളി നോക്കി. ഓൺ ആക്കിയ സി എഫ് എൽ വെളിച്ചത്തിൽ അയാൾ കണ്ടു , വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ നഗരം പോലെ അങ്ങിങ്ങായി ഉറുമ്പുകളുടെ കബന്ധങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച. ജീവനുള്ള ചിലത് അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി മുട്ടകളിൽ നശിക്കാത്തവ തിരഞ്ഞുകൊണ്ട് ഓരോ വെള്ള ഗോളങ്ങൾക്കുമരികെ എത്തുന്നു. ജീവനുള്ള മുട്ടകൾ മുതുകിലേറ്റിയും അല്ലാത്തവ അവിടെ ഉപേക്ഷിച്ചും അവർ യാത്ര തുടരുന്നു. മറ്റേതോ സുരക്ഷിത സ്ഥാനം തേടി ഉള്ള യാത്ര. "..ഞാൻ എല്ലാതിനേം വെള്ളമൊഴിചു കളഞ്ഞിട്ടുണ്ട്.." ഇതിനോടകം അടുക്കളയിലെ ജോലികളിൽ വ്യാപൃതയായിരുന്ന ഭാര്യയുടെ അവ്യക്തമായാ ശബ്ദം അയാൾ കേട്ടു.

സ്കൂളിലേക്കുള്ള ബസ് യാത്രയിൽ അയാളുടെ മനസ് നിറയെ പ്രളയത്തിൽ നശിപ്പിക്കപ്പെട്ട ഒരു നദീ തട സംസ്കാരത്തേക്കുറിച്ചുള്ള നൊമ്പരമായിരുന്നു..

2016 ജൂലൈ 17, ഞായറാഴ്‌ച

ഒരു ലൈൻ പൊട്ടി വീണ കഥ


ഇന്നെന്തോ പത്തുമണിക്ക് തന്നെ ഇറങ്ങാൻ കഴിഞ്ഞു. ബൈക്കിൽ വീട്ടിലേക്ക് പോരുമ്പോൾ പോക്കറ്റിൽ നിന്നും ഫോണിന്റെ വൈബ്രെഷൻ മൂന്നു നാല് തവണ അനുഭവപ്പെട്ടിരുന്നു. വീട്ടിലെത്തിയ വഴി ഫോൺ എടുത്തു നോക്കി.
whatsapp മെസ്സേജ് ആണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ള മൂന്നു മെസ്സേജ് ഉണ്ട്.

9497****** :
>da.. couldn't talk much.
>how are you doin??
>da u there..? ith njaanada *******

പൂർവ കാമുകി ആണ്.
കാമുകി എന്നൊന്നും പറയാനോക്കില്ല കേട്ടോ, വൺ വേ ഹെവി വോൾട്ടേജ് ലൈൻ ആയിരുന്നു. ഒരുപാട് നാൾ മനസ്സിൽ കൊണ്ട് നടന്ന മോഹമായിരുന്നു. പക്ഷേ പറയാനൊരു പേടി. സാധാരണ ഈ വക കാര്യങ്ങളിലൊക്കെ ധൈര്യം തരാൻ കൂട്ടുകാർ ഉണ്ടാകുമെങ്കിലും ഈ ലവ് സ്റ്റോറി ഞാൻ ഒഴികെ ഒരു പൂച്ചക്കുഞ്ഞിനു പോലും അറിയില്ലാതിരുന്നത് കൊണ്ട് ആ പിൻതുണയും കിട്ടിയില്ല. അവൾ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ടെൻഷൻ മുഴുവനും. അതിനു കാരണമുണ്ട് അവൾ സ്‌കൂളിലെ ആസ്ഥാന സുന്ദരി ആയിരുന്നു. ഞാൻ ആണെങ്കിൽ ഇന്നത്തെ പോലെ സ്ലിം ബ്യൂട്ടി ഒന്നും അല്ല, നല്ല ഉരുണ്ടുരുണ്ട് ഒരു ഉണ്ടപ്പക്രു ആയിരുന്നു. പോരാത്തതിന് അവളുടെ അമ്മ ഞങ്ങളുടെ തന്നെ സ്‌കൂളിലെ ടീച്ചറും. അതിന്റെ ഒരഹങ്കാരം അവൾക്കില്ലാതില്ല. എന്നാലും കണ്ടാൽ ആർക്കും ഒരു ഇഷ്ടമൊക്കെ തോന്നും.അങ്ങനെ അകെ മൊത്തം പ്രേമം തളിർത്തു പൂത്തു കായ്ക്കാൻ പാകമായി നിൽക്കുന്ന എന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയ ആ ദിനം വന്നെത്തി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു എന്ന് ഓർക്കാൻ ഉള്ള കാരണങ്ങൾ തൽക്കാലം പറയുന്നില്ല. അന്നെന്തോ കാരണം സ്‌കൂൾ നേരത്തെ വിട്ടു
..പറയാൻ മറന്നു !!ഞാൻ അന്ന് ഒൻപതാം ക്ലാസിൽ ആണ് അവൾ എട്ടിലും..
ബസിൽ തിരക്ക് കുറവായിരുന്നു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും സീറ്റുകൾ ഒക്കെ ധാരാളം ഒഴിഞ്ഞു കിടക്കുന്നു. അവളുടെ മുന്നിലെ സീറ്റിൽ ആരുമില്ല. അവിടെ ഇരുന്നാൽ മുന്നിലെ കണ്ണാടിയിലൂടെ അവളെ കാണാം എന്ന് പ്രായോഗിക ബുദ്ധിയും ഫിസിക്സം ഉപയോഗിച്ച് ഊഹിച്ചു. ഫിസിക്സിൽ ഞാൻ അന്ന് പുലിയാ. പിന്നെ ഒന്നും നോക്കിയില്ല. മുന്നിലേക്ക് വെച്ചു പിടിച്ചു. അവളുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അവൾ എന്നെ കാണുമെന്നും ഒന്ന് നോക്കി ചിരിക്കാമെന്നുമൊക്കെ ഉണ്ടായിരുന്നു.

പണ്ട് നമ്മുടെ അർജുനൻ ആണോ കർണൻ ആണോ പറഞ്ഞത് , പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ എന്ന്. ഏതാണ്ട് അത് പോലെ അവളുടെ മുന്നിലെ സീറ്റ് മാത്രം നോക്കി ഞാൻ നടന്നു. നടത്തിനിടയിൽ അറിയാതെ എന്റെ പ്രണയിനിയുടെ തളിരിളം പാദങ്ങളിൽ ഷൂ ഇട്ട കാല് കൊണ്ട് ഞാൻ ഒന്ന് ചവുട്ടി. പാവത്തിന് നൊന്തു കാണും. എന്റെ ഉള്ളൊന്നു പിടഞ്ഞു.

പാവം എന്റെ *******കുട്ടി !!

"എടാ തടിയാ എവടെ നോക്കിയാടാ നടക്കണേ..
ബാക്കിൽ എങ്ങാനും ഇരുന്നാ പോരേ.."
ബസിലെ യാത്രക്കാർ എല്ലാവരും ഒരു അന്യഗ്രഹ ജീവിയെ കണ്ടതു പോലെ എന്നെ നോക്കി. ചിലർ എന്തൊക്കെയോ പിറുപിറുത്തു. പെൺകുട്ടികൾ ചിലർ അടക്കം പറഞ്ഞു ചിരിച്ചു. അതൊക്കെ പോട്ടെ എന്നെ സങ്കടപ്പെടുത്തിയത് അവൾ എന്നെ തടിയാ എന്ന് വിളിച്ചതായിരുന്നു. എന്റെ ഹൃദയം നുറുങ്ങി അകെ തവിടു പൊടിയായി. ഞാൻ എങ്ങാനും സീതാദേവി ആയിരുന്നെങ്കിൽ അപ്പൊ തന്നെ ബസിന്റെ പ്ലാറ്ഫോമും ഭൂമിയും ഒക്കെ പിളർന്ന് താഴേക്ക് പോയേനെ. അതോടെ പൂത്തു നിന്ന പ്രേമമൊക്കെ കൊഴിഞ്ഞു താഴെ വീണു.

ഹാ...ദേ ഇന്ന് രാവിലെ , കൃത്യം പറഞ്ഞാൽ പത്തു വർഷത്തിന് ശേഷം മൂപ്പത്തിയാരെ ടൗണിൽ വെച്ചു വീണ്ടും കണ്ടു. മോളേം കൊണ്ട് ആശുപത്രിയിൽ വന്നതാണെന്ന്. കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ നമ്പർ കൊടുത്തതാണ്
ഞാൻ അവളുടെ പ്രൊഫയൽ പിക്ചർ എടുത്തു നോക്കി. ഫാമിലി ഫോട്ടോ ആണ്. സത്യം പറയാമല്ലോ ഫോട്ടോയിൽ അവളുടെ ഭർത്താവിനെ കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു.
ഒരു തടിയൻ..
വെറും തടിയനല്ല..
ഒരൊന്നൊന്നര തടിയൻ..

'Karma is a lion. That will hunt you down' ഫേസ്‌ബുക്കിൽ ഞാൻ കുറിച്ചിട്ടു.

വാൽ കഷ്ണം :-
arvin ~(ഉണ്ണി):
>di... really tired..talk 2 u later .
gdnt.

തടിയൻ കെട്ടിയോന്റെ കൈക്ക് പണി ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും , ജോലിയുടെ ക്ഷീണം കൊണ്ടും ഞാനവൾക്ക് ഒരു ചെറിയ മെസേജയച്ചു പെട്ടന്ന് കിടന്നുറങ്ങി

ഹൈ ബീം




ക്ലബ്ബിലെ മറ്റാർക്കും ഇല്ലാത്ത ഒരു കാർ സ്വന്തമാക്കണം. ഈ മോഹം അയാളുടെ നിദ്രകളെ കെട്ടിയിട്ടിട്ട് മാസങ്ങൾ ആയിരുന്നു. മോഹം കലശലായ ദിനമൊന്നിൽ അയാൾ പൈതൃക സ്വത്തായി കിട്ടിയ ഭൂമിയിൽ നിന്നും ഒരു തുണ്ട് വിറ്റൊരു കാറു വാങ്ങി. എൻജിന്റെ സവിശേഷതകളോ ഉള്ളിലെ ആഡംബരമോ സുരക്ഷാ സംവിധാനങ്ങളോ അയാളെ തെല്ലും ഭ്രമിപ്പിച്ചില്ലെങ്കിലും ജർമൻ നിർമിതം എന്ന മുദ്രണവും അതിന്റെ വിലയും അയാളിൽ കുളിരു കോരിയിട്ടു. വരാൻ പോകുന്ന ക്ലബ്ബ് ആനുവൽ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ കാറിൽ പോകുന്നതയാൾ സ്വപ്നം കണ്ടു. മീറ്റിംഗിന് ശേഷമുള്ള പൊങ്ങച്ച പാർട്ടിയിൽ പുതിയ കാറിന്റെ സവിശേഷതകൾ സഹ കുടിയന്മാരോട് വിവരിക്കുകയും തദവസരത്തിൽ കാറിന്റെ വിലയെപ്പറ്റി തിരക്കുന്നവരോട് "ഓ..അത്ര വിലയൊന്നുമില്ല നാൽപ്പത് രൂപക്ക് കിട്ടിയെന്നെ.. നാൽപ്പത് ലക്ഷം.." എന്ന് തല ഉയർത്തി, നാൽപ്പത് ഇഞ്ച് നെഞ്ച് പരമാവധി വിടർത്തി, സവിനയം പറയുന്നത് അയാൾ എത്രയോ തവണ ഭാവനയിൽ കണ്ടിരിക്കുന്നു.

ചുവന്ന രെജിസ്റ്റഡ് പ്ലേറ്റ് ഒട്ടിച്ച ജർമൻ പടക്കുതിര രാജവീഥിയിലൂടെ കുതിച്ചു പാഞ്ഞു. പാതക്കിരുവശവും വൈദ്യുത വിളക്കുകൾ അയാൾക്ക് വെളിച്ചം വീശി. കാറിനുള്ളിലെ സുഖശീതളിമായിൽ അയാൾ സ്വയം മറന്നു. ഗീയർ ലിവർ ആറിലേക്ക് നീക്കുമ്പോൾ അയാൾ ആവേശത്തിന്റെ പാരമ്യത്തിൽ ആയിരുന്നു. നെടൂ നീളൻ റോഡിലൂടെ പാലങ്ങളും ടോൾ ബൂത്തുകളും കടന്നു തന്റെ ഗ്രാമത്തിലെ കൊട്ടാര സൗധത്തിലേക്ക് അയാൾ വാഹനം പായിച്ചു.

മഴ വെള്ളം വീണു ചെളി നിറഞ്ഞ നിരത്തിലെ ടാർ ഇളകിയ കുഴികൾ വേഗത്തെ ബാധിച്ചില്ല. ഒന്നിടവിട്ടു മുന്നിലുള്ള വാഹനങ്ങളെ മറി കടക്കുമ്പോൾ എതിരേ വന്ന വാഹനങ്ങളെ അയാൾ ഗൗനിച്ചില്ല. അയാളുടെ ജർമൻ കുതിരയുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും ബഹിർഗമിക്കുന്ന തീഷ്ണമായ പ്രകാശ രശ്മികൾ അവരുടെ കാഴ്ചകളെ മറച്ചു. ദേഷ്യത്താൽ അവർ ചൊരിഞ്ഞ അസഭ്യ വാക്കുകളിൽ നിന്നും അടച്ചിട്ട ചില്ലുകൾ അയാൾക്ക് സംരക്ഷണ കവചം തീർത്തു. ഓരോതവണയും അയാൾ അതിൽ ആനന്ദം കണ്ടെത്തി. വീട്ടിലേക്കുള്ള അവസാന വളവിന്റെ ഇടതു വശത്ത് മുളങ്കൂട്ടങ്ങൾക്കു മുന്നിലെ വൈദ്യുതി പോസ്റ്റിൽ രാത്രിയുടെ ഇരുട്ടിനെ കീറിയെത്തിയ എൽ ഇ ഡി യുടെ വെള്ള വെളിച്ചത്തിൽ അയാൾ ഓമനമകനു വാങ്ങി നൽകിയ ടൂ വീലർ ഇരുമ്പു കഷ്ണങ്ങൾ ആയി മാറുന്നത് വരെ.

ഇതുകൂടി വായിച്ചു നോക്കൂ