അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അപർണ



എത്ര ശ്രമിച്ചിട്ടും അപർണ ഇനി ഇല്ല എന്നെനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഇനി അതിനു കഴിയുമോ എന്നും അറിയില്ല. ഇന്നലെ ഫിറോസ് ഇക്കാര്യം എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തരിച്ചിരുന്നു പോയി. ഇതെന്നോട് പറയാൻ അവൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾ മുറിയുന്നതും ശ്വാസഗതി കൂടുന്നതും ഞാൻ അറിഞ്ഞു. അവളോടുള്ള പിണക്കത്തിന്റെ മരവിപ്പിൽ നിന്നും എന്നെ ഉണർത്തിയത് അവളുടെ മരണ വാർത്ത ആയിരുന്നു. അവൾ പോയി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കിടയിൽ പരിഭാവങ്ങൾക്ക് സ്ഥാനമില്ല എന്ന് ഞാൻ എന്തേ മനസിലാക്കാതെ പോയി.

ആയിരം രൂപക്ക് ഡീസൽ നിറച്ച് സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ഞങ്ങൾ യാത്ര തിരിച്ചു. പണ്ടേപ്പോഴോ അവൾ പറഞ്ഞു തന്ന ഓർമ്മയിലെ പാതി മാഞ്ഞ വഴികളിലൂടെ ആണ് ഞങ്ങൾ പോകുന്നത്. വർഷം മൂന്നേ കഴിഞ്ഞിട്ടുള്ളുവെങ്കിലും അവൾ വാക്കുകൾ കൊണ്ട് കോറിയിട്ട ചിത്രങ്ങളിൽ നിന്നും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു ഈ നീളൻ പാതക്ക്. മൂന്ന് എന്നത് സമയ രേഖയിൽ വളരെ ചെറിയ അളവ് ആണെങ്കിലും വികസനം വികസനം എന്ന് നാലുപാടും കേൾക്കുന്ന ഈ കാലഘട്ടത്തിൽ അപർണ പറഞ്ഞ ഇല്ലിക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വഴികിരുപുറവും കൂറ്റൻ കോൺക്രീറ്റ് സൗധങ്ങളാണിന്ന്.

എട്ടു വർഷങ്ങള്ക്ക് മുൻപാണ് അപർണയെ പരിചയപ്പെടുന്നത്. NSS ഇൽ ചേരാൻ താൽപര്യമുള്ളവരെ തേടി ഫസ്റ്റ് ഇയർ ക്ലാസിലേക്ക് കടന്നു വന്ന ഒരു സീനിയർ ചേച്ചി , അതായിരുന്നു ഞങ്ങൾക്ക് അപർണ. പിന്നീടൊരു സായാഹ്നത്തിൽ ലാബ് കഴിഞ്ഞു വൈകി ഇറങ്ങിയ ഞങ്ങളെ മുഷ്കൻമാരായ ചില സീനിയർ വിദ്യാർത്ഥികളിൽ നിന്നു രക്ഷിച്ചതും അപർണ ആയിരുന്നു. അവളുടെ അനിയൻമാർ എന്നായിരുന്നു എന്നെയും ഫിറോസിനേയും അന്നവൾ അവർക്ക് പരിചയപ്പെടുത്തിയത്. ഫിറോസിന്റെ പേരിലെ വൈരുദ്ധ്യം അവർ ചോദ്യം ചെയ്തെങ്കിലും. അവളുടെ വാക്പോരിനു മുന്നിൽ അവർ അധിക നേരം പിടിച്ചു നിന്നില്ല. ക്യാമ്പുകളിൽ, യുവജനോത്സവങ്ങളിൽ, വിദ്യാർത്ഥി സമരങ്ങളിൽ എല്ലാത്തിന്റേയും മുൻപന്തിയിൽ അവളെ ഞങ്ങൾ കണ്ടു. ആദ്യം പുഞ്ചിരിയിലും പിന്നീടൊരു hai യിലും ഞങ്ങൾ മടിച്ചു നിന്നെങ്കിലും "ഡാ പിള്ളേരേ... ക്ലാസിൽ കയറാതെ കറങ്ങി നടക്കുവാണോ..?" എന്ന് പറഞ്ഞു പുറത്തു തട്ടി അവൾ സൗഹൃദം സ്ഥാപിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു.

"ടാ ഒരു കട്ടൻ കുടിച്ചിട്ടു പോകാം..തല വേദനിക്കുന്നു." ഫിറോസ് വണ്ടി റോഡരികിൽ ഒതുക്കി നിർത്തി. എനിക്ക് ദാഹമോ വിശപ്പോ തോന്നിയില്ല. ഓലകൊണ്ടു മറച്ച് ആസ്ബറ്റോസ് മേഞ്ഞ ചയക്കടയുടെ അരികിൽ നിന്നു കൊണ്ട് ഞങ്ങൾ ഇതുവരെ കയറിയ ഹെയർപ്പിനുകളിലേക്ക് നോക്കി ഞാൻ നിന്നു. അപർണയുടെ വീട്ടിലെത്തുക എന്ന ചിന്ത ആയിരുന്നു മനസ്സിൽ നിറയെ. ഇനി ഒരിക്കലും അവളെ കാണാനാകില്ല. അവളുടെ അമ്മയെ ഒന്നു കാണണം .ഇല്ലായ്മകളിലും അവളെ വളർത്തിയ, ഒരു നല്ല കൂട്ടുകാരിയെ ഞങ്ങൾക്ക് സമ്മാനിച്ച അവളുടെ അമ്മ. അവളുടെ വാക്കുകളിൽ നിന്ന് അവളുടെ മിനിയമ്മ ഞങ്ങൾക്ക് സുപരിചിതയായിരുന്നു.

അപർണ അമ്മയെപ്പറ്റി ആദ്യമായി സംസാരിച്ചത് പോലും ഇപ്പോഴും ഓർക്കുന്നു. അത്ര മാത്രം മിനിയമ്മ എന്ന വാക്ക് ഹൃദയത്തിൽ തട്ടിയോ..!

"സ്റ്റൈപ്പന്റ് വാങ്ങാൻ വന്നതാ.. കഴിഞ്ഞ വർഷത്തെ പെൻഡിങ് ആയി കിടന്നതെല്ലാം കൂടി ഇപ്പൊ ഒരുമിച്ചിങ്ങു കിട്ടി.." ഒരിക്കൽ ഫിറോസിന്റെ കൂടെ ഒരു സ്കോളർഷിപ്പിന്റെ കാര്യം തിരക്കാൻ ഓഫീസിലെത്തിയപ്പോൾ അപർണ അവിടെ ഉണ്ടായിരുന്നു.

"ആഹാ... ചെലവ് ചെയ്യണട്ടോ.."

"അയ്യടാ..ചെലവ് മാത്രമേ ഉള്ളു ഇവിടെ വന്നേപ്പിന്നെ.. ഇത് മിനിയമ്മക്ക് ഉള്ളതാ..മിനിയമ്മക്ക് ഒരു ജോഡി ജിമിക്കി കമ്മല് വാങ്ങണം.. കഴിഞ്ഞ തവണ പുസ്തകത്തിനും ഫീസിനും ഒക്കെക്കൂടി അത് കൊടുത്തു"

"മിനിയമ്മയെ ഞങ്ങൾ തിരക്കി എന്നു പറയണം.."ഞാൻ പറഞ്ഞു.

"നിങ്ങൾ ഒരു ദിവസം അങ്ങു പൊരേ.. ദേ നമ്മടെ ഫിറോസിന് ബൈക്കൊക്കെ ഉണ്ടല്ലോ..ഒരു ദിവസം വണ്ടി എടുത്തങ്ങു വാ..മിനിയമ്മയെ നേരിട്ട് കണ്ട് അന്വേഷണം അറിയിക്കാമല്ലോ..ഇതിന്റെ ചെലവും ചെയ്യാം"

"അതൊക്കെ വരാം..വന്നാൽ എന്ത് തരും ഞങ്ങൾക്ക്..?" ഫിറോസ് ചോദിച്ചു.

"നിങ്ങക്ക്.......മ്....എന്റെ പറമ്പിലുണ്ടായ നല്ല നാടൻ കപ്പ ചെണ്ടമുറിയൻ പരുവത്തിൽ മുറിച്ച് ഉപ്പിട്ടു വേവിച്ച്..നല്ല കാന്താരി മുളകും ഉള്ളീം ചേർത്തിടിച്ച് , പച്ച വെളിച്ചെണ്ണ ഒഴിച്ച ചമ്മന്തിയും കൂട്ടി അങ്ങ് തരും.. എന്നാ ട്ടേസ്റ്റാണെന്നോ..!! "

"ഇക്കാ ഇപ്പൊ തന്നെ അങ്ങ് വിട്ടാലോ.."

"പൊന്നാളിയാ ഈ പെണ്ണുംപുള്ള ചുമ്മാ ബഡായി അടിക്കണതാ..നീ ഇങ്ങ് വന്നേ ക്ലാസി പോകാം.."

ഞാൻ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ഫിറോസ് വളഞ്ഞു പുളഞ്ഞു പോകുന്ന ടാർ അടർന്ന വഴിയിലൂടെ സസൂക്ഷ്മം വണ്ടി ഓടിക്കുകയായിരുന്നു. ഇടക്ക് വഴിയോരത്തെ കൗതുകം നിറക്കുന്ന കാഴ്ചകൾ എനിക്ക് കാണിച്ചു തരുന്നുണ്ട്. അവനു സങ്കടമൊന്നുമിലായിരിക്കുമോ , ഞാൻ ഓർത്തു. ഒരുപക്ഷേ ഉള്ളിലെ നീറ്റൽ മറക്കാൻ കഷ്ടപ്പെടുന്നതാകും. ഞാൻ മനസിലാക്കിയിടത്തോളം അപർണക്കു ഞാനും ഫിറോസും ഉൾപ്പെടുന്ന ചെറിയൊരു സൗഹൃദ വലയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ തന്നെ ഞങ്ങളോടായിരുന്നു അവൾക്കടുപ്പം ഏറെയും. അവൾ സംസാരിക്കുമ്പോൾ കൂടുതലും ഫിറോസ് ആണ് മറുപടി നാൽകുക. പൊതുവേ അധികം സംസാരിക്കറില്ലാത്ത ഞാൻ അതെല്ലാം കേട്ടു കൊണ്ടിരിക്കും. പക്ഷേ കുറച്ചു നാളുകളായി അവളെപ്പറ്റി വിവരങ്ങളൊന്നുമില്ല. പണ്ടും ഇതുപോലെ ആയിരുന്നു. വെക്കേഷനു വീട്ടിൽ പോയാൽ കുറേ നാൾ പാണ്ഡവരുടെ വനവാസം പോലെയാണ് അവളുടെ പെരുമാറ്റം. എവിടെയാ എന്താ എന്നൊന്നും ആരെയും അറിയിക്കില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. ഒരു ദിവസം അവൾ പറഞ്ഞു.

"കന്നാരപ്പണിക്ക് പോകുന്നത് മോശമൊന്നുമല്ല...ഒരു പണീം മോശമല്ല പിള്ളേരേ.. പക്ഷെ അതിന്റെ പേരില് സിമ്പതി കാട്ടി കുറേ കാശ് കൊണ്ടു വന്നു തരും ചിലര്.. ചിലർക്കതില് വേറെ പല ഉദ്ദേശങ്ങളാകും..പിന്നെ മറ്റുള്ളോരു നോക്കുമ്പോ എന്റെ മിനിയമ്മ എന്നെ നോക്കുന്നില്ല എന്നല്ലേ കരുതൂ.. എനിക്കതൊന്നും ഇഷ്ടല്ല..അതാ നിങ്ങളോടൊന്നും പറയാത്തതും വിളിച്ചാൽ ഫോൺ എടുക്കാത്തതും. "

ഇത്തവണ പക്ഷേ അങ്ങിനെ ആയിരുന്നില്ല. എന്റെ പിണക്കമായിരുന്നു അവളെ ഏകാന്ത വാസത്തിലേക്ക് തള്ളിയിട്ടത്. അവിടെ നിന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത ഏകാന്തമായ ഒരിടത്തേക്ക് അവൾ പോയിരിക്കുന്നു. ഒരു പക്ഷേ അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ , പിണക്കങ്ങളും പരിഭവങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് ഒരു ദിവസം ഞങ്ങൾ മൂവരും പഴയതു പോലെ സന്തോഷമായി കഴിയുന്ന ഒരു ദിവസം.

"സ്ഥലം ആയെന്നു തോന്നുന്നു.."ഫിറോസ് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ആരോടോ വഴി ചോദിച്ചു തിരിച്ചു വന്നു. "ഒരു കിലോമീറ്റർ കഴിയുമ്പോ ഒരു സ്കൂളുണ്ട്. അതിന്റെ സൈഡിലൂടെ ഒരു ടാറിടാത്ത വഴി.. അത് തീരുന്നിടത്ത് ഒരു തൊണ്ട് കാണും..അത് അവളുടെ വീട്ടിലേക്കുള്ളതാന്നാ ആ ചേട്ടൻ പറഞ്ഞത്."

തൊണ്ട് കയറി വീടിന്റെ മുറ്റത്തെത്തി. ഒരു കൊച്ചു വീട്. ഓട് മേഞ്ഞതിനു മുകളിൽ കൂടി നീല ടാർപ്പാ വിരിച്ചിരിക്കുന്നു. വീടിന്റെ മുന്നിൽ വഴിയുടെ ഇടത് വശത്ത് ഒരു പട്ടിക്കൂട് ഉണ്ട്. അവളുടെ പാച്ചു, വലിയൊരു കറുത്ത നായ. വീടിനു മുന്നിലൂടെ കോഴിക്കുഞ്ഞുങ്ങളുമായി ഒരു തള്ളക്കോഴി ചികഞ്ഞു നടക്കുന്നു. ഇതു തന്നെ ആയിരിക്കണം വീട്. മരണം ഉറക്കിയ ചുറ്റുപാട് പതുക്കെ ഉണർന്നു വരുന്നുണ്ട്. പുറത്തു നിന്ന് ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. നടക്കല്ലിനു മുന്നിൽ കുറെയധികം ചെരുപ്പുകൾ കൂടികിടക്കുന്നുണ്ട്. എല്ലാം വിലപിടിപ്പുള്ളത്.

"ഏയ്......" അവിചാരിതമായി ആരോ ഞങ്ങളെ പിന്നിൽ നിന്നു വിളിച്ചു. കൈയ്യിൽ മിൽമയുടെ ഒരു പാക്കറ്റുമായി ഒരു മനുഷ്യൻ തൊണ്ടിൽ നിന്നും കുത്തുകല്ലു കയറി വരുന്നു. വലിയ ചെവികളിൽ ചകിരി നാരു പോലെയുള്ള രോമങ്ങൾ ഉള്ള ആ മനുഷ്യൻ ഞങ്ങൾക്കടുത്തെത്തി.

"ആരാ..." അയാൾ ഗൗരവത്തിൽ തിരക്കി.

"ഇത് അപർണയുടെ വീടല്ലേ..?"ഫിറോസിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ഗൗരവം വെടിഞ്ഞു.
"അതെ..നിങ്ങൾ എവിടുന്നാ..?"

"ഞങ്ങൾ അപർണയുടെ കൂട്ടുകാരാ..കൂടെ കോളേജിൽ പഠിച്ചതാ.. ഞങ്ങൾ അറിഞ്ഞില്ലാർന്നു.."ഞാൻ പറഞ്ഞു.

"ഓ..കുറേ നോക്കിയതാ. ആരുടേം നമ്പറൊന്നും കിട്ടിയില്ലാർന്നു. സിറ്റിയിലൊക്കെ പോയി പഠിച്ച കൊച്ചല്ലേ വരണോരു വരട്ടെ എന്നു കരുതി പത്രത്തിൽ കൊടുത്തായിയുന്നു. ഒന്നു രണ്ടു പേര് വന്നു."

ഞാൻ ഫിറോസിനെ നോക്കി. പത്രത്തിലെ ചരമക്കോളത്തിന്റെ മൂലയിൽ ഒരു ഫോട്ടോ പോലുമില്ലാതെ കിടന്ന വാർത്ത. എന്തോ പൊതിയാൻ പാത്രമെടുത്തപ്പോഴാണ് അവൻ അത് ശ്രദ്ധിക്കുന്നത്. പലരും ഒഴിവാക്കി വിടുന്ന ഒരു പേജിനു ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ പ്രിയപ്പെട്ട ഒരാളുടെ വേർപാട് വേണ്ടി വന്നു..
"ഞാൻ അപ്പുറത്തെ വീട്ടിലെയാ..മിനിച്ചേച്ചി ഒറ്റക്കല്ലേ ഉള്ളു. ഞാനും കെട്ടിയോളും ഇടക്ക് വന്നു സഹായിക്കും...ഇനി ഞങ്ങളൊക്കെയല്ലേ ഉള്ളു. ആകെ ഉള്ള ഒരു മോളും പോയി..എന്ത് താങ്കപ്പെട്ട കൊച്ചായിരുന്നു.."

"എന്തു പറ്റിയതായിരുന്നു..പത്രത്തിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു."

"ആക്സിഡന്റാ.. ഇടിച്ച വണ്ടി നിർത്താതെ പോയി..ആശുപത്രീൽ ചെല്ലാൻ താമസിച്ചതാ പറ്റിപ്പോയത്.."

ഞങ്ങളെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ അയാൾ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.
"മിനിച്ചേച്ചീ ദേ മോൾടെ കൂടെ പഠിച്ച പിള്ളേര് വന്നിട്ടുണ്ട്."


അകത്തു നിന്നും കണ്ണുകൾ കുഴിയിൽ വീണ , മെലിഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു. അവളുടെ മിനിയമ്മ. മിനിയമ്മയെ ഒരിക്കൽ കണ്ടിട്ടുണ്ട്. അപർണ ഞങ്ങളെ കാണിച്ച ഫാമിലി ഫോട്ടോയിൽ. പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ ഇരുമ്പിന്റെ വട്ടക്കസേരയിൽ പൂക്കളുള്ള ഒരു നിക്കർ മാത്രമിട്ട് ഒരു രണ്ടു വയസുകാരി ; ഫ്ലാഷിന്റെ വെളിച്ചത്തിൽ കുഞ്ഞു കണ്ണുകൾ വിടർത്തി അവൾ ചിരിക്കുന്നു . കസേരക്കു പിന്നിൽ കട്ടി മീശയും, ചുരുണ്ട മുടിയുമുള്ള ഒരു ബലിഷ്ഠ കായൻ , അവളുടെ അച്ചായി. അയാളുടെ കൈകൾ സുന്ദരിയായ ഒരു സ്ത്രീയുടെ താളുകളിൽ വിശ്രമിക്കുന്നു. അവർ അയാളോട് ചേർന്നു നിൽക്കുന്നതിനൊപ്പം.ഒരു കൈ കൊണ്ട് മകളുടെ തോളത്തു തൊട്ടു നിൽക്കുന്നു , മിനിയമ്മ.

ഫോട്ടോയിൽ കണ്ട രൂപവുമായി വിദൂര സാമ്യം പോലും തോന്നാത്ത വിധം അവർ ഒരുപാട് മാറിയിരിക്കുന്നു. നിരാശ തുളുമ്പുന്ന കണ്ണുകളിൽ സ്നേഹം ഞങ്ങൾ കണ്ടു. അകത്തെ മര ബെഞ്ചിൽ ഇരുന്ന ഞങ്ങളുടെ അടുത്ത് ഒന്നും മിണ്ടാതെ അവർ എത്ര നേരം നിന്നെന്നറിയില്ല. ഞങ്ങളിരിക്കുന്നതിന്റെ എതിർശത്ത് ഒരു കട്ടിലിൽ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം അഞ്ചു വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി. അവൾ ഒരു കറുത്ത കണ്ണട കൊണ്ട് കണ്ണു മൂടിയിരുന്നു. അവരുടേതായിരിക്കണം പുറത്തു കിടക്കുന്ന ചെരുപ്പുകൾ. ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു വന്ന ആൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അപർണയുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു. ആ മനോഹരങ്ങളായ നീലക്കണ്ണുകൾ ഇനി മുതൽ ഈ കുരുന്നിനു വെളിച്ചമേകും.

ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. ഒരു ചെറു ചിരിയോടെ അവൾ വന്നു.

"പേരെന്താ മോൾടെ..?"

"അപർണ.."ഞാൻ ഫിറോസിനെ നോക്കി. അവൻ ചുവരിലെ അപർണയുടെ ചിത്രത്തിലേക്ക് നോക്കി ഇരിക്കുകയാണ്. ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി.

"നന്നായി പഠിക്കണം.." പോക്കറ്റിൽ നിന്നും അവന്റെ പാർക്കർ പെന അവൾക്കു സമ്മാനിച്ചുകൊണ്ടു ഫിറോസ് പറഞ്ഞു.

ഉച്ചക്ക് മിനിയമ്മ ഭക്ഷണം വിളമ്പി തന്നു. കപ്പയും കാന്താരിച്ചമ്മന്തിയും.

"അവൾ വാക്കു പാലിച്ചു.."ഫിറോസിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എരിവു കൊണ്ടാണെന്ന് പറഞ്ഞവൻ ഒഴിഞ്ഞെങ്കിലും. ശബ്ദത്തിലെ ഇടർച്ച എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു.

തിരികെ ഇറങ്ങാൻ നേരം അതുവരെ കാർമേഘം മൂടി നിന്നിരുന്ന മിനിയമ്മയുടെ കണ്ണുകളിൽ മഴ പെയ്തു. ഞങ്ങളെ കെട്ടി പിടിച്ചവർ കരഞ്ഞു.

വണ്ടി ഹെയർപ്പിനുകൾ കറങ്ങി താഴേക്കിറങ്ങുമ്പോൾ മനസ് ശൂന്യമായിരുന്നു. ശൂന്യതയിൽ ഇടയ്ക്കിടെ കേൾക്കുന്ന അവളുടെ ശബ്ദം. ഞാൻ കണ്ണാടിയിലൂടെ പിൻ സീറ്റിലേക്ക് നോക്കി. അവളവിടെ ഉണ്ടാകണേ എന്നാഗ്രഹിച്ചു. ഇല്ല വെറും തോന്നാലുകളാണ്. പത്ര വാർത്തയും ഫിറോസിന്റെ കോളും ഞങ്ങളുടെ ഈ യാത്രയും ; ഇതെല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെങ്കിൽ.

"നീ കരയുകയാണോ.."ഫിറോസ് തിരക്കി.

"എ.സി കണ്ണുകളിലേക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ടാണ്.." വിതുമ്പലുകൾ അവൻ കാണാതിരിക്കാൻ തലയിൽ വെച്ചിരുന്ന തൊപ്പി കൊണ്ടു ഞാൻ മുഖം മറച്ചു. എന്റെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു. ആ ഇരുട്ടിലും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന അപർണയെ ഞാൻ കണ്ടു.

2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച

ശലഭ്


എന്തോ ആവശ്യത്തിനു കത്രിക തിരക്കി ആയിരുന്നു അവൻ ഞങ്ങളുടെ മുറിയിലേക്ക് വന്നത്. ശലഭ് എന്നാണവന്റെ പേര്. സ്വദേശം റാന്നി എന്നാണ് അറിവ്. ചെക്കൻ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് താമസിക്കുന്നത്. കോളേജിലേക്ക് പോകാനും വരാനും കുറച്ചു ദൂരമേ ഉള്ളു എന്നതാണ്‌ ഞങ്ങളേപ്പോലെ അവനും ഈ ചൂള പോലെ ചുട്ടു പൊള്ളുന്ന കെട്ടിടത്തിലേക്ക് താമസിക്കാൻ വരാനുള്ള കാരണം. ഞങ്ങൾ മൂന്നു പേരും ; മൂന്നു പേരെന്നു പറഞ്ഞാൽ ഞാനും രൂപേഷ് രാമസ്വാമിയും പിന്നെ ഫിറോസ് ഖാനും ; അവനേക്കാൾ രണ്ടു വർഷം സീനിയർ ആയതുകൊണ്ടാകണം അവൻ അധികം അടുപ്പത്തിനു വരാറില്ല. സംസാരം പോലുമില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
വൈകിട്ടത്തെക്കുള്ള പയർ വെള്ളത്തിൽ കുതിരാൻ ഇടുന്നതിന്റെ തിരക്കിൽ ഫിറോസ് അടുക്കളയിൽ ആയിരുന്നു. സ്വാമിയാകട്ടെ ജ്യോതിഷ രത്നം Dr. ഡി ഗോപാല പണിക്കർ തയ്യാറാക്കിയ നക്ഷത്ര ഫലം 2011 എന്ന പുസ്തകത്തിൽ കണ്ണും നട്ടിരിക്കുകയാണ്. ആറാം സെമസ്റ്റർ കടന്ന് കൂടുമോ എന്നറിയണം അതിനു വേണ്ടിയാണ്. ഞാൻ മാത്രം എന്തോ ആലോചിച്ചു കൊണ്ട് തറയിൽ വിരിച്ച പുൽപ്പായിൽ നീണ്ടു നിവർന്നു കിടക്കുന്നു. ഈ സമയത്താണ് ശലഭ് വരുന്നത്. കൂടുതലൊന്നും ചോദിക്കാതെ ഞാൻ കത്രിക എടുത്തു കൊടുത്തു. അവൻ തിരികെ പോകാൻ നേരം സ്വാമിക്ക് അവന്റെ നക്ഷത്രം അറിയണം. വെറുതെ ജ്യോതിഷി കളിച്ച് അവന്റെ ഭാവി പറഞ്ഞു ഷൈൻ ചെയ്യാൻ ആണ്.
"നക്ഷത്രം അറിയില്ല അച്ചാച്ചാ.. "
"എന്നാൽ നീ ജനിച്ച ഡേറ്റ് പറ..നക്ഷത്രം ഞാൻ കണ്ടു പിടിച്ചോളാം.."സ്വാമിക്ക് വിട്ടുകൊടുക്കാൻ ഉള്ള ഭാവമില്ല.
"എനിക്ക് ശെരിക്കുള്ള ഡേറ്റ് അറിയില്ല..ഞാൻ ഓർഫനാ.."
അവന്റെ മുഖം വിളറി വില്ക്കുന്നത് ഞാൻ കണ്ടു. അവനെ താഴേക്ക് പറഞ്ഞു വിട്ട ശേഷം തിരിഞ്ഞു സ്വാമിയെ നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടല്ല അവൻ കാരയാറായത് എന്ന ഭാവത്തിൽ സ്വാമി എന്നെ നോക്കുന്നു. അങ്ങേരുടെ നിഷ്കളങ്കമായ ആ നോട്ടം കണ്ട്‌ ചിരി പൊട്ടിയെങ്കിലും ഒരു കള്ള ചുമയിൽ ഞാൻ അത് ഒളിപ്പിച്ചു വെച്ചു.
വൈകിട്ട് ജിമ്മിൽ വെച്ച് ജോൺ സാർ ആണ് ശലഭിനേക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണ തരുന്നത്. ഓർഫൻ ഹോമിലെ ഇരുണ്ട ഇടനാഴികളിൽ നിന്ന് പത്തൊൻപത് വയസ് കഴിഞ്ഞപ്പോൾ അവനു പുറത്തു വരേണ്ടി വന്നു. ഒരു വിദേശ സ്‌പോൺസറുടെ ചിലവിൽ ആണ് ശലഭ് ഇപ്പോൾ പഠിക്കുന്നത്. പഠനത്തിലും പ്രാക്ടിക്കലുകളിലിം മിടുക്കൻ. ഒറ്റ കുറ്റമേ അവനെക്കുറിച്ചു ജോൺ സാറിനു പറയാനുള്ളു. മറ്റു കുട്ടികളിൽ നിന്നും അകലം പാലിച്ചാണ് അവൻ എപ്പോഴും കഴിയുന്നത്. ആഘോഷങ്ങൾക്കൊന്നും അവൻ ഉണ്ടാകാറില്ല. ചിലപ്പോൾ ഒരുപാട് പേർക്കിടയിലും ഒറ്റപ്പെടുന്നു എന്ന തോന്നൽ ആയിരിക്കാം അവനെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നത്.
അവന്റെ ഈ സ്വഭാവം മാറ്റി എടുക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഒരുപാട് നേരത്തെ തലപുകക്കലുകൾക്ക് ശേഷം ഞങ്ങൾ ഒരു ആശയം കണ്ടെത്തി. അത് പ്രാവർത്തികമാക്കാൻ ഏറെ നേരത്തെ പ്ലാനിംഗിന്‌ ശേഷം അന്നു രാത്രി തന്നെ ഞങ്ങൾ മൂന്നു പേരും അവന്റെ മുറിയിൽ ചെന്നു.
അവൻ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ ചെല്ലുമ്പോൾ ഗബ്രീൽ മാർക്കേസിന്റെ hundred years of solitude എന്ന പുസ്തകം നെഞ്ചിൽ വിടർത്തി വെച്ച് കണ്ണടച്ച് മലർന്നു കിടക്കുകയായിരുന്നു അവൻ. ഫിറോസ് വാതിലിൽ മുട്ടിയപ്പോഴാണ് ഞങ്ങളെ കാണുന്നത്. അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞങ്ങൾ മുറിക്കുള്ളിലേക്ക് കയറി. സാധനങ്ങൾ എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ജനലിനോട് ചേർന്ന് ഒരു സ്റ്റൂളിൽ നിറയെ പൂക്കളുമായി ഒരു നാലുമണിച്ചെടി. അടുക്കും ചിട്ടയുമുള്ള പയ്യൻ. മുറിയിലേക്ക് പ്രതീക്ഷിക്കാതെ വന്ന അതിഥികളെ കണ്ടതിലുള്ള പരിഭ്രമം അവന്റെ മുഖത്തുണ്ടായിരുന്നു. ഇടക്ക് കാണാറുണ്ട് എന്നതിൽ കവിഞ്ഞ് ഞങ്ങൾ അത്ര പരിചിതരൊന്നും ആയിരുന്നില്ലല്ലോ.
"റാഗ് ചെയ്യാൻ വന്നതൊന്നുമല്ലട്ടോ...ഒരു ഫങ്ഷനു ക്ഷണിക്കാൻ വന്നതാ.." അവന്റെ നെഞ്ചിടിപ്പ് കേട്ടിട്ടെന്നോണം ഫിറോസ് പറഞ്ഞു.
"അനിയന്റെ ബെർത്ത്ഡേ ആണ് നാളെ . വൈകിട്ട് ചെറിയ ഒരു പരിപാടി ഉണ്ട്..നാലു മണിക്കാണ്. സ്റ്റാന്റിനടുത്തുള്ള മയൂര പാർക്ക് അറിയില്ലേ. അവിടെ വെച്ച് ഒരു ചെറിയ പരിപാടി. അപ്പൊ നീ നാളെ നാല് മണിക്ക് അവിടെ ഉണ്ടാകണം.."
സ്വാമി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു ക്ഷണിച്ചിട്ടും അവനു മടി. ഒരു വിധത്തിൽ ഒന്നു തല കാണിച്ചിട്ടു തിരികെ പോരും എന്ന നിബന്ധനയിൽ അവൻ വരാമെന്നേറ്റു.
നാലു മണിക്ക് മുൻപ് അവനേയും കൂട്ടി വരാമെന്ന് സ്വാമി ഏറ്റതു കൊണ്ട് ഞാൻ നേരത്തേ ഫങ്ഷൻ നടക്കുന്നിടത്തേക്ക് പോന്നു. പരിപാടിയുടെ മുന്നൊരുക്കങ്ങൾ എല്ലാം അപർണയും ഫിറോസും ചേർന്ന് ഭംഗിയായി പൂർത്തിയാക്കിയിരുന്നു. ആദ്യം വരാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഓരോ കാര്യങ്ങൾ പറഞ്ഞ് ശലഭ് ഒഴിവാകാൻ നോക്കി. സ്വാമിയുടെ ബലഷ്ഠമായ കൈകൾ ടൈറ്റ് ബനിയനിൽ കൂടുതൽ കരുത്തുറ്റതായി തോന്നിയതുകൊണ്ടാണോ എന്നറിയില്ല മയൂരയുടെ മുന്നിൽ നിർത്തിയ സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ശലഭും ഉണ്ടായിരുന്നു.
ബെർത്ത്ഡേ ബോയിയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു കൂടി നിന്നവർക്ക് അവനെ കാണിച്ചു കൊടുക്കും വരെ അവനറിയില്ലായിരുന്നു. അതവന്റെ ജന്മദിനാഘോഷം ആണെന്ന്. കുറേ നേരത്തേക്ക് അവൻ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നെ മെഴുകുതിരി ഊതി കേക്ക് മുറിച്ചു. വയറ്റിലേക്ക് പോയതിനേക്കാൾ കൂടുതൽ കേക്ക് ഞങ്ങളുടെ ഒക്കെ മുഖത്തായിരുന്നു. ഞാനും ഫിറോസും സ്വാമിയും ജിമ്മിലെ ജോൺസാറും അപർണയും അവളുടെ കുറച്ചു കൂട്ടുകാരും ശലഭിന്റെ ഒന്നു രണ്ട് ക്ലാസ്മേറ്റ്സും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾക്ക് അത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു. റൂമിൽ തിരിച്ചെത്തി ഫിറോസിന്റെ നള പാചകത്തിൽ പിറന്ന കഞ്ഞിയും പയറും അകത്താക്കി ബാൽക്കണിയിൽ കാറ്റും കൊണ്ടിരിക്കുമ്പോൾ ശലഭ് മുകളിലേക്ക് വന്നു. ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു. അതിനെല്ലാം ശേഷം ഉറങ്ങാൻ വേണ്ടി സഭ പിരിച്ചു വിടാൻ നേരം അവൻ ഞങ്ങളെ മൂന്നു പേരേയും സ്വന്തം ചേട്ടന്മാരായി ദത്തെടുത്തു ; ആജീവനാന്തം.

2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു നദീതട സംസ്കാരത്തിന്റെ പതനം : അവലോകനം


സെറയുടെ തൂവെള്ളനിറമുള്ള ക്ളോസറ്റിനു മുകളിൽ കുന്തിച്ചിരുന്ന് ഇന്നലെ കഴിച്ച പൊറോട്ടയുമായി മൽപിടുത്തം നടത്തികൊണ്ടിരിക്കവേയാണ് അത് കണ്ണിൽ പെട്ടത്. 
"ജാനോ നീ ഇത് കണ്ടോ..?" കുമാരൻസാർ ഭാര്യയെ നീട്ടി വിളിച്ചു..
"എന്ത് കണ്ടോന്നു നിങ്ങടെ.....തിരക്കിട്ട് പണി എടുക്കുമ്പോഴാകലപില കലപില കലപില കലപില കലപില കലപില കലപില......" ഭാര്യയുടെ കലപില കേട്ടപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്.

ഭാര്യയോടു കോർക്കുന്നത് നല്ലത്തിനല്ല !! തിരിച്ചൊന്നും പറയാതെ താൻ കണ്ട കാഴ്ചയിലേക്ക് തന്നെ കൗതുകത്തോടെ നോക്കി ഇരുന്നു. കക്കൂസിൽ മരകട്ടലയുടെ അടിയിൽ ഒരു ചെറിയ ദ്വാരം. സൂചിക്കനമേ ഉള്ളു. അതിൽ നിന്നും കറുത്ത ഉറുമ്പുകൾ വരി വരിയായി മാർച്ചു ചെയ്തു പോകുന്നു. ഓരോരുത്തരുടെ പിന്നിലും അരിച്ചാക്കു പോലെ എന്തോ ഉണ്ട്, മുട്ടകൾ ആയിരിക്കണം. അതും ചുമന്നു പോകുന്ന കൊച്ചു കൊച്ചു സംഘങ്ങളുടെ ഒരു കൂട്ടം. ഓരോ സംഘത്തിന് മുന്നിലും നേതാവെന്ന പോലെ ചുമടെടുക്കാതെ നടക്കുന്ന ഒരു ഉറുമ്പുണ്ട്. ബാക്കി എല്ലാവരും അവനെ പിന്തുടരുന്നു. നല്ല കൗതുകമുള്ള കാഴ്ച തന്നെ. ഇപ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന 'ചരിത്രാതീത നാഗരികതകൾ' എന്ന പാഠഭാഗത്തിലെ ചില ചിത്രങ്ങൾ മനസിലേക്കോടിയെത്തി. അതു പോലൊരു നാഗരികത തന്നെ ഇതും. ഒരു നദീതട സംസ്കാരമാണ് താൻ കാണുന്നത്.

ഒന്നു രണ്ടുറുമ്പുകൾ അവ പോകുന്ന പോക്കിൽ കുമാരൻ സാറിന്റെ കാലിൽ കടിച്ചു. നല്ല വേദനയുള്ള കടി ആണ്. ഇത് കട്ടുകഴപ്പൻ ഉറുമ്പ് തന്നെ. സാറിലെ ബയോളജിസ്റ് ആത്മഗതം നടത്തി. വേദന അസാഹനീയമായിരുന്നെങ്കിലും ഒരു നദീതട സംസ്കാരത്തെ തകർക്കാൻ ചരിത്ര ബോധമുള്ള ആ മനുഷ്യനു മനസു വന്നില്ല. ഇനിയും അവിടെ തപസ്സിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ അതിവേഗം പൃഷ്ഠം വൃത്തിയാക്കി പുറത്തിറങ്ങി. വാതിൽ അടച്ചതിനു ശേഷം ഒന്നു കൂടി തുറന്ന് അയാൾ അകത്തേക്കു നോക്കി. ഇല്ല ഉറുമ്പുകൾ യാത്ര അവസാനിപ്പിച്ചിട്ടില്ല.

ചരിത്രത്തിലെ വിവിധങ്ങളായ ഏടുകൾ അന്ത്രോപ്പോളജിയിലെ വിവിധ തീയറികളുമായി ബന്ധപ്പെടുത്തി മനസ്സിൽ ഉരുത്തിരിച്ചെടുത്ത തത്വങ്ങളിലേക്ക് , അല്പം മുൻപ് താൻ കണ്ട കാഴ്ച കൂടി ചേർത്തു വെച്ച് നോക്കിയപ്പോൾ താനെന്ന ചരിത്രാന്വേഷിയുടെ മനസ്സിൽ എന്തൊക്കെയോ പുതിയ ആശയങ്ങൾ രൂപപ്പെടുന്നതയാൾ അറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല , ബക്കറ്റിലെ വെള്ളം തല വഴി കമിഴ്ത്തി വേഗത്തിലൊരു കുളി പാസാക്കി. ശേഷം ദേഹം തുവർത്തിയെന്നു വരുത്തി ഓടി കിടപ്പുമുറിയുടെ മേശക്കരികിൽ എത്തി. മനസ്സിൽ തോന്നിയ സംശയങ്ങളും, ഉറുമ്പ് സംസ്കാരത്തെ നിരീക്ഷിച്ചതിൽ നിന്നും എത്തിച്ചേർന്ന നിഗമനവും മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്ന ഓണാഘോഷപ്പരിപാടിയുടെ നോട്ടീസിന് പിന്നിൽ അദ്ദേഹം പകർത്തി വെച്ചു. സമയം പോലെ ഇതെല്ലാം ഇനി ഫെയർ ആക്കി എഴുതണം. കൂടാതെ കണ്ടെത്തപ്പെട്ട പുതിയ നാഗരികതയുടെ കുറച്ചു ചിത്രങ്ങൾ പകർത്തുക കൂടി വേണം. എന്തായാലും സ്‌കൂളിലേക്കിറങ്ങാറാകട്ടെ.

ഭാര്യയുടെ കരച്ചിൽ കേൾക്കുമ്പോൾ ഖദർ ജുബ്ബയും കറുപ്പിന്റെ ഏതോ നരച്ച ഷേടുള്ള പാന്റും ധരിച്ച് ഇഡ്ലി തിന്നുകയായിരുന്നു അയാൾ. അവസാനത്തെ കഷ്ണവും വായിൽ ഇട്ടു കൈ നക്കി അയാൾ ഭാര്യാ സമീപത്തേക്ക് പാഞ്ഞു. കക്കൂസിനു വെളിയിലെ ചവുട്ടിയിൽ കാല് അമർത്തി തുടച്ചു കൊണ്ട് നിൽക്കുകയാണ് അവൾ. ഭർത്താവിനെ കണ്ടതും അവൾ നൈറ്റിയുടെ തുമ്പ് ഉയർത്തി സ്വന്തം കണങ്കാൽ അയാളെ കാണിച്ചു.

"ഇതിനകത്തു നിറയെ ഉറുമ്പ്. ഇതാണോ കണ്ടോ എന്ന് നിങ്ങൾ ആദ്യം വിളിച്ചു ചോദിച്ചത് !! എന്നാ അത് പറയണ്ടേ.. അതുമില്ല.. ലൈറ്റിടാത്തകൊണ്ടു കണ്ടതുമില്ല..കേറി ചവുട്ടിയപ്പോഴേക്കും.." കാലു ചുവന്നു തടിച്ചിട്ടുണ്ട്. ഒരിടത്തല്ല..പാടുകൾ പടർന്നു കിടക്കുകയാണ്. ഉറുമ്പ് സൈനികർ കൂട്ട ആക്രമണം നടത്തിയിരിക്കുന്നു.

അയാൾ അവളെ കടന്ന് കക്കൂസിനുള്ളിലേക്കൊന്നു പാളി നോക്കി. ഓൺ ആക്കിയ സി എഫ് എൽ വെളിച്ചത്തിൽ അയാൾ കണ്ടു , വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ നഗരം പോലെ അങ്ങിങ്ങായി ഉറുമ്പുകളുടെ കബന്ധങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച. ജീവനുള്ള ചിലത് അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി മുട്ടകളിൽ നശിക്കാത്തവ തിരഞ്ഞുകൊണ്ട് ഓരോ വെള്ള ഗോളങ്ങൾക്കുമരികെ എത്തുന്നു. ജീവനുള്ള മുട്ടകൾ മുതുകിലേറ്റിയും അല്ലാത്തവ അവിടെ ഉപേക്ഷിച്ചും അവർ യാത്ര തുടരുന്നു. മറ്റേതോ സുരക്ഷിത സ്ഥാനം തേടി ഉള്ള യാത്ര. "..ഞാൻ എല്ലാതിനേം വെള്ളമൊഴിചു കളഞ്ഞിട്ടുണ്ട്.." ഇതിനോടകം അടുക്കളയിലെ ജോലികളിൽ വ്യാപൃതയായിരുന്ന ഭാര്യയുടെ അവ്യക്തമായാ ശബ്ദം അയാൾ കേട്ടു.

സ്കൂളിലേക്കുള്ള ബസ് യാത്രയിൽ അയാളുടെ മനസ് നിറയെ പ്രളയത്തിൽ നശിപ്പിക്കപ്പെട്ട ഒരു നദീ തട സംസ്കാരത്തേക്കുറിച്ചുള്ള നൊമ്പരമായിരുന്നു..

2016 ജൂലൈ 17, ഞായറാഴ്‌ച

ഒരു ലൈൻ പൊട്ടി വീണ കഥ


ഇന്നെന്തോ പത്തുമണിക്ക് തന്നെ ഇറങ്ങാൻ കഴിഞ്ഞു. ബൈക്കിൽ വീട്ടിലേക്ക് പോരുമ്പോൾ പോക്കറ്റിൽ നിന്നും ഫോണിന്റെ വൈബ്രെഷൻ മൂന്നു നാല് തവണ അനുഭവപ്പെട്ടിരുന്നു. വീട്ടിലെത്തിയ വഴി ഫോൺ എടുത്തു നോക്കി.
whatsapp മെസ്സേജ് ആണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ള മൂന്നു മെസ്സേജ് ഉണ്ട്.

9497****** :
>da.. couldn't talk much.
>how are you doin??
>da u there..? ith njaanada *******

പൂർവ കാമുകി ആണ്.
കാമുകി എന്നൊന്നും പറയാനോക്കില്ല കേട്ടോ, വൺ വേ ഹെവി വോൾട്ടേജ് ലൈൻ ആയിരുന്നു. ഒരുപാട് നാൾ മനസ്സിൽ കൊണ്ട് നടന്ന മോഹമായിരുന്നു. പക്ഷേ പറയാനൊരു പേടി. സാധാരണ ഈ വക കാര്യങ്ങളിലൊക്കെ ധൈര്യം തരാൻ കൂട്ടുകാർ ഉണ്ടാകുമെങ്കിലും ഈ ലവ് സ്റ്റോറി ഞാൻ ഒഴികെ ഒരു പൂച്ചക്കുഞ്ഞിനു പോലും അറിയില്ലാതിരുന്നത് കൊണ്ട് ആ പിൻതുണയും കിട്ടിയില്ല. അവൾ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ടെൻഷൻ മുഴുവനും. അതിനു കാരണമുണ്ട് അവൾ സ്‌കൂളിലെ ആസ്ഥാന സുന്ദരി ആയിരുന്നു. ഞാൻ ആണെങ്കിൽ ഇന്നത്തെ പോലെ സ്ലിം ബ്യൂട്ടി ഒന്നും അല്ല, നല്ല ഉരുണ്ടുരുണ്ട് ഒരു ഉണ്ടപ്പക്രു ആയിരുന്നു. പോരാത്തതിന് അവളുടെ അമ്മ ഞങ്ങളുടെ തന്നെ സ്‌കൂളിലെ ടീച്ചറും. അതിന്റെ ഒരഹങ്കാരം അവൾക്കില്ലാതില്ല. എന്നാലും കണ്ടാൽ ആർക്കും ഒരു ഇഷ്ടമൊക്കെ തോന്നും.അങ്ങനെ അകെ മൊത്തം പ്രേമം തളിർത്തു പൂത്തു കായ്ക്കാൻ പാകമായി നിൽക്കുന്ന എന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയ ആ ദിനം വന്നെത്തി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു എന്ന് ഓർക്കാൻ ഉള്ള കാരണങ്ങൾ തൽക്കാലം പറയുന്നില്ല. അന്നെന്തോ കാരണം സ്‌കൂൾ നേരത്തെ വിട്ടു
..പറയാൻ മറന്നു !!ഞാൻ അന്ന് ഒൻപതാം ക്ലാസിൽ ആണ് അവൾ എട്ടിലും..
ബസിൽ തിരക്ക് കുറവായിരുന്നു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും സീറ്റുകൾ ഒക്കെ ധാരാളം ഒഴിഞ്ഞു കിടക്കുന്നു. അവളുടെ മുന്നിലെ സീറ്റിൽ ആരുമില്ല. അവിടെ ഇരുന്നാൽ മുന്നിലെ കണ്ണാടിയിലൂടെ അവളെ കാണാം എന്ന് പ്രായോഗിക ബുദ്ധിയും ഫിസിക്സം ഉപയോഗിച്ച് ഊഹിച്ചു. ഫിസിക്സിൽ ഞാൻ അന്ന് പുലിയാ. പിന്നെ ഒന്നും നോക്കിയില്ല. മുന്നിലേക്ക് വെച്ചു പിടിച്ചു. അവളുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ അവൾ എന്നെ കാണുമെന്നും ഒന്ന് നോക്കി ചിരിക്കാമെന്നുമൊക്കെ ഉണ്ടായിരുന്നു.

പണ്ട് നമ്മുടെ അർജുനൻ ആണോ കർണൻ ആണോ പറഞ്ഞത് , പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ എന്ന്. ഏതാണ്ട് അത് പോലെ അവളുടെ മുന്നിലെ സീറ്റ് മാത്രം നോക്കി ഞാൻ നടന്നു. നടത്തിനിടയിൽ അറിയാതെ എന്റെ പ്രണയിനിയുടെ തളിരിളം പാദങ്ങളിൽ ഷൂ ഇട്ട കാല് കൊണ്ട് ഞാൻ ഒന്ന് ചവുട്ടി. പാവത്തിന് നൊന്തു കാണും. എന്റെ ഉള്ളൊന്നു പിടഞ്ഞു.

പാവം എന്റെ *******കുട്ടി !!

"എടാ തടിയാ എവടെ നോക്കിയാടാ നടക്കണേ..
ബാക്കിൽ എങ്ങാനും ഇരുന്നാ പോരേ.."
ബസിലെ യാത്രക്കാർ എല്ലാവരും ഒരു അന്യഗ്രഹ ജീവിയെ കണ്ടതു പോലെ എന്നെ നോക്കി. ചിലർ എന്തൊക്കെയോ പിറുപിറുത്തു. പെൺകുട്ടികൾ ചിലർ അടക്കം പറഞ്ഞു ചിരിച്ചു. അതൊക്കെ പോട്ടെ എന്നെ സങ്കടപ്പെടുത്തിയത് അവൾ എന്നെ തടിയാ എന്ന് വിളിച്ചതായിരുന്നു. എന്റെ ഹൃദയം നുറുങ്ങി അകെ തവിടു പൊടിയായി. ഞാൻ എങ്ങാനും സീതാദേവി ആയിരുന്നെങ്കിൽ അപ്പൊ തന്നെ ബസിന്റെ പ്ലാറ്ഫോമും ഭൂമിയും ഒക്കെ പിളർന്ന് താഴേക്ക് പോയേനെ. അതോടെ പൂത്തു നിന്ന പ്രേമമൊക്കെ കൊഴിഞ്ഞു താഴെ വീണു.

ഹാ...ദേ ഇന്ന് രാവിലെ , കൃത്യം പറഞ്ഞാൽ പത്തു വർഷത്തിന് ശേഷം മൂപ്പത്തിയാരെ ടൗണിൽ വെച്ചു വീണ്ടും കണ്ടു. മോളേം കൊണ്ട് ആശുപത്രിയിൽ വന്നതാണെന്ന്. കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ നമ്പർ കൊടുത്തതാണ്
ഞാൻ അവളുടെ പ്രൊഫയൽ പിക്ചർ എടുത്തു നോക്കി. ഫാമിലി ഫോട്ടോ ആണ്. സത്യം പറയാമല്ലോ ഫോട്ടോയിൽ അവളുടെ ഭർത്താവിനെ കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു.
ഒരു തടിയൻ..
വെറും തടിയനല്ല..
ഒരൊന്നൊന്നര തടിയൻ..

'Karma is a lion. That will hunt you down' ഫേസ്‌ബുക്കിൽ ഞാൻ കുറിച്ചിട്ടു.

വാൽ കഷ്ണം :-
arvin ~(ഉണ്ണി):
>di... really tired..talk 2 u later .
gdnt.

തടിയൻ കെട്ടിയോന്റെ കൈക്ക് പണി ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും , ജോലിയുടെ ക്ഷീണം കൊണ്ടും ഞാനവൾക്ക് ഒരു ചെറിയ മെസേജയച്ചു പെട്ടന്ന് കിടന്നുറങ്ങി

ഹൈ ബീം




ക്ലബ്ബിലെ മറ്റാർക്കും ഇല്ലാത്ത ഒരു കാർ സ്വന്തമാക്കണം. ഈ മോഹം അയാളുടെ നിദ്രകളെ കെട്ടിയിട്ടിട്ട് മാസങ്ങൾ ആയിരുന്നു. മോഹം കലശലായ ദിനമൊന്നിൽ അയാൾ പൈതൃക സ്വത്തായി കിട്ടിയ ഭൂമിയിൽ നിന്നും ഒരു തുണ്ട് വിറ്റൊരു കാറു വാങ്ങി. എൻജിന്റെ സവിശേഷതകളോ ഉള്ളിലെ ആഡംബരമോ സുരക്ഷാ സംവിധാനങ്ങളോ അയാളെ തെല്ലും ഭ്രമിപ്പിച്ചില്ലെങ്കിലും ജർമൻ നിർമിതം എന്ന മുദ്രണവും അതിന്റെ വിലയും അയാളിൽ കുളിരു കോരിയിട്ടു. വരാൻ പോകുന്ന ക്ലബ്ബ് ആനുവൽ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ കാറിൽ പോകുന്നതയാൾ സ്വപ്നം കണ്ടു. മീറ്റിംഗിന് ശേഷമുള്ള പൊങ്ങച്ച പാർട്ടിയിൽ പുതിയ കാറിന്റെ സവിശേഷതകൾ സഹ കുടിയന്മാരോട് വിവരിക്കുകയും തദവസരത്തിൽ കാറിന്റെ വിലയെപ്പറ്റി തിരക്കുന്നവരോട് "ഓ..അത്ര വിലയൊന്നുമില്ല നാൽപ്പത് രൂപക്ക് കിട്ടിയെന്നെ.. നാൽപ്പത് ലക്ഷം.." എന്ന് തല ഉയർത്തി, നാൽപ്പത് ഇഞ്ച് നെഞ്ച് പരമാവധി വിടർത്തി, സവിനയം പറയുന്നത് അയാൾ എത്രയോ തവണ ഭാവനയിൽ കണ്ടിരിക്കുന്നു.

ചുവന്ന രെജിസ്റ്റഡ് പ്ലേറ്റ് ഒട്ടിച്ച ജർമൻ പടക്കുതിര രാജവീഥിയിലൂടെ കുതിച്ചു പാഞ്ഞു. പാതക്കിരുവശവും വൈദ്യുത വിളക്കുകൾ അയാൾക്ക് വെളിച്ചം വീശി. കാറിനുള്ളിലെ സുഖശീതളിമായിൽ അയാൾ സ്വയം മറന്നു. ഗീയർ ലിവർ ആറിലേക്ക് നീക്കുമ്പോൾ അയാൾ ആവേശത്തിന്റെ പാരമ്യത്തിൽ ആയിരുന്നു. നെടൂ നീളൻ റോഡിലൂടെ പാലങ്ങളും ടോൾ ബൂത്തുകളും കടന്നു തന്റെ ഗ്രാമത്തിലെ കൊട്ടാര സൗധത്തിലേക്ക് അയാൾ വാഹനം പായിച്ചു.

മഴ വെള്ളം വീണു ചെളി നിറഞ്ഞ നിരത്തിലെ ടാർ ഇളകിയ കുഴികൾ വേഗത്തെ ബാധിച്ചില്ല. ഒന്നിടവിട്ടു മുന്നിലുള്ള വാഹനങ്ങളെ മറി കടക്കുമ്പോൾ എതിരേ വന്ന വാഹനങ്ങളെ അയാൾ ഗൗനിച്ചില്ല. അയാളുടെ ജർമൻ കുതിരയുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും ബഹിർഗമിക്കുന്ന തീഷ്ണമായ പ്രകാശ രശ്മികൾ അവരുടെ കാഴ്ചകളെ മറച്ചു. ദേഷ്യത്താൽ അവർ ചൊരിഞ്ഞ അസഭ്യ വാക്കുകളിൽ നിന്നും അടച്ചിട്ട ചില്ലുകൾ അയാൾക്ക് സംരക്ഷണ കവചം തീർത്തു. ഓരോതവണയും അയാൾ അതിൽ ആനന്ദം കണ്ടെത്തി. വീട്ടിലേക്കുള്ള അവസാന വളവിന്റെ ഇടതു വശത്ത് മുളങ്കൂട്ടങ്ങൾക്കു മുന്നിലെ വൈദ്യുതി പോസ്റ്റിൽ രാത്രിയുടെ ഇരുട്ടിനെ കീറിയെത്തിയ എൽ ഇ ഡി യുടെ വെള്ള വെളിച്ചത്തിൽ അയാൾ ഓമനമകനു വാങ്ങി നൽകിയ ടൂ വീലർ ഇരുമ്പു കഷ്ണങ്ങൾ ആയി മാറുന്നത് വരെ.

ടെക്കി


ഏറെ നേരം നോക്കി നിന്നിട്ടാണ് ബസ് കിട്ടിയത്. എട്ടുമണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ ഇതുവരെ ഉണ്ടാകാതിരുന്നത് കൊണ്ടാണ് ബസിലെ ഈ തിരക്ക് അസാധാരണമായ ഒന്നാണോ എന്ന് പറയാൻ കഴിയാത്തത്. ഫസ്റ്റ് ഗിയറിൽ ഒന്നു തുള്ളിച്ചാടിയ ശേഷം മുക്കി മുരണ്ടു നീങ്ങി തുടങ്ങിയ ട്രാൻസ്‌പോർട്ട് ബസിന്റെ താളത്തിനൊപ്പം യാത്രക്കാരുടെ തലകൾ ഒരു ശാസ്ത്രീയ നൃത്താഭ്യാസിയുടേതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞാൻ അടുത്തിരുന്ന ആളെ നോക്കി. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണിത്ര നോക്കാൻ..!മനുഷ്യരെ കണ്ടിട്ടില്ലേ.. എന്റെ ഉയർന്നു വന്ന പുരികക്കോടികൾ അയാളോടാരാഞ്ഞു. 


"കഴുത്തി കോണാനൊക്കെ കെട്ടി എവടെ പോകുവാ" എന്ത് ശല്യമാ ഇത്..disgusting..! ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ടൈ അഴിച്ചു ബാഗിൽ ഇട്ടു. വെറുതെ ഒച്ച എടുത്ത് ഉള്ള എനർജി കൂടി കളയാൻ വയ്യ. എട്ടരയ്ക്ക് തുടങ്ങിയ ഷിഫ്റ്റാണ്, അഞ്ചരക്കു കഴിയേണ്ടതാണ്. ക്രിട്ടിക്കൽ വർക്കാണ് പോലും. ചെയ്തിട്ടേ പോകാവൂ എന്ന് മുകളിൽ നിന്നുള്ള താക്കീതു വേറെയും. വർക്ക് എല്ലാം തീർത്ത് ഇറങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂർ ജോലി. ഞങ്ങൾക്ക് വേണ്ടി വാദിക്കാനും സമരം ചെയ്യാനും ഒരു യൂണിയൻകാരും രാഷ്ട്രീയക്കാരും ഇല്ല. അസംഘടിത്തരായേ പറ്റൂ , അവകാശങ്ങളെ പറ്റി ശബ്ദമുയർത്തിയാൽ പിരിഞ്ഞു പോകേണ്ടി വരും.

ക്വർട്ടേഴ്‌സ് ജങ്ഷനിൽ എത്തിയപ്പോഴേക്കും തിരക്ക് കുറഞ്ഞെങ്കിലും വേറെ സീറ്റുകൾ ഒന്നും ഒഴിവില്ലായിരുന്നു. ഇടക്കാരോ കലൂർ ബസ് ആണെന്ന് കരുതി കയറി. കണ്ടക്റ്ററും ആയാളും തമ്മിൽ വാക്കേറ്റം. കയറാൻ നേരം കണ്ടക്റ്റർ അയാളോട് പറഞ്ഞില്ലത്രേ. അയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ ശേഷം കണ്ടക്റ്റർ എന്റെ അടുത്ത് വന്നു.

"ഇന്നെന്താ ഇങ്ങോട്ടു പോകുന്നത്?"
"ഒരു പോണേക്കര..അമൃതയിൽ ഇറങ്ങാൻ പറ്റില്ലേ.."
"അമൃതേല് സ്റ്റോപ്പ് ഇല്ല. പോണേക്കര ഇറങ്ങി റയിൽവേ ക്രോസ്സ് ചെയ്താ മതി.." ടിക്കറ്റ് കീറിക്കൊണ്ട് അയാൾ ചോദിച്ചു "മോൻ ഇൻഫോപാർക്കിൽ അല്ലേ..ഞാൻ കാണാറുണ്ട് അവിടുന്ന് കേറുന്നത്. എന്റെ മോള് എൻജിനീയറിങ് കഴിഞ്ഞിരിക്കുവാ എന്തേലും ജോലി ഒഴിവുണ്ടോ അവിടെ" എന്റെ കമ്പനിയിൽ ഇപ്പോൾ ഒഴിവില്ലെന്നും ഇന്റർവ്യൂ വരികയാണെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഞാൻ അയാളുടെ ഫോൺ നമ്പർ ചോദിച്ചു. ഒരു തുണ്ടു കടലാസിൽ നമ്പർ എഴുതി തന്നിട്ട് ബാക്കി ഉള്ളവർക്ക് ടിക്കറ്റ് കൊടുക്കാൻ അയാൾ പോയി.

"നിങ്ങള് ഇൻഫോപാർക്കിൽ ആയിരുന്നല്ലേ..ഞാൻ ഓർത്തു വല്ല മെഡിക്കൽ റെപ്പും ആയിരിക്കുമെന്ന്"

അയാളുടെ സംസാരം കേട്ടിട്ടും കെട്ടില്ലെന്നു നടിച്ചു ഞാൻ ഇരുന്നു. ബസ് പാലറിവട്ടത്ത് നിന്നും തിരിഞ്ഞു. ഞാൻ വാച്ചു നോക്കി സമയം എട്ടര. ഹോസ്പിറ്റലിൽ നാളെ ചെന്നാലും മതിയായിരുന്നു. പക്ഷേ നാളെയും നല്ല ജോലിത്തിരക്കാണ്. രാത്രി അശ്വതിയുടെ ചേട്ടന്റെ ഫ്‌ളാറ്റിൽ താമസിക്കാനുള്ള ഏർപ്പാട് അവൾ ചെയ്തിരുന്നു. അവിടെ നിന്നും കുളിച്ചു ഫ്രഷ് ആയി രാവിലെ ഓഫീസിലെത്തിയാൽ മതി.

"ഇന്ഫോപ്പർക്കിലാവുമ്പോ നല്ല ശമ്പളം ഒക്കെ കാണുവല്ലേ.."അയാൾ എന്നെ വിടാനുള്ള ഭാവമില്ല.

"കുഴപ്പമില്ല"ഞാൻ ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞു. അൽപ സമയം അയാൾ മിണ്ടാതിരുന്നെങ്കിലും വീണ്ടും ചോദ്യങ്ങൾ തൊടുത്തു.

"ഓരോരുത്തരുടെ യോഗേ ചുമ്മാ കംപ്യൂട്ടറിന്റെ മുന്നീ കുത്തി ഇരുന്നാ മതി. നമ്മളൊക്കെ രാത്രി കൂടി ഓട്ടോ ഓടിച്ചാലും ആയിരം തികച്ച് കിട്ടൂല്ല..
പിന്നെ നല്ല പെങ്കൊച്ചുങ്ങളൊക്കെ കാണുമല്ലേ അവിടെ.."


ഞാൻ അയാളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. "ഉണ്ടെങ്കിൽ..? " നുരഞ്ഞു വന്ന ദേഷ്യം പിടിച്ചു കെട്ടാൻ നോക്കിയെങ്കിലും എന്റെ നാവിനെ നിയന്ത്രിക്കാൻ മനസിനായില്ല. "നിങ്ങക്കെന്താ അറിയണ്ടേ..അല്ല നിങ്ങളോടു മറുപടി പറയണ്ട കാര്യമൊന്നുമില്ല എനിക്ക് "

"ഓ നിനക്കൊക്കെ കാണിക്കാം.. ഇന്നാള് ഒരുത്തിയെ ഞങ്ങള് പൊക്കി.. അവക്ക് രാത്രിപ്പണി..മൂന്ന് മണിക്കും നാല് മണിക്കും കാറിൽ വന്നിറങ്ങും.. ഇവിടെ മാന്യന്മാർ ജീവിക്കണ സ്ഥലമാ.. " അയാൾ ശബ്ദമുയർത്തി

"എന്ത് മാന്യത ഹേ... നിങ്ങക്ക് ഞങ്ങടെ ജോലിയെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു തൊള്ള തുറക്കണത്.. നാല് വർഷം കഷ്ടപ്പെട്ട് എൻജിനീയറിങ് പഠിച്ചിട്ട് ഓരോ കമ്പനികൾ കയറി ഇറങ്ങി ഇന്റർവ്യൂ ആയ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് ഒരു ജോലി കിട്ടി. നിങ്ങള് കുറച്ചു മുൻപ് പറഞ്ഞ പോലെ ചുമ്മാ സീറ്റിൽ കുത്തി ഇരുന്ന് മേടിക്കാൻ എന്റെ കുടംബസ്വത്തൊന്നുമല്ല അത്. അല്ല അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് വന്നിരുന്നു നോക്ക്. രാവിലെ എട്ടര മുതൽ രാത്രി പന്ത്രണ്ട് വരെ ഒക്കെ. എന്നിട്ടു വൈകി ഇറങ്ങുമ്പോ ബസ് സ്റ്റോപ്പിലെത്താൻ ഒരു ഓട്ടോ പിടിക്കുമ്പോൾ ഞങ്ങൾക്ക് മാത്രം ഇരട്ടി ചാർജ്. 

പിന്നെ പറഞ്ഞല്ലോ ഒരുത്തിയെ പൊക്കി എന്ന്. നാണമില്ലല്ലോ.. നീ പൊക്കിയവൾടെ വീട്ടിൽ ഒരു തള്ള ഉണ്ട്.. കാല് വയ്യാത്തതാ.. ഹൃദയത്തിനും തകരാറുണ്ട്. ഈ മാന്യന്മാരൊന്നും അതൊന്നും അന്വേഷിച്ചില്ലല്ലോ.. 24 മണിക്കൂറും ജോലി ചെയ്യുന്നവരാ ഞങ്ങൾ IT തൊഴിലാളികള്.. ഞങ്ങള് ചെയ്യണ തൊഴിലിന്റെ ഫലമാ നിങ്ങളീ കൈയീ പിടിച്ചേക്കണ മൊബൈല്.. നിങ്ങള് വീട്ടിലിരുന്നു കാണണ വാർത്ത.. രാവിലെ വായിക്കണ പത്രം.. ഓക്കേത്തിന്റെ പിന്നിലും ഞങ്ങടെ ആയുസും ആരോഗ്യവുമുണ്ട്..ഒരു മാന്യൻ വന്നേക്കുന്നു.."


അയാൾ പക്ഷെ മായപ്പെടാനോ വിട്ടു തരാനോ ഭാവമില്ലായിരുന്നു. "ചുമ്മാ ചെലക്കാതെടാ ചെക്കാ.. നിന്റെ ഒക്കെ തനിക്കൊണം പത്രത്തിലും ടിവി യിലും ഒക്കെ കണ്ടു. സ്വന്തം കൊച്ചിനെ വരെ കൊന്നില്ലേ നിന്റെ ഒക്കെ കൂടെ ഉള്ള ഒരുത്തി..മാറ്റവന്റെ കൂടെ പോകാൻ."

"അവൾ ടെക്നൊപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്നത് നേരാ.. എന്ന് വെച്ച് എല്ലാരും അങ്ങനെ ആകുവോ. ഇന്നാള് ഒരാളുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോകാരൻ ആയിരുന്നു എന്ന് പാത്രത്തിൽ കണ്ടു. കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതികളിൽ ഒരാളും ഓട്ടോകരൻ ആയിരുന്നു. എന്ന് വെച്ച് എല്ലാ ഓട്ടോക്കാരും അങ്ങനെ ആകുമോ.. നിങ്ങൾ ചെലപ്പോ ആയിരിക്കും.." എനിക്കതിനു മറുപടി ഉണ്ടായിരുന്നു.

"ശരി അതൊക്കെ അങ്ങനെ ആയിക്കോട്ടെ.." അയാൾ ഒരുവിധം മയപ്പെട്ടു എങ്കിലും ചോദിച്ചു "നിങ്ങക്കൊക്കെ ജീവിതത്തെപറ്റി എന്തെങ്കിലും അറിയുമോ.. ഉള്ളിയും അരിയും മുളകും ഉപ്പും കടയിൽ പോയി മേടിക്കുന്നവർക്കേ ജീവിതം അറിയൂ."

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരിക്കാനാണ് തോന്നിയത് "സഹോദരാ.. എന്റെ അപ്പച്ചൻ ഒരു റബർ ടാപ്പിംഗ് തൊഴിലാളി ആണ്. അമ്മ വീടിനടുത്തുള്ള ഒരു സ്‌കൂളിൽ ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കുന്ന പണി ആണ്. ഗവണ്മെന്റ് സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരാനിയത്തി ഉണ്ടെനിക്ക്. എനിക്ക് മണ്ണിലിറങ്ങി കിളക്കാനാറിയാം. എത്താവാഴയും പൂവനും പാളേങ്കോടനും വാഴക്കന്ന് കണ്ടാൽ തിരിച്ചറിയാം. എല്ല ഞായറാഴ്ചയും അപ്പച്ചന്റെ സൈക്കിളിന്റെ പിന്നിലിരുന്നു പള്ളിയിൽ പോകാറുണ്ട് ഇപ്പോഴും..ഞാനും ഒരു സാധാരണക്കാരൻ ആണ്. എന്നെ പോലെ ജീവിതം അറിയുന്നവർ തന്നെ ആണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുട്സ് മുറിയിലെ ചക്രക്കസേരയിലിരുന്നു മുരടിക്കുന്നത്. ഞങ്ങളുടെ ഡ്രെസ്സിൽ ചെളി പുരാളാറില്ല, വിയർക്കാറില്ല പക്ഷേ അദ്ധ്വാനിക്കുന്നവർ തന്നെ ആണ്. തൊഴിലിന്റെ മഹത്വം അറിയുന്നവരാണ്..ആധുനിക ലോകത്തെ തൊഴിലാളി വർഗമാണ് ഞങ്ങൾ. " 
അതിനയാൾ മറുപടി പറഞ്ഞില്ല. ബസിന്റെ ജനൽകമ്പിയിൽ തല ചാരി പുറത്തേയ്ക്ക് നോക്കിയിരുന്നു. വളവുകൾ തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.


"പോണേക്കര എത്തി"കണ്ടക്റ്റർ വന്നു തോളിൽ തട്ടി. ഇറങ്ങാൻ നേരം മകളുടെ ജോലിക്കാര്യം അയാൾ വീണ്ടും ഓർമിപ്പിച്ചു. എന്നോട് തർക്കത്തിൽ ഏർപ്പെട്ടിരുന്ന ആളും എന്റെ കൂടെ ഇറങ്ങി. ആയാളും അമൃതായിലേക്കണത്രെ. ഇളയ മകൾക്ക് നാളെ ഒരു ശസ്ത്രക്രിയ ഉണ്ട്. കൂടുതൽ ചോദിച്ചപ്പോൾ അവരുടെ ശസ്ത്രക്രിയക്കു വേണ്ടി രക്തം നൽകാൻ ആണ് ഞാൻ വന്നിരിക്കുന്നത്. അതിനു ശേഷം എന്റെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ബ്ലഡ് ബാങ്കിൽ രക്തം കൊടുത്തു ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അയാൾ വരാന്തയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ മൂത്ത മകൾ ആണെന്നു പറഞ്ഞു.

"മോളെന്താ ചെയ്യണേ..?" ഞാൻ ചോദിച്ചു
"ഞാൻ ബി.ടെക്ക് ചെയ്യുവാ ഇവിടെ കുസാറ്റിൽ."
"ആഹാ മിടുക്കിയാണല്ലോ.. ഏതാ ബ്രാഞ്ച്..?"
"കമ്പ്യൂട്ടർ സയൻസ്.." ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി അയാൾ തല കുനിച്ചു നിൽക്കുകയായിരുന്നു.


( ഇത് തികച്ചും സങ്കല്പികം മാത്രം. എങ്കിലും ഇത്തരം അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു )

2016 ജൂൺ 13, തിങ്കളാഴ്‌ച

അനിയത്തി



തനിക്കൊരു അനിയത്തി ഉണ്ടെന്നറിഞ്ഞ ദിവസം അയാളിൽ സന്തോഷത്തിന്റെ പുതു നാമ്പുകൾ മുള പൊട്ടിയിരുന്നു. എന്തിനായിരുന്നു അപ്പൻ ഇത് തന്നിൽ നിന്നും മറച്ചു വെച്ചതെന്നയാൾക്ക് മനസിലായില്ല. അപ്പനോടയോടയാൾക്ക് ദേഷ്യം തോന്നി. മരിച്ചവരോട് ദേഷ്യം തോന്നാൻ പാടില്ല. നടരാജൻ ലെതർ ബാഗിൽ നിന്നും മുഷിഞ്ഞു ചുളുങ്ങിയ കത്തെടുത്തു തുറന്നു. അപ്പൻ തനിക്കെഴുതിയ കത്ത്. അപ്പന്റെ മരണക്കുറിപ്പ്. അതിലെ വരികൾ ഓരോന്നും അയാൾ വീണ്ടും വീണ്ടും വായിച്ചു.
ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങി തുടങ്ങുമ്പോൾ ചിലർ മരണത്തെ സ്നേഹിച്ചു തുടങ്ങും. അത്തരത്തിൽ ഒരു സ്നേഹബന്ധത്തിൽ അപ്പൻ അകപ്പെട്ടിരുന്നത് അയാൾ തിരിച്ചറിഞ്ഞില്ല. പ്രതിസന്ധികളുടെ രാത്രിയെ കീഴ്പ്പെടുത്തി സന്തോഷത്തിന്റെ പ്രകാശം ജീവിതത്തിൽ നിറയും എന്നയാൾ വിശ്വസിച്ചു. വിശ്വാസം ചിലപ്പോഴൊക്കെ വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കും. പണം കൊണ്ട് തൂക്കി നോക്കാതെ സ്വന്തം വൃക്ക തരാമെന്ന് ഇതുവരെ കാണാത്ത ഒരു ദൈവദൂതൻ അറിയിച്ചു. പക്ഷേ അതറിയുന്നതിനും മുൻപ് ആസന്നമായതിനൊപ്പം അപ്പൻ സ്വയമിറങ്ങി പോയി.
വഴിയരികിലെ ഏതോ മരത്തിന്റെ ഇലകൾ മുഖത്ത് ആഞ്ഞു തല്ലിയപ്പോൾ നടരാജൻ ചിന്തകളിൽ നിന്നുണർന്നു. വണ്ടി ഏതോ വീതി കുറഞ്ഞ റോഡിലൂടെ ആണ് സഞ്ചരിക്കുന്നത്. ബസിന്റെ ജാലകത്തിൽ കൂടി ഇടക്കിടെ ചില മരങ്ങളും ചെടികളും ഉള്ളിലേക്ക് തല എത്തിച്ചു നോക്കുന്നുണ്ട്. കൈയിലെ കടലാസിലെ വിലാസത്തിൽ അയാൾ ഒരിക്കൽ കൂടി നോക്കി. അനിയത്തിയുടെ വിലാസം. ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു കരുതിയ നിമിഷം ഒരു തുണ്ട് കടലാസിലൂടെ അപ്പൻ വെളിപ്പെടുത്തിയ തന്റെ ചോരയുടെ രൂപം അയാൾ ഭാവനയിൽ കാണാൻ ശ്രമിച്ചു.
അവൾ തന്നെപ്പോലെ ആയിരിക്കുമോ..! അല്ല അമ്മയെ പോലെ ആകും. അമ്മ സുന്ദരി ആയിരുന്നു എന്നാണ് അപ്പൻ പറയാറ്. അയാൾ അമ്മയെപ്പറ്റി ഓർത്തു. അയാളുടെ ഭാവനയിൽ അമ്മക്ക് രൂപമില്ലയിരുന്നു. ഒരു ഫോട്ടോ പോലും ബാക്കി വെക്കാതെ എല്ലാം കവർന്നെടുത്ത അഗ്നിയെ അയാൾ ശപിച്ചു. മണ്ണെണ്ണ വിളക്കിൽ നിന്നും പടർന്ന തീ ബാക്കി വെച്ചത് ഒരാപ്പനേയും മൂന്ന് വയസ്കാരൻ മകനേയും മാത്രം. ജീവിതത്തിൽ ഉടനീളം തനിക്കപ്പനും അപ്പന് താനും എന്ന കണക്കിനാണ് ജീവിച്ചത്. ഇന്നിതാ സ്വന്തം അനുജത്തിയെ കാണാൻ പോകുന്നു. അല്ല അവൾ തന്റെ സ്വന്തമല്ല, തന്റെ അമ്മയുടെ ഛായ അവൾക്ക് കിട്ടുന്നതെങ്ങനെ. അവളെക്കുറിച്ച് അറിഞ്ഞത് മുതൽ അവളെ മറ്റൊരമ്മയുടെ മകളായി കാണാൻ അയാൾക്ക് കഴിഞ്ഞില്ല. അങ്ങിനെ കരുതിക്കൂടാ അവൾ തന്റെ സ്വന്തം പെങ്ങൾ ആണ്. അവളുടെ അമ്മ ഇനി തന്റേയും കൂടി അമ്മയാണ്.
അനിയത്തിയെ കാണുമ്പോൾ പറയാൻ ഉള്ള കാര്യങ്ങൾ അയാൾ അക്കമിട്ടു മനസ്സിൽ കുറിച്ചു. ഒന്നും പറയാൻ വിട്ടു പോകരുത്. അവൾ തന്നെ എന്തായിരിക്കും വിളിക്കുക. ചേട്ടായിന്ന് ആയിരിക്കുമോ അതോ ഏട്ടാന്നോ. നടേശേട്ടൻ..അയ്യേ അറുബോറൻ വിളിയാകുമത്. എന്തെങ്കിലും വിളിക്കട്ടെ എന്റെ കുഞ്ഞനിയത്തി. അയാൾ സ്വയമറിയാതെ ചിരിച്ചു.
"ചേട്ടാ എത്തി.. അടുത്ത സ്റ്റോപ്പ് ആണ് "
"ഇവിടുന്ന് കരിംപൂപ്പാറക്ക് ബസ് കിട്ടുവോ ?" ബസിന്റെ വാതിൽക്കൽ നിന്നിരുന്ന ചെറുപ്പ കാരനോടയാൾ ചോദിച്ചു
"നാടാടെ ആണല്ലേ.. അപ്പറേക്ക് ബസ് പൂവില്ല.. ജീപ്പ് കിട്ടും.. ബസ് കാശ് കൊടുത്താ മതി.. അവടെ എവടെ പോണു..?"
"അവടെ പെങ്ങടെ വീട്ണ്ട് അങ്ങോട്ട് "
"ഏ...എന്നട്ടാ വഴി അറിയാൻ മേലാത്തെ.." അവന്റെ പരിഹാസം നിറഞ്ഞ ചോദ്യം അയാൾ കേട്ടില്ലെന്ന് നടിച്ചു.

ജീപ്പ് കുത്തനെ ഉള്ള കയറ്റം കയറാൻ തുടങ്ങി. തണുത്ത കാറ്റ് അയാളുടെ ചെവിയിൽ ഇടക്കിടെ ചൂളം വിളിച്ചുകൊണ്ടിരുന്നു "എന്നാ കാറ്റാ.."
"മുമ്പ് ഈ വഴി വന്നിട്ടില്ലാല്ലേ..
ഇതിപ്പോ കർക്കടകം തൊടങ്ങിയേന്റെയാ..
ചേട്ടനാ തോർത്തെടുത്തു തലവഴി കെട്ടിക്കോ.."അടുത്തിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു
"സാരമില്ല.." അയാൾ വീണ്ടും ചിന്തകളിലേക്കൂളി യിട്ടു.
തല മുന്നിലെ ബെഞ്ച് സീറ്റിന്റെ കമ്പിയിൽ ശക്തിയായി ഇടിച്ചപ്പോഴാണ് അയാൾക്ക് പരിസര ബോധം വന്നത്.
"കാലത്തെ താഴത്തേക്ക് പോയപ്പോ ഈ കുഴി ഇവിടില്ലാർന്നു" ജീപ്പ് ഡ്രൈവർ കൈ കഴുകി.
വണ്ടി കുഴിയിൽ ചാടിയപ്പോൾ മടിയിൽ നിന്ന് താഴെ വീണ ബാഗ് അയാൾ മുറുകെ പിടിച്ചു. അതിന്റെ വലിയ കള്ളിയുടെ സിബ്ബ് അഴിച്ച് ഉള്ളിൽ പരതി. ഇല്ല പൊതി അഴിഞ്ഞു പോയിട്ടില്ല. അനിയത്തിക്കു കൊടുക്കാൻ അയാൾ കരുതിയ സമ്മാനം. പുളിയിലയും ഉണക്കമീനും ചുട്ടിടിച്ച് സ്വന്തം കൈ കൊണ്ടുണ്ടാക്കിയത്. കനലിൽ വാട്ടിയ വാഴയിലയിലത് പൊതിഞ്ഞെടുത്ത് ബാഗിൽ വെക്കുമ്പോൾ കീറി തുടങ്ങിയ പേഴ്സിന്റെ ഉള്ളിലേക്ക് അയാൾ കണ്ണുകളയച്ചു. വണ്ടിക്കൂലിക്കുള്ള പണം തികയാതെ മുരുകന്റെ ഫോട്ടോക്ക് മുന്നിലെ പൗഡർ ടപ്പി തുറന്നു ചില്ലറകൾ എണ്ണുമ്പോൾ അയാൾ അപ്പനെ ഓർത്തു. അസുഖം മാറിയാൽ പഴനി മല കയറാം എന്ന നേർച്ച പാലിക്കാൻ അപ്പനിന്നില്ല.
അപ്പോഴാണയാൾ അതേപ്പറ്റി ചിന്തിച്ചത്, എന്തുകൊണ്ടോ അതു മറന്നു പോയിരുന്നു. അപ്പന്റെ മരണ വാർത്ത എങ്ങിനെയാണ് താൻ അനിയത്തിയോട് പറയുക. അവൾ കരയുമ്പോൾ എങ്ങിനെയാണ് അവളെ താൻ ആശ്വാസിപ്പിക്കേണ്ടത്. അവളെ ചേർത്തു പിടിച്ച് മുടിയിഴകളിൽ തലോടാം. ഇനി എന്നും ഈ ചേട്ടൻ കൂടെ ഉണ്ടെന്ന് പറഞ്ഞ് ആശ്വാസമേകാം. ശേഷം അവളേയും അവളുടെ അമ്മയേയും നാട്ടിലേക്ക് കൂടെ കൂട്ടാം. ചിലപ്പോൾ വല്ലിച്ചൻമാർ വഴക്കുണ്ടാക്കുമായിരിക്കും. പക്ഷേ ഞാൻ ഒരാണാ ണ്, എന്റെ പെങ്ങളെ പോറ്റാൻ എനിക്കാരുടെയും അനുവാദം വേണ്ട. അയാളുടെ ദൃഢമായ തീരുമാനമായിരുന്നു അത്.
ജീപ്പിറങ്ങി നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അടയാളമായി അപ്പന്റെ കത്തിൽ ഉള്ളത് ഒരു ഭദ്രകാളീ ക്ഷേത്രത്തിന്റെ ഭണ്ടാരം ആണ്. ഇത്രയും ദൂരം നടന്നിട്ടും അയാളിതു വരെ അങ്ങിനെ ഒന്ന് വഴിയിലെങ്ങും കണ്ടില്ല.
"ഈ പീച്ചിരി എന്ന് പേരുള്ള ഒരു സ്ത്രീടെ വീട് അറിയുവോ.."
"പനമ്പ് ഒക്കെ നെയ്യുന്ന പീച്ചിരി ആണോ.അല്ല ഇവിടെ എന്റെ അറിവില് ഒരു പീച്ചിരിയേ ഉള്ളട്ടോ..പീച്ചിരിടെ ആരാ..ഏവടന്നാ?" ചോദ്യം കേട്ട മൂന്നാമത്തെ ആൾ വഴി പറയുന്നതിനിടെ സാകൂതം ചോദിച്ചു."
"ഞാൻ.. ഒരു അകന്ന ബന്ധുവാ.." അമ്മയെന്ന് പറയാമോ.. അതോ അച്ഛന്റെ ഭാര്യ എന്ന് പറയുന്നതാകുമോ കൂടുതൽ ഉചിതം. അയാളുടെ ചിന്തകളിൽ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
"പീച്ചിരി മരിച്ചപ്പൊ വന്നില്ലേ..കണ്ടില്ലല്ലോ..?
തന്ത ഇട്ടേച്ചു പോയെങ്കിലുംങ്കിലും അവളെ അവര് പോന്നു പോലെയാ നോക്കീത്ട്ടോ..
എന്തായാലും ആയ കാലത്ത് ആ പെങ്കൊച്ചിനെ കെട്ടിച്ച് വിട്ട കൊണ്ട് അത് രക്ഷപെട്ടു.."
അനിയത്തിയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. താൻ മുൻകൈ എടുത്ത് നടത്തേണ്ടുന്ന വിവാഹം ആയിരുന്നു അത്. താൻ ആയിരുന്നു ആണൊരുതന്റെ കൈകളിൽ അവളെ ഏൽപ്പിക്കേണ്ടിയിരുന്നത്. സാരമില്ല ഇനി അവൾ എന്നും തന്റെ അനിയത്തിയായി കഴിയേണ്ടതല്ലേ. അവസരങ്ങൾ ഇനിയും ഉണ്ട് ഒരു ചേട്ടന്റെ കർത്തവ്യങ്ങൾ നിറവേറ്റാൻ.
"ആ എത്തി.. ആ കാണണ വീട് കണ്ടോ?അതാ.."
കുറ്റിച്ചീര കൊണ്ട് വേലി കെട്ടിയ പറമ്പിന്റെ നടുവിലൂടെ അയാൾ തന്റെ അനിയത്തിയുടെ വീടിനു മുന്നിലെത്തി.
"ആരാ..മോനോജേട്ടൻ ഇവിടില്ല" അകത്തു നിന്നും ഒരു പെൺകുട്ടി വാതിൽ കടന്ന് ഇളംതിണ്ണയിലേക്ക് ഇറങ്ങി വന്നു.
"അജിതയാണോ..?" തൊണ്ടയിലെ ഇടർച്ച അയാൾ ഒരുവിധം മറച്ചുപിടിച്ചു
"അതെ..മനസിലായില്ലാട്ടോ.."
അനിയത്തിയെ ആദ്യമായി കണ്ട സന്തോഷത്തിൽ വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. ഒരു പക്ഷേ അവളൊരു കുട്ടി ആയിരുന്നെങ്കിൽ കൈകളിൽ വാരി എടുത്ത് മുത്തങ്ങൾ കൊണ്ട് മൂടുമായിരുന്നു അയാൾ.
"ഞാൻ ചേട്ടനാ.. മോളേ നിന്റെ.. രാഘവന്റെ മോനാ.."
രണ്ടു പേരും ഒന്നും പറഞ്ഞില്ല. ചെരിഞ്ഞു പെയ്യുന്ന ചാറ്റൽ മഴത്തുള്ളികൾ അയാളുടെ മുഖത്ത് സൂചികൊണ്ടു കുതിയെങ്കിലും മുഖാമുഖം അവർ എത്ര നേരം നിന്നുവെന്നറിയില്ല. മൗനത്തിനു ഭംഗം വരുത്തി എവിടെ നിന്നോ ഒരു കട വാവൽ അവർക്കിടയിലൂടെ ചിറകടിച്ചു പറന്നു പോയി.
"ഹമ്മ്‌...
അച്ഛനെ കണ്ടതായി ഞാൻ ഓർക്കണില്ല..
ചേട്ടൻ ഉള്ളതായിട്ട് അമ്മ മരിക്കണ വരെ പറഞ്ഞിട്ടുമില്ല..
ഇടക്കെപ്പോഴോ അച്ഛൻ ഇവിടെ വന്നാർന്നെന്ന് അമ്മ പറഞ്ഞട്ടൊണ്ട്.അന്നും ഈ മോളെ കാണാൻ നിന്നില്ല. ഒരു കല്ല് പെന്സില് പോലും എനിക്ക് വാങ്ങി തന്നട്ടുമില്ല.
ചീത്തപ്പെട്ട് പോകാൻ അവസരം ഒണ്ടായിട്ടും അമ്മ എന്നെ അന്തസായിട്ടാ നോക്കീത്.
അപ്പോളൊന്നും കാണാത്ത ഒരച്ഛനെ കാണണംന്നൊന്നും എനിക്ക് ഇത് വരെ തോന്നീട്ടില്ല.
പിന്നെ ആങ്ങള......"
"എനിക്കറിയില്ലാർന്നു മോളേ.. നീ ഒള്ള കാര്യം അപ്പൻ ഒരിക്കലെങ്കിലും പറഞ്ഞെങ്കി..."
"മഴ കഴിഞ്ഞിട്ട് പോകാം. ഈ തിണ്ണയിലോട്ട് നിന്നോ." ഇത്രയും പറഞ്ഞവൾ അകത്തേക്ക് പോയി.
പിന്നീട് ഒരു വാക്കു പോലും അയാളിൽ നിന്ന് പുറത്ത് വന്നില്ല. അനിയത്തി എന്ന സ്വപ്നവുമായി അയാൾ തിരികെ നടന്നു. അയാളുടെ ബാഗിൽ കരുതിയ വാഴയിലപ്പൊതിയിൽ നിന്നും സ്നേഹത്തിൽ ചാലിച്ച പുളിയിലച്ചമ്മന്തിയുടെ മണം അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു.

ഇതുകൂടി വായിച്ചു നോക്കൂ